ഉപനിഷത്തുകള്‍ വിദ്യയെ പര എന്നും അപര എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. യഥാര്‍ത്ഥഭക്തന് പരവിദ്യയും പരഭക്തിയും തമ്മില്‍ വ്യത്യസ്തമല്ല. വിദ്യയെപ്പറ്റി മുണ്ഡകോപനിഷത്തില്‍ പറയുന്നു; ദ്വേ വിദ്യേ വേദിതവ്യേ ഇതി ഹ സ്മ യദ് ബ്രഹ്മവിദോ വദന്തി പരാ ചൈവാപരാ ച: തത്രാപരാ ഋഗ്‌വേദോ യജൂര്‍വേദഃ സാമവേദോƒഥര്‍വ്വവേദഃ ശിക്ഷാ കലേ്പാ വ്യാകരണം നിരുക്തം ഛന്ദോ ജ്യോതിഷമിതി. അഥ പരാ യയാ തദക്ഷരമധിഗമ്യതേ…..”അറിയപ്പെടേണ്ട വിദ്യ പര എന്നും അപര എന്നും രണ്ടുതരമാണെന്നു ബ്രഹ്മവാദികള്‍ പറയുന്നു. അതില്‍ അപരവിദ്യ ഋഗ്-യജൂഃ-സാമ-അഥര്‍വ്വവേദങ്ങളും ശിക്ഷ കല്പം വ്യാകരണം നിരുക്തം ഛന്ദസ്സ് ജ്യോതിഷം ഇവയുമാകുന്നു. പരവിദ്യ അക്ഷരത്തെ (നാശമില്ലാത്തതിനെ, ബ്രഹ്മത്തെ) അറിയിക്കുന്നതുമാകുന്നു.” പരവിദ്യ ബ്രഹ്മവിദ്യയാണെന്ന് അങ്ങനെ വെളിവായല്ലോ. പരഭക്തിയെ ദേവീഭാഗവതത്തില്‍ ഇങ്ങനെ വിവരിക്കുന്നു: “തൈലം ഒരു പാത്രത്തില്‍നിന്ന് മറ്റൊന്നിലേക്കു പകരുമ്പോള്‍ ധാരമുറിയാതെ വീഴുംപോലെ ഈശ്വരനെപ്പറ്റിയ ചിന്ത ധാരാവാഹി (ഇടമുറിയാത്തത്) ആകുമ്പോള്‍ അതു പരഭക്തിയാകുന്നു.” ഇങ്ങനെ മനസ്സും ഹൃദയവും അവിച്ഛിന്നാനുരാഗത്തോടു കൂടി സ്വസ്ഥവും സദാ സ്ഥിരവുമായി ഈശ്വരങ്കലേക്കു പ്രവഹിക്കുന്നത് ഭക്തിയുടെ പരമോച്ചാവസ്ഥയാകുന്നു. രാഗാനുഗാ (രാഗത്തെ തുടര്‍ന്നുവരുന്നത്) എന്നു കൂടി പറയപ്പെടുന്ന ഈ ഉച്ചാവസ്ഥയെ പ്രാപിപ്പാനുള്ള സാധനകളാണ് മറ്റെല്ലാ ഭക്തികളും. ഈ പരമപ്രേമാവസ്ഥ ഹൃദയത്തില്‍ ഒരിക്കലുദിച്ചാല്‍പ്പിന്നെ മനസ്സ് ഈശ്വരനെപ്പറ്റി മാത്രമേ ഇടവിടാതെ ചിന്തിക്കൂ: മറ്റെല്ലാം വിസ്മരിക്കും. ഈശ്വരചിന്തയ്ക്കല്ലാതെ മറ്റൊരു ചിന്തയ്ക്കും അതില്‍ ഇടംകൊടുക്കില്ല. ആ ജീവന്‍ പിന്നീടൊരിക്കലും മാലിന്യം ബാധിക്കാത്തവിധം പരിശുദ്ധമായി മാനസികങ്ങളും ഭൗതികങ്ങളുമായ സര്‍വ്വബന്ധങ്ങളെയും സ്വയം ഭേദിച്ച് പ്രശാന്തസ്വാതന്ത്ര്യപദം പ്രാപിക്കും. ആവിധമുള്ള ഭക്തനുമാത്രമേ ഈശ്വരനെ സ്വഹൃദയത്തില്‍ വെച്ചാരാധിപ്പാന്‍ കഴിവുള്ളു. അയാള്‍ക്ക് പിന്നെ പ്രതിമകളോ പ്രതീകങ്ങളോ ഗ്രന്ഥങ്ങളോ മതസിദ്ധാന്തങ്ങളോ ആവശ്യമില്ല. അവയൊന്നും തനിക്ക് ഒരുവിധത്തിലും ഉപകരിക്കുന്നവയല്ല. അങ്ങനെ ഭഗവാനെ സ്നേഹിപ്പാന്‍ എളുപ്പമല്ല. മനുഷ്യസ്നേഹം സാധാരണമായിട്ട്, അന്യോന്യമുള്ളേടത്തേ വളര്‍ന്നുകാണൂ. അങ്ങോട്ടുള്ളത്ര സ്നേഹം ഇങ്ങോട്ടുമില്ലെങ്കില്‍ ആറിത്തണുത്ത ഒരുദാസീനഭാവമാകും സ്വാഭാവികഫലം. അങ്ങനെയല്ലാതെയും ചുരുക്കം സംഗതികളുണ്ട്. അതിനുദാഹരണമായിട്ടു പറയാവുന്നത്, ഈയാംപാറ്റയ്ക്കു തീയിനോടുള്ള പ്രേമമാണ്. പാറ്റയ്ക്കു തീയിനെ സ്നേഹമാണ്, അതില്‍ ചെന്നു ചാടുന്നു, ചാവുന്നു. ആ വിധം സ്നേഹിക്കുന്നതത്രെ സ്നേഹത്തിന്റെ ജന്മസ്വഭാവം. അതാണ് ലോകത്തില്‍ കാണാവുന്ന മഹത്തമവും നിഃസ്വാര്‍ത്ഥതമവുമായ പ്രേമപ്രകാശനം. അത് അദ്ധ്യാത്മതലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരഭക്തിലാഭത്തിനുള്ള വഴിയായി.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 16 യഥാര്‍ത്ഥഭക്തനു പരവിദ്യയും പരഭക്തിയും ഒന്നുതന്നെ. പേജ് 503-504]യഥാര്‍ത്ഥഭക്തനു പരവിദ്യയും പരഭക്തിയും ഒന്നുതന്നെ (155)
Oct 3, 2013 | സ്വാമി വിവേകാനന്ദന്‍