ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -11,12

ചിന്താമപരിമേയാം ച
പ്രളയാന്താമുപാശ്രിതാഃ
കാമോപഭോഗപരമാ
ഏതാവദിതി നിശ്ചിതാഃ

ആശാപാശശതൈര്‍ബദ്ധാഃ
കാമക്രോധപരായണാഃ
ഈഹന്തേ കാമഭോഗാര്‍ത്ഥം
അന്യായേനാര്‍ത്ഥസഞ്ചയാന്‍

എന്നു മാത്രമല്ല മരണത്തോടുകൂടി മാത്രം അവസാനിക്കുന്ന ചിന്തകളില്‍പ്പെട്ട് ലൗകിക കാമങ്ങളെ മാത്രം ലക്ഷീകരിച്ച്, ഇതില്‍ക്കൂടുതലൊന്നും നേടാനില്ലെന്ന് നിശ്ചയിച്ച്, നൂറുകണക്കിനുള്ള ആശാപാശങ്ങളാല്‍ കെട്ടപ്പെട്ട് കാമക്രോധങ്ങള്‍ക്ക് വശംവദരായി വിഷയസുഖത്തിനുവേണ്ടി അന്യായമായി സമ്പത്തു കൈയ്യടക്കി വയ്ക്കാന്‍ അവര്‍ അതിയായി ഇച്ഛിക്കുന്നു.

ഇപ്രകാരമുള്ള ലക്ഷ്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് ആസുരീവര്‍ഗ്ഗക്കാര്‍ അവരുടെ കര്‍മ്മ പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നു. അവരുടെ മരണാനന്തര അവസ്ഥയില്‍ എപ്രകാരം സുഖം ലഭിക്കുമെന്നുള്ള കാര്യത്തില്‍ അവര്‍ ഉത്കണ്ഠിതരാണ്. അവരുടെ ഉത്കണ്ഠ പാതാളത്തേക്കാള്‍ ആഴം കൂടിയതും ആകാശത്തേക്കാള്‍ ഉയരമേറിയതുമാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ത്രിഭുവനങ്ങളും അണുവിനേക്കാള്‍ ചെറുതാണ്. ഒരു യുവസന്യാസിക്ക് സന്യാസധര്‍മ്മങ്ങളെ ശരിയായിട്ടാണോ താന്‍ പാലിക്കുന്നതെന്നുള്ള ചിന്ത എപ്പോഴും ഉണ്ടായിരിക്കും. പതിവ്രതയായ ഒരു സ്ത്രീക്ക് മരണത്തില്‍പോലും തന്‍റെ ഭര്‍ത്താവിനെ പിരിയാന്‍ സാദ്ധ്യമല്ലെന്നുള്ള ചിന്തയാണ് സദാ ഉണ്ടായിരിക്കുക. അതുപോലെ ആസുരീസമ്പന്നര്‍ക്ക് വിഷയസുഖങ്ങളെപ്പറ്റിയുള്ള ചിന്തയായിരിക്കും എപ്പോഴും ഉള്ളത്. അതെങ്ങനെ സംഭവിക്കാമെന്ന് അവര്‍ അനവരതം ഉത്ക്കണ്ഠപ്പെടുന്നു. സ്ത്രീകളുടെ പാട്ടു കേള്‍ക്കുന്നതിനും അവരുടെ ആകാരഭംഗി ആസ്വദിക്കുന്നതിനും അവരെ ആശ്ലേഷിക്കുന്നതിനും അവര്‍ ആഗ്രഹിക്കുന്നു. സ്ത്രീകളില്‍ നിന്നു ലഭിക്കുന്ന സുഖത്തേക്കാള്‍ കവിഞ്ഞ സുഖമൊന്നുമില്ലെന്ന് അവര്‍ കരുതുന്നു. അതിനുവേണ്ടി പാതാളത്തിലേക്കിറങ്ങാനോ ആകാശത്തിലേക്കുയരാനോ എല്ലാ ദിശകളിലേക്കും കുതിക്കാനോ അവര്‍ സന്നദ്ധരാണ്. ഈ ആനന്ദം കൈവരിക്കുന്നതിന് അമൃതുപോലും ഉപേക്ഷിക്കുന്നതിന് അവര്‍ തയ്യാറാണ്.

