സ്വാമി വിവേകാനന്ദന്‍

ഇതത്രേ വേദാന്തോപദേശം. പുണ്ണില്‍ പൊന്‍തകിടുവെച്ചു പൊതിഞ്ഞു വീക്കം വര്‍ദ്ധിക്കുമ്പോള്‍ അധികമധികം തകിടുവെയ്ക്കുന്ന തുമ്പില്ലാത്ത രീതി വേദാന്തം ഉപദേശിക്കുന്നില്ല. ഈ ജീവിതം ഒരു കടുത്ത വസ്തുതയാണ്. ധൈര്യമവലംബിച്ച് അതില്‍ക്കൂടെ കടന്നുപോവുക. അത് അത്യന്തകഠിനമാണെങ്കിലും സാരമാക്കേണ്ട. അതിനെക്കാള്‍ ബലം ആത്മാവിനുണ്ട്. എന്തിനു ക്ഷുദ്രദേവന്‍മാരെ ചുമതലപ്പെടുത്തണം? തന്റെ ഭാവി താനാണ് നിര്‍മ്മിക്കുന്നത്. നിങ്ങള്‍ക്കു ദുഃഖകാരണം നിങ്ങള്‍തന്നെ. നന്‍മയും തിന്‍മയും നിങ്ങള്‍ ഉണ്ടാക്കുന്നു: കൈകൊണ്ടു കണ്ണു പൊത്തി ഇരുട്ടാണെന്നു പറയുന്നു. കയ്യെടുത്തു വെളിച്ചം കാണുക. നിങ്ങള്‍ തേജോമയന്‍, പരിപൂര്‍ണ്ണന്‍, അനാദികാലം മുതല്‍ അങ്ങനെതന്നെ. “മൃത്യോഃ സ മൃത്യുമാപേ്‌നാതി യ ഇഹ നാനേവ പശ്യതി.” ഇവിടെ നാനാത്ത്വം കാണുന്നവന്‍ പിന്നെയും പിന്നെയും മൃത്യുവിനു വശഗതനാകുന്നു എന്നതിന്റെ താല്പര്യം അപ്പോള്‍ മനസ്സിലാകും. ആ ഏകത്വം ദര്‍ശിക്കുക, മുക്തരാവുക.

അതു നാം എങ്ങനെ കാണും? ഈ മനസ്സ് തുലോം ദുര്‍ബലം, എളുപ്പം വഞ്ചിക്കപ്പെടുന്നത്, പരതന്ത്രം. എങ്കിലും അതിനെ ബലപ്പെടുത്താം: അപ്പോള്‍ ആ ജ്ഞാനം, ആ ഏകത്വം, ഒരു നോക്കെങ്കിലും കാണാം. അതു നമ്മെ മരണപരമ്പരയില്‍നിന്നു രക്ഷിക്കും. മലമുകളില്‍ വീണ മഴവെള്ളം പലചോലകളായി മലഞ്ചരിവുകളിലൂടെ കീഴ്‌പ്പോട്ട് ഒഴുകിവരുംപോലെ ആ ഏകത്വത്തില്‍നിന്നാണ് ഇവിടെ കാണുന്ന എല്ലാ ശക്തികളും. അതു മായമേല്‍ വീണ് പലതായിരിക്കുന്നു. പലതിന്റെ പിന്നാലെ പായേണ്ട, ഒന്നിലേയ്ക്കു മാത്രം ചെല്ലുക. “അതു സര്‍വ്വജംഗമങ്ങളിലുമുണ്ട്, പരിശുദ്ധമായതിലെല്ലാമുണ്ട്. അതു വിശ്വം നിറഞ്ഞിരിക്കുന്നു. അതു യജ്ഞത്തിലുണ്ട്, ഗൃഹത്തിലെ അതിഥിയിലുണ്ട്: നരനിലും നീരത്തിലും സമസ്തജന്തുക്കളിലും സത്യത്തിലും അതുണ്ട്. അതു മഹത്തും വിഭുവുമത്രേ. ഒരേ അഗ്‌നി ലോകത്തില്‍ പ്രവേശിച്ചു പല രൂപത്തില്‍ പ്രകാശിക്കുംപോലെ ഈ പ്രപഞ്ചത്തിന് ആത്മാവായ ആ ഒന്ന് ഈ വിവിധ രൂപങ്ങളില്‍ പ്രകാശിക്കുന്നു. ഒരേ വായു ഈ ലോകത്തില്‍ പ്രവേശിച്ച് പല രൂപങ്ങളില്‍ പ്രകാശിക്കുംപോലെ സര്‍വ്വജീവാത്മാക്കള്‍ക്കും സര്‍വ്വഭൂതങ്ങള്‍ക്കും ആത്മാവായ ഏകാത്മാവ് വിവിധ രൂപത്തില്‍ പ്രകാശിക്കുന്നു.” ഇതു പരമാര്‍ത്ഥമെന്നറിയുന്നത് ആ ഏകത്വബോധമുണ്ടാകുമ്പോള്‍മാത്രം, അതിനു മുമ്പില്ല: അപ്പോള്‍ എല്ലാം നന്‍മയായി കാണും: എന്തുകൊണ്ടെന്നാല്‍ എവിടെയും ആ ഒന്നിനെ മാത്രമേ കാണൂ.

