സ്വാമി വിവേകാനന്ദന്‍

വിശേഷത്തെ സാമാന്യംകൊണ്ടു വ്യക്തമാക്കണമെന്നതാണ് യുക്തിവിചാരത്തിന്റെ ഒന്നാമത്തെ തത്ത്വം. ആ സാമാന്യത്തെ അതിലും വ്യാപകമായ സാമാന്യത്താല്‍ വ്യക്തമാക്കണം: ഇങ്ങനെ അവസാനം നാം ഒരു സര്‍വ്വസാമാന്യത്തിലെത്തുന്നു. ഉദാഹരണമായി നിയമമെന്ന ആശയമെടുക്കാം. വല്ലതുമൊന്നു സംഭവിക്കുമ്പോള്‍ അത് ഇന്ന നിയമമനുസരിച്ചുണ്ടായ കാര്യമാണെന്നറിഞ്ഞാല്‍ നമുക്കു സമാധാനമായി: അതു നമുക്കൊരു വിശദീകരണമാണ്. വിശദീകരണമെന്നുവെച്ചാല്‍ നമ്മെ അതൃപ്തരാക്കിയ ഈയൊരു സംഭവം അനേകം സമാനസംഭവങ്ങളുടെ കൂട്ടത്തില്‍ ഒന്നു മാത്രമാണെന്നു തെളിയിക്കുകയാണ്. ഇതിനെ നാം നിയമമെന്നു പറയുന്നു. ഒരു ആപ്പിള്‍പ്പഴം വീണപ്പോള്‍ ന്യൂട്ടന്‍ അസ്വസ്ഥനായി. എന്നാല്‍ എല്ലാ പഴങ്ങളും വീഴുന്നതു കണ്ടപ്പോള്‍ അത് ആകര്‍ഷണമാണെന്നു കണ്ട്, അയാള്‍ക്കു സമാധാനവുമായി. ജ്ഞാനത്തിന്റെ ഒരു തത്ത്വമാണിത്. ഞാന്‍ ഒരു വ്യക്തിയെ തെരുവില്‍ കാണുന്നു. ഉടനെ വ്യാപകമായ മനുഷ്യനെന്ന സാമാന്യത്തോട് ഒത്തുനോക്കുന്നു, എനിക്കു സമാധാനവുമാകുന്നു: അത് ഒരു മനുഷ്യനാണെന്നറിഞ്ഞത് തദ്‌വ്യാപകമായ മനുഷ്യജാതിയെ അപേക്ഷിച്ചാണ്. ഇപ്രകാരം വിശേഷങ്ങളെ സാമാന്യത്തോടും, ആ സാമാന്യത്തെ അതിലും വ്യാപകമായ സാമാന്യത്തോടും, ചേര്‍ത്തറിയുന്നു: ഒടുവില്‍ എല്ലാറ്റിനെയും സര്‍വ്വവ്യാപകമായ ഒരു പരമസാമാന്യത്തിലെത്തിക്കുന്നു. അതാണ് ഉണ്‍മ(സത്ത), നമുക്കുണ്ടാകാവുന്ന ഏറ്റവും വ്യാപകവും അന്തിമവുമായ സങ്കല്പം. ‘സത്’ ആണ് സര്‍വ്വവ്യാപകമായ പരമസാമാന്യതത്ത്വം.

