ബഹുമുറുക്കത്തിലാണ് മനുഷ്യന്‍ ഇന്ദ്രിയങ്ങളെ പിടിച്ചിരിക്കുന്നത്. താന്‍ ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ബാഹ്യപ്രപഞ്ചം എത്ര വാസ്തവമാണെന്നു വിചാരിച്ചാലും ”ഇതു വാസ്തവംതന്നെയോ?” എന്നു താനറിയാതെ ചോദിച്ചുപോകുന്ന ഒരു ഘട്ടം ഏതു മനുഷ്യന്റേയും ഏതു ജനവര്‍ഗ്ഗത്തിന്റേയും ജീവിതത്തില്‍ ഒരിക്കലെങ്കിലും വന്നുചേരും. സദാസമയവും ഏതെങ്കിലും വിധം ഇന്ദ്രിയസുഖത്തില്‍ ആസക്തനായി, ഇന്ദ്രിയങ്ങളെ വിശ്വസിക്കാമോ എന്നു ചോദിപ്പാന്‍ നിമിഷംപോലും അവസരമില്ലാത്ത മനുഷ്യനുണ്ട് – അവനേയും മൃത്യു സമീപിക്കുന്നു. അയാളും ബലാല്‍ ചോദിച്ചുപോകുന്നു: ”ഇതു വാസ്തവംതന്നെയോ?” ഈ ചോദ്യത്തില്‍ മതം ആരംഭിക്കുന്നു, ഇതിന്റെ സമാധാനത്തില്‍ അവസാനിക്കയും ചെയ്യുന്നു. ഈ ഒരു ചോദ്യം ഏതു കാലത്തും ഉണ്ടായിട്ടുണ്ട്: ചരിത്രസഹായമില്ലാത്ത വിദൂരഭൂതകാലത്തും, പുരാണങ്ങളുടെ ദുര്‍വിജ്ഞേയപ്രകാശത്തിലും, പരിഷ്‌കാരത്തിന്റെ ധൂസരസന്ധ്യയിലും ഈ ചോദ്യം ചോദിച്ചതായിക്കാണുന്നു; ”ഇതെന്തായി പോകുന്നു? എന്താണ് വാസ്തവം?”
ഉപനിഷത്തുകളില്‍ കാവ്യഭംഗി കൂടിയവയിലൊന്നായ കഠോപനിഷത്ത് ഈ ചോദ്യംകൊണ്ടാരംഭിക്കുന്നു; ”മരിച്ചുപോയ ആളെപ്പറ്റി ഒരു തര്‍ക്കം: അയാള്‍ തീരെ നശിച്ചുപോയെന്ന് ഒരു കൂട്ടര്‍ പറയുന്നു: ഇല്ല, പിന്നേയും ശേഷിക്കുന്നുണ്ടെന്നു മറ്റൊരു കൂട്ടര്‍ ഉറപ്പുപറയുന്നു. ഇതില്‍ ഏതാണ് വാസ്തവം?” ഈ ചോദ്യത്തിനു പല സമാധാനങ്ങളും ഉണ്ടായിട്ടുണ്ട്. തത്ത്വശാസ്ത്രങ്ങളുടെയും മതങ്ങളുടെയും മണ്ഡലം മുഴുവന്‍ വാസ്തവത്തില്‍ ഇതിന്റെ വിവിധ സമാധാനങ്ങള്‍കൊണ്ടു നിറഞ്ഞവതന്നെ. എന്നാല്‍ അതേ സമയം ഈ ചോദ്യം അമര്‍ത്തിവെപ്പാനും, ”ഇതിനപ്പുറമെന്ത്? വാസ്തവത്തില്‍ ഉള്ളതെന്ത്?” എന്നു ചോദിച്ചു മനസ്സിനു സൈ്വരക്കേടുണ്ടാക്കുന്നതു നിര്‍ത്താനും ശ്രമങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, മരണമുള്ള