നിങ്ങളുടെ പ്രകൃതി ദുഷ്ടമാണ്, നിങ്ങള്‍ പിഴച്ചു കാല്‍വെച്ചിട്ടുണ്ട്, അതുകൊണ്ടു ദുഃഖചിഹ്‌നങ്ങള്‍ ധരിച്ചു ജീവിതകാലം മുഴുവന്‍ വ്യസനിച്ചിരിക്കുകയാണ് നിങ്ങള്‍ വേണ്ടത് എന്നു ഞാന്‍ ഉപദേശിച്ചാല്‍, അതു നിങ്ങള്‍ക്ക് സഹായമാവില്ല, മറിച്ച്, അതു നിങ്ങളെ അധികം ക്ഷീണിപ്പിക്കും: നന്‍മയിലേക്കുള്ളതിനേക്കാള്‍ തിന്‍മയിലേക്കുള്ള വഴി കാണിച്ചുതരികയുമാവും. അനേകായിരം സംവത്‌സരമായി ഇരുള്‍ കെട്ടിക്കിടക്കുന്ന മുറിയില്‍ വന്ന് ‘അയ്യോ ഇരുട്ട്!’ എന്നു മുറവിളി കൂട്ടിയാല്‍ ഇരുട്ടു നീങ്ങുമോ? ഒരു തീക്കോലുരയ്ക്കുക, ആ നിമിഷത്തില്‍ പ്രകാശമായി. ‘അയ്യോ, ഞാന്‍ പാപം ചെയ്തു, പലതെറ്റും ചെയ്തു’ എന്ന് ആജീവനാന്തം വിചാരിച്ചിരുന്നിട്ടു ഗുണമെന്ത്? അതു പറഞ്ഞുതരുവാന്‍ ഒരു ഭൂതം വേണ്ട. പ്രകാശംകൊണ്ടു വരിക, അന്ധകാരം ആ നിമിഷത്തില്‍ പോകും.
നിങ്ങളുടെ സ്വഭാവത്തെ രൂപപ്പെടുത്തുക, യഥാര്‍ത്ഥപ്രകൃതിയെ പ്രകാശിപ്പിക്കുക. അതു സ്വയം പ്രകാശമുള്ളത്, സമുജ്ജ്വലം, നിത്യശുദ്ധം, അതിനെ, നിങ്ങള്‍ കാണുന്ന മറ്റുള്ളവരിലും ഉണര്‍ത്തുക. പരമദുഷ്ടനില്‍പ്പോലും അന്തര്യാമിയായ പരമാത്മാവിനെ ദര്‍ശിക്കാനും അയാളെ കുറ്റം പറയുന്നതിനുപകരം ‘അല്ലയോ, ജ്യോതിസ്സ്വരൂപ, നിത്യനിര്‍മ്മല, എഴുന്നേല്‍ക്കുക, ജനിമൃതിരഹിത, എഴുന്നേല്‍ക്കുക. സര്‍വ്വശക്ത, എഴുന്നേല്‍ക്കുക. സ്വപ്രകൃതിയെ പ്രകാശിപ്പിക്കുക. ഈ ക്ഷുദ്രഭാവങ്ങള്‍ക്ക് അങ്ങയ്ക്കു ചേര്‍ന്നവയല്ല.’ എന്നു പറയുവാനും സാധിക്കുന്ന ഒരു നില നമുക്കോരോരുത്തര്‍ക്കും വന്നാല്‍ കൊള്ളാമെന്നു ഞാനാഗ്രഹിക്കുന്നു. ഇതാണ് അദ്വൈതം ഉപദേശിക്കുന്ന പരമപ്രാര്‍ത്ഥന. ഒരേ ഒരു പ്രാര്‍ത്ഥന ഇതാണ്; നമ്മില്‍ നിത്യസന്നിഹിതനായ ഈശ്വരനെ, നമ്മുടെ യഥാര്‍ത്ഥസ്വരൂപത്തെ, സ്മരിക്കുക: അനന്തവും സര്‍വ്വശക്തവും നിത്യനിര്‍മ്മലവും നിത്യമംഗളകരവും ലിംഗരഹിതവും സര്‍വോപാധിവിനിര്‍മുക്തവുമെന്നു സ്മരിക്കുക. ആ സ്വരൂപത്തിനു സ്വാര്‍ത്ഥമില്ല. തന്മൂലം അതു ബലവത്തും ഭയരഹിതവുമാണ്.
