ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 7

കട്വമ്ലലവണത്യുഷ്ണ
തീക്ഷ്ണരൂക്ഷ വിദാഹിനഃ
ആഹാരാ രാജസസ്യേഷ്ടാ
ദുഃഖ ശോകാമയപ്രദാഃ

അതിയായ കയ്പ്, പുളിപ്പ്, ഉപ്പ്, എരിവ് എന്നിവയുള്ളവയും മെഴുക്കു ചേര്‍ക്കാത്തവയും ദാഹമുണ്ടാകുന്നവയും ശരീരദുഃഖം, മനോദുഃഖം, പലതരം രോഗങ്ങള്‍ എന്നിവ ജനിപ്പിക്കുന്നതുമായ ആഹാരങ്ങളാണ് രാജസീശ്രദ്ധയുള്ളവര്‍ ഇഷ്ടപ്പെടുന്നത്.

മാരകമല്ലെങ്കിലും കാളകൂടവിഷത്തേക്കാള്‍ തിക്തവും ചുണ്ണാമ്പിനേക്കാള്‍ നീറ്റലുണ്ടാക്കുന്നതും പുളിപ്പുള്ളതും ആയ ഭക്ഷണമാണ് രാജസീശ്രദ്ധയുള്ളവര്‍ ഇഷ്ടപ്പെടുന്നത്. മാവു കുഴയ്ക്കുന്നതിനു ചേര്‍ക്കുന്ന വെള്ളത്തിന്‍റെ തോതിലാണ് അവര്‍ അതില്‍ ഉപ്പുചേര്‍ക്കുന്നത്. മറ്റ് ക്ഷാരപദാര്‍ത്ഥങ്ങളും അവര്‍ അതില്‍ ചേര്‍ക്കുന്നു. അഗ്നിയെപ്പോലെ ചൂടുള്ള പദാര്‍ത്ഥങ്ങളാണ് അവര്‍ ആഹരിക്കുന്നത്. ആ ചൂടിന്‍റെ കാഠിന്യംകൊണ്ട് അതില്‍നിന്നു പുറപ്പെടുന്ന ആവിയില്‍ ഒരു തിരി കത്തിക്കാന്‍പോലും കഴിയും. പാറതുളയ്ക്കാന്‍ കഴിയുന്ന ഇരുമ്പുപാരയുടെ കാഠിന്യമുള്ള ആഹാരം കഴിക്കുമ്പോഴും അവരുടെ ആമാശയത്തിന് ആഘാതമേല്ക്കുന്നില്ല. അകവും പുറവും വിഭൂതിപോലെ വരണ്ട ഈ ആഹാരപദാര്‍ത്ഥങ്ങള്‍ നാവിനെ തപിപ്പിക്കുമെങ്കിലും അത് ഇഷ്ടപ്പെടുന്നു. വായിലിട്ട് ചവയ്ക്കുമ്പോള്‍ കടുമുടാന്ന് ശബ്ദമുണ്ടാക്കുന്ന ആഹാരസാധനങ്ങളാണ് അവര്‍ക്ക് ഏറെയിഷ്ടം. എരിച്ചിലുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളോടൊപ്പം കടുകുകൂടി ചേര്‍ത്ത് വിഴുങ്ങുമ്പോള്‍ അതിന്‍റെ ആവിയില്‍ നാസികയും വായും വേദനയെടുക്കും. അഗ്നിതുല്യം തപിപ്പിക്കുന്ന അച്ചാറ് തുടങ്ങിയ ഉപദംശങ്ങള്‍ അവന്‍റെ പ്രാണനേക്കാള്‍ അവന് പ്രിയപ്പെട്ടതാണ്. ഇതെല്ലാം ഭക്ഷിച്ച് ഉഷ്ണാധിക്യത്താല്‍ ഉഴറുമ്പോള്‍ തുടര്‍ച്ചയായി എത്ര വെള്ളം കുടിച്ചാലും അവനു മതിയാകയില്ല. വാസ്തവത്തില്‍ ഇതു ഭക്ഷണമല്ല. ഒരുവനിലുള്ള രോഗസര്‍പ്പങ്ങളെ ഉണര്‍ത്തുന്നതിനും ക്ഷോഭിപ്പിക്കുന്നതിനുംവേണ്ടി തിന്നുന്ന പദാര്‍ത്ഥങ്ങളാണിവ. ഇതോടെ രോഗങ്ങള്‍ മത്സരിച്ചുകൊണ്ട് ഒന്നിനു പുറകെ ഒന്നായി തല ഉയര്‍ത്തി അവനെ കീഴ്പ്പെടുത്തുന്നു. ഇപ്രകാരം രാജസപ്രധാനമായ ആഹാരങ്ങളില്‍നിന്നു ലഭിക്കുന്ന ഫലം ദുഃഖമാണ്.

അല്ലയോ ധനഞ്ജയ, രാജസാഹാരത്തിന്‍റെ ലക്ഷണങ്ങളും ഫലങ്ങളും ഞാന്‍ വിശദീകരിച്ചു. ഇനിയും താമസികള്‍ ഭക്ഷിക്കുന്ന മനം മടുപ്പിക്കുന്ന ആഹാരത്തെപ്പറ്റി പറയാം. പോത്ത് ഉമിയും തവിടും മറ്റും തിന്നുന്നതുപോലെ, എന്തെങ്കിലും ദോഷം ഉണ്ടാക്കുന്നതാണോ എന്നു ചിന്തിക്കുകപോലും ചെയ്യാതെ, മിച്ചം വന്നതും പഴകിയതുമായ ആഹാരപദാര്‍ത്ഥങ്ങളാണ് താമസീശ്രദ്ധയുള്ളവര്‍ ഭക്ഷിക്കുന്നത്.