യഥാര്‍ത്ഥവേദാന്തമതം ഉദ്ഭവിക്കുന്നത് വിശിഷ്ടാദ്വൈതവാദം മുതല്‍ക്കാണ്. കാര്യം കാരണത്തില്‍നിന്നു ഭിന്നമല്ല, കാരണത്തിന്റെ രൂപാന്തരമാണ് എന്നാണ് അതിലെ സിദ്ധാന്തം. ജഗത്ത് കാര്യവും ഈശ്വരന്‍ അതിന്റെ കാരണവുമാണെങ്കില്‍ ജഗത്ത് ഈശ്വരന്‍തന്നെ, മറ്റൊന്നാവുക വയ്യ. ജഗത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും ഈശ്വരന്‍. സ്രഷ്ടാവും സൃഷ്ടിസാധനവും ഈശ്വരന്‍. ഈ സിദ്ധാന്തമാണ് ഈ വാദത്തിനടിസ്ഥാനം.
നിങ്ങളുടെ ഭാഷയില്‍ സൃഷ്ടി എന്ന അര്‍ത്ഥത്തിലുള്ള ‘ക്രിയേഷന്‍’ എന്ന പദത്തിനു സമാനപദം സംസ്‌കൃതഭാഷയിലില്ല. ‘ക്രിയേഷന്‍’ ശൂന്യത്തില്‍നിന്നുളവാകലാണെന്നു പാശ്ചാത്യരായ നിങ്ങള്‍ വിശ്വസിക്കുംപോലെ ഇന്ത്യയിലെ ഒരു മതശാഖക്കാരും വിശ്വസിക്കുന്നില്ല. ഒരു കാലത്തു ചുരുക്കം ചിലര്‍ക്ക് ആ വിശ്വാസം ഉണ്ടായിരുന്നിരിക്കാം. പക്ഷേ ആ വാദം വേഗത്തില്‍ അവസാനിച്ചു. ഇപ്പോള്‍ ആ വിശ്വാസം ആര്‍ക്കുമുള്ളതായറിവില്ല. സൃഷ്ടിപദംകൊണ്ടു ഞങ്ങള്‍ മനസ്സിലാക്കുന്നത്, മുമ്പുണ്ടായിരുന്നതിനെ പുറത്തേക്കു നീട്ടുക എന്നാണ്. ഈ മതപ്രകാരം ജഗത്ത് ഈശ്വരന്‍തന്നെ. ജഗദുപാദാന കാരണ ഈശ്വരന്‍, ‘ഊര്‍ണനാഭി സ്വദേഹത്തില്‍നിന്ന് നൂലെടുത്തു വലകെട്ടുംപോലെ. ആ സദ്വസ്തുവില്‍നിന്നു ഈ സര്‍വ്വജഗത്തും ഉദ്ഭവിച്ചിരിക്കുന്നു’. എന്ന് വേദങ്ങളില്‍ കാണുന്നു.
ഇങ്ങനെ കാരണത്തിന്റെ രൂപാന്തരമാണ് കാര്യമെങ്കില്‍ ഒരു ചോദ്യം; ദിവ്യനിത്യചൈതന്യരൂപനായ ഈശ്വരനില്‍നിന്ന് ഭൗതികമായി ജഡമായി അചേതനമായ ഈ ജഗത്ത് എങ്ങനെയുണ്ടാകും? ശുദ്ധമായി പൂര്‍ണ്ണമായ കാരണത്തില്‍നിന്നു തീരെ വ്യത്യസ്തമായ കാര്യം എങ്ങനെയുണ്ടാകും? ഇതിനു വിശിഷ്ടാദ്വൈതികള്‍ എന്തു പറയുന്നു? അവര്‍ക്ക് ഒരു സവിശേഷഭാവനയുണ്ട്. അവര്‍ പറയുന്നു; ജീവന്‍ ജഗത്ത് ഈശ്വരന്‍ എന്നീ മൂന്നു തത്ത്വങ്ങളും ഒന്നുതന്നെ. ഈശ്വരനെ ആത്മാവെന്നു വിചാരിക്കാം. ജീവനും ജഗത്തും ഈശ്വരന്റെ ശരീരം. എനിക്ക് ഒരാത്മാവും ശരീരവുമുള്ളതുപോലെ ജഗത്തും സര്‍വ്വജീവന്‍മാരും ഈശ്വരന്റെ ശരീരവും ഈശ്വരന്‍ സര്‍വ്വജീവാത്മാവാണ്. ആ വിധം ഈശ്വരന്‍ ജഗത്തിന് ഉപാദാന കാരണവുമാണ്. ശരീരത്തിന് വികാരമുണ്ട് – യൗവനം, വാര്‍ദ്ധക്യം, ബലം, ദൗര്‍ബല്യം, ഇത്യാദി; അതു ജീവനു ബാധകമല്ല. അതു നിത്യസദ്വസ്തു. ശരീരത്തില്‍ക്കൂടെ പ്രകാശിക്കുന്നു. ശരീരം വന്നും പോയുമിരിക്കും. ആത്മാവിനു മാറ്റമില്ല. അതുപോലെ ജഗത്താകെ ഈശ്വരശരീരം. ആ നിലയില്‍ ജഗത്ത് ഈശ്വരന്‍തന്നെ. ജഗത്തില്‍ സംഭവിക്കുന്ന വികാരങ്ങള്‍ ജഗദാത്മാവായ ഈശ്വരനു ബാധകമല്ല. ഈ ഉപാദാനംകൊണ്ടാണ് ഈശ്വരന്‍ ജഗത്‌സൃഷ്ടി ചെയ്യുന്നത്. കല്പാന്തത്തില്‍ ജഗത്താകുന്ന ശരീരം അതിസൂക്ഷ്മായി ചുരുങ്ങിപ്പോകുന്നു. അനന്തരകല്പാദിയില്‍ അതു പിന്നെയും വികസിക്കുന്നു: വിവിധലോകങ്ങള്‍ അതില്‍നിന്നുളവാകുന്നു.
