സ്വാമി വിവേകാനന്ദന്‍

ഈ ന്യൂയോര്‍ക്ക് നഗരത്തില്‍ ഉത്തമ മതപ്രചാരകന്‍മാരില്‍ ഒരാള്‍ പറയുന്നതു ഒന്നു കേള്‍പ്പിന്‍. അദ്ദേഹം പറയുന്നു, “ഫിലിപ്പൈന്‍ ദ്വീപുകാരെ ജയിച്ചു കീഴടക്കണം: എന്തുകൊണ്ടെന്നാല്‍, അവരെ ക്രിസ്തുമതം പഠിപ്പിക്കാന്‍ അതേ വഴിയുള്ളൂ,’ എന്ന്! അവര്‍ ഇപ്പോള്‍ത്തന്നെ കത്തോലിക്കക്രിസ്ത്യന്‍മാരാണ്: പക്ഷേ അവരെ പ്രെസ്ബറ്റേറിയന്‍ ശാഖക്കാരാക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതിനുവേണ്ടി രക്തം ചൊരിയുന്ന ഘോരമഹാപാപം സ്വന്തം (അമേരിക്കന്‍) വര്‍ഗ്ഗത്തില്‍ ചുമത്തുവാന്‍ അദ്ദേഹം ഒരുക്കം! എത്ര ഭയങ്കരം! ഈ രാജ്യത്തിലെ ഏറ്റവും വലിയ പ്രചാരകന്‍മാരില്‍ ഒരാളാകുന്നു ഈ മനുഷ്യന്‍: വിവിധവിഷയവിജ്ഞാനിയുമാണ്. അത്തരം ഒരാള്‍ അത്തരം തികഞ്ഞ വിഡ്ഢിത്തം, ലോകസമക്ഷം നിന്നു പറയുവാന്‍ ലജ്ജിക്കാതിരിക്കുമ്പോള്‍ ലോകസ്ഥിതി എന്തായി എന്നാലോചിക്കുക. ശ്രോതാക്കള്‍ അയാളെ അഭിനന്ദിച്ച് ഉത്‌സാഹിപ്പിക്കുന്നു എന്നു വരുമ്പോഴും ലോകസ്ഥിതി എങ്ങനെയിരിക്കുന്നു എന്നാലോചിക്കുക. ഇതോ പരിഷ്‌കാരം? ഇത് നരിയുടേയും നരഭുക്കിന്റെയും കാടന്റെയും പഴയ രക്തദാഹം, പുതിയ പേരുകളിലും പുതിയ സ്ഥിതികളിലും ഒരിക്കല്‍ക്കൂടി പുറത്തേയ്ക്കു പ്രകാശിക്കുന്നതാകുന്നു. അല്ലാതെ മറ്റെന്താവാം? ഇന്ന് ഈ സ്ഥിതിയാണെങ്കില്‍, പഴയ കാലത്ത്, ഓരോ ശാഖയും ഇതരശാഖകളെ പറിച്ചു കഷ്ണം കഷ്ണമാക്കി ചീന്തിക്കളയുവാന്‍ സര്‍വ്വോപായങ്ങളും പ്രയോഗിച്ചിരുന്നപ്പോള്‍, ലോകം എത്ര ഭയങ്കരയാതനകള്‍ അനുഭവിച്ചിരിക്കണം എന്നാലോചിച്ചുനോക്കുക. അതിനു ചരിത്രം സാക്ഷിയായുണ്ട്.

