സ്വാമി വിവേകാനന്ദന്‍

ഈശ്വരപ്രകാശം നമുക്ക് അനുഭവമാകുന്നതിനു ചെയ്യുന്ന പരിശ്രമത്തേക്കാള്‍ പ്രിയതരമായ പരിശ്രമം മനുഷ്യഹൃദയത്തിനു വേറെയില്ല. ഈശ്വരന്‍, ജീവന്‍, മനുഷ്യനിയതി, എന്നിവയെ പഠിക്കുവാന്‍ വേണ്ടിയുണ്ടായിട്ടുള്ള പരിശ്രമത്തോളം മറ്റൊരു വിഷയത്തിലും പരിശ്രമം മുന്‍കാലങ്ങളിലും ഇക്കാലത്തും ഉണ്ടായിട്ടില്ല. നാം നമ്മുടെ നിത്യജോലികളിലും ഉത്കര്‍ഷേച്ഛകളിലും കൃത്യങ്ങളിലും പരമപ്രയത്‌നങ്ങളുടെ മദ്ധ്യത്തിലും എത്ര നിമഗ്‌നരായിരുന്നാലും ചില സമയങ്ങളില്‍ ഒരു വിരാമം ഉണ്ടാകും: മനസ്സ് ഒന്നു പിന്‍മാറിനിന്ന് ഈ ലൗകികവ്യവഹാരങ്ങള്‍ക്കപ്പുറം വല്ലതും ഉണ്ടോ എന്നറിയുവാന്‍ ആഗ്രഹിക്കും. അങ്ങനെ ചില സമയങ്ങളില്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള ലോകത്തിന്റെ ഒരു നോട്ടം നമുക്കുണ്ടാകും: അപ്പോള്‍ അതിനെ പ്രാപിപ്പാനുള്ള പ്രയത്‌നവും ഉണ്ടാകും. ഇത് ഏതു കാലത്തും ഏതു രാജ്യത്തിലും ഉണ്ടായിരുന്നിട്ടുള്ളതാകുന്നു. മനുഷ്യന് അപ്പുറത്തേയ്ക്കു നോക്കണം, തന്നത്താന്‍ വികസിക്കണം: അങ്ങനെ മനുഷ്യഗതിയേയും ഈശ്വരനെയും കുറിച്ചുള്ള അന്വേഷണം ഏതു തോതില്‍ ഉണ്ടായിട്ടുണ്ടോ ആ തോതില്‍ മാത്രമാകുന്നു പുരോഗതിയെന്നും പരിണാമമെന്നും പറയുന്നതെല്ലാം ഗണിക്കപ്പെട്ടിരിക്കുന്നത്.

ഓരോ രാജ്യത്തിലും, ഓരോ ജനസമുദായത്തിന്റെ യത്‌നവിശേഷങ്ങളെ ക്രോഡീകരിച്ചു കാണിക്കുന്നത് അതാതു സമുദായത്തിലെ സംഘടനകളാണ്. അതുപോലെ അദ്ധ്യാത്മയത്‌നവിശേഷങ്ങളെ കാണിക്കുന്നതു ഓരോ മതവും ആകുന്നു. വിഭിന്ന ജനസമുദായങ്ങള്‍ സദാ പരസ്പരം കലഹിച്ചു പോരാടുന്നതുപോലെ മതസമുദായങ്ങളും പരസ്പരം സദാ കലഹിച്ചു പോരാടിവരുന്നു. യഥേഷ്ടം ജീവിതം നയിപ്പാന്‍ അവകാശം തങ്ങള്‍ക്കു മാത്രമാണെന്നു ഒരു ജനസമുദായത്തില്‍പ്പെട്ട മനുഷ്യന്‍ അവകാശപ്പെടുകയും അവര്‍ക്കു കഴിവുള്ളേടത്തോളം കാലം ദുര്‍ബ്ബലസമുദായങ്ങളെ അമര്‍ത്തിവെച്ച് അവര്‍ക്കു മാത്രമാണെന്നു പറയുന്ന ആ അധികാരം നടത്തിവരികയും ചെയ്യുന്നു. ഓരോ മതശാഖയും അതിനു മാത്രമേ നിലനില്പിന്നവകാശമുള്ളൂ എന്നു ശഠിക്കുന്നുണ്ട്.

