സ്വാമി വിവേകാനന്ദന്‍

ഈ രണ്ടു സിദ്ധാന്തങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണെന്നു തോന്നാമെങ്കിലും, ഇവയെ മൂന്നാമതൊരടിസ്ഥാനത്തിന്‍മേല്‍ യോജിപ്പിക്കാമെന്നെനിക്ക് തോന്നുന്നു: മതത്തിന്റെ യഥാര്‍ത്ഥമായ മൂലവും അതാണെന്നു തോന്നുന്നു. ഞാന്‍ അതിനു പേര്‍ കൊടുപ്പാന്‍ ഉദ്ദേശിക്കുന്നത് ഇന്ദ്രിയോല്ലംഘനയത്‌നം-ഇന്ദ്രിയപരിധി കടന്നുപോകുവാനുള്ള പരിശ്രമം-എന്നാണ്. ഒന്നുകില്‍ മനുഷ്യന്‍ ബന്ധുക്കളുടെയോ മറ്റു മൃതജനങ്ങളുടെയോ പ്രേതങ്ങളെ ആരാധിപ്പാന്‍ നോക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ശരീരനാശത്തിലും നശിക്കാതെ നില്‍ക്കുന്നതു വല്ലതുമുണ്ടോ എന്നു മനുഷ്യന്‍ അന്വേഷിക്കുന്നു.അഅ അഥവാ, പ്രപഞ്ചത്തിന്റെ ഗംഭീരവിലാസത്തിനു പിന്നില്‍ അതിനെ പ്രവര്‍ത്തിപ്പിക്കുന്ന ശക്തി ഏതെന്നറിയുവാന്‍ ശ്രമിക്കുന്നു. ഇതിലേതായാലും ഇന്ദ്രിയങ്ങളുടെ പരിധിയെ ലംഘിപ്പിക്കാനാണ് മനുഷ്യന്റെ യത്‌നമെന്നുള്ളതു തീര്‍ച്ച. മനുഷ്യന് ഇന്ദ്രിയങ്ങളെക്കൊണ്ടു തൃപ്തനായിരിപ്പാന്‍ വയ്യ. അവയെ കടന്നുപോകണം. ഇത് ഒരാശ്ചര്യമല്ല. ഈ സംഗതി ദുരൂഹമായിരിക്കയും വേണ്ട. എന്നാല്‍ ഇനി സ്വപ്നം വഴിക്കാണ് മതബോധമങ്കുരിക്കുന്നതെന്നത് വളരെ സ്വാഭാവികമായി തോന്നുന്നു. മരണമില്ലായ്മ എന്നൊരു ബോധം ആദിയില്‍ ഉണ്ടാകുന്നതു തീര്‍ച്ചയായും സ്വപ്നം വഴിക്കാവാം. സ്വപ്നാവസ്ഥ വിസ്മയകരമല്ലേ? അതിനും ജാഗ്രദവസ്ഥയ്ക്കും തമ്മില്‍ വളരെ കുറച്ചു വ്യത്യാസമേ ബാലന്‍മാരും ബാലിശബുദ്ധികളും കാണുന്നുള്ളു. ഉറക്കത്തില്‍ ദേഹം മൃതപ്രായമായി കിടക്കുമ്പോഴും പല മനോവ്യാപാരങ്ങളും നടക്കുന്നു. ഈ ശരീരം എന്നെന്നേയ്ക്കും വിശീര്‍ണ്ണമായാലും ഈ വിധം മനോവ്യാപാരം നടക്കുമെന്ന തീരുമാനത്തില്‍ ആളുകള്‍ പെട്ടെന്നു വന്നുചേരുന്നെങ്കില്‍ അതിലെന്താശ്ചര്യം? അതീന്ദ്രിയങ്ങളായ വിഷയങ്ങള്‍ക്കു കൂടുതല്‍ സ്വാഭാവികമായ സമാധാനം ഇതാണെന്ന് എനിക്കു തോന്നുന്നു. സ്വപ്നാവസ്ഥയെപ്പറ്റിയ വിചാരം വഴിക്കു മനസ്സ് ഉപരിഭാവനകളിലേക്കു കയറിപ്പോകും. എന്നാല്‍ സ്വപ്നാവസ്ഥയ്ക്ക് ജാഗ്രദവസ്ഥയുടെ സത്യത്വമില്ലെന്നും, ജാഗ്രദനുഭവങ്ങളിലെ ചിലതിനെ ആവര്‍ത്തിക്കുന്നു എന്നല്ലാതെ ഒരു പുതിയ ജീവിതമോ നിലയോ സ്വപ്നാവസ്ഥയിലില്ലെന്നും കാലക്രമത്തില്‍ മിക്കപേരും അറിയുന്നുണ്ട്.

