ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -16
അനേക ചിത്തവിഭ്രാന്താ
മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു
പതന്തി നരകേƒശുചൗ
അനേകതരം ചിത്ത സങ്കല്പങ്ങളില്‍ ഭ്രമിച്ച് ഭൗതിക മോഹങ്ങളാകുന്ന വലയില്‍പ്പെട്ടു കുരുങ്ങി, കാമഭോഗങ്ങളില്‍ ആസക്തരായി ആസുരീസമ്പന്നന്മാര്‍ സ്വവാസനാനിര്‍മ്മിതമായ നരകത്തില്‍ ചെന്നു വീഴുന്നു.
ജ്വരബാധയുള്ള ഒരു രോഗി സ്വബോധമില്ലാതെ ഇടയ്ക്കിടക്ക് പിച്ചുംപേയും പറയുന്നപോലെ, ആസുരീസമ്പന്നന്മാര്‍ അവരുടെ മനോരഥങ്ങളെപ്പറ്റി വൃഥാ ജല്പനങ്ങള്‍ നടത്തുന്നു. അവരുടെ അജ്ഞതയുടെ ധൂളി മുകളിലേക്കുയര്‍ന്ന് പ്രത്യാശയാകുന്ന ചുഴലിക്കാറ്റില്‍പ്പെട്ട് നട്ടം തിരിഞ്ഞ് സങ്കല്പങ്ങളാകുന്ന ആകാശത്തില്‍ ചുറ്റിക്കറങ്ങുന്നു. ആഷാഢമാസത്തിലെ കാര്‍മേഘങ്ങള്‍ ഒന്നിനുപിറകേ ഒന്നായി ആകാശത്തില്‍ പ്രത്ക്ഷപ്പെടുന്നതുപോലെ, അഥവാ ആഴിയുടെ മുകള്‍പ്പരപ്പില്‍ അലമാലകള്‍ അനവരതം അടിച്ചുകൊണ്ടിരിക്കുന്നതുപോലെ, വിഷയസുഖങ്ങളിലുള്ള അവരുടെ ഇശ്ച അന്തമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കും. അവരുടെ അന്തകരണത്തില്‍ അഭിലാക്ഷങ്ങളാകുന്ന വല്ലരികള്‍ പടര്‍ന്നു പന്തലിക്കുന്നു. എന്നാല്‍ പാറയില്‍തട്ടി മണ്‍കുടം ഉടയുന്നതുപോലെയോ മുള്ളിന്‍റെ മുകളില്‍ക്കൂടി വലിച്ചെടുക്കുന്ന മുകുളം മുറിഞ്ഞുപോകുന്നപോലെയോ ഈ അഭിലാഷങ്ങള്‍ ചിന്നഭിന്നങ്ങളാകുന്നു. രാത്രി ചെല്ലുന്തോറും അന്ധകാരത്തിന്‍റെ കടുപ്പം വര്‍ദ്ധിക്കുന്നതുപോലെ അവരുടെ അന്തകരണത്തില്‍ മോഹങ്ങള്‍ ഇടതിങ്ങി വളരുന്നു. മോഹങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഇന്ദ്രിയവിഷയങ്ങളിലുള്ള ആസക്തി വര്‍ദ്ധിക്കുകയും അത് അന്തകരണത്തെ പാപ പങ്കിലമാക്കുകയും ചെയ്യുന്നു. അവര്‍ അനവധി പാപങ്ങളെ സഞ്ചയിക്കുകയും ഈ പാപങ്ങള്‍ക്കു ശക്തി വര്‍ദ്ധിക്കുമ്പോള്‍ നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.
അല്ലയോ ശുദ്ധബുദ്ധിയായ അര്‍ജ്ജുനാ, ഇപ്രകാരമുള്ള ദുര്‍വാസനകളെ മനസ്സില്‍ കുടിയിരുത്തുന്ന ഈ ആസുരീസമ്പന്നര്‍ അവരുടെ മരണശേഷം കുടിയിരിക്കുന്നതിനായി എത്തുന്നത് വാളിന്‍റേതുപോലെ മൂര്‍ച്ചയുള്ള ദലങ്ങളോടുകൂടിയ വൃഷങ്ങള്‍ നിബിഡമായി വളരുന്ന സ്ഥലത്തായിരിക്കും. അവിടെ ഒരിക്കലും അണയാത്ത തീക്കനലുകളുടെ കുന്നുകള്‍ ഉണ്ടായിരിക്കും; തിളച്ചു മറിയുന്ന എണ്ണ പ്രവഹിച്ചുകൊണ്ടേയിരിക്കും. മൃത്യുദേവനാല്‍ പരികല്പിതമായ തീവ്രയാതനകളുടെ ഒരു പരമ്പരതന്നെ അവിടെയുണ്ടായിരിക്കും. ഇപ്രകാരമുള്ള ദാരുണമായ നരകത്തിലേക്കാണ് അവര്‍ പതിക്കുന്നത്. ഈ ലോകത്തില്‍ ജനിച്ചെങ്കിലും നരകത്തില്‍ എത്തുന്നതിനു വിധിക്കപ്പെട്ട ഇവരും മോഹിതരായി താത്പര്യപൂര്‍വ്വം യജ്ഞങ്ങള്‍ ചെയ്യുന്നു. വിധിപ്രകാരമുള്ള യാഗങ്ങളാണ് ഇവര്‍ ചെയ്യുന്നതെങ്കിലും അത് ആര്‍ഭാടമായും നാടകീയമായും ചെയ്യുന്നതുകൊണ്ട് അതിന്‍റെ വിഹിതഫലം അവര്‍ക്കു ലഭിക്കുന്നില്ല. കാമുകന്‍റെ സംരക്ഷണത്തില്‍ താമസിക്കുന്ന അഭിസാരികയായ ഒരു സ്ത്രീ മറ്റുള്ളവരുടെ മുന്നില്‍ ഭര്‍തൃമതിയാണെന്നു ഭാവിക്കുന്ന കപടനാട്യം പോലെയാണിത്.