കഴിഞ്ഞ ദിവസം ജനക്കൂട്ടത്തിന്റെ ബഹളംകൊണ്ടു നമുക്കു തുടരാന്‍ കഴിഞ്ഞില്ല. അഭംഗുരമായി എനിക്കു കിട്ടിപ്പോന്ന സൗമനസ്യത്തിനു മദ്രാസ്സിലെ പൗരന്മാരോട് എന്റെ നന്ദി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. സ്വാഗതാശംസയില്‍ ചേര്‍ത്ത സുന്ദര പദങ്ങള്‍ക്ക് എന്റെ കൃതജ്ഞത വെളിപ്പെടുത്താന്‍, സ്നേഹപൂര്‍ണ്ണവും ഉദാരവുമായ ആവക ശൈലികള്‍ക്ക് എന്നെ അര്‍ഹനാക്കണമേ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കയും, നമ്മുടെ മതത്തിനുവേണ്ടിയും മാതൃഭൂമിയുടെ സേവനത്തിനുവേണ്ടിയും എന്റെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗ്ഗം മറ്റുണ്ടെന്നു തോന്നുന്നില്ല. ഇവയ്‌ക്കൊക്കെ എന്നെ ഈശ്വരന്‍ അര്‍ഹനാക്കട്ടെ!
എന്റെ കുറവുകളെത്രയൊക്കെയാണെങ്കിലും, സ്വല്പം ചങ്കൂറ്റം എനിക്കുണ്ടെന്നു ഞാന്‍ കരുതുന്നു. എനിക്കു ഭാരതത്തിന്‍േറതായ ഒരു സന്ദേശം പാശ്ചാത്യലോകത്തിനു നല്കാനുണ്ടായിരുന്നു: അമേരിക്കക്കാര്‍ക്കും ഇംഗ്ലീഷുകാര്‍ക്കും അതു ഞാന്‍ സുധീരമായി നല്കി. ഇന്നത്തെ വിഷയത്തിലേക്ക് കടക്കുംമുമ്പായി ഉശിരുപിടിച്ച കുറേ വാക്കുകള്‍ നിങ്ങളോടു പറയാന്‍ ഞാനാഗ്രഹിക്കുന്നു. കഴിയുമെങ്കില്‍ എന്നെ പാഴാക്കുവാന്‍ തുനിയുന്ന, എന്റെ പുരോഗതിയെ തടയുന്ന, എന്നെ ജീവിതത്തില്‍നിന്നു ഞെരിച്ചുകളയാന്‍ വെമ്പുന്ന ചില പരിതസ്ഥിതികള്‍ എന്റെ ചുറ്റും വളര്‍ന്നുവന്നതാണ്. ഇമ്മാതിരി സംരംഭങ്ങള്‍ക്ക് അവശ്യം പറ്റുംപോലെ ഇവയും പരാജയമടഞ്ഞിരിക്കുന്നു: അതിന് ഈശ്വരനോട് കൃതജ്ഞത. പക്ഷേ കഴിഞ്ഞ മൂന്നു കൊല്ലമായി തെല്ലൊരു തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. വിദേശങ്ങളിലായിരുന്ന കാലമത്രയും ഞാന്‍ മൗനം ഭജിച്ചു: ഒരു വാക്കുരിയാടിയില്ല. ഇന്ന് എന്റെ മാതൃഭൂമിയിലെ മണ്ണില്‍ നില്ക്കുന്ന ഞാന്‍ വിശദീകരണത്തിനു കുറേ വാക്കുകള്‍ പറയാന്‍ വിചാരിക്കുന്നു. ഈ വാക്കുകളുടെ ഫലമെന്താവുമെന്നു ഞാന്‍ വകവെയ്ക്കുന്നു എന്നല്ല ഈ വാക്കുകളിലൂടെ എന്തു വികാരം നിങ്ങളില്‍ ഞാന്‍ ഉളവാക്കുമെന്നു ഞാന്‍ വകവെക്കുന്നു എന്നല്ല.: വളരെ കുറച്ചേ വകവെയ്ക്കുന്നുള്ളൂ: കാരണം, ഏതാണ്ടു നാലു കൊല്ലം മുമ്പു ദണ്ഡും കമണ്ഡലുവുമേന്തി നിങ്ങളുടെ പട്ടണത്തില്‍ പ്രവേശിച്ച അതേ സന്ന്യാസിയാണ് ഞാന്‍ ഇന്നും: അതേ പരന്ന ലോകം ഇന്നും എന്റെ മുമ്പില്‍ കിടക്കുന്നു. കൂടുതല്‍ മുഖവുര കൂടാതെ ഞാന്‍ തുടങ്ങട്ടെ.
