നാം എങ്ങനെയെല്ലാം തടുത്താലും നമ്മുടെ ജീവിതത്തില്‍ അധികഭാഗവും അവശ്യം ദോഷങ്ങള്‍ നിറഞ്ഞിരിക്കും. ഈ ദോഷക്കൂമ്പാരം നമ്മുടെ അനുഭവത്തില്‍ അനന്തമെന്നപോലെയുമിരിക്കും: ഇതു നാം കണ്ടിട്ടുള്ളതാണല്ലോ. ഇതു പരിഹരിപ്പാന്‍ നാം ആദികാലം മുതല്‍ പ്രയത്‌നിച്ചുപോന്നു. എങ്കിലും സ്ഥിതി സാമാന്യം അതേ നിലയിലിരിക്കുന്നു. നാം എത്രത്തോളം പരിഹാരങ്ങള്‍ കണ്ടുപിടിക്കുന്നുവോ അത്രത്തോളം ദോഷങ്ങള്‍ സൂക്ഷ്മതരങ്ങളായി നമ്മെ പൊതിയുന്നു. ഈ വിഷമങ്ങളില്‍നിന്നു വിമുക്തിക്കുള്ള ഏകമാര്‍ഗ്ഗമായിട്ടാണല്ലോ സര്‍വ്വമതങ്ങളും ഈശ്വരനെ കല്പിച്ചിരിക്കുന്നത്. ലോകത്തെ അതിരിക്കുന്ന നിലയില്‍ സ്വീകരിച്ചാല്‍ – അങ്ങനെ ചെയ്യാനാവും ലൗകികസമര്‍ത്ഥന്‍മാര്‍ മിക്കപേരും ഉപദേശിക്കുക – ദോഷമല്ലാതെ മറ്റൊന്നും ശേഷിക്കില്ലെന്ന് സര്‍വ്വമതങ്ങളും പറയുന്നു. ‘ഈ ലോകത്തിനപ്പുറം ഒന്നുണ്ട്’ എന്ന് അവ പ്രഖ്യാപിക്കുന്നു. ഈ പഞ്ചേന്ദ്രിയങ്ങളിലുള്ള ജീവിതം, ഈ വിഷയങ്ങളിലുള്ള ജീവിതം, ഇതല്ല നമ്മുടെ മുഴുവന്‍ ജീവിതം: അത് അത്യല്പവും ഉപരിപ്ലവവുമാണ്. അതിനു പിറകില്‍, അപ്പുറത്ത്, അഖണ്ഡമായ ഒന്നുണ്ട്. അതില്‍ ദോഷസ്പര്‍ശമില്ല. അതിനെ ചിലര്‍ ഗോഡ് ആഢര്‍ജ്ഞഇ എന്നും, ചിലര്‍ അള്ളാ എന്നും, ചിലര്‍ യഹോവ, യോവ് എന്നും പറയുന്നു. വേദാന്തികള്‍ അതിനെ ബ്രഹ്മം എന്നു പറയുന്നു.
മതങ്ങള്‍ തരുന്ന ഉപദേശം കേള്‍ക്കുമ്പോള്‍ നമുക്കാദ്യമായി തോന്നുക ജീവിതം അവസാനിപ്പിക്കുന്നതാണ് മെച്ചമെന്നത്രേ. ജീവിതക്ലേശങ്ങള്‍ക്കു പരിഹാരമെന്ത് എന്ന ചോദ്യത്തിന് മതങ്ങളുടെ പ്രത്യക്ഷസമാധാനം ജീവിതത്യാഗമെന്നാണ്. ഇതു കേള്‍ക്കുമ്പോള്‍ പഴയൊരു കഥ ഓര്‍മ്മവരുന്നു. ഒരു കൊതുക് ഒരാളുടെ തലയില്‍ ഇരിപ്പു പിടിച്ചിരുന്നു. കൊതുകിനെ കൊല്ലാന്‍ അയാളുടെ സ്നേഹിതന്‍ ആഞ്ഞ് ഒരടി കൊടുത്തു. കൊതുകു ചത്തു, തലയും തകര്‍ന്നു. ഏതാണ്ടിങ്ങനെയാണ് ക്ലേശപരിഹാരത്തിനുപദേശിക്കുന്ന മാര്‍ഗ്ഗം. ജീവിതം ക്ലേശപൂര്‍ണ്ണം, ലോകം ദോഷപൂര്‍ണ്ണം. ഇതു ലോകപരിചയം വരത്തക്ക പ്രായം ചെന്നിട്ടുള്ളവര്‍ക്കാര്‍ക്കും നിഷേധിപ്പാന്‍ സാധ്യമല്ല. ഇതിനു മതങ്ങള്‍ കല്പിക്കുന്ന നിവൃത്തിയെന്ത്? ഈ ലോകം നിസ്സാരം, ശൂന്യപ്രായം. ഈ ലോകത്തിനപ്പുറത്ത് വളരെ സാരമായ ഒന്നുണ്ട് എന്ന്.
