വേദാന്തപരതത്ത്വം ബുദ്ധികൊണ്ടു ഗ്രഹിപ്പാന്‍ വളരെ പ്രയാസം: അതിനെപ്പറ്റി ജനങ്ങള്‍ എപ്പോഴും തമ്മില്‍ തര്‍ക്കിക്കുന്നു. ചില ആശയങ്ങള്‍ ധരിച്ചാല്‍ അതുമാത്രം ശരി, മറ്റെല്ലാം തെറ്റ് എന്നു വാശിപിടിച്ചു മല്‍സരിക്കുന്നതാണ് വലിയ വിഷമം. നിങ്ങള്‍ക്കു യോജിച്ചതെന്തോ അതെടുക്കുക. മറ്റുള്ളവര്‍ അവര്‍ക്കു യോജിച്ചത് എടുത്തുകൊള്ളട്ടെ, നിങ്ങളുടെ ഈ ചെറിയ വ്യക്തിഭാവത്തില്‍ പറ്റിപ്പിടിച്ചു നില്പാനാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെ നിന്നുകൊള്‍ക. ഈ ആഗ്രഹങ്ങളെല്ലാം വെച്ചുപുലര്‍ത്തി സംതൃപ്തരായി സന്തുഷ്ടരായിരുന്നുകൊള്‍ക.
മനുഷ്യഭാവത്തില്‍ നിങ്ങള്‍ക്കുണ്ടായിട്ടുള്ള അനുഭവങ്ങള്‍ നല്ലവയും പ്രീതികരങ്ങളുമാണെങ്കില്‍ ആ ഭാവം ഇഷ്ടമുള്ളേടത്തോളം കാലം വെച്ചുകൊള്‍ക. അതിനു നിങ്ങള്‍ക്കു കഴിവുണ്ട്. നിങ്ങളുടെ നില നിര്‍മ്മിക്കുന്നത് നിങ്ങള്‍തന്നെ: നിങ്ങള്‍ മനുഷ്യത്വം ത്യജിക്കണമെന്നു നിര്‍ബ്ബന്ധിപ്പാന്‍ ആര്‍ക്കും കഴിവില്ല. നിങ്ങള്‍ക്കിഷ്ടമുള്ള കാലത്തോളം നിങ്ങള്‍ മനുഷ്യരായിരിക്കും. മറ്റാര്‍ക്കും അതു തടുക്കാവതല്ല. ഇനി സ്വര്‍ഗ്ഗവാസത്തിനാണ് നിങ്ങള്‍ക്കാഗ്രഹമെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗവാസികളുമാകും. അതാണ് നിയമം. എന്നാല്‍ സ്വര്‍ഗ്ഗവാസികളാവാന്‍പോലും ആഗ്രഹിക്കാത്ത ചിലരുണ്ടാകാം. അവരുടെ ഭാവന ഭയങ്കരമാണെന്നു വിചാരിപ്പാന്‍ നിങ്ങള്‍ക്കെന്തവകാശം?
ഒരു നൂറു പവന്‍ നഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ ഭയപ്പെട്ടമ്പരന്നേയ്ക്കാം: എന്നാല്‍ ലോകത്തിലുള്ള സര്‍വ്വസ്വവും നഷ്ടപ്പെട്ടാലും ഒരു ചഞ്ചലിപ്പുമില്ലാത്തവരും ഉണ്ടാകും. അങ്ങനെയുള്ളവര്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. അവരെ നിങ്ങളുടെ തോതു വെച്ചളക്കുവാന്‍ ന്യായമെന്ത്? നിങ്ങള്‍, നിങ്ങളുടെ ഇടുങ്ങിയ പരിധികളെ മുറുകെ പിടിച്ചു കൊള്‍വിന്‍, ലൗകികക്ഷുദ്രവിഷയങ്ങളാവാം നിങ്ങളുടെ പരമലക്ഷ്യം. അതു ശരി, അതു നിങ്ങളുടെ താല്പര്യംപോലെയാകട്ടെ. എന്നാല്‍ പരമാര്‍ത്ഥം കണ്ട മറ്റു ചിലരുണ്ട്: അവര്‍ക്ക് ഇടുങ്ങിയ നിലകളില്‍ തങ്ങിനില്‍ക്കുക സാധ്യമല്ല, അവര്‍ക്കു ആ കാലമെല്ലാം കഴിഞ്ഞുപോയി. അവയ്ക്കപ്പുറം പോവാനാണ് അവര്‍ നോക്കുന്നത്. ഈ ലോകവും അതിലെ സര്‍വ്വസുഖാനുഭവങ്ങളും അവര്‍ക്കു വെറും ചളിക്കുണ്ടാണ്. അവരെ നിങ്ങളുടെ നിലയിലേക്കു താഴ്ത്തിക്കെട്ടുവാന്‍ നിങ്ങള്‍ക്കെന്താവശ്യം? ആ സ്വഭാവം നിങ്ങള്‍ നിശ്ശേഷം പരിത്യജിക്കണം. ഓരോരുത്തര്‍ക്കും അവരവരുടെ നില അനുവദിച്ചുകൊടുക്കുക.
