ഇന്ദ്രിയങ്ങള്‍ എവിടെ ചെന്നെത്തുന്നുവോ അവിടെയും, മനസ്സ് എന്തു സങ്കല്പിക്കുന്നുവോ അതിലും, രണ്ടു ശക്തികളുടെ ആഘാതപ്രത്യാഘാതങ്ങള്‍ കാണാം. അവ അന്യോന്യം നിരോധിച്ചുകൊണ്ട് നമുക്കു ചുറ്റും കാണുന്ന മിശ്രപ്രപഞ്ചത്തിന്റെയും ചിത്തവൃത്തികളുടെയും ചാഞ്ചാട്ടത്തിനു കാരണമായിരിക്കുന്നു. ബാഹ്യലോകത്തില്‍ ഈ വിപരീതശക്തികളുടെ വ്യാപാരം ആകര്‍ഷണം-വികര്‍ഷണം എന്നും അഥവാ കേന്ദ്രീകരണം-നിഷ്‌കാസനം എന്നും ഉള്ള രൂപത്തിലും അന്തര്‍ലോകത്തില്‍ – മനസ്സില്‍ – രാഗം, ദ്വേഷം, നന്മ, തിന്മ എന്നീ രൂപത്തിലും പ്രകാശിക്കുന്നു. നാം ചില വസ്തുക്കളെ തള്ളിയകറ്റുന്നു. ചിലതുകളെ ആകര്‍ഷിച്ചടുപ്പിക്കുന്നു. ഒന്നിനോടു നമുക്ക് ആകര്‍ഷണം തോന്നുന്നു. മറ്റൊന്നിനോടു വികര്‍ഷണവും. ഇത് നമുക്കു ജീവിതത്തില്‍ പലപ്പോഴും അനുഭവമായിട്ടുണ്ട്: ചില ജനങ്ങളോട് നമുക്കു ഹേതുവൊന്നും കൂടാതെ ഒരാകര്‍ഷണവും മറ്റു ചിലരോട് അതുപോലെതന്നെ അതിനു വിപരീതമായ നിരസനവും ഉണ്ടാകുന്നു. ഇതു സര്‍വ്വര്‍ക്കും അനുഭവാണല്ലോ. കര്‍മ്മതലത്തിന്നു ഉത്കര്‍ഷം കൂടുംതോറും ഈ വിപരീതശക്തികളുടെ വ്യാപാരത്തിനു ബലവും തെളിവും കൂടും.
മനുഷ്യന്റെ ചിന്തയിലും ജീവിതത്തിലും അത്യുന്നതമായ തലം മതമാകുന്നു. അതിലാകുന്നു ഈ രണ്ടുശക്തികളുടെയും വ്യാപാരം അതിപ്രകടനമായി നാം കാണുന്നതും. മനുഷ്യലോകത്തിനു അനുഭവമായിട്ടുള്ള പരമപ്രേമം മതം മൂലമുണ്ടായിരിക്കുന്നു: അതുപോലെതന്നെ പൈശാചികവൈരഭാവവും മതജന്യമായിരിക്കുന്നു. ശാന്തിപരമായി ലോകം ശ്രവിച്ചിട്ടുള്ള ദിവ്യവചസ്സുകള്‍ ആത്മസാമ്രാജ്യ ചക്രവര്‍ത്തികളായ മഹാന്‍മാരില്‍നിന്നു വന്നിരിക്കുന്നു. അതുപോലെ തീക്ഷ്ണതമങ്ങളായ അധിക്ഷേപവാക്കുകള്‍ ഉച്ചരിച്ചിട്ടുള്ളതും മതപരന്‍മാരാകുന്നു. മതത്തിന്റെ ലക്ഷ്യം എത്രത്തോളം ഉന്നതവും സംഘടന സൂക്ഷ്മവും ആയിരിക്കുന്നുവോ അത്രത്തോളം അതിന്റെ വ്യാപാരങ്ങള്‍ പ്രസ്പഷ്ടങ്ങളായിരിക്കും. മതചോദനപോലെ മറ്റൊന്നും ലോകത്തില്‍ അത്ര രക്തപ്രളയം പരത്തീട്ടില്ല: ഇത്രയധികം