സ്വാമി വിവേകാനന്ദന്‍

വേദങ്ങളില്‍ ഋഷിശബ്ദം കൂടെക്കൂടെ പ്രയോഗിച്ചുകാണുന്നു. ഇന്നിപ്പോള്‍ ഇതു പ്രചുരപ്രചാരമാര്‍ജ്ജിച്ചിട്ടുള്ള ഒരു വാക്കാണ്. ഋഷിയാണ് കനമുള്ള പ്രമാണം. ഈ ആശയം നാം മനസ്സിലാക്കേണ്ടതുണ്ട്. ഋഷിയുടെ നിര്‍വചനം മന്ത്രദ്രഷ്ടാവ്, ആശയത്തെ കാണുന്നവന്‍, എന്നാണ്. മതത്തിനു തെളിവെന്ത്? വളരെ പ്രാചീനകാലത്തു തന്നെ ഈ ചോദ്യമുണ്ടായി. ഇന്ദ്രിയങ്ങള്‍ തെളിവല്ലെന്നായിരുന്നു പ്രഖ്യാപനം. യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ. ‘യാതൊന്നില്‍നിന്നു വാക്കുകള്‍ ചിന്തയോടൊത്തു ലക്ഷ്യത്തിലെത്താതെ മടങ്ങുന്നുവോ..’ ന തത്ര ചക്ഷുര്‍ഗ്ഗച്ഛതി ന വാഗ് ഗച്ഛതി നോ മനഃ ‘കണ്ണവിടെ ചെന്നെത്തുന്നില്ല, വാക്കും മനസ്സുമെത്തുന്നില്ല.’ യുഗങ്ങളായുള്ള പ്രഖ്യാപനമാണിത്. ആത്മാവിന്റെയും ഈശ്വരന്റെയും സത്തയെക്കുറിച്ചും, അനന്തജീവിതത്തെക്കുറിച്ചും, മനുഷ്യലക്ഷ്യത്തെക്കുറിച്ചുമൊക്കെ ചോദ്യങ്ങള്‍ക്ക് ഒരുത്തരവും ബാഹ്യപ്രകൃതിക്കു തരാനില്ല. ഈ മനസ്സു മാറിക്കൊണ്ടേയിരിക്കയാണ്, സദാ ഒഴുകിക്കൊണ്ടിരിക്കയാണ്. ഇതു പരിമിതമാണ്, പൊളിഞ്ഞു നുറുങ്ങിയിരിക്കയാണ്. അപരിമിതവും കൂടസ്ഥവും അഖണ്ഡവും അവിഭാജ്യവും അക്ഷരവുമായ ഒന്നിനെപ്പറ്റി പ്രകൃതിയെങ്ങനെ പറയും? ഒരിക്കലും അതിന്നതു സാദ്ധ്യമല്ല. മൂഢവും മൃതവുമായ ജഡത്തില്‍ നിന്ന് ഉത്തരം തേടാന്‍ മനുഷ്യരാശി യത്‌നിച്ചിട്ടുള്ളപ്പോഴെല്ലാം എത്ര ദുരന്തമായിരുന്നു ഫലമെന്നു ചരിത്രം കാട്ടിത്തരുന്നു. അപ്പോള്‍ വേദങ്ങള്‍ പ്രഖ്യാപിക്കുന്ന അറിവ് എങ്ങനെ ഉണ്ടാകുന്നു? ഋഷിയാകുന്നതുകൊണ്ടേ ആ അറിവുണ്ടാകൂ. ഇന്ദ്രിയങ്ങളിലല്ല ആ അറിവു കുടികൊള്ളുന്നത്. പക്ഷേ ഇന്ദ്രിയങ്ങളാണോ മനുഷ്യസര്‍വ്വസ്വം? നമ്മുടെ ജീവിതത്തില്‍പ്പോലും, ഇവിടെയുള്ള നാമോരോരുത്തന്റെയും ജീവിതത്തില്‍ – ഒരുപക്ഷേ നമുക്കു പ്രിയപ്പെട്ടവല്ലവരും മരിക്കുമ്പോഴാകാം – ശാന്തിവേളകള്‍ ഉണ്ടാകാറുണ്ട്: ഒന്നുകില്‍ നാം ഒന്നു കിടുങ്ങുമ്പോള്‍, അല്ലെങ്കില്‍ അതിരറ്റ ഒരനുഗൃഹീതത കൈവരുത്തുമ്പോഴാകാം. മറ്റു പല അവസരങ്ങളിലും മനസ്സു ശാന്തമാകുംപോലെ തോന്നാറുണ്ട്. താത്കാലികമായി അതിന്റെ സ്വ-ഭാവം അനുഭവപ്പെടുന്നു. മനസ്സിനും വാക്കുകള്‍ക്കും ചെന്നെത്താനാവാത്ത ആ അപരിമിതത്വം നമുക്കു വെളിവാകുന്നു. സാമാന്യജീവിതത്തില്‍ ഇതു സംഭവിക്കാറുണ്ട്. പക്ഷേ ഇത് ഉത്കൃഷ്ടമാക്കണം, അഭ്യസിക്കണം, അന്യൂനമാക്കണം. പല യുഗങ്ങള്‍ക്കുമുമ്പ്, ഇന്ദ്രിയങ്ങള്‍, ബോധംപോലും, ആത്മാവിനെ ബന്ധിക്കയോ അതിന്നതിരിടുകയോ ചെയ്യുന്നില്ലെന്നു മനുഷ്യര്‍ കണ്ടുപിടിച്ചു. ആദിയും അറുതിയുമറ്റ ഒരു ചങ്ങലയുടെ കണ്ണികളിലൊന്നുമാത്രമാണ് ബോധമെന്നു നാം മനസ്സിലാക്കണം. സത്തയ്ക്കും ബോധത്തിനും താദാത്മ്യമില്ല: മറിച്ച്, സത്തയുടെ ഒരംശമാണ് ബോധം. ബോധത്തിനും അപ്പുറത്താണ് ധീരന്മാര്‍ തിരക്കുന്നത്. ബോധത്തെ ഇന്ദ്രിയങ്ങള്‍ പരിമിതമാക്കുന്നു. ആദ്ധ്യാത്മികലോകത്തിലെ സത്യങ്ങളില്‍ ചെന്നെത്താന്‍ മനുഷ്യര്‍ അതിനപ്പുറം, ഇന്ദ്രിയങ്ങള്‍ക്കപ്പുറം, പോകണം. ഇന്ദ്രിയങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറം പോകുന്നതില്‍ വിജയം വരിച്ചിട്ടുള്ള മനുഷ്യര്‍ ഇന്നുമുണ്ട്. ഇവരത്രേ ഋഷികളെന്നറിയപ്പെടുന്നവര്‍. കാരണം, ഇവര്‍ ആദ്ധ്യാത്മികസത്യങ്ങളെ മുഖത്തോടുമുഖം കാണുന്നു.

