സ്വാമി വിവേകാനന്ദന്‍

സര്‍വ്വമനുഷ്യര്‍ക്കും സമാനമായും സര്‍വ്വസ്വീകാര്യമായും ഉണ്ടാകണമെന്ന് ഏതു രാജ്യത്തിലേയും തത്ത്വചിന്തകന്‍മാരും മറ്റും മനോരാജ്യത്തില്‍ കണ്ടിരിക്കുന്ന ആ സര്‍വ്വലോകമതം ഇപ്പോഴേയുണ്ട്: അതു ഇവിടെയുണ്ട്. സര്‍വ്വമനുഷ്യസാഹോദര്യം ഇപ്പോഴേ ഉള്ളതുപോലെ തന്നെ സര്‍വ്വലോകമതവും ഉണ്ട്. വളരെ ദൂരെയും പരക്കെയും സഞ്ചാരം ചെയ്തിട്ടുള്ള നിങ്ങളില്‍ ആരുതന്നെയാണ് ഏതു രാജ്യത്തിലും സാഹോദരീസഹോദരന്‍മാരെ കണ്ടിട്ടില്ലാത്തത്? അവരെ ഞാന്‍ ലോകത്തില്‍ സര്‍വ്വത്ര കണ്ടിട്ടുണ്ട്. സാഹോദര്യം ഇപ്പോഴേയുണ്ട്: എന്നാല്‍ അതു കാണാതെ പുതിയ സാഹോദര്യങ്ങളുണ്ടാക്കുവാന്‍ മുറവിളിക്കൂട്ടിക്കൊണ്ട് ഉള്ളതിനെ മറിച്ചിടുകമാത്രം ചെയ്യുന്ന ജനങ്ങളും അനേകമുണ്ട്.