ചികിത്‌സാലയങ്ങള്‍, ആതുരശാലകള്‍, എന്നിവയുണ്ടാകുവാനും മറ്റൊന്നും കാരണമല്ല. മനുഷ്യരെ മാത്രമല്ല, ക്ഷുദ്രതിര്യക്കുകളെപ്പോലും സശ്രദ്ധം ശുശ്രൂഷിക്കാന്‍ മനുഷ്യരെ പ്രേരിപ്പിച്ചിട്ടുള്ളത് മതംപോലെ മറ്റൊന്നല്ല. ചുരുക്കിപ്പറയുന്നതായാല്‍ മതംപോലെ മറ്റൊന്നും നമ്മെ അത്ര ക്രൂരന്‍മാരാക്കുന്നില്ല, മതംപോലെ മറ്റൊന്നും നമ്മെ അത്ര ദയാലുക്കളും ആക്കുന്നില്ല. ഇങ്ങനെയായിരുന്നു പൂര്‍വ്വകാലസ്ഥിതി: ഭാവികാലത്തും അധികപക്ഷം അങ്ങനെയായിരിക്കും. എന്നാല്‍ മതങ്ങളുടെയും ശാഖകളുടെയും ഈ കൂക്കും വിളിയും, ഈ പിടിയും വലിയും, ഈ വൈരവും മത്‌സരവും, എല്ലാം ഭേദിച്ച്, അവയുടെ കോലാഹലശബ്ദം ശമിപ്പിച്ച്, ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ കേള്‍ക്കത്തക്ക ശക്തിയോടുകൂടിയ പ്രബല സന്ദേശങ്ങള്‍, ശാന്തിയും രഞ്ജിപ്പും ഉദ്‌ഘോഷിച്ചുകൊണ്ട്, ഓരോ കാലത്തും നിര്‍ഗ്ഗമിച്ചിട്ടുമുണ്ട്. ആ സ്ഥിതിവരുമോ, എന്നെങ്കിലും?
ഈ ഉത്കടമതസ്പര്‍ദ്ധയുടെ രംഗത്തില്‍ എന്നും അഭംഗുരമായ രഞ്ജിപ്പ് ഉല്ലസിക്കുക എന്നുള്ളത് സംഭാവ്യമാണോ? ലോകം ഈ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ രഞ്ജിപ്പിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ജനസമുദായഘടനയില്‍ അതിനു പല പരിപാടികളും നിര്‍ദ്ദേശിച്ചുവരുന്നു: അവയെ നടപ്പിലാക്കുവാന്‍ പരിശ്രമിച്ചും വരുന്നു. എന്നാല്‍ അതത്ര ദുഷ്‌കരമാണെന്നു നമുക്കറിയാമല്ലോ. ജീവിതസന്ധാരണാദ്ധ്വാനത്തിന്റെ തള്ളിക്കയറുന്ന കാഠിന്യം കുറയ്ക്കുവാന്‍, സിരാബന്ധത്തിനുള്ള ദുസ്സഹമായ ഞെരിയ്ക്കലിനെ മയപ്പെടുത്തുവാന്‍, മിക്കവാറും അസാദ്ധ്യമെന്ന് ജനങ്ങള്‍ക്കു അനുഭവമാകുന്നു.
ജീവിതത്തിന്റെ ബാഹ്യവും സ്ഥൂലവുമായ ഭാഗത്തില്‍ – പുറമേയുള്ള ഭൗതികതലത്തില്‍ – ആ രഞ്ജിപ്പും പ്രശാന്തിയും ഉള്ളവാക്കുവാന്‍ അത്ര പ്രയാസമാകുന്നു എങ്കില്‍ മനുഷ്യന്റെ അഭ്യന്തരപ്രകൃതിയില്‍ – മാനസികതലത്തില്‍ – ശാന്തിയും രഞ്ജിപ്പും സ്ഥാപിച്ചു നിലനിര്‍ത്തുക എന്നത് ആയിരം മടങ്ങ് അധികം പ്രയാസമുള്ളതുതന്നെ.
