ചോദ്യം: എന്‍റെ സത്യം (തത്വം) എന്താണ്?
രമണമഹര്‍ഷി: നിങ്ങള്‍ ആത്മതത്വമാണ്. അതറിയാന്‍ ഇനി ഒരാള്‍ ഉണ്ടാവുമോ? നിങ്ങള്‍ക്കതിനെ വിട്ടുനില്‍ക്കാനൊക്കുമോ? തത്ത്വമെന്നുപറയുന്നതേ നിങ്ങളുടെ നിലനില്‍പിനെയാണ്. തത്ത്വമെന്നു പറയുന്നതിനു ലോകം കല്പിക്കുന്ന പരിവേഷങ്ങളെത്തള്ളീട്ട് നിങ്ങള്‍ തനി പ്രകൃതിയില്‍ നില്‍ക്കൂ.
ഒക്ടോബര്‍ 2, 1938
മഹര്‍ഷി : ഏതോ ചില വിഷയങ്ങളെ ത്യജിച്ചിരിക്കുന്നതിനെയാണ് സാധാരണ വൈരാഗ്യമെന്നു പറയുന്നത്. വൈരാഗ്യം യഥാര്‍ത്ഥത്തില്‍ അതല്ല. ആത്മാവായ തനിക്ക് അന്യമൊന്നുമില്ലാത്തതിനാല്‍ ഇഷ്ടാനിഷ്ടങ്ങള്‍ളില്ലാതിരിക്കുന്ന സ്വസ്ഥിതിയെയാണ് വൈരാഗ്യമെന്നു പറയുന്നത്.
‘നായയെക്കണ്ടാല്‍ കല്ലിനെകാണുകില്ല. കല്ലിനെക്കണ്ടാല്‍ നായയെക്കാണുകില്ല എന്നതിന്ന്റെ ആന്തരാര്‍ത്ഥം മനസിലാക്കേണ്ടതാണ്. കല്ലില്‍ പണിതിരിക്കുന്ന നായുടെ രൂപത്തെയാണ് നായെന്നു പറയുന്നത്. മരത്തില്‍ മറഞ്ഞ മദയാനയെന്നും മദയാനയില്‍ മറഞ്ഞ മരമെന്നും തിരുമൂലര്‍ പറയുന്നതിതുപോലെയാണ്. പഞ്ചഭൂതങ്ങളെക്കാണുന്നവന്‍ ഈശ്വരനേയും ഈശ്വരനെ കാണുന്നവന്‍ പഞ്ചഭൂതങ്ങളേയും കാണാതിരിക്കുമെന്നതാണിവയുടെ ആന്തരാര്‍ത്ഥം.