അപ്പോള്‍ വേദങ്ങള്‍ക്കുള്ള തെളിവ് എന്റെ മുമ്പിലുള്ള ഈ മേശയ്ക്കുള്ള തെളിവുതന്നെ – പ്രത്യക്ഷം, നേരിട്ടുള്ള കാഴ്ച. ഇതു ഞാന്‍ ഇന്ദ്രിയങ്ങളിലൂടെ കാണുന്നു: ആദ്ധ്യാത്മികസത്യങ്ങളും മനുഷ്യാത്മാവിന്റെ ബോധാതീതമായ ഒരവസ്ഥയില്‍ നാം കാണുകയാണ്. കാലമോ ദേശമോ ലിംഗമോ ജാതിയോ ഈ ഋഷിത്വത്തെ പരിമിതമാക്കില്ല. സിദ്ധന്മാരുടെ പരമ്പരയില്‍ പെട്ടവരുടെ – അവര്‍ ആര്യരോ അനാര്യരോ മ്ലേച്ഛര്‍പോലുമോ ആകട്ടെ – സമാനധര്‍മ്മമാണ് ഋഷിത്വമെന്നു വാത്‌സ്യായനന്‍ ധീരമായി പ്രഖ്യാപിക്കുന്നുണ്ട്. വേദങ്ങളിലെ സിദ്ധത്വം (ഋഷിത്വം) ഇതാണ്. ഭാരതത്തിന്റെ ഈ മതാദര്‍ശം നാം സദാ സ്മരിക്കണം. എന്റെ ആഗ്രഹം ലോകത്തിലെ മറ്റു ജനതകളും ഇതു പഠിക്കയും ഓര്‍ക്കുകയും ചെയ്യണമെന്നാണ്. അങ്ങനെ ചെയ്താല്‍ യുദ്ധവും കലഹവും കുറയും. പുസ്തകങ്ങളിലും വാദസരണികളിലും കടുംസിദ്ധാന്തങ്ങളിലും ജല്പനങ്ങളിലും യുക്തിവാദങ്ങളില്‍പ്പോലുമല്ല മതമിരിക്കുന്നത്. ആയിരുപ്പും ആയിത്തീരലുമാണ് മതം. അതേ, സുഹൃത്തുക്കളേ, നിങ്ങളോരോരുത്തനും ഋഷിയാകും വരെ, ആദ്ധ്യാത്മികമായ വസ്തുതകളെ നേരിടുംവരെ, മതജീവിതം നിങ്ങള്‍ക്കാരംഭിച്ചിട്ടില്ല: ബോധാതീതാവസ്ഥ തുറന്നുകിട്ടുംവരെ മതം വെറും ജല്പനംമാത്രം, വെറും തയ്യാറെടുക്കല്‍മാത്രം. കടമെടുത്തതോ, കടക്കാരനില്‍നിന്നു കടമെടുത്തതോ ആയ കാര്യങ്ങള്‍ പറയുകയാണ് നിങ്ങള്‍. ബുദ്ധന്‍ കുറേ ബ്രാഹ്മണരുമായി ചര്‍ച്ച ചെയ്തപ്പോള്‍ നടത്തിയ മനോജ്ഞമായ നിരീക്ഷണം പ്രകൃതത്തില്‍ സംഗതമാണ്. ബ്രഹ്മത്തിന്റെ സ്വഭാവം ചര്‍ച്ച ചെയ്തുകൊണ്ടാണ് ആ ബ്രാഹ്മണര്‍ വന്നത്. മഹാനായ ആ സിദ്ധന്‍ ചോദിച്ചു; ‘നിങ്ങള്‍ ബ്രഹ്മത്തെ കണ്ടിട്ടുണ്ടോ?’ ‘ഇല്ല’ എന്നു ബ്രാഹ്മണന്‍ പറഞ്ഞു. ‘നിങ്ങളുടെ അച്ഛന്‍ കണ്ടിട്ടുണ്ടോ?’ ‘ഇല്ല, അദ്ദേഹവും കണ്ടിട്ടില്ല.’ ‘നിങ്ങളുടെ മുത്തച്ഛന്‍ കണ്ടിരിക്കുമോ?’ ‘അദ്ദേഹവും കണ്ടിരിക്കുമെന്നു തോന്നുന്നില്ല.’ ‘സ്നേഹിതാ! നിങ്ങളുടെ അച്ഛനും മുത്തച്ഛനും കണ്ടിട്ടില്ലാത്ത ഒന്നിനെക്കുറിച്ച് വാദിക്കയും അന്യോന്യം തോല്പിക്കാന്‍ ശ്രമിക്കയും ചെയ്യുന്നതെങ്ങനെ?’ ഇതാണ് ലോകരെല്ലാം ചെയ്യുന്നത്. വേദാന്ത ഭാഷയില്‍ പറയാം; ‘കണക്കറ്റ പറച്ചില്‍കൊണ്ടല്ല, വമ്പിച്ച മേധാശക്തി കൊണ്ടുപോലുമല്ല, അതേ, വേദപഠനംകൊണ്ടുമല്ല ഈ ആത്മാവിലെത്തിച്ചേരുക.’ വൈദികഭാഷയുപയോഗിച്ച്, ലോകജനതകളോടെല്ലാമായി, നമുക്കു പറയാം; ‘നിങ്ങളുടെ പോരാട്ടങ്ങളും കലഹങ്ങളും വ്യര്‍ത്ഥം. ഏതീശ്വരനെപ്പറ്റി പ്രസംഗിക്കാനാണോ നിങ്ങള്‍ തിടുക്കപ്പെടുന്നത് അവിടുത്തെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം. നിങ്ങള്‍ പറയുന്നതെന്തെന്നു നിങ്ങള്‍ക്കുതന്നെ തീര്‍ച്ചയില്ല. ഈശ്വരനെ കണ്ടവരാണെങ്കില്‍ നിങ്ങള്‍ കലഹിക്കില്ല. നിങ്ങളുടെ മുഖം സമുജ്വലമാകും.’

പ്രാചീനനായ ഒരു ഋഷി ബ്രഹ്മത്തെ അറിയാന്‍ സ്വപുത്രനെ പറഞ്ഞയച്ച ഒരു കഥയുണ്ട് ഉപനിഷത്തില്‍. മകന്‍ മടങ്ങിവന്നു. അപ്പോള്‍ അച്ഛന്‍ ചോദിച്ചു; ‘എന്താണ് നീ പഠിച്ചത്?’ പല ശാസ്ര്തങ്ങളും പഠിച്ചെന്നു മകന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു; ‘ഇതൊന്നുമായില്ല, വീണ്ടും പോകു.’ മകന്‍ വീണ്ടും പോയി, മടങ്ങിയെത്തിയപ്പോള്‍ അച്ഛന്‍ അതേ ചോദ്യം ചോദിച്ചു; ഉത്തരവും പഴയപടി. ഒരിക്കല്‍കൂടി മകനു പോകേണ്ടിവന്നു. തിരിച്ചുവന്നപ്പോള്‍ അയാളുടെ മുഖം ആകെപ്പാടെ തിളങ്ങുന്നു. അപ്പോള്‍ അച്ഛന്‍ എണീറ്റുഘോഷിച്ചു; ‘അതേ, ഇന്നു കുഞ്ഞേ, നിന്റെ മുഖം ബ്രഹ്മജ്ഞന്റെ മുഖംപോലെ തിളങ്ങുന്നു.’ ഈശ്വരനെ അറിഞ്ഞാല്‍ നിങ്ങളുടെ മുഖം മാറും: സ്വരം മാറും: ആകെപ്പാടെയുള്ള വടിവുതന്നെ മാറും. മനുഷ്യരാശിക്കു നിങ്ങള്‍ ഒരനുഗ്രഹമാകും. ഋഷിയെ എതിര്‍ക്കാന്‍ ആര്‍ക്കും കരുത്തുണ്ടാവില്ല. ഇതാണ് നമ്മുടെ മതാദര്‍ശമായ ഋഷിത്വം. ശേഷമുള്ളതെല്ലാം – വാഗ്വാദങ്ങളും യുക്തി വിചാരങ്ങളും ദര്‍ശനങ്ങളും ദ്വൈതവാദങ്ങളും അദ്വൈതങ്ങളും, അതേ, വേദങ്ങള്‍പോലും – പ്രാരംഭച്ചടങ്ങുകള്‍മാത്രം, രണ്ടാംകിടയില്‍പ്പെട്ടവ. ഒന്നാമത്തേതാണ് പ്രധാനം. വേദങ്ങള്‍, വ്യാകരണം, ജ്യോതിഷം തുടങ്ങിയവയെല്ലാം രണ്ടാംകിട (അപരവിദ്യ). അക്ഷരത്തെ സാക്ഷാത്കരിക്കാന്‍ ഉതകുന്നതത്രേ പരവിദ്യ: സാക്ഷാത്കരിച്ചവരാണ് വേദത്തില്‍ കാണുന്ന സിദ്ധന്മാര്‍, ഋഷിമാര്‍. ഒരു മാതൃകയുടെ, വര്‍ഗ്ഗത്തിന്റെ, പേരാണ് ഋഷിയെന്നത് എന്നു നമുക്കു മനസ്സിലാക്കാം. യഥാര്‍ത്ഥ ഹിന്ദുക്കള്‍ എന്ന നിലയ്ക്ക് നാമോരോരുത്തനും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഋഷിയാകുമെന്നത്രേ പ്രതീക്ഷ. അങ്ങനെയാവുകയാണ് ഹിന്ദുവിന്റെ മോക്ഷം. സിദ്ധാന്തങ്ങളിലുള്ള വിശ്വാസമല്ല, ആയിരം ക്ഷേത്രങ്ങളില്‍ പോകലല്ല, ലോകത്തിലുള്ള നദികളിലെല്ലാം കുളിക്കലുമല്ല, മന്ത്രദ്രഷ്ടാവായ ഋഷിയാകലത്രേ സ്വാതന്ത്ര്യവും മോക്ഷവും.