പക്ഷേ അന്വേഷണം ആരംഭിച്ച് കുറച്ചു കാലമായപ്പോഴേക്കും അത് അന്തര്‍മുഖമായി തുടര്‍ന്ന് ജാഗ്രത്‌സ്വപ്നങ്ങള്‍ക്കും ഉപരിയായ അവസ്ഥകള്‍ മനസ്സിനുണ്ടെന്നു മനുഷ്യര്‍ കണ്ടുപിടിച്ചു. അതുകള്‍ക്കു ഉദയമെന്നോ ആവേശമെന്നോ എന്തു പേര്‍ പറഞ്ഞാലും അങ്ങനെ ചിലതുണ്ടെന്നു സുപ്രതിഷ്ഠിതമതങ്ങളിലെല്ലാം കാണാം. ആ മതങ്ങളുടെ സ്ഥാപകന്‍മാരോ പ്രചാരകന്‍മാരോ ദേവദൂതന്‍മാരോ ജാഗ്രത്‌സുഷുപ്ത്യവസ്ഥകള്‍ക്കപ്പുറമുള്ള ഒരവസ്ഥയില്‍ എത്തിയെന്നും, അതില്‍വെച്ച് ആദ്ധ്യാത്മികമെന്നു പറയുന്ന ലോകത്തെസ്സംബന്ധിച്ച് ചില തത്ത്വങ്ങള്‍ സാക്ഷാല്‍ക്കരിച്ചുവെന്നും ആ മതങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നു. ആ സാക്ഷാല്‍ക്കാരമാകട്ടെ, നാം ചുറ്റുമുള്ള വസ്തുക്കളെ ജാഗ്രദവസ്ഥയില്‍ സാക്ഷാല്‍ക്കരിക്കുന്നതിനെക്കാള്‍ അത്യധികം ശക്തിമത്തായിരുന്നുവെന്നും പറയുന്നു. ഉദാഹരണത്തിന് ബ്രാഹ്മണമതം എടുത്തുനോക്കുക. അവരുടെ വേദങ്ങള്‍ ഋഷിപ്രോക്തങ്ങളാണെന്നു പറയപ്പെടുന്നു. ഋഷികള്‍ തത്ത്വങ്ങളെ സാക്ഷാല്‍ക്കരിച്ച തപസ്വികളാണ്. ‘ഋഷി’ എന്ന പദത്തിന്റെ അര്‍ത്ഥം മന്ത്രദ്രഷ്ടാവ് എന്നത്രേ. മന്ത്രങ്ങളെന്നു പറയുന്നത് വേദസൂക്തങ്ങളിലെ ആശയങ്ങളുമത്രേ. ആ തത്ത്വങ്ങളെ അവര്‍ സാക്ഷാല്‍ക്കരിച്ചു: അഥവാ, അതീന്ദ്രിയസംഗതികളെ ഇന്ദ്രിയഗോചരമാക്കി എന്നു പറയാമെങ്കില്‍ അങ്ങനെ ചെയ്തു എന്ന് അവര്‍ ഊന്നിപ്പറഞ്ഞിരിക്കുന്നു. അങ്ങനെ സാക്ഷാല്‍ക്കരിച്ച തത്ത്വങ്ങളെ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ വാസ്തവം യഹൂദരുടെയും ക്രിസ്ത്യരുടെയും വേദഗ്രന്ഥങ്ങളിലുമുണ്ട്.

ബുദ്ധമതക്കാരില്‍ ദാക്ഷിണാത്യശാഖയുടെ കാര്യത്തില്‍ അല്പം വ്യത്യാസം പറയാം. അവര്‍ ഈശ്വരനോ ആത്മാവോ ഉണ്ടെന്നു വിശ്വസിക്കാതിരിക്കെ അവരുടെ മതം അതീന്ദ്രിയാവസ്ഥയില്‍നിന്നുദ്ഭവിച്ചു എന്ന് എങ്ങനെ പറയാം എന്നൊരു ചോദ്യമുണ്ടാവാം.അതിന് ഇങ്ങനെ സമാധാനം പറയാം; ബുദ്ധമതക്കാരും അതീന്ദ്രിയമായ സനാതനധര്‍മ്മം ഒന്നുണ്ടെന്നു പറയുന്നു. അതും നാം സാധാരണമായി പറയുന്ന ‘യുക്തി’ ഉപയോഗിച്ചല്ല: അതീന്ദ്രിയാവസ്ഥയിലാണ് ബുദ്ധന്‍ അതു കണ്ടെത്തിയത്. ബുദ്ധന്‍ സമാധി നേടുവോളം ബോധിവൃക്ഷമൂലത്തില്‍ ആസനസ്ഥനായിരുന്നവിധം വര്‍ണ്ണിച്ചിട്ടുള്ളതു ബുദ്ധചരിതം സംക്ഷിപ്തമായെങ്കിലും വിവരിക്കുന്ന ‘പൗരസ്ത്യദീപം’ എന്ന സുന്ദരകാവ്യം വായിച്ചിട്ടുള്ള നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവാം. ബുദ്ധന്‍ ഉപദേശിച്ച തത്ത്വങ്ങളെല്ലാം ആ അവസ്ഥയില്‍നിന്നു സിദ്ധിച്ചതല്ലാതെ ബുദ്ധിയുടെ യുക്തിവ്യാപാരങ്ങളാല്‍ സിദ്ധിച്ചവയല്ല.

