ഭാരതത്തിലെ സിദ്ധന്മാരെക്കുറിച്ചു പറയുമ്പോള്‍, ചരിത്രരേഖകളില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് – ഏതു കാലത്തിന്റെ ഇരുളില്‍നിന്നു രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഐതിഹ്യം വ്യര്‍ത്ഥമായി ശ്രമിക്കുന്നുവോ ആ ഭൂതകാലത്തിലേക്ക് – എന്റെ മനസ്സു പോകുന്നു. ഭാരതത്തിലെ സിദ്ധന്മാര്‍ മിക്കവാറും അസംഖ്യേയരാണ്. ഹിന്ദുജനത, ആയിരമായിരം കൊല്ലങ്ങളായി, സിദ്ധന്മാരെ ഉളവാക്കുകയല്ലാതെ മറ്റെന്താണ് ചെയ്തുപോന്നത്? അതുകൊണ്ട്, ഏറ്റവും സമുജ്വലരായ യുഗപ്രവര്‍ത്തകരില്‍ ചുരുക്കം ചിലരുടെ ജീവിതങ്ങളെടുത്ത് നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കാം – എന്നുവെച്ചാല്‍, ഞാന്‍ അവരെക്കുറിച്ചു നടത്തിയിട്ടുള്ള പഠനങ്ങള്‍.
ആദ്യമായി നമ്മുടെ മതഗ്രന്ഥങ്ങളെക്കുറിച്ചു ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. അവയില്‍ സത്യത്തിന്‍േറതായ രണ്ടാദര്‍ശങ്ങളാണുള്ളത്. ഒന്ന്, നാം അനശ്വരമെന്നു പറയുന്നതാണ്: മറ്റേത് അത്രതന്നെ പ്രാമാണികമല്ലെങ്കിലും അതാതു പരിസ്ഥിതികളിലും സമയങ്ങളിലും സ്ഥലങ്ങളിലും ബലത്തില്‍ വരുന്നതും: ആത്മാവിന്റെയും ഈശ്വരന്റെയും സ്വഭാവത്തെ പരാമര്‍ശിക്കുന്ന നിത്യസംബന്ധങ്ങള്‍, ആത്മാക്കളും ഈശ്വരനും തമ്മിലുള്ള സംബന്ധങ്ങള്‍ – ഇവയെ ഉള്‍ക്കൊള്ളുന്നവയാണ് ശ്രുതിയെന്നും വേദങ്ങളെന്നുമുള്ള ഗ്രന്ഥങ്ങള്‍. മനു, യാജ്ഞവല്ക്യന്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലും, പുരാണങ്ങള്‍ മുതല്‍ തന്ത്രങ്ങള്‍വരെയുള്ള ഗ്രന്ഥങ്ങളിലും ഉള്‍പ്പെടുത്തി, അടുത്ത കിടയില്‍പ്പെട്ട, സത്യങ്ങളെയാണ് നാം സ്മൃതികളെന്നു പറയുന്നത്. ഈ രണ്ടാം കിടയില്‍പ്പെട്ട ഗ്രന്ഥങ്ങളും ഉപദേശങ്ങളും ശ്രുതികള്‍ക്കധീനമാണ്. ശ്രുതികളിലുള്ള വല്ല തത്ത്വങ്ങളെയും ഇവയിലൊന്നു നിഷേധിച്ചാല്‍, ശ്രുതിയാണ് പ്രാബല്യത്തില്‍ വരേണ്ടത്. ഇതാണ് നിയമം. ഇതിലടങ്ങിയ ആശയമിതാണ് – മനുഷ്യന്റെ ഭാഗധേയത്തിന്റെയും ലക്ഷ്യത്തിന്റെയും ചട്ടക്കൂടു പൂര്‍ണ്ണമായി വേദങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്: വിശദാംശങ്ങള്‍ സ്മൃതികളിലും പുരാണങ്ങളിലും വ്യാകരിക്കാന്‍ വിട്ടിരിക്കയാണ്. സാമാന്യവിധികളെസ്സംബന്ധിച്ചിടത്തോളം ശ്രുതികള്‍ പര്യാപ്തങ്ങളാണ്. ആദ്ധ്യാത്മികജീവിതത്തെപ്പറ്റി കൂടുതല്‍ പറയാനാവില്ല: കൂടുതലറിയാനും വയ്യ. വേണ്ടതെല്ലാം അറിയപ്പെട്ടിരിക്കുന്നു. ആത്മാവിനെ പൂര്‍ണ്ണതയിലേക്കു നയിക്കാന്‍ വേണ്ട ഉപദേശങ്ങളെല്ലാം ശ്രുതികളില്‍ പര്യാപ്തമാണ്. വിശദാംശങ്ങള്‍മാത്രം ബാക്കിയുണ്ട്: ഇവ അതാതു കാലഘട്ടങ്ങളില്‍ സ്മൃതികളില്‍ വരുന്നു.
