സ്വാമി വിവേകാനന്ദന്‍

ഈ ലോകത്തില്‍ ഏതു സുഖത്തിന്റേയും പിന്നില്‍ അതിന്റെ നിഴലായ ദുഃഖമുണ്ട്. ജീവിതത്തിന്റെ നിഴലാണ് മരണം. അവ എപ്പോഴും ഒന്നിച്ചുപോകും. ജീവിതവും മരണവും, സുഖവും ദുഃഖവും, നന്‍മയും തിന്‍മയും – ഇവ പരസ്പരവിരുദ്ധങ്ങളായ ഭിന്നഭാവങ്ങളല്ല: ഒരേ മൂലവസ്തുവിന്റെ വിവിധപ്രകാശനങ്ങളാണ്. നന്‍മയും തിന്‍മയും രണ്ടു ഭിന്നവസ്തുക്കളാണെന്നും അവ ശാശ്വതമായും അങ്ങനെ നിലനില്‍ക്കുമെന്നുള്ള ദ്വൈതഭാവന പ്രത്യക്ഷത്തില്‍ത്തന്നെ വിഡ്ഢിത്തമാണ്. അവ രണ്ടും ഒരിക്കല്‍ നന്‍മയായും മറ്റൊരിക്കല്‍ തിന്‍മയായും പ്രത്യക്ഷപ്പെടുന്ന ഒരേ പദാര്‍ത്ഥത്തിന്റെ രൂപാന്തരങ്ങളത്രേ. അവയ്ക്കു ജാതിയിലല്ല, മാത്രയിലാണ് വ്യത്യാസം: പ്രത്യക്ഷപ്പെടുന്ന ശക്തിയിലുള്ള ഭേദം മാത്രം.

നമുക്കു സുഖദുഃഖസംവേദനങ്ങള്‍ രണ്ടും തരുന്നത് ഒരേ നാഡികളാണെന്നു നമുക്കറിയാവുന്ന വാസ്തവമാണ്. ആ നാഡികള്‍ക്കു കേടുതട്ടിയാല്‍ ഒരു സംവേദനവുമില്ലതാനും. ഒരു നാഡി തളര്‍ന്നുപോയാല്‍, അതിലൂടെ വന്നിരുന്ന സുഖസംവേദനങ്ങള്‍ നമുക്കു കിട്ടാതാകുന്നു: അതോടൊപ്പം ദുഃഖസംവേദനങ്ങളും കിട്ടാതാകുന്നു. അവ രണ്ടും രണ്ടല്ല, ഒന്നുതന്നെ. മറ്റൊരു സംഗതി, ഒരു വസ്തുതന്നെ നമുക്കു ചിലപ്പോള്‍ സുഖപ്രദവും ചിലപ്പോള്‍ ദുഃഖപ്രദവുമാകുന്നു. ഒരേ സംഗതി ഒരാള്‍ക്കു സുഖമായും മറ്റൊരാള്‍ക്കു ദുഃഖമായും തോന്നുന്നു. മാംസം അതു ഭക്ഷിക്കുന്നവനു സുഖകരമാണ്. എന്നാല്‍ ഭക്ഷിക്കപ്പെടുന്ന മൃഗത്തിനു ദുഃഖകരവും. സര്‍വ്വര്‍ക്കും ഒരുപോലെ സുഖാവഹമായി ഒന്നുമുണ്ടായിട്ടില്ല. ചിലര്‍ക്കു സന്താപം, മറ്റു ചിലര്‍ക്കു സന്തോഷം. അതങ്ങനെ പോയ്‌ക്കൊണ്ടിരിക്കും. അതുകൊണ്ട് ദ്വൈതഭാവം വാസ്തവത്തിലില്ല. അപ്പോള്‍ വന്നുകൂടുന്ന ഫലമെന്ത്? നന്‍മമാത്രം ശേഷിച്ചു തിന്‍മയില്ലാതാകുന്ന സ്ഥിതി ലോകത്തില്‍ ഒരു കാലത്തും ഉണ്ടാവില്ല. ഇതു ഞാന്‍ മുമ്പേ പറഞ്ഞു. അതു ചിലര്‍ക്കു ആശാഭംഗമോ ഭയമോ ഉണ്ടാക്കുമായിരിക്കാം. നിവൃത്തിയില്ല. കാര്യസ്വഭാവം അങ്ങനെയല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയാല്‍ അതു സമ്മതിപ്പാന്‍ ഞാന്‍ ഒരുക്കം. അതു തെളിയിച്ചുകാട്ടി അതു സത്യമാണെന്നു ബോധ്യപ്പെടുന്നതുവരെ എനിക്ക് അങ്ങനെ പറയുവാന്‍ നിര്‍വ്വാഹമില്ല.

