ഇത്തരുണത്തില്‍ സ്വാഭാവികമായി ജാതിയുടെയും സാമൂഹ്യ പരിഷ്‌കാരത്തിന്റെയും ദുര്‍ഗ്ഗവും ക്ലിഷ്ടവുമായ പ്രശ്‌നം ഉദയം ചെയ്യുന്നു. ഇതാണു ശതകങ്ങളായി നമ്മുടെ ആളുകളുടെ മനസ്സില്‍ പൊന്തി നിന്നത്. ഞാന്‍ ജാതിധ്വംസകനോ വെറും സാമൂഹ്യപരിഷ്‌കര്‍ത്താവോ ഒന്നുമല്ലെന്നു നിങ്ങളോടു തുറന്നുപറയേണ്ടിയിരിക്കുന്നു. എനിക്കു നിങ്ങളുടെ ജാതികളോടും സാമൂഹ്യപരിഷ്‌കാരത്തോടും നേരിട്ടൊരിട പാടുമില്ല. നിങ്ങള്‍ക്കിഷ്ടമുള്ള ജാതിയില്‍ ജീവിച്ചുകൊള്ളുക. അതുകൊണ്ട് മറ്റൊരു മനുഷ്യനെയോ ജാതിയെയോ ദ്വേഷിക്കാന്‍ കാരണമൊന്നുമില്ല. സ്നേഹം, സ്നേഹംമാത്രമാണു ഞാന്‍ പ്രസംഗിക്കുന്നത്. എന്റെ ഉപദേശത്തിന്റെ അധിഷ്ഠാനമായി ഞാന്‍ എടുത്തിട്ടുള്ളത് വിശ്വാത്മാവിന്റെ ഐക്യവും സര്‍വവ്യാപിതയുമെന്ന വമ്പിച്ച വേദാന്ത തത്ത്വമത്രേ. ഏതാണ്ടു കഴിഞ്ഞ ഒരു നൂറ്റാണ്ടായി നമ്മുടെ രാജ്യത്തു സാമൂഹ്യപരിഷ്‌കര്‍ത്താക്കന്മാരുടെയും വിചിത്ര സാമൂഹ്യപരിഷ്‌കാര പരിപാടികളുടെയും ഒരു പ്രളയംതന്നെ അനുഭവപ്പെട്ടുവരികയാണ്. ആ പരിഷ്‌കര്‍ത്താക്കന്മാരെക്കുറിച്ച്, വ്യക്തിപരമായി പറഞ്ഞാല്‍, എനിക്കാക്ഷേപമൊന്നുമില്ല. അവരില്‍ ഏറിയകൂറും നല്ലവരും നല്ലതു ചെയ്യണമെന്നു വിചാരിക്കുന്നവരുമാണ്. അവരുടെ ഉദ്ദേശ്യങ്ങളും, ചില അംശങ്ങളില്‍, തുലോം ശ്ലാഘ്യങ്ങള്‍തന്നെ. പക്ഷേ, ഒരു സംഗതി പ്രത്യക്ഷമാണ്; ഈ ഒരു നൂറു കൊല്ലമായി നടക്കുന്ന സാമൂഹ്യ പരിഷ്‌കാരങ്ങള്‍ രാജ്യത്തെങ്ങും കാണത്തക്കവണ്ണം ശാശ്വതവും വിലപ്പെട്ടതുമായ ഫലമൊന്നും ഉളവാക്കിയിട്ടില്ല. ആയിരക്കണക്കിനു പ്രസംഗങ്ങള്‍ വേദികളില്‍നിന്നുതിര്‍ന്നു. ദുര്‍വിധിഹതമായ ഹിന്ദുജനതയുടെയും ഹൈന്ദവസംസ്‌കാരത്തിന്റെയും ശ്രദ്ധാനതമായ ഉത്തമാംഗത്തില്‍ അഭിശാപഗ്രന്ഥങ്ങളുടെ ധാരതന്നെ വര്‍ഷിക്കപ്പെട്ടു. എങ്കിലും പ്രായോഗികമായ നല്ല ഫലമൊന്നും കൈവന്നില്ല. ഇതിനു കാരണം? അതു വേഗത്തില്‍ കണ്ടെത്താം. ഈ അഭിശാപത്തില്‍ത്തന്നെയാണ് അതു നിലകൊള്ളുന്നത്. മുമ്പു പറഞ്ഞതുപോലെ, ഒന്നാമതായി നാം ചെയ്യേണ്ടത്, ചരിത്രപ്രസിദ്ധവും