സര്‍വ്വമനുഷ്യസാഹോദര്യം പോലെ സര്‍വ്വലോകമതവും ഇപ്പോഴേ ഉള്ളതാകുന്നു. ഓരോ പ്രത്യേകമതവും പ്രചരിപ്പിക്കുക തങ്ങളുടെ ജോലിയാക്കിയിട്ടുള്ള പുരോഹിതന്‍മാരും മറ്റും കുറച്ചു സമയം ആ പ്രചാരവേല ചെയ്യാതിരുന്നാല്‍ മാത്രം മതി, സര്‍വ്വലോകമതം ഉണ്ടെന്നു അപ്പോള്‍ കാണാം, പക്ഷേ അവരുടെ സ്വാര്‍ത്ഥസിദ്ധിക്കുവേണ്ടി അവര്‍ ആ കാഴ്ച തടഞ്ഞുകൊണ്ടേയിരിക്കുന്നു. എതു രാജ്യത്തിലും പുരോഹിതന്‍മാര്‍ യാഥാസ്ഥിതികരാണെന്നു കാണാം. അതെന്തുകൊണ്ട്? ജനങ്ങളെ നടത്തിക്കൊണ്ടുപോകുന്ന പുരോഹിതന്‍മാര്‍ ചുരുക്കമേയുള്ളൂ: അധികപക്ഷവും പുരോഹിതന്‍മാരെയും ജനങ്ങള്‍ നടത്തിക്കൊണ്ടുപോകുകയാകുന്നു: അവര്‍ ജനങ്ങളുടെ ദാസന്‍മാരും കിങ്കരന്‍മാരുമായിരിക്കുന്നു. (എന്തെങ്കിലും ഒന്നു) രസമില്ലാത്തതാണെന്നു നിങ്ങള്‍ പറഞ്ഞാല്‍ അതെ എന്നു അവരും പറയും: ഒന്നു കറുത്തതാണെന്നു നിങ്ങള്‍ പറഞ്ഞാല്‍ അതെ കറുത്തതുതന്നെ, എന്നു അവരും പറയും. ജനങ്ങള്‍ മുമ്പോട്ടു പോയാല്‍ പുരോഹിതന്‍മാരും മുമ്പോട്ടു പോയേ തീരൂ. അവര്‍ക്കു പിന്നിട്ടു നിന്നുകൂടാ. അവരെ കുറ്റപ്പെടുത്തുന്നതാകുന്നു ഇപ്പോഴത്തെ സമ്പ്രദായം. എന്നാല്‍ അങ്ങനെ ചെയ്യുന്നതിനുമുമ്പു നിങ്ങളെ കുറ്റപ്പെടുത്തുകയാകുന്നു നിങ്ങള്‍ ചെയ്യേണ്ടത്. നിങ്ങള്‍ അര്‍ഹിക്കുന്നതേ നിങ്ങള്‍ക്കു കിട്ടുകയുള്ളൂ. നിങ്ങള്‍ക്കു പുതിയ പുരോഗമനാശയങ്ങള്‍ ഉപദേശിച്ച് നിങ്ങളെ മേലേ്പാട്ടു കൊണ്ടുവരുവാന്‍ ഉത്‌സാഹിക്കുന്ന പുരോഹിതന്റെ ഗതിയെന്താകും? അയാള്‍ക്കു ഉടുപ്പിന് കീറത്തുണിയും അയാളുടെ കുട്ടികള്‍ക്കു പട്ടിണിയും ആയിരിക്കും. നിങ്ങള്‍ക്കുള്ള ലൗകികനിയമങ്ങളാകുന്നു അയാള്‍ക്കും ഉള്ളത്. “മുമ്പോട്ടു നിങ്ങള്‍ പോകുന്നു എങ്കില്‍, ശരി, നമുക്കു പോവുക’ എന്നാണ് അയാളുടെ വാക്യം. എന്നാല്‍ ജനാഭിപ്രായത്തെ ഭയപ്പെടാത്ത പ്രത്യേക തരക്കാരും തീര്‍ച്ചയായും ഉണ്ട്. അവര്‍ തത്ത്വം ദര്‍ശിച്ച് അതിനെമാത്രം വിലവെയ്ക്കുന്നവരാകുന്നു. തത്ത്വം അവരെ പിടികൂടി അവരില്‍ ആവേശിച്ചതുപോലെയിരിക്കുന്നു: അവര്‍ക്കു മുമ്പോട്ടു പോകുകയല്ലാതെ ഗത്യന്തരമില്ല. അവര്‍ പിന്‍തിരിഞ്ഞു നോക്കുകയില്ല: അവര്‍ക്കു മനുഷ്യലോകമില്ല: ഈശ്വരന്‍ മാത്രമുണ്ട്: ഈശ്വരനാകുന്നു അവര്‍ക്കു മുമ്പിലുള്ള വെളിച്ചം: അവര്‍ ആ വെളിച്ചത്തിന്റെ വഴിയേ പോകുന്നു.

ഞാന്‍ ഈ നാട്ടില്‍ ഒരു മോര്‍മണ്‍ മതക്കാരനെ കണ്ടു. എന്നെ ആ മതത്തില്‍ ചേര്‍ക്കാന്‍ കിണഞ്ഞ് അയാള്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു; ‘എനിക്കു നിങ്ങളുടെ അഭിപ്രായങ്ങളോടു വളരെ ആദരവുണ്ട്: എന്നാല്‍ ചില സംഗതികളില്‍ നമുക്കു തമ്മില്‍ യോജിപ്പില്ല. ഞാന്‍ സന്ന്യാസാശ്രമിയാണ്, നിങ്ങളോ ബഹുഭാര്യത്വത്തില്‍ വിശ്വസിക്കുന്നവനുമാണ്. പ്രചാരവേലയ്ക്കു നിങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയ്ക്കു പോകുന്നില്ല?’ എന്നു ഞാന്‍ ചോദിച്ചു, അയാള്‍ ആശ്ചര്യപ്പെട്ടു; ‘എന്ത്! വിവാഹമേ അരുതെന്നാണ് നിങ്ങളുടെ പക്ഷം, ബഹുഭാര്യത്വം വേണമെന്നു ഞങ്ങളുടേതും: എന്നാലും നിങ്ങള്‍ എന്നോട് നിങ്ങളുടെ രാജ്യത്തേയ്ക്കു പോകാന്‍ പറയുന്നുവല്ലോ’ എന്നു പറഞ്ഞു. അതിനു ഞാന്‍, ‘അങ്ങനെതന്നെ. മതവിശ്വാസം എന്തായാലും അതു എവിടെനിന്നു വന്നതായാലും എന്റെ നാട്ടുകാര്‍ അതു ശ്രദ്ധിക്കും. നിങ്ങള്‍ ഇന്ത്യയ്ക്കു പോയാല്‍ക്കൊള്ളാമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒന്നാമത്, മതശാഖകള്‍ അനേകം വേണമെന്നാണ് എന്റെ പക്ഷം. രണ്ടാമത്, അവിടെ ഇന്നുള്ള പല ശാഖകള്‍കൊണ്ടും തൃപ്തിയില്ലാത്ത പലരുമുണ്ട്: ഈ അതൃപ്തി നിമിത്തം അവര്‍ക്കു മതകാര്യമേ വേണ്ടെന്നായിരിക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ക്കു കിട്ടിയെന്നു വരാം.’ എന്നു മറുപടി പറഞ്ഞു.

