ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാശാസ്ത്രജ്ഞന്മാര്‍ക്കും വളരെ ഉപയോഗപ്രദമാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ഒടുവില്‍ കണ്ടുകിട്ടിയ ‘ആദിഭാഷ’ എന്ന പ്രബന്ധം. ഏതു പ്രമേയത്തേയും സമീചീനമായി സമീപിച്ചു സൂചിസൂക്ഷ്മമായ ദൃഷ്ടിയോടുകൂടി അപഗ്രഥനം ചെയ്ത് അതില്‍ നിഗൂഹനംചെയ്തിരിക്കുന്ന മൗലികഭാവങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്നതിനുള്ള അവിടത്തെ പ്രതിഭാപ്രഭാവത്തിനു പ്രാചീനമലയാളവും ആദിഭാഷയും തന്നെ തെളിവുകള്‍.
ആദ്യം തമിഴില്‍ നിബന്ധനംചെയ്ത ‘ആദിഭാഷ’ തീര്‍ന്നേടത്തോളം ഭാഗം ശ്രീ. പന്നിശ്ശേരിയെക്കൊണ്ടു തര്‍ജ്ജമചെയ്യിച്ചിരുന്നതായറിയുന്നു. ലുപ്തപ്രചാരങ്ങളായ തമിഴേടുകളില്‍നിന്ന് സമൃദ്ധമായി ‘ആദിഭാഷ’യില്‍ ഉദ്ധരിച്ചിട്ടുണ്ട്. ജന്തുക്കളുടെ ഉല്പത്തി ലങ്കയ്ക്കു മേക്കുവശം കിടന്നിരുന്ന ഭൂഖണ്ഡത്തിലായിരുന്നെന്നും ആദിഭാഷ മൂലദ്രാവിഡമായിരുന്നെന്നും അവിടന്നു സമര്‍ത്ഥിച്ചിട്ടുള്ളതു പുരോഗമനോന്മുഖങ്ങളായ അഭിപ്രായങ്ങളാണ്.
‘ആദിഭാഷ’യില്‍ അവിടന്നു പ്രസ്താവിക്കുന്നു. : “ഭൂലോകത്തുള്ള ജനങ്ങളില്‍ ഓരോരോ വര്‍ഗ്ഗക്കാര്‍ ഓരോരോ ഭാഷകളെ അവലംബിച്ചിരിക്കുന്നതായും ഇരുന്നിരുന്നതായും ഭാഷാചരിത്രത്തില്‍നിന്നും അറിയുന്നു. ഈ ഭാഷകളെല്ലാം വിചീതരംഗന്യായപ്രകാരം ഏതോ ആദിഭാഷയില്‍നിന്നും തുടങ്ങി തുടരെയങ്ങു വളര്‍ന്നിട്ടുള്ളതോ അതല്ല കദംബഗോളന്യായപ്രകാരം അവിടവിടെ ഉണ്ടായി പ്രചരിച്ചിട്ടുള്ളതോ ഏതാണെന്നുള്ളത് ഇവിടെ ചിന്തനീയമായിരിക്കുന്നു. ഇതിലേയ്ക്കു തുടങ്ങുമ്പോള്‍ മനുഷ്യജീവികളുടെ ഉല്പത്തി ആദ്യം എവിടെ സംഭവിച്ചു എന്നുള്ള ചിന്തയിലേയ്ക്കു നമ്മുടെ മനസ്സ് തിരിയുന്നു. മനുഷ്യന്‍ ഭൂഖണ്ഡത്തിലെവിടെയെങ്കിലും ഒരു ഭാഗത്തുണ്ടായി അവിടെനിന്നും പിരിഞ്ഞുപോയിട്ടുള്ളതോ അതല്ല മനുഷ്യന്‍ ഉണ്ടാകുന്നതിനുള്ള ഭൂപാകം ശരിപ്പെടുമ്പോള്‍ അവിടവിടെ ഉണ്ടായതോ? ഈ ചോദ്യത്തില്‍ രണ്ടാമത്തെ ഭാഗം ചരിത്രകാരന്മാര്‍ സംവദിക്കുന്നില്ല. മനുഷ്യര്‍ എവിടെയോ ഒരിടത്തുണ്ടായി പിരിഞ്ഞുപോയിട്ടുള്ളതാണെന്നു തെളിയുകയും ചെയ്യുന്നു. ഈ സ്ഥിതിക്ക് ആദിമനുഷ്യകുടുംബത്തിനു പ്രകൃതിസിദ്ധമായ ഒരു ഭാഷ ആദികാലത്തില്‍ ഉണ്ടായിരുന്നിരിക്കണം. ആ ഭാഷയാല്‍ താലോലിക്കപ്പെട്ട് ആദിമനുഷ്യന്‍ വളര്‍ന്നിരിക്കണം. പിന്നീടാണ് ആ പൂര്‍വകുടുംബം അനേകം ശാഖകളായിത്തിരിഞ്ഞത്. അപ്പോള്‍ ഭാഷാശാഖകളുമുണ്ടായി. ആ ഭാഷകളെയാണു നാം ഇപ്പോള്‍ ഭിന്നഭിന്ന ഭാഷകളെന്നു വ്യവഹരിക്കുന്നത്.”