ജീവന്‍ സ്വതഃശുദ്ധമാണെന്നും, എന്നാല്‍ സ്വകര്‍മ്മങ്ങളാല്‍ അതിന് അശുദ്ധി ബാധിക്കുമെന്നും ദ്വൈതികളും വിശിഷ്ടാദ്വൈതികളും സമ്മതിക്കുന്നു. വിശിഷ്ടാദ്വൈതികള്‍ ഈ സംഗതി ഭംഗിയില്‍ പറയുന്നത്, ജീവന്റെ സംശുദ്ധിക്കും പരിപൂര്‍ണ്ണതയ്ക്കും സങ്കോചവികാസങ്ങളുണ്ടെന്നാണ്. ജീവനു സ്വതസിദ്ധമായ (ഇപ്പോള്‍ സങ്കുചിതമായ) ജ്ഞാനനൈര്‍മ്മല്യചൈതന്യങ്ങളെ വീണ്ടും പ്രകാശിപ്പിക്കുകയാണ് നാം ഇപ്പോള്‍ ചെയ്യുന്നത്. ജീവന് അനേകഗുണങ്ങളുണ്ട്. എന്നാല്‍ സര്‍വ്വജ്ഞത്വമോ സര്‍വ്വശക്തിത്വമോ ഇല്ല. ഓരോ ദുഷ്‌കര്‍മ്മവും ജീവനു സങ്കോചമുണ്ടാകും. സത്കര്‍മ്മം വികാസവും ജീവന്‍ ഈശ്വരാംശംതന്നെ. ‘കത്തിക്കാളുന്ന തീയില്‍നിന്നു സമസ്വഭാവങ്ങളായ അനേകലക്ഷം തീപ്പൊരികള്‍ പുറപ്പെടുംപോലെ അനന്തചിദഗ്‌നിയായ ഈശ്വരനില്‍നിന്ന് അസംഖ്യം ജീവന്‍മാര്‍ ഉദ്ഭവിച്ചിരിക്കുന്നു. എല്ലാറ്റിനും ലക്ഷ്യം ഒന്നാണ്. വിശിഷ്ടാദ്വൈതികള്‍ക്കും ഈശ്വരന്‍ സഗുണന്‍തന്നെ. അനന്തകല്യാണഗുണനിധി: എന്നാല്‍, സര്‍വ്വാന്തര്യാമി, സര്‍വ്വാന്തര്‍ഗ്ഗതന്‍: ഈശ്വരന്‍ ഈ ചുമരിലുണ്ട്, ചുമരുതന്നെ ഈശ്വരന്‍ എന്നല്ല, ഈശ്വരന്‍ ഉള്‍ച്ചേര്‍ന്നിരിക്കാതെ ഈ ജഗത്തില്‍ ഒരണുവുമില്ല. ജീവന്‍മാരോ പരിമിതന്‍മാര്‍, സര്‍വ്വഗതന്‍മാരല്ല. വ്യക്തിവികാസം വന്നു പൂര്‍ണ്ണതയടയുന്ന ജീവന്‍മാര്‍ പിന്നെ നിത്യം ഈശ്വരസന്നിധിയിലിരിക്കും: അവര്‍ക്കു പിന്നെ മരണമില്ല.
വേദാന്തസോപാനം (അമേരിക്കന്‍ പ്രസംഗം) – തുടരും