നാമെല്ലാം മനുഷ്യരാണ്: അതായത് നമ്മളില്‍ ഓരോരുത്തനും ‘മനുഷ്യത്വ’മെന്ന സാമാന്യത്തിന്റെ വിശേഷാംശമാണ് എന്നു പറയാം. മനുഷ്യന്‍, പൂച്ച, നായ് – ഇവയെല്ലാം മൃഗങ്ങളാണ്. മനുഷ്യനെന്നോ പൂച്ചയെന്നോ നായയെന്നോ ഉള്ള വിശേഷദൃഷ്ടാന്തങ്ങള്‍ അതിലും വ്യാപകമായ മൃഗം എന്ന സാമാന്യത്തിന്റെ അംശങ്ങളാണ്. മനുഷ്യന്‍, പൂച്ച, നായ്, ചെടി, വൃക്ഷം എന്നുള്ളതെല്ലാം അതിലേറെ വ്യാപകമായ ‘ജീവി’ എന്ന സാമാന്യത്തില്‍ പെടും. അതുപോലെ സര്‍വ്വജീവികളും സര്‍വ്വഭൗതികങ്ങളും ‘സത്’ എന്ന ഏകസാമാന്യത്തില്‍ പെടും. എന്തെന്നാല്‍ നാമെല്ലാം അതില്‍ (സത്തയില്‍) ഉള്ളവരാണ്. ഈ വിശദീകരണത്തിന്റെ അര്‍ത്ഥം ഒരു വിശേഷത്തെ അതിലുമധികം വ്യാപകമായ സാമാന്യത്തില്‍ പെടുത്തുക, സജാതീയദൃഷ്ടാന്തങ്ങളെ കൂടുതല്‍ കണ്ടെത്തുക എന്നു മാത്രമാണ്. നമ്മുടെ മനസ്സ് ഇപ്രകാരം നിരവധി സാമാന്യങ്ങളെ സംഭരിച്ചുവെച്ചിരിക്കുന്നതായി കരുതാം. മനസ്സു മുഴുവന്‍, ആശയങ്ങളെ (ജാതി തിരിച്ച്) അടുക്കിയ അറകള്‍കൊണ്ടു നിറഞ്ഞതാണെന്നു പറയാം. വല്ലപ്പോഴും പുതിയൊരു വസ്തുവിനെ കാണുമ്പോള്‍, നമ്മുടെ മനസ്സ് ഉടനടി അതിന്റെ അറകളിലൊന്നില്‍ ആ വസ്തുവിന്റെ സജാതിയെ കണ്ടെത്താന്‍ ശ്രമിക്കുന്നു. കണ്ടെത്തിയാല്‍ ഈ പുതിയ വസ്തുവിനെ അതിലടുക്കുന്നു, നാം തൃപ്തിപ്പെടുകയും ചെയ്യുന്നു: അപ്പോള്‍ ആ വസ്തുവിനെ അറിഞ്ഞു എന്നു പറയപ്പെടുന്നു. ഇതാണ് ‘അറിവ്’ എന്നു പറയുന്നത്: ഇതില്‍ കൂടുതലൊന്നുമില്ല. എന്നാല്‍ സജാതീയവസ്തുവിനെ കണ്ടെത്തിയില്ലെങ്കില്‍ നാം അതൃപ്തരാവുന്നു. മനസ്സില്‍ നേരത്തെതന്നെയുള്ള ഉപരിസാമാന്യത്തെ കണ്ടെത്തുംവരെ കാത്തിരിക്കേണ്ടിയും വരുന്നു. അതുകൊണ്ട്, മുമ്പ് സൂചിപ്പിച്ചതുപോലെ, ജ്ഞാനമെന്നത് ഏറെക്കുറെ ‘തരംതിരിക്കല്‍’ ആണ്.

ഇനി ഒരു സംഗതികൂടിയാണ്: ഒരു വസ്തുവിനെ സംബന്ധിച്ച വിശദീകരണം അതില്‍നന്നു വരണം, മറ്റൊന്നില്‍നിന്നല്ല. ഇതാണ് ജ്ഞാനത്തെ സംബന്ധിച്ച രണ്ടാമത്തെ തത്ത്വം. മേലേ്പാട്ടെറിഞ്ഞ കല്ലു നിലത്തു വീഴുന്നത് ഒരു ഭൂതത്താന്‍ അതിനെ കീഴ്‌പോട്ടു വലിച്ചിട്ടാണെന്ന് ഒരു വിശ്വാസമുണ്ടായിരുന്നു. ഇതുപോലെ വാസ്തവത്തില്‍ പ്രകൃത്യധീനങ്ങളായ പല ദൃശ്യസംഭവങ്ങള്‍ക്കും കാരണം പ്രകൃത്യതീതരായ ചില സത്വങ്ങളാണെന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. ഒരു ഭൂതം കല്ലു കീഴ്‌പോട്ടു വലിച്ചിട്ടു എന്ന വ്യാഖ്യാനം ആ വസ്തുവില്‍ സ്വയം ഇല്ല, പുറമേ നിന്നു കിട്ടിയതാണ്. രണ്ടാമത്തെ വ്യാഖ്യാനമായ ആകര്‍ഷണമാകട്ടെ, വസ്തുസ്വഭാവത്തിലുള്ളതാണ്: വിശദീകരണം വസ്തുതന്ത്രമാണ്. ഈ (വസ്തുതന്ത്രമായ ജ്ഞാനത്തിലേക്കുള്ള) പ്രവണത ആധുനികചിന്തയില്‍ ഉടനീളം കാണാം. ചുരുക്കിപ്പറഞ്ഞാല്‍ വസ്തുക്കളുടെ വിശദീകരണം അവയുടെ സ്വഭാവത്തിലുണ്ട്, പ്രപഞ്ചസംഭവങ്ങളെ വിശദീകരിക്കാന്‍ പ്രപഞ്ചബാഹ്യമായ സത്വങ്ങളുടെയോ തത്ത്വങ്ങളുടെയോ ആവശ്യമില്ല എന്നാണ് ആധുനികഭൗതികവിജ്ഞാനം തെളിയിക്കുന്നത്. രസതന്ത്രജ്ഞന്, തനിക്കു കൈവന്ന വസ്തുത വിശദീകരിക്കാന്‍ ഭൂതത്തിന്റെയോ പിശാചിന്റെയോ മറ്റോ ആവശ്യമില്ല. അതുപോലെ ഊര്‍ജ്ജതന്ത്രജ്ഞന്, തന്റെ ജ്ഞാനവിഷയങ്ങളെ വ്യാഖ്യാനിക്കാന്‍ ഇതിന്റെയൊന്നും സഹായം വേണ്ട, ഒരു ഭൗതികവിജ്ഞാനിക്കും വേണ്ട. ഭൗതികവിജ്ഞാനത്തിന്റെ സവിശേഷതകളിലൊന്നായ ഈ സമ്പ്രദായത്തെയാണ് ഞാന്‍ മതവിഷയത്തില്‍ പ്രയോഗിക്കുവാനുദ്ദേശിക്കുന്നത്. ഇതില്‍ മതങ്ങള്‍ക്കു പോരായ്മയുള്ളതുകൊണ്ടാണ് അവ തകര്‍ന്നു തരിപ്പണമാകുന്നതും. എല്ലാ വിജ്ഞാനങ്ങളും വസ്തുതന്ത്രമായ – വസ്തുവിന്റെ സ്വപ്രകൃതിയില്‍നിന്നുള്ള – വിശദീകരണം ആവശ്യപ്പെടുമ്പോള്‍ മതങ്ങള്‍ക്ക് അതു നിറവേറ്റാന്‍ കഴിവില്ല. പ്രപഞ്ചത്തില്‍നിന്ന് അത്യന്തഭിന്നമായ ഒരു പ്രപഞ്ചസ്രഷ്ടാവിനെ സംബന്ധിച്ച ആ പ്രാചീനവിശ്വാസം പണ്ടു പണ്ടേ നിലനിന്നുവരുന്നുണ്ട്. ഈ ജഗത്തില്‍ നിന്നു കേവലം വ്യതിരിക്തനായി, ഇതിന്റെ പുറത്തെവിടെയോ ഇരുന്ന് ഇതിനെ സൃഷ്ടിച്ചു ഭരിക്കുന്ന ഒരീശ്വരന്‍ ഉണ്ടാവണമെന്നതിലേക്ക് ഉപോദ്ബലകങ്ങളായ അനേകം വാദങ്ങള്‍ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇനി, ഇതിനെല്ലാം പുറമേ, സര്‍വ്വശക്തനായ ഒരീശ്വരനെ കരുണാമയനായി ചിത്രീകരിച്ചിട്ടുമുണ്ട്. അതേസമയം ലോകത്തില്‍ അസമത്വങ്ങള്‍ നിലനിന്നുവരികയും ചെയ്യുന്നു. എന്നാല്‍ ഇതൊന്നും തത്ത്വജ്ഞാനി വകവെക്കുന്നില്ല. കാരണം, ഈ വാദങ്ങളെല്ലാം ഉള്ളിലേ പിഴച്ചുപോയി എന്നാണ് അയാള്‍ പറയുന്നത്. ഈ വ്യാഖ്യാനങ്ങള്‍ വസ്തുബാഹ്യങ്ങളായിപ്പോയി, അതിനുള്ളില്‍നിന്നു വന്നതല്ല. ജഗത്കാരണമെന്ത്? ഇതിന്റെ പുറത്തുള്ള എന്തോ ഒന്ന്, ഏതോ ഒരു സത്വം, ഇതിനെ പ്രവര്‍ത്തിപ്പിക്കുന്നുപോലും! കല്ലു വീഴുന്നതിന്റെ വിശദീകരണത്തില്‍ ഭൂതകല്പന എന്നപോലെ, മതവിശദീകരണത്തില്‍ ഇതും (വസ്തുതന്ത്രമല്ലാത്ത വ്യാഖ്യാനം) അപര്യാപ്തമായി കാണപ്പെട്ടു. കൂടുതല്‍ തൃപ്തികരമായ ഒരു വ്യാഖ്യാനം നല്‍കാന്‍ കഴിയാത്തതിനാല്‍ മതങ്ങളെല്ലാം തകര്‍ന്നുവരികയുമാണ്.

