ഇന്ദ്രിയഭോഗങ്ങള്‍ ചിലപ്പോള്‍ അപായകരമായും ആകര്‍ഷകമായും രൂപം മാറിവരും. “ജീവിതത്തിലെ ക്ലേശങ്ങളെല്ലാം നശിച്ചു പോകുന്ന ഒരു കാലം വരും. അന്നു സുഖവും സന്തോഷവും മാത്രം ശേഷിക്കും, ലോകം സ്വര്‍ഗ്ഗമായിത്തീരും” എന്നിങ്ങനെ ഒരാശയം ഏതു മതത്തിലും എത്രയോ പുരാതനകാലത്തും ഉണ്ടായിട്ടുള്ളതായി കാണാം. ഞാന്‍ അതു വിശ്വസിക്കുന്നില്ല. ഈ ലോകം ഏതു കാലത്തും ഈവിധം തന്നെയിരിക്കും. ഇങ്ങനെ പറയുന്നതു വളരെ കടുപ്പമാണ്. പക്ഷേ മറിച്ചുപറവാന്‍ നിവൃത്തി കാണുന്നില്ല. ലോകത്തിലെ ക്ലേശങ്ങള്‍ ദേഹത്തിലെ മാറാവാതംപോലെയാണ്: ഒരു ഭാഗത്തുനിന്നകറ്റിയാല്‍ അതു മറ്റൊരു ഭാഗത്തു ചെല്ലും: അവിടെ നിന്നിളക്കിയാല്‍ വേറെ ഒരു ഭാഗത്തു വന്നിരിക്കുന്നതു കാണാം. എന്തു ചെയ്താലും അതു ദേഹത്തില്‍നിന്നു വിട്ടുപോവില്ല. പഴയ കാലത്തു മനുഷ്യര്‍ കാട്ടില്‍ പാര്‍ത്തുവന്നു: അന്യോന്യം തിന്നുമിരുന്നു. ഇന്നവര്‍ അന്യോന്യം തിന്നുന്നില്ല, ചതിക്കുന്നയുള്ളൂ. നഗരങ്ങളും നാടുകള്‍ മുഴുവനും ചതിയില്‍ പെട്ടു മുടിയുന്നു. മനുഷ്യര്‍ക്കു വളരെ അഭിവൃദ്ധിയുണ്ടായിട്ടുണ്ടെന്നല്ല അതു തെളിയിക്കുന്നത്. അഭിവൃദ്ധി എന്ന് നിങ്ങള്‍ പറയുന്നത് ആശകള്‍ പെരുക്കുക എന്നല്ലാതെ മറ്റു വല്ലതുമാണോ എന്ന് എനിക്കു പിടികിട്ടുന്നില്ല.
ഒരു സംഗതി ഞാന്‍ തെളിഞ്ഞുകാണുന്നുണ്ട്, ആശകളാണ് സര്‍വ്വദുഃഖങ്ങളെയും കൊണ്ടുവരുന്നത്. എപ്പോഴും എന്തിനെങ്കിലും യാചിച്ചുകൊണ്ടിരിക്കുക. അതു തനിക്കു വേണമെന്ന വിചാരം വിട്ടു യാതൊന്നും കാണാന്‍ വയ്യായ്മ: ഏതു സമയത്തും വേണം, ഇനിയും വേണം – ഇതു യാചകന്റെ നിലയാണ്. ആശാപൂര്‍ത്തിക്ക് ഒരു ശക്തി സിദ്ധിച്ചാല്‍ ആശയുടെ ശക്തി നൂറു മടങ്ങ് വര്‍ദ്ധിക്കും. ഈ ലോകത്തില്‍ സുഖദുഃഖങ്ങളുടെ ആകെത്തുക സര്‍വ്വകാലത്തും സമമാണ്. സമുദ്രത്തില്‍ ഒരു തിര പൊന്തിയാല്‍ മറ്റെവിടെയോ ഒരു താഴ്ചയുണ്ടായിട്ടുണ്ട്. ഒരാള്‍ക്ക് ഒരു സുഖമുണ്ടായാല്‍ മറ്റൊരാള്‍ക്കോ മൃഗത്തിനോ ഒരു ദുഃഖമുണ്ടാകും. മനുഷ്യരുടെ സംഖ്യ വര്‍ദ്ധിക്കുന്നു: ചില മൃഗങ്ങളുടേതു ചുരുങ്ങുന്നു. നാം അവയെ കൊല്ലുന്നു: അവയുടെ വാസഭൂമി കയ്യടക്കുന്നു: അവയുടെ ആഹാരസാമഗ്രി പിടിച്ചുപറ്റുന്നു. സുഖം വര്‍ദ്ധിക്കുന്നു എന്ന് എങ്ങനെ പറയാം? പ്രബലവര്‍ഗ്ഗക്കാര്‍ ദുര്‍ബ്ബലവര്‍ഗ്ഗക്കാരെ പിടിച്ചുതിന്നുന്നു. എന്നാല്‍ പ്രബലന്‍മാര്‍ സുഖികളാകുമെന്നു വിചാരിക്കുന്നുവോ? ഇല്ല. അവര്‍ പരസ്പരം കൊന്നുതുടങ്ങും. ഈ ലോകം സ്വര്‍ഗ്ഗമാക്കുന്നതിനു നടപ്പില്‍ വരുത്താവുന്ന ഒരു പദ്ധതി ഞാന്‍ കാണുന്നില്ല. സംഗതികള്‍ അതിനെതിരാണ്: യുക്തികൊണ്ടു നോക്കുമ്പോഴും അതു സംഭാവ്യമല്ലെന്നു കാണുന്നു.
പരിപൂര്‍ണ്ണത സര്‍വ്വകാലത്തും അപരിമിതമാണ്. നാം ഇപ്പോള്‍ത്തന്നെ ആ അപരിമിതമാണ്: അതിനെ പ്രകാശിപ്പിപ്പാനാണ് നമ്മുടെ യത്‌നം. നിങ്ങളും ഞാനും സര്‍വ്വജീവികളും അതാണ് ചെയ്യുന്നത്: അത്രത്തോളം ശരി. എന്നാല്‍ ഈ തത്ത്വത്തെ അടിസ്ഥാനമാക്കി ജര്‍മ്മന്‍ ദാര്‍ശനികന്‍മാര്‍ ഒരു വിചിത്രവാദം പുറപ്പെടുവിച്ചിട്ടുണ്ട്. അതായത് ഈ പ്രകാശനം ക്രമത്തില്‍ വര്‍ദ്ധിച്ച് നാം പരിപൂര്‍ണ്ണതയെ മുഴുവന്‍ പ്രകാശിപ്പിക്കുമെന്ന്. പരിപൂര്‍ണ്ണതയെ പ്രകാശിപ്പിക്കുക എന്നതിന്നര്‍ത്ഥമെന്ത്? പരിപൂര്‍ണ്ണത എന്നത് അപരിമിതമാണ്, പ്രകാശം എപ്പോഴും പരിമിതവും. അപ്പോള്‍ അതിന്റെ അര്‍ത്ഥം നാം അപരിമിതപരിമിതങ്ങളാകും എന്നാകുന്നു. അതു പരസ്പരവിരുദ്ധവുമാണ്. അങ്ങനെ ഒരു വാദം കുട്ടികള്‍ക്കു രസിക്കാം: പക്ഷേ അത് അവരെ അസത്യബുദ്ധികളാക്കുകയാണ്: അതു മതത്തെ ദുഷിപ്പിക്കുകയുമാണ്. ഈ ലോകമെന്നു പറയുന്നത് ഒരു ഹീനാവസ്ഥയാണെന്നും, ഈശ്വരത്വം വിട്ട് അധഃപതിച്ചതാണ് മനുഷ്യനെന്നും, ആദാമിനു പതനമുണ്ടായി എന്നും നമുക്കറിയാം. മനുഷ്യന്‍ സ്വസ്വരൂപത്തില്‍നിന്ന് അധഃപതിച്ചതാണെന്നു പറയാത്ത മതമില്ല. നാം മൃഗീയാവസ്ഥയില്‍ വീണിരിക്കുന്നു: ഉയരുവാന്‍ കിണയുന്നു: കെട്ടുകള്‍ അറുക്കുവാന്‍ നോക്കുന്നു. എന്നാല്‍ അപരിമിതത്തെ മുഴുവന്‍ ഇവിടെ പ്രകാശിപ്പിക്കുക കേവലം അസാദ്ധ്യം. നാം കഠിനമായി പ്രയത്‌നിക്കും: പക്ഷേ നാം ഇന്ദ്രിയബദ്ധരായിരിക്കെ ഇവിടെ നമുക്കു പരിപൂര്‍ണ്ണരാകുക സാദ്ധ്യമല്ലെന്നു കണ്ടറിയുന്ന കാലം വരും. അപ്പോള്‍ നമ്മുടെ യഥാര്‍ത്ഥസ്വരൂപമായ അപരിമിതത്തിലേക്കുള്ള പ്രതിപ്രയാണത്തിന്റെ കാഹളം മുഴങ്ങും.
