അങ്ങനെ നമ്മുടെ മതത്തിലെ പ്രധാനഘടകങ്ങള്‍, തത്ത്വങ്ങള്‍, നിങ്ങളുടെ മുമ്പില്‍ വെയ്ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇനി അനുഷ്ഠാനത്തെ, പ്രയോഗത്തെ, കുറിച്ച് ചില വാക്കുകള്‍കൂടി പറയാനുണ്ട്, അത്രയേയുള്ളൂ. നാം കണ്ടതിന്‍വണ്ണം, ഭാരതത്തില്‍ നിലനിന്ന ചുറ്റുപാടുകളില്‍ സ്വാഭാവികമായി പല മതവിഭാഗങ്ങള്‍ക്കും ഉടലെടുക്കേണ്ടിവന്നു. വസ്തുസ്ഥിതി വെച്ചുനോക്കിയാലും ഭാരതത്തില്‍ പല മതവിഭാഗങ്ങളുള്ളതായി കാണാം. അതോടൊപ്പം ഇവ പരസ്പരം കലഹിക്കുന്നില്ലെന്ന ദുര്‍ഗ്രഹവസ്തുതയും നമുക്കറിയാം. ശൈവര്‍ പറയുന്നില്ല, വൈഷ്ണവരെല്ലാം നശിക്കാന്‍ പോകയാണെന്ന്. വൈഷ്ണവരും പറയുന്നില്ല, ശൈവരെല്ലാം നശിക്കുമെന്ന്. ശൈവന്‍ പറയുന്നു; ഇതാണ് എനിക്കുള്ള മാര്‍ഗ്ഗം. നിങ്ങള്‍ക്ക് നിങ്ങളുടേത്: ഒടുവില്‍ നാമൊന്നിച്ചുചേരും. ഇതു ഭാരതത്തില്‍ എല്ലാവര്‍ക്കുമറിയാം. ‘ഇഷ്ട’ത്തെക്കുറിച്ചുള്ള സിദ്ധാന്തമാണിത് (ഇഷ്ടദേവതാസമ്പ്രദായം). ഈശ്വരാരാധനയ്ക്കു പറ്റിയ രൂപങ്ങള്‍ പലതുണ്ടെന്നു വളരെ പ്രാചീനകാലങ്ങളില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈശ്വരങ്കലേക്കു ചെല്ലുവാന്‍ നിങ്ങള്‍ കൈക്കൊണ്ട മാര്‍ഗ്ഗമായിരിക്കണമെന്നില്ല എന്‍േറത്. അതെനിക്ക് ഉപദ്രവകരം കൂടിയാകാം. എല്ലാവര്‍ക്കുംകൂടി ഒറ്റ വഴിയേയുള്ളൂ എന്ന ആശയം അപായകരമാണ്, വ്യര്‍ത്ഥവും സര്‍വ്വഥാ ത്യാജ്യവുമാണ്. എല്ലാവര്‍ക്കും മതത്തെപ്പറ്റി ഒരേ അഭിപ്രായമാകുമ്പോള്‍, എല്ലാവരും ഒരേയൊരു വഴി കൈക്കൊള്ളുമ്പോള്‍, അതു ലോകത്തിനാകെ അനര്‍ത്ഥമാണ്. അപ്പോള്‍ മതങ്ങളെല്ലാം, ചിന്തകളെല്ലാം, നശിക്കും. ജീവിതത്തിന്റെ മര്‍മ്മംതന്നെ വൈവിദ്ധ്യമാണ്. അത് അപ്പാടെ നശിച്ചാല്‍ സൃഷ്ടിയേ നശിച്ചു. ചിന്തയിലുള്ള ഈ വൈവിദ്ധ്യം നിലനിര്‍ത്തിയാലേ നാമൊക്കെ ജീവിക്കൂ. ആ വൈവിദ്ധ്യത്തെച്ചൊല്ലി നാം കലഹിക്കേണ്ടതില്ല.
