ഈ തത്ത്വം കാനന-ഗഹ്വരങ്ങളില്‍വെച്ചുമാത്രമല്ല, ജീവിതത്തിന്റെ സര്‍വ്വാവസ്ഥകളിലും സാക്ഷാല്‍ക്കരിക്കാം എന്നാണ് വേദാന്തമതം. ഈ തത്ത്വം കണ്ടവര്‍ ആരായിരുന്നു? കാട്ടിലും ഗുഹയിലും പാര്‍ത്തിരുന്നവര്‍മാത്രമോ? അല്ല. സാധാരണമട്ടില്‍ ജീവിതം നയിച്ചവരോ? അതുമല്ല: പിന്നെയോ, തിരക്കിന്റെ തിരുപൂരത്തില്‍, സിംഹാസനത്തിലിരുന്നു നാടു ഭരിച്ചിരുന്ന രാജാക്കന്‍മാര്‍: അവര്‍ ഇന്നത്തെ രാജാക്കന്‍മാരെപ്പോലെ പട്ടംകെട്ടിയ നാമമാത്രരാജാക്കന്‍മാരല്ല. വലിയ സേനകളെ നയിച്ച്, അനേകലക്ഷം ജനങ്ങളെ ഭരിച്ച്, സ്വേച്ഛാധിപത്യം നടത്തിയ രാജാക്കന്‍മാര്‍. ഇതു നാം മുമ്പു മനസ്സിലാക്കിയല്ലോ. ഇങ്ങനെ ബഹുകര്‍മ്മാകുലരായിരുന്ന അവര്‍ക്ക് ഈ തത്ത്വങ്ങളെക്കുറിച്ച് ചിന്തിപ്പാനും അവയെ സാക്ഷാല്‍ക്കരിപ്പാനും ലോകത്തിനുപദേശിച്ചു കൊടുപ്പാനും സമയമുണ്ടായി. അവരോടു തട്ടിച്ചുനോക്കുമ്പോള്‍ നാം വിശ്രമജീവിതമാണ് നയിക്കുന്നതെന്നു പറയണം. അത്രയും ജോലി കുറഞ്ഞു ജീവിക്കുന്ന നമുക്ക് ഈ തത്ത്വങ്ങള്‍ എത്രയധികം പ്രായോഗികമാക്കാം! എന്നിരിക്കെ, നാം തത്ത്വങ്ങളെ സാക്ഷാല്‍ക്കരിക്കുന്നില്ലെന്നുള്ളതു ലജ്ജാവഹംതന്നെ.
പണ്ടത്തെ ഒരു സ്വേച്ഛാധിപരാജാവിന് അവശ്യം വേണ്ടിയിരുന്നതെന്തെല്ലാമെന്നു നോക്കുമ്പോള്‍ എനിക്ക് അവശ്യം വേണ്ടതായിട്ട് ഒന്നുമില്ലെന്നു പറയാം: കുരുക്ഷേത്രത്തില്‍ ഒരു വമ്പിച്ച സേനയെ നയിച്ചിരുന്ന അര്‍ജ്ജുനന്റെ ഭാരം നോക്കുമ്പോള്‍ എനിക്കു ഭാരമേ ഇല്ല. ആ യുദ്ധകോലാഹലത്തിനിടയില്‍ വലിയ തത്ത്വവാദത്തിനും തത്ത്വാചരണത്തിനും വേണ്ട സമയവും സൗകര്യവും അര്‍ജ്ജുനനുണ്ടായി. അതിനേക്കാള്‍ വളരെയധികം ക്ലേശരഹിതമായും സ്വതന്ത്രമായും സുഖമായും കഴിഞ്ഞുകൂടുന്ന നമുക്ക് അര്‍ജ്ജുനനു സാധിച്ചേടത്തോളമെങ്കിലും സാധിക്കേണ്ടതല്ലേ? നമുക്കു സമയമില്ലെന്നോ?