നമ്മളിലുള്ള വ്യാഘ്രം ഉറങ്ങിക്കിടക്കുന്നതേയുള്ളൂ. ചത്തിട്ടില്ല. തഞ്ചംകിട്ടുമ്പോള്‍ അതു പഴയപടി ചാടിപ്പുറപ്പെടും, പല്ലും നഖവും പ്രയോഗിക്കും. ഖഡ്ഗത്തിനും മറ്റു ഭൗതികായുധങ്ങള്‍ക്കും പുറമേ ഭയങ്കരങ്ങളായ വേറെ ആയുധങ്ങളുണ്ട്: അവഹേളനം, സമുദായവൈരം, സാമുദായിക നിഷ്‌കാസനം: ഇപ്പോള്‍ ഇതെല്ലാമാകുന്നു, നാം വിചാരിക്കുന്നതുപോലെതന്നെ വിചാരിക്കാതിരിക്കുന്നവരുടെ നേര്‍ക്ക് നാം ആഞ്ഞയച്ചുവിടന്ന ഭയങ്കരതമപീഡാശല്യങ്ങള്‍. നാം ചിന്തിക്കുന്നതുപോലെതന്നെ വേണം അന്യര്‍ ചിന്തിക്കുവാന്‍ എന്നുള്ളതിനു എന്തു ന്യായം? ഒരു ന്യായവും ഞാന്‍ കാണുന്നില്ല. ഞാന്‍ ബുദ്ധിയുപയോഗിക്കുന്നവനാണെങ്കില്‍, ഞാന്‍ ചിന്തിക്കുന്നവിധം അന്യര്‍ ചിന്തിക്കുന്നില്ലെന്നു സന്തോഷിക്കയാകുന്നു വേണ്ടത്. ശവക്കുഴിപോലെയുള്ളേടത്തിരിക്കാന്‍ എനിക്കിഷ്ടമില്ല: എനിക്കു മനുഷ്യലോകത്തില്‍ ഒരു മനുഷ്യനായിരിക്കണം. ചിന്തിക്കുന്നവര്‍ക്കു തമ്മില്‍ ചിന്ത വ്യത്യാസപ്പെട്ടേ ഇരിക്കണം. വ്യത്യസ്തതയാകുന്നു ചിന്തയുടെ പ്രഥമലക്ഷണം. ഞാന്‍ വിചാരശീലനാണെങ്കില്‍ അഭിപ്രായവ്യത്യാസമുള്ള ചിന്താശീലന്‍മാരുടെ കൂട്ടത്തില്‍ ഇരിപ്പാനാകുന്നു ഇഷ്ടപ്പെടേണ്ടത്.

ഇനിയൊരു ചോദ്യം; ഈ വിവിധശാഖകള്‍ എല്ലാം സത്യമായിരിപ്പാന്‍ തരമുണ്ടോ? ഒന്നു സത്യമാണെങ്കില്‍ അതിനെ നിഷേധിക്കുന്ന മറ്റൊന്ന് അസത്യമാവണം. പരസ്പരവിരുദ്ധാഭിപ്രായങ്ങള്‍ എല്ലാം ഒരേ സമയത്തു എങ്ങനെ സത്യമാകും? ഈ ചോദ്യത്തിനു സമാധാനം പറയുവാന്‍ ആകുന്നു ഞാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ആദ്യമായിട്ട് ഞാന്‍ ഒരു ചോദ്യം നിങ്ങളോടു ചോദിക്കട്ടെ: ലോകത്തിലെ മതങ്ങള്‍ എല്ലാം പരസ്പരവിരുദ്ധങ്ങളാണോ? ഗംഭീരാശയങ്ങളെ ധരിക്കുന്ന ബാഹ്യരൂപങ്ങളെയല്ല ഞാന്‍ മനസ്സില്‍ കരുതുന്നത്. വിവിധമതങ്ങളില്‍ ഉപയോഗിക്കുന്ന വിവിധഗ്രന്ഥങ്ങള്‍, ക്രിയാകലാപങ്ങള്‍, ഭാഷകള്‍, ആലയങ്ങള്‍ മുതലായവയെപ്പറ്റിയല്ല ഞാന്‍ മനസ്സില്‍ കരുതുന്നത്. വിവിധമതങ്ങളില്‍ ഉപയോഗിക്കുന്ന വിവിധഗ്രന്ഥങ്ങള്‍, ക്രിയാകലാപങ്ങള്‍, ഭാഷകള്‍, ആലയങ്ങള്‍ മുതലായവയെപ്പറ്റിയല്ല ഞാന്‍ വിചാരിച്ചിട്ടുള്ളത്. ഓരോ മതത്തിന്റേയും ജീവനായ ആന്തരതത്ത്വത്തെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

ഓരോ മതത്തിനും ആന്തരമായ ഒരു ജീവനുണ്ട്. ഒരു മതത്തിന്റെ ജീവന്‍ മറ്റൊരു മതത്തിന്റേതില്‍നിന്നു വ്യത്യാസപ്പെട്ടിരിക്കാം. എന്നാല്‍ അവ പരസ്പരവിരുദ്ധങ്ങളായിരിക്കുന്നുവോ? അവയെല്ലാം ഒന്നിനൊന്നു വിരുദ്ധങ്ങളോ, അതോ അന്യോന്യപൂരകങ്ങളോ? അതാകുന്നു ചോദ്യം. ഈ വിഷയത്തെപ്പറ്റി ഞാന്‍ ബാല്യത്തിലേ ചിന്തിച്ചുതുടങ്ങി: ജീവിതകാലം മുഴുവനും അതു പഠിച്ചു വന്നിരിക്കുന്നു. എനിക്കുണ്ടായിട്ടുള്ള തീരുമാനം നിങ്ങള്‍ക്കും അല്പം ഉപകരിച്ചേക്കാം എന്നു വിചാരിച്ച് അതു നിങ്ങളുടെ മുമ്പാകെ വെയ്ക്കുന്നു. അവ വിരുദ്ധങ്ങളല്ല, പൂരകങ്ങളാകുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓരോ മതവും സാര്‍വ്വലൗകികമായ മഹാതത്ത്വത്തിന്റെ ഒരു ഭാഗം എടുത്തു ആ ഭാഗത്തിന് രൂപവും പ്രത്യേക വ്യക്തിത്വവും കൊടുപ്പാന്‍ അതിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ട് അതു പോഷകമാകുന്നു, നിഷേധകമല്ല. ഇതാകുന്നു തീരുമാനം.