ഇവിടെ ഒരു ചോദ്യം: അഖണ്ഡമായി അദ്വൈതമായി നിഷ്‌കളമായിരിക്കുന്ന ആത്മാവാണ് ഇതിലെല്ലാം കയറിയിരിക്കുന്നതെന്നതു സത്യമാണെങ്കില്‍, അതെങ്ങനെ ക്ലേശിക്കുന്നു, അതെങ്ങനെ ദുഃഖിയും അശുദ്ധവുമാകുന്നു? വാസ്തവത്തില്‍ അതില്ലെന്നാണ് ഉപനിഷത്തിന്റെ മറുപടി. “സര്‍വ്വജീവികളുടെയും കണ്ണിന്റെ കാഴ്ചയ്ക്കു കാരണം സൂര്യനാണ്. എന്നാല്‍ കണ്ണിലെ ദോഷം സൂര്യനെ ബാധിക്കുന്നില്ല. അതുപോലെ ദേഹക്ലേശവും മറ്റേതൊന്നും സര്‍വ്വഭൂതാന്തരാത്മാവിനെ ബാധിക്കുന്നില്ല.” രോഗം നിമിത്തം എന്റെ കണ്ണ് എല്ലാം മഞ്ഞനിറമായി കണ്ടെന്നുവരാം. ആ രോഗം സൂര്യനെ ബാധിക്കില്ല. “ആത്മാവ് അദ്വയവും സൃഷ്ടിസ്ഥിതി ഹേതുവും സര്‍വാന്തര്യാമിയുമാണ്. അത് ഏകത്തെ ബഹുവാക്കി. അതിനെ സ്വന്തം അന്തരാത്മാവായി സാക്ഷാത്കരിക്കുന്ന ജ്ഞാനികള്‍ക്കേ നിത്യശാന്തിയുണ്ടാവൂ, മറ്റാര്‍ക്കുമില്ല, മറ്റാര്‍ക്കുമില്ല. ഈ നിരന്തരവികാരിയായ ജഗത്തില്‍ നിര്‍വികാരനായും മൃതിഗ്രസ്തമായ ജഗത്തില്‍ അമൃതനായും, നാനാത്വത്തില്‍ ഏകനായും, ജീവാത്മാക്കള്‍ക്ക് ആത്മാവായുമിരിക്കുന്ന ആ വിഭുവിനെ സാക്ഷാത്കരിക്കുന്നവര്‍ക്കേ നിത്യശാന്തി ലഭിക്കൂ, മറ്റാര്‍ക്കുമില്ല, മറ്റാര്‍ക്കുമില്ല. ആ ആത്മാവിനെ ബാഹ്യലോകത്തില്‍ എവിടെ തിരയാം? സൂര്യചന്ദ്രനക്ഷത്രാദികളിലോ? അതിനെ പ്രകാശിപ്പിപ്പാന്‍ സൂര്യനു കഴിവില്ല, ചന്ദ്രനോ നക്ഷത്രങ്ങള്‍ക്കോ വിദ്യുത്തിനോ കഴിവില്ല, അഗ്‌നിയുടെ കാര്യം പറയേണ്ട. അവയെല്ലാം അതിന്റെ ശോഭയാലാണ് ശോഭിക്കുന്നത്. അവയില്‍ക്കൂടെ പ്രകാശിക്കുന്നത് അതിന്റെ തേജസ്സാണ്.”

ഇനി നല്ലൊരുപമയുണ്ട്. ഇന്ത്യയിലെ ആല്‍വൃക്ഷം കണ്ടിട്ടുള്ളവര്‍ക്ക് അത് എളുപ്പം മനസ്സിലാകും. അത് ഒറ്റ വേരില്‍നിന്നുത്ഭവിക്കുന്നു. കാലക്രമത്തില്‍ പടര്‍ന്നുപിടിച്ചു വളരെ ദൂരം പരക്കും. ആ ആല്‍വൃക്ഷമാണ് ആത്മാവ്. നാരായവേര് അതുതന്നെ. അതുതന്നെ പടര്‍ന്നു പരന്ന് ഈ ജഗത്തായിരിക്കുന്നു. എത്ര ദൂരം വ്യാപിച്ചാലും ഓരോ കൊമ്പും തടിയും വേരും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു.

