സ്വാമി വിവേകാനന്ദന്‍

നാം മഹാനദിയുടെ വക്കത്തിരുന്നു ദാഹിച്ചു മരിക്കുകയാണ്. അന്നകൂടങ്ങള്‍ക്കരികിലിരുന്ന് വിശന്നു വലയുകയാണ്. ഇതാ ആനന്ദമയമായ ജഗത്ത്, അത് നാം കാണുന്നില്ലല്ലോ. നാം ഏതു സമയത്തും അതിലിരിക്കുന്നു. എപ്പോഴും നാം അതിനെ തെറ്റിദ്ധരിക്കുന്നു. ഇതു നമുക്കു കണ്ടുപിടിച്ചു തരികയത്രേ മതോദ്ദേശ്യം. ആനന്ദമയമായ ജഗത്തിനെ ചൊല്ലിയുള്ള അഭിലാഷം എല്ലാ ഹൃദയത്തിലുമുണ്ട്. അതിനെയാണ് സര്‍വ്വമനുഷ്യവര്‍ഗ്ഗങ്ങളും തേടിവന്നിട്ടുള്ളത്. അതാണ് സര്‍വ്വമതങ്ങളുടേയും ഏകലക്ഷ്യം: ഓരോ മതം ഓരോ ഭാഷയില്‍ പ്രകാശിച്ചിരിക്കുന്ന ആദര്‍ശവും ഇതത്രേ. പുറമെ കാണുന്ന മതവ്യത്യാസങ്ങള്‍ക്കു ഭാഷാഭേദമേ നിമിത്തമുള്ളു. ഒരാശയത്തെ ഒരു മതം ഒരു വിധത്തില്‍ പറയുന്നു. മറ്റൊന്ന് അല്പം വ്യത്യസ്തമായി പറയുന്നു. ഓരോന്നും ഒരേ അര്‍ത്ഥത്തില്‍ വിഭിന്നഭാഷയില്‍ സംസാരിക്കുന്നു.

ഇതിനെസ്സംബന്ധിച്ച് പല ചോദ്യങ്ങളും വരുന്നുണ്ട്. ഉപദേശിക്കാന്‍ വളരെ എളുപ്പം: എവിടേയും എല്ലാറ്റിലും ഈശ്വരനെ കാണണം, അപ്പോള്‍ ലോകം ആനന്ദമാകും എന്നെല്ലാം ഞാന്‍ എന്റെ ബാല്യംമുതല്‍ കേട്ടുതുടങ്ങീട്ടുണ്ട്. എന്നാല്‍ ലോകത്തോടിടപെട്ടു രണ്ടടി കിട്ടുമ്പോള്‍ ആ ആശയം എങ്ങോ പൊയ്‌പോകുന്നു. ഈശ്വരന്‍ എല്ലാ മനുഷ്യരിലും ഉണ്ടെന്നു ഭാവന ചെയ്തുകൊണ്ടു ഞാന്‍ തെരുവില്‍ നടക്കുന്നു; ഒരു തടിയന്‍ വന്ന് എന്നെ ഒരു ഉന്ത് ഉന്തുന്നു. ഞാന്‍ വഴിയില്‍ മലര്‍ന്നടിച്ച് വീഴുന്നു. ഉടനെ ഞാന്‍ ചുരുട്ടിയ മുഷ്ടിയുമായി എഴുന്നേല്‍ക്കുന്നു, രക്തം തലയില്‍ പാഞ്ഞുകയറി, ഭാവനയെല്ലാം പറപറക്കുന്നു. പെട്ടെന്ന് എനിക്കു ഭ്രാന്തായി, സകലവും മറന്നു: ഈശ്വരനു പകരം ഞാന്‍ ചെകുത്താനെയാണ് കാണുന്നത്. ഈശ്വരനെ ദര്‍ശിക്കണം, എവിടെയും ഏതിലും: ഇതു നാം ജനനംമുതല്‍ കേള്‍ക്കുന്നുണ്ട്. എല്ലാ മതങ്ങളും അതാണ് ഉപദേശിച്ചിരിക്കുന്നത്. ‘പുതിയ നിയമ’ത്തില്‍ ക്രിസ്തു അതുപദേശിച്ചിരിക്കുന്നത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? നമ്മളെല്ലാവരോടും അതാണുപദേശിച്ചിരിക്കുന്നത്. എന്നാല്‍ ആചരണത്തില്‍ വരുമ്പോഴാണ് ഞെരുക്കം. ഈസപ്പ്കഥകളിലുള്ള ഒരു കഥ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. ഒരു മുന്തിയ മാന്‍ അതിന്റെ രൂപം വെള്ളത്തില്‍ പ്രതിബിംബിച്ചതു നോക്കി തന്റെ കുഞ്ഞിനോടു പറയുന്നു, “ഞാന്‍ എത്ര കരുത്തന്‍: നോക്കു, എന്റെ കേമമായ തല: എന്റെ കൈകാലുകള്‍ എത്രം മാംസളങ്ങള്‍, ബലിഷ്ഠങ്ങള്‍, എത്ര വേഗത്തില്‍ എനിക്ക് ഓടാമെന്നോ!” ഇതിനിടയില്‍ ദൂരെ നായ്ക്കള്‍ കുരയ്ക്കുന്ന ശബ്ദം കേട്ടു: ആ നിമിഷം അതു കുതിച്ചുപാഞ്ഞു. അനേകം നാഴിക ദൂരം ഓടി, ഒടുവില്‍ കിതച്ചും കൊണ്ടു തിരിച്ചെത്തി. അപ്പോള്‍ ആ കുഞ്ഞു ചോദിച്ചു; “വലിയ കരുത്തനെന്ന് ഇപ്പോഴല്ലേ പറഞ്ഞത്. നായ്ക്കള്‍ കുരച്ചപ്പോള്‍ എന്തേ ഓടിപ്പോയി!” മാന്‍ പറഞ്ഞു; “അതേ മകനേ, പക്ഷേ നായ്ക്കള്‍ കുരയ്ക്കുമ്പോള്‍ ധൈര്യമെല്ലാം പറന്നുപോകുന്നു.” അതാണ് നമ്മുടേയും കഥ. നാം മനുഷ്യത്വത്തില്‍ അഭിമാനിക്കുന്നു, നാം ബലവാന്‍മാരും ധീരന്‍മാരുമാണെന്നു വിചാരിക്കുന്നു, ഗംഭീരനിശ്ചയങ്ങള്‍ ചെയ്യുന്നു: എന്നാല്‍ പരീക്ഷണഘട്ടങ്ങള്‍ വരുമ്പോള്‍, പ്രലോഭനശ്വാക്കള്‍ കുരയ്ക്കുമ്പോള്‍, നാം ആ കഥയിലെ മാനിനെപ്പോലെയാകുന്നു. അതാണവസ്ഥയെങ്കില്‍ ഇതെല്ലാം ഉപദേശിക്കുന്നതുകൊണ്ട് പ്രയോജനമെന്ത്? ഏറ്റവും വലിയ പ്രയോജനമുണ്ട്. സ്ഥിരപരിശ്രമം ഒടുവില്‍ ജയം നേടും: ഇതാണ് പ്രയോജനം. ഒരു ദിവസംകൊണ്ട് ഒന്നും സാധിപ്പാന്‍ കഴിയില്ല.