മനുഷ്യനു മതം ചെയ്തിട്ടുള്ളതിനെക്കാള്‍ അധികം അനുഗ്രഹം മറ്റൊന്നും ചെയ്തിട്ടില്ല. അതേ സമയത്തു മതം ചെയ്തിട്ടുള്ളതിനെക്കാള്‍ അധികം നിഗ്രഹവും മറ്റൊന്നും ചെയ്തിട്ടില്ല. ശാന്തിയും സൗഹാര്‍ദ്ദവും സ്ഥാപിക്കാന്‍ മതത്തേക്കാളധികം മറ്റൊന്നും ഇടയാക്കീട്ടില്ല; കഠിനവിദ്വേഷം ജനിപ്പിക്കാനും മതത്തെക്കാള്‍ അധികം മറ്റൊന്നും നിമിത്തമായിട്ടില്ല. മനുഷ്യസാഹോദര്യം അധികം അനുഭവത്തില്‍ വരുത്തിയിട്ടുള്ളത് മതത്തെപ്പോലെ മറ്റൊന്നുമല്ല; മനുഷ്യനു മനുഷ്യനോടു കഠോരവൈരം വളര്‍ത്തിയിട്ടുള്ളതും മതത്തെപ്പോലെ മറ്റൊന്നുമല്ല. മതം കാരണമായേര്‍പ്പെടുത്തിയിട്ടുള്ളതിനെക്കാള്‍ അധികം ധര്‍മ്മസ്ഥാപനങ്ങളും, മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കുപോലും, ആസ്പത്രികളും മറ്റൊന്നുകൊണ്ടും ഉണ്ടായിട്ടില്ല; ഭൂമിയില്‍ അധികരക്തപ്രളയം ഉണ്ടാക്കിയിട്ടുള്ളതും മതംപോലെ മറ്റൊന്നുമല്ല.

മതശാഖകള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതെ മത്‌സരിച്ചുവന്നിട്ടുള്ള കാലത്തെല്ലാം ഒരു വിചാരധാര അന്തര്‍വാഹിനിയായി ഉണ്ടായിരുന്നിട്ടുണ്ട്. ഈ പരസ്പരവിദ്വേഷികളായ ശാഖകള്‍ക്കു തമ്മില്‍ ഒരു രഞ്ജിപ്പു ഉളവാക്കണം എന്ന് തത്ത്വചിന്തകന്‍മാരും വിവിധ മതതാരതമ്യനിരൂപകന്‍മാരും ഓരോ സംഘങ്ങളായി ഏതു കാലത്തും വിചാരിച്ചിരുന്നിട്ടുണ്ട്. ചില രാജ്യങ്ങളില്‍ അവരുടെ ആവക ശ്രമങ്ങള്‍ സഫലങ്ങളായി; എന്നാല്‍ ലോകം ഒട്ടാകെ നോക്കുമ്പോള്‍ ശ്രമങ്ങള്‍ വിഫലങ്ങളായിട്ടേ ഉള്ളൂ. എല്ലാ മതശാഖകളെയും നിലനില്‍ക്കാന്‍ അനുവദിക്കണം, അവയില്‍ ഓരോന്നിലും ഒരു സാരാംശം, ഒരു മഹത്തായ ആശയം, ഇരിപ്പുണ്ട്; അതുകൊണ്ട് അവ ലോകത്തിന്റെ നന്മയ്ക്കു ആവശ്യമാണ്; അവയെ സഹായിക്കേണ്ടതുമാണ്; എന്ന ബോധം തികവായും ഉള്ള ചില മതങ്ങള്‍ അതിപ്രാചീന കാലംമുതല്‍ നിലനിന്നു വന്നിരിക്കുന്നു. ഇന്നും ഈ അഭിപ്രായത്തിനു പ്രചാരമുണ്ട്. അതിനെ നടപ്പില്‍ വരുത്തുവാന്‍ ശ്രമങ്ങളുമുണ്ട്. പക്ഷേ ശ്രമങ്ങള്‍ എല്ലായ്‌പോഴും നമ്മുടെ പ്രതീക്ഷയ്ക്കു ഒപ്പം എത്തുന്നില്ല; സഫലതയ്ക്കു ആവശ്യമായ കാര്യക്ഷമതയുണ്ടാകുന്നില്ല. എന്നുമാത്രമല്ല ചിലപ്പോള്‍ അതു വഴിക്കു നമ്മുടെ കലഹം മൂക്കുകയാകുന്നു എന്നു കണ്ട് നമുക്കു വലുതായ ആശാഭംഗം ഉണ്ടാകുന്നതുമുണ്ട്.