എല്ലാ വസ്തുക്കളുടെയും വിശദീകരണം അവയില്‍നിന്നുതന്നെ വരുന്നു എന്നുള്ള മൂലതത്ത്വത്തോടു സംബന്ധിച്ച, അതിന്റെതന്നെ ആവിഷ്‌കരണമായ, മറ്റൊരാശയമാണ് ഇന്നത്തെ പരിണാമവാദം. പരിണാമവാദത്തിന്റെ ഒട്ടാകെയുള്ള താല്പര്യം ഇത്രമാത്രമാണ്; ഒരു വസ്തുവിന്റെ ധര്‍മ്മം പുനര്‍ഭവിക്കുകയാണ് ചെയ്യുന്നത്: കാര്യം കാരണത്തിന്റെ രൂപാന്തരം മാത്രം: കാര്യശക്തി മുഴുവനും കാരണത്തിലടങ്ങിയിരിപ്പുണ്ട്: സമസ്തപ്രപഞ്ചവും ഒരു പരിണാമം മാത്രമാണ്, സൃഷ്ടിയല്ല. അതായത് ഓരോ കാര്യവും, അതിനു മുമ്പുതന്നെയുള്ള (ഉപാദാന)കാരണത്തിന്റെ പുനരുത്പാദനമാണ്, നിമിത്തങ്ങള്‍ അതിനെ വികാരപ്പെടുത്തിയെന്നു മാത്രം. ഇതാണ് ജഗത്തിലെല്ലാം നടക്കുന്നത്. ഈ വികാരങ്ങളുടെ കാരണങ്ങളെ തേടി ജഗത്തിനു പുറമെ പോകേണ്ടതില്ല, അവ അകമെയുണ്ട്. കാര്യത്തിനു പുറമെ ഒരു കാരണത്തെയും അന്വേഷിച്ചുപോകേണ്ടതില്ല. ഇതും മതവിശ്വാസങ്ങളെ ഭഞ്ജിക്കുന്നതാണ്. മതവിശ്വാസങ്ങളെ ഭഞ്ജിക്കുക എന്ന് ഞാന്‍ പറയുന്നതിന്റെ താല്പര്യം ഇതാണ്: ജഗത്തില്‍നിന്നും ഭിന്നനായ ഒരീശ്വരനുണ്ട്, ആ ദേവന്‍ ഒരു വലിയ ആളാണ്, അത്രേയുള്ളു എന്നും മറ്റും ബലമായി വിശ്വസിച്ചുകൊണ്ടിരിക്കുന്ന മതങ്ങള്‍ക്കൊന്നിനും ഇനി സ്വന്തം കാലില്‍ നില്‍ക്കുക സാദ്ധ്യമല്ല. അവ ഇടിച്ചുതകര്‍ക്കപ്പെട്ട മട്ടായിരിക്കുന്നു.