ശാഖകള്‍ അധികമാകുമ്പോള്‍ ജനങ്ങള്‍ക്കു മതവിചാരത്തിന് അവസരവും അധികം കിട്ടും. എല്ലാത്തരം ഭക്ഷണസാധനങ്ങളുമുള്ള ഒരു ഹോട്ടലില്‍ ആര്‍ക്കും വിശപ്പടക്കുവാന്‍ സൗകര്യമുണ്ട്. ആ വിധത്തില്‍ മതശാഖകള്‍ എല്ലാ രാജ്യത്തിലും പെരുകിവരണം, എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയായാല്‍ അധികം ആളുകള്‍ക്ക് ആത്മവിചാരത്തിന് അവസരമുണ്ടാകും. ജനങ്ങള്‍ക്കു മതത്തില്‍ താത്പര്യമില്ലെന്നു വിചാരിക്കേണ്ട. അതു ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്കു ആവശ്യമുള്ളതു കൊടുക്കാന്‍ പ്രചാരകന്‍മാര്‍ക്കു കഴിയുന്നില്ലെന്നേയുള്ളൂ. ഒരു നാസ്തികനെന്നോ, ഭൗതികനെന്നോ മറ്റു വല്ലവരുമെന്നോ നിഷിദ്ധനായിരിക്കുന്ന ഒരാള്‍തന്നെ അയാള്‍ക്കു പറ്റിയതും ആവശ്യമുള്ളതുമായ തത്ത്വം പറഞ്ഞുകൊടുക്കുന്ന ഒരാളെ കണ്ടെത്തി എന്നുവരാം. അതു വഴിക്ക് അയാള്‍ ആ സമുദായത്തിലേക്കും ഉത്തമമായ ആത്മനിഷ്ഠ ഉള്ളവനായിത്തീര്‍ന്നു എന്നുവരാം.

നാം ഭക്ഷണം കഴിക്കുന്നതു നമ്മുടെ പ്രത്യേക സമ്പ്രദായത്തിലാകുന്നു. നോക്കുക, ഹിന്ദുക്കളായ ഞങ്ങള്‍ ഞങ്ങളുടെ കൈവിരല്‍കൊണ്ടു എടുത്തു ഭക്ഷിക്കുന്നു. ഞങ്ങളുടെ വിരലുകള്‍ നിങ്ങളുടെതിനേക്കാള്‍ സ്വാധീനപ്പെട്ടവയാകുന്നു: വിരലുകള്‍ ആവിധം ഉപയോഗിക്കാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. ഭക്ഷണസാധനം തയ്യാറാക്കിത്തരുന്നതു മാത്രമല്ല, അതു ഭക്ഷിക്കുന്നതുപോലും സ്വന്തം സമ്പ്രദായത്തില്‍ വേണം. അപ്രകാരംതന്നെ അദ്ധ്യാത്മചിന്തകളും ഓരോരുത്തന്നും പറ്റിയ സ്വന്തമായ രീതിയില്‍ ഗ്രഹിപ്പിക്കണം. നിങ്ങളോടു പറയുന്നത് നിങ്ങളുടെ ഭാഷയില്‍, നിങ്ങളുടെ ഹൃദയത്തിന്റെ ഭാഷയില്‍ ആയിരിക്കണം: അപ്പോഴെ നിങ്ങള്‍ക്കു തൃപ്തിയാകയുള്ളൂ. എന്റെ ഭാഷ സംസാരിക്കുന്ന ആള്‍ എന്റെ ഭാഷയില്‍ എനിക്കു തത്ത്വം ഉപദേശിച്ചു തരുന്നതായാല്‍ അതു എനിക്കു ഉടനടി മനസ്സിലാകും, അതു ഞാന്‍ എന്നെന്നേക്കുമായി കൈക്കൊള്ളുകയും ചെയ്യും. ഇതു ഒരു വലിയ വാസ്തവമാകുന്നു.