ഇപ്പോള്‍ മതസിദ്ധാന്തപഠനം നിര്‍ത്തിവെച്ച് മതങ്ങളെക്കുറിച്ച് സാമാന്യമായി ഒന്നു വിചാരിച്ചുനോക്കുക. അങ്ങനെ നോക്കുമ്പോള്‍ ലോകത്തിലുള്ള പ്രധാനമതങ്ങളില്‍ എല്ലാറ്റിലും ഒരു മഹത്തായ ജീവശക്തി ഉണ്ട് എന്നു ആദ്യമേ കാണാം. എന്നാല്‍ ഈ സംഗതി ഞങ്ങള്‍ക്കു അറിഞ്ഞുകൂടെന്നു ചിലര്‍ പറയുമായിരിക്കും. അറിയായ്ക നിമിത്തം ഉള്ളത് ഇല്ലാതാകയില്ല. ‘ലോകത്തില്‍ എന്തെല്ലാം നടക്കുന്നു എന്ന് എനിക്കറിവില്ല; അതുകൊണ്ട് അതൊന്നും ഉള്ളതല്ല,’ എന്ന് ഒരാള്‍ പറയുന്നതായാല്‍ അയാളുടെ വാക്കിനു യാതൊരു വിലയും ഇല്ലല്ലോ. സര്‍വ്വരാജ്യങ്ങളിലേയും മതതത്ത്വചിന്താഗതി നോക്കിക്കാണുന്നതായാല്‍ ലോകത്തിലെ പ്രധാനമതങ്ങളില്‍ ഒന്നെങ്കിലും നശിച്ചു പോയില്ലെന്നു തീര്‍ച്ചയായും അറിയാം; നശിച്ചുപോയിട്ടില്ലെന്നു മാത്രമല്ല, ഓരോ മതവും മുന്നോട്ടു പോകുകയാകുന്നു എന്നും കാണാം. ക്രിസ്ത്യാനികള്‍ വര്‍ദ്ധിക്കുന്നു. മുഹമ്മദീയര്‍ വര്‍ദ്ധിക്കുന്നു. ഹിന്ദുക്കളുടെ നില വിസ്തൃതമാകുന്നു, യഹൂദരരും പെരുകുന്നു. ലോകമെങ്ങും വ്യാപിച്ചും അതിവേഗത്തില്‍ പെരുകിയും യഹൂദമണ്ഡലം നിരന്തരം വികസിച്ചുവരുന്നു.

