സ്വാമി വിവേകാനന്ദന്‍

നന്മയും തിന്മയും രണ്ടും ആത്മാവിന്റെ ഉപാധികള്‍തന്നെ. എന്നാല്‍ തിന്മ ആത്മാവിനു ഏറ്റവും അകലെ പുറത്തുള്ള ആവരണവും നന്മ ഏറ്റവും അടുത്തുള്ള ആവരണവുമാണ്. തിന്മ എന്ന ബാഹ്യാവരണം മുറിച്ചുകടക്കാതെ നന്മയെന്ന ആന്തരാവരണത്തിലെത്തില്ല. ആ രണ്ടാവരണവും കടന്നുപോകാതെ ആത്മാവിലെത്തുകയുമില്ല. ആത്മാവിനെ നേടിക്കഴിഞ്ഞവനില്‍ പറ്റി നില്‍ക്കുന്നതായി പിന്നെ എന്തുണ്ട്? അല്പം പ്രാരബ്ധം, പൂര്‍വ്വസംസ്‌കാരം അതു മുഴുവന്‍ നല്ലതുമായിരിക്കും. ദുഷ്ടസംസ്‌കാരങ്ങളും പഴയ മാലിന്യങ്ങളും തീരെ നീങ്ങാതെ സത്യദര്‍ശനമോ സാക്ഷാല്‍ക്കാരമോ അസാധ്യം. അതുകൊണ്ട് ആത്മാവിനെ ദര്‍ശിച്ച മനുഷ്യന് സദ്വാസനകളും അതോടു ചേര്‍ന്ന പ്രാരബ്ധവും മാത്രമേ അവശേഷിക്കൂ. ജീവിച്ചിരുന്നു കര്‍മ്മങ്ങള്‍ ചെയ്യുകയാണെങ്കിലും അത് സല്‍കര്‍മ്മമേ ആകൂ. അയാളുടെ നാവില്‍നിന്നു അനുഗ്രഹവാക്കുകളേ പുറപ്പെടൂ. കൈകള്‍ നന്‍മയേ ചെയ്യൂ, മനസ്സു നല്ലതേ വിചാരിക്കൂ: അയാള്‍ എവിടെപ്പോയാലും ആ സാന്നിദ്ധ്യം ലോകാനുഗ്രഹത്തിനായിരിക്കും. അയാള്‍ ഒരു ജീവദനുഗ്രഹംതന്നെയായിരിക്കും. അയാള്‍ തന്റെ സാന്നിദ്ധ്യമാത്രത്താല്‍ അതിദുഷ്ടന്‍മാരെപ്പോലും ബഹുവിശിഷ്ടന്‍മാരാക്കി മാറ്റും. താന്‍ ഒന്നും സംസാരിക്കുന്നില്ലെങ്കിലും ആ സന്നിദ്ധ്യംതന്നെ മനുഷ്യര്‍ക്കും മംഗളകരമായിരിക്കും. അങ്ങനെയുള്ളവര്‍ വല്ല ഹീനകര്‍മ്മവും ചെയ്യുമോ, അവര്‍ക്കു ദുഷ്‌കര്‍മ്മം ചെയ്‌വാന്‍ സാധിക്കുമോ?