നിങ്ങളുടെ വഴി നിങ്ങള്‍ക്ക് വളരെ നന്ന്: എന്നാല്‍ എനിക്കു നന്നല്ല. എന്റെ വഴി എനിക്കു നന്ന്: നിങ്ങള്‍ക്കു നന്നല്ല. എന്റെ വഴിക്ക് സംസ്‌കൃതത്തിലുള്ള പേരാണ് ‘ഇഷ്ട’മെന്ന്. ലോകത്തിലുള്ള ഒരു മതത്തോടും നമുക്കു വഴക്കില്ല എന്നു ധരിക്കണം. നാമോരോരുത്തനുമുണ്ട് ‘ഇഷ്ടം’. എന്നാല്‍ ചില ആളുകള്‍ വന്ന് ‘ഇതൊന്നേ വഴിയുള്ളൂ’ എന്നു പറഞ്ഞ് അതു നമ്മുടെമേല്‍ പിടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോള്‍, നമുക്കു വല്ലതും പറയേണ്ടിവരും: അവരെ നാം പരിഹസിച്ചു പോകും. ഈശ്വരങ്കലേക്കു തങ്ങളുടേതില്‍നിന്നു ഭിന്നമായ ഒരു വഴി സ്വീകരിച്ച സഹോദരരെ നശിപ്പിക്കാന്‍ മുതിരുന്നവര്‍ സ്നേഹത്തെപ്പറ്റി പറയുന്നത് അസംബന്ധമാണ്. അവരുടെ സ്നേഹത്തിന് ഒരു വിലയുമില്ല. തങ്ങളുടേതില്‍നിന്നു ഭിന്നമായ ഒരു വഴിയിലൂടെ നടക്കുന്നവനെ പൊറുക്കാന്‍ കഴിയാത്തവര്‍ സ്നേഹത്തെപ്പറ്റി ഉപദേശിക്കുന്നതെങ്ങനെ? അതു സ്നേഹമാണെങ്കില്‍പ്പിന്നെ ദ്വേഷമേതാണ്? ക്രിസ്തുവിനെയോ ബുദ്ധനെയോ മുഹമ്മദിനെയോ മറ്റേതെങ്കിലും പ്രവാചകനെയോ ആരാധിക്കാന്‍ മതങ്ങള്‍ പഠിപ്പിക്കട്ടെ. അവയോടൊന്നും നമുക്കു കലഹമില്ല. ഹിന്ദു പറയുന്നു; സഹോദര, സ്വാഗതം. നിങ്ങളെ സഹായിക്കാനാണ് എന്റെ ഭാവം. പക്ഷേ എന്റെ വഴി പിന്തുടരാന്‍ എന്നെ അനുവദിക്കണം: അതെന്റെ ‘ഇഷ്ട’മാണ്. നിങ്ങളുടെ വഴി വളരെ നന്ന്: എന്തു സംശയം? പക്ഷേ എനിക്ക് അപായകരമാകാം. ഏതു ഭക്ഷണമാണ് എനിക്കു നല്ലതെന്ന് അനുഭവം എന്നെ പഠിപ്പിക്കുന്നു. വൈദ്യന്മാരെത്ര ചേര്‍ന്നാലും എനിക്കതു പറഞ്ഞുതരിക സാദ്ധ്യമല്ല. അതുപോലെ, എന്റെ അനുഭവത്തില്‍നിന്ന് ഏതു വഴിയാണ് എനിക്കേറ്റവും പറ്റിയതെന്ന് എനിക്കറിയാം. അതാണ് ലക്ഷ്യം, ഇഷ്ടം. അതുകൊണ്ട്, ഉള്ളിലുള്ള ദിവ്യതയെ അറിയാന്‍ ഒരു ക്ഷേത്രമോ പ്രതീകമോ വിഗ്രഹമോ നിങ്ങളെ സഹായിക്കുന്നെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്കതംഗീകരിക്കാം. വേണമെന്നു തോന്നിയാല്‍ ഇരുനൂറു വിഗ്രഹങ്ങള്‍ സ്വീകരിക്കുക. ദിവ്യത സാക്ഷാത്കരിക്കാന്‍ ചില രൂപങ്ങളും മന്ത്രങ്ങളും നിങ്ങളെ സഹായിക്കുമെങ്കില്‍, വളരെ നന്ന്. നിങ്ങളെ ഈശ്വരന്റെ അടുക്കലേക്കു കൊണ്ടെത്തിക്കുവാന്‍ വേണ്ടത് ഏതെല്ലാം രൂപങ്ങളും ക്ഷേത്രങ്ങളും അനുഷ്ഠാനങ്ങളുമാണോ, അവയൊക്കെ സര്‍വ്വഥാ കൈക്കൊള്ളുക. എന്നാല്‍ അവയെച്ചൊല്ലി കലഹിക്കരുത്. കലഹിക്കുന്ന നിമിഷം മുതല്‍ ഈശ്വരങ്കലേക്കു ചെല്ലുകയല്ല നിങ്ങള്‍ ചെയ്യുന്നത്: മറിച്ചു പിന്നോട്ടായിരിക്കും, മൃഗത്തിലേക്ക്.
