ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -23

യഃ ശാസ്ത്രവിധിമുത്സൃജ്യ
വര്‍ത്തതേ കാമകാരതഃ
ന സ സിദ്ധിമവാപ്നോതി
ന സുഖം ന പരാംഗതിം

ആരാണോ വേദവിഹിതമായ ധര്‍മ്മത്തെ ഉപേക്ഷിച്ച് യഥേഷ്ടം പ്രവര്‍ത്തിക്കുന്നത് അയാള്‍ ജീവിതവിജയമോ സുഖമോ മോഷമോ ഒന്നും നേടുന്നില്ല.

ആത്മശ്രേയസ്സ് കൈവരിക്കണമെന്നാഗ്രഹിക്കാതെ കാമക്രോധാദികളില്‍ മുഴുകിക്കഴിയുന്നവന്‍ ആത്മഘാതകിയാണ്. അപ്രകാരമുള്ളവന്‍ പിതൃതുല്യവും എല്ലാവരിലും ഒരുപോലെ കാരുണ്യം ചൊരിയുന്നവനും ഹിതാഹിതങ്ങളെ സ്പഷ്ടമായി വെളിവാക്കിക്കൊടുക്കുന്ന വിളക്കും ആയ വേദങ്ങളെ അവഗണിക്കുന്നു. അവന് വേദാജ്ഞകളോട് അശേഷം ബഹുമാനമില്ല. അവന്‍റെ ആത്മഹിതത്തില്‍ അവനു താത്പര്യമില്ല. അവന്‍ വിഷയങ്ങളില്‍ മുഴുകിക്കഴിയുന്നു. അവന്‍ കാമക്രോധമോഹലോഭാദികളെ ആശ്ലേഷിക്കുകയും അവയുടെ ആജ്ഞകളെ അനുസരിക്കുകയും ചെയ്യുന്നു. തന്മൂലം മോചനത്തിലേക്കുള്ള രാജവീഥി ഉപേക്ഷിച്ചിട്ട് സ്വൈരാചാരവനങ്ങളില്‍ സ്വതന്ത്രമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നു. അവനു കുടിക്കാന്‍ മോക്ഷനദിയില്‍നിന്ന് ഒരു തുള്ളി വെള്ളം പോലും കിട്ടുകയില്ല. അപ്പോള്‍പിന്നെ അതിലിറങ്ങി നീന്തി ആസ്വദിക്കുന്നതിനെപ്പറ്റി എന്തെങ്കിലും പറയേണ്ടതുണ്ടോ? സ്വപ്നത്തില്‍പോലും അവന് അതിന്‍റെ ആനന്ദം ലഭിക്കുകയില്ല. അവന് സ്വര്‍ഗ്ഗസുഖം നഷ്ടപ്പെടുന്നുവെന്നു മാത്രമല്ല, ഐഹികഭോഗങ്ങളും അനുഭവിക്കാന്‍ കഴിയുന്നില്ല. മത്സ്യത്തിലുള്ള അത്യാശകൊണ്ട് ഒരു ബ്രാഹ്മണന്‍ നദിയിലിറങ്ങി മുങ്ങിമരിച്ചാല്‍ അവനെ ധര്‍മ്മഭ്രഷ്ടനെന്ന് ആളുകള്‍ നിന്ദിക്കും. അതുപോലെ വിഷയസുഖങ്ങളുടെ പിന്നാലെ പായുന്നവന് സ്വര്‍ഗ്ഗസുഖം നഷ്ടപ്പെടുന്നുവെന്നു മാത്രമല്ല, അവനെ മൃത്യു മറ്റിടങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നു. അവന് ഇഹലോക സുഖങ്ങളോ പരലോക സുഖങ്ങളോ ലഭിക്കുന്നില്ല. പിന്നെ മോക്ഷസമ്പാദനത്തിന്‍റെ കാര്യത്തെപ്പറ്റി എന്താണ് പറയാനുള്ളത്?