അനുഭവം ഒന്ന്: വെറും വാക്കു മറ്റൊന്ന്, അവയ്ക്കു തമ്മില്‍ അജഗജാന്തരമുണ്ട്. വാക്കു പറയുവാന്‍ ഏതു വിഡ്ഢിക്കും കഴിയും, കിളിക്കും കഴിയും. തത്ത്വങ്ങള്‍, സിദ്ധാന്തങ്ങള്‍, വാദങ്ങള്‍, ശാസ്ത്രങ്ങള്‍, മതങ്ങള്‍, ആരാധനാസ്ഥാനങ്ങള്‍, വിവിധശാഖകള്‍ എന്നിവയെല്ലാം അതാതിന്റെ വഴിക്കു നല്ലതുതന്നെ: എന്നാല്‍ അനുഭവമുണ്ടാകുമ്പോള്‍ അതെല്ലാം താനേ പൊഴിഞ്ഞു പോകും. ഭൂപടങ്ങള്‍ ഉപയോഗമുള്ളവതന്നെ. എന്നാല്‍ പടങ്ങള്‍ കാണിക്കുന്ന ഭൂമിതന്നെ കണ്ട്, പിന്നെ പടം നോക്കുക. എന്തു വ്യത്യാസം! തത്ത്വം സാക്ഷാല്‍ക്കരിച്ചിട്ടുള്ളവര്‍ക്ക് പിന്നെ തത്ത്വഗ്രഹണത്തിന് തര്‍ക്കശാസ്ത്രത്തിലെ യുക്തിവാദങ്ങളും ബുദ്ധിയുടെ കസര്‍ത്തുവിദ്യകളും വേണ്ട: തത്ത്വം അവരുടെ ജീവിതത്തിന്റെ കാതലായി, ഘനീഭൂതമായി, തൊട്ടറിയാവുന്നതിലേറെ സത്യമായി. ‘കരതലാമലകം’ എന്നാണ് ജ്ഞാനികള്‍ അതിനു പറഞ്ഞിരിക്കുന്നത്. ആത്മാവിനെ ദര്‍ശിച്ചവര്‍ ലോകസമക്ഷം നിന്ന് ‘ഇതാ ആത്മാവ്’ എന്നു പ്രഖ്യാപനം ചെയ്യും. നിങ്ങള്‍ക്ക് അവരോട് എത്ര കാലമെങ്കിലും എതിര്‍വാദം ചെയ്യാം. അവര്‍ നിങ്ങളെ നോക്കി ചിരിക്കും: നിങ്ങള്‍ പറയുന്നതു കുട്ടികളുടെ കൊഞ്ചലെന്നേ അവര്‍ വിചാരിക്കൂ: കുട്ടികള്‍ കൊഞ്ചട്ടെ എന്നുമാത്രം അവര്‍ കരുതും. അവര്‍ സത്യം സാക്ഷാല്‍ക്കരിച്ചു പരിപൂര്‍ണ്ണരായിരിക്കുന്നു. നിങ്ങള്‍ ഒരു രാജ്യം കണ്ടിട്ടുണ്ട്: മറ്റൊരാള്‍ വന്ന് അങ്ങനെ ഒരു രാജ്യമില്ലെന്നു വാദിച്ചു തുടങ്ങിയാല്‍ അയാളെപ്പറ്റി നിങ്ങളെന്തു വിചാരിക്കും? ഭ്രാന്താശുപത്രിയ്ക്കയക്കാന്‍ പറ്റിയ ഒരാളാണെന്ന്. സാക്ഷാല്‍ക്കാരം സിദ്ധിച്ചവര്‍ പറയുന്നു, ‘ലോകത്തിലെ ക്ഷുദ്രങ്ങളായ വാദങ്ങള്‍ വെറും ജല്പനങ്ങള്‍, സാക്ഷാല്‍ക്കാരമാണ് മതസാരം, മതത്തിന്റെ ജീവന്‍.’ മതതത്ത്വം അനുഭവപ്പെടുത്താന്‍ കഴിയും. നിങ്ങള്‍ തയ്യാറുണ്ടോ? നിങ്ങള്‍ക്കു വേണോ? വേണമെങ്കില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുത്താം: അപ്പോള്‍ നിങ്ങള്‍ക്കു യഥാര്‍ത്ഥമായി മതമുണ്ടാവും. അതിനുമുമ്പ് നിങ്ങളും നാസ്തികനും തമ്മില്‍ അന്തരമില്ല. എന്നാല്‍ ഈ വ്യത്യാസമുണ്ട്, നാസ്തികന്‍ വളവനല്ല: മതവിശ്വാസമുണ്ടെന്നു പറഞ്ഞ് മതതത്ത്വം സാക്ഷാല്‍ക്കരിപ്പാന്‍ ഒരുങ്ങാത്ത മനുഷ്യന്‍ കാപടികന്‍ കൂടിയാണ്.

അടുത്ത ചോദ്യം; സാക്ഷാല്‍ക്കാരാനന്തരം എന്തു നിലയായിരിക്കും? ഈ ജഗദൈക്യാനുഭൂതി കൈവന്നെന്നും നമ്മള്‍ അനന്തൈകസദ്വസ്തുതന്നെയെന്നു സാക്ഷാല്‍ക്കരിച്ചെന്നും വെയ്ക്കുക. ഈ ആത്മാവാണ് ഏകസത്തെന്നും, ഈ ആത്മാവുതന്നെയാണ് നാനാദൃശ്യരൂപത്തില്‍ പ്രകാശിക്കുന്നതെന്നും നാം സാക്ഷാല്‍ക്കരിച്ചെന്നു വിചാരിക്കുക. നാം നിഷ്‌ക്രിയരായിപ്പോകുമോ? ഒരു മുക്കില്‍ ചെന്നിരുന്നു മരിച്ചുപോകുമോ? അതുകൊണ്ട് ലോകത്തിനെന്തു നന്മയുണ്ടാകും? ആ പഴയ ചോദ്യം! ഒന്നാമത്, ലോകത്തിന് നന്മ ചെയ്യേണ്ട കാര്യമെന്ത്? അതിനു വല്ല ന്യായവുമുണ്ടോ? ലോകത്തിനെന്തു നന്മ ചെയ്യും എന്നു ചോദിപ്പാന്‍ ആര്‍ക്കെന്തവകാശം? ആ ചോദ്യത്തിന്റെ താല്പര്യമെന്ത്? ഒരു കുട്ടിക്കു മിംായി ഇഷ്ടമാണ്. നിങ്ങള്‍ വിദ്യുച്ഛക്തി സംബന്ധിച്ച ചില ഗവേഷണങ്ങളും നടത്തുന്നു. അപ്പോള്‍ ആ കുട്ടി ചോദിക്കുന്നു, ‘ഇതുകൊണ്ടു മിംായി വാങ്ങാന്‍ കിട്ടുമോ?’ ‘ഇല്ല,’ നിങ്ങള്‍ മറുപടി പറയുന്നു, ‘എന്നാല്‍ ഇതുകൊണ്ട് എന്തു ഗുണം?’ കുട്ടിയുടെ ചോദ്യം. അതുപോലെയാണ് മൂത്തുമുതിര്‍ന്നവര്‍ വലിയ ഭാവത്തില്‍ ‘ഇതുകൊണ്ടു ലോകത്തിനെന്തു ഗുണം, നമുക്കു പണം കിട്ടുമോ?’ എന്നു ചോദിക്കുന്നത്, ഇല്ല എന്നു പറയുമ്പോള്‍ ‘പിന്നെ ഇതില്‍ എന്തു നന്മയിരിക്കുന്നു?’ എന്നാണവരുടെ ഭാവം. ലോകഹിതം ചെയ്യുക എന്നതിന് അതാണ് അവര്‍ വിചാരിക്കുന്ന അര്‍ത്ഥം. എന്നിരുന്നാലും സാക്ഷാല്‍ക്കാരം ലോകത്തിനു സര്‍വ്വനന്മയും ചെയ്യുന്നതാണ്. ചിലര്‍ക്ക് ഒരു ഭയമുണ്ട്. ആ നിലയായാല്‍, ഒന്നേയുള്ളൂ എന്നു സാക്ഷാല്‍ക്കരിച്ചുകഴിഞ്ഞാല്‍, പ്രേമത്തിന്റെ ഉറവുകളെല്ലാം വറ്റിപ്പോകും, ജീവിതത്തില്‍ ഉള്ളതെല്ലാം പൊയ്‌പോകും. ഇപ്പോള്‍ എന്തിനെയെല്ലാമോ സ്നേഹിക്കുന്നതെല്ലാം വ്യര്‍ത്ഥമാകും. ഈ ജന്മത്തിലെന്നല്ല ജന്മാന്തരത്തിലും എല്ലാം ശൂന്യമായിരിക്കും എന്നാണ് ഭയം.