നന്മ ചെയ്യണം എന്നാഗ്രഹമുണ്ടെങ്കില്‍ അതിനു നാം വിചാരിക്കുന്നതിനെക്കാളേറെ സമയം നമുക്കുണ്ട്. ഉള്ള സ്വാതന്ത്ര്യം നാം ശരിയായുപയോഗിക്കുമെങ്കില്‍ ഈ ഒറ്റ ജന്മത്തില്‍ നമുക്ക് ഇരുനൂറ് ലക്ഷ്യങ്ങളില്‍ എത്തിച്ചേരാം, അവയെ സാക്ഷാത്കരിക്കാം. എന്നാല്‍ തത്ത്വങ്ങളെ നമ്മുടെ നിലപാടിലേക്ക് വലിച്ചു താഴ്ത്തരുത്. നമുക്കു പല തെറ്റും പിന്നെയും, പല വിഡ്ഢിത്തവും തോന്നും: പലതിലും ആശ ചെല്ലും. അതെല്ലാം ന്യായമാണെന്നു നമ്മെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ചിലര്‍ ഉണ്ടാകുന്നതും സാധാരണമാണ്. അപ്പോള്‍ അവരുടെ ന്യായവും ഉപദേശമനുസരിച്ചുള്ള ലക്ഷ്യം ശരിയെന്നു കരുതി നാം കുടുങ്ങിപ്പോകും. അങ്ങനെയുള്ള സുഖവഴികളൊന്നും വേദാന്തം ഉപദേശിക്കുന്നില്ല. നാം ലക്ഷ്യത്തിലേക്ക് ഉയര്‍ന്നുപോകണം, ഈ ജീവിതത്തെ ശാശ്വതജീവിതത്തോടു ചേര്‍ത്തു ഏകീകരിക്കണം.
ഏകത്വമാണ് വേദാന്തത്തിലെ അതിപ്രധാനാശയമെന്ന് എപ്പോഴും ഓര്‍ക്കണം. രണ്ടെന്ന് ഒരിടത്തുമില്ല. രണ്ടു ലോകമില്ല. രണ്ടുതരം ജീവിതവുമില്ല. സ്വര്‍ഗ്ഗാദിലോകങ്ങളെപ്പറ്റി വേദങ്ങളില്‍ പറഞ്ഞിട്ടില്ലെന്നില്ല. എന്നാല്‍ തത്ത്വദര്‍ശനഭാഗങ്ങളിലെത്തുമ്പോള്‍ അവയെല്ലാം അടിച്ചു തുടച്ചു നീക്കിയിരിക്കുന്നു എന്നു കാണാം: അപ്പോള്‍ ഒന്നുമാത്രമേ ഉള്ളൂ. ഒരു ജീവിതം, ഒരു ലോകം, ഒരു വസ്തു, അതുതന്നെ സര്‍വ്വം. ഭേദം കാണുന്നത് വസ്തുവിലല്ല. പ്രകാശത്തിന്റെ മാത്രയില്‍മാത്രം. മൃഗങ്ങള്‍ ഒരു ജാതി വേറെ, അവ മനുഷ്യന്റെ തീറ്റയ്ക്കു സൃഷ്ടിക്കപ്പെട്ടവ എന്നും മറ്റുമുള്ള ഭാവനകളെ വേദാന്തം തീരെ നിരസിക്കുന്നു. ശാസ്ത്രപരീക്ഷണങ്ങള്‍ക്കുവേണ്ടി മൃഗദേഹം കീറിനോക്കുന്നത് നിരോധിപ്പാന്‍ ചിലര്‍ ദയവായി ഒരു സംഘം സ്ഥാപിച്ചിട്ടുണ്ട്. അതില്‍പ്പെട്ട ഒരാളോട് ഞാന്‍ ചോദിക്കയുണ്ടായി; ‘സ്നേഹിത! തീറ്റയ്ക്കുവേണ്ടി മൃഗങ്ങളെ കൊല്ലുന്നതു ന്യായമാണെന്നും, ശാസ്ത്രപരീക്ഷക്കുവേണ്ടി ഒന്നോ രണ്ടോ കൊല്ലുന്നത് അന്യായമാണെന്നും വിചാരിക്കുന്നതിനു യുക്തിയെന്താണ്?’ എന്ന്. ‘മൃഗങ്ങളെ നമുക്കു തിന്നാന്‍ വേണ്ടി തന്നിട്ടുള്ളതാണ്. അതിനല്ലാതെയുള്ള ഹിംസ മഹാഭയങ്കരം’ എന്നായിരുന്നു അയാളുടെ മറുപടി.
