അദ്വൈതവേദാന്തത്തിന്റെ ഗണ്യമായ ഒരു വിശേഷം അതു പൂര്‍വ്വപൂര്‍വ്വദര്‍ശനങ്ങളെയെല്ലാം സമന്വയിപ്പിച്ചു എന്നതാണ്. അതു തത്ത്വജ്ഞാനപദ്ധതിയെ പല സംഗതികളിലും വളരെ സഹായിച്ചിട്ടുണ്ട്: ചില സംഗതികളില്‍ ഹനിച്ചിട്ടുമുണ്ട്. വളര്‍ച്ച പടിപടിയായി സാവകാശത്തിലാണെന്നു കാണിക്കുന്നതായി നിങ്ങള്‍ പറയുന്ന പരിണാമസിദ്ധാന്തം ഞങ്ങളുടെ പുരാതനതത്ത്വദര്‍ശികള്‍ അറിഞ്ഞിരുന്നു. അതുനിമിത്തം അവര്‍ക്കു പൂര്‍വ്വസിദ്ധാന്തങ്ങളെ തമ്മില്‍ യോജിപ്പിക്കാന്‍ വഴി കിട്ടി. പൂര്‍വ്വാശയങ്ങളില്‍ ഒന്നിനെയും അവര്‍ തള്ളിക്കളഞ്ഞില്ല. നിരന്തരമായ ക്രമാഭിവൃദ്ധിക്കോ, അങ്ങനെയൊന്നുണ്ടെന്നു കാണ്മാനോ കഴിയാഞ്ഞതാണ് ബൗദ്ധന്‍മാര്‍ക്ക് പറ്റിയ വീഴ്ച. തന്നിമിത്തം അവര്‍ പരമലക്ഷ്യപ്രാപ്തിക്കു പടവുകളായിരുന്ന സിദ്ധാന്തങ്ങളെ തമ്മില്‍ സമന്വയിപ്പിക്കാന്‍ ഒരു ശ്രമവും ചെയ്തില്ല. അവ നിരുപയോഗങ്ങളും ഹാനികരങ്ങളുമാണെന്നുവെച്ച് അവയെ തള്ളുകയാണ് അവര്‍ ചെയ്തത്.
മതങ്ങള്‍ക്ക് ഈ സ്വഭാവം അത്യന്തം ദോഷകരമാണ്. ഒരാള്‍ക്ക് നൂതനവും ഉത്കൃഷ്ടതരവുമായ ഒരാശയം കിട്ടുമ്പോള്‍ താന്‍ കൈവിടുന്ന പൂര്‍വ്വാശയങ്ങള്‍ അനര്‍ത്ഥകരവും അനാവശ്യവുമാണെന്നുകൂടി അയാള്‍ തീര്‍ച്ചപ്പെടുത്തുന്നു. നൂതനാശയത്തിന്റെ ദൃഷ്ടിയില്‍ പൂര്‍വ്വാശയങ്ങള്‍ എത്ര പ്രാകൃതങ്ങളായി തോന്നിയാലും അവ ഒരു കാലത്തു വളരെ പ്രയോജനകരങ്ങളായിരുന്നുവെന്നും, പുതിയ നിലയിലെത്തുവാന്‍ അവയെല്ലാം ആവശ്യമായിരുന്നുവെന്നും, അയാള്‍ വിചാരിക്കില്ല. ആദിയില്‍ അപരിഷ്‌കൃതങ്ങളായ ആശയങ്ങള്‍ സ്വീകരിച്ച് അവയാലുണ്ടാകുന്ന നന്‍മയനുഭവിച്ചു പിന്നെ അതിന് മീതെയുള്ള ഭാവങ്ങളെ ധരിച്ച് ഉയര്‍ന്നുപോകണം, ആ സമ്പ്രദായത്തിലാണ് നാമോരോരുത്തനും വളരേണ്ടത് എന്ന് അയാള്‍ ആലോചിക്കുന്നില്ല. വേദാന്തമാകട്ടെ, പ്രാചീനമതസിദ്ധാന്തങ്ങളോടും മൈത്രി കാണിക്കുന്നു. ദ്വൈതം മുതലായ പൂര്‍വ്വസിദ്ധാന്തങ്ങളെ അദ്വൈതം സ്വീകരിച്ചിരിക്കുന്നു. അവ തെറ്റാണെങ്കിലും നാം അവയെ പൊറുത്തുകൊള്ളാം എന്ന ഭാവത്തിലല്ല അവ സത്യമാണ്, ഒരേ പരമസത്യത്തിന്റെ പ്രകാശനരൂപങ്ങളാണ്, അവ അദ്വൈതലക്ഷ്യത്തിലേക്ക് തന്നെ നയിക്കുന്നവയാണ് എന്ന ദൃഢബോധത്തിലാണ് അവയെ സ്വീകരിച്ചിരിക്കുന്നത്.
മനുഷ്യലോകം കടന്നുപോകേണ്ടുന്ന നാനാസോപാനങ്ങളെയും ശപിച്ചു തള്ളുകയല്ല, അനുഗ്രഹിച്ചു സംരക്ഷിക്കയാണ് വേണ്ടത്, അതുകൊണ്ട് വേദാന്തം ദ്വൈതസിദ്ധാന്തങ്ങളെ നിരസിക്കാതെ അതേ വിധം സംരക്ഷിച്ചു; പരിമിതമെങ്കിലും സ്വയം പൂര്‍ണ്ണമായ ജീവാത്മാവുണ്ട് എന്ന ഭാവനയ്ക്കു വേദാന്തത്തില്‍ അതിന്റെ സ്ഥാനം കൊടുത്തു.
ദ്വൈതമതപ്രകാരം മനുഷ്യന്‍ മരണാനന്തരം അന്യലോകങ്ങളെ പ്രാപിക്കുന്നു എന്നും മറ്റുമുള്ള ആശയങ്ങളെ അദ്വൈതം അതേവിധം നിലനിര്‍ത്തീട്ടുണ്ട്. ക്രമാഭിവൃദ്ധിനിയമമനുസരിച്ച് അവയ്ക്ക് അതാതിന്റെ സ്ഥാനമുണ്ട്. എന്നാല്‍ അവ പരമതത്ത്വത്തിന്റെ ഏകദേശ ദര്‍ശനമേ ആകുന്നുള്ളൂ എന്നുമാത്രം.
ദ്വൈതദൃഷ്ടിയില്‍, ഈ ജഗത്തു ദ്രവ്യമോ ശക്തിയോ കൊണ്ടുള്ള സൃഷ്ടിയും അത് ഏതോ ഇച്ഛാശക്തിയുടെ ലീലയും, ആ ഇച്ഛാശക്തി ജഗത്തില്‍നിന്നു വിഭിന്നവുമാണ്. ഈ നിലയില്‍ മനുഷ്യപ്രകൃതി രണ്ടു പ്രകാരത്തിലുള്ളതാണ് – അതായത് ദേഹവും ആത്മാവും ചേര്‍ന്നതാണ് – എന്നും, ആത്മാവ് പരിമിതമാണെങ്കിലും സ്വയം പൂര്‍ണ്ണമാണെന്നും വിചാരിക്കേണ്ടിയിരിക്കുന്നു. ഈ വിചാരത്തിനനുസരിച്ചിരിക്കണമല്ലോ ആത്മാവിന്റെ ഭാവിജീവിതത്തെയും അമരത്വത്തെയും പറ്റിയുള്ള ഭാവനകള്‍. അതൊക്കെ വേദാന്തത്തില്‍ അതേ നിലയില്‍ വെച്ചിട്ടുണ്ട്. അതുകൊണ്ട് ഇവിടെ ദ്വൈതമതത്തില്‍ പ്രചാരത്തിലുള്ള ചില വശങ്ങളെ വിവരിക്കേണ്ടിയിരിക്കുന്നു. ഒന്നാമത്, ശരീരത്തിനു പിറകില്‍ ഒരു സൂക്ഷ്മശരീരമുണ്ട്. അതും ഭൂതമയം, പക്ഷേ സൂക്ഷ്മം. അതു നമ്മുടെ സര്‍വ്വകര്‍മ്മങ്ങളുടെയും മനോഗതങ്ങളുടെയും സംസ്‌കാരഭണ്ഡാരമാണ്. അവ തക്ക സമയത്തു രൂപമെടുത്തു പുറപ്പെടുവാന്‍ തയ്യാറുമാണ്. നമ്മുടെ കര്‍മ്മങ്ങളും വിചാരങ്ങളും അല്പകാലത്തിനുശേഷം സൂക്ഷ്മഭാവം പൂണ്ടു ബീജമെന്നപോലെ സൂക്ഷ്മശരീരത്തില്‍ കിടന്നു കാലാന്തരത്തില്‍ പൊന്തിവന്നു ഫലവത്താകും. അങ്ങനെ ഉണ്ടാകുന്ന ഫലങ്ങളാണ് മനുഷ്യന്റെ ജീവിതാവസ്ഥയെ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് മനുഷ്യന്‍ താന്‍തന്നെയാണ് തന്റെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നത്. തനിക്കു താനുണ്ടാക്കുന്നതല്ലാതെ മറ്റൊരു നിയമവുമല്ല മനുഷ്യനെ ബന്ധിക്കുന്നത്. ഗുണത്തിനാവട്ടെ ദോഷത്തിനാവട്ടെ, നാം നമുക്കു ചുറ്റും കെട്ടിയുണ്ടാക്കുന്ന വലയുടെ നൂലുകള്‍ നമ്മുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളുമാണ് നാം ഒരു ശക്തിയെ ഇളക്കിവിട്ടുപോയാല്‍ അതിന്റെ മുഴുവന്‍ ഫലവും നാം സ്വീകരിക്കുകയും വേണം. ഇതത്രേ കര്‍മ്മനിയമം.