വേദഭാഗമായ ബ്രാഹ്മണങ്ങളില്‍ പലതരം സ്വര്‍ഗ്ഗങ്ങളെപ്പറ്റി പറയുന്നുണ്ട്. ഉപനിഷത്തുകളിലാകട്ടെ ജ്ഞാനത്തെ പ്രതിപാദിക്കുമ്പോള്‍ സ്വര്‍ഗ്ഗപ്രാപ്തിവിചാരമേ തള്ളിക്കളഞ്ഞിരിക്കുന്നു. ആനന്ദം ഈ സ്വര്‍ഗ്ഗത്തിലോ ആ സ്വര്‍ഗ്ഗത്തിലോ ഉള്ളതല്ല, ആത്മാവിലുള്ളതാണ്. ദേശഭേദം നിസ്സാരം. സാക്ഷാത്കാരത്തിന്റെ വിവിധാവസ്ഥകളെ കുറിക്കുന്ന വാക്യങ്ങളൊന്നില്‍ പറയുന്നു; “പിതൃലോകത്തില്‍ തത്ത്വം കാണുന്നത് സ്വപ്നം കാണുംപോലെയാണ്.” സ്വപ്നത്തില്‍ അവ്യക്തമായി മങ്ങിയ മട്ടിലാണല്ലോ കാണുക. അതുപോലെയാണ് പിതൃലോകത്തിലെ തത്ത്വദര്‍ശനം. ഗന്ധര്‍വ്വലോകത്തില്‍ അതിനേക്കാള്‍ അവ്യക്തമായി ജലത്തില്‍ പ്രതിബിംബം കാണുംപോലെയാണ്. ഹിന്ദുക്കള്‍ സര്‍വ്വോപരിയായി കരുതുന്ന ബ്രഹ്മലോകത്തില്‍ അധികം വ്യക്തമായി, വെളിച്ചവും നിഴലുംപോലെ, കാണുന്നു. അവിടെയുമില്ല പൂര്‍ണ്ണപ്രകാശം.

സ്വന്തം പ്രതിബിംബം മുഴുവന്‍ തെളിഞ്ഞു കോട്ടംകൂടാതെ കണ്ണാടിയില്‍ കാണാവുന്നതുപോലെയാണ് മനുഷ്യന് സ്വന്തം ആത്മാവില്‍ തത്ത്വദര്‍ശനമുണ്ടാകുന്നത്. അതുകൊണ്ട് നമ്മുടെ മഹാസ്വര്‍ഗ്ഗം നമ്മുടെ ആത്മാവുതന്നെ: മഹാക്ഷേത്രവും അതുതന്നെ. അതു നമുക്ക് സര്‍വ്വസ്വര്‍ഗ്ഗങ്ങളേക്കാള്‍ മേലെയാണ്. അതില്‍, ഈ ജന്‍മത്തില്‍ത്തന്നെ, നമുക്കുണ്ടാകുന്നതുപോലെ സവ്യക്തവും പരിപൂര്‍ണ്ണവുമായ തത്ത്വദര്‍ശനം ഒരു സ്വര്‍ഗ്ഗത്തിലും മറ്റൊരിടത്തുമുണ്ടാവില്ല. സ്ഥലമാറ്റംകൊണ്ടു വലിയ ആക്കമില്ല. ഗുഹയില്‍വെച്ചായാല്‍ തത്ത്വദര്‍ശനത്തിനു തെളിവു കൂടുമെന്നു ഞാന്‍ ഇന്ത്യയില്‍വെച്ചു വിചാരിച്ചിരുന്നു. അതങ്ങനെയല്ലെന്നു കണ്ടു. പിന്നെ വന്‍കാടകള്‍ നന്നായിരിക്കുന്നു നന്നായിരിക്കുമെന്നു വിചാരിച്ചു. പിന്നെ കാശി. എവിടെയും ഒരേ വൈഷമ്യം കണ്ടു.

നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു. ഞാന്‍ ദുഷ്ടനായാല്‍ എനിക്കു ലോകം ദോഷമയമാകും എന്നാണ് ഉപനിഷദ്വാക്യം. അത് എതു ലോകത്തിലും ശരിയാണ്. മരിച്ച് സ്വര്‍ഗ്ഗത്തില്‍ പോയാലും അതുതന്നെ കാര്യം. ഗുഹയിലോ പര്‍വ്വതത്തിലോ കാശിയിലോ സ്വര്‍ഗ്ഗത്തിലോ എവിടെപ്പോയാലും ഞാന്‍ പരിശുദ്ധനല്ലെങ്കില്‍ പ്രയോജനമില്ല. എന്റെ കണ്ണാടി ഞാന്‍ തുടച്ചു വെടിപ്പാക്കിയിട്ടുണ്ടെങ്കില്‍, എവിടെയിരുന്നാലും എനിക്കു തത്ത്വത്തിന്റെ യഥാര്‍ത്ഥദര്‍ശനമുണ്ടാകും. അങ്ങുമിങ്ങും ഓടി ശക്തി ക്ഷയിപ്പിക്കുന്നതു നിഷ്ര്പയോജനം. ആ ശക്തി നമ്മുടെ കണ്ണാടി തുടയ്ക്കാന്‍ ഉപയോഗിക്കുക. ഈ ആശയമാണ് ഉപനിഷത്തില്‍ കാണുന്നത്. “അത് കണ്ണിനു വിഷയമല്ല: മനസ്സില്‍, പരിശുദ്ധഹൃദയത്തില്‍, അതിനെ കാണാം. അപ്പോള്‍ അമൃതത്വം ലഭിക്കും.”

നാനാത്വത്തില്‍ ഏകത്വം (ലണ്ടന്‍ പ്രസംഗം നവംബര്‍ 3, 1896) – തുടരും