വിചാരമാണ് നമ്മിലുള്ള പ്രേരകശക്തി. ഉച്ചതമവിചാരങ്ങളെക്കൊണ്ട് മനസ്സ് നിറയ്ക്കുക. നാള്‍തോറും അവയെ കേള്‍ക്കുക, മാസംതോറും അവയെപ്പറ്റി ആലോചിക്കുക. വീഴ്ചകളെ കണക്കാക്കേണ്ട, അവ സ്വാഭാവികം. അവയാണ് ജീവിതത്തിലെ സൗന്ദര്യം. വീഴ്ചയില്ലാഞ്ഞാല്‍ ജീവിതമെന്താകും? ഞെരുക്കങ്ങള്‍ അനുഭവിക്കാത്ത ജീവിതത്തിനു വിലയെന്ത്? പിന്നെ ജീവിതത്തില്‍ കവിതയെവിടെ? ഞെരുക്കങ്ങളും തെറ്റുകളും വന്നുപോകുന്നല്ലോ എന്നു വിഷാദിക്കേണ്ട. ഒരു പശു, കളവു പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല: എന്നിട്ടും അതു വെറും പശു, ഒരിക്കലും മനുഷ്യനല്ല. അതുകൊണ്ട് വീഴ്ചകളേയും പിന്‍വാങ്ങലുകളേയും പറ്റി വിചാരപ്പെടേണ്ട. ആയിരം തവണ ആദര്‍ശത്തെ മുറുകെ പിടിക്കുക. ആയിരാമത്തെ തവണയും പിടിവിട്ടുപോയാല്‍ ഒരിക്കല്‍ക്കൂടി പിടിപ്പാന്‍ ശ്രമിക്കുക. മനുഷ്യന്റെ ആദര്‍ശം സര്‍വ്വത്തിലും ഈശ്വരദര്‍ശനമാണ്. സര്‍വ്വത്തിലും കാണ്‍മാന്‍ കഴിയുന്നില്ലെങ്കില്‍ ഏതെങ്കിലുമൊന്നില്‍ കാണുക, നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട വസ്തുവില്‍, പിന്നെ മറ്റൊന്നില്‍. അങ്ങനെ തുടര്‍ന്നുപോകാം. ജീവനുള്ള ആയുസ്സ് അപരിമിതമാണ്. വേണ്ടത്ര സമയമെടുക്കാം, കാര്യം സാധിക്കും.
“ഏകമായ അതു മനസ്സിനേക്കാള്‍ വേഗത്തില്‍ സ്പന്ദിക്കുന്നു. മനസ്സിനു കഴിയുന്നതിലും അതിനു വേഗം കൂടുന്നു. അതിനെ പ്രാപിക്കാന്‍ ദേവന്‍മാര്‍ക്കും ആവതല്ല. മനസ്സിന് അതിനെ ഗ്രഹിക്കാവതല്ല. അതു ചലിക്കെ മറ്റെല്ലാം ചലിക്കുന്നു. അതില്‍ എല്ലാം വര്‍ത്തിക്കുന്നു. അതു ചലവും അചലവുമത്രേ. അതു ദൂരത്തും അരികത്തുമാണ്: എല്ലാറ്റിന്റേയും അകത്തും പുറത്തുമാണ്. സര്‍വ്വത്തിലും ആത്മാവിനെയും ആത്മാവില്‍ സര്‍വ്വത്തിനെയും കാണുന്നവന്‍ ആത്മാവില്‍നിന്നകന്നുപോകുന്നില്ല. സര്‍വ്വഭൂതങ്ങളെയും ജഗത്തിനെയും ആത്മാവില്‍ കാണുന്നവന്‍ രഹസ്യമറിഞ്ഞിരിക്കുന്നു. ഈ ഏകത്വം കാണുന്നവനു പിന്നെ ശോകമെന്ത്, മോഹമെന്ത്?”
