ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 25

തദിത്യനഭിസന്ധായ
ഫലം യജ്ഞ തപഃ ക്രിയാഃ
ദാനക്രിയാശ്ച വിവിധാഃ
ക്രിയന്തേ മോക്ഷകാംക്ഷിഭിഃ

‘തത്’ എന്നുച്ചരിച്ചുകൊണ്ട് മോക്ഷേച്ഛുക്കളാല്‍ ഫലത്തെ അപേക്ഷിക്കാതെ നാനാതരത്തിലുള്ള യജ്ഞദാനതപപ്രക്രിയകള്‍ അനുഷ്ഠിക്കപ്പെടുന്നു.

ലോകത്തിനു അതീതവും സര്‍വ്വസാക്ഷിയുമായ ബ്രഹ്മത്തെ തത് എന്നറിയപ്പെടുന്നു. അത് എല്ലാറ്റിന്റെയും ആദിയാണെന്നുള്ള വസ്തുത മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്‌ അതിനെ ധ്യാനിക്കുകയും ആ പദം ഉച്ചത്തിലും വ്യക്തമായും ഉച്ചരിക്കുകയും ചെയ്യേണ്ടതാണ്. അതിനുശേഷം പറയണം – “ഞങ്ങളുടെ ലൌകികാസ്വാദനത്തിനുവേണ്ടി യാതൊന്നും ബാക്കി വയ്ക്കാതെ ഞങ്ങളുടെ കര്‍മ്മവും അതിന്റെ മുഴുവന്‍ ഫലങ്ങളും ഞങ്ങള്‍ പരബ്രഹ്മത്തിന്റെ പ്രതീകമായ തത്കാരത്തിനു സമര്‍പ്പിക്കുന്നു.”

ഇപ്രകാരം അവരുടെ എല്ലാ കര്‍മ്മങ്ങളും തത്‍രൂപ ബ്രഹ്മത്തിനു സമര്‍പ്പിച്ചിട്ട് ‘ഇദം ന മമ, ഇദം ന മമ’ (ഇത് എന്റേതല്ല) എന്നുപറഞ്ഞ് അവരുടെ ഭാരങ്ങളെല്ലാം കുടഞ്ഞുകളഞ്ഞിട്ട് എല്ലാവിധ ബാധ്യതകളില്‍ നിന്നും മോചിതരാകുന്നു. ഇതോടെ ഓംകാരത്തോടുകൂടി ആരംഭിക്കുകയും തത്കാരത്തോടെ ബ്രഹ്മത്തിനു സമര്‍പ്പിക്കുകയും ചെയ്ത കര്‍മ്മം ബ്രഹ്മരൂപമായിത്തീര്‍ന്നു എന്നുള്ളത് ശരിതന്നെ. എന്നാല്‍ ഇത് അവിടംകൊണ്ട് അവസാനിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ കര്‍ത്താവെന്നുള്ള അഹന്തയുടെ ദ്വന്ദഭാവം അപ്പോഴും കര്‍ത്താവില്‍ നിലനില്‍ക്കുന്നു. ഇത് നിലനില്‍ക്കുന്നിടത്തോളം കാലം കര്‍മ്മവും കര്‍മ്മഫലവും അര്‍പ്പിച്ചതുകൊണ്ടുമാത്രം കര്‍ത്താവിനു പരബ്രഹ്മവുമായി ഐക്യം പ്രാപിക്കാന്‍ സാധ്യമല്ല. അലിഞ്ഞുചേര്‍ന്നു കഴിഞ്ഞാല്‍ തന്നെയും ഉപ്പിന്റെ രുചി വെള്ളത്തില്‍ വേറിട്ടുനില്‍ക്കുന്നതുപോലെയാണ് ഇത്. കര്‍മ്മം ബ്രഹ്മാകാരമായി തീര്‍ന്നെങ്കിലും കര്‍ത്താവ് അതില്‍നിന്നും ഭിന്നനാണ്. കര്‍മ്മം ബ്രഹ്മവുമായി ഐക്യം പ്രാപിച്ചുവെന്ന് ചിന്തിക്കുന്നതുതന്നെ ദ്വന്ദഭാവം നിലനില്‍ക്കുന്നതുകൊണ്ടാണ്. ഈ ദ്വന്ദഭാവത്തിന്റെ നിലനില്‍പ്പ്‌ സംസാരഭയത്തെ സൃഷ്ടിക്കുന്നു.

വേദങ്ങളില്‍ ഉദ്ഘോഷിക്കുന്ന പ്രമാണസാരമായ ഈ കാര്യം ഭഗവാന്‍ തന്റെ തിരുവായ്മൊഴികൊണ്ടുതന്നെ വെളിപ്പെടുത്തി. ഭഗവാന്‍ തുടര്‍ന്നു:

ആകയാല്‍ കര്‍ത്താവില്‍ നിന്നു ഭിന്നമായി നില്‍ക്കുന്നുവെന്ന് തോന്നുന്ന പരബ്രഹ്മത്തെ കര്‍ത്താവ് തന്റെ ആത്മസ്വരൂപമായി അനുഭവിച്ചറിയണം. അതിലേക്കായി കരുതിവച്ചിരിക്കുന്ന പദമാണ് ‘സത്‌’ എന്നുള്ളത്. ഓംകാരശബ്ദത്തോടുകൂടി ആരംഭിക്കുകയും തത്കാരശബ്ദത്തോടുകൂടി തുടരുകയും ചെയ്ത കര്‍മ്മം, ഓം തത് എന്ന ശ്രേഷ്ഠശബ്ദംകൊണ്ട് സല്‍ക്കര്‍മ്മമെന്ന് വാഴ്ത്തപ്പെട്ടിരിക്കുകയാണ്. അപ്രകാരമുള്ള സല്‍ക്കര്‍മ്മങ്ങളെ സംബന്ധിച്ചിടത്തോളം സത് എന്ന പദത്തിന് പ്രത്യേകമായ ഒരു സംബന്ധം ഉണ്ട്. എപ്രകാരമാണ് സത് എന്ന പദം വിനിയോഗിക്കേണ്ടത് എന്നതിനെപ്പറ്റി ഞാന്‍ നിന്നോടുപറയാം. [അടുത്ത ശ്ലോകത്തില്‍ തുടരും]