ഇനി കര്‍മ്മദ്വാരാ ഭഗവത്പ്രാപ്തി വരുന്ന കര്‍മ്മയോഗം നോക്കുക. മനുഷ്യരില്‍ പലരും ഏതെങ്കിലും ഒരുതരം കര്‍മ്മംചെയ്‌വാന്‍ ജനിച്ചവരെപ്പോലെ തോന്നുന്നതു വ്യക്തമാണല്ലോ. അവരുടെ മനസ്സ് ചിന്താഭൂമികയില്‍മാത്രം ഏകാഗ്രപ്പെടുത്തുവാന്‍ സാദ്ധ്യമല്ല. ഇന്ദ്രിയഗ്രാഹ്യമായി സ്ഥൂലമായ കര്‍മ്മത്തില്‍ മാത്രമാകുന്നു അവരുടെ മനസ്സു നില്‍ക്കുന്നത്. ആവിധം ജീവിതത്തിനും ഒരു ശാസ്ത്രം ഉണ്ടായിരിക്കണം. നാം ഓരോരുത്തരും ഏതെങ്കിലും ഒരു കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ നമ്മളില്‍ ഭൂരിപക്ഷവും നമ്മുടെ ശക്തികളില്‍ അധികഭാഗത്തേയും ചിതറുകയാകുന്നു ചെയ്യുന്നത്. എന്തുകൊണ്ട്? നമുക്ക് കര്‍മ്മരഹസ്യം അറിഞ്ഞുകൂടാത്തതുകൊണ്ട്. ആ രഹസ്യമാകുന്നു കര്‍മ്മയോഗം ഉപദേശിക്കുന്നത്.
കര്‍മ്മം എങ്ങനെ ചെയ്യണം, എവിടെ ചെയ്യണം, ചെയ്യാനുള്ള കര്‍മ്മത്തില്‍ നമ്മുടെ ശക്തികള്‍ ഏറ്റവും ഫലപ്രദമാക്കി പ്രയോഗിക്കാവുന്നതു എങ്ങനെ – ഇവയാകുന്നു കര്‍മ്മയോഗം പഠിപ്പിക്കുന്നത്. ഈ രഹസ്യത്തോടൊന്നിച്ച് കര്‍മ്മത്തിന്നെതിരായ ഒരാക്ഷേപമുള്ളതുകൂടി ചിന്തിക്കണം. അതായത്, കര്‍മ്മം ദുഃഖജനമാകുന്നു എന്ന് ദുഃഖവും ക്ലേശവും എല്ലാം ശക്തിയില്‍നിന്നാണുണ്ടാകുന്നത്. എനിക്കു കര്‍മ്മം ചെയ്യണം, ഒരാള്‍ക്കു നന്മ ചെയ്യണം എന്നുണ്ട്: എന്നാല്‍ ഞാന്‍ ആരെ സഹായിക്കുന്നുവോ അയാള്‍ കൃതഘ്‌നനായി: എനിക്കു വിരോധിയും ആയിത്തീരുന്നു. തൊണ്ണൂറുശതമാനവും അങ്ങനെയാണ്. അതുനിമിത്തം എനിക്കു ദുഃഖമുണ്ടാകുന്നു. ഈ അവസ്ഥ മനുഷ്യരെ കര്‍മ്മവിമുഖന്‍മാരുക്കുകയും, ഈ ദുഃഖത്തെക്കുറിച്ചുള്ള ഭയം മനുഷ്യരുടെ കര്‍മ്മത്തിന്റെയും ശക്തിയുടെയും അധികഭാഗത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ കര്‍മ്മയോഗം നമ്മെ നിഷ്‌കാമമായും, നിസ്സംഗമായും ആരെ സഹായിക്കുന്നു, എന്തിനുവേണ്ടി സഹായിക്കുന്നു, എന്നുള്ള ചിന്ത കൂടാതേയും കര്‍മ്മം ചെയ്യേണ്ടത് എങ്ങനെ എന്നു പഠിപ്പിക്കുന്നു. കര്‍മ്മം ചെയ്യുന്നത് തന്റെ പ്രകൃതിയായതുകൊണ്ടും, അതു നന്മയാണെന്നു തോന്നുന്നതുകൊണ്ടും, അതിനപ്പുറം ഒന്നും ഗണിക്കാതെ കര്‍മ്മയോഗി കര്‍മ്മം ചെയ്യുന്നു. ഒരു ദാതാവിന്റെ നിലയാകുന്നു കര്‍മ്മയോഗിക്കുള്ളത്. ഒരിക്കലും ഒന്നും വാങ്ങുന്നവന്റേതല്ല. താന്‍ ദാനം ചെയ്യുന്നവനാണെന്ന് കര്‍മ്മയോഗിക്ക് അറിയാം. ഒന്നും പകരം ആവശ്യപ്പെടാത്തതുകൊണ്ട് അയാള്‍ ദുഃഖത്തിന്റെ പിടിയില്‍നിന്നു വഴുതിപ്പോകുന്നു. ദുഃഖം എപ്പോഴുണ്ടാകുന്നതായാലും അതു ആസക്തിയുടെ പ്രത്യാഘാതഫലമായിട്ടാണുണ്ടാകുന്നത്.