ഒരു ജനതയെന്ന നിലയില്‍ നാം സമ്പാദിച്ചതുമായ സ്വഭാവം വെച്ചുപുലര്‍ത്താന്‍ ശ്രമിക്കയാണ്. എന്നാല്‍ ഇന്നു നിലവിലുള്ള പരിഷ്‌കാരപദ്ധതികളില്‍ ഏറിയകൂറും പാശ്ചാത്യമാര്‍ഗ്ഗങ്ങളുടെയും പ്രവര്‍ത്തനരീതികളുടെയും അചിന്തിതാനുകരണങ്ങള്‍ മാത്രമാണെന്നു പറയേണ്ടിവന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ഭാരതത്തിന് ഇതു പോര, നിശ്ചയം. ഇതുകൊണ്ടാണ് ഈയിടെ ഉണ്ടായിട്ടുള്ള പരിഷ്‌കരണപദ്ധതികള്‍ നിഷ്ഫലമായിപ്പോയത്.
രണ്ടാമതായി, അഭിശാപമല്ല നന്മ ചെയ്യുവാനുള്ള മാര്‍ഗം. കുട്ടിക്കു പോലും കാണാം, നമ്മുടെ സമുദായത്തില്‍ തിന്മകളുണ്ടെന്ന്. ഏതു സമുദായത്തിലാണ് തിന്മകളില്ലാത്തത്? എന്റെ നാട്ടുകാരേ, ഈ അവസരമുപയോഗിച്ചു ഞാന്‍ പറയുന്നു, ലോകത്തില്‍ എനിക്കു നേരിട്ടറിയാന്‍ കഴിഞ്ഞ വിഭിന്നവംശങ്ങളെയും വിഭിന്നജനതകളെയും തുലനം ചെയ്യുമ്പോള്‍, ആകെക്കൂടി നോക്കിയാല്‍, നമ്മുടെ ആളുകളാണ് കൂടുതല്‍ സന്മാര്‍ഗനിഷ്ഠരും കൂടുതല്‍ ഈശ്വരപരരും. അതുപോലെ, ആസൂത്രണത്തിലും ലക്ഷ്യത്തിലും, നമ്മുടെ വ്യവസ്ഥിതികളാണ് മനുഷ്യവര്‍ഗത്തിന് ഏറ്റവും സുഖോദര്‍ക്കം. അതിനാല്‍ പരിഷ്‌കാരമൊന്നും എനിക്കാവശ്യമില്ല. എന്റെ ആദര്‍ശം വളര്‍ച്ചയും വികസനവും ജനതയുടേതായ മാര്‍ഗങ്ങളിലൂടെയുള്ള പരിപുഷ്ടിയുമാണ്. എന്റെ നാടിന്റെ ചരിത്രത്തിലേക്കു കണ്ണോടിക്കുമ്പോള്‍, ലോകത്തിലുള്ള മറ്റൊരു രാജ്യവും മനുഷ്യമനസ്സിന്റെ മേന്മയ്ക്കു വേണ്ടി ഇത്രമാത്രം പ്രവര്‍ത്തിച്ചിട്ടില്ലെന്നു ഞാന്‍ കാണുന്നു. അതിനാല്‍ എന്റെ ജനതയ്‌ക്കെതിരായി ഭര്‍ത്‌സനങ്ങള്‍ മുഴക്കാന്‍ എനിക്കു വാക്കു കിട്ടുന്നില്ല. അവരോടു ഞാന്‍ പറയുന്നതിങ്ങനെയാണ്; ”ചെയ്തതു നന്നായി: കൂടുതല്‍ നന്നായി ചെയ്യാന്‍ ശ്രമിക്കൂ.” ഈ രാജ്യത്ത് പണ്ടു വമ്പിച്ച കാര്യങ്ങള്‍ നിറവേറിയിട്ടുണ്ട്: ഭാവിയില്‍ അതിലും വമ്പിച്ച കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടത്ര സമയവും അവസരവും ഉണ്ടുതാനും. നമുക്ക് അനങ്ങാതിരിക്കുക സാദ്ധ്യമല്ലെന്ന് നിങ്ങള്‍ക്കു