ഏകത്വമെന്നതില്‍ മൃഗങ്ങളും പെടും. മനുഷ്യന്റെ ആത്മാവ് അനശ്വരമാണെങ്കില്‍ മൃഗങ്ങളുടേതും അനശ്വരമാണ്. അവയ്ക്കു മാത്രാഭേദമേയുള്ളൂ, ജാതിഭേദയില്ല. അണുജീവിയും ഞാനും ഒന്ന്. പ്രകാശനത്തില്‍മാത്രം ഭേദം. എന്നാല്‍ പരമതത്ത്വം ദര്‍ശിക്കുമ്പോള്‍ ആ വ്യത്യാസമില്ല. പുല്ലും മരവും തമ്മില്‍ വളരെ അന്തരമുണ്ടെന്ന് ഇപ്പോള്‍ തോന്നും. ഏറ്റവും ഉയരെനിന്നു നോക്കുമ്പോള്‍ രണ്ടും ഏതാണ്ടൊന്നുതന്നെ. അതുപോലെ അത്യുച്ഛലക്ഷ്യത്തിനിന്നു നോക്കുമ്പോള്‍ ക്ഷുദ്രമൃഗവും മഹാമനുഷ്യനും രണ്ടും ഒന്നാകും. ഈശ്വരന്‍ ഉണ്ടെന്നു വിശ്വസിക്കുന്നുവോ എന്നാല്‍ മൃഗങ്ങളും ഉയര്‍ന്ന ജീവികളും ഒരുപോലെയാണെന്നും വിശ്വസിക്കണം. മനുഷ്യസന്താനങ്ങളോടു സദയനും തിര്യന്താനങ്ങളോടു നിര്‍ദ്ദയനുമാകുന്ന ഈശ്വരന്‍ രാക്ഷസനേക്കാള്‍ ഭയങ്കരന്‍. ആവിധം ഒരീശ്വരനെ ഞാന്‍ ഭജിക്കയില്ലെന്നുമാത്രമല്ല, ആജീവനാന്തം ആ ഈശ്വരനോടു ഞാന്‍ യുദ്ധം ചെയ്യും. നൂറു ജന്മമെടുത്തു മരിക്കേണ്ടിവന്നാലും ശരി. എന്നാല്‍ വാസ്തവത്തില്‍ ആ വ്യത്യാസമില്ല. ഉണ്ടെന്നു പറയുന്നവര്‍ കാര്യമറിയാത്ത കഠിനഹൃദയന്‍മാര്‍, എന്തും പറയാമെന്നുള്ളവര്‍
. പ്രായോഗികം എന്നപദം തെറ്റി പ്രയോഗിക്കുന്നതിന്റെ ഒരുദാഹരണം പറയാം. ഞാന്‍ സസ്യംമാത്രം ഭക്ഷിക്കുന്നവനായിരിക്കില്ല. പക്ഷേ ലക്ഷ്യം എനിക്കറിയാം. മാംസഭക്ഷണം തെറ്റാണെന്ന് എനിക്കറിയാം. ചിലപ്പോള്‍ ഗത്യന്തരമില്ലാതെ മാംസം ഭക്ഷിക്കേണ്ടിവരുമ്പോള്‍ അതു ക്രൂരകര്‍മ്മമാണെന്ന് എനിക്ക് ബോധമുണ്ട്. എന്റെ ദുര്‍ബ്ബലത മൂടിവെപ്പാന്‍വേണ്ടി ലക്ഷ്യത്തെ പിടിച്ചു താഴത്തി തന്റെ നടപടി സാധുവാണെന്നു വാദിക്കുന്നത് ശരിയല്ല. മാംസം ഭക്ഷിക്കാതെ, ഒരു ജീവിയേയും ദ്രോഹിക്കാതിരിക്കുക, സര്‍വ്വതിര്യക്കുകളും എന്റെ സഹോദരന്‍മാര്‍: ഇതാണാദര്‍ശം. അവയെ ആ ഭാവത്തില്‍ വിചാരിപ്പാന്‍ കഴിഞ്ഞാല്‍ മനുഷ്യസാഹോദര്യം എന്ന ഭാവത്തിലേക്കു നിങ്ങള്‍ അല്പം മുന്നോട്ടുവെച്ചു എന്നു പറയാം. മനുഷ്യസാഹോദര്യം എന്നു മാത്രമുള്ളത് കുട്ടിക്കളിയേ ആകുന്നുള്ളൂ. ഈ പറയുന്നതു പലര്‍ക്കും സ്വീകാര്യമല്ല. കാരണം, നമ്മുടെ ഇപ്പോഴത്തെ നിലവിട്ടു ലക്ഷ്യത്തിലേക്കു കയറിപ്പോവാനാണ് ഇവിടെ ഉപദേശിക്കുന്നത്. ഇന്നത്തെ ജീവിതത്തോടു പൊരുത്തപ്പെടുത്താവുന്ന ഒരു സിദ്ധാന്തം ഉന്നയിക്കാമെങ്കില്‍ അതിനെ പ്രായോഗികം എന്നു പറയും.
