ശ്രീ രമണമഹര്‍ഷി

ഒരു ജില്ലാ ഓഫീസര്‍: പുനര്‍ജനനത്തി‍ന്‍റെ ആവശ്യമെന്ത്?
മഹര്‍ഷി: പുനര്‍ജനനത്തെപ്പറ്റിപ്പറയുന്ന നിങ്ങള്‍ ഇപ്പോള്‍ തന്നെ ജനിച്ചിട്ടുണ്ടോ? മനുഷ്യന്‍ ദേഹമോ ജീവനോ?

ചോദ്യം: രണ്ടും ചേര്‍ന്നതുതന്നെ.
മഹര്‍ഷി: ഉറക്കത്തില്‍ നിങ്ങള്‍ ഉണ്ടായിരുന്നോ?

ചോദ്യം: ഉറക്കം താല്‍ക്കാലിക മരണമാണ്; എപ്പോഴുമുള്ളതല്ല. എല്ലാം മായ.
മഹര്‍ഷി: എന്നാല്‍ ഈ ചോദ്യത്തിനു വകയില്ലല്ലോ. ജനനവും മരണവുമില്ലെന്നാണ് ഞാന്‍ പറയുന്നത്.

ചോദ്യം: ജനിച്ചിട്ടല്ലേ ഇപ്പോള്‍ ഇവിടെ ഇരിക്കുന്നത്.
മഹര്‍ഷി: ദേഹമാണ് താനെന്നു കരുതുന്നതുകൊണ്ടാണങ്ങനെ വിശ്വസിക്കുന്നത്.

ചോദ്യം: ദേഹവും ജീവനെപ്പോലെ ഒരാളിന്റെ സ്വരൂപത്തിന്‍റെ അംശം തന്നെ. അങ്ങ് പറയുന്നത് മറ്റാരും സമ്മതിക്കുകയില്ല.
മഹര്‍ഷി: നാം നമ്മുടെ കാര്യം നോക്കിയാല്‍ മതി. മറ്റുള്ളവരുടെ കാര്യം അവര്‍ നോക്കിക്കൊള്ളും.

ഓഫീസര്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

മഹര്‍ഷി: ഈ സംഭാഷണം അദ്ദേഹത്തില്‍ ക്രമേണ പ്രവര്‍ത്തിച്ചുകൊള്ളും.

സ്വപ്നത്തില്‍ പെട്ടെന്നൊരു കെട്ടിടത്തെ കാണുന്നു. എന്നാല്‍ അത് പല വര്‍ഷങ്ങള്‍കൊണ്ട് കെട്ടപ്പെട്ടതാണെന്നവര്‍ കരുതുന്നുണ്ട്. പരിണാമസിദ്ധാന്തത്തിന്‍റെ അവസാനവും ഇങ്ങനെതന്നെ. ഇപ്പോള്‍ മനുഷ്യനായിരിക്കുന്ന താന്‍ അണുവില്‍ നിന്നും പുരോഗമിച്ചു വന്നതാണെന്ന് കരുതുകയാണത്.

കാണപ്പെടുന്ന ഓരോ കാര്യത്തിനും ഓരോ കാരണത്തെപ്പറയുന്നു. ആ കാരണത്തിനു വേറൊരു കാരണം പറയും. ഇതിനവസാനമുണ്ടോ? ഏതു പ്രശ്നത്തിനും മൂലകാരണം താനാണ്. ആ താന്‍ ആരാണെന്നറിയാതെ അന്വേഷണം അവസാനിക്കുകയില്ല. ഭൂതഭാവികള്‍ നമ്മുക്ക് പ്രത്യക്ഷങ്ങളല്ല. ഇപ്പോഴത്തെ അവസ്ഥ പ്രത്യക്ഷമാണ്. സംശയിക്കാനില്ല. അങ്ങനെയുള്ള തന്‍റെ ഇരിപ്പിനെ അറിഞ്ഞാല്‍ ചോദ്യം അവസാനിക്കുന്നു.