മറ്റൊരു സവിശേഷത; ശ്രുതികളിലെ സത്യങ്ങള്‍ ആവിഷ്‌കരിച്ചവരായി പല സിദ്ധന്മാരുണ്ട്. അവരില്‍ ഏറെപ്പേരും പുരുഷന്മാരാണ്: കുറെപ്പേര്‍ സ്ര്തീകളും. അവരുടെ വ്യക്തിത്വത്തെപ്പറ്റി, പിറന്ന നാള്‍ തുടങ്ങിയവയെപ്പറ്റി, ഒന്നുമൊട്ടും അറിവായിട്ടില്ല. പക്ഷേ അവരുടെ ഉത്തമചിന്തകള്‍, ഒന്നാംകിട കണ്ടുപിടുത്തങ്ങള്‍, ശ്രുതികളില്‍ സുരക്ഷിതമായിട്ടുണ്ട്. ഈ വേദങ്ങളാണ് നമ്മുടെ നാട്ടിലെ വിശുദ്ധസാഹിത്യം. മറിച്ച്, സ്മൃതികളില്‍ വ്യക്തികള്‍ കൂടുതല്‍ തെളിഞ്ഞിട്ടുണ്ട്. ഞെട്ടിച്ചു കളയുന്നവര്‍, അതിമാനുഷപ്രമാണന്മാര്‍, വന്‍തോതിലുള്ളവര്‍ മനസ്സില്‍ ആഞ്ഞുപതിയുന്നവര്‍, ലോകം പിടിച്ചുകുലുക്കുന്നവര്‍ – അവര്‍ ആദ്യമായി നമ്മുടെ മുമ്പില്‍ നില്ക്കുന്നെന്നു തോന്നും. അവരുടെ മഹത്ത്വം അവരുടെ ഉപദേശങ്ങളെത്തന്നെയും ചിലപ്പോള്‍ കവിയുന്നു.