ഈ യഥാസ്ഥിതിക്കുള്ള പ്രബലപ്രവണത മനുഷ്യപ്രകൃതിയിലുണ്ട്. നിന്നിടത്തുനിന്ന് ഒരടി മുന്നോട്ടു നീങ്ങാന്‍ നമുക്കിഷ്ടമില്ല. മഞ്ഞില്‍ മരവിച്ചു പോകുന്നവരെക്കുറിച്ച് ഓര്‍ക്കാറുണ്ട്. മഞ്ഞില്‍ പുതഞ്ഞവര്‍ക്ക് ഉറങ്ങുവാനാണഗ്രഹം എന്നു കേട്ടിട്ടുണ്ട്. അവരെ വലിച്ചെണീപ്പിക്കാന്‍ നോക്കിയാല്‍ അവര്‍ പറയും; ‘ഞാനുറങ്ങട്ടെ, മഞ്ഞിലുറങ്ങുന്നതെത്ര മനോഹരമെന്നോ!’ ആ ഉറക്കത്തില്‍ അവര്‍ മരിച്ചുപോകും. ഇതാണ് നമ്മുടെയും പ്രകൃതി. ജീവിതകാലമത്രയും ഇതുതന്നെയാണ് നമ്മളും ചെയ്യുന്നത്; കാലുമുതല്‍ മരവിക്കുകയാണ്, എന്നാലും ഉറങ്ങണം.
ലക്ഷ്യപ്രാപ്തിക്കു പ്രയത്‌നിക്കതന്നെവേണം. അതേ സമയം ലക്ഷ്യത്തെ നിങ്ങളുടെ നിലയോടു പൊരുത്തപ്പെടുത്താനും ഉച്ഛതമലക്ഷ്യത്തെ ഉള്‍ക്കൊള്ളാത്ത ഒരു മതം ഉപദേശിക്കാനും ആരാനും വരുന്നെങ്കില്‍ അതു ശ്രദ്ധിക്കയുമരുത്. എനിക്കനുഷ്ഠിപ്പാന്‍ പറ്റാത്ത മതമാണത്. എന്നാല്‍ പരമലക്ഷ്യപ്രതിപാദകമായ മതമാണുപദേശിക്കുന്നതെങ്കില്‍ അതിനു ഞാന്‍ തയ്യാര്‍. വിഷയലൗല്യവും ഇന്ദ്രിയദൗര്‍ബ്ബല്യവും വലിയ ദോഷമൊന്നുമല്ലെന്ന് ഒരുവന്‍ വാദിക്കാന്‍ വരുന്നെങ്കില്‍ അവനെപ്പറ്റി കരുതിയിരിക്കുക. ഇതാണൊരുത്തന്‍ നമ്മോടു പ്രസംഗിക്കുന്നതെങ്കില്‍, നമ്മള്‍, ഇന്ദ്രിയക്കുടുക്കിനകത്തു ചെന്നുപെട്ട മണ്‍കട്ടകള്‍, പാവങ്ങള്‍ അതനുസരിച്ചുപോയാല്‍, നമുക്കൊരു കാലത്തു ഗതികിട്ടില്ല. ഇത്തരം പലതും ഞാന്‍ കണ്ടിട്ടുണ്ട്. കുറെ ലോകപരിചയം എനിക്കു കിട്ടിയിട്ടുണ്ട്.
കുമിളപോലെ മതവിഭാഗങ്ങള്‍ കുരുത്തുവരുന്ന നാടാണെന്റേത്. എല്ലാക്കൊല്ലവും പുതുമതങ്ങള്‍ പുറപ്പെടുകയായി. പക്ഷേ, ഒന്നു ഞാന്‍ കണ്ടിട്ടുണ്ട്. മാംസപുരുഷനെ പരമാര്‍ത്ഥപുരുഷനോടു രഞ്ജിപ്പിക്കാന്‍ ഒരിക്കലും കൂട്ടാക്കാത്തവ മാത്രമാണ് പുരോഗമിക്കുന്നത്. മാംസത്തിന്റെ തൃഷ്ണകളെ പരമാദര്‍ശങ്ങളോടു യോജിപ്പിക്കുന്ന, ഈശ്വരനെ മനുഷ്യന്റെ നിലയിലേക്കു വലിച്ചിടുന്ന പിഴ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം അപക്ഷയം വന്നുകൂടുന്നു. മനുഷ്യനെ പ്രാപഞ്ചികഭൃത്യവൃത്തിയിലേയ്ക്കാഴ്ത്തരുത്, പരമേശ്വരനിലേക്കുയര്‍ത്തിവിടുകയാണ് വേണ്ടത്.
പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 10, 1896) – തുടരും