പിന്നെ ഭക്തിയോഗം. ഭക്തന് ഈശ്വരനോടു പ്രേമം ഉണ്ടാവണം എന്നതാണാവശ്യം. പലവിധ പൂജാസാമാഗ്രികളേയും അയാള്‍ സ്വീകരിക്കുന്നുണ്ട്. പുഷ്പം, ധൂപം, സുന്ദരമന്ദിരം, വിഗ്രഹം മുതലായവ – അതെല്ലാം തെറ്റാണെന്നോ നിങ്ങളുടെ ധാരണ? ഒരു വാസ്തവം നിങ്ങളോടു പറയേണ്ടതായിരിക്കുന്നു. നിങ്ങള്‍, ഈ രാജ്യത്തിലുള്ളവര്‍, പ്രത്യേകിച്ചും അതു ഓര്‍മ്മവെച്ചാല്‍ നന്ന്. പൗരാണികകഥകളും, ആരാധനസാമഗ്രികളും, അതിസുലഭമായിട്ടുള്ള മതശാഖകളില്‍നിന്നു മാത്രമാകുന്നു ഗംഭീരന്‍മാരായ അദ്ധ്യാത്മമഹാപുരുഷന്‍മാര്‍ ഉണ്ടായിട്ടുള്ളത്. രൂപകല്പനകളോ പൂജാവിധാനങ്ങളോ കൂടാതെ ഈശ്വരാരാധനയ്ക്കു ഉദ്യമിച്ചിട്ടുള്ള മതശാഖകളെല്ലാം മതത്തില്‍ മനോഹരവും ഗഹനവും ആയുള്ളതിനെ ഓരോന്നിനേയും നിര്‍ദ്ദയം ചതച്ചു കളയുകയാകുന്നു ചെയ്തിട്ടുള്ളത്. അവരുടെ മതം കവിഞ്ഞപക്ഷം ഒരു മതഭ്രാന്ത്, ഒരു ശുഷ്‌കവസ്തു ആയിട്ടുണ്ട്. ഇതിനു ലോകചരിത്രം നിത്യസാക്ഷിയുമാകുന്നു.
ആരാധനാസമ്പ്രദായങ്ങളേയും കഥകളേയും നിന്ദിക്കാതിരിക്കുക. അതുണ്ടായിരിക്കട്ടെ: അതിനു ആവശ്യമുള്ളവര്‍ അതുവെച്ചിരിക്കട്ടെ. എന്നാല്‍ ‘അവര്‍ വിഡ്ഢികളാണ്, അവര്‍ അതുപയോഗിച്ചുകൊള്ളട്ടെ,’ എന്നു പറഞ്ഞു നിന്ദാപൂര്‍വ്വവും അനുചിതവുമായ ആ പരിഹാസച്ചിരി പ്രകാശിപ്പിക്കാതിരിക്കുക. ആ ഭാവന ശരിയല്ല: ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള മഹത്തമന്‍മാര്‍, അദ്ധ്യാത്മതയില്‍ അത്യന്തം ആശ്ചര്യകരമായ വികാസം പ്രാപിച്ചവര്‍ എല്ലാ പേരും ഈ ക്രിയാകലാപസാധനകളില്‍ക്കൂടെ വന്നിട്ടുള്ളവരാകുന്നു. അവരുടെ പാരാന്തികത്തില്‍ ഇരിക്കാന്‍ എനിക്കു യോഗ്യതയുണ്ടെന്നു ഞാന്‍ കരുതുന്നില്ല: അവരെ ഞാന്‍ ആക്ഷേപിക്കുക! ഈ ഭാവനകള്‍ എങ്ങനെയാണ് മനുഷ്യഹൃദയത്തെ സ്പര്‍ശിക്കുന്നത്, അവയില്‍ ഏതിനേയാണ് ഞാന്‍ സ്വീകരിക്കേണ്ടത്, ഏതിനെയാണ് നിരസിക്കേണ്ടത്, എന്ന് എനിക്കു എങ്ങനെയറിയാം? ലോകത്തില്‍ ഓരോന്നിനേയും മതിയായ കാരണം കൂടാതെ അധിക്ഷേപിക്കാന്‍ നമുക്കു വാസനയുണ്ടാവാം. പുരാണകഥകളില്‍നിന്ന് നല്ല നല്ല പാഠങ്ങള്‍, വിശിഷ്ടമായ ജ്ഞാനോദയം ഉണ്ടാവാം: ജനങ്ങള്‍ക്കുവേണ്ടുവോളം കഥകള്‍ ഉണ്ടായിരിക്കട്ടെ.
