മധുരയിലെ സ്വാഗത്തിനു മറുപടി
മധുരയിലെ ഹിന്ദുക്കള്‍ സ്വാമിജിക്കു നല്കിയ സ്വാഗതാശംസ
സംപൂജ്യതമനായ സ്വാമിന്‍,
പുരാതനവും പവിത്രവുമായ ഞങ്ങളുടെ പട്ടണത്തില്‍ വന്നുചേര്‍ന്ന അങ്ങയ്ക്കു മധുരയിലെ ഹിന്ദുക്കളായ ഞങ്ങള്‍ ഹാര്‍ദ്ദവും ബഹുമാനപൂര്‍ണ്ണവുമായ സ്വാഗതം നല്കിക്കൊള്ളുന്നു. ആദര്‍ശഭൂതനായ സന്ന്യാസിയെയാണ് അങ്ങില്‍ ഞങ്ങള്‍ കാണുന്നത്: സ്വാര്‍ത്ഥസുഖങ്ങള്‍ക്കു നിദാനമായ പ്രാപഞ്ചികബന്ധങ്ങളും സംഗങ്ങളുമെല്ലാം സംത്യജിച്ചു പരോപകാരപരമായ ജീവിതം നയിക്കുക എന്ന കൃത്യമാണ് അങ്ങിപ്പോള്‍ യഥാവിധി നിറവേറ്റുന്നത്. അങ്ങനെ മനുഷ്യരാശിയുടെതന്നെ ആദ്ധ്യാത്മികമായ നിലവാരം ഉയര്‍ത്തുവാന്‍ അങ്ങു യത്‌നിക്കുന്നു. ചിട്ടകളിലും ചടങ്ങുകളിലുമല്ല ഹിന്ദുമതസാരം അവശ്യം തങ്ങിനില്ക്കുന്നതെന്നും, മറിച്ച്, പീഡിതര്‍ക്കും ദുഃഖിതര്‍ക്കും ആശ്വാസവും സമാധാനവും നല്കുവാന്‍ ത്രാണിയുള്ള ഉദാത്തമായ ഒരു ദര്‍ശനമാണതെന്നുമുള്ള സത്യം സ്വജീവിതത്തില്‍ ത്തന്നെ അങ്ങു പ്രത്യക്ഷപ്പെടുത്തിയിരിക്കുന്നു.
ഓരോരുത്തന്റെയും കഴിവുകള്‍ക്കും ചുറ്റുപാടുകള്‍ക്കും ഏറ്റവും പറ്റുന്ന മട്ടില്‍ ഓരോരുത്തനെയും ഉയര്‍ത്താന്‍ പുറപ്പെട്ടിട്ടുള്ള ഹിന്ദുദര്‍ശനത്തെയും ഹിന്ദുമതത്തെയും ബഹുമാനിക്കാന്‍ അങ്ങ് അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള വരെ പഠിപ്പിച്ചു. കഴിഞ്ഞ മൂന്നു കൊല്ലമായി അങ്ങയുടെ ഉപദേശങ്ങള്‍ വിദേശങ്ങളിലാണ് പ്രഖ്യാപിതമായതെങ്കിലും, ഈ രാജ്യക്കാര്‍ അതിലല്പവും കുറയാത്ത ആര്‍ത്തിയോടുകൂടെയാണ് അവയെ ഉള്‍ക്കൊണ്ടിട്ടുള്ളത്: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇവിടെ തഴച്ചുവളരുന്ന ഭൗതികവാദത്തെ ചെറുക്കാന്‍ ആ ഉപദേശങ്ങള്‍ക്കു ഗണ്യമായ തോതില്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്നും ഭാരതം സജീവമാണ്: കാരണം, പ്രപഞ്ചത്തിന്റെ ആദ്ധ്യാത്മിക സംവിധാനത്തില്‍ നിറവേറ്റേണ്ടുന്ന ഒരു കടമ ഭാരതത്തിനുണ്ട്. കലിയുഗത്തിന്റെ ഒടുവില്‍ അങ്ങയെപ്പോലുള്ള ഒരാള്‍ ഉണ്ടായിട്ടുള്ളത്, മേല്‍ച്ചൊന്ന കടമ നിറവേറ്റാന്‍ അടുത്തഭാവിയില്‍ത്തന്നെ മഹാത്മാക്കള്‍ ഉടലെടുക്കാന്‍ പോകുന്നതിന്റെ വിശ്വാസ്യമായ ലക്ഷണമാണ്.