ഇതത്രേ ത്യാഗം. പ്രവൃത്തിയെ തിരിച്ചു നിവൃത്തിയാക്കി ദുര്‍ഘടത്തില്‍നിന്നു പുറത്തു കടക്കണം. അപ്പോള്‍ നമുക്കു ധാര്‍മ്മികത്വവും ഭൂതാനുകമ്പയും ഉണ്ടായിത്തുടങ്ങും. സര്‍വ്വധര്‍മ്മശാസ്ത്രങ്ങളുടേയും മുദ്രാവാക്യമെന്ത്? “ഞാനല്ല, നീ തന്നെ.” എന്നാല്‍ ‘ഞാന്‍’, നമുക്ക് ആധാരമായ അനന്തചൈതന്യം (ഇന്ദ്രിയദ്വാരാ) ബഹിര്‍ലോകത്തില്‍ പ്രകാശിപ്പാന്‍ ശ്രമിക്കുന്നതിന്റെ ഫലമാണ്. അതില്‍ നിന്നാണ് ഈ ക്ഷുദ്രാഹങ്കാരം ഉളവായത്. അതു പിന്‍തിരിച്ച് സ്വസ്വരൂപമായ അനന്തത്തിലെത്തണം. സ്വാര്‍ത്ഥം വിട്ട് സഹോദരബുദ്ധ്യാ പരാര്‍ത്ഥത്തിനുദ്യമിക്കുമ്പോളെല്ലാം നാം നിവൃത്തിയിലാണ് സഞ്ചരിക്കുന്നത്. നേരേമറിച്ച്, പരാര്‍ത്ഥം തിരസ്‌കരിച്ചു സ്വാര്‍ത്ഥം നേടുമ്പോഴെല്ലാം പരിമിതത്തില്‍ അപരിമിതത്തെ പ്രകാശിപ്പിച്ചുനോക്കുന്ന പാഴ്‌വേലയെടുക്കുകയാണ്. അതാണു ലോകത്തില്‍ അനര്‍ത്ഥങ്ങളും അധര്‍മ്മങ്ങളും വരുത്തുന്നത്. എന്നാല്‍ കുറേ കഴിയുമ്പോള്‍ ത്യാഗം വരും, ശാശ്വതത്യാഗം. ഈ ക്ഷുദ്രാഹന്ത എന്നെന്നേയ്ക്കുമായി നശിച്ചിരിക്കുന്നു. കൊച്ചുജീവിതത്തെ എന്തിനിത്ര കാര്യമാക്കുന്നു. ഇവിടെയോ മറ്റെവിടെയെങ്കിലുമോ ദീര്‍ഘായുസ്സായിരിക്കണം, സുഖിക്കണം എന്നിങ്ങനെയുള്ള മിഥ്യാഭിലാഷങ്ങളുടെ ഫലം മരണമത്രേ.