“ആത്മാവിനെപ്പറ്റി ആദ്യം കേള്‍ക്കണം, പിന്നെ വിചാരം ചെയ്യണം, പിന്നെ ധ്യാനിക്കണം.” ആകാശം ആര്‍ക്കും കാണാം, ഇഴയുന്ന പുഴുവിനും അതു നീലമായി കാണാം. എന്നാല്‍ അതിത്ര ദൂരെ കിടക്കുന്നു! നമ്മുടെ ലക്ഷ്യവും ആ വിധമത്രേ; വളരെ ദൂരത്താണതിന്റെ നില്പ്, സംശയമില്ല: എങ്കിലും നാം അതു പ്രാപിച്ചേ കഴിയൂ എന്നു നമുക്കറിയാം. ഏറ്റവും ഉച്ചമായ ലക്ഷ്യംതന്നെ നമുക്കു നിശ്ചയമായും വേണം: എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷം ജനങ്ങളും ഇരുളടഞ്ഞ ഒരു ജീവിതത്തിലൂടെ യാതൊരു ലക്ഷ്യവുമില്ലാതെ തപ്പിത്തടയുകയാണ്. ഒരു ലക്ഷ്യം വെച്ചുപോകുന്നവനു പതിനായിരം തെറ്റുപറ്റാമെങ്കില്‍, ലക്ഷ്യമേ ഇല്ലാതെ പോകുന്നവന് അമ്പതിനായിരം തെറ്റു പറ്റുമെന്നു തീര്‍ച്ച. അതുകൊണ്ട് ലക്ഷ്യമുണ്ടായിരിക്കുന്നതാണ് ഏറെ നല്ലത്. ആ ലക്ഷ്യത്തെക്കുറിച്ചു നാം ആവോളം കേള്‍ക്കണം: അതു നമ്മുടെ ഹൃദയത്തില്‍, നമ്മുടെ തലച്ചോറില്‍, നമ്മുടെ നാഡികളില്‍പ്പോലും പ്രവേശിക്കുന്നതുവരെ, ഓരോ തുള്ളി രക്തത്തിലും സ്ഫുരിക്കുന്നതുവരെ, അതു നമ്മുടെ ദേഹത്തില്‍ സര്‍വ്വസുഷിരങ്ങളിലും വ്യാപിക്കുന്നതുവരെ, അതിനെപ്പറ്റി കേള്‍ക്കണം. അതിനെ ധ്യാനിക്കയും വേണം. “ഹൃദയം നിറയുമ്പോള്‍ വായ് മൊഴിയുന്നു.” ഹൃദയം നിറയുമ്പോഴത്രേ കൈകള്‍ പ്രവര്‍ത്തിക്കുന്നതും.