മനുഷ്യരുടെ മനസ്സുകള്‍ അനേകതലങ്ങളിലും അനേക സ്വഭാവങ്ങളായും ഇരിക്കുന്നു എന്നു നാം ഇതില്‍നിന്നും മനസ്സിലാക്കുന്നുവല്ലോ. അങ്ങനെയിരിക്കെ എന്തു കടുത്ത ജോലിയാകുന്നു മതങ്ങള്‍ കയ്യേറ്റിരിക്കുന്നത്! ഒരാള്‍ രണ്ടോ മൂന്നോ സിദ്ധാന്തങ്ങള്‍ കൊണ്ടുവരുന്നു, അവ സര്‍വ്വ മനുഷ്യര്‍ക്കും തൃപ്തികരമായിരിക്കണം എന്നു അയാള്‍ ശഠിക്കുകയും ചെയ്യുന്നു. ഈശ്വരന്റെ വന്യമൃഗശാലയായ ഈ ലോകത്തില്‍ അയാള്‍ ഒരു ചെറിയ കൂടും കൊണ്ടുവന്ന്, ‘ഈശ്വരനും, ആനയും, സര്‍വ്വരും ഇതിന്നുള്ളില്‍ വരണം, ആനയെ തുണ്ടംതുണ്ടമാക്കിയും ഇതിന്നുള്ളില്‍ കടത്തണം,’ എന്നു പറയുന്നു. പിന്നെ, ഏതാനും സദാശയങ്ങളുള്ള ഒരു ശാഖയുണ്ടാവാം: അവരും പറയുന്നു. ‘സര്‍വ്വമനുഷ്യരും ഇതില്‍ ഒതുങ്ങണം, എന്ന്. ‘സര്‍വ്വര്‍ക്കും അതില്‍ സ്ഥലമില്ലല്ലോ?’ ‘അതു സാരമില്ല, അവരെ തുണ്ടുതുണ്ടാക്കുക, വല്ലവിധത്തിലും അവരെ ഇതില്‍ ഒതുക്കുക: അവര്‍ ഒതുങ്ങാതിരുന്നാലോ, അവര്‍ക്കു നരകംതന്നെ ഗതി,’ ഇതാകുന്നു നില.