ബോധമുണ്ടെന്ന് എനിക്കു നന്നായറിയാം. നിശ്ചലത വന്നാല്‍ നാം മരിക്കയായി. ഒന്നുകില്‍ നമുക്കു മുന്നോട്ടു പോകണം, അല്ലെങ്കില്‍ പിന്നോട്ടു പോകണം: ഉത്കര്‍ഷം അല്ലെങ്കില്‍ അപകര്‍ഷം. നമ്മുടെ പൂര്‍വികര്‍ മഹത്തായ പലതും പണ്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ നിറവുറ്റ ഒരു ജീവിതത്തിലേക്കു നാം വളരണം. അവരുടെ വമ്പിച്ച നേട്ടങ്ങള്‍ക്കും അപ്പുറത്തേക്കു നമുക്കണിനടക്കണം. ഇനിയെങ്ങനെയാണ് നാം പിമ്പോട്ടു പോകുക, സ്വയം കീഴ്ക്കിടയിലേക്കു വഴുതിവീഴുക? അതു സാദ്ധ്യമല്ല. അതരുത്. പിന്‍മടക്കം ജനതയുടെ തന്നെ അപക്ഷയത്തിലും നാശത്തിലും കലാശിക്കും. അതിനാല്‍ നമുക്കു മുന്നേറാം: മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യാം. ഇതാണു നിങ്ങളോട് എനിക്കു പറയാനുള്ളത്.
ക്ഷണികമായ വല്ല സാമുദായികപരിഷ്‌കാരവും പ്രസംഗിക്കാന്‍ എനിക്കാവില്ല. ദോഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കയുമല്ല ഞാന്‍. നിങ്ങളോടു ഞാന്‍ ആവശ്യപ്പെടുന്നതു മുന്നോട്ടു നീങ്ങാനാണ്: നമ്മുടെ പൂര്‍വികര്‍ പൂര്‍ണ്ണമായി സംവിധാനംചെയ്ത ആ മാനുഷിക പുരോഗതിയുടെ പരിപാടി പ്രായോഗികമായി തികച്ചും സാക്ഷാത്കരിക്കാനാണ്. വേദാന്തത്തിന്റെ ആദര്‍ശമായ മനുഷൈ്യക്യവും മനുഷ്യന്റെ കൂടെപ്പിറപ്പായ ദിവ്യത്വവും കൂടുതല്‍ കൂടുതലായി സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ യത്‌നിക്കണമെന്നേ എനിക്കു നിങ്ങളോടു പറയാനുള്ളൂ. വേണ്ടത്ര സമയമുണ്ടായിരുന്നെങ്കില്‍, ഞാന്‍ സസന്തോഷം കാട്ടിയേനേ, ഇന്നു നമുക്കു ചെയ്യേണ്ട കാര്യങ്ങളെല്ലാം വളരെക്കാലം മുമ്പ് നമ്മുടെ പുരാതനനിയമവിധാതാക്കള്‍ ആകലനം ചെയ്തിരുന്നെന്ന്: നമ്മുടെ ജനതാവ്യവസ്ഥകളില്‍ ഇന്നുണ്ടായവയും ഇനിയുണ്ടാകേണ്ടവയുമായ പരിണാമങ്ങളെല്ലാം അവര്‍ മുന്‍കൂട്ടി തിട്ടമായി കണ്ടുവെച്ചിരുന്നെന്ന്. അവരും ജാതിദ്ധ്വംസകരായിരുന്നു: പക്ഷേ ഇന്നത്തെ നമ്മുടെ ആളുകളെപ്പോലല്ലായിരുന്നു. ജാതിദ്ധ്വംസനമെന്നുവെച്ചാല്‍, പട്ടണത്തിലെ പൗരന്മാരെല്ലാം