നമ്മുടെ മതത്തിലുള്‍പ്പെടുന്ന ചില ആശയങ്ങളാണിവ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ആരെയും പുറംതള്ളാത്ത, ഒരു മതമാണിത്. നമ്മുടെ ജാതികളും വ്യവസ്ഥകളുമൊക്കെ മതത്തോടു ബന്ധപ്പെട്ടവയാണെന്ന് പ്രഥമദൃഷ്ടിയില്‍ തോന്നാമെങ്കിലും, വാസ്തവത്തില്‍ അങ്ങനെയല്ല. ഒരു ജനതയെന്ന നിലയ്ക്ക് നമ്മുടെ രക്ഷയ്ക്ക് ഈ വ്യവസ്ഥകള്‍ ആവശ്യമായിരുന്നു. ആത്മരക്ഷയെന്ന ഈ ആവശ്യം തീരുമ്പോള്‍ അവ സ്വയം അസ്തമിച്ചുകൊള്ളും. എന്നാല്‍ ശതാബ്ദങ്ങളായി മതിക്കപ്പെട്ടുവരുന്ന ഈ ഭാരതീയവ്യവസ്ഥകളെക്കുറിച്ചുള്ള എന്റെ മതിപ്പ് പ്രായമേറുന്തോറും ഏറിവരികയാണ്. ഇവയില്‍ പലതും നിഷ്ര്പയോജനവും വ്യര്‍ത്ഥവുമാണെന്നു ഞാന്‍ വിചാരിച്ചുവന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ പ്രായമേറുംതോറും അവയിലൊന്നിനെപ്പോലും അവഹേളിക്കാന്‍ എനിക്കു ധൈര്യം കുറഞ്ഞുവരികയാണ്. അവയോരോന്നും ശതാബ്ദങ്ങളിലൂടെ കൈവന്ന അനുഭവങ്ങളുടെ മൂര്‍ത്തീഭാവമത്രേ. ഇന്നലെയുണ്ടായ ഒരു പയ്യന്‍, മറ്റന്നാള്‍ മരിക്കാന്‍ പോകുന്നവന്‍, വന്ന് എന്നോടു പറയുകയാണ്, എന്റെ കര്‍മ്മപരിപാടികളൊക്കെ മാറ്റാന്‍. ആ പയ്യന്റെ ഉപദേശം കൈക്കൊണ്ട് അവന്റെ ആശയങ്ങള്‍ക്കൊത്ത് എന്റെ ചുറ്റുപാടുകളൊക്കെ മാറ്റിയാല്‍ ഞാന്‍ മാത്രമാണ്, മറ്റാരുമല്ല, വിഡ്ഢിയാകുന്നത്. പല രാജ്യങ്ങളില്‍നിന്നു നമുക്കു കിട്ടുന്ന ഉപദേശങ്ങളില്‍ മിക്കതും ഇത്തരത്തിലുള്ളതാണ്. ഈ പണ്ഡിതമാനികളോടു പറയൂ; ‘ഉറപ്പുള്ള ഒരു സമൂഹം നിങ്ങള്‍ സ്വയം കെട്ടിപ്പടുത്തുകഴിഞ്ഞാല്‍ നിങ്ങളുടെ ഉപദേശം ഞാന്‍ കൈക്കൊള്ളാം. രണ്ടു ദിവസം തികച്ച് ഒരാശയം വെച്ചുപുലര്‍ത്താന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല: തമ്മില്‍ കലഹിച്ചു പരാജയപ്പെടുകയാണ്. നിങ്ങള്‍ വസന്തശലഭങ്ങളെപ്പോലെ ജനിച്ച് അഞ്ചു നിമിഷംകൊണ്ടു തുലയുന്നു: കുമിളകള്‍പോലെ ഉയര്‍ന്ന്, അവയെപ്പോലെ തകരുന്നു. ഞങ്ങളുടേതുപോലെ ഉറച്ച