ഒന്നാമതായി ബ്രഹ്മവിദ്യാസംഘത്തെ പറ്റി എനിക്ക് സ്വല്പം പറയാനുണ്ട്. ഭാരതത്തിനുവേണ്ടി കുറേ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഈ സംഘത്തിനു കഴിഞ്ഞിട്ടുണ്ടെന്ന സംഗതി അനുക്തസിദ്ധം. അതുകൊണ്ട് ഓരോ ഹിന്ദുവിനും അതിനോട് കൃതജ്ഞതയുണ്ട്, വിശേഷിച്ചും ശ്രീമതി ബസന്റിനോട്. എനിക്ക് അവരെക്കുറിച്ചറിവു സ്വല്പമേ ഉള്ളുവെങ്കിലും ആ സ്വല്പം അറിവ് എന്റെ മനസ്സില്‍ നന്നെ പതിഞ്ഞിട്ടുണ്ട്. അവര്‍ നമ്മുടെ മാതൃഭൂമിയുടെ നന്മയ്ക്കുവേണ്ടി നിഷ്‌കളങ്കമായി പ്രവര്‍ത്തിച്ചുവരുന്നുവെന്നും അതിന്റെ ഉത്കര്‍ഷം കൈവരുത്താന്‍ ആവുന്നതെല്ലാം ചെയ്യുന്നുവെന്നും എനിക്കറിയാം. അതിനു നെറിയുള്ള ഭാരതീയരെല്ലാം അവരോടു ശാശ്വതമായി കൃതജ്ഞതകൊള്ളണം. അനുഗ്രഹങ്ങളെല്ലാം അവര്‍ക്കും അവര്‍ക്കുള്ളോര്‍ക്കും എന്നെന്നേയ്ക്കുമായിരിക്കട്ടെ! പക്ഷേ ഇതൊരു കാര്യം വേറെ: ബ്രഹ്മവിദ്യാസംഘത്തില്‍ ചേരുക എന്നതു മറ്റൊന്നും. പരിഗണനയും ബഹുമാനവും സ്നേഹവുമൊക്കെ വേറേ: എന്നാല്‍ ആര്‍ക്കും പറയാനുള്ളതെന്തും വിചാരംചെയ്യാതെ, വിമര്‍ശിക്കാതെ, അപഗ്രഥിക്കാതെ, എടുത്തു വിഴുങ്ങുക എന്നതു തികച്ചും മറ്റൊന്ന്. അമേരിക്കയിലും ഇംഗ്ലണ്ടിലുമുണ്ടായ ചില്ലറ നേട്ടങ്ങളില്‍ എനിക്കു ബ്രഹ്മവിദ്യാസംഘക്കാരുടെ സഹായമുണ്ടായിരുന്നതായി ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഞാന്‍ നിങ്ങളോട് തുറന്നുപറയട്ടെ – അതിലെ ഓരോ വാക്കും തെറ്റാണ്, ഓരോ വാക്കും അസത്യമാണ്. ഉദാരാശയങ്ങളെക്കുറിച്ചും അഭിപ്രായഭേദങ്ങളോടുള്ള സഹിഷ്ണുതയെക്കുറിച്ചും ഈ ലോകത്തില്‍ ഒട്ടേറെ പൊണ്ണക്കാര്യം കേള്‍ക്കാറുണ്ട്. ഇതു നല്ലതുതന്നെ: പക്ഷേ, വാസ്തവത്തില്‍, ഒരുവന്ന് മറ്റൊരുവനോടുള്ള സഹാനുഭൂതി അയാള്‍ക്കു പറയാനുള്ളതിലെല്ലാം മറ്റവന്‍ വിശ്വസിക്കുന്നിടത്തോളംമാത്രം. ഭിന്നിക്കാന്‍ മുതിര്‍ന്നാല്‍ സഹാനുഭൂതി അസ്തമിക്കയായി. സ്നേഹം പോയ്മറയുകയായി. ഇനി മറ്റു ചിലരുണ്ട്. അവര്‍ക്കു സ്വന്തം ചില കാര്യങ്ങള്‍ നേടാനുണ്ട്. ഒരു രാജ്യത്തു സ്വകാര്യസിദ്ധിക്കെതിരായി വല്ലതും നടന്നാല്‍ അവരുടെ കരള്‍ നീറുകയായി. വിദ്വേഷം ആവോളം പുറത്തുചാടുകയായി. എന്തു ചെയ്യണമെന്നുതന്നെ അവര്‍ക്ക് തിട്ടമില്ലാതാവും. ഹിന്ദുക്കള്‍ സ്വഗൃഹം വെടിപ്പാക്കാന്‍ ഒരുങ്ങുന്നതുകൊണ്ട് ക്രിസ്ത്യന്‍മിഷണറി മാര്‍ക്ക് എന്തു തകരാറാണ്? ഹിന്ദുക്കള്‍ തങ്ങളെത്തന്നെ പരിഷ്‌കരിക്കാന്‍ ആവതും യത്‌നിക്കകൊണ്ട് എന്തു പരുക്കാണ് ബ്രഹ്മസമാജത്തിനും മറ്റു പരിഷ്‌കര്‍ത്തൃസംഘങ്ങള്‍ക്കുമേല്ക്കുക? അവരെന്തിന് ഹിന്ദുക്കളെ എതിര്‍ക്കണം? അവരെന്തിന് ഹൈന്ദവപ്രസ്ഥാനങ്ങളുടെ ഏറ്റവും വമ്പിച്ച വിരോധികളാകണം? എന്തിനെന്നാണ് ഞാന്‍ ചോദിക്കുന്നത്? അവരുടെ വിദ്വേഷവും അസൂയയും അത്രയേറെ മൂര്‍ച്ഛിച്ചിട്ടുള്ളതിനാല്‍ എന്തിനെന്നോ എങ്ങനെയെന്നോ ഉള്ള ഒരു ചോദ്യവും അവിടെ ഏശില്ലെന്നാണ് എനിക്കു തോന്നുന്നത്.
നാലു കൊല്ലം മുമ്പ്, പാവപ്പെട്ട, അറിയപ്പെടാത്ത, ഉറ്റവരില്ലാത്ത, ഒരു സന്ന്യാസി എന്ന നിലയില്‍ അമേരിക്കയ്ക്കു പോകുമ്പോള്‍, ശുപാര്‍ശക്കത്തുകളും സുഹൃത്തുക്കളുമില്ലാതെ, അമേരിക്കയ്ക്ക് കടല്‍ താണ്ടി പോകാനൊരുങ്ങിയപ്പോള്‍, ഞാന്‍ ബ്രഹ്മവിദ്യാസംഘത്തിന്റെ അദ്ധ്യക്ഷനെ സന്ദര്‍ശിച്ചു. ഞാന്‍ സ്വാഭാവികമായി വിചാരിച്ചത്, ഭാരതത്തെ സ്നേഹിക്കുന്ന ഒരു അമേരിക്കന്‍ എന്ന നിലയില്‍ അദ്ദേഹം ഒരുപക്ഷേ അവിടെ വല്ലവര്‍ക്കും എന്നെ പരിചയപ്പെടുത്തുന്ന ഒരു കത്തു തരുമെന്നാണ്. എന്നോട് അദ്ദേഹം ചോദിച്ചു; ‘എന്റെ സംഘത്തില്‍ അങ്ങു ചേരുമോ?’ ‘ഇല്ല’ ഞാന്‍ മറുപടി പറഞ്ഞു; ‘അതെങ്ങനെ സാധിക്കും? നിങ്ങളുടെ സിദ്ധാന്തങ്ങള്‍ മിക്കതും ഞാന്‍ വിശ്വസിക്കുന്നില്ല.’ ‘എങ്കില്‍ അങ്ങയ്ക്കുവേണ്ടി ഒന്നും ചെയ്യാന്‍ എനിക്കു സാദ്ധ്യമല്ല – ഖേദിക്കുന്നു.’ ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് എനിക്കു വഴിയൊരുക്കലല്ലായിരുന്നു. നിങ്ങള്‍ക്കറിയാം, മദ്രാസിലുള്ള ചുരുക്കം ചില സുഹൃത്തുക്കളുടെ സഹായത്തോടുകൂടിയാണ് ഞാന്‍ അമേരിക്കയിലെത്തിച്ചേര്‍ന്നതെന്ന്. അവരില്‍ അധികം പേരും ഇവിടെയുണ്ട്. ഒരാള്‍ മാത്രമില്ല, ജഡ്ജി ശ്രീ സുബ്രഹ്മണ്യയ്യര്‍: അദ്ദേഹത്തോട് എനിക്ക് അത്യഗാധമായ കൃതജ്ഞതയാണുള്ളത്. പ്രതിഭയുടെ ഉള്‍ക്കാഴ്ചയാണ് അദ്ദേഹത്തിന്‍േറത്. ഈ ജീവിതത്തില്‍ എനിക്കുള്ള ഉറ്റ മിത്രങ്ങളിലൊരാളാണദ്ദേഹം – ഒരു യഥാര്‍ത്ഥമിത്രം, നേരും നെറിയുമുള്ള ഒരു ഭാരതപുത്രന്‍. മതമഹാസമ്മേളനം തുടങ്ങു ന്നതിനു പല മാസങ്ങള്‍ മുമ്പാണ് ഞാന്‍ അമേരിക്കയിലെത്തിയത്. എന്റെ കയ്യിലുള്ള പണം കുറച്ചുമാത്രമായിരുന്നു: അതു വേഗത്തില്‍ ചെലവായി, കുളിര്‍ക്കാലം അടുത്തു. എനിക്കു വേനല്‍ക്കാലവസ്ര്തങ്ങളേ ഉണ്ടായിരുന്നുള്ളൂ. തണുത്തു നിരുന്‌മേഷമായിരുന്ന ആ ഋതുവില്‍ എന്തു ചെയ്യണമെന്ന് എനിക്ക് തിട്ടമില്ലാതായി; കാരണം, നിരത്തിലിറങ്ങി ഭിക്ഷയെടുക്കാന്‍ പുറപ്പെട്ടാല്‍ ഫലം തുറങ്കിലേക്കു പോകലാകും. അവസാനത്തെ കുറേ ഡോളറും ചേപ്പിലിട്ടുകൊണ്ട് ഞാന്‍ അവിടെയങ്ങനെ പെട്ടു. മദ്രാസിലെ സുഹൃത്തുക്കള്‍ക്കു ഞാന്‍ ഒരു കമ്പിയടിച്ചു. ഇതു ബ്രഹ്മവിദ്യാസംഘക്കാരുടെ അറിവില്‍പെട്ടു. അവരിലൊരാള്‍ എഴുതി; ‘ഇപ്പോള്‍ ആ ചെകുത്താന്‍ തുലയും: നമ്മളെ ദൈവം അനുഗ്രഹിക്കട്ടെ!’ ഇതാണോ എനിക്കു വഴിയൊരുക്കല്‍?
ഞാനിപ്പോള്‍ ഇതു പറയണമെന്നു വെച്ചിരുന്നതല്ല: പക്ഷേ എന്റെ നാട്ടുകാര്‍ ഇതറിയണമെന്നാഗ്രഹിച്ച സ്ഥിതിക്ക്, ഇതു പുറത്താകണം. ഇതെപ്പറ്റിയൊക്കെ മൂന്നു കൊല്ലമായി ഞാന്‍ വാമൂടിയിരിക്കയായി രുന്നു. മൗനമായിരുന്നു എന്റെ വ്രതം. എന്നാല്‍ ഇന്നു സംഗതി വെളിയില്‍ വന്നിരിക്കുന്നു. അതുകൊണ്ടും തീര്‍ന്നില്ല. മതമഹാസമ്മേളനത്തില്‍ ചില ബ്രഹ്മവിദ്യാസംഘക്കാരെ ഞാന്‍ കണ്ടു. അവരോടു സംസാരിക്കാനും കൂടിക്കഴിയാനും ഞാനാഗ്രഹിച്ചു. അവരുടെ മുഖത്തു സ്ഫുരിച്ച പുച്ഛം നിറഞ്ഞ നോട്ടങ്ങള്‍ ഞാനോര്‍ക്കുന്നു; ‘ദേവതകളുടെ ഇടയില്‍ ഈ പുഴുവിനെന്തു കാര്യം’ എന്നു ചോദിക്കുന്ന മട്ടില്‍. മതമഹാസമ്മേളനത്തില്‍ പേരും പെരുമയും ഉണ്ടായശേഷം എനിക്കു വളരെ ജോലി ചെയ്യേണ്ടിവന്നു. ഓരോ തിരിവിലുംവെച്ചു ബ്രഹ്മവിദ്യാ സംഘക്കാര്‍ എന്നെ തിരസ്‌കരിക്കാന്‍ യത്‌നിച്ചുവന്നു. എന്റെ പ്രസംഗം ചെന്നു കേള്‍ക്കരുതെന്നു ബ്രഹ്മവിദ്യാസംഘക്കാരെ ഉപദേശിച്ചു: കാരണം, കേട്ടാല്‍ ആ സംഘത്തോട് അവര്‍ക്കുള്ള സഹാനുഭൂതിയെല്ലാം നഷ്ടപ്പെടും. ഗുപ്തവിഭാഗത്തിന്റെ നിയമമനുസരിച്ച് അതില്‍ ചേരുന്ന ഓരോ മനുഷ്യനും കത്തൂമിയില്‍നിന്നും മൊറിയയില്‍നിന്നുമാണ് ഉപദേശം സ്വീകരിക്കേണ്ടത് – എന്നുവെച്ചാല്‍, പ്രകൃത്യാ, അവരുടെ കാണപ്പെടുന്ന പ്രതിനിധികളായ ശ്രീമാന്‍ ജഡ്ജില്‍നിന്നും ശ്രീമതി ബസന്റില്‍നിന്നും എന്നര്‍ത്ഥം. അപ്പോള്‍ ഗുപ്തവിഭാഗത്തില്‍ ചേരുക എന്നുവെച്ചാല്‍ ഒരുവന്റെ സ്വാതന്ത്ര്യം അടിയറവെയ്ക്കുക എന്നാണര്‍ത്ഥം. നിശ്ചയമായും ആമാതിരിയൊക്കെ ചെയ്യുക എനിക്കസാദ്ധ്യം. അങ്ങനെ വല്ലതും ചെയ്യുന്നവനെ ഹിന്ദു എന്നു വിളിക്കയും എനിക്കസാദ്ധ്യം. ശ്രീമാന്‍ ജഡ്ജിനോട് എനിക്ക് വലിയ ബഹുമാനമായിരുന്നു. തുറന്ന, നീതിനിഷ്ഠനായ, ഋജുവായ മാന്യനായിരുന്നു അദ്ദേഹം. ബ്രഹ്മവിദ്യാ സംഘക്കാര്‍ക്കുണ്ടായിട്ടുള്ള പ്രതിനിധികളില്‍വെച്ചുത്തമനായിരുന്നു അദ്ദേഹം. അദ്ദേഹവും ശ്രീമതി ബസന്റും തമ്മിലുള്ള വാഗ്വാദത്തെ വിമര്‍ശിക്കാന്‍ എനിക്കവകാശമില്ല. തന്റെ മഹാത്മാവാണ് സത്യനിഷ്ഠനെന്ന് അവരിരുവരും അവകാശപ്പെടുന്നുണ്ടുതാനും. ഇതിലദ്ഭുതം, ഒരേ മഹാത്മാവിനെയാണ് രണ്ടുപേരും പരാമര്‍ശിക്കുന്നതെന്നുള്ളതത്രേ. സത്യം ഈശ്വരന്നേ അറിയാവൂ. അവിടുന്നാണ് വിധിയെഴുതുന്നവന്‍. ത്രാസു സമമായി നില്ക്കുമ്പോള്‍ വിധി പറയുവാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെയവര്‍ അമേരിക്കയിലെങ്ങും എനിക്കു വഴിയൊരുക്കി!