ലോകത്തില്‍ ഒരു മതം മാത്രം – പുരാതനവും പ്രധാനവുമായ ഒന്ന് അതായത് പുരാതന പേര്‍ഷ്യക്കാരുടെ മതമായ ജരദുഷ്ട്രമതം മാത്രം ക്ഷയിച്ചിരിക്കുന്നു. മുഹമ്മദര്‍ പേര്‍ഷ്യാരാജ്യം പിടിച്ചടക്കിയപ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ഷ്യര്‍ ഇന്ത്യയില്‍ വന്നു ശരണം നേടി. ഏതാനും പേര്‍ പേര്‍ഷ്യയില്‍ത്തന്നെയായിരുന്നു. അവിടെയിരുന്നവര്‍ മുഹമ്മദീയരുടെ നിരന്തരദ്രോഹം നിമിത്തം ക്ഷയിച്ച് ഇപ്പോള്‍ അവര്‍ കവിഞ്ഞത് ഒരു പതിനായിരത്തോളമേയുള്ളൂ. ഇന്ത്യയില്‍ അവര്‍ എണ്‍പതിനായിരത്തോളമുണ്ട്. അവര്‍ വര്‍ദ്ധിക്കുന്നില്ല. ഒന്നാമത്തെ സംഗതി അവര്‍ അന്യരെ സ്വമതത്തിലേയ്ക്കു എടുക്കുന്നില്ല; പിന്നെ സഗോത്രവിവാഹം എന്ന ദോഷകാരചാരം, അതു നിമിത്തം ഇവിടെയുള്ള ചുരുക്കം ജനസംഖ്യ വര്‍ദ്ധിക്കുന്നതുമില്ല. ഈ ഒരു മതം ഒഴികെ ഇതരപ്രധാനമതങ്ങള്‍ എല്ലാം നിലനില്‍ക്കുന്നു, പരക്കുന്നു, പെരുകുന്നു.

ഈ എല്ലാ പ്രധാന മതങ്ങളും വളരെ പുരാതനങ്ങളാകുന്നു എന്ന് ഓര്‍മ്മ വേണം. ഒന്നും ഇക്കാലത്തുണ്ടായതല്ല. ഈ ലോകമഹാമതങ്ങള്‍ ഓരോന്നും ഗംഗാനദിക്കും യൂഫ്രട്ടീസ് നദിക്കും മദ്ധ്യേയുള്ള ഭൂമിയില്‍ ഉദ്ഭവിച്ചതാണെന്നും ഓര്‍മ്മവെയ്ക്കുക. ഒരു മഹാമതമെങ്കിലും യൂറോപ്പില്‍ ഉദ്ഭവിച്ചിട്ടില്ല. ഒന്നുപോലും അമേരിക്കയിലും ഇല്ല. ഏതു മതവും ഏഷ്യയില്‍ ഉണ്ടായതും അവിടേയ്ക്കു ചേര്‍ന്നതുമാകുന്നു. ശേഷിയുള്ളതു ശേഷിക്കും എന്നുള്ള തത്ത്വംകൊണ്ടാകുന്നു ബലം നിര്‍ണ്ണയിക്കേണ്ടത് എന്ന് ആധുനിക പ്രകൃതിശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് ശരിയാകുന്നു. എങ്കില്‍ ഈ മതങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതുകൊണ്ട് അവ ചില ജനങ്ങള്‍ക്കെങ്കിലും ഇപ്പോഴും സപ്രയോജനമാണെന്നു തെളിയിക്കുന്നു. അവയുടെ നിലനില്പിനു മതിയായ കാരണമുണ്ട്, അവ പലര്‍ക്കും നന്മചെയ്യുന്നതുമുണ്ട്. മുഹമ്മദീയരെ നോക്കുക, അവര്‍ ദക്ഷിണേഷ്യയില്‍ പരന്നുകൊണ്ടേയിരിക്കുന്നു. യഹൂദര്‍ എന്നപോലെ ഹിന്ദുക്കളും മതപരിവര്‍ത്തനം ചെയ്യുന്നില്ലെങ്കിലും സാവധാനത്തില്‍ അന്യവര്‍ഗ്ഗങ്ങള്‍ ഹിന്ദുമതമണ്ഡലത്തില്‍ ചേര്‍ന്നു ഹിന്ദുക്കളുടെ നടപടിയും ആചാരവും അനുസരിച്ച് ഹിന്ദുക്കളായിത്തീരുന്നുണ്ട്.