ഈ സവിശേഷത നാം മനസ്സിലാക്കേണ്ടതാണ്; നമ്മുടെ മതം നിര്‍ദ്ദേശിക്കുന്നതു നിര്‍ഗുണനും സഗുണനുമായ ഈശ്വരനെയാണ്. നിര്‍ഗുണതത്ത്വങ്ങള്‍ എത്ര വേണമെങ്കിലും അതുപദേശിക്കുന്നു: കൂടാതെ, എത്രയെങ്കിലും സഗുണത്വവും. പക്ഷേ നമ്മുടെ മതത്തിന്റെ തനി ഉറവിടം ശ്രുതികളാണ്, വേദങ്ങള്‍: ഇവ തികച്ചും നിര്‍ഗുണങ്ങളുമാണ്. സ്മൃതികളിലും പുരാണങ്ങളിലുമാണ് സഗുണന്മാരെല്ലാം വരുന്നത്. വന്‍കിട അവതാരങ്ങള്‍, ഈശ്വരന്റെ മൂര്‍ത്തീഭാവങ്ങള്‍, ദീര്‍ഘദര്‍ശികള്‍ മുതലായവര്‍. മറ്റൊന്നുകൂടി ധരിക്കണം. നമ്മുടെ മതമൊഴിച്ചു മറ്റു ലോകമതങ്ങളെല്ലാം സഗുണനായ ഒരു സ്ഥാപകന്റെയോ സ്ഥാപകരുടെയോ ജീവിതത്തെയോ ജീവിതങ്ങളെയോ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. യേശുക്രിസ്തുവിന്റെ ജീവിതത്തിന്‌മേലാണ് ക്രിസ്തുമതം പടുത്തിട്ടുള്ളത്: മുഹമ്മദുമതം മുഹമ്മദിന്റെ ജീവിതത്തിന്‌മേല്‍: ബുദ്ധമതം ബുദ്ധജീവിതത്തിന്‌മേല്‍: ജൈനമതം ജിനന്മാരുടെ ജീവിതങ്ങളിന്‌മേല്‍: ഇങ്ങനെ മറ്റെല്ലാം. ഈ മതങ്ങളിലെല്ലാം, മഹാപുരുഷന്മാരെക്കുറിച്ചുള്ള ചരിത്രപരമായ തെളിവുകളെപ്പറ്റി ഒട്ടേറെ കലഹമുണ്ടെന്നും സ്വാഭാവികമായി വന്നുകൂടുന്നു. പഴയകാലത്തുണ്ടായിരുന്ന ഈ ആളുകളുടെ അസ്തിത്വത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ക്കു വല്ലപ്പോഴും കോട്ടം തട്ടിയാല്‍ മതസൗധംതന്നെ തകര്‍ന്നു വീണു ചിതറുകയായി. ഈ ദുര്‍വിധിയില്‍നിന്നു നാം രക്ഷപ്പെട്ടതിന്റെ കാരണം, വ്യക്തികളിലല്ല, തത്ത്വങ്ങളിലാണ് നമ്മുടെ മതം അധിഷ്ഠിതമായിട്ടുള്ളതെന്നതത്രേ. നിങ്ങള്‍ നിങ്ങളുടെ മതമനുസരിക്കുന്നത്, ആ മതം ഒരു സിദ്ധന്റെയോ അവതാരപുരുഷന്റെ പോലുമോ പ്രാമാണ്യത്തിലൂടെ പുലര്‍ന്നുവന്നതുകൊണ്ടല്ല. വേദങ്ങള്‍ക്കു പ്രാമാണ്യം നല്കുന്നതു കൃഷ്ണനല്ല: മറിച്ചു വേദങ്ങളാണ് കൃഷ്ണനുപോലും പ്രാമാണ്യമരുളുന്നത്. ഉണ്ടായ വേദപ്രവക്താക്കളില്‍വെച്ച് അഗ്രഗണ്യന്‍ എന്നതത്രേ കൃഷ്ണന്റെ മഹിമ. ഇതുതന്നെയാണ് മറ്റവതാരങ്ങളുടെയും കഥ. നമ്മുടെ സിദ്ധന്മാരുടെയൊക്കെ കഥയിതാണ്. മനുഷ്യന്റെ പരിപൂര്‍ണ്ണതയ്ക്കും സ്വാതന്ത്ര്യപ്രാപ്തിക്കും വേണ്ടതെല്ലാം വേദങ്ങളിലുണ്ടെന്നതാണ് നമ്മുടെ ഒന്നാമത്തെ സിദ്ധാന്തം. പുത്തനായൊന്നും നിങ്ങള്‍ക്കു കാണാനാവില്ല. ജ്ഞാനത്തിന്റെയെല്ലാം ലക്ഷ്യമായ ആ തികഞ്ഞ ഏകത്വത്തിന്നപ്പുറം നിങ്ങള്‍ക്കു പോകാന്‍ പാങ്ങില്ല. വേദങ്ങള്‍ നേരത്തെതന്നെ ഇവിടെ എത്തിക്കഴിഞ്ഞു. ഐക്യത്തിന്നപ്പുറം പോകുക അസാദ്ധ്യവുമാണ്. ‘തത്ത്വമസി’ കണ്ടെത്തിയപ്പോള്‍ മതനിഷ്ഠമായ അറിവിന്റെ തികവിലെത്തിക്കഴിഞ്ഞു. ഇതു വേദങ്ങളിലുള്ളതാണുതാനും. പിന്നെ ആളുകള്‍ക്കു വേണ്ടത്, അതാതു കാലത്തിനും ദേശത്തിനുമൊപ്പിച്ചു, പരിതഃസ്ഥിതിക്കും ചുറ്റുപാടിനുമനുഗുണമായ, നേതൃത്വമാണ്. പഴയ പഴയ ആ വഴിയിലൂടെ ആളുകളെ നയിക്കേണ്ടിയിരുന്നു. ഇതിനാണ് ഈ വന്‍കിട ഗുരുക്കന്മാര്‍, വലിയ സിദ്ധന്മാര്‍ വന്നത്. ഇതിനുള്ള ഏറ്റവും സ്പഷ്ടമായ തെളിവ് ഗീതയിലെ സുപ്രസിദ്ധമായ, കൃഷ്ണന്റെ അരുളപ്പാടാണ്; ‘ധര്‍മ്മത്തിനു വാട്ടവും അധര്‍മ്മത്തിനു കേറ്റവും വരുമ്പോള്‍ നല്ലവരെ രക്ഷിക്കാന്‍ ഞാന്‍ ജന്മമെടുക്കുന്നു: അധര്‍മ്മത്തെയെല്ലാം നശിപ്പിക്കാന്‍ യുഗംതോറും ഞാന്‍ വരുന്നു.’ ഇതാണ് ഭാരതത്തില്‍ നിലവിലുള്ള ആശയം.
എന്താണ് വന്നുകൂടുന്നത്? തനതായ അടിസ്ഥാനത്തില്‍ നിലയുറപ്പിച്ചിട്ടുള്ള ഈ അനശ്വരസിദ്ധാന്തങ്ങള്‍ ഇവിടെയുണ്ടെന്ന്. ഇവ നിലനില്ക്കുന്നതു യുക്തിവിചാരത്തെ ആശ്രയിച്ചുപോലുമല്ല: അത്രപോലും ആശ്രയിക്കുന്നില്ല, സിദ്ധന്മാരുടെയും അവതാരപുരുഷന്മാരുടെയും പ്രാമാണ്യത്തെ – അവര്‍ എത്ര സമുന്നതന്മാരോ സമുജ്വലന്മാരോ ആയാലും. ഭാരതത്തിലെ സ്ഥിതിവിശേഷം ഇതാകകൊണ്ട് വേദാന്തമൊന്നിനു മാത്രമേ വിശ്വമതമാകാന്‍ കഴിവുള്ളൂ എന്ന നമ്മുടെ അവകാശവാദവും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഇപ്പോഴേ നിലവിലുള്ള വിശ്വമതം അതാണ്: കാരണം, അതു പ്രചരിപ്പിക്കുന്നതു സിദ്ധാന്തങ്ങളെയാണ്, വ്യക്തികളെയല്ല. മനുഷ്യരാശിയില്‍പ്പെട്ട വംശങ്ങള്‍ക്കെല്ലാംകൂടി ഏതെങ്കിലുമൊരു വ്യക്തിയുടെമേല്‍ പടുത്ത മതം മാതൃകയാക്കുക സാദ്ധ്യമല്ല. നമ്മുടെ നാട്ടില്‍ വളരെയേറെ മഹത്തുക്കള്‍ ഉണ്ടായിട്ടുള്ളതായി കാണാം. ഒരു ചെറുപട്ടണത്തില്‍പ്പോലും ഭിന്നമനഃസ്ഥിതിക്കാര്‍ മാതൃകകളാക്കുന്നതു പലരെയാണ്. ഒരു വ്യക്തിയെ – അതു മുഹമ്മദോ ബുദ്ധനോ ക്രിസ്തുവോ ആകട്ടെ – ലോകത്തിനാകമാനം ഒരേ ഒരു മാതൃകയായി സ്വീകരിക്കുന്നതെങ്ങനെ? സദാചാരം, ധര്‍മ്മശാസ്ര്തം, ആദ്ധ്യാത്മികത, മതം – ഇവയൊക്കെ ആ ഒരു വ്യക്തിയുടെ പിന്‍ബലത്തില്‍ മാത്രം സത്യമായി വരുന്നതെങ്ങനെ? വേദാന്തമതത്തിനു വ്യക്തിനിഷ്ഠമായ അത്തരം പ്രാമാണ്യം ആവശ്യമില്ല. അതിന്റെ പിന്‍ബലം മനുഷ്യന്റെ അനശ്വരസ്വഭാവമാണ്. അതിന്റെ ധര്‍മ്മശാസ്ര്തം, എന്നും നിലവിലുള്ള, ചിരസിദ്ധമായ, ഇനി സാധിക്കേണ്ടതല്ലാത്ത, മനുഷ്യന്റെ ശാശ്വതമായ ആദ്ധ്യാത്മികൈക്യത്തില്‍ അടിയുറച്ചതാണ്. പക്ഷേ, മനുഷ്യരില്‍ ബഹുഭൂരിപക്ഷത്തിനും ഒരു വ്യക്തി ആവശ്യമാണെന്നതിനെക്കുറിച്ച് അതിപ്രാചീനമായകാലംമുതല്‍ നമ്മുടെ സിദ്ധന്മാര്‍ ബോധവാന്മാരായിരുന്നു. പുരുഷവിധനായ ഒരീശ്വരന്‍, ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊന്നില്‍, അവര്‍ക്കു കൂടിയേ തീരൂ. പുരുഷവിധനായ ഒരീശ്വരന്റെ ഉണ്മ നിഷേധിച്ച സാക്ഷാല്‍ ബുദ്ധന്‍ മരിച്ച് അമ്പതു കൊല്ലം തികയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അദ്ദേഹത്തെത്തന്നെ പുരുഷവിധനായ ഒരീശ്വരനാക്കുകയാണുണ്ടായത്. പുരുഷവിധനായ ഈശ്വരന്‍ വേണ്ടതുതന്നെ. അതേ സമയം നമുക്കറിയാം, അങ്ങനെ ഒരീശ്വരനെപ്പറ്റി വൃഥാ സംഭാവനകള്‍ നടത്തുന്നതിനേക്കാള്‍ ഭേദം, ഈ ലോകത്തില്‍ നമ്മുടെയിടയില്‍ത്തന്നെ കൂടെക്കൂടെ ജീവിച്ചും വ്യാപരിച്ചും വരുന്ന ജീവദ്ദേവതകളെ കൈക്കൊള്ളുകയാണെന്ന്. കേവലം ഉത്‌പ്രേക്ഷിക്കപ്പെടുന്ന, എന്നു വെച്ചാല്‍ നമുക്ക് ഈശ്വരനെപ്പറ്റി സങ്കല്പിക്കാവുന്ന, ഏതാശയത്തേയും അപേക്ഷിച്ച് ഇവര്‍ കൂടുതല്‍ ആരാധനാര്‍ഹരാണ്. സംഭാവനകളില്‍ രൂപപ്പെടുന്ന ഈശ്വരനാകട്ടെ നൂറിന് തൊണ്ണൂറ്റൊമ്പതും മനുഷ്യന്റെ ആരാധനയ്ക്കു യോഗ്യനുമാവില്ല. നിങ്ങള്‍ക്കോ എനിക്കോ ഈശ്വരനെക്കുറിച്ചുണ്ടാകാവുന്ന ഏതാശയത്തെക്കാളും കൂടുതല്‍ മഹത്ത്വം ശ്രീകൃഷ്ണനുണ്ട്. നിങ്ങള്‍ക്കോ എനിക്കോ സങ്കല്പിക്കാവുന്ന ആദര്‍ശത്തെക്കാള്‍ വളരെ വലിയ ഒരാശയമാണ്, കൂടുതല്‍ ജീവത്തും മൂര്‍ത്തിമത്തുമായ ആശയമാണ്, ബുദ്ധന്‍. അതിനാല്‍ സങ്കല്പിതദേവതകളെപ്പോലും പുറംതള്ളിക്കൊണ്ട് ഇവര്‍ എല്ലായ്‌പോഴും മനുഷ്യരാശിയുടെ ആരാധന കൈയടക്കിയിട്ടുണ്ട്.