ഇനി അല്പസമയത്തേയ്ക്കു നമുക്കു വെറും ശബ്ദജാലങ്ങളില്‍നിന്നു പുറത്തേയ്ക്കു കടക്കുക: സ്നേഹം, ശാന്തി, ദീനാനുകമ്പ, സമത്വം, സര്‍വ്വസാഹോദര്യം എന്നെല്ലാം നാം നമ്മുടെ ശൈശവംമുതല്‍ കേട്ടുതുടങ്ങീട്ടുണ്ട്. അതെല്ലാം നമുക്കു അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ആയിട്ടുണ്ട്, കിളികള്‍ പറയുന്നതുപോലെ നാം ആവര്‍ത്തിച്ചു പറയുന്ന വാക്കുകള്‍ മാത്രമായിട്ടുണ്ട്, അത് നമുക്കു വളരെ സ്വഭാവികവുമായിട്ടുണ്ട്. അങ്ങനെയല്ലെന്നാക്കുവാന്‍ വയ്യാതായിട്ടുണ്ട്. ആ വാക്കുകള്‍ കുറിക്കുന്ന മഹത്തായ ഭാവങ്ങള്‍ ആദ്യമായി ഹൃദയത്തില്‍ അനുഭവിച്ച മഹാത്മാക്കള്‍ ആ വാക്കുകളെ ആവിഷ്‌കരിച്ചു: ആ കാലത്ത് പലര്‍ക്കും അതിന്റെ അര്‍ത്ഥം മനസ്സിലാകുകയും ചെയ്തു. കാലം ചെന്നപ്പോള്‍, അജ്ഞരായ ജനങ്ങള്‍ ആ വാക്കുകളെ എടുത്തുപിടിച്ച് അവയെക്കൊണ്ടു കളിച്ചുതുടങ്ങി, മതത്തിനെ അനുഷ്ഠാനത്തിനുള്ളതല്ലാതെ വാക്കുകളെക്കൊണ്ടുള്ള ഒരു വെറും കളി എന്നാക്കി, പിന്നെ മതം എന്നത് ‘എന്റെ പിതാവിന്റെ മതം’, ‘നമ്മുടെ വംശത്തിന്റെ മത’, ‘നമ്മുടെ രാഷ്ട്രത്തിന്റെ മതം’, എന്നിങ്ങനെയായി. ഒരു മതം അനുസരിക്കുന്നത്, സ്വരാജ്യസ്നേഹത്തിന്റെ ഒരംഗം മാത്രമായി കലാശിച്ചിരിക്കുന്നു. സ്വരാജ്യസ്നേഹം എപ്പോഴും പക്ഷപാതത്തോടുകൂടിയതാണല്ലോ. അതുകൊണ്ട് മതങ്ങള്‍ക്കു തമ്മില്‍ രഞ്ജിപ്പുണ്ടാക്കുന്നതു ദുഷ്‌കരംതന്നെ. എങ്കിലും ഈ മതസൗഹാര്‍ദ്ദമെന്ന വിഷയത്തെപ്പറ്റി നമുക്കു ചിന്തിക്കണം.