പില്ക്കാലങ്ങളില്‍ ലോകപ്രകമ്പകരായ മഹാസിദ്ധന്മാരും മഹാന്മാരായ അവതാരപുരുഷന്മാരും ഉണ്ടായിട്ടുണ്ട്. അവരുടെ സംഖ്യ വലുതാണ്. ഭാഗവതമനുസരിച്ച് അവതാരങ്ങള്‍ അനന്തമാണ്. ഭാരതത്തില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്നത് രാമനും കൃഷ്ണനുമാണ്. വീരയുഗങ്ങളിലെ പ്രാചീനമായ ആരാദ്ധ്യമൂര്‍ത്തിയാണ് രാമന്‍: ഉടല്‍ പൂണ്ട സത്യവും ധര്‍മ്മവും, മാതൃകാപുത്രന്‍, മാതൃകാഭര്‍ത്താവ്, മാതൃകാപിതാവ്, എല്ലാറ്റിനും മേലേ മാതൃകാരാജാവ്. ഇങ്ങനെയാണ് രാമനെ വാല്മീകിമഹര്‍ഷി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. രാമചരിതം ആലേഖനംചെയ്യാന്‍ മഹാകവി പ്രയോഗിച്ച വാക്കുകളെക്കാള്‍ കൂടുതല്‍ പരിശുദ്ധിയും അര്‍ത്ഥനിഷ്ഠയും സൗന്ദര്യവുമുള്ള വാക്കുകള്‍ ഉണ്ടാവുക വയ്യ. സീതയെക്കുറിച്ച് എന്തു പറയട്ടെ! പോയ കാലങ്ങളില്‍ ലോകത്തിലുണ്ടായ സാഹിത്യം മുഴുവന്‍ പരീക്ഷിക്കുക – വരുംകാലങ്ങളില്‍ ലോകത്തിലുണ്ടാകുന്ന സാഹിത്യവും പരീക്ഷിക്കാം എന്നുകൂടി ഞാന്‍ ഉറപ്പിച്ചു തീര്‍ത്തുപറയുന്നു – എന്നാലും മറ്റൊരു സീതയെ കണ്ടുകിട്ടില്ല. സീത നിസ്തുലയാണ്. എന്നെന്നേക്കുമായി അന്നു ചിത്രീകരിക്കപ്പെട്ടതാണ് ആ സ്വഭാവം! പല രാമന്മാരും ഉണ്ടായിരുന്നിരിക്കാം, എന്നാല്‍ സീത ഒന്നേ ഉണ്ടായിട്ടുള്ളൂ. നേരായ ഭാരതീയ വനിതാദര്‍ശമാണ് സീത. സീതയുടെ ആ ഒരു ജീവിതത്തില്‍നിന്നാണ് തികവുറ്റ ഭാരതീയവനിതാദര്‍ശങ്ങളെല്ലാം രൂപപ്പെട്ടിട്ടുള്ളത്. ഈ അനേകായിരം സംവത്‌സരക്കാലമെല്ലാം ആര്യാവര്‍ത്തത്തിലെ എല്ലാ പുരുഷന്മാരുടെയും സ്ര്തീകളുടെയും ശിശുക്കളുടെയും ആരാധനയെ സാധികാരം ആര്‍ജ്ജിച്ചുകൊണ്ടു സീത ഇതാ ഇവിടെ നിലകൊള്ളുന്നു. എക്കാലവും സീത അവിടെത്തന്നെയുണ്ടാവും, മഹനീയയായ ഈ സീത. കേവലപരിശുദ്ധിയെക്കാളും പരിശുദ്ധയാണ് സീത: ക്ഷമാമൂര്‍ത്തി, കരുണാമൂര്‍ത്തി! കഷ്ടതകള്‍ നിറഞ്ഞ ആ ജീവിതം പരാതിപ്പെടാതെ സഹിച്ച സീത, നിത്യചാരിത്രവതിയും നിത്യശുദ്ധയുമായ പത്‌നി, സാമാന്യജനങ്ങളുടെ ആദര്‍ശം, ദേവന്മാരുടെ ആദര്‍ശം, ആ മഹതി, സീത നമ്മുടെ ജനതയുടെ അധിദേവതയായി എന്നും നിലകൊള്ളണം. സീതയെക്കുറിച്ചു നമുക്കോരോരുത്തര്‍ക്കുമുള്ള അറിവോര്‍ത്താല്‍ ആ സ്വഭാവം വളരെയൊന്നും ചിത്രീകരിക്കേണ്ടതില്ല. നമ്മുടെ പുരാണങ്ങളെല്ലാം മാഞ്ഞുപോയേക്കാം: നമ്മുടെ വേദങ്ങള്‍പോലും പോയ്മറഞ്ഞെന്നു വരാം. നമ്മുടെ സംസ്‌കൃതഭാഷതന്നെ എന്നെന്നേക്കുമായി തിരോഭവിച്ചേക്കാം. എന്നാല്‍ ഇവിടെ അഞ്ചു ഹിന്ദുക്കള്‍ ഏറ്റവും വികൃതമായ വെറും ദേശീയഭാഷയെങ്കിലും സംസാരിച്ചുകൊണ്ടു ജീവിച്ചിരിക്കുന്നിടത്തോളം കാലം, സീതാചരിതം അവിടെയുണ്ടായിരിക്കും: എന്റെ ഈ വാക്കുകള്‍ ശ്രദ്ധിച്ചുകൊള്ളുക. ഹിന്ദുജാതിയുടെ മര്‍മ്മാംശങ്ങളില്‍ ഉള്‍പ്പുക്കിരിക്കയാണ് സീത: ഹിന്ദുവായ ഓരോ പുരുഷന്റെയും സ്ര്തീയുടെയും രക്തത്തില്‍ കലര്‍ന്നിരിക്കയാണ്. നാമെല്ലാം സീതയുടെ സന്താനങ്ങളാണ്. നമ്മുടെ സ്ര്തീകളെ ആധുനികരാക്കാനുള്ള യത്‌നങ്ങള്‍ അവരെ ആ സീതാദര്‍ശത്തില്‍ നിന്നകറ്റുന്നപക്ഷം ഉടനടി പരാജയമടയുന്നതായി ഓരോ ദിവസവും നാം കാണുന്നു. ഭാരതത്തിലെ സ്ര്തീകള്‍ സീതയുടെ കാലടികള്‍ തുടര്‍ന്നു വളരണം, വികസിക്കണം, വഴി അതൊന്നേയുള്ളൂ.

അടുത്തതു പലരൂപത്തിലും ആരാധിക്കപ്പെട്ടുവരുന്ന ആ ഭഗവാനാണ്. പുരുഷന്മാരുടെയും സ്ര്തീകളുടെയും ഇഷ്ടാദര്‍ശം: കുഞ്ഞുങ്ങള്‍ക്കും പ്രായം തികഞ്ഞവര്‍ക്കും ആദര്‍ശഭൂതന്‍. ആരെ ഭാഗവത കര്‍ത്താവ് അവതാരമെന്നു വിളിച്ചുമാത്രം തൃപ്തിപ്പെട്ടില്ലയോ അദ്ദേഹത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഭാഗവതകാരന്‍ പറയുന്നു; ‘മറ്റവതാരങ്ങള്‍ ഭഗവാന്റെ അംശങ്ങള്‍മാത്രം: കൃഷ്ണനാകട്ടെ ഭഗവാന്‍തന്നെയാണ്.’ അവിടുത്തെ സ്വഭാവത്തിന്റെ ബഹുമുഖത്വമോര്‍ത്തു നാം വിസ്മയിക്കുമ്പോള്‍ ഈവക വിശേഷണങ്ങള്‍ കൃഷ്ണനു നല്കുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. ആശ്ചര്യ സന്ന്യാസിയും ആശ്ചര്യഗൃഹസ്ഥനും ഒത്തുചേര്‍ന്ന ഒരാളായിരുന്നു കൃഷ്ണന്‍. ഏറ്റവും വിസ്മയകരമാംവണ്ണം അദ്ദേഹത്തിന് രജസ്സ്, പ്രതാപം, ഉണ്ടായിരുന്നു. അതോടൊപ്പം ഏറ്റവും വിസ്മയകരമായ ത്യാഗത്തിന്റെ ഒത്ത നടുവിലാണ് അദ്ദേഹം ജീവിച്ചത്. ഗീത പഠിക്കുംവരെ കൃഷ്ണനെ മനസ്സിലാക്കുക സാധ്യമല്ല: കാരണം, സ്വന്തം ഉപദേശത്തിന്റെ മൂര്‍ത്തീഭാവമായിരുന്നു താന്‍. ഓരോ അവതാരവും ഏതുപദേശങ്ങള്‍ നല്കുവാന്‍ വന്നുവോ അവയുടെ ജീവത്തായ ദൃഷ്ടാന്തമായിരുന്നു. ഗീതോപദേഷ്ടാവായ കൃഷ്ണന്‍ സ്വജീവിതത്തിലാകമാനം ആ ദിവ്യഗീതത്തെ മൂര്‍ത്തിമത്താക്കി. അനാസക്തിയുടെ മഹത്തായ ദൃഷ്ടാന്തമായിരുന്നു താന്‍. കൃഷ്ണന്‍ തന്റെ സിംഹാസനം വെടിഞ്ഞിട്ടു പിന്നെ അതിനെപ്പറ്റി ചിന്തിച്ചേയില്ല. ഭാരതനേതാവായ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു രാജാക്കന്മാര്‍ സ്വന്തം സിംഹാസനങ്ങള്‍ വെടിഞ്ഞു: എങ്കിലും ഒരിക്കലും സ്വയം രാജാവാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഗോപികളോടു ചേര്‍ന്നു ലീലാലോലനായിക്കഴിഞ്ഞ വെറും കൃഷ്ണനാണ് അവിടുന്ന്. എന്നും അതേ കൃഷ്ണന്‍. അഹോ! ആ ജീവിതത്തിലെ ഏറ്റവും അദ്ഭുതവും ദുര്‍ഗ്രഹവുമായ ഒരു ഘട്ടം! അത് അങ്ങേയറ്റത്തെ ബ്രഹ്മചര്യവും പരിശുദ്ധിയും കൈവന്നവനല്ലാതെ മറ്റാരും മനസ്സിലാക്കാനേ ഒരുമ്പെടരുത്. മനോജ്ഞമായ വൃന്ദാവനലീലയില്‍ അന്യാപദേശീകരിച്ചു പ്രകാശിപ്പിച്ചതു പ്രേമത്തിന്റെ അദ്ഭുതവ്യാപകതയാണ്. പ്രേമോന്മത്തരാകാത്തവര്‍ക്ക്, പ്രേമചഷകം പലവുരു പകര്‍ന്നൊഴിക്കാത്തവര്‍ക്ക്, ഇതു മനസ്സിലാക്കുക സാദ്ധ്യമല്ല! ഗോപികളുടെ ആ ഉത്കടപ്രേമതാപം ആര്‍ക്കു മനസ്സിലാക്കാന്‍ കഴിയും? അവരുടെ പ്രേമം ആദര്‍ശത്തിന്റെ തനിമൂര്‍ത്തിയായിരുന്നു: മറ്റൊന്നും അതാവശ്യപ്പെട്ടില്ല. സ്വര്‍ഗ്ഗത്തെപ്പോലും കൂട്ടാക്കാത്ത പ്രേമം, ഈ ലോകത്തിലും വരുംലോകത്തിലുമുള്ള യാതൊന്നിനെയും കൂട്ടാക്കാത്ത പ്രേമം! സുഹൃത്തുക്കളേ, സഗുണേശ്വരനും നിര്‍ഗുണേശ്വരനും തമ്മിലുള്ള വൈരുദ്ധ്യത്തിനു പറ്റിയ ഒരേ ഒരു സമാധാനം ഇവിടെ ഈ ഗോപീപ്രേമത്തിലേ കണ്ടെത്തിയിട്ടുള്ളൂ. മനുഷ്യജീവിതത്തിന്റെ ഏറ്റവും ഉന്നതമായ ലക്ഷ്യമാണ് സഗുണേശ്വരന്‍ എന്നു നമുക്കറിയാം. പ്രപഞ്ചത്തിലെല്ലാം ഒളിഞ്ഞും, പ്രപഞ്ചത്തിലുള്ളതെല്ലാമായും നിലകൊള്ളുന്ന ഒരു നിര്‍ഗുണേശ്വരനില്‍ വിശ്വസിക്കുന്നതു ദാര്‍ശനികമാണെന്നു നമുക്കറിയാം. അതേ സമയം കുറേക്കൂടി ഗ്രാഹ്യമായ എന്തിനോവേണ്ടിയാണ് നമ്മുടെ അന്തരാത്മാവു വെമ്പുന്നത്. നമുക്കതിനെ കൈകൊണ്ടു പിടിക്കണം. ആ പാദപദ്മങ്ങളില്‍ നമ്മുടെ ആത്മഭാവങ്ങള്‍ പകര്‍ന്നൊഴിക്കയും മറ്റും വേണം. അതുകൊണ്ടു സഗുണേശ്വരനാണ് മനുഷ്യനെത്താവുന്ന ഏറ്റവും ഉയര്‍ന്ന സങ്കല്പം. എങ്കിലും യുക്തിശക്തി അത്തരത്തിലൊരു ആശയത്തിന്റെ മുമ്പില്‍ പകച്ചുപോകുന്നു. ബ്രഹ്മസൂത്രങ്ങളില്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള ആ പഴയ പ്രശ്‌നമാണിവിടെയും. വനത്തില്‍വെച്ചു ദ്രൗപദി യുധിഷ്ഠിരനുമായി ചര്‍ച്ച ചെയ്യുന്നതും ഇതേ പ്രശ്‌നമാണ്; – ഒരു സഗുണേശ്വരനുണ്ടെങ്കില്‍, അവിടുന്നു കരുണയുടെയും പ്രഭാവത്തിന്റെയും മൂര്‍ത്തിയാണെങ്കില്‍, അവിടുന്ന് ഈ പ്രപഞ്ചം സൃഷ്ടിച്ച തെന്തിന്? ആ ഈശ്വരന്‍ പക്ഷപാതിയാകണം. അതിനു സമാധാനമുണ്ടായില്ല. കണ്ടെത്താവുന്ന ഒരേ ഒരു സമാധാനം ഗോപികളുടെ പ്രേമത്തെപ്പറ്റി നാം വായിക്കുന്നതാണുതാനും. കൃഷ്ണനു കൊടുത്തു വന്ന വിശേഷണങ്ങളെല്ലാം അവര്‍ അവഗണിച്ചു. അവിടുന്നു പ്രപഞ്ചാധിപതിയാണെന്നു ധരിപ്പാന്‍ അവര്‍ കൂട്ടാക്കിയില്ല. അവിടുന്നു സര്‍വ്വശക്തനാണെന്നും അനന്തപ്രതാപശാലിയാണെന്നും മറ്റും ധരിപ്പാന്‍ അവര്‍ മിനക്കെട്ടില്ല: അവര്‍ ധരിച്ച ഒറ്റസ്സംഗതി കൃഷ്ണന്‍ അനന്ത പ്രേമമാണെന്നതത്രെ, അത്രമാത്രം. വൃന്ദാവനത്തിലെ കൃഷ്ണനായിട്ടു മാത്രമേ ഗോപികള്‍ കൃഷ്ണനെ അറിഞ്ഞുള്ളൂ. അക്ഷൗഹിണീ നേതാവും രാജാധിരാജനുമായിരുന്ന കൃഷ്ണന്‍, അവര്‍ക്ക് ഇടയന്‍, എന്നും ഇടയന്‍മാത്രം. ‘എനിക്കു പണം വേണ്ട, ബന്ധുക്കള്‍വേണ്ട, പാണ്ഡിത്യം വേണ്ട, സ്വര്‍ഗ്ഗത്തില്‍ പോകയും വേണ്ട. ഞാന്‍ വീണ്ടും വീണ്ടും ജനിക്കട്ടെ: എങ്കിലും ഭഗവാന്‍! അങ്ങയെ പ്രേമിക്കുവാന്‍, പ്രേമാര്‍ത്ഥമായിമാത്രം പ്രേമിക്കുവാന്‍, എനിക്കിടവരട്ടെ!’ പ്രേമത്തിനു വേണ്ടി പ്രേമം, കര്‍മ്മത്തിനുവേണ്ടി കര്‍മ്മം, കര്‍ത്തവ്യത്തിനുവേണ്ടി കര്‍ത്തവ്യമെന്ന ആദര്‍ശം – മതചരിത്രത്തിലേര്‍പ്പെട്ട വമ്പിച്ച ഒരു എലുകക്കല്ലാണ് ഇവിടെ കാണുന്നത്. ഭാരതഭൂമിയില്‍, മനുഷ്യചരിത്രത്തില്‍ പൂര്‍ണ്ണാവതാരമായ കൃഷ്ണന്റെ നാവില്‍നിന്നാണ് ഇദംപ്രഥമമായി ഇതു രൂപംപൂണ്ടത്. ഭയത്തിലും പ്രലോഭനങ്ങളിലും അടിയുറച്ച മതങ്ങള്‍ എന്നെന്നേക്കുമായി തിരോഭവിച്ചിരുന്നു. നരകഭയവും സ്വര്‍ഗ്ഗ സുഖപ്രലോഭനങ്ങളുമൊക്കെ ഇരുന്നിട്ടും ആദര്‍ശപ്രേമത്തിനുവേണ്ടി പ്രേമം, കര്‍ത്തവ്യത്തിനുവേണ്ടി കര്‍ത്തവ്യം, കര്‍മ്മത്തിനുവേണ്ടി കര്‍മ്മം എന്ന ആദര്‍ശങ്ങളില്‍വെച്ച് അതിഗംഭീരമായ ആദര്‍ശം നിലവില്‍ വരുകതന്നെ ചെയ്തു.