ഇതു നമ്മുടെ സിദ്ധന്മാര്‍ക്കറിയാം. അതിനാല്‍ അത്തരത്തിലുള്ള മഹത്തുക്കളെ, അവതാരങ്ങളെ, ആരാധിക്കുവാനുള്ള വഴി അവര്‍ ഭാരതത്തിലെ ജനതയ്ക്കായി തുറന്നിട്ടു. പോരാ, ആ അവതാരങ്ങളില്‍വെച്ച് ഏറ്റവും സമുന്നതന്‍ കുറേക്കൂടി മുന്നോട്ടുപോകുന്നു; ‘വെളിയിലുള്ള മനുഷ്യന്‍ എവിടെയെങ്കിലും അസാമാന്യമായ ആദ്ധ്യാത്മികശക്തി പ്രകാശിപ്പിച്ചാല്‍ അവിടെ ഞാനുണ്ടെന്ന് അറിഞ്ഞു കൊള്ളുക: എന്നില്‍നിന്നാണ് ആ പ്രകാശമുണ്ടാകുന്നത്.’ ലോകത്തില്‍ ഏതു നാട്ടിലെയും അവതാരങ്ങളെ ആരാധിക്കുവാന്‍ ഹിന്ദുക്കള്‍ക്ക് വഴി തെളിക്കുകയാണ് ഇതു ചെയ്യുന്നത്. ഏതു നാട്ടിലെ ഏതു സിദ്ധനെയും ഭക്തനെയും ഹിന്ദുവിന്നാരാധിക്കാം. വസ്തുസ്ഥിതിയും അതു തന്നെ. പലപ്പോഴും നാം ക്രിസ്ത്യാനികളുടെ പള്ളികളിലും, വളരെയേ റെത്തവണ മുസ്ലീംദേവാലയങ്ങളിലും ചെന്ന് ആരാധന നടത്താറുണ്ട്. ഇതു നല്ലതുമാണ്. എന്തുകൊണ്ടല്ല? ഞാന്‍ പറഞ്ഞതുപോലെ, വിശ്വമതമാണ് നമ്മുടേത്. ആദര്‍ശങ്ങളെയെല്ലാം ഉള്‍ക്കൊള്ളത്തക്കവണ്ണം അതു വ്യാപകവും വിശാലവുമാണ്. ലോകത്തില്‍ ഇന്നു നിലവിലുള്ള മതാദര്‍ശങ്ങളെയെല്ലാം (ഇതില്‍) ഉടനടി ഉള്‍പ്പെടുത്താം: അതുപോലെ ഭാവിയിലുദിച്ചേക്കാവുന്ന എല്ലാ ആദര്‍ശങ്ങളെയും സംഗ്രഹിക്കുവാന്‍, വേദാന്തമതത്തിന്റെ അനന്തമായ ബാഹുവലയം കൊണ്ടാശ്ലേഷിക്കുവാന്‍ നമുക്കു ക്ഷമയോടെ കാത്തിരിക്കയും ചെയ്യാം.
[വിവേകാനന്ദസാഹിത്യസര്‍വസ്വം – ഭാരതത്തിലെ സിദ്ധന്മാര്‍ – തുടരും]