ഇതില്‍ ഒരു ദുര്‍ഘടം പരിഹാരം, സര്‍വ്വവും സംഹരിക്കുന്നതുപോലിരിക്കുന്നു. അതെങ്ങനെ പരിഹാരമാകും? പോംവഴിയില്ലേ? വേദാന്തം പറയുന്നു; മതങ്ങള്‍ ഉപദേശിച്ചിട്ടുള്ളത് തികച്ചും ശരിയാണ്. പക്ഷേ അതു ശരിയായി മനസ്സിലാക്കണം. മതങ്ങളുടെ താല്പര്യം വെളിവാകാത്തതുകൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ബുദ്ധിശക്തിയും സഹൃദയത്വവും തമ്മില്‍ യോജിക്കണം. അതാണ് നമുക്കാവശ്യം. ഹൃദയം എത്രയോ മഹത്താണ്. അതില്‍ക്കൂടെയാണ് ജീവിതത്തിലെ ദിവ്യാദര്‍ശങ്ങള്‍ ഉദിക്കുന്നത്. വലിയ ബുദ്ധി, പക്ഷേ ഹൃദയമില്ല എന്ന അവസ്ഥയെക്കാള്‍ ഞാന്‍ നൂറുമടങ്ങിഷ്ടപ്പെടുന്നതു ബുദ്ധിശക്തി കുറഞ്ഞാലും അല്പം സഹൃദയത്വമുണ്ടായിരിക്കുന്നതിനെയാണ്. സഹൃദയനേ സരസജീവിതവും പുരോഗതിയും സാദ്ധ്യമാകൂ. ഹൃദയമില്ലാതെ തീക്ഷ്ണബുദ്ധി മാത്രമുള്ളവന്‍ ശുഷ്‌കിച്ചു മരിച്ചുപോകും. എന്നാല്‍ വികാരം തള്ളുന്ന വഴിക്കുതന്നെ പോകുന്നവന്‍ കുണ്ടുകളില്‍ ചാടി വളരെ കഷ്ടപ്പെടേണ്ടിവരുമെന്നും നമുക്കറിയാം. അതുകൊണ്ട് വിചാരശക്തിയും വികാരശക്തിയും യോജിക്കണം. അതാണാവശ്യം. ഈ സമ്മേളനമുണ്ടാക്കുവാന്‍ ബുദ്ധിക്കുവേണ്ടി ഹൃദയത്തെയോ ഹൃദയത്തിനുവേണ്ടി ബുദ്ധിയെയോ അല്പമെങ്കിലും വിട്ടുകളയണമെന്നല്ല പറയുന്നത്. എല്ലാവര്‍ക്കും അനന്തമായ സഹൃദയത്വവും സഹതാപവും ഉണ്ടാകണം: അതോടുകൂടി അനന്തമായ ബുദ്ധിശക്തിയും. ഈ ലോകത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കു വല്ല അവധിയുമുണ്ടോ? ലോകം അവധിയറ്റതല്ലേ? ഇതില്‍ അനന്തവികാരസഹതാപങ്ങള്‍ക്കും അനന്തസംസ്‌കാരവിചാരങ്ങള്‍ക്കും ഇടമുണ്ട്. അവ യോജിച്ച് അവധിയറ്റു വരട്ടെ, ഒപ്പത്തിനൊപ്പം കുതിച്ചു മുന്നോട്ടു പോകട്ടെ.