മേല്പറഞ്ഞ രണ്ടു മൗലികതത്ത്വങ്ങളെയും ശരിക്കനുസരിക്കുന്ന ഒരു മതം ഉണ്ടാകാനിടയുണ്ടോ? ഉണ്ട് എന്നു ഞാന്‍ വിചാരിക്കുന്നു. ആ മതം ഒന്നാമതായി, ‘സാമാന്യത്തില്‍ക്കൂടി വിശേഷത്തെ അറിയുക’, എന്ന തത്ത്വത്തെ അനുസരിക്കുന്നതാകണം. ഇപ്രകാരം സാമാന്യജ്ഞാനനിയമത്തോടൊപ്പം രണ്ടാമത്തെ പരിണാമവാദ(കാര്യകാരണങ്ങളുടെ അനന്യത്വ)ത്തെയും തൃപ്തിപ്പെടുത്തണം. എല്ലാ സാമാന്യങ്ങളെയും ഉള്‍ക്കൊള്ളത്തക്കവണ്ണം സര്‍വ്വവ്യാപകവും എല്ലാറ്റിനും മൂലകാരണവുമായ ഒരു പരമസാമാന്യത്തെ നാം ആദ്യം കാണേണ്ടിയിരിക്കുന്നു. അതാകട്ടെ, അതിന്റെ ഏറ്റവും താഴത്തെ പടിയിലുള്ള കാര്യത്തിന്റെയും പ്രകൃതിയാകണം. അതായത്, പരമവും അന്തിമവുമായ ആ കാരണവും അതില്‍നിന്ന് ഏറ്റവും അകന്നു താഴെ അറ്റത്തു നില്‍ക്കുന്ന കാര്യവും – പരിണാമപരമ്പരയും – ഒന്നാകണം. വേദാന്തപ്രതിപാദ്യമായ ‘ബ്രഹ്മം’ ഈ രണ്ടു വ്യവസ്ഥകളേയും നിറവേറ്റുന്നു എന്തെന്നാല്‍ സാമാന്യജ്ഞാദ്വാരാ നാം ഒടുവില്‍ ചെന്നെത്തുന്ന പരമസാമാന്യം ബ്രഹ്മമാണ് അതിനു ഗുണങ്ങള്‍ ഒന്നുമില്ല. അതു കേവല സത്-ചിത്-ആനന്ദമാകുന്നു മനുഷ്യബുദ്ധിക്കു ചെന്നെത്താവുന്ന ഏറ്റവും ഒടുവിലത്തെ സാമാന്യം ”സത്” ആണെന്നു നാം കണ്ടു. ചിത്(ജ്ഞാനം) എന്നാല്‍ നമുക്കുള്ള (വിഷയ)ജ്ഞാനമല്ല. ആ അറിവിന്റെയും സാരമായി, പരിണാമപ്രവാഹത്തില്‍ മനുഷ്യരിലും മററു ജീവജാലങ്ങളിലും ജ്ഞാനമായി സ്വയം വെളിപ്പെടുന്നതേതോ, അതാണ് ചിത്ജ്ഞാനസാരമായ ഈ ‘ചിത്’ ബോധത്തിനും അപ്പുറത്തുള്ള ആത്യന്തികസത് ആകുന്നു എന്നു പറയട്ടെ. അതാണ് ജ്ഞാനമെന്നുവെച്ചാല്‍: അതാണ് ജഗത്തിലെ നാനാവസ്തുക്കളിലും അവശ്യം കാണുന്ന ഏകത്വം. ആധുനികവിജ്ഞാനം വീണ്ടും വീണ്ടും എന്തെങ്കിലുമൊന്നു തെളിയിക്കുന്നുണ്ടെങ്കില്‍ അത്, നാമെല്ലാം ഒന്നുതന്നെ – മാനസികവും, ശാരീരികവുമായി – എന്നതാണെന്ന് എനിക്കു തോന്നുന്നു. ശാരീരികമായിപ്പോലും നാം ഭിന്നരാണെന്നു പറയുന്നത് തെറ്റാണ്. വാദത്തിനുവേണ്ടി നാം ഭൗതികവാദികളാണെന്നുവെച്ചാലും, ഈ ജഗത്തു മുഴുവന്‍ ഒരു ഭൂതസമുദ്രമാണെന്നും അതില്‍ നിങ്ങളും ഞാനും ചെറിയ ചുഴികളാണെന്നും സമ്മതിക്കേണ്ടിവരും. ഭൂതരാശികള്‍ ഓരോ ചുഴിയിലും വന്നുചേര്‍ന്നു തത്തദാകാരേണ പരിണമിച്ചു ഭൗതികമായിത്തന്നെ വീണ്ടും പുറത്തേക്കു പോകുന്നു. ഇപ്പോള്‍ എന്റെ ശരീരത്തിലുള്ള ഭൗതികം കുറച്ചു കൊല്ലങ്ങള്‍ക്കുമുമ്പ് നിങ്ങളിലോ സൂര്യനിലോ, ഒരു ചെടിയിലോ, അതുപോലെ ഏതെങ്കിലും വസ്തുവിലോ ആയിരുന്നിരിക്കാം. എല്ലാം തുടര്‍ന്നൊഴുകിക്കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ശരീരവും എന്റെ ശരീരവുമെന്നാല്‍ എന്തര്‍ത്ഥം? ഇതാണ് ശരീരത്തിന്റെ ഏകത്വം അതുപോലെ വിചാരവും. എല്ലാം ഒരേ ഒരു വിചാരസമുദ്രം, ഒരനന്തരാശി: നിങ്ങളുടെ മനസ്സും എന്റെ മനസ്സും അതിലെ ചുഴികള്‍പോലെ. ഇതിന്റെ ഫലം കാണുന്നില്ലേ? എന്റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരത്തിലും നിങ്ങളുടെ വിചാരങ്ങള്‍ എന്റേതിലും സംക്രമിക്കുന്നത് അനുഭവമല്ലേ? നമ്മുടെ ജീവിതം ആകെ ഒന്ന്, വിചാരത്തില്‍പ്പോലും നാം ഒന്നാകുന്നു. ഇനി ഇതിലും വ്യാപകമായ ഒരു സാമാന്യത്തെ എടുക്കാം. അതു ജഡത്തിനും ചേതനത്തിനും സാമാന്യമായി, അവയുടെ സാരഭൂതമായി, അവയിലാവിര്‍ഭവിക്കാനിരിക്കുന്ന ചിത് ആകുന്നു. ഈ ഏകത്വത്തില്‍നിന്നാണ് എല്ലാം ഉളവായത്. ആ ചിത് നിശ്ചയമായും ഏകമായിരിക്കണം നാമെല്ലാം എങ്ങനെയും ഒന്നുതന്നെ: ശാരീരികമായും മാനസികമായും ഒന്ന്: ചൈതന്യമായ ആത്മാവില്‍ നാം വിശ്വസിക്കുന്നവരാണെങ്കില്‍: ആത്മാവിന്റെ നിലയിലും നാമെല്ലാം ഒന്നുതന്നെ എന്ന് വേറെ പറയേണ്ടല്ലോ. ഈ ഏകത്വം എന്ന ഒരേ വസ്തുതയെയാണ് ആധുനികവിജ്ഞാനം അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നത്. ആ വിജ്ഞാനം ഗര്‍വ്വിഷ്ഠനായ മനുഷ്യനോടു പറയുന്നു, ”നീ ആ ചെറിയ പുഴുവിനു തുല്യം. അതില്‍നിന്നു വളരെയേറെ മാറിയതാണ് നീയെന്നു വിചാരിക്കേണ്ട. നീ അതുതന്നെ. ഒരു മുന്‍ശരീരത്തില്‍ നീ ആ പുഴുവായിരുന്നു. ആ പുഴുവാണ്, ഇന്നു നീ ഗര്‍വ്വിക്കുന്ന ഈ മനുഷ്യാവസ്ഥയിലേക്ക് ഇഴഞ്ഞു കയറിവന്നത്.” ഉണ്‍മയുള്ളതിനോടെല്ലാം നമ്മെ ഒന്നിക്കുന്ന സര്‍വ്വൈകാത്മ്യമെന്ന ഈ മഹാവാക്യോപദേശമാണ് നാം പഠിക്കേണ്ട അതിവിശിഷ്ടമായ പാഠം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 2 യുക്തിവിചാരവും മതവും. പേജ് 26-33]