സൂക്ഷ്മശരീരത്തിനും പിറകിലാണ് ജീവാത്മാവ്. ഇതിന്റെ രൂപത്തെയും വലുപ്പത്തെയും പറ്റി പല ചര്‍ച്ചകളുമുണ്ടായിട്ടുണ്ട്. അത് അണുപ്രായമെന്നു ചിലര്‍. അത്ര ചെറുതല്ലെന്ന് വേറെ ചിലര്‍, ബൃഹത്താണെന്നു മറ്റു ചിലര്‍, ഇങ്ങനെ പലതും. ഇതു നിത്യസര്‍വ്വവ്യാപിയായ വസ്തുവിന്റെ അംശമായതുകൊണ്ടു നിത്യംതന്നെ ആദിയും അവസാനവുമില്ലാത്തതുതന്നെ. ഇതു സ്വതവെ നിര്‍മ്മലവുമാണ്. ഈ നൈര്‍മ്മല്യം പൂര്‍ണ്ണമായി പ്രകാശിപ്പിക്കാന്‍വേണ്ടി ഇതു പല രൂപവുമെടുക്കുന്നു. ജീവപ്രകാശത്തെ തടയുന്ന കര്‍മ്മവും വിചാരവും തിന്മ, ജീവവികാസത്തെ സഹായിക്കുന്ന കര്‍മ്മവും വിചാരവും നന്‍മ ജീവാത്മാവിന്റെ എല്ലാ ശക്തികളും കഴിവുകളും അന്തര്‍ലീനമാണെന്നും പുറമെനിന്നു സമ്പാദിക്കുന്നതല്ലെന്നും അത്യന്തം അപരിഷ്‌കൃതരായ ദ്വൈതികളും അത്യുന്നതരായ അദ്വൈതികളും ഒരുപോലെ സമ്മതിക്കുന്നുണ്ട്. ലീനശക്തികളെ പ്രകാശിപ്പിക്കാനാണ് ജീവിതത്തിലെ സര്‍വ്വയത്‌നങ്ങളും കര്‍മ്മങ്ങളും.
ഇനി അവര്‍ക്ക് പുനര്‍ജ്ജന്മസിദ്ധാന്തവുമുണ്ട്. ഒരു ശരീരം നശിച്ചാല്‍ ജീവന്‍ മറ്റൊരു ശരീരമെടുക്കുന്നു. അതു നശിച്ചാല്‍ പിന്നെയും വേറൊരു ശരീരം. അങ്ങനെ തുടര്‍ന്നുപോകും. ശരീരങ്ങള്‍ ഈ ലോകത്തിലോ അന്യലോകങ്ങളിലോ ആവാം. എന്നാല്‍ കാര്യസിദ്ധിക്ക് അധികം പറ്റിയത് ഈ ലോകമായതുകൊണ്ട് ഇതിനാണ് പ്രാധാന്യം. അന്യലോകങ്ങളില്‍ ദുഃഖം അത്യല്പമാണ്. അതുകൊണ്ടുതന്നെ അവയില്‍ ഉത്കൃഷ്ടവിചാരങ്ങള്‍ക്ക് അവസരം കുറയുമെന്നും അവര്‍ വാദിക്കുന്നു. ഈ ലോകത്തില്‍ സുഖം അല്പം, ദുഃഖമാണധികം. അതുകൊണ്ടു ചിലപ്പോളെങ്കിലും ജീവന്‍ ഉണര്‍ന്നു മുക്തി നേടാന്‍ ആഗ്രഹിക്കും. ഈ ലോകത്തില്‍ മഹാധനികന്‍മാര്‍ക്ക് ഉത്കൃഷ്ടചിന്താസന്ദര്‍ഭം നന്നെകുറവായതുപോലെ സ്വര്‍ഗ്ഗസ്ഥന്‍മാര്‍ക്ക് പുരോഗതി സന്ദര്‍ഭവും നന്നെ കുറവാണ്: ധനികന്റെ സ്ഥിതന്നെ, കുറേക്കൂടെ ബലപ്പെട്ട നിലയിലായിരിക്കും അവരുടെ അവസ്ഥ. അവിടെ ശരീരം അതിസുന്ദരം, രോഗബാധയില്ല, ക്ഷുത്പിപാസാദികളില്ല, കാമങ്ങളെല്ലാം നിറവേറുകയും ചെയ്യും. ജീവന്‍ അവിടെ ഭോഗങ്ങള്‍ ഓരോന്നായനുഭവിച്ചു സുഖിച്ചിരുന്നു സ്വന്തം യഥാര്‍ത്ഥസ്ഥിതി