ഏതുമാതിരി പ്രേമം? ഗോപികളുടെ പ്രേമം മനസ്സിലാക്കാന്‍ നന്നെ വിഷമമുണ്ടെന്നു ഞാന്‍ ഇപ്പോള്‍ പറഞ്ഞതേ ഉള്ളൂ. അദ്ഭുതമായ ആ ലീലാകഥയുടെ അദ്ഭുതമായ പൊരുള്‍ മനസ്സിലാക്കാന്‍ കഴിയാത്ത വിഡ്ഢികള്‍ നമ്മുടെ ഇടയിലും ഇല്ലാതില്ല. ഞാന്‍ വീണ്ടും പറയുന്നു; നമ്മുടെ രക്തത്തില്‍നിന്നുയിര്‍ത്തവരും വിശുദ്ധിഹീനരുമായ ചില വിഡ്ഢികള്‍, അശുദ്ധമായ വല്ലതിലും നിന്നെന്നപോലെ ആ സംഭവത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ യത്‌നിക്കുന്നുണ്ട്. അവരോട് ഒന്നേ എനിക്കു പറയാനുള്ളൂ; നിങ്ങള്‍ സ്വയം വിശുദ്ധി സമ്പാദിക്കുക. ഗോപികളുടെ പ്രേമചരിതം വര്‍ണ്ണിക്കുന്നതു ശുകദേവനാണെന്നും ഓര്‍ക്കണം. വ്യാസപുത്രനും നിത്യശുദ്ധനും ആജാനപാവനനുമായ ശുകനാണ് ഗോപികളുടെ അദ്ഭുതപ്രേമത്തിന്റെ ചരിത്രകാരന്‍. സ്വാര്‍ത്ഥം ഉള്ളിലുള്ളിടത്തോളം കാലം ഈശ്വരനെ സ്നേഹിക്കുക വയ്യ: സ്നേഹിച്ചാല്‍ അതു കച്ചവടമല്ലാതെ മറ്റൊന്നല്ലതാനും. ‘നിനക്കു ഞാന്‍ ഏതാണ്ടൊന്നു തരാം, ഭഗവാനേ! പകരം നീ മറ്റൊന്ന് എനിക്കു തരണം.’ ഇതിനു ഭഗവാന്റെ മറുപടി ‘ഇതു നീ ചെയ്യില്ലെങ്കില്‍, നീ മരിക്കുമ്പോള്‍ നിന്നെ നേരെയാക്കിയേക്കാം! പിന്നീടുള്ള ജന്മങ്ങളിലെല്ലാം നിന്നെ ഞാന്‍ വറുക്കും,’ എന്നോ മറ്റോ ആയിരിക്കും. ഇത്തരം ആശയങ്ങള്‍ തലയിലുള്ളിടത്തോളം കാലം ഗോപികാപ്രേമത്തിന്റെ ഉന്മത്തമായ ഉത്കടതകള്‍ മനസ്സിലാക്കുന്നതെങ്ങനെ? ‘ഹാ, ആ അധരചുംബനം ഒന്ന്, ഒരിക്കല്‍ ലഭിച്ചാല്‍! അങ്ങയുടെ ഒരു ചുംബനം ലഭിച്ചവന്റെ ദാഹം – അങ്ങയ്ക്കുവേണ്ടിയുള്ള ദാഹം – സദാ വളരുന്നു: ദുഃഖങ്ങളെല്ലാം ഓടിമറയുന്നു: മറ്റെല്ലാറ്റിനുംവേണ്ടിയുള്ള സ്നേഹം മറന്നു പോകുന്നു: അങ്ങയെ, അങ്ങയെ മാത്രമേ പിന്നെ സ്നേഹിക്കൂ.’ അതേ, ആദ്യം പണത്തിനും പേരിനും പെരുമയ്ക്കും ഈ കാല്ക്കാശിന്റെ ലോകത്തിനുംവേണ്ടിയുള്ള കൊതി വിടൂ. അപ്പോള്‍, അപ്പോള്‍ മാത്രമേ, ഗോപികളുടെ പ്രേമം മനസ്സിലാക്കാന്‍ കഴിയൂ. സമസ്തവും വെടിയാതെ മനസ്സിലാക്കാന്‍ യത്‌നിക്കയേ വയ്യാത്തത്ര പാവനമാണത്. ആത്മാവു തികച്ചും പരിശുദ്ധമാകുന്നതിനുമുമ്പ് ഗ്രഹിക്കരുതാത്തത്ര ദിവ്യമാണത്. ലിംഗഭേദങ്ങളെക്കുറിച്ചും ധനമാനങ്ങളെക്കുറിച്ചുമുള്ള ആശയങ്ങള്‍ സദാ തിളച്ചുപൊന്തുന്ന ഹൃദയങ്ങളുള്ളവര്‍ ഗോപികളുടെ പ്രേമം വിമര്‍ശിക്കാനും ധരിക്കാനും പുറപ്പെടുക! കൃഷ്ണാവതാരത്തിന്റെ പരമസാരമാണിത്. മഹത്തായ ദര്‍ശനമുള്‍ക്കൊള്ളുന്ന ഗീതപോലും ആ ഉന്മാദത്തോടു കിടപിടിക്കില്ല. ഗീതയില്‍ ലക്ഷ്യത്തിലേക്കു നടന്നെത്തുന്നതെങ്ങനെയെന്നു ശിഷ്യനെ മെല്ലെമെല്ലെ പഠിപ്പിക്കയാണ്. ഇവിടെയോ? ആനന്ദാനുഭൂതിയുടെ ഉന്മത്തത, പ്രേമത്തിന്റെ ലഹരി. ഇതില്‍ ശിഷ്യരും ഗുരുക്കന്മാരും ഉപദേശങ്ങളും ശാസ്ര്തങ്ങളുമൊക്കെ കലര്‍ന്നൊന്നായിരിക്കയാണ്: ഒപ്പം, ഭീതിയും ഈശ്വരനും സ്വര്‍ഗ്ഗവും എല്ലാം എടുത്തു ദൂരെയെറിഞ്ഞിരിക്കയാണ്. മിച്ചം പ്രേമോന്മാദംമാത്രം. ഇതു വിശ്വവിസ്മൃതിയാണ്. പ്രേമികന്‍ കൃഷ്ണനെയല്ലാതെ മറ്റൊന്നും ലോകത്തില്‍ കാണുന്നില്ല. എല്ലാവരുടെയും മുഖം കൃഷ്ണന്റെതായിച്ചമയുന്നു. സ്വമുഖംപോലും കൃഷ്ണന്റെ മുഖമായിമാറുന്നു: സ്വന്തം ആത്മാവില്‍ കൃഷ്ണന്റെ നിറം പുരളുന്നു. അതത്രേ മഹാനായ കൃഷ്ണന്‍!

ചെറിയ പടര്‍പ്പുകളില്‍ കുടുങ്ങി കാലം പാഴാക്കരുത്. (ജീവിതത്തിന്റെ) ചട്ടക്കൂട്, ജീവിതസാരം, കൈക്കൊള്ളുക. ചരിത്രദൃഷ്ട്യാ പല പൊരുത്തക്കേടുകളും ഉണ്ടായെന്നുവരാം. കൃഷ്ണന്റെ ജീവിതത്തില്‍ പ്രക്ഷിപ്താംശങ്ങള്‍ കണ്ടേക്കാം. ഇതൊക്കെ ശരിയാവാം. പക്ഷേ, അതോടൊപ്പം പുതുതും വമ്പിച്ചതുമായ ഈ വ്യതിയാനത്തിന് ഒരാശ്രയം, ഒരടിസ്ഥാനം ഉണ്ടായിരിക്കണം. മറ്റേതു സിദ്ധന്റെയോ പ്രവാചകന്റെയോ ജീവിതമെടുക്കുക. കഴിഞ്ഞതിന്റെ ഒരു വികാസം മാത്രമാണ് ആ പ്രവാചകന്‍: തന്റെ കാലത്തുതന്നെ സ്വദേശത്തിലെമ്പാടും ചിതറിക്കിടക്കുന്ന ആശയങ്ങളെ പ്രചരിപ്പിക്കമാത്രമാണ് അയാള്‍ ചെയ്യുന്നതെന്നു കാണാം. ആ പ്രവാചകന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നുതന്നെ വലിയ സംശയങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇവിടെ ഞാന്‍ വെല്ലുവിളിക്കുന്നു; ഈ സംഗതികള്‍, ഈ ആദര്‍ശങ്ങള്‍ – കര്‍മ്മാര്‍ത്ഥമായ കര്‍മ്മം, പ്രേമാര്‍ത്ഥമായ പ്രേമം, കര്‍ത്തവ്യാര്‍ത്ഥമായ കര്‍ത്തവ്യം – ഇദംപ്രഥമമായി കൃഷ്ണന്‍ രൂപപ്പെടുത്തിയതല്ല, മറ്റാരോ ഉളവാക്കിയതാണെന്നു വല്ലവര്‍ക്കും കാട്ടിത്തരാമോ? മറ്റാരില്‍ നിന്നും ഇവ കടമെടുത്തതായിക്കൂടതന്നെ. കൃഷ്ണന്‍ ജനിച്ചപ്പോള്‍ ആ അന്തരീക്ഷത്തില്‍ ഇവ തത്തിക്കളിച്ചിരുന്നില്ല. ഇവയുടെ ഒന്നാമത്തെ പ്രവാചകന്‍ ഭഗവാന്‍ കൃഷ്ണനത്രേ. അദ്ദേഹത്തിന്റെ ശിഷ്യനായ വ്യാസന്‍ അതേറ്റെടുത്തു മനുഷ്യരാശിക്ക് ഉപദേശിച്ചു, ചിത്രീകരിക്കാവുന്ന ഏറ്റവും ഉത്കൃഷ്ടമായ ആശയമാണിത്. കൃഷ്ണനില്‍ നിന്നു നമുക്കു നേടാവുന്ന ഏറ്റവും മെച്ചപ്പെട്ട സംഗതി, വൃന്ദാവനത്തിലെ ഗോപികളുടെ പ്രേമഭാജനമെന്ന, ഗോപീജനവല്ലഭനെന്ന, അദ്ദേഹത്തിന്റെ ഭാവമാണ്. നിങ്ങളുടെ മസ്തിഷ്‌കത്തിന് ആ ഉന്മാദം പിടിപെടുമ്പോള്‍, അനുഗൃഹീതരായ ഗോപികളെ നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുമ്പോള്‍, പ്രേമമെന്നാലെന്തെന്നു നിങ്ങള്‍ക്കു ബോധപ്പെടും. പ്രപഞ്ചമാസകലം മാഞ്ഞുമറയുമ്പോള്‍, മറ്റു പരിഗണനകളെല്ലാം അറ്റുപോകുമ്പോള്‍, മറ്റൊരുദ്ദേശ്യവുമില്ലാതെ, സത്യാന്വേഷണലക്ഷ്യംപോലും വേര്‍പെട്ടു, നിങ്ങള്‍ വിശുദ്ധഹൃദയരാകുമ്പോള്‍, പിന്നെ, പിന്നെ മാത്രമേ, ആ പ്രേമത്തിന്റെ ഉന്മാദവും, ഗോപികളുടെ ആ അതിരറ്റ പ്രേമത്തിന്റെ – പ്രേമാര്‍ത്ഥമായ പ്രേമത്തിന്റെ – കരുത്തും ഊക്കും നിങ്ങള്‍ക്കു കരഗതമാകൂ. അതാണ് ലക്ഷ്യം. നിങ്ങള്‍ക്കതു കിട്ടുമ്പോള്‍ എല്ലാം കിട്ടിക്കഴിഞ്ഞു.

