ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -5

ദൈവീസമ്പദ്വിമോക്ഷായ
നിബന്ധായാസുരി മതാ
മാ ശുചഃ സമ്പദം ദൈവീം
അഭിജാതോƒസി പാണ്ഡവ!

ദൈവീസമ്പത്ത് മോക്ഷത്തിനും ആസുരീസമ്പത്ത് ബന്ധമുണ്ടാക്കുന്നതിനും ഹേതുവത്രേ. അല്ലയോ പാണ്ഡുപുത്രാ, നീ വ്യസനിക്കേണ്ട. എന്തുകൊണ്ടെന്നാല്‍, നീ ദൈവീസമ്പത്തോടുകൂടി ജനിച്ചവനാണ്.

ഇവ രണ്ടില്‍ ആദ്യത്തേതായ ദൈവീസമ്പത്ത് മോക്ഷമാകുന്ന സൂര്യോദയത്തിന് മുമ്പുള്ള ഉഷസ്സാണെന്നറിയുക. ആസുരീസമ്പത്തായ മറ്റേത് യഥാര്‍ത്ഥത്തതില്‍ ജീവനെ ബന്ധനസ്ഥനാക്കുന്ന മോഹത്തിന്‍റെ ഇരുമ്പുചങ്ങലയാണ്. എന്നാല്‍ ഇതുകേട്ട് നീ ഒട്ടും ഭയപ്പെടേണ്ട. പകല്‍ എപ്പോഴെങ്കിലും രാത്രിയെക്കുറിച്ചു ഭയപ്പെടാറുണ്ടോ? ധനഞ്ജയ, ഈ ദുര്‍ഗ്ഗുണങ്ങള്‍ക്കു താങ്ങും തണലും നല്‍കി അവയെ പോറ്റുന്നവര്‍ മാത്രമെ ഇതിനാല്‍ ബന്ധിതരാവുകയുള്ളു. അല്ലയോ പാണ്ഡുപുത്രാ, സല്‍ഗുണങ്ങളു‌ടെ ഒരു ഭണ്ഡാരം തന്നെയായ നീ ദൈവവര്‍ഗ്ഗത്തിലാണ് ജനിച്ചിരിക്കുന്നത്. നീ ഈ ദൈവീസമ്പത്തിന്‍റെ നാഥനായി അവസാനം മോക്ഷത്തിന്‍റെ ആനന്ദം അനുഭവിക്കും.