പ്രസിദ്ധ മഹാമതങ്ങളില്‍ ഓരോന്നിലും മൂന്നുവിഭാഗങ്ങളുണ്ട്. ഒന്നാമത്തേത്, അതിന്റെ മൂലതത്ത്വങ്ങളേയും, ലക്ഷ്യത്തെയും, ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗ്ഗങ്ങളേയും പ്രതിപാദിച്ച് ആ മതത്തിന്റെ മുഴുവന്‍ വ്യാപ്തിയേയും പ്രദര്‍ശിപ്പിക്കുന്ന തത്ത്വജ്ഞാനഭാഗം. രണ്ടാമത്തേത്, ആ തത്ത്വങ്ങളെ സ്ഥൂലരൂപത്തില്‍ കാണിക്കുന്ന പുരാണകഥാഭാഗം. അത് മനുഷ്യരുടെയോ ദേവാദികളുടെയോ ചരിതം എന്ന നിലയിലായിരിക്കും. മൂന്നാമത്തേത് ക്രിയാകലാപഭാഗം. ഇതു കുറേക്കൂടെ സ്ഥൂലമായിരിക്കും: വിഗ്രഹങ്ങളും ആരാധനാസമ്പ്രദായങ്ങളും ഇന്ദ്രിയപ്രീതികരങ്ങളായ പുഷ്പധൂപാദികളും ശരീരചേഷ്ടകളും അടങ്ങിയതുമായിരിക്കും. പ്രസിദ്ധമതങ്ങള്‍ എല്ലാം ഈ മൂന്നു മൂലഭാഗങ്ങളേയും സ്വീകരിച്ചിട്ടുണ്ട്. ചിലത് അതില്‍ ഒന്നിനെ, ചിലത് മറ്റൊന്നിനെ, അധികം പ്രധാനമാക്കിയിരിക്കും എന്നേ വ്യത്യാസമുള്ളൂ.
ഇപ്പോള്‍ നമുക്കു ഇതില്‍ ഒന്നാമത്തേതായ തത്ത്വജ്ഞാനവിഭാഗത്തെപ്പറ്റി വിചാരിക്കുക. എല്ലാ മതങ്ങള്‍ക്കും പൊതുവായി, സര്‍വ്വസമാനമായി സാര്‍വ്വലൗകികമായ ഒരു തത്ത്വജ്ഞാനമുണ്ടോ? അത് ഇന്നുവരേയും ഉണ്ടായിട്ടില്ല. ഓരോ മതവും അതിന്റെ സിദ്ധാന്തങ്ങളെ പ്രഖ്യാപിച്ച് അവ മാത്രം സത്യമെന്നു ശഠിക്കുന്നു. എന്നുമാത്രമല്ല അവയില്‍ വിശ്വസിക്കാത്തവര്‍ ഒരു ഭയങ്കരമായ സ്ഥാനത്തു ചെല്ലുമെന്നു വിശ്വസിക്കുകയും ചെയ്യുന്നു. അവര്‍ വിശ്വസിക്കുന്നതുപോലെ മറ്റു ജനങ്ങളെക്കൊണ്ടു വിശ്വസിപ്പിക്കാന്‍ അവര്‍ വാളെടുക്കുകപോലും ചെയ്യുന്നു. ഇത് ദുഷ്ടത നിമിത്തമല്ല. മതഭ്രാന്ത് എന്നു പറയുന്ന ഒരു വിധം മസ്തിഷ്‌കവ്യാധി നിമിത്തമാകുന്നു. ഈ മതഭ്രാന്തന്‍മാര്‍ ഉറച്ച വിശ്വാസമുള്ളവരാണ്, അത്യന്തം ആത്മാര്‍ത്ഥതയുള്ളവരാണ്: എന്നാല്‍ അവര്‍ മറ്റു ഭ്രാന്തന്‍മാരെപ്പോലെ യുക്തിവിഹീനന്‍മാരുമാണ്. മതഭ്രാന്തെന്ന ഈ രോഗം എല്ലാരോഗങ്ങളിലും വെച്ച് അധികം ആപത്കരമാകുന്നു. അത് മനുഷ്യപ്രകൃതിയിലുള്ള ദുഷ്ടതമുഴുവന്‍ ഇളക്കിപ്പൊന്തിക്കും, കോപത്തെ തട്ടിയുണര്‍ത്തും, സിരാബന്ധത്തിനു മുറുക്കം കൂട്ടും, മനുഷ്യരെ വ്യാഘ്രസമാനരാക്കും.