സ്വല്പം താഴെയുള്ള ഗീതോപദേഷ്ടാവായ കൃഷ്ണനിലേക്ക് വരുക. അതേ, കുതിരയ്ക്കുമുമ്പില്‍ വണ്ടി കെട്ടുന്നതുപോലുള്ളൊരു യത്‌നം ഇന്നിപ്പോള്‍ ഭാരതത്തില്‍ നടന്നുവരുന്നുണ്ട്. നമ്മില്‍ പലരും വിചാരിക്കുന്നു, കൃഷ്ണനെ ഗോപികാകാമുകനായി കരുതുന്നതില്‍ എന്തോ അസ്വാഭാവികതയുണ്ടെന്ന്: അതു യൂറോപ്യന്മാര്‍ക്ക് അത്ര പിടിക്കില്ലെന്ന്. ഡാക്ടര്‍ ഇന്നാര്‍ക്കു പിടിച്ചില്ലത്രേ! അപ്പോള്‍പ്പിന്നെ വഴിയെന്ത്! ഗോപികള്‍ പോവുകതന്നെ! യൂറോപ്യരുടെ അനുവാദമില്ലാതെ കൃഷ്ണന്‍ കഴിഞ്ഞുകൂടുന്നതെങ്ങനെ? കൃഷ്ണനതു സാദ്ധ്യമല്ല. മഹാഭാരതത്തില്‍ ഒന്നോ രണ്ടോ ഇടമൊഴിച്ചാല്‍ ഗോപികളെക്കുറിച്ചു പരാമര്‍ശമില്ല. ദ്രൗപദിയുടെ സേ്താത്രത്തില്‍ വൃന്ദാവനജീവിതത്തെപ്പറ്റിയുള്ള ഒരു പരാമര്‍ശമുണ്ട്. ശിശുപാലന്റെ പ്രലാപങ്ങളിലും ഒരിക്കല്‍കൂടെ ഈ വൃന്ദാവനപരാമര്‍ശം കാണുന്നു. ഇതൊക്കെ പ്രക്ഷിപ്തമാണ്. യൂറോപ്യന്മാര്‍ക്കു വേണ്ടാത്തതൊക്കെ വലിച്ചെറിയണം! ഗോപികളെയും കൃഷ്ണനെയും പറ്റിയുള്ള പരാമര്‍ശങ്ങള്‍പോലും പ്രക്ഷിപ്തം. ശരി. കച്ചവടമനോഭാവത്തില്‍ മുഴുകിക്കിടക്കുന്നു ഈ കൂട്ടര്‍! മതാദര്‍ശംപോലും കച്ചവടപ്രായമാക്കിയിരിക്കയാണ്. ഇവിടെ വല്ലതും ചെയ്തിട്ടു സ്വര്‍ഗ്ഗത്തില്‍ പോകാനുള്ള ശ്രമമാണ് അവരുടേത്. കൂട്ടുപലിശയാണ് ബനിയയ്ക്കു വേണ്ടത്. ഇവിടെ വല്ലതും ഉരുക്കൂട്ടിയിട്ട് അവിടെ അതനുഭവിക്കുകയാണ് ബനിയയുടെ ഉന്നം. അത്തരമൊരു ചിന്താക്രമത്തില്‍ ഗോപികള്‍ക്കു സ്ഥാനമില്ലതന്നെ. ആദര്‍ശഭൂതനായ ആ കാമുകനില്‍നിന്നു താഴേക്കിറങ്ങി ഗീതോപദേഷ്ടാവായ കൃഷ്ണനിലേക്കു നമുക്കു വരുക. ഗീതയെക്കാള്‍ മികച്ചൊരു വേദഭാഷ്യം എഴുതപ്പെട്ടിട്ടുമില്ല, എഴുതാനൊട്ടു വയ്യതാനും. ശ്രുതികളുടെ, ഉപനിഷത്തുകളുടെ, സാരം ദുര്‍ഗ്രഹമാണ്: കാരണം അത്രയേറെയുണ്ട് തന്നിഷ്ടം പോലെ വ്യാഖ്യാനിക്കാന്‍ ഒരുങ്ങുന്ന ഭാഷ്യകാരന്മാര്‍. അപ്പോഴാണ് വേദപ്രചോദകനായ ഭഗവാന്‍ സ്വയം ഗീതോപദേഷ്ടാവായി വരുന്നത്, വേദാര്‍ത്ഥമെന്തെന്ന് കാട്ടാന്‍. ഇന്നു ഭാരതത്തിനും ലോകത്തിനും ആ വ്യാഖ്യാനരീതിയെക്കാള്‍ മെച്ചപ്പെട്ടതൊന്നും ആവശ്യമില്ലതന്നെ. ശാസ്ര്തങ്ങളുടെയും ഗീതയുടെതന്നെയും വ്യാഖ്യാതാക്കന്മാരായി പിന്നീടു വന്നവര്‍ക്കു പലപ്പോഴും അര്‍ത്ഥമെന്തെന്ന്, താത്പര്യമെന്തെന്ന്, ഗ്രഹിക്കാന്‍ കഴിയാതിരുന്നത് ആശ്ചര്യംതന്നെ. നോക്കു, ഗീതയിലെന്താണുള്ളത്, ഇന്നുള്ള വ്യാഖ്യാതാക്കന്മാരുടെ വ്യാഖ്യാനങ്ങളിലെന്താണുള്ളത്? അദ്വൈതിയായ ഒരു ഭാഷ്യകാരന്‍ ഒരുപനിഷത്തില്‍ കൈവെയ്ക്കുന്നു. അതില്‍ ദ്വൈതപരമായ ഭാഗങ്ങള്‍ പലതുണ്ട്. അവയൊക്കെ പിടിച്ചൊടിച്ച് അയാള്‍ ഒരു പ്രത്യേകാര്‍ത്ഥത്തിലുള്ള വയാക്കുന്നു, അവയെ തന്‍േറതായ ഒരര്‍ത്ഥത്തില്‍ കൊണ്ടുവരുകയാണ് അയാളുടെ ഉന്നം. ദ്വൈതിയായ ഭാഷ്യകാരനാണ് പുറപ്പെടുന്നതെങ്കില്‍ അയാള്‍ അദ്വൈതവാക്യങ്ങള്‍ പലതും പിടിച്ചൊടിച്ചു ദ്വൈതാര്‍ത്ഥത്തിലാക്കാന്‍ ഒരുങ്ങുകയായി. എന്നാല്‍ ഗീതയില്‍ ഇവയെ പിടിച്ചൊടിക്കാന്‍ പ്രയ്തനിച്ചുകാണുന്നില്ല. ഭഗവാന്‍ പറയുകയാണ്; അവയൊക്കെ ശരിതന്നെ: എന്തുകൊണ്ടെന്നാല്‍, പതുക്കെ, പടിപടിയായിട്ടാണ് മനുഷ്യന്റെ ആത്മാവുയരുന്നത് – സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക്, സൂക്ഷ്മത്തില്‍നിന്നു സൂക്ഷ്മതരത്തിലേക്ക്. ഒടുവില്‍, ഇങ്ങനെയതു ലക്ഷ്യമായ ബ്രഹ്മത്തിലെത്തുന്നു. ഇതാണ് ഗീതയിലുള്ളത്. കര്‍മ്മകാണ്ഡംപോലും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അതിനു നേരിട്ടു മുക്തി നല്കാന്‍ ത്രാണിയില്ല, പരമ്പരയായിട്ടേ ഉള്ളൂ: എങ്കിലും അതും പ്രാമാണികംതന്നെ എന്നു കാട്ടിയിട്ടുണ്ട്. പ്രതീകങ്ങള്‍ പരമ്പരയാ പ്രാമാണികങ്ങളാണ്. അനുഷ്ഠാനങ്ങള്‍ക്കും രൂപങ്ങള്‍ക്കും, എല്ലാറ്റിനും, ഒരൊറ്റ ഉപാധിക്കു വിധേയമായി പ്രാമാണികതയുണ്ട്. (ആ ഉപാധി) ഹൃദയശുദ്ധിയാണ്. കാരണം ഹൃദയം ശുദ്ധവും ഋജുവുമാണെങ്കില്‍ ആരാധന പ്രാമാണികമാണ്, ലക്ഷ്യത്തിലെത്തിക്കും. ആരാധനാക്രമങ്ങള്‍ പലമട്ടില്‍ വേണം. അല്ലെങ്കില്‍ ഇവയൊക്കെ അവിടെ സ്ഥലം പിടിച്ചതെന്തിന്? ഇന്നുള്ള ചിലര്‍ ചിന്തിക്കാന്‍ വെമ്പുംപോലെ, കപടഭക്തന്മാരും ദുഷ്ടന്മാരും ചേര്‍ന്നു പണമുണ്ടാക്കാന്‍വേണ്ടി കെട്ടിച്ചമച്ചതല്ല മതങ്ങളും അവയുടെ വിഭാഗങ്ങളും. അത്തരം വ്യാഖ്യാനം എത്രയൊക്കെ യുക്തിയുക്തമെന്നു തോന്നിയാലും, അതു ശരിയല്ല. അങ്ങനെ കെട്ടിച്ചമച്ചതല്ല അവ, മനുഷ്യാത്മാവിന്റെ ആവശ്യത്തില്‍നിന്നുടലെടുത്തവയാണ്. പല നിലയിലുള്ള മനുഷ്യചിത്തങ്ങളുടെ ദാഹവും ഏഷണയും തൃപ്തിപ്പെടുത്തുവാനാണ് അവയെല്ലാം ഇവിടെ നിലവില്‍ വന്നത്. അവക്കെതിരായി പ്രചാരണം നടത്തേണ്ടതില്ല. ആവശ്യം തീരുന്ന ദിവസം, ആവശ്യത്തിന്റെ അറുതിയോടൊപ്പം, അവയൊക്കെ നാമാവശേഷമായിക്കൊള്ളും. ആവശ്യമുള്ളിടത്തോളം കാലം, നിങ്ങളുടെ പ്രചാരണവും നിരൂപണങ്ങളുമൊക്കെ ഇരുന്നാലും, അവയൊക്കെ നിലനില്ക്കണം താനും. വാളോ തോക്കോ പ്രയോഗിച്ചുവെന്നുവരാം: ഭൂമിയെ മനുഷ്യരക്തത്തില്‍ ആഴ്ത്തിയെന്നു വരാം, പക്ഷേ വിഗ്രഹങ്ങള്‍കൊണ്ടു പ്രയോജനമുള്ളിടത്തോളം കാലം അവ അവശേഷിക്കതന്നെ വേണം. ഈ രൂപങ്ങള്‍, മതത്തിന്‍േറതായ പല തരത്തിലുള്ള ഈവക പടികള്‍ അവശേഷിക്കും. എന്തുകൊണ്ടവശേഷിക്കണമെന്നു നാം ധരിക്കുന്നതു ഭഗവാന്‍ ശ്രീകൃഷ്ണനില്‍ നിന്നാണ്.

ഭാരതചരിത്രത്തിലെ കുറെയേറെ ശോച്യമായ ഒരദ്ധ്യായമാണ് അടുത്തത്. മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളുടെ വിദൂര ധ്വനി ഗീതയില്‍ത്തന്നെ കേള്‍ക്കാം. അവയുടെ നടുവില്‍ അവയെ സമന്വയിപ്പിക്കാനാണ് ഭഗവാന്‍ വന്നത്, സമന്വയത്തിന്റെ മഹോപദേഷ്ടാവും മഹത്തമഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍, അവിടുന്ന് അരുളിച്ചെയ്തു; ‘നൂലില്‍ മണികളെന്നവണ്ണം എന്നില്‍ അവയെല്ലാം കോര്‍ക്കപ്പെട്ടിരിക്കുന്നു.’ വിദൂരധ്വനികള്‍, സംഘട്ടനമര്‍മ്മരങ്ങള്‍, ഇപ്പൊഴേ കേള്‍ക്കാനുണ്ട്. ഒരുപക്ഷേ സമന്വയത്തിന്റെയും ശാന്തിയുടെയുമായ ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ വീണ്ടുമതു പുതുതായി പൊട്ടിപ്പുറപ്പെട്ടു. അതു മതംമൂലം മാത്രമായിരുന്നില്ല, ജാതിമൂലവുമായിരുന്നിരിക്കണം, നമ്മുടെ സമുദായത്തിലെ പ്രബലഘടകങ്ങളായ ക്ഷത്രിയരും ബ്രാഹ്മണരും തമ്മിലുള്ള ആ സംഘട്ടനം. ഏതാണ്ട് ആയിരം കൊല്ലത്തോളം ഭാരതത്തെ ആറാടിച്ച ആ വന്‍തിരയുടെ ഉയര്‍ന്ന നെറുകയില്‍ നിലകൊള്ളുന്ന മറ്റൊരു സമുജ്വലവിഗ്രഹം നമുക്കു കാണാം. അതു നമ്മുടെ ശാക്യമുനിയായ ഗൗതമനത്രേ. അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും മതപ്രചാരണങ്ങളെയുംപറ്റി നിങ്ങള്‍ക്കെല്ലാമറിയാം. അദ്ദേഹത്തെ നാം ഈശ്വരാവതാരമായാരാധിക്കുന്നു. ലോകം കണ്ടിട്ടുള്ളവരില്‍ വെച്ചെല്ലാം കൂടുതല്‍ കരുത്തനും ധീരനുമായ ധര്‍മ്മപ്രചാരകനായിരുന്നു അദ്ദേഹം. കര്‍മ്മയോഗികളില്‍ ശ്രേഷ്ഠന്‍: സ്വസിദ്ധാന്തങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതെങ്ങനെയെന്നു കാട്ടിത്തരാന്‍ കൃഷ്ണന്‍ സ്വയം തന്റെ തന്നെ ശിഷ്യനായിവന്നതാണോ എന്നു തോന്നും. ‘ചെറിയൊരംശമെങ്കിലുമനുഷ്ഠിച്ചാല്‍ ഈ ധര്‍മ്മം വമ്പിച്ച ഭയത്തില്‍നിന്നു രക്ഷിക്കുന്നു.’ എന്നു ഗീതയില്‍ ഉപദേശിച്ച അതേ ശബ്ദം, വീണ്ടും മുഴങ്ങുകയാണ്; ‘സ്ര്തീകളും വൈശ്യരും ശൂദ്രര്‍ പോലും ഏറ്റവും ഉയര്‍ന്ന ലക്ഷ്യത്തില്‍ ചെന്നെത്തുന്നു.’ എല്ലാവരുടെയും കെട്ടുകള്‍, ചങ്ങലകള്‍, പൊട്ടിച്ചുകൊണ്ട് ഏറ്റവും ഉയര്‍ന്ന ലക്ഷ്യത്തിലെത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട്, ഗീതയുടെ വാക്കുകള്‍ പുറപ്പെടുകയാണ്: ഇടിനാദംപോലെ തിരണ്ടുകയറുകയാണ് കൃഷ്ണന്റെ കരുത്തേറിയ ശബ്ദം; ‘സമത്വത്തില്‍ മനസ്സുറച്ചവര്‍ ഈ ജീവിതത്തില്‍ത്തന്നെ സാപേക്ഷതയെ കീഴടക്കിയിരിക്കുന്നു: കാരണം, എല്ലാവരിലും ഈശ്വരന്‍ സമനും പരിശുദ്ധനുമാണ്. അതുകൊണ്ടവര്‍ ഈശ്വരനില്‍ ജീവിക്കുന്നതായി പറയപ്പെടുന്നു.’ ‘അങ്ങനെ എല്ലായിടത്തും ഒരുപോലെ വാണരുളുന്ന ഒരേ ഈശ്വരനെ കാണുന്ന സിദ്ധന്‍ ആത്മാവിലൂടെ ആത്മാവിനെ ഹിംസിക്കയില്ല: അങ്ങനെ ഉന്നതമായ ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു.’ ഈ ഉപദേശത്തിന്റെ ജീവത്തായ ഒരു മാതൃക കാട്ടിത്തരാനോ എന്നുതോന്നുമാറ്, അതിന്റെ ഒരംശമെങ്കിലും പ്രായോഗികമാക്കാനെന്നപോലെ, ഉപദേഷ്ടാവുതന്നെ മറ്റൊരു രൂപത്തില്‍ വന്നു. ഇതത്രേ ശാക്യമുനി. പട്ടിണിപ്പാവങ്ങളോടും ദീനരോടും അദ്ദേഹം പ്രസംഗിച്ചു. ജനഹൃദയത്തില്‍ കടന്നുചെല്ലുവാന്‍വേണ്ടി നാട്ടുഭാഷയില്‍ സംസാരിക്കാന്‍ അദ്ദേഹം ദേവഭാഷപോലും വെടിഞ്ഞു. പിച്ചക്കാരോടും പാവങ്ങളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഒത്തു ജീവിക്കാന്‍ അദ്ദേഹം ഒരു സിംഹാസനംതന്നെ ഉപേക്ഷിച്ചു. രണ്ടാമതൊരു രാമനെന്നപോലെ അദ്ദേഹം ഒരു പറയനെ തന്റെ മാറോടു ചേര്‍ത്തു പുണര്‍ന്നു.