ഒരു സമുദായം ആദ്യം പണിതെടുക്കുക. സ്വശക്തിക്കു മാന്ദ്യം തട്ടാതെ പത്തിരുപതുനൂറ്റാണ്ടുകളിലൂടെ നിലകൊള്ളുന്ന നിയമങ്ങളും സ്ഥാപനങ്ങളും ആദ്യം തയ്യാറാക്കുക. പിന്നെയാവാം ആ കാര്യത്തെക്കുറിച്ച് നിങ്ങളോടു സംസാരിക്കുക. അതുവരെ, സുഹൃത്തേ, തലതിരിഞ്ഞ ഒരു പയ്യന്‍മാത്രമാണ് നിങ്ങള്‍.’
നമ്മുടെ മതത്തെക്കുറിച്ച് എനിക്കു പറയാനുള്ളതു പറഞ്ഞു കഴിഞ്ഞു. വളരെ തിടുക്കമുള്ള ഇന്നത്തെ ഒരാവശ്യത്തെക്കുറിച്ച് നിങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഞാന്‍ അവസാനിപ്പിക്കാം. ഈ കലിയുഗത്തില്‍ മഹത്തായ ഒരു കൃതി നമുക്കു നല്കിയ മഹാനായ ആ ഭാരതകര്‍ത്താവിനെ, വ്യാസനെ, നമുക്കു സ്തുതിക്കാം. മറ്റു യുഗങ്ങളില്‍ അനുഷ്ഠിച്ചുപോന്ന തപസ്സും ദുഷ്‌കരങ്ങളായ യോഗങ്ങളുമൊക്കെ ഇന്നു നടക്കില്ല. ഈ യുഗത്തില്‍ ആവശ്യം ദാനമാണ്, പരോപകാരമാണ്. എന്താണീ ദാനം? ദാനങ്ങളില്‍ ശ്രേഷ്ഠം അദ്ധ്യാത്മ ജ്ഞാനദാനമത്രേ. പിന്നെ ഐഹികജ്ഞാനദാനം. പിന്നെ ജീവിതത്തെ (രക്ഷിച്ചു) ദാനം ചെയ്യുക. ഒടുവിലത്തേതാണ് അന്നപാനദാനം. അദ്ധ്യാത്മജ്ഞാനദാതാവ് ചെയ്യുന്നതു നിരവധി ജന്മങ്ങളില്‍നിന്ന് ആത്മാവിനെ രക്ഷിക്കയത്രേ. ഐഹികജ്ഞാനദാതാവ് അദ്ധ്യാത്മജ്ഞാനത്തിന്റെ നേര്‍ക്ക് മനുഷ്യരുടെ കണ്ണു തുറന്നുകൊടുക്കുന്നു. ജീവിതസംരക്ഷണമുള്‍പ്പെടെയുള്ള മറ്റു ദാനങ്ങളെല്ലാം മുന്‍ചൊന്നതില്‍നിന്നു വളരെ താഴെയാണ്. അതിനാല്‍ ഈ കാര്യം ധരിക്കേണ്ടത് ഒരാവശ്യമാണ്; അദ്ധ്യാത്മജ്ഞാനം നല്കുന്നതിനെ അപേക്ഷിച്ച് വളരെ കുറച്ചു വിലയേ ഉള്ളൂ മറ്റുതരം പ്രവൃത്തികള്‍ക്കെല്ലാം. അദ്ധ്യാത്മജ്ഞാനവിതരണംകൊണ്ടുള്ള സഹായമാണ് എല്ലാറ്റിലും ശ്രേഷ്ഠം, മഹത്തമം. നമ്മുടെ ശാസ്ര്തങ്ങളില്‍ ആദ്ധ്യാത്മികതയുടെ അനശ്വരപ്രസ്രവണമാണുള്ളത്. പ്രായോഗികമായ ആദ്ധ്യാത്മികതയുടെ മഹനീയ ദൃഷ്ടാന്തങ്ങള്‍ ഈ ത്യാഗഭൂമിയിലെന്നോണം ലോകത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ല.