അവര്‍ മറ്റേ പ്രതിപക്ഷത്തോട് – ക്രിസ്ത്യന്‍മിഷണറിമാരോട് – ഒത്തുചേര്‍ന്നു. ഉത്‌പ്രേക്ഷിക്കാവുന്ന അറുകള്ളങ്ങളില്‍ ഒന്നുമില്ല അവര്‍ എന്നെക്കുറിച്ച് കെട്ടിച്ചമയ്ക്കാതെ. വിദേശത്തു പണവും പരിചയവുമില്ലാതിരുന്ന എന്റെ ചാരിത്രത്തില്‍ അവര്‍ പട്ടണംതോറും കരിതേച്ചു. ഓരോ വീട്ടില്‍നിന്നും എന്നെ പുറത്താക്കാന്‍ യത്‌നിച്ചു. എന്റെ സുഹൃത്തായ ഓരോ മനുഷ്യനെയും എന്റെ ശത്രുവാക്കാന്‍ നോക്കി. എന്നെ പട്ടിണിയിടാന്‍പോലും ശ്രമിച്ചു. ഇതില്‍ എന്റെ ഒരു സ്വന്തം നാട്ടുകാരനും എനിക്കെതിര്‍നിന്നെന്നു പറയേണ്ടിവരുന്നതില്‍ എനിക്ക് ഖേദമുണ്ട്. ഭാരതത്തിലുള്ള ഒരു പരിഷ്‌കര്‍ത്തൃസംഘത്തിന്റെ നേതാവാണദ്ദേഹം. ഓരോ ദിവസവും ഈ മാന്യന്‍ പ്രഖ്യാപിക്കുന്നുണ്ട്; ‘ക്രിസ്തു ഭാരതത്തില്‍ വന്നിരിക്കുന്നു.’ ഇങ്ങനെയാണോ ക്രിസ്തു ഭാരതത്തിലേക്ക് വരേണ്ടത്? ഇങ്ങനെയാണോ ഭാരതത്തെ പരിഷ്‌കരിക്കേണ്ടത്? എന്റെ ശൈശവംമുതല്‍ ഈ മാന്യനെ എനിക്കറിയാം: എന്റെ സുഹൃത്തമന്മാരിലൊരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കണ്ടപ്പോള്‍ – ചിരകാലമായി എന്റെ നാട്ടുകാരാരെയും ഞാന്‍ കാണാതിരിക്കയായിരുന്നു – എനിക്കു വളരെ സന്തോഷം തോന്നി. എങ്കിലും ഇതായിരുന്നു എനിക്കു കിട്ടിയ പെരുമാറ്റം. മഹാ സമ്മേളനം എന്നെ അനുമോദിച്ച നാള്‍മുതല്‍, ചിക്കാഗോവില്‍ ഞാന്‍ സമ്മതനായ നാള്‍മുതല്‍, അദ്ദേഹത്തിന്റെ സ്വരം മാറി: എനിക്കുപദ്രവം ഉണ്ടാക്കത്തക്കതെല്ലാം അദ്ദേഹം ഒളിവില്‍ ചെയ്യുകയായി. ഇങ്ങനെയോ ഭാരതത്തിലേക്ക് ക്രിസ്തു വരാന്‍പോകുന്നത്? ഇതോ ക്രിസ്തുവിന്റെ കാല്ക്കല്‍ ഇരുപതു കൊല്ലമിരുന്നു പഠിച്ച പാഠം? നമ്മുടെ വന്‍കിട പരിഷ്‌കര്‍ത്താക്കള്‍ പ്രഖ്യാപിക്കുന്നു, ക്രിസ്തുമതവും ക്രൈസ്തവപ്രഭാവവും ഭാരതജനതയെ ഉദ്ധരിക്കാന്‍ പോകുന്നു എന്ന്. ഈ വഴിയിലൂടെയോ അതു ചെയ്യേണ്ടത്? ആ മാന്യന്‍ ഒരു ദൃഷ്ടാന്തമാണെങ്കില്‍ അതു വളരെയൊന്നും ആശയ്ക്ക് ഇടം നല്കുന്നില്ല, നിശ്ചയം.