ക്രിസ്തുമതം പരക്കുന്നത് നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ അതിനുള്ള ഫലം യത്‌നാനുരൂപമാകുന്നുണ്ടോ എന്ന് എനിക്കു തീര്‍ച്ചയില്ല. ക്രിസ്ത്യന്‍ പ്രചാരണ ജോലിയില്‍ ഒരു വലിയ ന്യൂനതയുണ്ട്. അതു പാശ്ചാത്യസമ്പ്രദായങ്ങളില്‍ എല്ലാറ്റിലും ഉണ്ട്: പ്രചരണയന്ത്രത്തില്‍ വ്യയം ചെയ്തുപോകുന്നു, യത്‌നത്തിന്റെ തൊണ്ണൂറു ശതമാനവും. പ്രചരണയന്ത്രം ആവശ്യത്തിലേറെയുമുണ്ട്. ധര്‍മ്മപ്രവചനം ഏഷ്യക്കാരുടെ ജോലിയാകുന്നു. സമുദായക്കെട്ട്, പട്ടാളം, ഭരണകൂടം മുതലായ സംഘടനാവിഷയത്തില്‍ പാശ്ചാത്യര്‍ കെങ്കേമന്‍മാര്‍തന്നെ. എന്നാല്‍ ധര്‍മ്മപ്രവചനകാര്യത്തില്‍ വരുമ്പോള്‍ അവര്‍ ഏഷ്യക്കാരുടെ അടുത്തെത്തുകയില്ല. അതു ഏഷ്യക്കാരന്റെ നിരന്തരശ്രമമായിരുന്നിട്ടുണ്ട്. അതിന്റെ മര്‍മ്മം അയാള്‍ക്കറിയാം; ആവശ്യത്തിലധികം പ്രചരണയന്ത്രം ഉപയോഗിക്കയും ഇല്ല.

അപ്പോള്‍ ഈ ഒരു സംഗതി, പ്രധാനമതങ്ങള്‍ എല്ലാം നിലനില്‍ക്കുകയും പരക്കുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്നുള്ളത്, മനുഷ്യവര്‍ഗ്ഗത്തിന്റെ ആധുനികചരിത്രത്തില്‍ ഒരു വാസ്തവസംഗതിയാകുന്നു. ഇതിനു തീര്‍ച്ചയായും ഒരര്‍ത്ഥമുണ്ട്. ഒരു മതമേ നിലനില്‍ക്കാവൂ എന്നും മറ്റുള്ളവയെല്ലാം നശിക്കണമെന്നും ആയിരുന്നു സര്‍വ്വജ്ഞനും സര്‍വ്വകാരുണികനുമായ ഈശ്വരന്റെ ഇച്ഛയെങ്കില്‍ അതു വളരെ വളരെ മുമ്പു നടപ്പിലാകുമായിരുന്നു. ഈ മതങ്ങളില്‍ ഒന്നേ സത്യമായതുള്ളൂ എന്നതു വാസ്തവമാണെങ്കില്‍ അതു ഈ കാലത്തിന്നിടയില്‍ സര്‍വ്വവ്യാപിയാകുമായിരുന്നു. അങ്ങനെ സംഭവിച്ചിട്ടില്ല, ഒരു മതവും മറ്റെല്ലാറ്റിനേയും ഗ്രസിച്ചിട്ടില്ല: എല്ലാ മതങ്ങളും ചിലപ്പോള്‍ പുരോഗമിക്കും: ചിലപ്പോള്‍ ക്ഷയിക്കും. ഇപ്പോള്‍ ഇതൊന്നാലോചിക്കുക. നിങ്ങളുടെ രാജ്യത്തു ആറുകോടി ജനങ്ങളുണ്ട്. ഇതില്‍ രണ്ടുകോടി പത്തുലക്ഷമേ ഏതെങ്കിലും മതാനുസാരികളുമായിട്ടുള്ളൂ. മതത്തിനു എക്കാലവും അഭിവൃദ്ധിയില്ല എന്ന് അതുകൊണ്ട് തെളിയുന്നു. കണക്കെടുത്തു നോക്കുന്നതായാല്‍ മതങ്ങള്‍ ചിലപ്പോള്‍ മുന്നോട്ടും ചിലപ്പോള്‍ പിന്നോട്ടും പോകുന്നുണ്ട് എന്ന് ഏതു രാജ്യത്തിലും പക്ഷേ കാണാം. എന്നാല്‍ മതശാഖകള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്.

