നാരദന്‍ എന്നൊരു മഹര്‍ഷി, സനത്കുമാരന്‍ എന്ന മറ്റൊരു മഹര്‍ഷിയുടെ അടുക്കല്‍ സത്യാന്വേഷിയായി ചെന്നു. താന്‍ അതുവരെ എന്തു പഠിച്ചിട്ടുണ്ടെന്ന് സനത്കുമാരന്‍ ചോദിച്ചു. വേദങ്ങളും ജ്യോതിഷവും മറ്റനേകം വിദ്യകളും താന്‍ പഠിച്ചിട്ടുണ്ടെന്നും എന്നാല്‍ അതുകൊണ്ടൊന്നും തനിക്കു തൃപ്തി വന്നിട്ടില്ലെന്നും നാരദന്‍ പറഞ്ഞു. പിന്നീട് അവര്‍ തമ്മില്‍ നടന്ന സംവാദത്തില്‍, വേദ-ജ്യോതിഷ-തത്ത്വശാസ്ര്താദിവിജ്ഞാനങ്ങളെല്ലാം രണ്ടാംതരമാണെന്നും അതെല്ലാം രണ്ടാംകിടയാണെന്നും സനത്കുമാരന്‍ പറഞ്ഞു. ബ്രഹ്മത്തെ സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കുന്ന ജ്ഞാനമേതോ, അതാണ് പരമോത്കൃഷ്ടം, ഉത്തമജ്ഞാനം. ഈ ആശയം എല്ലാ മതങ്ങളിലും നാം കാണുന്നു. അതുകൊണ്ടാണ് മതം എല്ലാ ജ്ഞാനങ്ങളിലുംവെച്ച് ഉത്തമമെന്നവകാശപ്പെടുന്നത്. ഇതരവിദ്യകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരംശംമാത്രമേ ഉള്‍ക്കൊള്ളുന്നുള്ളു. എന്നാല്‍ മതം കൈവരുത്തുന്ന ജ്ഞാനം ശാശ്വതമാണ്. അതു വെളിവാക്കുന്ന സത്യംപോലെതന്നെ അനന്തമാണ്. ഈ മേന്‍മയെ പിടിച്ചുകൊണ്ട് മതങ്ങള്‍ പലപ്പോഴും ഭൗതികവിജ്ഞാനത്തെ, ദൗര്‍ഭാഗ്യവശാല്‍, അവഗണിച്ചിട്ടുണ്ട്: മാത്രമല്ല, അതിന്റെ സഹായത്തോടുകൂടി സ്വസിദ്ധാന്തങ്ങളെ ന്യായീകരിക്കാന്‍ പലവട്ടം കൂട്ടാക്കാതിരുന്നിട്ടുമുണ്ട്. ഇതിന്റെ ഫലമായി മതവിജ്ഞാനവും മതേതരവിജ്ഞാനവും തമ്മില്‍ ലോകമൊട്ടുക്കു കലഹങ്ങള്‍ നടന്നിട്ടുണ്ട്. പ്രമാണവാക്യങ്ങള്‍ക്ക് അപ്രമാദിത്വം അവകാശപ്പെടുന്ന ഒരു കൂട്ടര്‍ മതേതരവിജ്ഞാനത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. മറ്റേ കൂട്ടര്‍, യുക്തിയാകുന്ന നിശിതഖഡ്ഗവുമേന്തി മതം കൊണ്ടുവരുന്ന എന്തും തുണ്ടംതുണ്ടമാക്കാനും ശ്രമിക്കുന്നു. ഈ മല്‍സരം എല്ലാ രാജ്യങ്ങളിലും നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. മതങ്ങള്‍ വീണ്ടും വീണ്ടും തോററിട്ടുണ്ട്, മിക്കവാറും സമൂലം നശിച്ചിട്ടുണ്ട്. ഫ്രഞ്ചു വിപ്ലവകാലത്ത് പ്രകടമായ യുക്തിദേവതയുടെ ആരാധന മനുഷ്യചരിത്രത്തില്‍ ആദ്യമായാവിര്‍ഭവിച്ചതല്ല. അതു പണ്ടുണ്ടായതിന്റെ പുനരാവിഷ്‌കരണം മാത്രമായിരുന്നു. ഇന്നാകട്ടെ, അതു വലിയ തോതിലായിരിക്കുകയാണ്. ഭൗതികവിജ്ഞാനങ്ങള്‍ ഇന്നു പണ്ടത്തെക്കാളധികം സജ്ജീകൃതമായിട്ടുണ്ട്. നേരെ മറിച്ച് മതങ്ങളുടെ സജ്ജീകരണങ്ങള്‍ കുറഞ്ഞുവരികയുമാണ്. അതിന്റെ അടിത്തറകളെല്ലാം മാന്തിപ്പോയിരിക്കുന്നു. ആധുനികമനുഷ്യന്‍, പുറമെ എന്തു പറഞ്ഞാലും, ഇനി ”വിശ്വസിക്കുക” സാദ്ധ്യമല്ലെന്ന് ഉള്ളത്തിനുള്ളില്‍ അറിയുന്നുണ്ട്. സംഘടിതമായ ഒരു പുരോഹിതവര്‍ഗ്ഗം വിശ്വസിക്കുവാന്‍ പറയുന്നതുകൊണ്ടു വല്ലതും വിശ്വസിക്കുവാനോ, ചില ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ടു വിശ്വസിക്കുവാനോ, വിശ്വസിക്കുന്നത് സ്വന്തക്കാര്‍ ഇഷ്ടപ്പെടുന്നതുകൊണ്ടു വിശ്വസിക്കുവാനോ സാധ്യമല്ലെന്ന് അവന്നറിയാം. ബഹുജനവിശ്വാസത്തിനു വഴങ്ങി വിശ്വസിക്കുന്നതായി കാണപ്പെടുന്നവര്‍ ധാരാളമുണ്ട്, നിശ്ചയം. എന്നാല്‍, അവരാരും ചിന്തിക്കുന്നില്ലെന്നും നിസംശയം നമുക്കറിയാം. അവരുടെ വിശ്വാസത്തിന്റെ കുറെക്കൂടി സ്പഷ്ടമായ വിവരണം, ‘ഒന്നും ചിന്തിക്കാത്ത ഔദാസീന്യം’ എന്നായിരിക്കും. ഇങ്ങനെ വിശ്വാസത്തിന്‍മേല്‍ കെട്ടിപ്പൊക്കിയ മതത്തിന്റെ എടുപ്പുകളെല്ലാം ഉടച്ചുതകര്‍ക്കാതെ ഈ സമരം അവസാനിക്കില്ല, അതിന്നിനി ഏറെ താമസവുമില്ല.
ഇതിനു പോംവഴി വല്ലതുമുണ്ടോ എന്നാണ് പ്രശ്‌നം. ചോദ്യത്തെ ഒന്നുകൂടി സ്പഷ്ടമാക്കാം, മറ്റു ഭൗതികവിജ്ഞാനങ്ങള്‍ക്കു സാധിക്കുംപോലെ മതത്തിനും സ്വസിദ്ധാന്തങ്ങളെ യുക്തിയുടെ കണ്ടുപിടിത്തങ്ങളെക്കൊണ്ടു ന്യായീകരിക്കാന്‍ കഴിയുമോ? പ്രകൃതിവിജ്ഞാനത്തിലും (മറ്റു) ബാഹ്യവിഷയകമായ ജ്ഞാനങ്ങളിലും അപേക്ഷിതങ്ങളായ ഗവേഷണമുറകള്‍തന്നെയാണോ മതവിജ്ഞാനത്തിലും പ്രയോഗിക്കേണ്ടത്? എന്റെ അഭിപ്രായത്തില്‍ അങ്ങനെതന്നെയാണ് വേണ്ടത്. എന്നു മാത്രമല്ല, അതെത്രയും വേഗത്തില്‍ സാധിക്കുന്നുവോ അത്രയും നല്ലതാണെന്നും എനിക്കഭിപ്രായമുണ്ട്. ഇപ്രകാരമുള്ള ഗവേഷണങ്ങള്‍കൊണ്ടു മതം അങ്ങു നശിച്ചുപോകുമെങ്കില്‍ പോകട്ടെ: എത്ര വേഗമോ അത്ര നന്ന്. എന്തെന്നാല്‍ അത് ഇത്രയും കാലം ഉപയോഗശൂന്യമായിരുന്നു, അനര്‍ഹമായ അന്ധവിശ്വാസമായിരുന്നു. അതിന്റെ വിനാശമാണ് ഏറ്റവും അഭിലഷണീയമെന്ന് എനിക്ക് തികഞ്ഞ ഉറപ്പുണ്ട്. ഈ ഗവേഷണങ്ങളുടെ ഫലമായി മതത്തിന്റെ മലിനാംശങ്ങളെല്ലാം പോയകലും, സംശയമില്ല: എന്നാല്‍ അതിന്റെ സത്‌സ്വരൂപം വിജയപൂര്‍വ്വം ആവിര്‍ഭവിക്കും. ഇന്ന് ഊര്‍ജ്ജതന്ത്രത്തിന്റെയോ രസതന്ത്രത്തിന്റെയോ സിദ്ധാന്തങ്ങള്‍ എത്രമാത്രം യുക്ത്യനുസാരികളാണോ, കുറഞ്ഞപക്ഷം അത്രമാത്രമെങ്കിലും മതം യുക്ത്യനുസാരിയാകും. എന്നുതന്നെയല്ല, അതിനു കൂടുതല്‍ ബലവും സിദ്ധിക്കും. എന്തെന്നാല്‍ മതത്തിന് (അദ്ധ്യാത്മജ്ഞാനത്തിന്) സ്വസത്യം സ്ഥാപിക്കാനുള്ള സ്വതഃപ്രാമാണ്യം ഊര്‍ജ്ജതന്ത്രത്തിനോ രസതന്ത്രത്തിനോ ഇല്ല.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 2 യുക്തിവിചാരവും മതവും. പേജ് 22-24]