ഒരു വാക്കുകൂടി; സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ഒരു പ്രസിദ്ധീകരണത്തില്‍ എന്നെ ശൂദ്രനെന്നു വിളിക്കുന്നതായി ഞാന്‍ വായിച്ചു. ശൂദ്രന് സന്ന്യാസിയാകാന്‍ എന്തവകാശം എന്നൊരു വെല്ലുവിളിയുമുണ്ട്. ഇതിനുത്തരം; ‘യമായ ധര്‍മ്മരാജായ ചിത്രഗുപ്തായ വൈ നമഃ’ (ധര്‍മ്മരാജാവും ചിത്രഗുപ്തനുമായ യമനു നമസ്‌കാരം) എന്ന ഈ വാക്കുകള്‍ ഉച്ചരിച്ച് ഓരോ ബ്രാഹ്മണനും ആരുടെ പാദങ്ങളില്‍ പുഷ്പാര്‍ച്ചന ചെയ്യുന്നുവോ അവിടെനിന്നാണ് എന്റെ പൂര്‍വ്വികന്മാരുടെ ഉത്പത്തി. അവിടുത്തെ സന്തതികള്‍ ഏറ്റവും വിശുദ്ധരായ ക്ഷത്രിയരാണ്. നിങ്ങളുടെ പുരാണകഥകളിലും പൗരാണികഗ്രന്ഥങ്ങളിലും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, സാമൂഹ്യപരിഷ്‌കര്‍ത്താക്കളെന്ന പേരും ചുമന്നു നടക്കുന്നവര്‍ ധരിക്കട്ടെ, എന്റെ ജാതിക്കാര്‍, കഴിഞ്ഞ കാലങ്ങളിലെ മറ്റു സേവനങ്ങള്‍ക്കുപുറമേ, ശതകങ്ങളായി ഭാരതത്തിന്റെ പകുതി ഭരിച്ചുവരികയും ചെയ്തുവെന്ന്. എന്റെ ജാതിയെ എണ്ണാതെ തള്ളിയാല്‍ ഇന്നത്തെ ഭാരതത്തിലുള്ള പരിഷ്‌കാരത്തിന്റെ എത്രയല്പമാവും അവശേഷിക്കുക? ബംഗാളില്‍മാത്രം നോക്കിയാല്‍ എന്റെ രക്തത്തില്‍നിന്നാണ് അവിടത്തെ മികവുറ്റ ദാര്‍ശനികനും മികവുറ്റ കവിയും മികവുറ്റ ഐതിഹാസികനും മികവുറ്റ പുരാതത്ത്വ വിത്തും മികവുറ്റ മതപ്രചാരകനും ഉണ്ടായിട്ടുള്ളത്. എന്റെ രക്തത്തില്‍നിന്നാണ് ഭാരതത്തിലെ ഇന്നത്തെ ഏറ്റവും മികച്ച ശാസ്ര്തജ്ഞന്‍ ഉണ്ടായിട്ടുള്ളതും. നമ്മുടെ സ്വന്തം ചരിത്രം അല്പം ഈ നിന്ദകന്മാരും ധരിക്കേണ്ടിയിരുന്നു: നമ്മുടെ മൂന്നു ജാതികളെക്കുറിച്ച് അവര്‍ പഠിക്കേണ്ടിയിരുന്നു. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും സന്ന്യാസത്തിന് തുല്യമായ അര്‍ഹതയുണ്ടെന്ന് അവര്‍ അറിയേണ്ടിയിരുന്നു. വേദാധികാരം ത്രൈവര്‍ണ്ണികര്‍ക്ക് തുല്യമാണ്. ഇത്രയും സംഗതിവശാല്‍ പറഞ്ഞുവെന്നേയുള്ളൂ. എന്നെ ശൂദ്രനെന്നു വിളിച്ചാലും എനിക്കൊട്ടും സങ്കടമില്ല. എന്റെ പൂര്‍വ്വികന്മാര്‍ പാവങ്ങളെ പീഡിപ്പിച്ചിട്ടുള്ളതിന് അത് ഒരു ചെറുപരിഹാരമാകും. ഞാനൊരു പറയനായാല്‍ അതെനിക്കു കൂടുതല്‍ സുഖപ്രദമേ ആകൂ: കാരണം ബ്രാഹ്മണരില്‍വെച്ചു ബ്രാഹ്മണനായ എന്റെ ഗുരു ഒരു പറയന്റെ വീടു വെടിപ്പാക്കാന്‍ ആഗ്രഹിച്ചു. പ്രകൃത്യാ ആ പറയന്‍ അതനു വദിച്ചില്ല. അവന്‍ തന്റെ വീടു വെടിപ്പാക്കാന്‍ ഈ ബ്രാഹ്മണ സന്ന്യാസിയെ അനുവദിക്കുന്നതെങ്ങനെ? ഇദ്ദേഹമാകട്ടെ, അര്‍ദ്ധ രാത്രിക്ക് എഴുന്നേറ്റ്, പറയന്റെ വീട്ടില്‍ പതുങ്ങിച്ചെന്ന് അവന്റെ മറപ്പുര വൃത്തിയാക്കി, തന്റെ നീണ്ട തലമുടികൊണ്ട് ആ സ്ഥലം തുടച്ചു. പല ദിവസം ഇങ്ങനെ എന്റെ ഗുരു ചെയ്തുവന്നു, എല്ലാവരുടേയും ദാസനാകുവാന്‍. ആ മനുഷ്യന്റെ ചരണങ്ങളാണ് ഞാന്‍ ശിരസാവഹിക്കുന്നത്. അദ്ദേഹമാണെന്റെ ധീരനായകന്‍. ആ ധീരന്റെ ജീവിതം അനുകരിക്കാനാണ് ഞാന്‍ യത്‌നിക്കുന്നത്. എല്ലാവരുടെയും ദാസനായാണ് ഹിന്ദു സ്വയം ഉയരാന്‍ നോക്കുന്നത്. അങ്ങനെയാണ് ഹിന്ദുക്കള്‍ ജനസഞ്ചയത്തെ ഉയര്‍ത്തേണ്ടത്: അല്ലാതെ വല്ല വൈദേശികപ്രഭാവത്തെയും ആശ്രയിച്ചല്ല. ഇരുപതുകൊല്ലക്കാലത്തെ പാശ്ചാത്യപരിഷ്‌കാരം എന്റെ മനസ്സില്‍ ഉന്നയിക്കുന്നത് ആ മനുഷ്യന്റെ ദൃഷ്ടാന്തമാണ് – സ്വസുഹൃത്തിനെ ഒരു വിദേശത്തില്‍ പട്ടിണിയിടാന്‍ മുതിര്‍ന്ന ആളുടെ: ഇതിന് ഒറ്റക്കാരണമോ, ആ സുഹൃത്തു ജനസമ്മതിയാര്‍ജ്ജിച്ചത്, സ്വയം പണമുണ്ടാക്കുന്നതില്‍ ആ സുഹൃത്തു തടസ്സമാകുമെന്ന അയാളുടെ വിചാരം. മറ്റേത് തനി യാഥാസ്ഥിതിക ഹിന്ദുമതം ഭാരതത്തില്‍ ചെയ്യാന്‍പോകുന്നതിന്റെ ദൃഷ്ടാന്തവുമാണ്. നമ്മുടെ പരിഷ്‌കര്‍ത്താക്കളിലാരാനും പറയനെപ്പോലും സേവിക്കാന്‍ സന്നദ്ധമാകുന്ന ആ ജീവിതം പ്രകാശിപ്പിക്കട്ടെ: അപ്പോള്‍ അയാളുടെ കാല്ക്കലിരുന്നു ഞാന്‍ പഠിക്കാം: അതിനു മുമ്പില്ല. ഇരുപതിനായിരം ടണ്‍ വന്‍പ്രഭാഷണത്തിന്റെ വകയുണ്ട് ഒരൗണ്‍സ് അനുഷ്ഠാനത്തിന്.