ഇനി പുരാണകഥാഭാഗം നോക്കുമ്പോള്‍, അതില്‍ സാദൃശ്യമുണ്ടോ, രഞ്ജിപ്പുണ്ടോ, സര്‍വ്വമതങ്ങളും സ്വീകരിക്കുന്നതായ പുരാണകഥയുണ്ടോ? ഇല്ലെന്നു നിശ്ചയം. ഓരോ മതത്തിനും സ്വന്തം കഥകളുണ്ട്: ഈ കഥകള്‍ വെറും കെട്ടുകഥകളല്ലെന്നു സ്വന്തം കഥകളെപ്പറ്റി ഓരോ മതവും പറയും. ഈ സംഗതി ഒരുദാഹരണംമൂലം മനസ്സിലാക്കാന്‍ ശ്രമിക്കുക. ഉദാഹരണം മാത്രമായിട്ടാകുന്നു ഞാന്‍ പറയുന്നത്. കഥയുടെ ഗുണദോഷ നിരൂപണമായിട്ടല്ല. ഈശ്വരന്‍ ഒരു പ്രാവിന്റെ രൂപം ധരിച്ച് ഭൂമിയിലേയ്ക്കു വന്നു എന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നുണ്ട്. അവര്‍ക്ക് അത് യഥാര്‍ത്ഥചരിത്രമാണ്, വെറും പഴങ്കഥയല്ല. ഈശ്വരന്‍ പശുവില്‍ പ്രത്യക്ഷമായിരിക്കുന്നു എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അത് വെറും പാഴ്കഥയെ വിശ്വസിക്കുന്നതാണ്, ചരിത്രകഥയെയല്ല. അന്ധവിശ്വാസമാണ് എന്ന് ക്രിസ്ത്യന്‍ പറയുന്നു. പിന്നെ, ഒരു ഉദാഹരണം: ഇരുവശത്തും ദേവദൂതന്‍മാരെ കാണിച്ചുകൊണ്ട് ഒരുപെട്ടി. ഒരു പേടകരൂപത്തില്‍ ഒന്നുണ്ടാക്കിയാല്‍ അതു ദിവ്യം, യഹോവായ്ക്കു (ഈശ്വരന്) പരിശുദ്ധം, ശ്രീകോവിലിന്നുള്ളില്‍ വെയ്ക്കാവുന്നത്, എന്ന് യഹൂദര്‍ വിശ്വസിക്കുന്നു. എന്നാല്‍ ആ വിഗ്രഹം ഒരു മനുഷ്യരൂപത്തിലാകുമ്പോള്‍ ‘അത് ഭയങ്കരവിഗ്രഹാരാധന, അതിനെ അടിച്ചുടയ്ക്കണം എന്നാകുന്നു അവരുടെ നില’.
ഇങ്ങനെയാകുന്നു കഥാഭാഗത്തില്‍ മതങ്ങള്‍ക്കു തമ്മിലുള്ള രഞ്ജിപ്പ്. ‘എന്റെ മതപ്രവാചകന്‍ ഇന്നിന്ന അദ്ഭുതങ്ങള്‍ ചെയ്തു കാണിച്ചു’ എന്ന് ഒരാള്‍. ‘അതു വെറും അന്ധവിശ്വാസം’ എന്ന് മറ്റൊരാള്‍. എന്നാല്‍ ആ പറയുന്ന മറ്റുള്ളവര്‍തന്നെ അവരുടെ പ്രവാചകന്‍മാര്‍ അതിനെക്കാള്‍ അധികം അദ്ഭുതകൃത്യങ്ങള്‍ കാണിച്ചു എന്നും അതെല്ലാം വാസ്തവ ചരിത്രമാണെന്നും പറയും. ഈ ജനങ്ങളുടെ തലച്ചോറില്‍ വെറും പുരാണപാഴ്കഥയെയും വാസ്തവചരിത്രകഥയെയും വേര്‍തിരിച്ചു മനസ്സിലാക്കുവാനുള്ള യന്ത്രം പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് മറ്റാര്‍ക്കും അറിയാവതല്ല. ആവക കഥകള്‍ ഏതു മതത്തില്‍ ചേര്‍ന്നവയായാലും അവ വാസ്തവത്തില്‍ പഴം കഥകളും, പക്ഷേ ചിലപ്പോള്‍ അല്പം ചരിത്രാംശം കൂട്ടിക്കലര്‍ത്തിയവയും ആയിരിക്കും.
