ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17 – 13

വിധിഹീനമസൃഷ്ടാന്നം
മന്ത്രഹീനമദക്ഷിണം
ശ്രദ്ധാവിരഹിതം യജ്ഞം‌
താമസം പരിചക്ഷതേ.

ശാസ്ത്രവിധിയൊന്നും നോക്കാതെ, അന്നദാനം നടത്താതെ, മന്ത്രങ്ങള്‍ കൂടാതെ, ദക്ഷിണ നല്‍കാതെ, ശ്രദ്ധാശൂന്യമായി ചെയ്യപ്പെടുന്ന യജ്ഞം താമസമെന്നു പറയുന്നു.

പക്ഷിമൃഗാദികളുടെ ഇണചേരലിന് സഹജവാസന മാത്രമാണ് കാരണം. അതിന് ജ്യോതിഷക്കാരന്‍ സമയം കുറിക്കേണ്ട ആവശ്യമില്ല. അതുപോലെ താമസയജ്ഞത്തിനു കാരണം തമോഗുണിയുടെ ദുരാഗ്രഹമാണ്. വീശേണ്ട വഴി ഏതാണെന്ന് കാറ്റിനു കണ്ടുപിടിക്കേണ്ടതുണ്ടെങ്കില്‍, മൃത്യുദേവന് മനുഷ്യനെ സമീപിക്കാന്‍ ശുഭമുഹൂര്‍ത്തം നോക്കി കാത്തിരിക്കേണ്ടതുണ്ടെങ്കില്‍, നിഷിദ്ധപദാര്‍ത്ഥങ്ങളെ എരിക്കാന്‍ അഗ്നിക്കു ഭയമുണ്ടെങ്കില്‍, മാത്രമേ താമസയജ്ഞം വേദവിധിപ്രകാരം നിയന്ത്രിതമായി നടക്കുകയുള്ളൂ.

അല്ലയോ ധനുര്‍ദ്ധരാ, താമസന്മാരുടെ യജ്ഞം സ്വൈരാചാരപ്രകാരമായിരിക്കും. വേദങ്ങള്‍ അനുശാസിക്കുന്ന വിധികളൊന്നും അവര്‍ പാലിക്കുകയില്ല. മന്ത്രങ്ങള്‍ ഉരുക്കഴിക്കേണ്ടതിന്‍റെ ആവശ്യകത അവര്‍ക്കു തോന്നാറില്ല. ഒരീച്ചയ്ക്ക് തിന്നാനുള്ള ഭക്ഷണംപോലും അവിടെ ഉണ്ടായിരിക്കുകയില്ല. ബ്രാഹ്മണരോട് വൈരത്തോടെ പെരുമാറുമ്പോള്‍ അവര്‍ക്കു ദക്ഷിണകൊടുക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. അഗ്നി കാറ്റിന്‍റെ സഹായത്തോടെ കൊടുന്തീയായി മാറുന്നു. സന്തതികളില്ലാതെ ഒരുവന്‍ മരിക്കുമ്പോല്‍ അവന്‍റെ സ്വത്തുക്കള്‍ മറ്റുള്ളവര്‍ കൊള്ളയടിക്കുന്നു. അതുപോലെ തമോഗുണികള്‍ യജ്ഞത്തില്‍ യാതൊരു ശ്രദ്ധയുമില്ലാതെ ദ്രവ്യം ദുര്‍വ്യയം ചെയ്ത് വ്യര്‍ത്ഥമാക്കിക്കളയുന്നു. ഇപ്രകാരമുള്ള യജ്ഞാഭാസമാണ് താമസയജ്ഞം.

ലക്ഷ്മീകാന്തനായ ഭഗവാന്‍ കൃഷ്ണന്‍ അരുള്‍ചെയ്തു. അദ്ദേഹം തുടര്‍ന്നു: ഗംഗയിലെ ജലം ഒന്നുതന്നെയാണെങ്കിലും അതു വിവധതലങ്ങളില്‍ക്കൂടി ഒഴുകുമ്പോള്‍ ചിലയിടങ്ങളില്‍ ശുദ്ധജലവും മറ്റു ചിലയിടങ്ങളില്‍ മലിനജലവുമായി കാണപ്പെടുന്നു. അതുപോലെ തപസ്സ് ത്രിഗുണങ്ങളെ ആധാരമാക്കി മൂന്നു വിധത്തിലുണ്ട്. ഇതില്‍ ഒന്നു പാപത്തിലേക്കും മറ്റേതു മോചനത്തിലേക്കും വഴി തെളിയിക്കുന്നു. അര്‍ജ്ജുന, ഇപ്രകാരം സംഭവിക്കുന്നത് എന്തുകൊണ്ടെന്നറിയണമെങ്കില്‍ തപസ്സ് എന്താണെന്ന് നീ അറിഞ്ഞിരിക്കണം. ആദ്യമായി തപസ്സിന്‍റെ സ്വഭാവത്തെപ്പറ്റി പറയാം. അതിനുശേഷം അതു ത്രിഗുണങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് വിഭജിച്ചിരിക്കുന്നതെന്ന് ഞാന്‍ വിശദമാക്കാം.

തപസ്സ് ശാരീരികം, വാചികം, മാനസികം എന്നു മൂന്നു വിധത്തിലുണ്ട്. ആദ്യമായി ശാരീരികതപസ്സിനെപ്പറ്റി പറയാം.