സ്വാമി വിവേകാനന്ദന്‍

നമ്മുടെ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും കാര്യത്തിലെന്നുവേണ്ട, ജീവിതത്തിന്റെ ഏതു വശത്തും ഈ പരസ്പരവിരോധം സാര്‍വ്വത്രികമായുണ്ട്. ഒരു രാജ്യത്തുണ്ടാകുന്ന ദോഷങ്ങളെ പരിഹരിപ്പാന്‍ ഒരു നേതാവു പുറപ്പെടുന്നു. അദ്ദേഹം കണ്ട ദോഷങ്ങളെ പരിഹരിച്ചുകഴിയുമ്പോഴേക്ക് വേറെ ആയിരം ദോഷങ്ങള്‍ പുതുതായി പൊന്തിക്കാണുന്നു. ഈ ദോഷപരിഹാരശ്രമങ്ങളെല്ലാം പഴയ വീടു നന്നാക്കുന്നതുപോലെയാണ്. ഒരു വശം ശരിപ്പെടുത്തുമ്പോഴേക്ക് മറ്റൊരു വശം പൊടിയാറാകുന്നു. ഇന്ത്യയില്‍ ഞങ്ങളുടെ പരിഷ്‌കാരവാദികള്‍ ഇപ്പോള്‍ വിധവകള്‍ക്കു വിവാഹം വിലക്കിയതിലുള്ള ദോഷത്തെ പഴിച്ചു പ്രസംഗിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലാകട്ടെ വിവാഹമില്ലായ്മയാണ് വലിയ ദോഷം. ഒരു പുറത്തു വിവാഹം കഴിക്കാത്തവര്‍ കഷ്ടപ്പെടുന്നു: അവരെയും സഹായിക്കണം. ഇത് ഒരുവിധം മാറാവ്യാധിയായ വാതംപോലെയാണ്: തലയില്‍നിന്നിളക്കിയാല്‍ ഉടലില്‍ കടക്കും: അവിടെ നിന്നാട്ടിയാല്‍ കാലിലേക്കെത്തും. പരിഷ്‌കാരികള്‍ പുറപ്പെടുന്നു, ”വിദ്യയും വിത്തവും സംസ്‌കാരവും ചുരുക്കം ചിലരുടെ കയ്യില്‍മാത്രമായിരിക്കരുത്: അവ സാര്‍വ്വജനീനങ്ങളായിരിക്കണം,” അവര്‍ പ്രസംഗിക്കുന്നു: അങ്ങനെയാക്കുവാന്‍ കഴിവതും പരിശ്രമിക്കയും ചെയ്യുന്നു. അതു ഫലത്തില്‍ വരുമ്പോള്‍ ചിലര്‍ക്ക് അധികം സൗഖ്യമുണ്ടായേക്കാം: എന്നാല്‍ സംസ്‌ക്കാരം വര്‍ദ്ധിക്കുമ്പോള്‍ ഇന്ദ്രിയസുഖം ചുരുങ്ങുന്നു. സുഖജ്ഞാനത്തോടൊപ്പം ദുഃഖജ്ഞാനവുമുണ്ട്, അപ്പോള്‍ നാം ഏതു വഴിക്കു പോകും? നാം അനുഭവിക്കുന്ന ഭൗതികസുഖത്തിന്റെ ലേശാംശംപോലും വേറൊരിടത്ത് അത്രമാത്രം ഭൗതികദുഃഖത്തിനു കാരണമാകുന്നുണ്ട്. അതു പ്രകൃതിനിയമമാണ്. യൗവനദശയില്‍ ഇതത്ര വെളിവായിക്കാണില്ലായിരിക്കാം. പ്രായം ചെന്ന് കുറേ കഷ്ടപ്പാടുകള്‍ അനുഭവിച്ചവര്‍ക്ക് ഇതു ബോധപ്പെടും. ഇതും മായയത്രേ. ഇതെല്ലാമിങ്ങനെ രാപ്പകല്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതിനൊരു യുക്തി കണ്ടെത്തുക അസാദ്ധ്യം. എന്തുകൊണ്ട്? ചോദ്യംതന്നെ യുക്തിപൂര്‍വ്വകം ചോദിക്കാവുന്നതല്ല. അതുകൊണ്ട് അതിനു യുക്തിയോ സമാധാനമോ ഉണ്ടാവുകയുമില്ല. എന്തുകൊണ്ട് എന്നും എങ്ങനെ എന്നും വസ്തുസ്ഥിതിയില്‍ ഇല്ല. അത് ഉണ്ട് എന്നുമാത്രം നാം കാണുന്നു. നമുക്കു വേറെ ഗതിയില്ല. അതിനെ യഥാവിധേ ഗ്രഹിക്കാനോ അതിന്റെ യഥാര്‍ത്ഥചിത്രം മനസ്സില്‍ വരക്കാനോ പോലും നമുക്കു കഴിവില്ല. അങ്ങനെയിരിക്കെ അതിനൊരു സമാധാനം നാമെങ്ങനെ കാണും?

ഇങ്ങനെ മായ എന്നത്, ലോകസ്വഭാവത്തിന് ഒരു സമാധാനം കണ്ടതല്ലെന്നും, ലോകസ്ഥിതിയുടെ ഒരു വിവരണം മാത്രമാണെന്നും കാണാം. ഒരു പരസ്പരവൈരുധ്യമാണ് ജീവിതത്തിന് അടിസ്ഥാനമായി കാണുന്നത്: ഈ ഭയങ്കരവൈരുധ്യത്തില്‍ക്കൂടിയേ നമുക്കു ഗതിയുള്ളു. നന്‍മയുള്ളേടത്തു തിന്‍മയുണ്ട്, തിന്‍മയുള്ളേടത്തു നന്‍മയുമുണ്ട്: ജീവനുള്ളേടത്ത് അതിന്റെ നിഴല്‍പോലെ മരണവുമുണ്ടാവണം. ചിരിച്ചതിനു കരയണം: കരഞ്ഞതിന് ഒരിക്കല്‍ ചിരിക്കയും വേണം. ഇതാണ് ലോകസ്വഭാവമെന്നു പറയുന്നതു മാത്രമത്രേ മായ. ഈ സ്ഥിതിക്കു പരിഹാരവുമില്ല. തിന്‍മയില്ലാതെ നന്‍മമാത്രമുള്ളതും ചിരിക്കാനല്ലാതെ കരയാന്‍ വഴിവെയ്ക്കാത്തതുമായ ഒരു സ്ഥലം (സ്വര്‍ഗ്ഗം) ഉണ്ടാകുമെന്ന് നമുക്ക് എളുപ്പത്തില്‍ സ്വപ്നം കാണാം. വസ്തുസ്വഭാവം നോക്കിയാല്‍ അത് അസംഭാവ്യമാണ്. എന്തുകൊണ്ടെന്നാല്‍ ഈ നിലയ്ക്കു മാറ്റം വരാന്‍ നിവൃത്തിയില്ല. ഒരു ചിരി ചിരിപ്പിക്കുവാനുള്ള ശക്തിയെവിടെയുണ്ടോ അവിടെ കണ്ണുനീര്‍ തൂകിപ്പാനുള്ള ശക്തിയും ഒളിച്ചിരിപ്പുണ്ട്. സുഖോല്‍പ്പാദനശക്തിയുള്ളേടത്ത് ദുഃഖോല്‍പ്പാദനശക്തിയും നിഗൂഢമായുണ്ട്.