ഇനിയുള്ളത് ആരാധനാസമ്പ്രദായം. ഒരു ശാഖയ്ക്കു ഒരു സമ്പ്രദായം, അത് ദിവ്യം: മറ്റുള്ള സമ്പ്രദായങ്ങള്‍ എല്ലാം ശുദ്ധമേ അന്ധത്വം: ഇതാകുന്നു ഓരോ ശാഖയുടെയും വിചാരം. അന്യശാഖയുടെ സമ്പ്രദായം മഹാഭയങ്കരം എന്ന് ഓരോ ശാഖയും വിശ്വസിക്കുന്നു. ഉദാഹരണത്തിന് ഒരു സാധാരണ ചിഹ്‌നം നോക്കുക. ലിംഗം എന്ന ചിഹ്‌നം തീര്‍ച്ചയായും സ്ര്തീപുരുഷ സംബന്ധിതന്നെയാണ്. എന്നാല്‍ ആ ഭാവം തീരെ മറന്ന് ഇപ്പോള്‍ അത് സ്രഷ്ടാവിന്റെ ചിഹ്‌നം മാത്രമായിരിക്കുന്നു. ഈ ചിഹ്‌നം സ്വീകരിച്ചിരിക്കുന്ന ശാഖക്കാര്‍ അതിന്റെ മൈഥുനഭാവത്തെ തീരെ വിസ്മരിച്ച് അതിനെ ഈശ്വരചിഹ്‌നമായി മാത്രം കരുതുന്നു. എന്നാല്‍ അന്യശാഖയിലോ വര്‍ഗ്ഗത്തിലോ പെട്ടവര്‍, അതിനെ മൈഥുനപരം മാത്രമായി കരുതി നിന്ദിച്ചധിക്ഷേപിക്കുന്നു, എന്നാല്‍ അവര്‍ തന്നെ ലിംഗാരാധനക്കാര്‍ക്ക് അത്യന്തം നിഷ്‌കൃഷ്ടമായി തോന്നുന്ന ഒരു സമ്പ്രദായം അനുസരിക്കുന്നതുമുണ്ടാവാം. ഉദാഹരണത്തിനു ഇതു രണ്ടും എടുക്കുക, (ഹിന്ദു മതസംബന്ധിയായ) ലിംഗവും (ക്രിസ്തുമതസംബന്ധിയായ) ദിവ്യഭുക്തിയും ക്രിസ്ത്യന്റെ ദൃഷ്ടിയില്‍ ലിംഗം അതിനികൃഷ്ടം, ഭയങ്കരം: ഹിന്ദുവിന്റെ ദൃഷ്ടിയില്‍ ക്രിസ്ത്യന്‍മാരുടെ ദിവ്യഭുക്തി മഹാഭയങ്കരം.
ഒരു മനുഷ്യന്റെ സദ്ഗുണങ്ങള്‍ തങ്ങള്‍ക്കുണ്ടാകുവാന്‍വേണ്ടി ആ ആളെ കൊന്ന് അയാളുടെ രക്തം കുടിക്കുകയും മാംസം ഭുജിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള ദിവ്യഭുക്ത എന്ന ക്രിസ്ത്യന്‍ സമ്പ്രദായം വെറും നരമാംസഭുക്തി എന്ന കാടന്‍ സമ്പ്രദായമാണെന്ന് ഹിന്ദുക്കള്‍ പറയുന്നു. ഇതു ചില കാട്ടുമനുഷ്യര്‍ (അപരിഷ്‌കൃതര്‍) ചെയ്യുന്നതാണ്. ഒരാള്‍ വലിയ ധൈര്യശാലിയായിരിക്കുന്നു എങ്കില്‍ അവര്‍ അയാളുടെ ധൈര്യവും വീര്യവും അവര്‍ക്കുണ്ടാവാന്‍ വേണ്ടി അയാളെ കൊന്ന് അയാളുടെ ഹൃദയം ഭക്ഷിക്കും. ഇതു വാസ്തവമാണെന്നും ഇതാകുന്നു ക്രിസ്ത്യന്‍ സമ്പ്രദായത്തിന്റെ മൂലമെന്നും ഒരു ക്രിസ്ത്യന്‍ ഭക്തനായ സര്‍ ജോണ്‍ ലബ്ബൊക് ആമൂന്‍ പോലും സമ്മതിച്ചിട്ടുണ്ട്! എന്നാല്‍ ഇങ്ങനെയാകുന്നു അതിന്റെ മൂലമെന്ന് ക്രിസ്ത്യന്‍മാര്‍ ഒരിക്കലും സമ്മതിക്കയില്ല, അവരുടെ സമ്പ്രദായത്തില്‍ എന്തു അന്തര്‍ഭവിച്ചിരിക്കാം എന്ന ചിന്തയ്ക്കു അവരുടെ മനസ്സില്‍ സ്ഥാനമില്ല. അത് വളരെ പരിശുദ്ധമായ ഒരാചാരമാണ്, അത്രയേ അവര്‍ക്കു അറിയേണ്ടതുള്ളൂ. അപ്പോള്‍ സാര്‍വ്വലൗകികത്വം എവിടെ? ഒരു സര്‍വ്വലോകമതസ്വരൂപം എങ്ങനെ സാദ്ധ്യമാകും? ഈ വിഷമാവസ്ഥയിലും അങ്ങനെ ഒന്ന് ഇപ്പോഴേ ഉണ്ട്. അതെന്താണെന്ന് നോക്കുക.
സര്‍വ്വലോകസാഹോദര്യത്തെപ്പറ്റിയും അത് പ്രത്യേകമായി പ്രചരിപ്പിക്കാന്‍ സംഘങ്ങള്‍ ഒരുങ്ങുന്നതിനെപ്പറ്റിയും നാം എല്ലാവരും കേള്‍ക്കുന്നുണ്ടല്ലോ. ഇവിടെ എനിക്ക് ഒരു പഴയ കഥ ഓര്‍മ്മവരുന്നു. മദ്യപാനം പാപമായിട്ടാകുന്നു ഇന്ത്യക്കാര്‍ കരുതുന്നത്. എന്നാല്‍ രണ്ടു സഹോദരന്‍മാര്‍ക്കു ഒരു ദിവസം രാത്രി രഹസ്യമായി മദ്യം കഴിക്കണമെന്ന ആഗ്രഹം ഉണ്ടായി. അവരുടെ അമ്മാമന്‍, ഏറ്റവും ആചാരനിഷ്ഠന്‍, അവരുടെ മുറിക്കടുത്ത മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ട് മദ്യം കഴിപ്പാന്‍ തുടങ്ങുന്നതിന്നുമുമ്പ് ‘നാം ഒട്ടും ശബ്ദം ഉണ്ടാക്കരുത്, അമ്മാമന്‍ ഉണര്‍ന്നേയ്ക്കും’ എന്ന് അവര്‍ അന്യോന്യം പറഞ്ഞു കുടി തുടങ്ങി. പിന്നേയും അതുതന്നെ പറഞ്ഞു ശബ്ദം മുഴുത്തു: ‘ശബ്ദമുണ്ടാക്കേണ്ട, അമ്മാമന്‍ ഉണരും’ എന്ന് ഓരോരുത്തനും മറ്റേ ആളുടെ ശബ്ദം കവിച്ചു പറഞ്ഞുതുടങ്ങി, ശബ്ദം ബഹളമായി: അമ്മാമന്‍ ഉണര്‍ന്നു, അവരുടെ മുറിയില്‍ വന്നു, കാര്യം മനസ്സിലാക്കി. ഇപ്പോള്‍ നാം ഏതാണ്ട് ആ മദ്യപാനികളെപ്പോലെയാകുന്നു. ‘സര്‍വ്വസാഹോദര്യം! നാം സര്‍വ്വരും സമന്‍മാര്‍! അതുകൊണ്ട് നമുക്ക് ഒരു സംഘം ഉണ്ടാക്കുക.’ സംഘം ഉണ്ടാക്കിക്കഴിഞ്ഞാല്‍ അതു സര്‍വ്വസമത്വത്തിന്നു വിരുദ്ധമായി, പിന്നെ സമത്വമില്ല, മുഹമ്മദീയര്‍ സര്‍വ്വസാഹോദര്യം പ്രഖ്യാപനം ചെയ്യുന്നു. എന്നാല്‍ അതിന്റെ വാസ്തവമായി ഫലമെന്ത്? ചോദിപ്പാനുണ്ടോ? മുഹമ്മദീയനല്ലാത്ത ഒരാള്‍ക്കും അവരുടെ സംഘത്തില്‍ സ്ഥാനമില്ല: അയാളുടെ കഴുത്ത് അറുത്തു എന്നു വരുവാനാകുന്നു അധികം എളുപ്പം: ക്രിസ്ത്യന്‍മാരും സര്‍വ്വസാഹോദര്യം എന്നു പ്രസംഗിക്കുന്നുണ്ട്: എന്നാല്‍ ക്രിസ്ത്യനല്ലാത്തവര്‍ക്ക് അവര്‍ കല്പിക്കുന്ന സ്ഥാനമോ? അത് നിത്യം തോലുരിച്ചു ചുട്ടുപഴുപ്പിക്കുന്ന ആ ലോകം (നരകം) തന്നെ.
അങ്ങനെ സര്‍വ്വസാഹോദര്യവും സമത്വവും അന്വേഷിച്ചുകൊണ്ട് നാം ലോകയാത്ര തുടരുന്നു. ആവിധം പ്രസംഗം ഇനി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അല്പം സൂക്ഷിക്കണം. നിങ്ങളെപ്പറ്റി കരുതല്‍ വേണം, എന്നു പറയുവാന്‍ തോന്നുന്നു: എന്തുകൊണ്ടെന്നാല്‍, ആ പ്രസംഗങ്ങള്‍ക്കിടയില്‍ പലപ്പോഴും ഉള്ളത് മുഴുത്ത സ്വാര്‍ത്ഥമാണ്. ഹേമന്തകാലത്ത് ചിലപ്പോള്‍ ഒരു കാര്‍മേഘം പൊന്തിവരും, ഇടി പൊടിപൂരമായ് മുഴക്കും: മഴതുള്ളിപോലും വീഴുകയില്ല. എന്നാല്‍ വര്‍ഷകാലത്തിലെ മേഘം ശബ്ദിക്കയില്ല, ജലവര്‍ഷം പൊഴിക്കയും ചെയ്യും. അതുപോലെ മനുഷ്യസാഹോദര്യഭാവം ഹൃദയത്തില്‍ വാസ്തവമായും ഉള്ളവര്‍, യഥാര്‍ത്ഥകര്‍മ്മികള്‍, അധികം പ്രസംഗിക്കയില്ല, സാഹോദര്യസ്ഥാപനത്തിനു സംഘം രൂപീകരിക്കയില്ല: എന്നാല്‍ അവരുടെ പ്രവൃത്തികള്‍, അവരുടെ ചേഷ്ടകള്‍, അവരുടെ ജീവിതം, അവര്‍ക്ക് മനുഷ്യവര്‍ഗ്ഗത്തോടു സഹോദരഭാവം യഥാര്‍ത്ഥമായും ഉണ്ടെന്നും, അവര്‍ക്ക് പ്രേമവും സഹതാപവും ഉണ്ടെന്നും വെളിവായി പ്രകാശിപ്പിക്കും: അവര്‍ സംസാരിക്കുകയല്ല, പ്രവര്‍ത്തിക്കുകയാണ്: ജീവിക്കുകയാണ് ചെയ്യുന്നത്! ഈ ലോകത്തില്‍ നിരര്‍ത്ഥവാഗ്ധാടി കവിഞ്ഞിരിക്കുന്നു: സംസാരം ചുരുക്കവും ആത്മാര്‍ത്ഥമായ കര്‍മ്മം കുറച്ചുകൂടി അധികവും ആകുന്നു നമുക്കു വേണ്ടിയിരിക്കുന്നത്.
വിശ്വമതാദര്‍ശം – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – തുടരും.