സ്വാര്‍ത്ഥമുള്ളേടത്തേ ഭയമുണ്ടാകൂ. നിഷ്‌കാമന് എന്തിനെ ഭയം? അയാളെ ഭയപ്പെടുത്തുവാന്‍ ആര്‍ക്കു കഴിയും? അയാള്‍ മൃത്യുവിനെ ഭയപ്പെടുമോ? തിന്മയെ ഭയപ്പെടുമോ? ഇല്ല. അതുകൊണ്ടു നാം അദ്വൈതികളാണെങ്കില്‍ നമ്മുടെ പഴയ വ്യക്തിത്വം നശിച്ചുപോയി എന്ന് ഈ നിമിഷം മുതല്‍ വിചാരിക്കണം. ഇതുവരെയുണ്ടായിരുന്ന ശ്രീമാന്‍ ഇന്നാള്‍, ശ്രീമതി ഇന്നവള്‍, കുമാരി ഇന്നവള്‍ എന്നിവരെല്ലാം പോയി. അതെല്ലാം അന്ധവിശ്വാസമായിരുന്നു. ശേഷിച്ചതു നിത്യശുദ്ധ-നിത്യബുദ്ധ-സര്‍വ്വശക്ത-സര്‍വ്വജ്ഞതമാത്രം. അപ്പോള്‍ സര്‍വ്വഭയങ്ങളും തിരോഭവിക്കുന്നു. സര്‍വ്വഗതത്തെ ദ്രോഹിപ്പാന്‍ അന്യനെവിടെ? അപ്പോള്‍ സര്‍വ്വദൗര്‍ബല്യങ്ങളും അകലുന്നു. പിന്നെ നമുക്ക് ഒരു കൃത്യമേ ഉള്ളൂ: നമ്മുടെ സഹജീവികളിലും ഈ ജ്ഞാനം ഉണര്‍ത്തുക. അവരും പരിശുദ്ധാത്മാവല്ലേ? അതവര്‍ക്കറിഞ്ഞുകൂടാ, നാം അറിയിച്ചുകൊടുക്കണം. അവരുടെ വിഭുത്വമുണര്‍ത്തുവാന്‍ നാം അവരെ സഹായിക്കണം, ഇതൊന്നാണ് ഇന്നു ലോകത്തില്‍ എല്ലായിടത്തും അത്യാവശ്യമായിട്ടുള്ളതെന്ന് എനിക്കു തോന്നുന്നു.
ഈ തത്ത്വങ്ങള്‍ പുരാതനങ്ങളാണ്. പക്ഷേ പര്‍വ്വതങ്ങളേക്കാളധികം പുരാതനങ്ങളാവാം. തത്ത്വങ്ങളെല്ലാം നിത്യങ്ങളാണ്, ആരുടെയും പ്രത്യേക സ്വത്തല്ല: ഒരു വര്‍ഗ്ഗത്തിനോ ഒരാള്‍ക്കോ അതു സ്വന്തമാണെന്ന് അവകാശപ്പെടാവതല്ല. അത് ജീവപ്രകൃതിയുമാണ്. അപ്പോള്‍ അത് തന്റെ പ്രത്യേകസ്വത്താണെന്ന് ആര്‍ക്കെങ്കിലും അവകാശപ്പെടാമോ? പക്ഷേ അതു നടപ്പില്‍ വരുത്തണം. ലഘുവും ലളിതവുമാക്കണം. അതു ജനസമുദായത്തിലെ ഓരോ സുഷിരത്തിലും കലര്‍ന്നുപിടിക്കണം! മഹാബുദ്ധിശാലികള്‍ക്കും താണ സാധാരണ മനസ്സുകള്‍ക്കും ഏതു പുരുഷനും സ്ര്തീക്കും കുട്ടിക്കും ഗ്രഹിക്കത്തക്കവിധം അതിനെ ലളിതമാക്കണം. താര്‍ക്കികവാദകോലാഹലങ്ങളും തത്ത്വജ്ഞാനചര്‍ച്ചാവിധങ്ങളും മതസിദ്ധാന്തങ്ങളും കര്‍മ്മകലാപങ്ങളുമെല്ലാം അതാതു കാലത്തു നല്ലവയായിരുന്നിരിക്കാം. എന്നാല്‍ ഇപ്പോള്‍ സംഗതികളെ ലഘുവും ലളിതവുമാക്കണം, ഓരോ മനുഷ്യനും ആരാധകനായും, ഓരോ മനുഷ്യനിലുമുള്ള പരമാര്‍ത്ഥതത്ത്വം ആരാദ്ധ്യവസ്തുവായും വരുന്ന ആ സുവര്‍ണ്ണദിനം ഉദയം ചെയ്യണം. അതിനു തക്കവിധം നാം പ്രയത്‌നിക്കണം
പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 18, 1896)