ലോകത്തെക്കുറിച്ച് കുറേ അനുഭവം എനിക്കുണ്ടായിട്ടുണ്ട്. എന്നെ വിശ്വസിക്കുക. മറുനാടുകളില്‍ ഭാഷണങ്ങള്‍ കുറെ ഏറെയുണ്ട്. എന്നാല്‍, മതത്തെ ജീവിതത്തിലേക്കു പകര്‍ത്തിയ പ്രായോഗികമനുഷ്യന്‍ ഇവിടെ, ഇവിടെമാത്രമാണുള്ളത്. പ്രഭാഷണങ്ങളല്ല മതം. തത്തകള്‍ക്കു സംസാരിക്കാം, യന്ത്രങ്ങള്‍ക്കും ഈയിടെ സംസാരിക്കാമെന്നായിട്ടുണ്ട്. എന്നാല്‍ ത്യാഗത്തിന്റെയും ആദ്ധ്യാത്മികതയുടെയും സര്‍വ്വംസഹതയുടെയും അനശ്വരസ്നേഹത്തിന്റെയും ജീവിതം കാട്ടിത്തരൂ. ഈ തരത്തിലുള്ള ജീവിതമാണ് ആദ്ധ്യാത്മിക മനുഷ്യന്റെ ലക്ഷണം. ഇമ്മാതിരി ആശയങ്ങളും മഹനീയങ്ങളായ പ്രായോഗികദൃഷ്ടാന്തങ്ങളും നമ്മുടെ നാട്ടിലുണ്ടെന്നിരിക്കെ, നാട്ടാരുടെയെല്ലാം – അവര്‍ ധനികരോ ദരിദ്രരോ ആകട്ടെ, ഉത്കൃഷ്ടരോ അപകൃഷ്ടരോ ആകട്ടെ – പൊതുസ്വത്താകത്തക്കവണ്ണം മഹായോഗികളുടെ ബുദ്ധിയിലും ഹൃദയത്തിലുമുള്ള സമ്പത്തുകള്‍ വിതരണം ചെയ്യാതിരിക്കുന്നത് അത്യന്തം ദയനീയമാണ്. ഭാരതത്തില്‍ മാത്രമല്ല, ലോകത്തിലെല്ലാം പരക്കെ അവ വാരിവിതയ്‌ക്കേണ്ടിയിരിക്കുന്നു. നമ്മുടെ എത്രയും വമ്പിച്ച കടമകളിലൊന്നാണിത്. നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കാന്‍ കൂടുതല്‍ യത്‌നിക്കുംതോറും നിങ്ങളെത്തന്നെ സഹായിക്കയാണെന്നു കാണാം. നിങ്ങള്‍ക്കു ശരിയായ രാജ്യസ്നേഹമുണ്ടെങ്കില്‍, മതസ്നേഹമുണ്ടെങ്കില്‍, നിങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട ധാര്‍മ്മികമായ ഒരു കടമയാണിത്; നിങ്ങളുടെ ഗ്രഥിതഗ്രന്ഥങ്ങളില്‍നിന്ന് ആശയനിധികള്‍ വെളിയിലെടുത്ത് അവയുടെ തക്ക അവകാശികള്‍ക്കു നല്കുക എന്ന മഹത്തായ ആദര്‍ശത്തോടുകൂടി നിങ്ങള്‍ തീവ്രയത്‌നം ചെയ്യണം, ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