മിക്ക മതങ്ങള്‍ക്കും കാര്യമറിയാം. എന്നാല്‍ അവയ്‌ക്കെല്ലാം പിണയുന്നതായി തോന്നുന്ന തെറ്റ് ഒന്നാണ്; ഹൃദയം, വികാരവേഗം, അവയെ വലിച്ചുകൊണ്ടുപോകുന്നു. ലോകത്തില്‍ ദുഃഖമുണ്ട്, ലോകത്തെ ത്യജിക്കുക – ഇതാണ് പരമോപദേശം, ഏകോപദേശം, സംശയമില്ല. ലോകത്തെ ത്യജിക്കുക. യഥാര്‍ത്ഥമറിയണമെങ്കില്‍ അയഥാര്‍ത്ഥം ത്യജിക്കണം: ഇതില്‍ രണ്ടഭിപ്രായമുണ്ടാകുവാന്‍ വയ്യ.’ ജീവിതം ഉണ്ടായിരിപ്പാന്‍ മരണത്തെ കൈവിടണം. ഇതില്‍ പക്ഷാന്തരത്തിനു വകയില്ല.
എന്നാല്‍ (ലോകത്യാഗം എന്ന) ഈ ഉപദേശത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്, നമുക്കറിവുള്ള ജീവിതം – ഇന്ദ്രിയജീവിതം – ഉപേക്ഷിക്കണമെന്നാണെങ്കില്‍ നമുക്കു പിന്നെ എന്തു ശേഷിപ്പുണ്ട്? ജീവിതമെന്നുവെച്ചാല്‍ മറ്റു വല്ലതുമാണോ? ഇതു വിട്ടാല്‍ പിന്നെ എന്തുണ്ട്? ഈ സംഗതി, മേലില്‍, വേദാന്തത്തിന്റെ വിജ്ഞാനഭാഗങ്ങളിലേക്കു കടക്കുമ്പോള്‍ അധികം വ്യക്തമാകും. വേദാന്തത്തില്‍മാത്രമേ ഇതിനു യുക്തിയുക്തമായ സമാധാനമുള്ളു എന്ന് ഇപ്പോള്‍ സാദരം പറഞ്ഞുകൊള്ളട്ടെ. വേദാന്തം എന്താണുപദേശിപ്പാന്‍ നോക്കുന്നത് എന്നു നിങ്ങളുടെ ദൃഷ്ടിയില്‍ കൊണ്ടുവരുവാനേ ഇവിടെ തരമുള്ളു. അതു ജഗത്തിനെ ഈശ്വരമയമായി കാണുക എന്നതാണ്.
വേദാന്തമതം വാസ്തവത്തില്‍ ഈ ലോകത്തെ പഴിക്കുന്നില്ല. ത്യജിപ്പാന്‍ ഉപദേശിക്കുന്നുണ്ട്. ത്യാഗം എന്ന ലക്ഷ്യം വേദാന്തത്തിലെപ്പോലെ മറ്റെങ്ങും അത്ര ഉച്ചതയെ പ്രാപിക്കുന്നില്ല. എന്നാല്‍ അതു ലോകത്തോടു നീരസം തോന്നി ജീവിതം അവസാനിപ്പിക്കുക എന്ന അര്‍ത്ഥത്തിലല്ല, ലോകത്തെ ഈശ്വരമയമാക്കുക എന്ന അര്‍ത്ഥത്തിലാണ്: നാം വിചാരിക്കുന്ന വിധത്തില്‍, നാം അറിയുന്ന വിധത്തില്‍, നമുക്ക് ഇപ്പോള്‍ തോന്നുന്ന വിധത്തില്‍, ഉള്ള ലോകത്തെ ത്യജിച്ച്, അതു വാസ്തവത്തില്‍ എന്താണെന്നറിയുക. ലോകത്തെ ഈശ്വരമയമായി ദര്‍ശിക്കുക. അത് ഈശ്വരന്‍തന്നെയാണ്. ഉപനിഷത്തുകളില്‍ ഏറ്റവും പ്രാചീനമായ ഒന്ന് ആരംഭിക്കുന്നതിങ്ങനെയാണ്; ”ജഗത്തില്‍ എന്തൊന്നുണ്ടോ അതിനെ ഈശ്വരനെക്കൊണ്ടു മൂടണം (ഈശ്വരമയമായി കാണണം).”