ഒരിക്കല്‍ ദക്ഷിണസമുദ്രദ്വീപുകളില്‍വെച്ച് ഒരു കൊടുങ്കാറ്റില്‍പെട്ട ചില കപ്പലുകളുടെ കഥ ഞാന്‍ വായിക്കുകയുണ്ടായി. കപ്പലുകളുടെ ചിത്രം ‘ഇലസ്‌ട്രേറ്റഡ് ലണ്ടന്‍ ന്യൂസ്’എന്ന പത്രത്തില്‍ കൊടുത്തിരുന്നു. അവയില്‍ ഒരു ഇംഗ്ലീഷ് കപ്പല്‍ മാത്രം കാറ്റു തടുത്തു നിന്നു. മറ്റതെല്ലാം പൊളിഞ്ഞുപോയി. അവയില്‍ പെട്ടു മുങ്ങി മരിപ്പാന്‍ പോകുന്നവര്‍ കപ്പല്‍ത്തട്ടില്‍നിന്നു മറ്റെ കപ്പലില്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നവരെ സാഹ്ലാദം പ്രോത്‌സാഹിപ്പിക്കുന്നതാണ് ചിത്രത്തില്‍ കണ്ടത്. ആവിധം ധീരന്‍മാരും ഉദാരന്‍മാരുമാവുക. നിങ്ങളുടെ നിലയിലേക്കു മറ്റുള്ളവരെ പിടിച്ചു താഴ്ത്തരുത്. നമ്മുടെ ചെറിയ വ്യക്തിത്വം പൊയ്‌പോയാല്‍ പിന്നെ സദാചാരം ഉണ്ടാവില്ല. മനുഷ്യനു നന്മയുണ്ടാകുമെന്നാശിപ്പാന്‍ വഴിയില്ല എന്ന മൂഢവിചാരമാണ് പിന്നെയുള്ളത്. ഏവരും ഇതുവരെ മനുഷ്യരുടെ നന്മയ്ക്കുവേണ്ടി മരിക്കുകയായിരുന്നു എന്നു തോന്നും! ഈശ്വരോ രക്ഷതു!
ജനഹിതം ചെയ്‌വാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവരായി ഇരുനൂറു സ്ര്തീപുരുഷന്‍മാര്‍ ഓരോ രാജ്യത്തും ഉണ്ടായാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ സര്‍വ്വതോഭദ്രം വരുമായിരുന്നു. നാം ലോകഹിതത്തിനുവേണ്ടി മരിക്കുന്നതെങ്ങനെയാണെന്നു നമുക്കറിയാല്ലോ. അതെല്ലാം ഗംഭീരപ്രസംഗം, അത്രമാത്രം. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ഒരിക്കലും വിചാരിച്ചിട്ടില്ലാത്തവരാണ് മനുഷ്യലോകത്തിന് ഏറ്റവും നന്മ ചെയ്തിട്ടുള്ളതെന്നും, സ്ര്തീയാകട്ടെ പുരുഷനാകട്ടെ തന്‍കാര്യം എത്രയധികം വിചാരിക്കുന്നുവോ അത്ര കുറച്ചായിരിക്കും അവര്‍ക്കു പരഹിതം ചെയ്യാനുള്ള കഴിവെന്നും ലോകചരിത്രം കാണിച്ചുതരുന്നു. ഒന്നു നിസ്വാര്‍ത്ഥത, മറ്റേതു സ്വാര്‍ത്ഥപ്രതിപത്തി, ക്ഷുദ്രസുഖാനുഭവങ്ങളെ മുറുകെപ്പെടിച്ച് ആ നില തുടരെ ആവര്‍ത്തിക്കണം എന്നുള്ളതു തികഞ്ഞ സ്വാര്‍ത്ഥം. അതു പരമാര്‍ത്ഥഗ്രഹണത്തിനുള്ള വാഞ്ഛയില്‍നിന്നുണ്ടാകുന്നതല്ല, അതിനു മൂലം ജീവകാരുണ്യമല്ല, നേരെമറിച്ച്, ‘എനിക്കെല്ലാം വേണം, അന്യന്റെ കാര്യം എനിക്കില്ല,’ എന്നുള്ളതു തികഞ്ഞ തന്‍കാര്യപ്രസക്തിയാണ്. ഇങ്ങനെയാണ് എനിക്കു തോന്നീട്ടുള്ളത്. ഒരു കൊച്ചു ജീവിക്കുവേണ്ടി നൂറു ജന്മം അര്‍പ്പിപ്പാന്‍ സന്നദ്ധരായിരുന്ന പുരാതനബുദ്ധന്‍മാരെയും മഹര്‍ഷിമാരെയുംപോലെ ധാര്‍മ്മികരായ മനുഷ്യര്‍ ലോകത്തില്‍ അധികമുണ്ടായി കാണ്മാന്‍ ഞാന്‍ കൊതിക്കുന്നു. ധര്‍മ്മാചരണം, പരഹിതകരണം എന്ന പ്രസംഗം ഇന്നത്തെ നിരര്‍ത്ഥജല്പനം!
പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 18, 1896) – തുടരും