വികാരപ്രധാനമായ പ്രകൃതിയുള്ളവര്‍ക്ക് തത്ത്വങ്ങളുടെ ലക്ഷണവും വിവരണവും ശ്രദ്ധേയമായി തോന്നുകയില്ല. അവര്‍ക്കു ഈശ്വരന്‍ – കാണ്മാനും കേള്‍പ്പാനും തൊട്ടറിവാനും സ്നേഹിപ്പാനും സാധിക്കുന്ന ഒരു മൂര്‍ത്തിയാണ്: ഈശ്വരന്‍ മാത്രമാകുന്നു അവര്‍ക്കു സത്യവസ്തു. അവര്‍ക്കു ആ ഭാവനയുണ്ടായിരിക്കട്ടെ. ഭംഗിയുള്ള ഒരു പ്രതിമകണ്ടപ്പോള്‍ അതു എന്തുകൊണ്ടുണ്ടാക്കപ്പെട്ടതാണെന്നറിവാന്‍ അതിനെ തച്ചുടയ്ക്കുവാന്‍ കോപ്പിട്ട ഒരു വിഡ്ഢിയെപ്പോലെയാകുന്നു നിങ്ങളുടെ വിചാരശീലക്കാരന്‍. ഈശ്വരനെ എങ്ങനെയാണ് സ്നേഹിക്കുന്നത് എന്നാകുന്നു ഭക്തിയോഗം പഠിപ്പിക്കുന്നത്. മറ്റൊരു കാര്യാര്‍ത്ഥവുമല്ലാതെ, ഈശ്വരനെയും നന്മയേയും സ്നേഹിക്കുക, അങ്ങനെ ചെയ്യുന്നത് നല്ലതാണെന്നുള്ളതു കൊണ്ടുമാത്രം. അതു സ്വര്‍ഗ്ഗപ്രാപ്തിക്കല്ല, സമ്പത്തോ സന്തതിയോ മറ്റു വല്ലതുമോ സിദ്ധിക്കാനല്ല. പ്രേമത്തിന്റെ ഫലം പ്രേമം തന്നെയാണ്: ഈശ്വരന്‍തന്നെ പ്രേമമാണ്: ഇതാകുന്നു ഭക്തി യോഗപാഠം.
സ്രഷ്ടാവ്, സര്‍വ്വഗന്‍, സര്‍വ്വജ്ഞന്‍, സര്‍വ്വശക്തന്‍, സര്‍വ്വേശ്വരന്‍, പിതാവ്, മാതാവ്, എന്നീ സര്‍വ്വവിധവിശേഷണങ്ങളും ഈശ്വരനില്‍ കല്പിക്കാന്‍ ഭക്തിയോഗം ഉപദേശിക്കുന്നുണ്ട്. ഈശ്വരവിശേഷണമായി പറയാവുന്ന പരമപദം, ഈശ്വരനെക്കുറിച്ചു മനുഷ്യമനസ്സിന്നുണ്ടാകാവുന്ന പരമഭാവന, ഈശ്വരന്‍ പ്രേമസ്വരൂപന്‍ എന്നാകുന്നു, പ്രേമം എവിടെയുണ്ടോ അവിടെ ഈശ്വരന്‍ ഉണ്ട്. ഭര്‍ത്താവ് ഭാര്യയെ ചുംബിക്കുമ്പോള്‍ ആ ചുംബനത്തില്‍ ഈശ്വരനുണ്ട്. മാതാവ് ശിശുവിനെ ചുംബിക്കുമ്പോള്‍ ഈ ചുംബനത്തിലും ഈശ്വരനുണ്ട്. സ്നേഹിതന്‍മാര്‍ അന്യോന്യം കൈകൊടുക്കുമ്പോള്‍ അവിടെയും ഈശ്വരന്‍ പ്രേമസ്വരൂപനായി വിളങ്ങുന്നുണ്ട്. ഒരു മഹാന്‍ ജനതയെ സ്നേഹിച്ചു സഹായിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവിടെ ഈശ്വരന്‍ മനുഷ്യപ്രേമം നിമിത്തം തന്റെ പ്രേമനിധി സൗജന്യമായി ചൊരിഞ്ഞുകൊടുക്കുകയാകുന്നു. ഹൃദയവികാസം എവിടെയുണ്ടോ അവിടെ ഈശ്വരന്‍ പ്രത്യക്ഷമായുണ്ട്. ഇതാകുന്നു ഭക്തിയോഗോപദേശം.