പ്രാചീനവിജ്ഞാനസമ്പത്തിന്റെ ഇരുപ്പിടവും സുന്ദരേശ്വരദേവതയുടെ വാത്‌സല്യഭാജനവും യോഗികളുടെ പാവനമായ ദ്വാദശാന്തക്ഷേത്രവുമായ ഈ മധുര, ഭാരതീയദര്‍ശനത്തിന് അങ്ങു നല്കിയ വ്യാഖ്യാനത്തെ ഹാര്‍ദ്ദമായി ശ്ലാഘിക്കുന്നതിലും മനുഷ്യസമുദായത്തിന് അങ്ങനുഷ്ഠിച്ച അമൂല്യമായ സേവനങ്ങളോടു കൃതജ്ഞതാപൂര്‍വം കടപ്പാടു രേഖപ്പെടുത്തുന്നതിലും മറ്റേതു ഭാരതീയ നഗരത്തിന്റെയും പിന്നിലല്ല.
തേജസ്സും ഓജസ്സും സഫലതയും നിറഞ്ഞ ദീര്‍ഘജീവിതംകൊണ്ട് അങ്ങ് അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സ്വാമിയുടെ മറുപടിപ്രസംഗമാണ് ചുവടെ ചേര്‍ക്കുന്നത്
തുടര്‍ച്ചയായി നിങ്ങളുടെയിടയില്‍ കുറേ ദിവസം കഴിഞ്ഞുകൂടാന്‍ സാധിച്ചെങ്കില്‍ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്നാലേ, നിങ്ങളുടെ അര്‍ഹത്തമനായ അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടപോലെ, പാശ്ചാത്യ രാജ്യങ്ങളില്‍ എനിക്കുണ്ടായ അനുഭവങ്ങളെയും കഴിഞ്ഞ നാലു കൊല്ലമായി ഞാന്‍ അവിടെ ചെയ്ത ജോലികളുടെ ഫലങ്ങളെയുംപറ്റി വിസ്തരിച്ചുകേള്‍പ്പിക്കാന്‍ കഴിയൂ. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, സ്വാമിമാര്‍ക്കും ശരീരമുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയായി എനിക്കു തുടരെ നടത്തേണ്ടിവന്ന സഞ്ചാരവും പ്രഭാഷണങ്ങളും ഇന്നീ സായാഹ്‌നത്തില്‍ ഒരു നീണ്ട പ്രസംഗം ചെയ്യുക എനിക്ക് അസാദ്ധ്യമാക്കിയിരിക്കുന്നു.അതുകൊണ്ട് നിങ്ങള്‍ എന്നോടു കാണിച്ച ദയാവായ്പില്‍ എനിക്കുള്ള ഹാര്‍ദ്ദമായ കൃതജ്ഞത പ്രകാശിപ്പിച്ച് ഞാന്‍ തൃപ്തിയടയട്ടെ. ആരോഗ്യസ്ഥിതി ഭേദപ്പെടുന്ന ഒരു ദിവസം, ഭാവിയില്‍, ഇപ്പോള്‍ ചെയ്യാവുന്നതിലും മെച്ചമായി പല കാര്യങ്ങളെപ്പറ്റിയും പ്രതിപാദിക്കുവാന്‍വേണ്ടി മറ്റു സംഗതികള്‍ മാറ്റിവെയ്ക്കാമെന്നും കരുതുന്നു. നിങ്ങളുടെയിടയില്‍ ഒരു പ്രസിദ്ധപൗരനും പ്രഭുവുമായ രാമനാട്ടു രാജാവിന്റെ അതിഥിയായി മധുരയില്‍ ഞാന്‍ വന്നിരിക്കകൊണ്ട് ഒരു വസ്തുത എന്റെ മനസ്സില്‍ പൊന്തിവരുന്നു. ഒരുപക്ഷേ നിങ്ങളില്‍പ്പലരും അറിഞ്ഞിരിക്കും, ഷിക്കാഗോവിലേക്കു പോകുക എന്ന ആശയം ആദ്യമെനിക്കു നല്കിയതും ഹൃദയപൂര്‍വം തന്റെ സകലസ്വാധീനതകളും ഉപയോഗിച്ച് ആ ആശയത്തിനു പിന്‍ബലം നല്കിയതും ഈ രാജാവാണെന്ന്. അതുകൊണ്ട് ഈ സ്വാഗതാശംസയില്‍ എന്റെമേല്‍ ചൊരിഞ്ഞ പ്രശംസയുടെ ഒരു നല്ല പങ്ക് ദക്ഷിണഭാരതത്തിലെ മാന്യനായ ഈ പ്രഭുവിനാണ് ചെല്ലേണ്ടത്. അദ്ദേഹം രാജാവായതിനുപകരം സന്ന്യാസിയായെങ്കില്‍ എന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. എന്തുകൊണ്ടെന്നാല്‍ അതിനാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ യോഗ്യന്‍.
ലോകത്തില്‍ എങ്ങാനുമൊരിടത്തു വാസ്തവത്തില്‍ ഒരു കുറവു നേരിട്ടാല്‍ അതിന്റെ പൂരകം സ്വയം അവിടെച്ചെന്നെത്തുകയും അവിടെ ഒരു പുതിയ ജീവിതം ഉളവാക്കുകയും ചെയ്യും. ഭൗതിക ലോകത്തിലെന്നപോലെ ആദ്ധ്യാത്മികലോകത്തിലും ഇതൊരു സത്യമാണ്. ലോകത്തിലൊരിടത്ത് ആദ്ധ്യാത്മികതയുടെ കുറവുണ്ടാകുക: അതേസമയം ആ ആദ്ധ്യാത്മികത മറ്റൊരിടത്തുണ്ടായിരിക്കുക – ഇത്രയുമായാല്‍, നാം ബോധപൂര്‍വം യത്‌നിച്ചാലും ഇല്ലെങ്കിലും, ആദ്ധ്യാത്മികത ആവശ്യമുള്ളിടത്തു ചെന്നെത്തി വൈഷമ്യം മാറ്റി സമസ്ഥിതി വീണ്ടെടുത്തുകൊള്ളും. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഒരിക്കലോ രണ്ടു തവണയോ അല്ല, ആവര്‍ത്തിച്ചാവര്‍ത്തിച്ച്, ലോകത്തിന് ആദ്ധ്യാത്മികത നല്കാനുള്ള ദൈവദത്തമായ അവസരം ഭാരതത്തിനാണ് കഴിഞ്ഞ കാലങ്ങളില്‍ കൈവന്നത്. പരാക്രമപൂര്‍വമായ കീഴടക്കലിലൂടെയോ, കച്ചവടപരമായ ആധിപത്യത്തിലൂടെയോ, ലോകത്തിന്റെ നാനാഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് ആകെ ഒരു മനുഷ്യവംശമായിത്തീര്‍ന്നപ്പോള്‍, ഒരു മൂലയില്‍നിന്നു മറ്റൊന്നിലേക്ക് സംഭാവനകള്‍ നല്കപ്പെട്ടിട്ടുള്ളപ്പോള്‍, ഓരോ ജനതയും അതിന്‍േറതായ വിഹിതം – അതു രാഷ്ട്രീയമോ സാമൂഹ്യമോ ആദ്ധ്യാത്മികമോ ആകാം – മുക്തഹസ്തം ചൊരിഞ്ഞുകൊടുത്തിട്ടുണ്ട്. മനുഷ്യരാശിയുടെ വിജ്ഞാനസമാഹാരത്തിലേക്ക് ഭാരതം ചെയ്തിട്ടുള്ള സംഭാവന ആദ്ധ്യാത്മികത, ദര്‍ശനം, ആണ്. പേഴ്‌സ്യന്‍ സാമ്രാജ്യം രൂപപ്പെടുന്നതിനു വളരെ മുമ്പുതന്നെ ഭാരതം ഇവ നല്കിക്കഴിഞ്ഞു. രണ്ടാമതായി പേഴ്‌സ്യന്‍സാമ്രാജ്യകാലത്താണ് ഭാരതം അങ്ങനെ ചെയ്തത്. ഗ്രീക്ക്‌മേല്‍ക്കോയ്മക്കാലത്തു മൂന്നാമതും അതു നടന്നു. ഇപ്പോള്‍ ഇംഗ്ലീഷ്‌മേല്‍ക്കോയ്മക്കാലത്തു നാലാമതും ദൈവവിഹിതമായ അതേ കര്‍ത്തവ്യമാണ് ഭാരതം അനുഷ്ഠിക്കാന്‍ പോകുന്നത്. സംഘടനയെയും ബാഹ്യപരിഷ്‌കാരത്തെയും പറ്റിയുള്ള പാശ്ചാത്യാശയങ്ങള്‍ നമ്മുടെ രാജ്യത്തിലേക്കു തുളച്ചു കടക്കുകയും നിറഞ്ഞൊഴുകുകയും ചെയ്യുന്ന ഇത്തരുണത്തില്‍ – ഇവയൊക്കെ നമുക്കു മധുരിക്കട്ടെ അല്ലെങ്കില്‍ കയ്ക്കട്ടെ – ഭാരതീയമായ ആദ്ധ്യാത്മികതയും ദര്‍ശനവും പാശ്ചാത്യ ദേശങ്ങളെ ആപ്ലാവനം ചെയ്യുകയാണ്. അവിടെ ആര്‍ക്കുമതിനെ തടുക്കാനാവില്ല. ഇതുപോലെ നമുക്കും പടിഞ്ഞാറുനിന്നു വരുന്ന ഏതുതരം ഭൗതികപരിഷ്‌കാരത്തെയും തടുക്കാനാവാതെയാണിരിക്കുന്നത്. ഒരുപക്ഷേ അതിന്റെ ചെറിയൊരംശം നമുക്കു നല്ലതാണെന്നുതന്നെ വരാം. കുറച്ചാദ്ധ്യാത്മികത കലരുന്നതു പടിഞ്ഞാറിനു നല്ലതാണ്. അങ്ങനെ സമസ്ഥിതി വേണ്ടപോലെ പരിപാലിക്കപ്പെടുന്നുണ്ടുതാനും. പടിഞ്ഞാറുനിന്ന് എല്ലാം നാം പഠിക്കണമെന്നോ, നമ്മില്‍നിന്ന് എല്ലാം അവര്‍ പഠിക്കണമെന്നോ അര്‍ത്ഥമാക്കരുത്. എന്നാല്‍ നമ്മില്‍ ഓരോ കൂട്ടരും അവരവര്‍ക്കുള്ളതു വരാന്‍പോകുന്ന തലമുറയ്ക്കു കൊടുക്കണം, ഭാവിക്കു കൈമാറണം, അങ്ങനെയാണ് യുഗങ്ങളായി പുലര്‍ത്തിപ്പോരുന്ന സ്വപ്നങ്ങള്‍ സാഫല്യമടയേണ്ടത്, ജനതകള്‍ പൊരുത്തപ്പെടേണ്ടത്, ആദര്‍ശലോകം ഉടലെടുക്കേണ്ടത്. ഒരാദര്‍ശലോകം എപ്പോഴെങ്കിലും