ഞാന്‍ പ്രസ്താവിച്ച സംഗതിക്കെതിരായി ഒരു വാദം സാധാരണമായുണ്ട്. അതു കേട്ടാല്‍ ശരിയാണെന്നും തോന്നും. അതിങ്ങനെയാണ്; പരിണാമക്രമത്തില്‍ ഇന്നു ലോകത്തില്‍ കാണുന്ന തിന്‍മകളെല്ലാം ചുരുങ്ങിച്ചുരുങ്ങിവന്ന് അനേകലക്ഷം സംവല്‍സരം കഴിയുമ്പോള്‍ തിന്‍മ തീരെ ഇല്ലാതായി നന്‍മമാത്രം ശേഷിക്കും. ഈ വാദം വളരെ യുക്തിയുക്തമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. അതു സത്യമായെങ്കില്‍ വളരെ നന്ന്. എന്നാല്‍ അതില്‍ ഒരബദ്ധമുണ്ട്. നന്‍മതിന്‍മകള്‍ രണ്ടും ശാശ്വതമായി വ്യത്യാസപ്പെട്ട വെവ്വേറേ വസ്തുക്കളാണെന്നുവെച്ചുകൊണ്ടാണ് വാദം നില്‍ക്കുന്നത്. തിന്‍മയുടെ ആകത്തുക ക്ലിപ്തമായുണ്ട്. അതുപോലെ നന്‍മയുടെ ആകത്തുകയും. ഇതില്‍വെച്ച് തിന്‍മയുടേതു ദിവസംതോറും ചുരുങ്ങിവരുമെന്നും, അങ്ങനെ നന്‍മമാത്രം ശേഷിക്കുമെന്നുമാണല്ലോ ഈ വാദത്തിന്നടിസ്ഥാനം. എന്നാല്‍ അത് അങ്ങനെതന്നെയോ?

