ശ്രീ രമണമഹര്‍ഷി
മാര്‍ച്ച് 12, 1939
മുപ്പതോളം വയസ്സ് തോന്നിക്കുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ കുറെ ചങ്ങാതിമാരുമായി ഹാളില്‍ വന്നു. “ഞാനാര്, ഞാനാര് എന്നു പറഞ്ഞാല്‍ പോരാ. കാണിച്ചു തന്നെങ്കിലെ പ്രയോജനമുള്ളൂ.”
രമണമഹര്‍ഷി: ഞാനെന്നത് ഒരാള്‍ മറ്റൊരാളിനു കാണിച്ചുകൊടുക്കാന്‍ പറ്റിയ വിഷയമല്ല. താന്‍ തന്നെത്തന്നെ ആന്തരമായി അറിയേണ്ട വസ്തുവാണത്.
ചോദ്യം: ‘ഞാന്‍’ എന്താണെന്ന് നേരേ പറഞ്ഞു തന്നെങ്കിലല്ലേ, ‘ഞാനാരെന്നുനോക്കൂ’ എന്നുപറയുമ്പോള്‍ നോക്കാനൊക്കുകയുള്ളൂ.
മഹര്‍ഷി: അതിന്‍റെ മാര്‍ഗത്തെ പറയാമെന്നല്ലാതെ, ലക്ഷ്യത്തെ അവനവന്‍തന്നെ അറിയേണ്ടതാണ്.
ചോദ്യം: അങ്ങനെ അറിയാന്‍ കഴിവില്ലാത്തവന് പറഞ്ഞുകൊടുക്കുക തന്നെവേണം.
(ഇങ്ങനെ അടക്കം കൂടാതെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഭഗവാന്‍ പറഞ്ഞു)
മഹര്‍ഷി: പറയുന്നതിന്‍റെ സാരമെന്തെന്നു ക്ഷമയോടുകൂടി കേള്‍ക്കണം. അതല്ലാതെ വിതണ്ഡാവാദത്തിലാണ് രസമെങ്കില്‍ ഞാന്‍ തോറ്റുവെന്നു സമ്മതിക്കാം. നിങ്ങള്‍ ജയിച്ചുവെന്ന് അഭിമാനിക്കുകയും ചെയ്യാം. ഇഷ്ടം പോലെ ചെയ്യൂ.
(ഇവര്‍ ജ്ഞാനത്തെയും ജ്ഞാനമാര്‍ഗത്തെയും ഖണ്ഡിക്കണമെന്നു കരുതിവന്ന ഹഠയോഗവാദികളായിരുന്നുവെന്നു പിന്നീടറിഞ്ഞു)
മാര്‍ച്ച് 13, 1939
മാര്‍ച്ച് പതിനൊന്നാം തീയതി ഗാന്ധിജി ഹരിജനത്തിലെഴുതിയിരുന്ന താഴെക്കാണുന്ന ലേഖനത്തെ ഭഗവാന്‍ പരാമര്‍ശിച്ചു.
“ഈശ്വരന്‍റെ കൃത്യങ്ങളെല്ലാമെത്ര വിചിത്രമായിരിക്കുന്നു. രാജ്കോട്ടിലേക്കുള്ള ഈ യാത്ര എനിക്കും അത്ഭുതമായിത്തോന്നുന്നു. ഞാന്‍ എന്തിന് പോകുന്നു? എന്തിനുവേണ്ടി? ഞാനിതൊന്നും വിചാരിച്ചിരുന്നില്ല. ഈശ്വരനിയോഗമാണെങ്കില്‍ അതിനെപ്പറ്റി എന്തു ചിന്തിക്കാനിരിക്കുന്നു? ചിന്തിക്കുന്നതുപോലും ഈശ്വരനിയമത്തിനു തടസ്സമായിത്തീരും. സത്യം നോക്കിയാല്‍ ചിന്തയെ വിടാനെള്ളുപ്പമാണ്. അക്കാരണത്താല്‍ ശൂന്യം ഒന്നും ഭവിക്കുന്നില്ല. നമ്മുടെ കര്‍ത്തവ്യത്തെപ്പറ്റി ആലോചിച്ചിരിക്കുകയേ വേണ്ട.”