അവനവന്റെ വ്യക്തിത്വത്തെപ്പറ്റി തെല്ലും വിചാരിക്കാതിരുന്നിട്ടുള്ളവരാണ് ലോകത്തില്‍ വലിയ വലിയ കാര്യങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് ഒന്നു വിചാരിച്ചു നോക്കുവാന്‍ ജനങ്ങള്‍ക്കു അവസരമില്ല. തന്റെ സ്നേഹപാത്രം ഒരു ഹീനക്ഷുദ്രനശ്വരവസ്തുവല്ല എന്നറിയുമ്പോഴേ ശരിയായി സ്നേഹിപ്പാന്‍ കഴിയൂ. മണ്‍കട്ടയല്ല സാക്ഷാല്‍ ഈശ്വരന്‍തന്നെയാണ് തന്റെ സ്നേഹഭാജനം എന്നറിയുമ്പോഴേ ശരിയായ സ്നേഹമുണ്ടാകൂ. ഭര്‍ത്താവ് സാക്ഷാല്‍ ഈശ്വരന്‍തന്നെ എന്നറിയുമ്പോഴാണ് ഭാര്യക്ക് ഭര്‍ത്താവിന്റെ പേരില്‍ സ്നേഹാധിക്യമുണ്ടാകുക. ഭാര്യയില്‍ ഈശ്വരനെത്തന്നെ കാണുമ്പോഴാണ് ഭര്‍ത്താവിനു ഭാര്യയുടെ പേരില്‍ പ്രേമം കൂടുക. മക്കള്‍ ഈശ്വരന്‍തന്നെ എന്നു കാണുന്ന മാതാവിനാണ് മക്കളില്‍ അസാമാന്യപ്രേമമുണ്ടാവുക. പരമശത്രുവും ഈശ്വരന്‍തന്നെ എന്നറിയുമ്പോഴാണ് ആ ശത്രുവിനെത്തന്നെയും ഒരുവന്‍ സ്നേഹിക്കുക. മഹാത്മാവില്‍ ഈശ്വരനെ ദര്‍ശിക്കുന്നവനാണ് ആ മഹാത്മാവിനെ സ്നേഹിക്കുക, അയാള്‍തന്നെ, അത്യന്തദുരാത്മാവിന്റെയും അധിഷ്ഠാനം പരമേശ്വരന്‍, ജഗത്പ്രഭുതന്നെ എന്നറിയുന്നതുകൊണ്ട് ആ അത്യന്തദുരാത്മാവിനെയും സ്നേഹിച്ചുപോകും.

തുച്ഛമായ ‘അഹം’ നശിച്ച് ആ സ്ഥാനത്ത് ഈശ്വരന്‍മാത്രം നിലകൊള്ളുന്നതാരിലോ അയാള്‍ ജഗദുദ്ധാരകനാകുന്നു. അയാള്‍ക്ക് ജഗത്ത് രൂപാന്തരപ്പെടുന്നു. ക്ലേശകരങ്ങളും ദുഃഖപ്രദങ്ങളുമായുള്ളവയെല്ലാം നീങ്ങിപ്പോകുന്നു. ആയാസങ്ങള്‍ അവസാനിക്കുന്നു. ഒരു ഉരുളചോറിനുവേണ്ടി സര്‍വ്വദിവസവും തിക്കിത്തിരക്കി, അടിപിടികൂടി, വാശിപിടിച്ചു കഴിയുന്ന ഒരു കാരാഗൃഹമെന്ന നില മാറി ജഗത്ത് ഒരു ലീലാരംഗമായിച്ചയുന്നു. അപ്പോള്‍ ഈ ജഗത്ത് അതിസുന്ദരമായിരിക്കും! ആ നിലയെത്തിയ മനുഷ്യന്നേ ‘ഹാ,ജഗത്ത് എത്ര മനോഹരം!’ എന്നു പറയുവാനവകാശമുള്ളൂ. അല്ല, എല്ലാം നല്ലതെന്നു പറയുവാനും അയാള്‍ക്കേ അവകാശമുള്ളൂ. ഈ സാക്ഷാല്‍ക്കാരഫലമായി ഒരു വലിയ നന്മയുണ്ടാകാനുണ്ട്: പരസ്പരം സംഘര്‍ഷണസംഘട്ടനങ്ങളാല്‍ ക്ലിഷ്ടമായി കഴിഞ്ഞുകൂടുന്ന ഈ ലോകത്തില്‍ സര്‍വ്വമനുഷ്യരും ആ പരമതത്ത്വത്തിന്റെ ലേശാംശം സാക്ഷാല്‍ക്കരിക്കുന്നു എങ്കില്‍ ലോകസ്വഭാവം മാറും, കലഹങ്ങളും സമരങ്ങളും അസ്തമിക്കും, ശാന്തി വിളയാടും.