ലോകചരിത്രം നോക്കിയാല്‍ തിന്‍മയും നന്‍മയും, രണ്ടും, അടിക്കടി വര്‍ദ്ധിച്ചുവരുന്നു എന്നാണ് കാണുന്നത്. ഏറ്റവും പ്രാകൃതനായ മനുഷ്യന്റെ കഥ നോക്കുക. അയാള്‍ കാട്ടില്‍ പാര്‍ക്കുന്നു. അയാള്‍ക്കു സുഖസംവേദനം വളരെ സ്വല്പം: ദുഃഖസംവേദനവും അങ്ങനെതന്നെ. അയാളുടെ ദുഃഖം മുഴുവനും ഇന്ദ്രിയലോകത്തിലാണ്. വേണ്ടുവോളം ഭക്ഷണം കിട്ടാഞ്ഞാല്‍ അയാള്‍ക്കു ദുഃഖമായി. വേണ്ടത്ര ഭക്ഷണവും വേട്ടയാടി നടക്കാന്‍ സ്വാതന്ത്ര്യവും കൊടുത്താല്‍ ആയാള്‍ക്കു സുഖം തികഞ്ഞു. ഇന്ദ്രിയസുഖവും ഇന്ദ്രിയദുഃഖവും മാത്രമാണയാള്‍ക്കുള്ളത്. എന്നാല്‍ ആലോചന വര്‍ദ്ധിക്കുമ്പോള്‍ അയാളുടെ സുഖാനുഭവങ്ങളും വര്‍ദ്ധിക്കും. ബുദ്ധി വികസിക്കുമ്പോള്‍ ഇന്ദ്രിയസുഖങ്ങളും ചിന്താസുഖങ്ങളായി പരിണമിക്കും. ഒരു നല്ല കവിത വായിക്കുന്നതില്‍ അയാള്‍ക്കു സുഖം തോന്നും. ഒരു ഗണിതപ്രശ്‌നം അയാള്‍ക്ക് അത്യന്തം രസകരമായിരിക്കും. അയാളുടെ സിരകള്‍ സൂക്ഷ്മതരങ്ങളാവും, എന്നാല്‍ ആ സൂക്ഷ്മതരങ്ങളായ സിരകള്‍തന്നെ അയാള്‍ക്കു മാനസികദുഃഖത്തിനും വഴിയാക്കും. ആവക ദുഃഖങ്ങളെപ്പറ്റിയ ഗന്ധംപോലും പ്രാകൃതമനുഷ്യനുണ്ടാവില്ല. ചെറിയൊരു ദൃഷ്ടാന്തം നോക്കുക; തിബത്തുരാജ്യത്തു വിവാഹമെന്ന നടപ്പില്ല. അതു സംബന്ധിച്ച ഈര്‍ഷ്യയുമില്ല. എന്നാല്‍ വിവാഹനടപ്പ് ഉണ്ടായിരിക്കുന്നതാണ് ഉത്കൃഷ്ടസ്ഥിതി എന്നു നമുക്കറിയാം. പരിശുദ്ധദാമ്പത്യത്തിന്റെ വിസ്മയകരമായ സുഖം തിബത്തുകാര്‍ അനുഭവിച്ചിട്ടില്ല. പതിവ്രതയും സദാചാരയുമായ ഭാര്യയും സദാചാരനും ഏകഭാര്യനുമായ ഭര്‍ത്താവുമുണ്ടായാലത്തെ സുഖം അവര്‍ അറിഞ്ഞിട്ടില്ല. അതറിവാനും അവര്‍ക്കു കഴിവില്ല. എന്നാല്‍ ദാമ്പത്യശുദ്ധിയുണ്ടാവണം എന്നാഗ്രഹിക്കുന്നവര്‍ക്ക് – ചാരിത്രമുള്ള ഭാര്യയ്‌ക്കോ ഭര്‍ത്താവിന്നോ ആര്‍ക്കായാലും – ഉണ്ടാകുന്ന ശങ്കാവിഷവും വ്യഭിചാരവൃത്തിയാലുണ്ടാകുന്ന തീവ്രമായ മനസ്താപവും കഠിനമായ ദുഃഖവും തിബത്തുകാര്‍ക്കില്ല. പരിഷ്‌കൃതമനുഷ്യര്‍ക്ക് ഒരു വശത്തു സുഖാധിക്യമുണ്ട്: മറുവശത്ത് ദുഃഖാധിക്യമുണ്ട്.

നിങ്ങളുടെ രാജ്യം എടുത്തുനോക്കുക. ലോകത്തില്‍വെച്ച് ഏറ്റവും ധനപുഷ്ടിയും അത്യന്തസുഖാനുഭവവും ഇവിടെയുണ്ട്. കൂടെ, ഇവിടെയുള്ള കഷ്ടപ്പാടു നോക്കുക. മറ്റേതു രാജ്യത്തും ഇല്ലാത്തത്രയധികം ഭ്രാന്തന്‍മാര്‍ ഇവിടെയുണ്ട്. കാരണമെന്ത്? കാമങ്ങളുടെ തീക്ഷ്ണത. ഇവിടെ ജീവിതരീതി വളരെ ഉയര്‍ന്ന നിലയിലാണ്. ഇവിടെ ഒരാള്‍ ഒരു കൊല്ലം ചെലവാക്കുന്ന ധനം ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു നിധിയായിരിക്കും. ഈ രാജ്യക്കാരനോട് എളിയ ജീവിതം ഉപദേശിപ്പാന്‍ വയ്യ. സമുദായാംഗമെന്ന നിലയില്‍ ആയാള്‍ക്കു പലതും ചെയ്യാനുണ്ട്. സമുദായചക്രം തിരിഞ്ഞുതിരിഞ്ഞോടുന്നു: അതു വിധവയുടെ കണ്ണുനീരിലോ അനാഥന്റെ ആക്രന്ദനത്തിലോ നില്‍ക്കില്ല. ഇതാണ് എവിടെയുമുള്ള സ്ഥിതി.