ഇങ്ങനെ അതീന്ദ്രിയതത്ത്വസാക്ഷാല്‍ക്കാരം എന്നൊരു സംഗതി സര്‍വ്വമതങ്ങളും ഉദ്‌ഘോഷിക്കുന്നുണ്ട്. മനുഷ്യമനസ്സ് ഇന്ദ്രിയപരിധികളെ മാത്രമല്ല, ബുദ്ധിശക്തിയേയും അതിക്രമിച്ചുപോകും. അപ്പോള്‍ അത് ഇന്ദ്രിയമൂലമായോ യുക്തിമൂലമായോ മനുഷ്യന് ഒരു കാലത്തും അറിവാന്‍ കഴിവാകാത്ത തത്ത്വങ്ങളെ നേരിട്ടു കാണുകയും ചെയ്യും. ആവക തത്ത്വങ്ങളത്രേ ലോകത്തിലുള്ള സര്‍വ്വമതങ്ങള്‍ക്കും ആസ്പദം. അവ യുക്തിക്കനുസരിച്ചിരിക്കുന്നുണ്ടോ, അവ ശരിതന്നെയോ എന്നു തീര്‍ച്ചയായും നമുക്കു പരീക്ഷിക്കാവുന്നതാണ്. ഏതുവിധവും, മനസ്സിനു ബുദ്ധിയെയും ഇന്ദ്രിയങ്ങളെയും അതിലംഘിച്ചുപോകുവാന്‍ കഴിവുണ്ടെന്ന്, അതൊരു വാസ്തവമാണെന്ന്, സര്‍വ്വമതങ്ങളും വിളിച്ചുപറയുന്നു.

ഇങ്ങനെ സര്‍വ്വമതങ്ങളും പറയുന്നത് എത്രത്തോളം വാസ്തവമാണെന്ന ചോദ്യം ഇരിക്കട്ടെ. അവയ്‌ക്കെല്ലാം ഒരു പൊതുധര്‍മ്മമുണ്ട്. അവയൊന്നും പ്രകൃതിശാസ്ത്രകാര്യങ്ങളെപ്പോലെ മൂര്‍ത്തങ്ങളല്ല, അമൂര്‍ത്തങ്ങളാകുന്നു. അതിനും പുറമെ, സുസംഘടിതമതങ്ങളില്‍ ആ തത്ത്വങ്ങളെല്ലാം ഏകത്വത്തില്‍ പര്യവസാനിക്കുകയും ചെയ്യുന്നു. അതിന്റെ സ്വഭാവം ഇന്നതെന്ന് ഓരോ മതത്തില്‍ ഓരോ വിധമാണ് പറഞ്ഞിരിക്കുക: കേവലസാന്നിദ്ധ്യം, സര്‍വ്വഗതസത്വം, ഈശ്വരന്‍, ധര്‍മ്മം, കേവലസത് – എന്നിങ്ങനെ ഏതെങ്കിലും പേരില്‍ സര്‍വ്വഭാവാധിഷ്ംാനമായി അമൂര്‍ത്തമായ ഒരു ഏകത്വമുണ്ട്. ഈ കാലത്ത് ചിലര്‍ അതീന്ദ്രിയാവസ്ഥയെ അപേക്ഷിക്കാതെ മതം ഉപദേശിപ്പാന്‍ ചെയ്യുന്ന പരിശ്രമങ്ങളിലും ആ പുരാതനന്‍മാരുടെ അമൂര്‍ത്തതത്ത്വങ്ങളെ എടുത്ത് അവയ്ക്കു വേറെ ചില പേരുകള്‍ കൊടുക്കുകയേ ചെയ്യുന്നുള്ളു. ധര്‍മ്മമെന്നോ ആദര്‍ശഭൂതമായ ഏകത്വമെന്നോ മറ്റോ ഉള്ള ആ പേരുകള്‍തന്നെ അവയ്ക്ക് ഇന്ദ്രിയാതീതത്വമുണ്ടെന്നു വെളിപ്പെടുത്തുന്നു. ആദര്‍ശഭൂതനായ പരമപുരുഷനെ നാമാരും ഇതേവരെ കണ്ടിട്ടില്ലെങ്കിലും അങ്ങനെ ഒരാദര്‍ശത്തില്‍ വിശ്വസിക്കണമെന്നു നമ്മോടാവശ്യപ്പെടുന്നു. നമുക്കു