ഇതത്രേ വേദാന്തമതത്തിലെ മറ്റൊരു ഗംഭീരവിഷയം, സര്‍വ്വഭൂതങ്ങളുടേയും സര്‍വ്വത്തിന്റേയും ഐക്യം. നമ്മുടെ ദുഃഖം മുഴുവനും അജ്ഞാനത്താലുണ്ടാകുന്നതാണെന്ന് വേദാന്തമതം എങ്ങനെ തെളിയിക്കുന്നുവെന്നു നമുക്കു കാണാം. ഈ അജ്ഞാനം ഭേദഭാവനയത്രേ; മനുഷ്യനും മനുഷ്യനും തമ്മിലും, അണുവും അണുവും തമ്മിലുള്ള ഭേദബുദ്ധി. അണുവും അണുവും തമ്മില്‍ വ്യത്യാസപ്പെട്ടതാണെന്ന ഭാവനയാലാണ് സര്‍വ്വദുഃഖങ്ങളും ഉണ്ടാകുന്നത്: ഈ ഭേദമില്ല, അതു വാസ്തവമല്ല എന്നത്രേ വേദാന്തമതം. അതു പുറമേയുള്ള തോന്നല്‍മാത്രം. അകമേ ഇപ്പോഴും ഐക്യമുണ്ട്: ഉള്ളിലേക്കു നോക്കിയാലുടന്‍ മനുഷ്യനും മനുഷ്യനും, വര്‍ഗ്ഗവും വര്‍ഗ്ഗവും, വലിയവനും ചെറിയവനും, ധനികനും ദരിദ്രനും, ദേവനും മനുഷ്യനും, മനുഷ്യരും മൃഗങ്ങളും തമ്മില്‍ ഐക്യം കാണാം. വേണ്ടുവോളം ആഴത്തിലേക്കു ചെന്നാല്‍ ഈ കാണുന്ന നാനാത്വമെല്ലാം ഏകത്തിന്റെ വിവിധ പ്രകാശനങ്ങളാണെന്നു കാണാം. ഈ ഐക്യജ്ഞാനം സിദ്ധിച്ചവനു പിന്നെ ഭേദഭ്രമമുണ്ടാവില്ല. ആയാളെ ഭ്രമിപ്പിപ്പാന്‍ എന്തിനു കഴിയും? അയാള്‍ എല്ലാറ്റിന്റേയും തത്ത്വം – എല്ലാറ്റിന്റേയും രഹസ്യം – അറിഞ്ഞിരിക്കുന്നു. അയാള്‍ക്കു പിന്നെ ശോകമെവിടെ? കാമമെവിടെ? സര്‍വ്വത്തിന്റേയും സത്ത, സര്‍വ്വത്തിന്റേയും ഐക്യവും കേന്ദ്രവുമായ ഈശ്വരങ്കല്‍, അതായത് നിത്യസച്ചിദാനന്ദത്തില്‍, ആകുന്നു എന്നയാള്‍ തിരഞ്ഞു കണ്ടെത്തിയിരിക്കുന്നു. അവിടെ മരണമില്ല, രോഗമില്ല, ദുഃഖമില്ല, ക്ലേശമില്ല, അസംതൃപ്തിയില്ല, എല്ലാം പൂര്‍ണ്ണൈക്യം! പൂര്‍ണ്ണാനന്ദം. ആരെപ്പറ്റി പിന്നെ ദുഃഖിക്കും? സത്യവസ്തുവില്‍ മൃത്യുവില്ല, ദുഃഖമില്ല, ക്ലേശമില്ല, അസംതൃപ്തിയില്ല, എല്ലാം പൂര്‍ണ്ണൈക്യം! പൂര്‍ണ്ണാനന്ദം. ആരെപ്പറ്റി പിന്നെ ദുഃഖിക്കും? സത്യവസ്തുവില്‍ മൃത്യുവില്ല, ദുഃഖമില്ല. കേവലസത്തായാല്‍പ്പിന്നെ ആരെപ്പറ്റിയും ദുഃഖിപ്പാനോ വിചാരപ്പെടുവാനോ ഇല്ല.
അവന്‍ (ആത്മാവ്) സര്‍വ്വത്തേയും വ്യാപിച്ചിരിക്കുന്നു. പ്രകാശമയനും അശരീരനും, ന്യൂനതയോ കളങ്കമോ ഇല്ലാത്ത ശുദ്ധനും, പാപസ്പര്‍ശമില്ലാത്തവനും കവിയും മനീഷിയും സര്‍വ്വത്തേയും അതിക്രമിച്ചവനും, സ്വയംഭൂവുമായ ആ ആത്മാവ് ഏതു കാലത്തും ഏവനും അവരവര്‍ക്ക് അര്‍ഹതയുള്ളതു നല്‍കുന്നു.
അജ്ഞാനജന്യമായ ഈ മൂഢലോകം സത്യമെന്നുവെച്ച് അതിനെ ഉപാസിക്കുന്നവര്‍ അന്ധകാരത്തിലാഴുന്നു. ഇതില്‍ത്തന്നെ വര്‍ത്തിച്ച്, ഇതില്‍ക്കവിഞ്ഞു നന്‍മയേറിയതുണ്ടെന്നേ അറിയാത്തവര്‍ കൂടുതല്‍ അന്ധകാരത്തിലാഴുന്നു. പ്രകൃതിരഹസ്യമറിയുമ്പോള്‍ പ്രകൃതിസഹായത്താല്‍ പ്രകൃതിക്കപ്പുറത്തുള്ളതറിഞ്ഞു മൃത്യുവിനെ കടക്കുന്നു. പ്രകൃതിക്കപ്പുറമുള്ളതിന്റെ സാഹായ്യത്താല്‍ നിത്യാനന്ദത്തെയും അനുഭവിക്കുന്നു. “അല്ലയോ സൂര്യദേവ! അവിടുന്നു സുവര്‍ണ്ണമണ്ഡലംകൊണ്ടു സത്യത്തെ മൂടിയിരിക്കുന്നു. അങ്ങയിലുള്ള ആ സത്യത്തെ എനിക്കു കാണ്‍മാന്‍വേണ്ടി ആ മൂടിയെ നീക്കേണമേ! അവിടുത്തെ സത്യത്തെ ഞാന്‍ അറിഞ്ഞിരിക്കുന്നു: അങ്ങയുടെ രശ്മികളുടെ യാഥാര്‍ത്ഥ്യവും മഹിമയും ഞാന്‍ അറിഞ്ഞിരിക്കുന്നു. അങ്ങയില്‍ പ്രകാശിക്കുന്നതെന്തെന്നും ഞാന്‍ കണ്ടിരിക്കുന്നു. അങ്ങയുടെ സത്യം ഞാന്‍ ദര്‍ശിക്കുന്നു. അതില്‍ ഉള്ളതുതന്നെ എന്നിലും: ഞാന്‍ അവന്‍തന്നെ: സോ ഹം.”