മത്സ്യം വിചാരമില്ലാത്ത ഇരക്കുവേണ്ടി ചൂണ്ട വിഴുങ്ങുന്നു. അതുപോലെ ആസുരീവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ ഫലത്തെപ്പറ്റി ചിന്തിക്കാതെ വിഷയസുഖങ്ങളുടെ ചൂണ്ട വിഴുങ്ങുന്നു. അവര്‍ ആശിച്ച വസ്തു ലഭ്യമല്ലാതെ വരുമ്പോള്‍ കൂടുതല്‍ ആശകള്‍ക്ക് വഴിതെളിയുന്നു. ആശകള്‍ക്കു പിന്നാലെ അനുപദം വരുന്ന നിരര്‍ത്ഥകമായ ആശകള്‍ പട്ടുനൂല്‍പ്പുഴുവിനെ അതിന്‍റെ കീടകോശം വലയം ചെയ്യുന്നതുപോലെ അവനെ ബന്ധനസ്ഥനാക്കുന്നു. അവന്‍റെ അഭിലാഷങ്ങള്‍ വര്‍ദ്ധിക്കുന്നു. അഭിലാഷങ്ങള്‍ എന്തെങ്കിലും കാരണങ്ങളാല്‍ സാധിക്കാതെ വിഫലമാകുമ്പോള്‍ അത് ദ്വേഷമായി രൂപാന്തരപ്പെടുന്നു. അപ്പോള്‍ കാമവും ക്രോധവും സഫലമാകുന്നതിനേക്കാള്‍ കവിഞ്ഞ ജീവിതോദ്ദേശ്യം ഒന്നും തന്നെയില്ലെന്ന് അവന്‍ വിചാരിക്കുന്നു. ഒരു കാവല്‍ക്കാരന്‍ പകല്‍മുഴുവന്‍ യജമാനനെ സേവിക്കുകയും രാത്രി മുഴുവന്‍ പാറാവുനില്‍ക്കുകയും ചെയ്യുന്നതുപോലെ അവര്‍ക്ക് ഒരു സമയവും വിശ്രമമില്ല. തന്മൂലം പൂര്‍ത്തിയാകാത്ത അഭിലാഷങ്ങളുടെ കൊടുമുടിയില്‍നിന്ന് താഴോട്ട് ക്രോധമാകുന്ന പാറക്കെട്ടിലേക്ക് അവര്‍ പതിക്കുന്നു. എന്നിട്ടും അവരുടെ രാഗദ്വേഷങ്ങള്‍ക്ക് ഒരു കുറവും സംഭവിക്കുന്നില്ല. വിഷയഭോഗപൂര്‍ണ്ണതയ്ക്കുവേണ്ടി അദമ്യമായി ആഗ്രഹിക്കുന്ന അവര്‍ക്ക് സമ്പത്തില്ലാതെ എങ്ങനെ അതു നേടാന്‍ കഴിയും? അതിനായി അവര്‍ ലോകത്തെ മുഴുവന്‍ കൊള്ളയടിക്കുന്നു. ലോകരുടെ മുഴുവന്‍ കഴുത്തിനു കുത്തിപ്പിടിക്കുന്നു. സന്ദര്‍ഭം ലഭിക്കുമ്പോള്‍ ഒരുവനെ കൊല്ലുന്നതിനോ, മറ്റൊരുവന്‍റെ സര്‍വ്വസ്വഹരണം നടത്തുന്നതിനോ, എല്ലാ തന്ത്രങ്ങളും ഉപയോഗിച്ച് ഒരുവനെ നശിപ്പിച്ച് അവന്‍റെ ധനം അപഹരിക്കുന്നതിനോ അവര്‍ മടിക്കുകയില്ല. മൃഗബന്ധനിയും സഞ്ചിയും വലയും നായും പ്രാപ്പിടിയപ്പക്ഷിയും കൊടിയും കുന്തവും മറ്റുമായുള്ള സാമഗ്രികളോടെ വേട്ടക്കാരന്‍ തന്‍റെ ജീവസന്ധാരണത്തിനുവേണ്ടി വനത്തില്‍പോയി ജീവികളെ കൊല്ലുന്നതുപോലെ ആസുരീസമ്പന്നര്‍ ധനം സമ്പാദിക്കുന്നതിനായി കൊലപാതകം ഉള്‍പ്പടെ എല്ലാവിധ നിഷ്കൃഷ്ടപ്രവൃത്തികളും ചെയ്യുന്നു. ധനം സമ്പാദിക്കുമ്പോള്‍ അവര്‍ സന്തോഷിക്കുന്നു.