നിങ്ങളുടെ സുഖസംവേദനം വളര്‍ന്നിട്ടുണ്ട്. നിങ്ങളുടെ സമുദായം മറ്റു ചില സമുദായങ്ങളെക്കാള്‍ ഭംഗിയായി പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. സുഖഭോഗസാധനങ്ങള്‍ കൂടുതലായി നിങ്ങള്‍ക്കുണ്ട്. ഇത്രയധികം ഇല്ലാത്തവര്‍ക്കു ദുഃഖങ്ങളും വളരെ കുറവാണ്. ഇങ്ങനെ അങ്ങേയറ്റംവരെ യുക്തിവിചാരം ചെയ്യുമ്പോള്‍ കാണുന്നത്, ബുദ്ധികല്പിതമായ ആദര്‍ശം എത്രകണ്ടുയരുന്നുവോ അത്ര ഗാഢമായിരിക്കും ദുഃഖവും എന്നാകുന്നു. ഒന്നു മറ്റേതിന്റെ നിഴല്‍പോലെയാണ്. തിന്‍മകളെ കുറച്ചു വരുന്നു എന്നതു ശരിയാവാം: എങ്കില്‍ നന്‍മയും കുറഞ്ഞുവരണം. വാസ്തവത്തില്‍ തിന്‍മ വളരെ വേഗത്തില്‍ വര്‍ദ്ധിച്ചും നന്‍മ ക്ഷയിച്ചുമല്ലേ വരുന്നതെന്നു ഞാനൊന്നു ചോദിക്കട്ടെ? നന്‍മ ഒന്നു വര്‍ദ്ധിക്കുന്നതിനു തിന്‍മ രണ്ടു വര്‍ദ്ധിക്കും. ഇതാണ് മായ. ഇതു സുഖൈകദൃഷ്ടിയല്ല, ദുഃഖൈകദൃഷ്ടിയുമല്ല. ലോകത്തില്‍ ദുഃഖമേയുള്ളൂ എന്നല്ല വേദാന്തത്തിന്റെ നില. അതു വാസ്തവമാവില്ല. എന്നാല്‍ ഇതു സുഖപൂര്‍ണ്ണമാണ്, ആനന്ദമയമാണ് എന്നു പറയുന്നതും തെറ്റാണ്. ഇവിടെയെല്ലാം പാലും തേനും പൂവും നന്‍മയുമാണെന്ന് കുട്ടികളോടു പറയുന്നതു വെറുതെ. അതു നാമെല്ലാം സ്വപ്നം കണ്ടതുമാത്രം. ഒരാള്‍ മറ്റു ചിലരെക്കാളേറെ ദുഃഖമനുഭവിച്ചിരിക്കാം. അപ്പോള്‍ ലോകം ദുഃഖമയമാണെന്ന് ആയാള്‍ പറയുന്നതും ശരിയാവില്ല. ഈ ദ്വന്ദ്വഭാവം, ഈ സുഖദുഃഖങ്ങളുടെ കളി, ഇതാണ് നമ്മുടെ ലോകം.

നാനാത്വത്തില്‍ ഏകത്വം (ലണ്ടന്‍ പ്രസംഗം നവംബര്‍ 3, 1896) – തുടരും