ഇപ്പോള്‍, ഞാന്‍ മുമ്പു ഞാന്‍ മുമ്പെന്നു മുന്നോട്ടു കുതിപ്പാന്‍ നമ്മെ നിര്‍ബ്ബന്ധിക്കുന്ന ഈ മൃഗീയവും അസഭ്യവുമായ തിരക്ക് അപ്പോള്‍ അസ്തമിക്കും. അതോടുകൂടി സകലമുഷ്‌കുകളും മാഞ്ഞുപോകും. സകലവിരോധങ്ങളും മാഞ്ഞുപോകും, സകലമത്‌സരങ്ങളും മാഞ്ഞുപോകും. സകലതിന്മകളും ലോകത്തില്‍നിന്നു ശാശ്വതമായി മറഞ്ഞുപോകും. അന്നു ദേവന്‍മാര്‍ ഈ ഭൂമിയില്‍ താമസിക്കും. ഈ ഭൂമിതന്നെ അന്നു സ്വര്‍ഗ്ഗമാകും. ദേവന്‍മാര്‍ ദേവന്‍മാരോടുകൂടി കളിക്കുമ്പോള്‍, ദേവന്‍മാര്‍ ദേവന്‍മാരോടിടപെടുമ്പോള്‍, ദേവന്‍മാര്‍ ദേവന്‍മാരെ സ്നേഹിക്കുമ്പോള്‍, തിന്മയെങ്ങനെയുണ്ടാകും? ഇതത്രേ ദിവ്യാനുഭവത്തിന്റെ മഹത്തായ പ്രയോജനം. ഇന്നു ജനസമുദായത്തില്‍ കാണുന്നതെല്ലാം മാറി ദിവ്യരൂപത്തിലാകും. പിന്നെ ആരും മനുഷ്യനെ ദുഷ്ടനെന്നു കരുതില്ല. അതത്രേ മഹത്തായ പ്രഥമലാഭം. വല്ല തെറ്റും പറ്റിപ്പോയ ആണിനെയോ പെണ്ണിനെയോ നിങ്ങള്‍ പുരികം ചുളിച്ചുനോക്കില്ല. അല്ലയോ മഹിളകളേ, രാവില്‍ തെരുവു ചുറ്റുന്ന സാധുസ്ര്തീയിലും ഈശ്വരനെ ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ അവളില്‍ നിന്ദാദൃഷ്ടി പതിപ്പിക്കില്ല. ഈര്‍ഷ്യാഭാവമോ പ്രതിക്രിയാചിന്തയോ പിന്നെയുണ്ടാവില്ല. അവയെല്ലാം മറഞ്ഞുപോയി, പിന്നെ മനുഷ്യനെ നേര്‍വഴി നടത്തുവാന്‍ ചമ്മട്ടിയോ ചങ്ങലയോ വേണ്ടിവരാത്തവിധം, ഉല്‍കൃഷ്ടമായ പ്രേമം ആവിര്‍ഭവിക്കും.

ഭൂമിയിലുള്ള സ്ര്തീപുരുഷന്‍മാരില്‍ പത്തു ലക്ഷത്തില്‍ ഒരു ഭാഗം സ്വസ്ഥമായിരുന്നു, അല്പനിമിഷം നേരം ‘അല്ലയോ മനുഷ്യരേ, അല്ലയോ മൃഗങ്ങളേ, അല്ലയോ ജീവജാലങ്ങളേ, നിങ്ങള്‍ ഈശ്വരനാണ്, നിങ്ങളെല്ലാവരും ഒരേ പരമേശ്വരന്റെ നാനാരൂപങ്ങളത്രേ’ എന്നു സശ്രദ്ധം പറയുമെങ്കില്‍ അരമണിക്കൂറിനുള്ളില്‍ ലോകസ്വഭാവം ആകെ മാറും. ഓരോ രാജ്യത്തെയും ജനങ്ങള്‍ അതാതു മൂലകളിലേക്കു വൈരവിചാരങ്ങളാകുന്ന ഭയങ്കരബോംബുകള്‍ പ്രക്ഷേപിക്കയും മത്‌സരബുദ്ധിയും അപകാരചിന്തയുമാകുന്ന വിദ്യുത്തരംഗങ്ങള്‍ പ്രവഹിപ്പിക്കയും ചെയ്യുന്നതിനുപകരം ജഗത്തു ഭഗവന്‍മയം എന്ന ഭാവനയില്‍ രമിച്ചിരിക്കും.