മതങ്ങള്‍ ഓരോന്നായുദ്ഭവിക്കുന്നു. ഓരോന്നും ഒരു മഹത്തായ തത്ത്വത്തിന്റെ രൂപീകരണമാകുന്നു. ഓരോന്നിലും പരമഭാവനകള്‍, ആദര്‍ശങ്ങള്‍ കൂടിക്കൂടി വരികയും വേണം. ഇതാകുന്നു മനുഷ്യലോകപുരോഗതി. മനുഷ്യന്റെ പുരോഗമനം അസത്യത്തില്‍നിന്നു സത്യത്തിലേക്കല്ല. സത്യത്തില്‍നിന്നു സത്യത്തിലേക്കു, അപര (താണ) സത്യത്തില്‍നിന്നു പര (ഉയര്‍ന്ന) സത്യത്തിലേക്കു: അതല്ലാതെ ഒരിക്കലും അസത്യത്തില്‍നിന്നു സത്യത്തിലേക്കല്ല. ഒരു ശിശുവിന് അതിന്റെ പിതാവിനേക്കാള്‍ ബുദ്ധിവികാസം ഉണ്ടാകാം. എന്നാല്‍ പിതാവ് ബുദ്ധിശൂന്യനായിരുന്നുവോ? അല്ല. പിതാവിനോടു ചിലതു കൂടിച്ചേര്‍ന്നതാകുന്നു ശിശു. ബാല്യദശയില്‍ നിങ്ങള്‍ക്കുണ്ടായിരുന്നതിനെക്കാള്‍ വളരെ അധികമാകുന്നു നിങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ള ജ്ഞാനം എങ്കില്‍ നിങ്ങള്‍ ആ ബാല്യദശയെ നിന്ദിക്കുമോ? അതു ബുദ്ധിശൂന്യമായിരുന്നു എന്നു നിങ്ങള്‍ പറയുമോ? ഇല്ല എന്തുകൊണ്ട്? നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങളുടെ ബാല്യത്തിലെ ജ്ഞാനവും അതിനോടുകൂടി ചിലതും ചേര്‍ന്നിട്ടുള്ളതു മാത്രമാകുന്നു.

ഇനിയും നോക്കുക; ഒരേ വസ്തുവിനെ സംബന്ധിച്ച് മിക്കവാറും പരസ്പരവിരുദ്ധങ്ങളായ ദര്‍ശനങ്ങള്‍ ഉണ്ടാവാമെന്നും എന്നാല്‍ അവയെല്ലാം ഒരേ വസ്തുവിനെ കുറിക്കുന്നതായിരിക്കുമെന്നും നമുക്കറിയാം. ഒരാള്‍ സൂര്യനിലേക്കു യാത്രചെയ്യുന്നു എന്നും മുന്നോട്ടു പോകുന്തോറും ഓരോ സ്ഥാനത്തുവെച്ച് സൂര്യന്റെ ഫോട്ടോ എടുക്കുന്നു എന്നും വിചാരിക്കുക. മടങ്ങി വരുമ്പോള്‍ അയാളുടെ വശം അനേകം സൂര്യച്ഛായകള്‍ ഉണ്ടായിരിക്കും. അതു നമ്മുടെ മുമ്പാകെ വെയ്ക്കുന്നു. നാം നോക്കുമ്പോള്‍ അവയില്‍ ഒന്നും മറ്റൊന്നുപോലെയിരിക്കുന്നില്ലെന്നും നാം കാണും. എന്നാല്‍ അവയെല്ലാം ഒരു സൂര്യന്റെ ഛായകള്‍ – വിവധസ്ഥാനങ്ങളില്‍ നിന്നെടുത്തവയാകുന്നു എന്നുള്ളത് നിഷേധിക്കാന്‍ ആര്‍ക്കു കഴിയും?

ഈ പള്ളിയുടെ നാലു മൂലകളില്‍നിന്നും ഇതിന്റെ നാലു ഫോട്ടോ എടുക്കുക. അവയോരോന്നും പരസ്പരം ഭിന്നങ്ങളായിരിക്കും. എങ്കിലും അവയെല്ലാം ഈ പള്ളിയുടെ രൂപദര്‍ശനംതന്നെ. അതേവിധം നാം എല്ലാവരും സത്യത്തെ നോക്കുന്നു. എന്നാല്‍ അതു നമ്മുടെ ഓരോരുത്തരുടെയും ജനനം, വിദ്യാഭ്യാസം, പരിതഃസ്ഥിതി മുതലായവകൊണ്ടു മാറുന്ന വ്യത്യസ്തവീക്ഷണകോണില്‍ക്കൂടെയാകുന്നു. ഈ സ്ഥിതിഗതികള്‍ അനുവദിക്കുന്നേടത്തോളം നമുക്കു സത്യദര്‍ശനം സിദ്ധിക്കുന്നു. എന്നാല്‍ അതു നമ്മുടെ ഹൃദയംകൊണ്ടു നിറം കയറ്റിയും നമ്മുടെ ബുദ്ധി കൊണ്ടു നിശ്ചയപ്പെടുത്തിയും നമ്മുടെ മനസ്സുകൊണ്ടു ഗ്രഹിച്ചും ആയിരിക്കും. സത്യത്തോടു നാം ഏതു സംബന്ധത്തില്‍ നില്‍ക്കുന്നുവോ അത്രത്തോളവും, അതില്‍ നമുക്ക് എത്ര സ്വീകരിപ്പാന്‍ കഴിവുണ്ടോ അത്രത്തോളവും, മാത്രമെ നമുക്കു സത്യത്തിന്റെ ജ്ഞാനം ഉണ്ടാകയുള്ളൂ. മനുഷ്യനും മനുഷ്യനും തമ്മില്‍ ഉള്ള വ്യത്യാസം ഇതു നിമിത്തമുണ്ടാകുന്നു. ചിലപ്പോള്‍ പരസ്പരവിരുദ്ധങ്ങളായി തോന്നുന്ന ഭാവനകളും ഇതുനിമിത്തമുണ്ടാകുന്നു. എന്നിരിക്കിലും നാമെല്ലാവരും ഒരേ സാര്‍വ്വലൗകിക മഹാസത്യത്തോടു ചേര്‍ന്നവരാകുന്നു.

അതുകൊണ്ട് ഈശ്വരന്റെ ജ്ഞാനവിതരണവിധാനത്തില്‍ ഓരോ ശക്തിവിശേഷങ്ങളാകുന്നു, ഈ മതങ്ങള്‍ ഓരോന്നും, അവ മനുഷ്യലോകഹിതകരങ്ങളാണ്, മരിക്കാത്തവയും മരിപ്പിക്കാനാവത്തവയുമാണ്, എന്ന് ഞാന്‍ വിചാരിക്കുന്നു. പ്രകൃതി ശക്തികളില്‍ ഒന്നിനെയും ഹനിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുപോലെ അദ്ധ്യാത്മശക്തികളില്‍ ഒന്നിനെയും ഹനിക്കാനും നിങ്ങള്‍ക്കു കഴിവില്ല. എല്ലാ മതങ്ങളും നിലനില്‍ക്കുന്നതു നിങ്ങള്‍ കാണുന്നുണ്ടല്ലോ. ഒന്നു ചിലപ്പോള്‍ മേലേ്പാട്ടോ ചിലപ്പോള്‍ കീഴ്‌പോട്ടോ പോയി എന്നു വരാം. ചിലസമയം അതിന്റെ അലങ്കാരക്കോപ്പുകള്‍ പലതും പോയ്‌പോയിരിക്കും, ചില സമയം പലവിധ കോപ്പുകള്‍കൊണ്ട് അതിനെ മൂടിയിരിക്കും. എന്നാല്‍ ഏതു സമയവും അതിന്റെ ജീവന്‍ അതിലുണ്ട്. ഒരിക്കലും നഷ്ടമാവുകയില്ല. ഓരോ മതവും പ്രതിനിധാനംചെയ്യുന്ന വിശിഷ്ടാശയം ഒരിക്കലും നഷ്ടമായി പോകുകയില്ല. ആ നിലയില്‍ ഓരോ മതവും യുക്തിപൂര്‍വ്വം പുരോഗമിക്കുക തന്നെ ചെയ്യുന്നു.

വിശ്വമതസാദ്ധ്യത (കാലിഫോര്‍ണിയയില്‍ പാസഡീന യൂനിവേഴ്‌സലിസ്റ്റ് പള്ളിയില്‍വെച്ചു 1900 ജനുവരി 28നു ചെയ്ത പ്രസംഗം) – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – തുടരും