ഇനി മദ്രാസിലെ പരിഷ്‌കരണസംഘങ്ങളെക്കുറിച്ച് അല്പം പറയട്ടെ. എന്നോടവര്‍ നന്നേ ദയവായിട്ടാണ് പെരുമാറിയിട്ടുള്ളത്, സദയപദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതും. ബംഗാളിലേയും മദ്രാസിലേയും പരിഷ്‌കര്‍ത്താക്കള്‍ക്കു തമ്മില്‍ വളരെ അന്തരമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു: ഞാനവരോടു യോജിക്കയും ചെയ്യുന്നു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള ആ കാര്യം, ഇന്നിപ്പോള്‍ മദ്രാസിലെ നില നന്നേ മനോജ്ഞമാണെന്ന വസ്തുത, നിങ്ങളില്‍ പലരും ഓര്‍മ്മിക്കുമല്ലോ. കരണപ്രതികരണങ്ങളുടെ വിക്രിയകളില്‍ ബംഗാളിനെപ്പോലെ മദ്രാസ് അകപ്പെട്ടിട്ടില്ല. ഇവിടെ തുടര്‍ച്ചയായി നിന്നുപോരുന്നത്, പതറാതെ പതുക്കെപ്പോകുന്ന പുരോഗതിയാണ്. ഇവിടെ വളര്‍ച്ചയാണുള്ളത്, പ്രതികരണമല്ല. പല രംഗത്തിലും മിതമായ അളവില്‍ ബംഗാളില്‍ ഒരു പുനര്‍ജ്ജീവനമുണ്ടായിട്ടുണ്ട്: മദ്രാസിലാകട്ടെ പുനര്‍ജ്ജീവനമല്ല, വളര്‍ച്ചയാണ്: സ്വാഭാവികമായ വളര്‍ച്ച. ആ നിലയില്‍, ഇരുകൂട്ടര്‍ക്കുമുള്ള വ്യത്യാസമായി പരിഷ്‌കര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നതിനോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നുണ്ട്. എന്നാല്‍ ഒരു വ്യത്യാസം. അതവര്‍ മനസ്സിലാക്കിയിട്ടില്ല. ഇവിടെയുള്ള ചില സംഘങ്ങള്‍ എന്നെ ഭയപ്പെടുത്തി അവയില്‍ ചേര്‍ക്കുവാന്‍ ശ്രമിക്കയാണോ എന്നു ഞാന്‍ ശങ്കിക്കുന്നു. അവരുടെ ആ ശ്രമം ആശ്ചര്യജനകമാണ്. കഴിഞ്ഞ പതിന്നാലു കൊല്ലമായി പട്ടിണിയെ മുഖത്തോടുമുഖം നേരിട്ട ഒരു മനുഷ്യനെ, അടുത്ത ദിവസം എവിടെനിന്നാണുണ്ണുക എവിടെയാണുറങ്ങുക എന്നറിയാതിരുന്ന ഒരു മനുഷ്യനെ, അത്ര എളുതായി ഭയപ്പെടുത്തുക സാദ്ധ്യമല്ല. പൂജ്യത്തിനുതാഴെ മുപ്പതു ഡിഗ്രി തണുപ്പുള്ളിടങ്ങളില്‍ മിക്കവാറും ഉടുതുണിയില്ലാതെ ഇനിയത്തെ ഭക്ഷണം എവിടെ നിന്നു വരുമെന്നറിയാതെ താമസിക്കാന്‍ മുതിര്‍ന്ന ഒരു മനുഷ്യനെ അത്ര എളുതായി ഭയപ്പെടുത്തുക സാധ്യമല്ല. അവരോട് എനിക്കു പറയാനുള്ള ഒന്നാമത്തെ സംഗതിയിതാണ്; എനിക്ക് എന്‍േറതായ ചെറിയ ഒരിച്ഛാശക്തിയുണ്ട്. എന്‍േറതായ അല്പം ചില അനുഭവങ്ങളുണ്ട്. ലോകത്തിന്നായി ഒരു സന്ദേശവുമുണ്ട്.
നിര്‍ഭയനായി, ഭവിഷ്യത്തിനെ വകവെയ്ക്കാതെ ഞാനതു നല്കുക തന്നെ ചെയ്യും. പരിഷ്‌കര്‍ത്താക്കന്മാരോട്, അവരിലാരെക്കാളും വലിയ പരിഷ്‌കര്‍ത്താവാണ് ഞാന്‍ എന്ന വസ്തുത ചൂണ്ടിക്കാട്ടും. അല്പാല്പം പരിഷ്‌കരിക്കാനാണ് അവരാഗ്രഹിക്കുന്നത്. ആമൂലാഗ്രം പരിഷ്‌കാരമാണ് എനിക്കുവേണ്ടത്. ഞങ്ങള്‍ക്കു തമ്മിലുള്ള വ്യത്യാസം രീതിയിലാണ്. അവരുടെ രീതി സംഹാരമാണ്: എന്‍േറതു സൃഷ്ടിയും. ഞാന്‍ പരിഷ്‌കാരത്തില്‍ വിശ്വസിക്കുന്നേ ഇല്ല. എന്റെ വിശ്വസം വളര്‍ച്ചയിലാണ്. ഈശ്വരന്റെ നിലപാട് കൈക്കൊണ്ട് സമുദായത്തോട്, ‘ഈ വഴിക്കു പോകൂ, ആ വഴിക്കല്ല’ എന്നനുശാസിക്കാന്‍ ഞാന്‍ ആളല്ല. രാമന്‍ ചിറകെട്ടിയിടത്തെ അണ്ണാര്‍ക്കണ്ണനെപ്പോലെയായാല്‍ മതി എനിക്ക്. ചിറയില്‍ തന്റെ പങ്ക്, അല്പം മണ്‍പൊടി, ഇട്ടതുകൊണ്ട് അതിന് തികഞ്ഞ തൃപ്തിയായി. അതാണെന്റെ നിലപാട്. അദ്ഭുതമുള വാക്കുന്ന ഈ ഭാരതീയജനതായന്ത്രം യുഗങ്ങളായി വ്യാപരിച്ചുവരുകയാണ്. ജനതാജീവിതമാകുന്ന ഈ ആശ്ചര്യനദി നമ്മുടെ മുമ്പിലൂടെ ഒഴുകുകയാണ്. ആര്‍ക്കറിയാം, ആര്‍ പറയാന്‍ ധൈര്യപ്പെടും, അതു നന്നെന്നോ അതെങ്ങനെ പ്രവഹിക്കണമെന്നോ? അതിനു സവിശേഷ പ്രചോദനം നല്കിക്കൊണ്ട് ആയിരമായിരം പരിസ്ഥിതികള്‍ അതിന്റെ ചുറ്റും തിങ്ങിക്കൂടിയിട്ടുണ്ട്. ഇവ ഒരിക്കല്‍ ആ ഒഴുക്കിനെ മന്ദിപ്പിക്കുന്നു: മറ്റൊരിക്കല്‍ ത്വരിപ്പിക്കുന്നു. അതിന്റെ ചലനത്തെ ശാസിക്കാന്‍ ആരു മുതിരും? ഗീത പറയുമ്പോലെ, നമ്മുടെ കര്‍ത്തവ്യം, ഫലാപേക്ഷ കൂടാതെ പ്രവര്‍ത്തിക്ക മാത്രമാണ്. ആവശ്യമുള്ള വിറകിട്ടു ജനതാജീവിതത്തെ ജ്വലിപ്പിക്കുക. എന്നാല്‍ വളര്‍ച്ച അതിന്‍േറതുമാത്രമാണ്. ആ വളര്‍ച്ച എങ്ങനെ വേണമെന്ന് അതിനോടാജ്ഞാപിക്കാന്‍ ആര്‍ക്കും വയ്യ.
