ശ്രീ രമണമഹര്‍ഷി
ജനുവരി 24, 1939
രമണമഹര്‍ഷി ഹാളിലുണ്ടായിരുന്ന കുറെ മാന്യസന്ദര്‍ശകരോട്: ഭൂതകാലത്തെയും ഭാവികാലത്തെയും പറ്റിയുള്ള അന്വേഷണങ്ങളെല്ലാം പാഴാണ്. നോക്കേണ്ടത് വര്‍ത്തമാനകാലത്തെപ്പറ്റിയാണ്. പ്രാരബ്ധവശാല്‍ എന്തോ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്. അവയുടെ ഗുണദോഷങ്ങളെപ്പറ്റി അനായാസനായിരിക്കണം. ആത്മാവ് കാലത്രയത്തിലും ഭേദമറ്റവനാണ്. ഈ അടിസ്ഥാന തത്വത്തെ അറിഞ്ഞുകൊണ്ടിരുന്നാല്‍ മതി. സംഭവങ്ങളൊന്നും സുഖദുഃഖങ്ങളെത്തരുന്നില്ല. അവയെപ്പറ്റിയുള്ള ചിന്തയാണ് സുഖദുഃഖങ്ങളെത്തരുന്നത്.
ചോദ്യം: അഹന്തയെ നശിപ്പിക്കുന്നതെങ്ങനെ?
മഹര്‍ഷി: അതിന്‍റെ ആദിയെ അന്വേഷിക്കൂ. ആദിയില്ലെങ്കില്‍ മധ്യാന്തങ്ങളുമില്ല. അതില്ലാത്തതാണെന്നറിയുകയേ വേണ്ടിയുള്ളൂ.
ഒരു രസകരമായ സംഭവം പറയാം. ഞാന്‍ മധുരയില്‍ പടിഞ്ഞാറേ ചിത്രാ തെരുവില്‍ താമസിച്ചിരുന്നപ്പോള്‍ അടുത്തൊരു വീട്ടില്‍ രാത്രിയില്‍ കള്ളന്‍ കയറുമെന്നു പ്രതീക്ഷിച്ചു നാലുചുറ്റും പോലീസുകാവലും മറ്റു കരുതലുകളും ചെയ്തിരുന്നു. പ്രതീക്ഷിച്ചതുപോലെ കള്ളന്‍ വന്നു. അവന്‍ പരിതസ്ഥിതി മനസ്സിലാക്കി. എല്ലാവരും കള്ളന്‍, കള്ളന്‍, പിടിച്ചോ എന്നു ബഹളം കൂട്ടിയ കൂട്ടത്തില്‍ അവനും ചേര്‍ന്നു വിളിച്ചുകൊണ്ടോടി രക്ഷപ്പെട്ടു. അഹന്തയെ മാറ്റാന്‍ ശ്രമിച്ചാല്‍ അഹന്ത മറയുന്നതിങ്ങനെയാണ്.