പിറക്കുമോ എന്നെനിക്കറിവില്ല: സാമൂഹ്യമായ ആ പൂര്‍ണ്ണതയില്‍ ചെന്നെത്തുമോ എന്നതിനെപ്പറ്റി എനിക്കു തനതായ സംശയങ്ങളുണ്ട്. അതു വന്നാലും ഇല്ലെങ്കിലും, ആ ആശയത്തിനു വേണ്ടി, അതു നാളെ ഉടലെടുക്കുമെന്ന മട്ടില്‍, അതു നമ്മിലോരോരുത്തന്റെയും പ്രവൃത്തിയെമാത്രം ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍, നമോരോരുത്തനും പ്രവര്‍ത്തിക്കേണ്ടതുണ്ട്. മറ്റെല്ലാവരും അവരുടെ പ്രവൃത്തി ചെയ്തുകഴിഞ്ഞെന്നും ലോകം പൂര്‍ണ്ണതയടയുവാന്‍ ശേഷിക്കുന്ന പ്രവൃത്തി തന്‍േറതുമാത്രമാണെന്നും വേണം ഓരോരുത്തനും കരുതാന്‍. ഈ ചുമതലയാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്.
ഇതിനിടെ ഭാരതത്തില്‍ മതത്തിനു വമ്പിച്ച ഒരു പുനരുത്ഥാനമുണ്ടായിട്ടുണ്ട്. മേല്ക്കാലം ഇതുകൊണ്ടും സൗഭാഗ്യമെന്നപോലെ അപായവുമുണ്ടാകാം. ചിലപ്പോള്‍ പുനരുത്ഥാനം പിടിവാദപ്രവണതകള്‍ക്കു ജന്മം നല്കാറുണ്ട്: അതിരുകള്‍ ലംഘിക്കാറുണ്ട്. അങ്ങനെ പുനരുത്ഥാനം, അതു കൈവരുത്തിയവര്‍ക്കുപോലും, ഒരു സീമയ്ക്കപ്പുറം കടന്നാല്‍, പലപ്പോഴും നിയന്ത്രണാതീതമാകാറുണ്ട്. അതുകൊണ്ട് മുന്‍കൂട്ടി കരുതുന്നതു കൂടുതല്‍ നന്ന്. ഒരിടത്ത് അന്ധവിശ്വാസ പൂര്‍ണ്ണവും പഴഞ്ചനുമായ മതസാമ്പ്രദായികത എന്ന നീര്‍ച്ചുഴി: മറ്റൊരിടത്തു പാശ്ചാത്യപുരോഗതിയുടെ അടിത്തട്ടോളം ചുഴിഞ്ഞിറങ്ങിയിട്ടുള്ള ഭൗതികവാദം, യൂറോപ്പിന്‍േറതായ ലോകാവലോകനം, അനാത്മകത്വം, നാമമാത്രമായ പരിഷ്‌കാരപ്രവണത, എന്ന പാറക്കെട്ട് – ഇവ രണ്ടിന്റെയും ഇടയിലൂടെയാണ് നമുക്കു പോകേണ്ടത്. രണ്ടിനെയും നമുക്കു സൂക്ഷിക്കേണ്ടതുണ്ട്. ഒന്നാമത്, നമുക്കു പാശ്ചാത്യരാകുക ശക്യമല്ല. അതുകൊണ്ടു പാശ്ചാത്യരെ അനുകരിക്കുക നിരര്‍ത്ഥകമാണ്. അനുകരിക്കുന്നു എന്നുതന്നെ വെയ്ക്കുക. ആ നിമിഷം നിങ്ങള്‍ മരണമടയും. നിങ്ങളില്‍ പിന്നെ ജീവനുണ്ടാകയില്ല. രണ്ടാമത്, അതൊരസംഭവ്യമായ കാര്യമാണ്. കാലംതന്നെ പിറന്ന ആ വിദൂരതയില്‍ ഒരാറുളവാകുന്നു; ദശലക്ഷം യുഗങ്ങളില്‍ പരന്നു കിടക്കുന്ന മനുഷ്യചരിത്രത്തിലൂടെ അതങ്ങനെ ഒഴുകുന്നു. ആ ആറിനെ പിടിച്ചൊതുക്കി അതിന്റെ ഉറവിടമായ ഹിമാലയത്തിലെ വല്ല ഹിമാനിയിലേക്കും തള്ളിമടക്കാമെന്നാണോ കരുതുന്നത്? ഇതൊരുപക്ഷേ സാധ്യമാണെങ്കില്‍ത്തന്നെയും, നിങ്ങള്‍ക്കൊക്കെ യൂറോപ്യന്മാരാകുക സാദ്ധ്യമല്ല. കുറച്ചു ശതകങ്ങള്‍മാത്രം പഴക്കമുള്ള പാശ്ചാത്യസംസ്‌കാരം ദൂരെ വലിച്ചെറിയാന്‍ യൂറോപ്പിന്നു സാദ്ധ്യമല്ലെങ്കില്‍, പത്തിരുപതു ഭാസുരശതകങ്ങളായി നിലനിന്നുപോരുന്ന സംസ്‌കാരം കുടഞ്ഞുതെറിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു കരുതുന്നുവോ? സാദ്ധ്യമല്ലതന്നെ. നമ്മുടെ മതവിശ്വാസമെന്നു നാം പറഞ്ഞുവരുന്നതാണ് ക്ഷുദ്രമായ ഓരോ ഗ്രാമദേവതയിലും ഓരോ അന്ധവിശ്വാസത്തിലും ഉറഞ്ഞുകിടക്കുന്നതെന്ന സംഗതിയും ഓര്‍ക്കണം. എന്നാല്‍ പ്രാദേശികാചാരങ്ങള്‍ അനന്തങ്ങളാണ്, പരസ്പരവിരുദ്ധങ്ങളുമാണ്. ഏതൊക്കെയാണ് നാം അനുസരിക്കുക, ഏതൊക്കെയാണ് അനുസരി ക്കാതിരിക്കുക? ഉദാഹരണമായി തെക്കേ ഇന്ത്യയിലെ ഒരു ബ്രാഹ്മണന്‍ ഭയങ്കരമായ ഒരു പാപത്തില്‍നിന്നോണം വിറകൊണ്ടു പിന്‍വാങ്ങും, മറ്റൊരു ബ്രാഹ്മണന്‍ മാംസം കഴിക്കുന്നതു കണ്ടാല്‍. വടക്കേ ഇന്ത്യയിലെ ഒരു ബ്രാഹ്മണനാകട്ടെ, ഏറ്റവും മഹനീയവും പാവനവുമായ ഒരു കര്‍മ്മമായിട്ടാണ് അതു കണക്കാക്കുന്നത്. അയാള്‍ യാഗത്തിനു നൂറുകണക്കിന് ആടിനെ കൊല്ലുന്നു. നിങ്ങള്‍ നിങ്ങളുടെ ആചാരം പുരസ്‌കരിച്ചാല്‍ അവര്‍ അവരുടേതിനെ പുരസ്‌കരിക്കാന്‍ നിങ്ങളെപ്പോലെതന്നെ തയ്യാര്‍. ഭാരതത്തിലെ ആചാരങ്ങള്‍ പലതാണ്: പക്ഷേ അവയൊക്കെ അതാതു ദേശത്തില്‍മാത്രം പ്രചാരമുള്ളവയാണ്. ഏറ്റവും വമ്പിച്ച തെറ്റ് പ്രാദേശികമായ ഈ ആചാരത്തെ മൂര്‍ഖന്മാര്‍ നമ്മുടെ മതത്തിന്റെ സാരമായി എണ്ണുന്നതത്രേ.
[മധുരയിലെ സ്വാഗത്തിനു മറുപടി – വിവേകാനന്ദസാഹിത്യസര്‍വസ്വം]