സര്‍വോപരി ഒരു കാര്യം വേണം; സത്യം പറഞ്ഞാല്‍ യുഗങ്ങളായി നാം ഭയങ്കരമായ അസൂയയില്‍ കുതിര്‍ന്നുകിടക്കുകയാണ്: എപ്പോഴും നാം അന്യോന്യം അസൂയപ്പെടുന്നു. ഈ മനുഷ്യനെന്താ ഒട്ടൊരു മുന്‍ഗണന കിട്ടാന്‍? എനിക്കില്ലല്ലോ. ഈശ്വരാരാധനയില്‍പ്പോലും നാം മുന്‍ഗണനയ്ക്കു ശഠിക്കുന്നു. അങ്ങനെയുള്ള ഒരടിമത്തത്തിലാണ് നാം വീണിരിക്കുന്നത്. ഇത് ഒഴിച്ചുകളയണം. ഇന്നു ഭാരതത്തില്‍ നിലവിളികൂട്ടുന്ന ഒരു പാപമുണ്ടെങ്കില്‍ അത് ഈ അടിമത്തമാണ്. ഓരോരുത്തന്നും ആജ്ഞാപിക്കാനാണ് മോഹം: അനുസരിക്കാന്‍ ആര്‍ക്കുമാവില്ല. പഴയ കാലത്തെ അദ്ഭുതകരമായ ആ ബ്രഹ്മചര്യ സമ്പ്രദായം നിലവിലില്ലാതായതുകൊണ്ടു വന്നതാണത്. ഒന്നാമത് അനുസരിക്കാന്‍ പഠിക്കൂ. ആജ്ഞാശക്തി സ്വയം വന്നുകൊള്ളും. എപ്പോഴും ഒന്നാമതായി സേവിക്കാന്‍ പഠിക്കുക: യജമാനനാകാന്‍ യോഗ്യത വഴിയേ ഉണ്ടായിക്കൊള്ളും. ഈ അസൂയ വെടിയുക. അപ്പോള്‍ ചെയ്യാനിരിക്കുന്ന വമ്പിച്ച ജോലികള്‍ നിങ്ങള്‍ക്കു ചെയ്തുതീര്‍ക്കാന്‍ സാധിക്കും. നമ്മുടെ പൂര്‍വികന്മാര്‍ ഏറ്റവും ആശ്ചര്യകരമായ കാര്യങ്ങള്‍ ചെയ്തുതീര്‍ത്തു. നാം പിന്തിരിഞ്ഞ് ആദരവോടും അഭിമാനത്തോടുംകൂടി അവരുടെ പ്രവൃത്തികള്‍ നോക്കിക്കാണുന്നു. എന്നാല്‍ വന്‍കിട കാര്യങ്ങള്‍ ചെയ്യാന്‍ നാം തയ്യാറാകുകകൂടിയാണ്. ഇനി വരുന്നവര്‍ ആശിസ്സുകളോടും അഭിമാനത്തോടുംകൂടി അവരുടെ പൂര്‍വ്വികരായ നമ്മെയും പിന്തിരിഞ്ഞുനോക്കിക്കാണട്ടെ. നമ്മുടെ പൂര്‍വികന്മാരുടെ മഹത്തും മഹനീയവുമായ പ്രവൃത്തികളെപ്പോലും കീഴ്ക്കിടയിലാക്കുന്ന പ്രവൃത്തികള്‍ ഈശ്വരാനുഗ്രഹംകൊണ്ട് ഇവിടെയുള്ള ഓരോരുത്തനും ഇനി ചെയ്യുമെന്നു നിശ്ചയം.
(വിവേകാനന്ദസാഹിത്യസര്‍വ്വസ്വം – വേദാന്തമതം )