നമ്മുടെ സമുദായത്തിലുള്ള തിന്മകള്‍ വളരെയാണ്. പക്ഷേ മറ്റെല്ലാ സമുദായങ്ങളിലും ഇങ്ങനെതന്നെ തിന്മകളുണ്ട്. ഇവിടെ ചിലപ്പോള്‍ വിധവകളുടെ കണ്ണീര്‍ വീണു നിലം കുതിരുന്നു: അവിടെ, പാശ്ചാത്യദേശങ്ങളില്‍, അവിവാഹിതകളുടെ നെടുവീര്‍പ്പുകള്‍ കൊണ്ടു വായുമണ്ഡലം പിളരുന്നു. ഇവിടെ ജീവിതത്തിലെ കൊടിയ ശാപം ദാരിദ്ര്യമാണ്: അവിടെ സമ്പന്നന്മാര്‍ക്കുണ്ടാകുന്ന ജീവിത ശ്രാന്തിയാണ് ആ വംശത്തിനു പിടിപെട്ട വമ്പിച്ച ദോഷം. ഇവിടെ ഒന്നും തിന്നാനില്ലാഞ്ഞ് ആളുകള്‍ ആത്മഹത്യചെയ്യാന്‍ നോക്കുന്നു. അവിടെ തിന്നാല്‍ തീരാത്തതുകൊണ്ട് അവര്‍ ആത്മഹത്യയ്‌ക്കൊരുങ്ങുന്നു. എവിടെയുമുണ്ട് തിന്മ. പഴകിയ വാതംപോലാണത്. അതു കാലില്‍നിന്നോടിക്കൂ, അപ്പോള്‍ തലയിലെത്തും. അവിടെനിന്നോടിച്ചു കളയൂ: അപ്പോള്‍ മറ്റു വല്ലയിടത്തും ചെല്ലും. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പിന്‍വാങ്ങുക, അത്രമാത്രം. അതേ! കുട്ടികളേ, തിന്മകളെ പരിഹരിക്കാനുള്ള യത്‌നമല്ല ശരിയായ മാര്‍ഗ്ഗം. നമ്മുടെ ദര്‍ശനം പഠിപ്പിക്കുന്നു, നന്മയും തിന്മയും നിത്യബദ്ധമാണ്: ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഒന്നുണ്ടെങ്കില്‍ മറ്റേതും കൂടിയേ തീരൂ. കടലിലൊരു തിര പൊന്താന്‍ മറ്റെവിടെയോ ഒരു പാത്തി കുഴിയണം. പോരാ, ജീവിതമാകെത്തന്നെ ഒരു തിന്മയാണ്: ഒന്നു ശ്വസിക്കുക പോലും സാദ്ധ്യമല്ല, മറ്റൊന്നിനെ കൊല്ലാതെ: ഒരുരുളച്ചോറും കഴിക്കാവതല്ല, മറ്റാരാന്റെയും പക്കല്‍നിന്നു കവരാതെ. ഇതാണ് നിയമം, ഇതാണ് ദര്‍ശനം. അതിനാല്‍ നമുക്ക് ചെയ്യാവുന്നൊന്ന് തിന്മയ്‌ക്കെതിരായുള്ള പ്രവൃത്തിയെല്ലാം വസ്തുനിഷ്ഠത്തേക്കാള്‍ ഏറെ ആത്മനിഷ്ഠമാണെന്നു ധരിക്കയത്രേ. നാം എത്രയൊക്കെ കെങ്കേമമായി സംസാരിച്ചാലും, തിന്മയ്‌ക്കെതിരായ പ്രവൃത്തി, ഫലിക്കുന്നതിലേറെ (പ്രവര്‍ത്തകനെ) പഠിപ്പിക്കുകയാണ് ചെയ്ക. തിന്മയ്‌ക്കെതിരായ പ്രവൃത്തിയെ സംബന്ധിച്ച് ഒന്നാമത്തെ ആശയമാണിത്. ഇതു നമ്മെ കൂടുതല്‍ ശാന്തരാക്കേണ്ടതാണ്: നമ്മുടെ രക്തത്തില്‍നിന്നു തീവ്രവാദ ജ്വരത്തെ നീക്കേണ്ടതാണ്.
ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നു, തീവ്രവാദത്തിലുറച്ച പരിഷ്‌കാരങ്ങള്‍ ഉണ്ടായിടത്തെല്ലാം ഒരേ ഒരു ഫലം, അവ സ്വലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തിയതാണെന്ന്. അടിമത്തത്തെ തുടച്ചുനീക്കാനായി അമേരിക്കയില്‍ നടന്ന യുദ്ധത്തെക്കാള്‍ വലുതായി, അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയുള്ള ഒരു വിപ്ലവം സങ്കല്പിയ്ക്കാന്‍ വയ്യ. അതു നിങ്ങള്‍ക്കൊക്കെ അറിയാം. അതിന്റെ ഫലങ്ങളോ? അടിമത്തം നിര്‍ത്തലാക്കിയതിനു മുമ്പത്തേക്കാള്‍ നൂറുമടങ്ങു മോശമാണ്, ഇന്ന് അടിമകളുടെ നില. അടിമത്തമറ്റതിനുമുമ്പു പാവപ്പെട്ട നീഗ്രോകള്‍ ആരുടെയെങ്കിലും സ്വത്തായിരുന്നു. സ്വത്തെന്ന നിലയില്‍ മോശപ്പെടാതിരിക്കാന്‍ അവരെ പോറ്റേണ്ട ചുമതലയും ഉടമയ്ക്കുണ്ടായിരുന്നു. ഇന്ന് അവര്‍ ആരുടെയും സ്വത്തല്ല. അവരുടെ ജീവിതത്തിന് ഒരു വിലയുമില്ല. വെറും തട്ടിപ്പായ കാരണംകൊണ്ടുമാത്രം അവരെ ജീവനോടെ ചുടുന്നു, വെടിവെച്ചുവീഴ്ത്തുന്നു: എന്നാലും കൊലയാളികള്‍ക്കെതിരെ ഒരു നിയമവുമില്ല. കാരണം അവര്‍ വെറും കറുമ്പന്മാരാണ്: അവര്‍ മനുഷ്യരല്ല, മൃഗങ്ങള്‍പോലുമല്ല. തിന്മയെ ‘നിയമം’ കൊണ്ടോ തീവ്രവാദത്തിലൂടെയോ ബലാല്‍ പരിഹരിച്ചാലത്തെ ഫലമാണിത്. നന്മ കൈവരുത്താന്‍പോലും തീവ്രവാദത്തിലൂടെയുള്ള എല്ലാ നീക്കങ്ങള്‍ക്കും എതിരായി ചരിത്രം നല്കുന്ന തെളിവ് ഇത്തരത്തിലാണ്. ഞാന്‍ അതു കണ്ടിട്ടുണ്ട്. എന്റെ സ്വാനുഭവം അതെന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഈവക പ്രതിഷേദ്ധൃസംഘങ്ങളിലൊന്നിലും ചേരുക എനിക്കു സാദ്ധ്യമല്ല. എന്തിനു പ്രതിഷേധിക്കണം? ഓരോ സമുദായത്തിലുമുണ്ട് തിന്മകള്‍. എല്ലാവര്‍ക്കും അതറിയാം. ഇന്നത്തെ ഓരോ കുട്ടിക്കും അതറിയാം. ഹിന്ദുസമുദായത്തിലെ ഭയാനകതിന്മകളെപ്പറ്റി വേദിയില്‍ കയറി പ്രഭാഷണം ചെയ്യാന്‍ അവനു കഴിയും. ഭൂഗോളപര്യടനമായി ഇവിടെ വരുന്ന അനഭ്യസ്തവിദ്യനായ ഓരോ വൈദേശികനും തീവണ്ടിയിലിരുന്ന് മിന്നിമങ്ങിമറയുന്ന ഒരു ക്ഷണിക വീക്ഷണം നടത്തിയിട്ട്, ഭാരതത്തിലെ ഭയങ്കരതിന്മകളെപ്പറ്റി പണ്ഡിത ഭാവത്തില്‍ പ്രസംഗിക്കുകയാണ്.
തിന്മകള്‍ ഉണ്ടെന്നു ഞങ്ങള്‍ സമ്മതിക്കുന്നു. തിന്മയെന്തെന്ന് ആര്‍ക്കും ചൂണ്ടിക്കാണിക്കാം: പക്ഷേ, ദുര്‍ഘടങ്ങളില്‍നിന്നു പോംവഴി കണ്ടെത്തുന്നവനാണ് മനുഷ്യരാശിയുടെ സുഹൃത്ത്. ദാര്‍ശനികന്‍ പ്രസംഗിക്കവേ മുങ്ങിച്ചാകാന്‍ തുടങ്ങിയ പയ്യന്‍ വിളിച്ചുപറഞ്ഞു; ‘എന്നെ ആദ്യം കരകയറ്റൂ.’ അതുപോലെ നമ്മുടെ നാട്ടുകാര്‍ വിളിച്ചുപറയുകയാണ്; ‘ഞങ്ങള്‍ക്കു വേണ്ടത്ര പ്രസംഗങ്ങളും സംഘങ്ങളും വര്‍ത്തമാനക്കടലാസ്സുകളും കിട്ടിയിരിക്കുന്നു. ഇവിടെനിന്നു ഞങ്ങളെ വലിച്ചു പുറത്തിടാന്‍ ഒരു കൈ നീട്ടാനാരുണ്ട്? വാസ്തവത്തില്‍ ഞങ്ങളെ സ്നേഹിക്കുന്ന വ്യക്തിയെവിടെ?’ അതേ, ആ മനുഷ്യനെയാണ് ആവശ്യം. പരിഷ്‌കരണസംഘങ്ങളില്‍നിന്നു ഞാന്‍ തീരെ പിരിയുന്നതിവിടെയാണ്. നൂറുകൊല്ലക്കാലമായി അവ ഇവിടെയുണ്ടായിരുന്നു. ആക്രോശങ്ങളും പ്രതിഷേധങ്ങളും അങ്ങേ അറ്റത്തോളം നിറഞ്ഞ ഒരു സാഹിത്യം സൃഷ്ടിച്ചതൊഴിച്ചു മറ്റെന്തു നന്മയാണ് അവയ്ക്കു ചെയ്യാന്‍ കഴിഞ്ഞത്? ഈശ്വരന്‍ കനിഞ്ഞ് ഈ സാഹിത്യമിവിടെ ഇല്ലായിരുന്നെങ്കില്‍! അവര്‍ യാഥാസ്ഥിതികരെ വിമര്‍ശിച്ചിട്ടുണ്ട്, പ്രതിഷേധിച്ചിട്ടുണ്ട്, വിനിന്ദിച്ചിട്ടുണ്ട്. ഒടുവില്‍ ഈ യാഥാസ്ഥിതികര്‍ പ്രതിപക്ഷത്തിന്റെ സ്വരം കൈക്കൊണ്ടു: അവരുടെ നാണ്യത്തില്‍ത്തന്നെ കടം വീട്ടിയിരിക്കുന്നു! ഫലമോ? നമ്മുടെ വംശവും രാജ്യവും ലജ്ജിക്കത്തക്ക ഒരു സാഹിത്യം ഓരോ ദേശീയഭാഷയിലും ഉടലെടുത്തിരിക്കുന്നു. ഇതോ പരിഷ്‌കാരം? ഇങ്ങനെയോ ജനതയെ മഹനീയതയിലേക്കു നയിക്കുക? ഇതാരുടെ കുറ്റം?
[വിവേകാനന്ദസാഹിത്യസര്‍വസ്വം- എന്റെ സമരപരിപാടി (മദ്രാസിലെ വിക്‌ടോറിയാഹാളില്‍വെച്ചു ചെയ്ത പ്രസംഗം) – തുടരും]