ശ്രീ രമണമഹര്‍ഷി
നവംബര്‍ 19, 1938
അച്ഛനമ്മമാര്‍ ആവശ്യപ്പെട്ടതുപോലെ ഒരു കുഞ്ഞ് ഭഗവാനെ ‘ദേവാ’ എന്നു വിളിച്ച് ഒരു സാധനം കൊടുത്തു.
രമണമഹര്‍ഷി: നോക്കൂ! ഒരു കുഞ്ഞ് ദേവന് കൊടുക്കുന്നത്. അത് ത്യാഗമാണ്. ദേവന് കുഞ്ഞുങ്ങളിലും സ്വാധീനമുണ്ട്. എല്ലാ ദാനവും നിസ്വാര്ത്ഥമാണ്. അതാണ് നിഷ്ക്കാമകര്മ്മത്തിന്റെ സാരം. ഈ സ്വഭാവം പ്രബലമായാല്‍ അത് ത്യാഗമാവും. ‘എന്റേതുകളെ’ കൊടുത്താല്‍ ചിത്തശുദ്ധിയ്ക്കിടയാവും. ‘തന്നെ’ത്തന്നെ കൊടുക്കുന്നത് ജ്ഞാനവുമാണ്.
നവംബര്‍ 21, 1938
രമണമഹര്‍ഷി ഒരാന്ധ്രാമാന്യനോട്: ഒരുവന് ആഗ്രഹങ്ങളോടെ അലഞ്ഞുതിരിഞ്ഞാല്‍ ആഗ്രഹങ്ങള്‍ നിറവേറപ്പെടുന്നില്ല. ആഗ്രഹമറ്റിരിക്കുന്നവന് എല്ലാം സിദ്ധിക്കുകയും ചെയ്യുന്നു.
ലോകം ദൃശ്യമായിരുന്നാലും അല്ലെങ്കിലും മനസ്സ് നിശ്ചഞ്ചലമായിരുന്നാല് അത് സമാധിയാണ്. ദേശകാലാവസ്ഥകള്‍ തനിക്കുള്ളിലാണ്. തന്നെ കവച്ചു പോകാനവയ്ക്കൊക്കുകയില്ല. അവ ഭേദപ്പെടാം. താന്‍ ഭേദപ്പെടുകയില്ല. ആരുടെ പേരും ഒന്നാണ് – ‘ഞാന്‍’. ഈശ്വരന്റെ പേരും അതുതന്നെ.
നവംബര്‍23,1938
ചോദ്യം: ചുമ്മാതിരിക്കുന്നതെങ്ങനെ?
രമണമഹര്‍ഷി: ബുദ്ധിമുട്ടല്ലാത്തതു ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. മനുഷ്യന് ചലനോന്മുഖനായിപ്പോയി. ചുമ്മാതിരിക്കാന്‍ പറഞ്ഞാല്‍ അവന് അലഞ്ഞുതിരിയാനിഷ്ടപ്പെടുന്നു.
ചോദ്യം: കൂടുതല്‍ ഫലപ്രദമായ ഉപാസന ഏതാണ്?
മഹര്‍ഷി: എല്ലാം ഒന്നുപോലെ ഫലദായകം തന്നെ. ഓരോരുത്തരും അവരുടെ വാസനയനുസരിച്ചുള്ളതിനെ അനുഷ്ഠിക്കുന്നു.