സങ്കല്പിക്കാവുന്നത്ര തികവെത്തിയ ഒരു മനുഷ്യനെ നാമാരും ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും അങ്ങനെ ഒരാദര്‍ശമില്ലാതെ നമുക്കു പുരോഗതി സാദ്ധ്യമല്ല. ഈവിധം ആദര്‍ശഭൂതമായി ഏകമായ തത്ത്വമുണ്ടെന്ന സംഗതിയത്രേ സര്‍വ്വമതങ്ങളിലും മുന്തിനില്‍ക്കുന്നത്. ആ തത്ത്വത്തിനു സഗുണമെന്നോ നിര്‍ഗുണമെന്നോ സാന്നിദ്ധ്യമെന്നോ നിയതിയെന്നോ സാക്ഷിയെന്നോ സത്തെന്നോ മറ്റോ പേര്‍ പറഞ്ഞാണ് അത് നമുക്ക് ഉപദിഷ്ടമായിരിക്കുന്നത്. ആ തത്ത്വപദത്തിലേക്ക് താന്താങ്ങളെ ഉയര്‍ത്തുവാനാണ് നാം സര്‍വ്വകാലവും യത്‌നിക്കുന്നത്. മനുഷ്യന്‍ ഏതു തരക്കാരനായാലും ഏതു രാജ്യക്കാരനായാലും അയാള്‍ക്ക് അനന്തശക്തി എന്നൊരു സങ്കല്പമുണ്ടാകും: ഏതു മനുഷ്യനും അനന്തസുഖമെന്ന ഒരു ഒരു സങ്കല്പമുണ്ടാകും. ആ അനന്തശക്തിയും അനന്തസുഖവും സമ്പാദിപ്പാനുള്ള അതിപ്രയത്‌നത്തിലൂടെയാണ് നാം ചുറ്റുപാടും കാണുന്ന മിക്ക കര്‍മ്മങ്ങളും എങ്ങും പ്രകടമായ എല്ലാ വ്യാപാരങ്ങളും നടക്കുന്നത്. അനന്തശക്തിസമ്പാദനത്തിനു യത്‌നിക്കുന്നുവെങ്കിലും ഇത് ഇന്ദ്രിയങ്ങളിലൂടെയല്ല സമ്പാദിക്കാന്‍ സാധിക്കുക എന്നു ചുരുക്കം ചിലര്‍ വേഗം മനസ്സിലാക്കുന്നു. അനന്തസുഖം ഇന്ദ്രിയങ്ങള്‍ വഴിക്കു സിദ്ധിക്കാവതല്ലെന്ന് അവര്‍ അല്പകാലംകൊണ്ടു കണ്ടെത്തുന്നു. അതായത് അനന്തത്തെ പ്രകാശിപ്പിപ്പാന്‍ ഇന്ദ്രിയങ്ങള്‍ക്കു പരപ്പു പോരാ, ശരീരത്തിനു വലിപ്പം പോരാ, എന്നവര്‍ ക്ഷണത്തില്‍ കാണുന്നു. പരിമിതം വഴി അപരിമിതത്തെ പ്രകാശിപ്പിക്കുക അസാധ്യം. ഈ വാസ്തവം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മനസ്സിലാക്കി മനുഷ്യന്‍ ഈ ഉദ്യമത്തില്‍ നിന്നു പിന്തിരിയുന്നു. ഈ പിന്തിരിയല്‍, ഈ ഉദ്യമത്യാഗം, ആകുന്നു ധര്‍മ്മാചരണത്തിന്നടിസ്ഥാനം. ത്യാഗം എന്ന ആസ്പദത്തിന്‍മേലത്രേ ധര്‍മ്മാചരണം നിലനില്‍ക്കുന്നത്. ത്യാഗത്തെ ആധാരമാക്കിയല്ലാതെ ഒരു കാലത്തും ധര്‍മ്മോപദേശം ഉണ്ടായിട്ടില്ല.