അല്പം ഒന്ന് ആലോചിച്ചുനിന്ന് ‘നാം പറയുന്നതു ജനങ്ങള്‍ ശ്രദ്ധിക്കാത്തതു എന്തുകൊണ്ട്? എന്ന് തന്നെത്താന്‍ ചോദിക്കുന്ന ഒരു മതപ്രചാരകനെയോ മതശാഖയെയോ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. നേരെമറിച്ച് അവര്‍ ജനങ്ങളെ ശപിക്കുകയും അവരെ ദുഷ്ടക്കൂട്ടമെന്നു പറയുകയും ആണ് ചെയ്യുന്നത്. ‘എന്തുകൊണ്ടാണ് ജനങ്ങള്‍ എന്റെ വാക്കു കൈക്കൊള്ളാത്തത്? ഞാന്‍ ഉപദേശിക്കുന്ന തത്ത്വം ഗ്രഹിക്കാത്തത്? അവര്‍ക്കു യോജിച്ച രീതിയിലല്ലയോ ഞാന്‍ പറഞ്ഞു കൊടുക്കുന്നത്? അവരുടെ കണ്ണു തുറപ്പിക്കാന്‍ എനിക്കു എന്തുകൊണ്ടു സാധിക്കുന്നില്ല?’ ഇത് ഒരു കാലത്തും അവര്‍ ചോദിക്കുന്നില്ല. അവര്‍ക്കു കുറെക്കൂടെ ബോധം ഉണ്ടാകേണ്ടതാണ്! അവരുടെ വാക്കു വിലപ്പോകുന്നില്ലെന്നു കാണുമ്പോള്‍ അതിനു അവര്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നപക്ഷം അതു അവരെത്തന്നെയാണ് വേണ്ടത്. പക്ഷേ കുറ്റം ആരോപിക്കുന്നത് എപ്പോഴും മറ്റുള്ളവരിലാണ്. എല്ലാവരെയും ഉള്‍ക്കൊള്ളിക്കാവുന്നവിധം അവരുടെ ശാഖയെ വിസ്തൃതമാക്കുവാന്‍ അവര്‍ ഒരു കാലവും ശ്രമിക്കുന്നില്ല.

അതുകൊണ്ട്, ഇത്ര സങ്കുചിതമനഃസ്ഥിതിക്കു കാരണം ഏതാണെന്നു നമുക്കു എളുപ്പത്തില്‍ കാണാം: അംശം പൂര്‍ണ്ണമാണെന്നവകശപ്പെടുന്നത്, ഒരു ക്ഷുദ്രഖണ്ഡം അഖണ്ഡമാണെന്നു സിദ്ധാന്തിക്കുന്നത്, ഇതാകുന്നു കാരണം. ആലോചിച്ചു നോക്കുക. അല്പശതാബ്ദങ്ങള്‍ക്കുളളില്‍, പ്രമാദശീലമായ മനുഷ്യമസ്തിഷ്‌കത്തില്‍നിന്ന്, പുറപ്പെട്ടിട്ടുള്ള ക്ഷുദ്രമതശാഖകള്‍ ഈശ്വരനെ സംബന്ധിച്ച അപാരതത്ത്വം ആസകലം തങ്ങള്‍ക്കറിയാം എന്നു അഹങ്കാരപൂര്‍വ്വം അവകാശപ്പെടുന്നു! എന്തൊരൗദ്ധത്യമാണെന്ന് ആലോചിച്ചു നോക്കുക! മനുഷ്യരുടെ ദുര്‍ഗ്ഗര്‍വ്വം എത്രയുണ്ടെന്നു മാത്രമാണ് അതു കാണിക്കുന്നത്. ആ വിധം അവകാശവാദങ്ങള്‍ ഏതു കാലത്തും പരാജയപ്പെട്ടിട്ടേ ഉള്ളൂ എന്നത് ആശ്ചര്യമല്ല: ഈശ്വരകാരുണ്യംകൊണ്ട് അവ എന്നും പരാജയപ്പെടുകയും ചെയ്യും.

ഈ പദ്ധതിയില്‍ മുഹമ്മദീയരാകുന്നു മറ്റെല്ലാവരെയും കടന്നു നില്‍ക്കുന്നത്. അവര്‍ ഓരോ അടി മുന്നോട്ടു വെച്ചിട്ടുള്ളതും വാളിന്റെ സഹായത്താലാകുന്നു – ഖുറാന്‍ ഒരു കൈയില്‍ ഖഡ്ഗം മറ്റെ കൈയില്‍ ‘ഖുറാന്‍ എടുക്കുക. അല്ലെങ്കില്‍ നിങ്ങള്‍ മരിക്കുക: ഗത്യന്തരമില്ല’ അവരുടെ വിജയം എത്ര കെങ്കേമമായിരുന്നു എന്ന് ചരിത്രത്തില്‍ നിന്ന് അറിയുന്നുണ്ടല്ലോ. അറുനൂറുവര്‍ഷം അവര്‍ക്കു ആരും എതിരുണ്ടായിരുന്നില്ല: എങ്കിലും പിന്നീട് മുന്നേറ്റം നിര്‍ത്തിയേ ഒക്കൂ എന്ന കാലം വന്നു. ആ സമ്പ്രദായം അനുസരിക്കുന്ന മറ്റു മതങ്ങളുടെയും ഗതി അതുതന്നെ.