സത്യം സമ്പൂര്‍ണ്ണമായും ഇതിലുണ്ട്: ഈ സമ്പൂര്‍ണ്ണസത്യവും ഒരു ഗ്രന്ഥത്തിലാക്കി ഈശ്വരന്‍ തന്നിരിക്കുന്നു, എന്നു ഘോഷിക്കുന്ന മതവാദം സത്യമാണെങ്കില്‍ അതില്‍ അനേകം ശാഖകള്‍ എങ്ങനെയുണ്ടായി? ഒരു അമ്പതുകൊല്ലം കഴിയുന്നതിനുമുമ്പ് ഒരേ ഗ്രന്ഥത്തെ ആസ്പദമാക്കി ഇരുപതു ശാഖകളുണ്ടാകുന്നുണ്ട്. ഈശ്വരന്‍ സത്യം മുഴുവനും ഒരു ഗ്രന്ഥത്തില്‍ നിക്ഷേപിച്ചിരിക്കുന്നു എങ്കില്‍ അതു നമുക്കു തരുന്നത് അതിലുള്ള വാക്യങ്ങളെപ്പറ്റിത്തന്നെ നാം കലഹിക്കട്ടെ എന്നു വെച്ചായിരിക്കുകയില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അങ്ങനെണെന്നു കാണാം. അതു എന്തുകൊണ്ട്? ഇനി, മതതത്ത്വം മുഴുവന്‍ അടങ്ങിയ ഒരു ഗ്രന്ഥം ഈശ്വരന്‍ നമുക്കു തന്നു എന്നിരുന്നാലും അതുകൊണ്ട് ഉദ്ദേശം സാധിക്കയില്ല. എന്തുകൊണ്ടെന്നാല്‍ ആ ഗ്രന്ഥാര്‍ത്ഥം ഗ്രഹിക്കാന്‍ ആരുമുണ്ടാകയില്ല. ഉദാഹരണത്തിന്ന് ബൈബിള്‍ഗ്രന്ഥവും അതിനെ ആസ്പദിച്ചുണ്ടായിട്ടുള്ള വിവിധശാഖകളും എടുക്കുക. ഒരേ വാക്യത്തില്‍ ഓരോ ശാഖയും അതിന്റെ സ്വന്തമായ അര്‍ത്ഥം കല്പിക്കുന്നു: ആ അര്‍ത്ഥം മാത്രം ശരി, മറ്റതെല്ലാം തെറ്റ്, എന്നു പറയുകയും ചെയ്യുന്നു. ഓരോ മതത്തിന്റേയും കാര്യം ഇതുതന്നെ. മുഹമ്മദീയരുടെ ഇടയില്‍ അനേകം ശാഖകളുണ്ട്. ബൗദ്ധരുടെ ഇടയിലുമുണ്ട്: ഹിന്ദുക്കളുടെ ഇടയില്‍ നൂറുനൂറായിട്ടുമുണ്ട്. ഈ വാസ്തസംഗതികള്‍ നിങ്ങളുടെ മുമ്പാകെ വെയ്ക്കുന്നത്, ആത്മവിഷയത്തില്‍ സര്‍വ്വമനുഷ്യരുടേയും ചിന്ത ഒരേ വിധത്താലാക്കുവാന്‍ ചെയ്യുന്ന ഏതു ശ്രമവും പരാജയപ്പെട്ടുവന്നിരിക്കുന്നു, എപ്പോഴും പരാജയപ്പെടുകയും ചെയ്യും എന്നു കാണിപ്പാനാകുന്നു.