അവസാനമായി വരുന്നു ജ്ഞാനയോഗി, തത്ത്വാന്വേഷകന്‍, വിചാരശീലന്‍, ദൃശ്യപ്രപഞ്ചത്തെ കടന്നു പോവാന്‍ ആഗ്രഹിക്കുന്നവന്‍, ലോകത്തിലുള്ള ക്ഷുദ്രപദാര്‍ത്ഥങ്ങളെക്കൊണ്ട് അയാള്‍ക്കു തൃപ്തിയില്ല. ആഹാരാദിനിത്യവൃത്തികളെ കടന്നു പോകണം, അനേകസഹസ്രഗ്രന്ഥാനുശാസനവും സര്‍വ്വശാസ്ത്രങ്ങളും ഒത്തുചേര്‍ന്നാലും അവ കാണിച്ചുതരുന്നത് ഈ ക്ഷുദ്രലോകത്തെ മാത്രം: അതും തൃപ്തികരമല്ല. ആ മനുഷ്യനെ തൃപ്തിപ്പെടുത്തുവാന്‍ എന്തിനു കഴിയും? ബ്രഹ്മാണ്ഡകോടികള്‍പോലും സത്ത്വസമുദ്രത്തിലെ ഒരു കണമേ ആകുന്നുള്ളൂ. അവയും തൃപ്തികരമല്ല, ആ മനുഷ്യന്റെ ഹൃദയം, ഇതെല്ലാം അതിലംഘിച്ച് സത്തയെ സത്തയുടെ നിലയില്‍ ദര്‍ശിച്ച്, അതിനെ സാക്ഷാത്കരിച്ച്, അതായിത്തീര്‍ന്ന്, അതിനോട് കേവലസായുജ്യം പ്രാപിക്കണം എന്നു ആഗ്രഹിക്കുന്നു. അതാകുന്നു തത്ത്വജ്ഞാനിയുടെ നില. ഈശ്വരനെ ജഗത്പിതാവ്, മാതാവ്, സ്രഷ്ടാവ്, നിയന്താവ്, ഗുരു എന്നെല്ലാം പറയുന്നത് ഒന്നും ഈശ്വരനെ പൂര്‍ണ്ണമായി നിര്‍വ്വചിക്കാന്‍ ഒട്ടും മതിയാവില്ല എന്ന് ജ്ഞാനി വിചാരിക്കുന്നു. ജ്ഞാനിക്ക് ഈശ്വരന്‍ തന്റെ ജീവന്റെ ജീവന്‍, ആത്മാവിന്‍െ ആത്മാവ്, സ്വന്തം ആത്മാവു തന്നെ ഈശ്വരന്‍: അതല്ലാത്ത മറ്റൊന്നും ശേഷിക്കുന്നില്ല. ജ്ഞാനി തന്നിലുളള മര്‍ത്ത്യഭാഗങ്ങളെ എല്ലാം തത്ത്വവിചാരമാകുന്ന കനത്ത പ്രഹരംകൊണ്ട് ഇടിപൊടിയാക്കി തള്ളിക്കളയുന്നു. ഒടുവില്‍ ഉള്ളതായി അവശേഷിക്കുന്നത് ഈശ്വരന്‍ മാത്രം.
വിശ്വമതാദര്‍ശം – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – തുടരും.