നാം വെറും ബാലന്‍മാര്‍! മനുഷ്യപ്രകൃതി നാം എപ്പോഴും വിസ്മരിക്കുന്നു. ജീവിതാരംഭത്തില്‍ നാം നമ്മുടെ ഭാവി എത്രയോ അസാധാരണമായിരിക്കും എന്നു വിചാരിക്കുന്നു: ആ വിശ്വാസം ഇല്ലാതാക്കുവാന്‍ ഒന്നിനും കഴികയുമില്ല. എന്നാല്‍ വാര്‍ദ്ധക്യമാകുമ്പോള്‍ വിചാരഗതി മാറുന്നു, നാം മറിച്ചു വിചാരിക്കുന്നു. മതങ്ങളും അങ്ങനെതന്നെ. പ്രാരംഭദശയില്‍, കുറഞ്ഞൊന്നു പ്രചരിച്ചുകാണുമ്പോള്‍, ഇനി അല്പം വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍വ്വമനുഷ്യവര്‍ഗ്ഗത്തിന്റെയും മാനസാന്തരം വരുത്താമെന്നു തോന്നും: മതമാറ്റം ബലാല്‍ക്കാരേണ വരുത്തുവാന്‍ ജനങ്ങളെ കൊന്നുമുടിച്ചു തുടങ്ങും: ക്രമത്തില്‍ ഈ ഉദ്യമം പാഴാകും: അപ്പോള്‍ കുറച്ചുകൂടി ബോധവും ഉണ്ടാകും. ഒരുങ്ങിപ്പുറപ്പെട്ടതു ചെയ്‌വാന്‍ ഈ ശാഖകള്‍ക്കു കഴിഞ്ഞില്ല: അതു വലിയ അനുഗ്രഹമായി. ഈ മതഭ്രാന്തശാഖകളില്‍ ഒന്നിനു ലോകം മുഴുവന്‍ ജയിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ ഇന്ന് മനുഷ്യന്‍ എവിടെയായിരുന്നിരിക്കും? ആ വിജയം ഉണ്ടാകാത്തതിന് ഈശ്വരനെ സ്തുതിക്കുക!

എന്നാല്‍ ഒരു സംഗതി: ഈ മതങ്ങള്‍ ഓരോന്നും ഓരോ വലിയ തത്ത്വത്തിന്റെ പ്രതിനിധിയാകുന്നു. ഓരോന്നിലും അതിന്റെ ജീവന്‍ എന്നു പറയാവുന്ന ഒരു പ്രത്യേക വൈശിഷ്ട്യം ഇരിപ്പുണ്ട്. ഇവിടെ എനിക്കു ഒരു പഴയ കഥ ഓര്‍മ്മവരുന്നു: ചില ഭൂതങ്ങള്‍ ഉണ്ടായിരുന്നു: അവ ജനങ്ങളെ കൊല്ലുകയും പലവിധത്തില്‍ ഉപദ്രവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവയെ കൊല്ലുവാന്‍ ഒരു വിഷമം ഉണ്ടായിരുന്നു: അവയുടെ ജീവാത്മാവ് ചില പക്ഷികളിലായിരുന്നു. ആ പക്ഷികള്‍ക്കു ഹാനിയില്ലാതിരിക്കുന്നേടത്തോളം കാലം ആ ഭൂതങ്ങളെ കൊല്ലുവാന്‍ സാദ്ധ്യമല്ല. അതുകൊണ്ട് അവയെ നശിപ്പിക്കണമെങ്കില്‍ ആദ്യമായിട്ട് ആ പക്ഷികളെ തിരിഞ്ഞുപിടിച്ചു നശിപ്പിക്കണം. അങ്ങനെ ഓരോ മനുഷ്യനും ഓരോ പക്ഷിയുള്ളതുപോലെയാകുന്നു. ആ പക്ഷിയിലാകുന്നു ആ മനുഷ്യന്റെ ജീവന്‍, അതായത് മനുഷ്യന്റെ ജീവിതകൃത്യം (എന്തു നിര്‍വ്വഹിക്കാന്‍വേണ്ടി ജീവിതം ധരിച്ചിരിക്കുന്നുവോ അത്) ഓരോ മനുഷ്യനും അങ്ങനെ ഒരു സാദ്ധ്യത്തിന്റെ, ഒരു ലക്ഷ്യത്തിന്റെ, മൂര്‍ത്തീകരണമാകുന്നു.