നാം കാണുന്നതും അറിയുന്നതുമെല്ലാം ഈശ്വരന്‍തന്നെ. നിങ്ങളുടെ അകത്തു കന്മഷമില്ലെങ്കില്‍ അതു പുറത്തെങ്ങെനെ കാണും? നിങ്ങളുടെ ഹൃദയത്തില്‍ കള്ളന്‍ കടന്നിരിപ്പില്ലെങ്കില്‍ നിങ്ങള്‍ക്കു പുറമെ കള്ളനെ കാണ്മാന്‍ എങ്ങനെ കഴിയും? നിങ്ങള്‍തന്നെ കൊലപാതകിയല്ലെങ്കില്‍ നിങ്ങളെങ്ങനെ കൊലപാതകിയെ കാണും? ഹൃദയത്തില്‍ നന്‍മ നിറയ്ക്കുക, പുറമെനിന്നു തിന്‍മ മറഞ്ഞുകൊള്ളും. അങ്ങനെ വിശ്വം മുഴുവനും മാറും. ഇതാണ് ജനസമുദായത്തിനുണ്ടാകുന്ന വലിയ ലാഭം. മനുഷ്യതയ്ക്കുതന്നെ മഹത്തായ ഗുണം, ഈ ചിന്തകള്‍ ഇന്ത്യയില്‍ ഓരോ വ്യക്തികള്‍ ചിന്തിച്ചു പൂര്‍ത്തിയാക്കി ആചരണക്ഷമമാക്കി. എന്നാല്‍ ആചാര്യന്‍മാരുടെ വിവിക്തത, വിദേശാക്രമണം മുതലായ പല കാരണങ്ങളാലും അവ ജനസമുദായത്തില്‍ പരക്കുവാനിടയായില്ല. എങ്കിലും ഈ തത്ത്വങ്ങള്‍ ഗംഭീരങ്ങള്‍തന്നെ, അവ ജീവിതചര്യയില്‍ വന്നിട്ടുള്ളേടത്ത് മനുഷ്യന്‍ ദിവ്യനായിട്ടുണ്ട്. ആവിധം ദിവ്യപുമാന്‍മാരില്‍ ഒരാളുടെ സ്പര്‍ശനത്താല്‍ എന്റെ ജീവിതം പാടെ മാറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് അടുത്ത ഞായറാഴ്ച ഞാന്‍ നിങ്ങളോടു പറയുവാന്‍ പോകുന്നു. ഈ ചിന്തകള്‍ ലോകമൊട്ടുക്കും പരക്കെ വീശി വിതയ്ക്കപ്പെടും. സന്ന്യാസിമംങ്ങളില്‍മാത്രം വാഴുന്നതിനുപകരം, പണ്ഡിതന്‍മാര്‍ക്കു മാത്രം പഠിക്കുവാനുള്ള ശാസ്ത്രഗ്രന്ഥങ്ങളില്‍ അടങ്ങിക്കിടക്കുന്നതിനുപകരം, ഏതാനും വിദ്വാന്‍മാരുടേയും ശാഖക്കാരുടെയും പ്രത്യേകസ്വത്തായിരിക്കുന്നതിനുപകരം, അവ ലോകമാസകലം വാരിയെറിയപ്പെടും. അങ്ങനെ അവ ശിഷ്ടന്റെയും ദുഷ്ടന്റെയും പുരുഷന്റെയും സ്ര്തീയുടെയും ശിശുവിന്റെയും പണ്ഡിതന്റെയും പാമരന്റെയും പൊതുസ്വത്തായിത്തീരും. അവ ലോകാന്തരീക്ഷത്തില്‍ കലര്‍ന്നു നിറഞ്ഞുകൂടും, നാം ശ്വസിക്കുന്ന വായുതന്നെയും ഓരോ മിടിപ്പിലും ‘തത് ത്വം അസി’ എന്നു മന്ത്രിക്കും: അതുമാത്രമല്ല, അസംഖ്യം സൂര്യചന്ദ്രന്‍മാര്‍ അടങ്ങിയ മുഴുവന്‍ ജഗത്തും വാക്കു പുറപ്പെടുന്ന എല്ലായിടത്തുനിന്നുംകൂടി ഒരേ സ്വരത്തില്‍ ‘തത് ത്വം അസി’ എന്നു വിളിച്ചു പറയും.

മനുഷ്യന്‍; പാരമാര്‍ത്ഥികനും വ്യാവഹാരികനും (ന്യൂയോര്‍ക്ക് പ്രസംഗം)