ഈ കാലത്ത് പോലും ഒരു (പുതിയ) സിദ്ധാന്തസ്ഥാപകന്‍ തന്റെ അനുചരന്‍മാരുടെ അടുക്കല്‍നിന്നു വിട്ടു ഇരുപതു നാഴിക ദൂരം ചെല്ലുമ്പോഴേയ്ക്കു, അനുചരന്‍മാര്‍ ഇരുപതു ശാഖകള്‍ ഉണ്ടാക്കും എന്നു കാണാം. ഇതു ഏതു കാലത്തും സംഭവിക്കുന്നതാകുന്നു: സര്‍വ്വരും ഒരേ ആശയങ്ങളോടു യോജിച്ചു നില്‍ക്കുകയില്ല. ഇതു വാസ്തവമാണ്. ഈശ്വരാനുഗ്രഹവുമാണ്, എന്നു ഞാന്‍ വിചാരിക്കുന്നു, ഞാന്‍ ഒരു ശാഖയ്ക്കും എതിരല്ല. ശാഖകള്‍ ഉണ്ടെന്ന് ഞാന്‍ സന്തോഷിക്കയും അവ വര്‍ദ്ധിച്ചു വരണമെന്ന് ആഗ്രഹിക്കകയും ചെയ്യുന്നു എന്തുകൊണ്ട്? നിങ്ങളും ഞാനും ഇവിടെയുള്ളവര്‍ എല്ലാവരും ശരിക്ക് ഒരേ വിധത്തില്‍ ചിന്തിക്കുന്നതായാല്‍ പിന്നെ നമുക്കു ചിന്തിക്കാന്‍ ഒന്നുമുണ്ടാകയില്ല.

രണ്ടോ അധികമോ ശക്തികളുടെ സംഘട്ടനം മൂലമേ ചലനം ഉണ്ടാകയുള്ളൂ എന്നു നമുക്കറിയാം. അതുപോലെ ചിന്തകളുടെ സംഘട്ടനം, ചിന്താവൈവിധ്യം, ആകുന്നു ചിന്തകളെ ഉണര്‍ത്തുന്നത്. സര്‍വ്വരും ഒന്നുപോലെ ചിന്തിച്ചാല്‍ നാം ഈജിപ്തിലെ മമ്മികള്‍ (സംരക്ഷിതശവശരീരങ്ങള്‍) അന്യോന്യം ശൂന്യദൃഷ്ടിയോടുകൂടി കാഴ്ചബംഗ്ലാവില്‍ ഇരിക്കുന്നതുപോലെയാകും: അതില്‍ കവിഞ്ഞ നിലുണ്ടാകയില്ല. ഭ്രമണങ്ങളും ചുഴികളും ചൈതന്യമുള്ള സരിത്തിലേ ഉണ്ടാകയുള്ളൂ. മൃതപ്രായം കെട്ടിനില്‍ക്കുന്ന ജലത്തില്‍ ചുഴിയും ചലനവും ഇല്ല. ജീവസ്സറ്റ മതത്തില്‍ പിന്നെ ശാഖകള്‍ പൊന്തുകയില്ല, ശവക്കുഴിയിലെപ്പോലെ കേവലശാന്തിയും സമരസവും ആയിരിക്കും അത്. മനുഷ്യര്‍ ചിന്തിക്കുന്ന കാലത്തോളം ശാഖകളും ഉണ്ടാകും. വിവിധത്വമാകുന്നു ജീവിതലക്ഷണം. അതുണ്ടായിരിക്കണം, എത്ര മനുഷ്യരുണ്ടോ അത്ര ശാഖകള്‍ ഉണ്ടായിത്തീര്‍ന്ന് ഓരോ മനുഷ്യനും സ്വന്തമായ ഒരു രീതി, പ്രത്യേകമായ മതചിന്താ സമ്പ്രദായം, ഉണ്ടാകത്തക്കവിധം ശാഖകള്‍ വര്‍ദ്ധിച്ചുവരണമെന്നാകുന്നു എന്റെ പ്രാര്‍ത്ഥന.

വിശ്വമതസാദ്ധ്യത (കാലിഫോര്‍ണിയയില്‍ പാസഡീന യൂനിവേഴ്‌സലിസ്റ്റ് പള്ളിയില്‍വെച്ചു 1900 ജനുവരി 28നു ചെയ്ത പ്രസംഗം) – – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – തുടരും