മഹര്‍ഷി: ഇതെത്ര സത്യമായിരിക്കുന്നു! ഇതേ ചിന്ത തായുമാനവര്‍ക്കും ഉണ്ടായിട്ടുണ്ട്. അതിന്‍റെ താല്പര്യം ഇതാണ്.
മനസ്സ് എവിടെ ചുമ്മാതിരിക്കുമോ (നിശ്ചഞ്ചലമായിരിക്കുമോ) അവിടെനിന്നും നിത്യാനന്ദം പൊട്ടിപ്പുറപ്പെടുമെന്ന് ശ്രുതികള്‍ ഘോഷിക്കുന്നതിനെ കേട്ടുകൊണ്ടിരുന്നിട്ടും അവിവേകത്താല്‍ അതിനെ വകവെയ്ക്കാതെയും എന്‍റെ മൌനഗുരുവിനെ വിസ്മരിച്ചുകൊണ്ടും ഞാന്‍ ഭ്രാന്തികൊണ്ട് മായാവനത്തില്‍ അലഞ്ഞുതിരിഞ്ഞു. കഷ്ടം! ഇതെന്‍റെ തലവിധി തന്നെ.
ചോദ്യം: ചുമ്മാതിരുന്നാല്‍ ആനന്ദം സ്വയം ജാതമാകുമെങ്കില്‍ എന്താണീ യോഗങ്ങളും മറ്റും?
മഹര്‍ഷി: അറിവിനെ എന്തെങ്കിലും പ്രത്യേക മാര്‍ഗത്തില്‍കൂടി തിരിച്ചു വച്ചാല്‍ ആനന്ദം കൈവരുമോ? അതിനുവേണ്ടി അഭ്യാസങ്ങള്‍ നടത്തുന്നവര്‍ കേവലം ശിശുക്കളാണ്.
താനും ഒഴിഞ്ഞയിടത്താണ് ആനന്ദം വെളിപ്പെടുന്നത്. ആ ആനന്ദത്തില്‍ നീയില്ലാതിരിക്കുമോ? നിനക്ക് ആനന്ദത്തെ വര്‍ണ്ണിക്കാന്‍ കഴിയാതെവന്നാല്‍ നീ പതറിപ്പോകണ്ടാ. നിനക്ക് പ്രത്യേകമൊരു സ്വരൂപമില്ലെന്നു വന്നാലും നീ ഇല്ലാതെപോയി എന്നുകരുതരുത്. കാരണം നീയും ആനന്ദവും ഏകമാണ്. സനാതനവുമാണ്. ദുഖിക്കേണ്ടാ, വരൂ, ഇവിടെ സുഖമുണ്ട്.
ചോദ്യം: വിചാരം പോലും നമ്മുടേതല്ലാത്ത അവസ്ഥയെപ്പറ്റിയല്ലേ ഗാന്ധിജി പറയുന്നത്?
മഹര്‍ഷി: അതെ. ‘ഞാന്‍’ എന്ന തോന്നലുണ്ടാകുന്നതോടുകൂടിയാണ് ചിന്ത ഉദിക്കുന്നത്. ലോകം ഉണ്ടെന്നു വരുന്നത് ‘ഞാന്‍ ഉണ്ട്’ എന്ന് തോന്നിയശേഷമാണ്. അദ്ദേഹം പറയുന്ന അവസ്ഥയില്‍ ‘ഞാന്‍’ എന്ന വിചാരവും മറ്റെല്ലാവിചാരവും അപ്രത്യക്ഷമായിരിക്കുന്നു.
ചോദ്യം: ആ അവസ്ഥയില്‍ ദേഹബോധവും അറ്റിരിക്കണമല്ലോ.
മഹര്‍ഷി: ദേഹബോധവും ഒരു വിചാരമാണ്. അദ്ദേഹം പറഞ്ഞ അവസ്ഥയില്‍ നിന്ന് വിചാരവും ഉദിക്കുന്നില്ല.
ചോദ്യം: വിചാരമൊഴിഞ്ഞിരിക്കുന്നതിനു ഒരു പ്രയാസവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
മഹര്‍ഷി: സാക്ഷാല്‍ ഉള്ള അവസ്ഥയില്‍ നാം വിചാരമൊഴിഞ്ഞു തന്നെയാണിരിക്കുക. വേണ്ടിവരുന്ന സമയം അപ്പപ്പോള്‍ വിചാരത്തെ വരുത്തിക്കൊള്ളുകയാണ്.