കാലത്തോളം അമര്‍ത്തിവെക്കാനുള്ള ശ്രമം എപ്പോഴും വിഫലമായിരിക്കും. അപ്പുറത്തു യാതൊന്നുമില്ല, നമ്മുടെ ആശകളും അഭിലാഷങ്ങളുമെല്ലാം ഇഹത്തെപ്പറ്റി മതി എന്ന് നാം പറയാറുണ്ട്: ഇന്ദ്രിയലോകത്തില്‍ കവിഞ്ഞൊന്നും ചിന്തിക്കാതിരിപ്പാന്‍ കംിനമായി പ്രയത്‌നിക്കുന്നുണ്ട്: ഇന്ദ്രിയങ്ങളുടെ ഇടുക്കിനുള്ളില്‍ ഒതുങ്ങിനില്പാന്‍ പരിസരങ്ങളെല്ലാം നമ്മെ പക്ഷേ സഹായിക്കുന്നുമുണ്ട്: നാം ഇന്നത്തേതില്‍ കവിഞ്ഞു വികസിച്ചുപോകാതിരിപ്പാന്‍ ലോകം മുഴുവനും ഒത്തുചേര്‍ന്നേക്കാം. എങ്കിലും മരണമുള്ള കാലത്തോളം ഈ ചോദ്യം വീണ്ടും വീണ്ടും ഉദിക്കുകതന്നെ ചെയ്യും; ”അത്യന്തസത്യമെന്നും അത്യന്തവാസ്തവമെന്നും കരുതി നാം അള്ളിപ്പിടിച്ചിരിക്കുന്ന ഈ സമസ്തവിഷയങ്ങളുടെയും അന്ത്യം മരണമാണോ?” നിമിഷംകൊണ്ടു ലോകം മാഞ്ഞു വെറും ശൂന്യമാകുന്നു: അഗാധമായ പാതാളം വായ പിളര്‍ന്നു നില്‍ക്കുന്നു: അതിന്റെ തൂക്കായുള്ള വക്കത്ത്, ചെങ്കുത്തിന്റെ നിറുകയില്‍, കാലെത്തുമ്പോള്‍, ഏവനും, എത്ര കംിനഹൃദയനും. ഒന്നഞ്ചിച്ചോദിച്ചുപോകും; ”ഇതു വാസ്തവംതന്നെയോ?” ഒരായുസ്സിലെ ആശ മുഴുവന്‍, ഒരു ഗംഭീരമനസ്സിന്റെ ശക്തികളത്രയുമുപയോഗിച്ച് അല്പാല്പമായ് കെട്ടിപ്പൊന്തിച്ചതു സമസ്തവും, ഒരു നിമിഷംകൊണ്ട് തകര്‍ന്നുപോകുന്നു. അവ വാസ്തവമോ? ചോദ്യത്തിനു സമാധാനം പറഞ്ഞേ തീരൂ. കാലം അതിന്റെ ശക്തി ഒരിക്കലും കുറയ്ക്കുന്നില്ല. കൂട്ടുന്നേയുള്ളു. പിന്നെ ഒരു സംഗതിയുള്ളത്. മനുഷ്യനു സുഖം വേണം. അതിനുവേണ്ടി നാം ഏതിന്റെയും പിറകെ പായുന്നു. ഇന്ദ്രിയഗോചരമായ ബാഹ്യലോകത്തില്‍ പരക്കം പായുന്നു. ജീവിതത്തില്‍ വിജയികളായ ചെറുപ്പക്കാരനോടു ചോദിച്ചാല്‍ അയാള്‍ പറയും. ”ഇതെല്ലാം വാസ്തവമാണ്.” അയാള്‍ അതു വിശ്വസിക്കുന്നുമുണ്ട്. അതേ മനുഷ്യന്‍ വയസ്സനായി, ഭാഗ്യലക്ഷ്മി സദാ വഴുതിപ്പോയതല്ലാതെ തന്റെ പിടിയില്‍ വന്നിട്ടില്ലെന്നു കാണുമ്പോള്‍ ‘എല്ലാം വിധികല്പിതം’ എന്നു പറയും. കാമം നിറവേറ്റാവതല്ലെന്ന് അയാള്‍ ഒടുവില്‍ കണ്ടുപിടിക്കും. എവിടെച്ചെന്നാലും അപ്പുറത്തേക്ക് കടപ്പാന്‍ വിടാത്ത ഒരു വജ്രഭിത്തി തടഞ്ഞുനില്‍ക്കുന്നു, ഇന്ദ്രിയവ്യാപാരമേതും തിരിഞ്ഞടിക്കും, ഏതൊന്നും ക്ഷണഭംഗുരം. സുഖം, ദുഃഖം, അതിഭോഗം, ധനം, ബലം, ദാരിദ്ര്യം എന്നു വേണ്ട ജീവിതം മുഴുവന്‍തന്നെയും ക്ഷണികം.
മനുഷ്യര്‍ക്ക് രണ്ടിലൊന്നേ നിലയുള്ളു. ഒന്നുകില്‍ ശൂന്യവാദികളോടൊപ്പം സര്‍വ്വം ശൂന്യമെന്നു വിശ്വസിക്കുക: നമുക്ക് ഒന്നും അറിഞ്ഞുകൂടെന്നും, ഭാവിയെയോ ഭൂതത്തെയോ കുറിച്ചു മാത്രമല്ല, വര്‍ത്തമാനത്തെ കുറിച്ചുപോലും ഒന്നും അറിവാന്‍ കഴിയില്ലെന്നും വിശ്വസിക്കുക. ഭൂതഭാവികളെ നിഷേധിച്ചു വര്‍ത്തമാനത്തെ അവലംബിപ്പാന്‍ ആഗ്രഹിക്കുന്നവന്‍ വെറും ഭ്രാന്തന്‍. മാതാപിതാക്കളില്ലാതെ സന്താനം വേണമെന്നും അയാള്‍ക്കു പറയാം. രണ്ടിനും ന്യായം തുല്യം. ഭൂതത്തെയോ ഭാവിയെയോ നിഷേധിക്കണമെങ്കില്‍: വര്‍ത്തമാനത്തെയും നിഷേധിച്ചേ തീരൂ. ഇങ്ങനെയുള്ള ശൂന്യവാദികളുടെ നിലയാണൊന്ന്. ഒരു നിമിഷമെങ്കിലും വാസ്തവത്തില്‍ ശൂന്യവാദിയായിരിപ്പാന്‍ കഴിവുള്ള മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. വാക്കുകൊണ്ടു പറയുക വളരെ എളുപ്പം.
ആ നിലയല്ലെങ്കില്‍ പിന്നത്തേത് സമാധാനം തേടുക: സത്യം അന്വേഷിക്കുക: നിരന്തരപരിണാമിയും ക്ഷണികവുമായ ജഗത്തില്‍ നിത്യമായൊന്നുണ്ടെന്നു കണ്ടുപിടിക്കുക. ഭൂതപരമാണുക്കളുടെ സംഘാതമായ ഈ ദേഹത്തില്‍ അനശ്വരമായി വല്ലതുമുണ്ടോ? ഇതത്രേ മനുഷ്യമനോവ്യാപാരചരിതത്തില്‍ ആദ്യന്തം കാണുന്ന ഒരന്വേഷണം. അതിപ്രാചീനകാലത്തും മനുഷ്യമനസ്സില്‍ പലപ്പോഴും പ്രകാശത്തിന്റെ മിന്നലേറ്റിട്ടുണ്ട്. അന്നും, ഈ ശരീരത്തില്‍നിന്ന് ഒരുപടി മുന്നോട്ടുവെച്ച്, ഏതാണ്ടിതുപോലെയാണെങ്കിലും ഇതല്ലാതെയും ഇതിനെക്കാള്‍ തികവും സിദ്ധിയുമുള്ളതും ഇതു നശിക്കുമ്പോഴും നശിക്കാത്തതുമായ ഒന്നുണ്ടെന്നു മനുഷ്യര്‍ കണ്ടെത്തിയിരിക്കുന്നു. മൃതശരീരം ദഹിപ്പിക്കുന്ന അഗ്‌നിഭഗവാനോട് ”അല്ലയോ അഗ്‌നേ, അവനെ അങ്ങയുടെ കൈകളില്‍ പതുക്കെ കിടത്തി കൊണ്ടു പോവണേ, അവനു ഭാസ്വരവും പൂര്‍ണ്ണവുമായ ദേഹം നല്‍കണേ, അവനെ ദുഃഖമരണങ്ങളില്ലാത്ത പിതൃലോകത്തിലേക്കു നയിക്കണേ” എന്നിങ്ങനെ പ്രാര്‍ത്ഥിക്കുന്ന ഋക്കുകള്‍ ഋഗ്വേദസംഹിതയില്‍ കാണുന്നു. ആദ്യമതങ്ങളിലും ഇതേ ഭാവനയുണ്ട്. അതോടൊന്നിച്ചു മറ്റൊരാശയംകൂടി കാണാം; മനുഷ്യന്‍ തന്റെ പൂര്‍വ്വാവസ്ഥയില്‍നിന്നു ഭ്രംശിച്ചിരിക്കയാണെന്ന് ഈ സംഗതി, ഗുപ്താര്‍ത്ഥങ്ങളായ പുരാണപദങ്ങളിലാവട്ടെ, വ്യക്തമായ ശാസ്ത്രീയഭാഷയിലാവട്ടെ, സുന്ദരമായ കവിതാവാക്യങ്ങളിലാവട്ടെ, സര്‍വ്വമതങ്ങളും ഒന്നൊഴിയാതെ സിദ്ധാന്തിക്കുന്നു എന്നതു വളരെ സാരഗര്‍ഭമത്രേ. മനുഷ്യന്‍ മുമ്പു തനിക്കുണ്ടായിരുന്ന നിലയില്‍നിന്നു താണിരിക്കുന്നു എന്ന സംഗതിയാകുന്നു ഏതു വേദത്തിലും ഏതു പുരാണത്തിലും പ്രധാനമായി നില്‍ക്കുന്നത്. യഹൂദരുടെ വേദപുസ്തകത്തില്‍ ആദാമിന്റെ പതനം എന്ന കഥയിലെ സാരം ഇതാണ്. ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഇതു വീണ്ടും വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യന്‍ സ്വച്ഛന്ദമൃത്യുവായും സ്വച്ഛന്ദജീവിതനായും നിര്‍മ്മലദൃഢമനസ്‌കനായും ഇരുന്ന സത്യയുഗം എന്നൊരു കാലം അവര്‍ സങ്കല്പിക്കുന്നു. അന്നു കന്‍മഷമില്ല, ദുഃഖമില്ല: ആ യുഗം ദുഷിച്ച് ഈ യുഗമായിരിക്കുന്നു. ഈ ആശയത്തോടൊപ്പം പ്രളയകഥയും സാര്‍വ്വത്രികമാകുന്നു. പൂര്‍വ്വയുഗം ദുഷിച്ചുവന്നതാണ് ഈ യുഗമെന്നു സര്‍വ്വമതങ്ങള്‍ക്കും അഭിപ്രായമുള്ളതിന് ഈ കഥതന്നെ തെളിവായിരിക്കുന്നു. കാലദോഷം പെരുകിപ്പെരുകി ഒടുവില്‍ പ്രളയം വന്നു മനുഷ്യരില്‍ മിക്കവരെയും തട്ടിനീക്കിക്കളഞ്ഞു. പിന്നെ കയറ്റം തുടങ്ങി. ആദിയിലുണ്ടായിരുന്ന ശുദ്ധിയെത്തുന്നതുവരെ കയറിപ്പോകും. (ക്രിസ്ത്യാനികളുടെ) പഴയ വേദപുസ്തകത്തിലെ പ്രളയകഥ നിങ്ങള്‍ക്കറിയാമല്ലോ. ആ കഥ, പുരാതനബാബിലോണിയക്കാര്‍ ഈജിപ്തുകാര്‍, ചീനക്കാര്‍, ഹിന്ദുക്കള്‍ എന്നിവരുടെ ഇടയിലും നടപ്പുണ്ട്. മനുക്‌സ എന്ന രാജര്‍ഷി നദിയില്‍ തര്‍പ്പണം ചെയ്‌കെ ഒരു ശഫരി (മല്‍സ്യം) അദ്ദേഹത്തെ ശരണം പ്രാപിച്ചു. എന്തു വേണമെന്നു മനു ചോദിച്ചപ്പോള്‍ ‘യാദസ്സുകള്‍ എന്നെ ഭക്ഷിപ്പാന്‍ വരുന്നു, രക്ഷിക്കണം’ എന്നു ശഫരി പറഞ്ഞു. മനു അതിനെ തന്റെ കലശത്തിലിട്ട് ആശ്രമത്തിലേക്കു കൊണ്ടുപോയി: പിറ്റേന്നു രാവിലേക്ക് അതു കലശത്തോളം വലുതായി, ‘എനിക്ക് ഇതില്‍ കിടക്ക വയ്യ’ എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം അതിനെ ഒരു കുളത്തിലാക്കി: ആ രാത്രികൊണ്ട് അതു കുളത്തോളം വളര്‍ന്നു: അതില്‍ കിടക്ക വയ്യെന്നു പറഞ്ഞു. പിന്നെ അതിനെ നദിയിലേക്കു കൊണ്ടുപോയി: നേരം പുലര്‍ന്നപ്പോള്‍ അതു നദി നിറഞ്ഞുകിടക്കുന്നു. അതിനെ സമുദ്രത്തിലേക്കു കൊണ്ടുചെന്നു. അപ്പോള്‍ അതു പറഞ്ഞു; ”ഞാന്‍ ജഗത്സ്രഷ്ടാവാണ്: ഞാന്‍ ലോകത്തെ പ്രളയത്തിലാഴ്ത്തുവാന്‍ പോകുന്ന വിവരം നിനക്കു മുന്നറിവുതരുവാനാണ് വന്നത്. നീ ഒരു കപ്പലുണ്ടാക്കി ജീവികളില്‍ ഓരോ ജാതി മിഥുനത്തെയും അതില്‍ കയറ്റി നീയും അതില്‍ സകുടുംബം കയറിക്കൊള്‍ക. പ്രളയജലത്തില്‍ എന്റെ കൊമ്പു പൊങ്ങിക്കാണാം. കപ്പല്‍ അതിനോടു ബന്ധിച്ചുകൊള്‍ക. പ്രളയാവസാനത്തില്‍ എല്ലാറ്റിനെയും ഇറക്കി ഭൂമിയില്‍ ജീവജാലങ്ങളെ വര്‍ദ്ധിപ്പിക്കയും ചെയ്ക.” ആവിധം പ്രളയമുണ്ടായി. മനു തന്നേയും കുടുംബത്തേയും ഓരോ ജാതി മിഥുനത്തേയും എല്ലാ സസ്യബീജങ്ങളേയും രക്ഷിച്ചു. പ്രളയം ശമിച്ചപ്പോള്‍ ഭൂമിയിലിറങ്ങി ജീവജാലങ്ങളെ വളര്‍ത്തി. നാം മനുവിന്റെ സന്തതികളായതുകൊണ്ടാണ് നമ്മെ മാനവന്‍മാര്‍ എന്നു പറയുന്നത്.