ഒത്തുചേര്‍ന്ന് ഗോമാംസവും ശീമമദ്യവുമുള്‍പ്പെടുന്ന ഒരു സദ്യയില്‍ പങ്കെടുക്കുന്നതാണെന്നും, നാട്ടിലുള്ള ഭ്രാന്തന്മാരും വിഡ്ഢികളും തോന്നുന്നിടത്തു തോന്നുമ്പോള്‍ ആരെന്നാലവരെയൊക്കെ പരിണയിക്കയാണെന്നും, അങ്ങനെ നാടിനെ ഒരു ഭ്രാന്താലയമായി അധഃപതിപ്പിക്കയാണെന്നും അവര്‍ കരുതിയില്ല: വിധവകള്‍ക്കു പുനര്‍വിവാഹത്തിനു കിട്ടുന്ന ഭര്‍ത്താക്കന്മാരുടെ സംഖ്യ വെച്ചു വേണം ഒരു ജനതയുടെ അഭ്യുദയം തിട്ടപ്പെടുത്തുവാനെന്നും അവര്‍ കരുതിയില്ല. അത്തരത്തില്‍ അഭ്യുദയത്തിലെത്തിയ ഒരു ജനതയെ ഇനിയും എനിക്കു കാണേണ്ടതായിട്ടാണിരിപ്പ്.
നമ്മുടെ പൂര്‍വികരുടെ മാതൃകാപുരുഷന്‍ ബ്രാഹ്മണനായിരുന്നു. നമ്മുടെ ഗ്രന്ഥങ്ങളിലെല്ലാം തല നിവര്‍ത്തിപ്പിടിച്ചുനില്ക്കുന്നതു ബ്രാഹ്മണനെന്ന ആദര്‍ശമാണ്. യൂറോപ്പില്‍ പ്രഭുപ്രഭാവനായ കാര്‍ഡിനലുണ്ട്: അദ്ദേഹം കഠിനമായി ശ്രമിക്കയും ആയിരക്കണക്കിനു പവന്‍ ചെലവിടുകയും ചെയ്യുന്നു, സ്വപൂര്‍വികരുടെ ആഭിജാത്യം സ്ഥാപിച്ചെടുക്കുവാന്‍. കുന്നിന്‍പുറത്തു പാര്‍ത്തു ചോട്ടിലൂടെ കടന്നു പോകുന്ന ആളുകളുടെമേല്‍ തക്കത്തില്‍ ചാടിവീണു കവര്‍ച്ചനടത്തുന്ന ഭയങ്കരനായ വല്ല നിപീഡകനില്‍നിന്നുമാണ് സ്വവംശം ഉളവായതെന്നു സമര്‍ത്ഥിച്ചേ അദ്ദേഹം തൃപ്തിയടയൂ. ആഭിജാത്യദാതാക്കളായ പൂര്‍വികരുടെ തൊഴിലിതായിരുന്നു. നമ്മുടെ കാര്‍ഡിനല്‍പ്രഭുവിനു തൃപ്തിവരണമെങ്കില്‍ ഇവരിലൊരാളെ തന്റെ കുലകൂടസ്ഥനാക്കണമെന്ന നിലയാണുള്ളത്. നേരേമറിച്ച്, ഭാരതത്തില്‍, രാജാഗ്രഗണ്യര്‍പോലും സ്വകുലസ്ഥാപകരായി കൗപീനധാരികളും വനവാസികളും കന്ദാശനന്മാരും വേദാദ്ധ്യായികളുമായ വല്ല പുരാതനര്‍ഷിമാരെയും കണ്ടെത്താന്‍ വെമ്പുകയാണ്. അവിടേക്കാണ് ഭാരതത്തിലുള്ള രാജാക്കന്മാര്‍ കുലകൂടസ്ഥരെ തിരക്കിപ്പോകുന്നത്. ഒരു ഋഷിയാണ് നിങ്ങളുടെ കുലകൂടസ്ഥനെങ്കില്‍ നിങ്ങളുടെ ജാതി ഉത്കൃഷ്ടതമമാകുന്നു: അതിനു മറ്റുപായമൊന്നുമില്ലതാനും.
അതിനാല്‍ മറ്റുള്ളവരുടേതില്‍നിന്നു ഭിന്നമാണ് നമ്മുടെ ആഭിജാത്യാദര്‍ശം. ആദ്ധ്യാത്മികസംസ്‌കൃതിയും ത്യാഗശീലവുമുള്ള ബ്രാഹ്മണനാണ് നമ്മുടെ ആദര്‍ശം. ബ്രാഹ്മണാദര്‍ശമെന്നതുകൊണ്ട് എന്താണ് ഞാന്‍ അര്‍ത്ഥമാക്കുന്നതെന്നോ! പ്രാപഞ്ചികത ഒട്ടുമില്ലാതെ തനി പ്രാജ്ഞത തികഞ്ഞ ബ്രാഹ്മണത്വമെന്നാണെന്റെ വിവക്ഷ. അതാണു ഹിന്ദുജാതിയുടെ ആദര്‍ശം. ബ്രാഹ്മണന്‍ നിയമപരതന്ത്രനല്ലെന്നും നിയമാതീതനാണെന്നും രാജവിധേയനല്ലെന്നും ഹന്തവ്യനല്ലെന്നും പ്രഖ്യാപിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടില്ലേ? അതു തികച്ചും ശരിയാണ്. സ്വാര്‍ത്ഥപ്രേരിതന്മാരും മൂഢന്മാരും ഇതിന്‌മേല്‍ ചൊരിയുന്ന വെളിച്ചത്തിലല്ല ഇതു ധരിക്കേണ്ടത്: സത്യവും ആദിമവുമായ വേദാന്ത സങ്കല്പത്തിന്റെ പ്രകാശത്തില്‍ വേണം. സ്വാര്‍ത്ഥമെല്ലാം നിഹനിച്ച്, പ്രാജ്ഞതയും പ്രാഭവവും കൈവരുത്താനും പരത്താനുമായി ജീവിക്കുന്നവന്‍, യത്‌നിക്കുന്നവന്‍, ആണ് ബ്രാഹ്മണനെങ്കില്‍, ഒരു രാജ്യത്ത് അത്തരം ബ്രാഹ്മണര്‍മാത്രമാണ് ജീവിക്കുന്നതെങ്കില്‍, ആദ്ധ്യാത്മികതയും ധര്‍മ്മനിഷ്ഠതയും നന്മയുമുള്ള സ്ര്തീപുരുഷന്മാരാണ് നിവസിക്കുന്നതെങ്കില്‍, ആ രാജ്യം നിയമങ്ങള്‍ക്കെല്ലാം മുകളില്‍, അപ്പുറത്ത്, വര്‍ത്തിക്കുന്നു എന്നു കരുതുന്നത് അദ്ഭുതമാണോ? അവരെ ഭരിക്കാന്‍ പോലീസും പട്ടാളവും വേണമോ? അവരെ ഭരിക്കാന്‍ ആരെങ്കിലും വേണമോ? അവര്‍ ഒരു ഭരണകൂടത്തിനു വഴങ്ങുന്നതെന്തിന്? അവരെല്ലാവരും സത്തുക്കളും അഭിജാതരുമാണ്. ഈശ്വരന്റെ ആളുകളത്രേ അവര്‍. അവരാണ് നമ്മുടെ മാതൃകാബ്രാഹ്മണര്‍. സത്യയുഗത്തില്‍ ഒരു ജാതിയേ ഉണ്ടായിരുന്നുള്ളുവെന്നും അതു ബ്രാഹ്മണജാതിയായിരുന്നെന്നും നമുക്കു ഗ്രന്ഥങ്ങളില്‍ വായിയ്ക്കാം. മഹാഭാരതത്തില്‍നിന്നു ധരിക്കാം, ആദിയില്‍ ലോകത്തിലെങ്ങും ബ്രാഹ്മണരേ ഉണ്ടായിരുന്നുള്ളൂ എന്ന്. അവര്‍ അധഃപതിച്ചു തുടങ്ങിയപ്പോള്‍ പല ജാതികളായി പിരിഞ്ഞു. കാലചക്രം കറങ്ങിമുഴുമിക്കുമ്പോള്‍ വീണ്ടും അവരൊക്കെ ആദിമമായ ബ്രാഹ്മണ്യത്തിലേക്കു മടങ്ങും. ഇപ്പോള്‍ കാലചക്രം തിരിഞ്ഞുകറങ്ങുകയാണ്: ഈ വസ്തുതയിലേക്കു നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കുന്നു. അതിനാല്‍ ജാതിപ്രശ്‌നത്തിനു നമ്മുടെ സമാധാനം ഇപ്പോള്‍ത്തന്നെ ഉയര്‍ന്നവരെ കീഴോട്ടു വലിച്ചിഴയ്ക്കയല്ല: തിന്നും കുടിച്ചും മത്തുപിടിച്ചു നടക്കയല്ല: നമ്മുടെ പരിമിതികളില്‍നിന്നു വെളിയില്‍ച്ചാടി കൂടുതല്‍ ഭോഗങ്ങള്‍ കയ്യടക്കുകയുമല്ല. മറിച്ച്, നാമോരോരുത്തനും വേദാന്തമതത്തിന്റെ നിദേശങ്ങളെ നിര്‍വഹിക്കകൊണ്ട്, ആദ്ധ്യാത്മികയില്‍ ചെന്നെത്തുക കൊണ്ട്, മാതൃകാ ബ്രാഹ്മണരാകകൊണ്ട്, ആണ് അതു കൈവരുത്തേ ണ്ടത്. നിങ്ങള്‍ ആര്യന്മാരാകട്ടെ, അനാര്യന്മാരാകട്ടെ: ഋഷികളോ ബ്രാഹ്മണരോ ഏറ്റവും താഴ്ന്ന ജാതിയില്‍പ്പെട്ടവരോ ആകട്ടെ – നിങ്ങളോരോരുത്തനും നമ്മുടെ പൂര്‍വികന്മാര്‍ ഒരു ധര്‍മ്മം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിങ്ങളോടൊക്കെയുള്ള ആജ്ഞ ഒന്നാണ്; എല്ലാവരും അവിശ്രാന്തം പുരോഗമിക്കണം. ഈ വേദാന്തദര്‍ശനം പ്രായോഗികമാകുക ഇവിടെമാത്രമല്ല, ലോകത്തെവിടെയും പ്രയോഗാര്‍ഹമാണ്. നമ്മുടെ ജാതിവ്യവസ്ഥയുടെ ആദര്‍ശം ആ വിധത്തിലാണ്. ആദ്ധ്യാത്മികമനുഷ്യത്വത്തിന്റെ ആ മികച്ച ആദര്‍ശം സാക്ഷാത്കരിക്കത്തക്കവണ്ണം മനുഷ്യരാശിയെ ആസകലം പതുക്കെ, മയത്തില്‍, ഉയര്‍ത്തുകയാണ് ലക്ഷ്യം. ആദ്ധ്യാത്മികമനുഷ്യന് ഒന്നിനോടും എതിര്‍പ്പില്ല: അയാള്‍ ശാന്തനും സ്ഥിരനും ആരാധനപരനും ശുദ്ധനും ധ്യാനാസക്തനുമാണ്. ആ ആദര്‍ശത്തിലത്രേ ഈശ്വരന്‍ കുടികൊള്ളുന്നത്.
ഇതൊക്കെ സ്ഥാപിച്ചെടുക്കുന്നതെങ്ങനെ? ഞാനിതൊരിക്കല്‍ക്കൂടി നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ – ശാപംകൊണ്ടും ദൂഷണംകൊണ്ടും ശകാരംകൊണ്ടും ഒരു നന്മയുമുണ്ടാകയില്ല, ഉണ്ടാകുക സാദ്ധ്യവുമല്ല. ഇതൊക്കെ എത്രയോ വര്‍ഷങ്ങളായി പ്രയോഗിച്ചുവന്നതാണ്: വിലപ്പെട്ട ഒരു ഫലവും ഉണ്ടായിട്ടില്ലതാനും. സത്ഫലങ്ങള്‍ സ്നേഹത്തിലൂടെയും സഹാനുഭൂതിയിലൂടെയും മാത്രമേ ഉണ്ടാകൂ. ഇതൊരു വമ്പിച്ച വിഷയമാണ്. പല പ്രസംഗങ്ങളിലൂടെ മാത്രമേ ഞാന്‍ കാണുന്ന ആസൂത്രണങ്ങളും ഈ പ്രകൃതത്തില്‍ എന്നുമെന്നോണം എന്റെ മനസ്സിലുണ്ടാകുന്ന ആശയങ്ങളും വിശദീകരിക്കാന്‍ പറ്റൂ. അതിനാല്‍ അല്ലയോ ഹിന്ദുക്കളേ, നമ്മുടെ ജനതയാകുന്ന ഈ കപ്പല്‍ പല യുഗങ്ങളിലൂടെ സപ്രയോജനം സഞ്ചരിച്ചുവരികയാണെന്ന വസ്തുത ഓര്‍മ്മിപ്പിച്ചുകൊണ്ട് എനിക്കുപസംഹരിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ഇന്ന് അതിന്റെ മൂട്ടിലൊരു വിടവു വീണിരിക്കാം. ഇന്നൊരുപക്ഷേ അതു കുറേ തേഞ്ഞുപോയിരിക്കാം. അതു വാസ്തവമാണെങ്കില്‍, എന്റെയും നിങ്ങളുടെയും കടമ ഈ വിടവും ഓട്ടകളുമൊക്കെ അടയ്ക്കാന്‍ ആവുംമട്ടു ശ്രമിക്കയാണ്. ഈ വിപത്തിനെപ്പറ്റി നമ്മുടെ നാട്ടുകാരോടു പറയുക. അവര്‍ ഉണരട്ടെ, നമ്മെ സഹായിക്കട്ടെ. ഇന്നത്തെ നിലയെയും അവരുടെ ചുമതലയെയും കുറിച്ച് അവരെ ഉണര്‍ത്താന്‍ വേണ്ടി നാട്ടിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഞാന്‍ എന്റെ ഒച്ച മുഴുവനെടുത്തു വിളിച്ചാര്‍ക്കും. എന്റെ വാക്കു ശ്രദ്ധിച്ചില്ലെന്നുതന്നെ വെയ്ക്കുക, എന്നാലും ഞാന്‍ അവരെ ആട്ടാനും ശപിക്കാനും പോകുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ നമ്മുടെ ജനതയുടെ പ്രവൃത്തികള്‍ വിലപ്പെട്ടവയായിരുന്നു. ഭാവിയില്‍ നമുക്കു കൂടുതല്‍ വമ്പിച്ച കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ത്തന്നെ, നമുക്കൊക്കെ ഒന്നിച്ചു താഴാനും ശാന്തമായി മരിക്കാനും കഴിയുമെന്നോര്‍ത്തു നമുക്ക് ആശ്വസിക്കാം. രാജ്യസ്നേഹികളാകുക: കഴിഞ്ഞ കാലങ്ങളില്‍ നമുക്കായി ഇത്ര വമ്പിച്ച കാര്യങ്ങള്‍ ചെയ്തുതന്ന ഈ വംശത്തെ സ്നേഹിക്കുക. അതേ കൂടുതല്‍ തുലനംചെയ്തു നോക്കുംതോറും ഞാന്‍ നിങ്ങളെ കൂടുതല്‍ സ്നേഹിക്കയാണ്. എന്റെ നാട്ടുകാരേ, നിങ്ങള്‍ നല്ലവരും ശുദ്ധന്മാരും മൃദുപ്രകൃതികളുമാണ്. എപ്പോഴും നിങ്ങളുടെമേല്‍ കുതിരകയറ്റവും പീഡനവുമേ ഉണ്ടായിട്ടുള്ളൂ. മായയുടെ ഈ ജഡലോകത്തില്‍ നടമാടുന്ന ക്രൂരവിനോദമാണത്. അതു വകവെയ്ക്കരുത്. കാലം നീണ്ടുപോകുമ്പോള്‍ ആത്മാവു വിജയിക്കും. ഇതിനിടയ്ക്ക് നമുക്കു പ്രവര്‍ത്തിക്കാം: നാടിനെ ചീത്ത പറയേണ്ട പരിപാവനയായ നമ്മുടെ മാതൃഭൂമിയിലെ കാലജീര്‍ണ്ണവും പ്രവര്‍ത്തനപ്രക്ഷീണവുമായ വ്യവസ്ഥകളെ ശകാരിക്കാതെയും ശപിക്കാതെയുമിരിക്കാം. കടുത്ത മൂഢവിശ്വാസമുള്‍ക്കൊള്ളുന്നതും ഏറ്റവും യുക്തിശൂന്യവുമായ വ്യവസ്ഥകള്‍ക്കെതിരായിപ്പോലും പ്രതി ഷേധവാക്കുകള്‍ ഉതിര്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, ഇവപോലും, മുമ്പു വല്ല നന്മയും കൈവരുത്തിയിരിക്കണം. ഈ നാട്ടിലെ വ്യവസ്ഥകളേക്കാള്‍ മെച്ചപ്പെട്ട ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമുള്ള വ്യവസ്ഥകള്‍ മറ്റൊരിടത്തുമില്ലെന്ന വസ്തുത സദാസ്മരിക്കുക. ലോകത്തിലുള്ള ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഞാന്‍ ജാതിഭേദങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ, അവിടെയെങ്ങും ഇവിടുത്തെപ്പോലെ അവയുടെ സംവിധാനവും ഉദ്ദേശ്യവും അത്ര ശ്ലാഘ്യമല്ല. അങ്ങനെ ജാതിയെ ഒഴിഞ്ഞു മാറാനാവില്ലെങ്കില്‍, പണത്തിന്റെമേല്‍ പടുത്തുകെട്ടിയ ജാതിയെക്കാള്‍ എനിക്കു കാമ്യമായി തോന്നുന്നത് ശുദ്ധിയുടെയും സംസ്‌കാരത്തിന്റെയും ആത്മത്യാഗത്തിന്റെയും മേല്‍ ഉറപ്പിച്ചിട്ടുള്ള ജാതിയാണ്. അതിനാല്‍ പ്രതിഷേധവാക്കുകളൊന്നും ഉതിര്‍ക്കേണ്ട. ചുണ്ടുകള്‍ പൂട്ടുക: കരളുകള്‍ തുറക്കുക. ഈ നാട്ടിന്റെയും സമസ്തലോകത്തിന്റെയും മോചനം പ്രവൃത്തിയിലൂടെ കൈവരുത്തുക. ആ ഭാരം മുഴുവന്‍ അവനവന്റെ ചുമലിലാണെന്നു നിങ്ങളോരോരുത്തനും കരുതണം. ഓരോ ഉമ്മറത്തേക്കും വേദാന്തത്തിന്റെ വെളിച്ചവും ജീവനും കൊണ്ടുചെല്ലുക. ഓരോ ആത്മാവിലും മറഞ്ഞുകിടക്കുന്ന ദിവ്യതയെ ഉണര്‍ത്തുക. അപ്പോള്‍, നിങ്ങളുടെ വിജയത്തിന്റെ അളവ് എങ്ങനെയായാലും, ഒരു വലിയ കാര്യത്തിനുവേണ്ടി ജീവിച്ചു യത്‌നിച്ചു മരിച്ചു എന്ന കൃതാര്‍ത്ഥത നിങ്ങള്‍ക്കുണ്ടാകും. ഈ കാര്യത്തിലുണ്ടാകുന്ന വിജയം എങ്ങനെ നേടിയതായാലും ശരി, മനുഷ്യരാശിയുടെ ഇന്നത്തെയും നാളത്തെയും മോചനം അതിലത്രേ കേന്ദ്രീകരിച്ചിരിക്കുന്നത്
[വിവേകാനന്ദസാഹിത്യസര്‍വസ്വം – സ്വാമിജി കുംഭകോണം സന്ദര്‍ശിച്ചപ്പോള്‍ – തുടരും]