വിസ്മരിക്കും. എന്നാല്‍ ഭോഗസമൃദ്ധിയുണ്ടായാലും ജീവനു പുരോഗതിയുണ്ടാവുന്ന ഉയര്‍ന്ന ലോകങ്ങളുമുണ്ട്. പരമോച്ചസ്വര്‍ഗ്ഗലോകം പ്രാപിച്ച് അവിടെ ഈശ്വരനോടുകൂടി വസിക്കുക എന്നതാണ് ചില ദ്വൈതികളുടെ ലക്ഷ്യം. അങ്ങനെ ഈശ്വരസന്നിധിയില്‍ വസിക്കുന്നവരില്‍ ചിലര്‍, മനുഷ്യര്‍ക്ക് ഈശ്വരപ്രാപ്തിക്കുള്ള മാര്‍ഗ്ഗം ഉപദേശിപ്പാന്‍ വേണ്ടി, ഭൂമിയില്‍ അപ്പപ്പോള്‍ വന്നു ശരീരമെടുക്കും: അങ്ങനെയുള്ളവരാണ് ലോകാചാര്യന്‍മാര്‍. അവര്‍ മുക്തി നേടി ഈശ്വരസന്നിധിയില്‍ വര്‍ത്തിക്കുന്നവരായിട്ടും, ദുഃഖത്തിലുഴലുന്ന മര്‍ത്യലോകത്തിന് ഈശ്വരപ്രാപ്തിമാര്‍ഗ്ഗം ഉപദേശിപ്പാന്‍ വേണ്ടി ഈ ലോകത്തില്‍ ഇറങ്ങി ശരീരധാരണം ചെയ്യുവാന്‍തക്കവിധം അത്ര വലുതാണ് അവര്‍ക്കു മനുഷ്യരോടുള്ള പ്രേമവും സഹതാപവും.
പരമലക്ഷ്യമോ പ്രാപ്യപദമോ അതാവാന്‍ വയ്യെന്നാണല്ലോ അദ്വൈതമതം: അശരീരത്വമാണ് പരമപദം. പരിമിതം പരമപദമാവില്ല. അപരിമിതമോ അനന്തമോ അല്ലാത്തതു പരമപദമാകയുമില്ല. ശരീരമെന്നത് അപരിമിതമോ അനന്തമോ ആവില്ല, അതിരളവുകളുള്ളതാണ് ശരീരം: അതെങ്ങനെ അനന്തമാകും? വിചാരവും പരിമിതംതന്നെ: പരിമിതിയില്‍നിന്നാണ് വിചാരമുണ്ടാകുന്നത്. അതുകൊണ്ടു നാം ശരീരത്തെയും വിചാരത്തെയും കടന്നു പോകണമെന്നാണ് അദ്വൈതപക്ഷം. ഈ അതീതാവസ്ഥ, ഈ മുക്തി, പുതുതായി സമ്പാദിക്കേണ്ട ഒന്നല്ല, അത് ഇപ്പോഴേ നമുക്കുള്ളതാണ്. നാം അതു മറന്നു നിഷേധിക്കുകയാണ് ചെയ്യുന്നത്. പൂര്‍ണ്ണത ഭാവിയില്‍ പ്രാപിക്കേണ്ടതല്ല, വര്‍ത്തമാനത്തില്‍ വര്‍ത്തിക്കുന്നതാണ്, അമൃതത്വവും ആനന്ദവും മറ്റെങ്ങുനിന്നും നേടിക്കൊണ്ടുവരേണ്ടതില്ല, അത് ഇപ്പോഴേ നമ്മില്‍ അന്തര്‍ഗ്ഗതമാണ്, ഏതു കാലത്തും അതു നമ്മുടേതായിരുന്നുതാനും.
‘ഞാന്‍ മുക്തന്‍’ എന്നു പ്രഖ്യാപിപ്പാന്‍ ധൈര്യപ്പെട്ടാല്‍ ഈ നിമിഷത്തില്‍ നിങ്ങള്‍ മുക്തന്‍തന്നെ, ‘ഞാന്‍ ബദ്ധന്‍’ എന്നു വിചാരിച്ചാലോ നിങ്ങള്‍ ബദ്ധനായിത്തന്നെ ഇരിക്കും. ഇതത്രേ അദ്വൈതത്തിന്റെ ധീരവിളംബരം. ദ്വൈതമതഭാവനകളെപ്പറ്റിയും ഞാന്‍ നിങ്ങളോടു പറഞ്ഞു. ഇതില്‍ ഏതിഷ്ടമോ അതെടുക്കാം.
പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 18, 1896) – തുടരും