മറ്റെന്തെന്നു നഷ്ടമായാലും, ആ ലക്ഷ്യം പൊയ്‌പോകാതിരുന്നാല്‍, ആ ജീവിതോദ്ദേശ്യം നഷ്ടമാകാതിരുന്നാല്‍, അയാള്‍ക്കു നാശമില്ല. സമ്പത്ത് വന്നോ പോയോ ഇരിക്കാം, വിപത്ത് കുന്നുകൂടിയിരിക്കാം: ആ ലക്ഷ്യം സുരക്ഷിതമായിരുന്നാല്‍ നിങ്ങളെ നശിപ്പിക്കാന്‍ ഒന്നിനും കഴികയില്ല. നിങ്ങള്‍ വൃദ്ധനാകാം, ശതവാര്‍ഷികന്‍തന്നെയാവാം. എന്നാലും ആ ലക്ഷ്യം, ആ ജീവിതകൃത്യവിശേഷം, നിങ്ങളുടെ ഹൃദയത്തില്‍ യൗവനപ്പുതുമയോടുകൂടി വര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു മൃത്യുകാരന്‍ ഏത്? പക്ഷേ ആ ലക്ഷ്യം നഷ്ടപ്പെട്ടാല്‍, ആ കൃത്യത്തിനു ഹാനി വന്നാല്‍, മറ്റൊന്നുകൊണ്ട നിങ്ങള്‍ക്കു രക്ഷയുമില്ല. സര്‍വ്വലോകൈശ്വര്യവും സര്‍വ്വലോകബലവും നിങ്ങളെ രക്ഷിക്കുകയില്ല. ഒരു രാഷ്ട്രം എന്നു പറയുന്നത്, അതിലുള്ള വ്യക്തികളുടെ കൂട്ടം എന്നല്ലാതെ മറ്റെന്ത്? (ഓരോ വ്യക്തിക്കും ഉള്ളതുപോലെ) ഓരോ രാഷ്ട്രത്തിനും ഉണ്ട്, ഈ സര്‍വ്വജനരഞ്ജനയില്‍ അതിനു സ്വന്തമായി ഒരു കര്‍ത്തവ്യവിശേഷം: ആ രാഷ്ട്രം ആ കര്‍ത്തവ്യവിശേഷത്തെ, ആ ലക്ഷ്യത്തെ, അനുവര്‍ത്തിക്കുന്ന കാലത്തോളം അതിനെ നശിപ്പിക്കാന്‍ ആര്‍ക്കും ഒന്നിനും ആവുന്നതല്ല. എന്നാല്‍ ആ രാഷ്ട്രം ആ സ്വന്തംലക്ഷ്യം പരിത്യജിച്ച് മറ്റു വല്ലതിനേയും പിന്തുടര്‍ന്നുപോകുന്നു എങ്കില്‍ അതിന്റെ ആയുസ്സു ചുരുങ്ങുകയും അതു കണ്‍മറയുകയും ചെയ്യും.

വിശ്വമതസാദ്ധ്യത (കാലിഫോര്‍ണിയയില്‍ പാസഡീന യൂനിവേഴ്‌സലിസ്റ്റ് പള്ളിയില്‍വെച്ചു 1900 ജനുവരി 28നു ചെയ്ത പ്രസംഗം) – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – തുടരും