മൃഗങ്ങളില്‍നിന്നു പരിണമിച്ചവരാണ് നാമെങ്കില്‍ മൃഗങ്ങള്‍, അധഃപതിച്ച മനുഷ്യരുമായിരിക്കാം. അങ്ങനെയല്ലെന്ന് എന്താണുറപ്പ്? പരിണാമവാദത്തിനു തെളിവ് ഇത്രയേയുള്ളൂ; ഏറ്റവും താണതു മുതല്‍ ഉയര്‍ന്നതുവരെ ക്രമത്തില്‍ ഉയര്‍ന്നുപോകുന്ന ശരീരങ്ങളുടെ നിര കാണുന്നു. താണത് ഉയര്‍ന്നുപോകുന്നതേയുള്ളൂ, ഉയര്‍ന്നതു താണുപോകുന്നില്ല എന്ന് എങ്ങനെ സിദ്ധാന്തിക്കാം? ന്യായം രണ്ടു വഴിക്കും തുല്യം. ജീവഗതി മേലേ്പാട്ടും കീഴ്‌പോട്ടും ഉണ്ടെന്നുള്ളതാണ് സത്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗര്‍ഭീഭവിച്ചതല്ലാതെ പരിണമിച്ചു പുറത്തേക്കു പ്രകാശിക്കുമോ? നാം ഉയര്‍ന്ന ജീവിതത്തിനു യത്‌നിക്കുന്നത്, നാം ആ നിലയില്‍നിന്നു താണുവന്നതാണെന്നു തെളിയിക്കുന്നു. അതങ്ങനെയായിരിക്കണം. വകഭേദങ്ങളില്‍ വ്യത്യാസമുണ്ടാകാം. കാലക്രമത്തില്‍ സര്‍വ്വജീവികളും സിദ്ധാവസ്ഥയിലെത്തും എന്നു ക്രിസ്തുവും ബുദ്ധനും വേദാന്തവും പറഞ്ഞിട്ടുള്ളതിനെ ഞാന്‍ മുറുകെ പിടിക്കുന്നു. ഇന്നത്തെ ക്ഷുദ്രഭാവം ത്യജിച്ചേ അതു സാധ്യമാകൂ. ഈ ലോകം നിസ്സാരം: അതു സാരമായ വസ്തുവിന്റെ ഒരു വികൃതരൂപം, ഒരു നിഴല്‍: അത്രമാത്രം. നാം സദ്വസ്തുവില്‍ എത്തണം, ത്യാഗം അവിടേയ്‌ക്കെത്തിക്കും. യഥാര്‍ത്ഥജീവിതത്തിന്നാസ്പദം ത്യാഗമത്രേ. ശരിയായ ജീവിതവും ശരിയായ നന്‍മയും നമുക്കനുഭവപ്പെടുന്ന നിമിഷമുണ്ടെങ്കില്‍, അതു നാം നമ്മെപ്പറ്റി വിചാരിക്കാതിരിക്കുന്ന നിമിഷമാണ്. ഈ ചെറിയ പ്രത്യേക ജീവന്‍ നശിക്കണം: അപ്പോള്‍ നമ്മുടെ യഥാര്‍ത്ഥസ്ഥിതി സത്തായ വസ്തുവിലാണെന്നും ആ വസ്തു ഈശ്വരനാണെന്നും നാമറിയും. ഈശ്വരന്‍ നമ്മുടെ അന്തരാത്മാവ്: എന്നും നമ്മുടെ ഉള്ളില്‍ നമ്മോടുകൂടെയുണ്ട്. നാം തന്‍മയരാവുക. അതേ യഥാര്‍ത്ഥത്തില്‍ സുഖജീവിതമാകൂ. ആത്മസാക്ഷാല്‍ക്കാരത്തില്‍ വര്‍ത്തിക്കുന്നതേ യഥാര്‍ത്ഥജീവിതമാകൂ. ആ സാക്ഷാല്‍ക്കാരത്തിനു നാമെല്ലാവരും യത്‌നിക്കുക.