അദ്ദേഹത്തിന്റെ മഹത്തായ പ്രവൃത്തിയെക്കുറിച്ചും ഉത്കൃഷ്ടമായ സ്വഭാവത്തെക്കുറിച്ചും നിങ്ങള്‍ക്കൊക്കെ അറിയാം. എന്നാല്‍ ആ പ്രവൃത്തിക്ക് ഒരു വലിയ തകരാറുണ്ടായിരുന്നു. അതുകൊണ്ട് ഇന്നും നാം ദുരിതമനുഭവിക്കയാണ്. അതിന്റെ കുറ്റം ഒട്ടും ഭഗവാന്റെതല്ല തന്നെ. അദ്ദേഹം പരിശുദ്ധനും മഹനീയനുംതന്നെ. എന്നാല്‍, ഭാഗ്യദോഷമെന്നു പറയട്ടെ, അത്തരം ഉന്നതാദര്‍ശങ്ങള്‍ സ്വായത്തമാക്കാന്‍ ആര്യവംശീയരുടെ ഇടയില്‍ തിങ്ങിക്കൂടിയ സംസ്‌കൃതരും അസംസ്‌കൃതരുമായ പലതരം മനുഷ്യവര്‍ഗ്ഗങ്ങള്‍ക്കു കഴിയാതെവന്നു. പലതരം അന്ധവിശ്വാസങ്ങളും ബീഭത്‌സമായ ആരാധനാക്രമങ്ങളും പുലര്‍ത്തി വന്ന ഈ വര്‍ഗ്ഗങ്ങള്‍ ആര്യവ്യവസ്ഥിതിയിലേക്ക് തള്ളിക്കയറി, തല്ക്കാലം അവരും സംസ്‌കൃതരായിത്തീര്‍ന്നതുപോലെതോന്നി. പക്ഷേ ഒരു നൂറ്റാണ്ടു ചെല്ലുംമുമ്പേ അവര്‍ തങ്ങളുടെ പാമ്പുകളെയും പിശാചുക്കളെയും പൂര്‍വ്വികര്‍ ആരാധിച്ചുപോന്ന മറ്റു പദാര്‍ത്ഥങ്ങളെയും ഒക്കെ പുറത്തെടുത്തു. അങ്ങനെ ഭാരതം മുഴുവന്‍ അധഃപതിച്ച ഒരന്ധവിശ്വാസക്കട്ടയായി. പ്രാചീനബൗദ്ധന്മാര്‍ ജന്തുഹിംസയെ വെറുത്തു: വേദവിഹിതമായ യാഗങ്ങളെ അധിക്ഷേപിച്ചുവന്നു. ഈ യാഗങ്ങള്‍ വീടുതോറും നടത്തപ്പെട്ടുംവന്നു. ഒരു തീ കത്തിക്കൊണ്ടിരിക്കും. ആരാധനയ്ക്കുള്ള സംഭാരങ്ങള്‍ അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ യാഗങ്ങള്‍ തുടച്ചുമാറ്റപ്പെട്ടു. അവയുടെ സ്ഥാനം കൈക്കലാക്കിയത്, ഗംഭീരമായ ക്ഷേത്രങ്ങളും വിപുലങ്ങളായ ചടങ്ങുകളും, പ്രൗഢന്മാരായ പുരോഹിതന്മാരും, ഭാരതത്തിലിന്നു കാണുന്ന മറ്റുള്ളതെല്ലാംതന്നെയുമാണ്. ബ്രാഹ്മണരുടെ വിഗ്രഹാരാധനയെ നശിപ്പിച്ചതു ബുദ്ധനാണെന്നു കൂടുതല്‍ അറിവുണ്ടാകേണ്ട ചിലര്‍ എഴുതിയ പുസ്തകങ്ങളില്‍ വായിച്ചു ഞാന്‍ ചിരിച്ചുപോകാറുണ്ട്. ബുദ്ധമതമാണ് ഭാരതത്തില്‍ ബ്രാഹ്മണമതവും വിഗ്രഹാരാധനയും ഉളവാക്കിയതെന്ന് അവര്‍ അറിയുന്നില്ല.

യേശുക്രിസ്തുവിന്റെ വിചിത്രമായ ഏതോ ഒരു ജീവിതം കണ്ടുപിടിച്ചു എന്നഭിമാനിച്ച ഒരു റഷ്യക്കാരന്‍ ഒന്നുരണ്ടു കൊല്ലം മുമ്പ് ഒരു പുസ്തകമെഴുതി. അതിലൊരിടത്തു പറയുന്നു; ക്രിസ്തു ബ്രാഹ്മണരില്‍നിന്നു പഠിക്കാനായി ജഗന്നാഥക്ഷേത്രത്തില്‍ പോയെന്നും അവരുടെ ഇടുങ്ങിയ മനോഭാവവും വിഗ്രഹങ്ങളും തനിക്ക് ഒട്ടേറെ അറപ്പും വെറുപ്പുമുളവാക്കിയെന്നും പിന്നീടദ്ദേഹം ടിബറ്റിലെ ലാമമാരുടെ അടുത്തെത്തി പൂര്‍ണ്ണതയടയുകയും സ്വഗൃഹത്തിലേക്ക് മടങ്ങുകയും ചെയ്തു എന്നും. ഭാരതചരിത്രത്തെപ്പറ്റി വല്ലതുമറിയുന്നവനെ ആ നിരീക്ഷണംതന്നെ ഇതെല്ലാം അപകടമാണെന്നു ബോധപ്പെടുത്തും. കാരണം, ജഗന്നാഥക്ഷേത്രം പഴയ ഒരു ബുദ്ധക്ഷേത്രമാണ്. ഇതും മറ്റുള്ളവയും നാം എടുത്തു വീണ്ടും ഹൈന്ദവമാക്കയാണ് ചെയ്തത്. ഇനിയും ഇതുപോലെ പലതും നമുക്കു ചെയ്യാനുമുണ്ട്. അതാണ് ജഗന്നാഥം. അന്നവിടെ ഒരു ബ്രാഹ്മണനും ഇല്ലായിരുന്നു. എന്നിട്ടും നമ്മോടു പറയുകയാണ്, ബ്രാഹ്മണരില്‍നിന്ന് എന്തോ പഠിക്കാന്‍ യേശുക്രിസ്തു അവിടെ ചെന്നെന്ന്. അങ്ങനെയത്രേ റഷ്യക്കാരനായ നമ്മുടെ ആ മഹാപുരാവിത്തു മൊഴിയുന്നത്.

അങ്ങനെ ജന്തുകാരുണ്യം പ്രസംഗിച്ചിട്ടും, ഉദാത്തവും ധര്‍മ്മാധിഷ്ഠിതവുമായ ആ മതമുണ്ടായിട്ടും, നിത്യനായ ആത്മാവിന്റെ അസ്തി – നാസ്തിത്വങ്ങളെപ്പറ്റി തലനാരുകീറുന്ന യുക്തിവാദങ്ങളൊക്കെയുണ്ടായിട്ടും, ബുദ്ധമതസൗധം മറിഞ്ഞുവീണു തകര്‍ന്നു: അതിന്റെ നഷ്ടാവശിഷ്ടങ്ങള്‍ കേവലം ബീഭത്‌സമായിരുന്നു. ബുദ്ധമതത്തിനു പിന്നാലെ വന്ന ബീഭത്‌സതകള്‍ വര്‍ണ്ണിക്കുവാന്‍ സമയമോ ആഗ്രഹമോ എനിക്കില്ല. ഏറ്റവും ബീഭത്‌സമായ അനുഷ്ഠാനങ്ങള്‍, മനുഷ്യര്‍ എഴുതുകയോ സങ്കല്പിക്കയോ ചെയ്തിട്ടുള്ളവയില്‍വെച്ച് ഏറ്റവും ഭയങ്കരവും മലീമസവുമായ ഗ്രന്ഥങ്ങള്‍, മതത്തിന്റെ പേരില്‍ കടന്നുകൂടിയതില്‍വെച്ച് ഏറ്റവും മൃഗീയമായ പദ്ധതികള്‍ – ഇതൊക്കെയാണ് അധഃപതിച്ച ബുദ്ധമതം സൃഷ്ടിച്ചുവിട്ടത്.

എന്നാലും ഭാരതം ജീവിച്ചിരിക്കേണ്ടതുണ്ട്. ഈശ്വരചൈതന്യം വീണ്ടും അവതരിച്ചു. ‘ധര്‍മ്മത്തിനു വാട്ടം തട്ടുമ്പോഴെല്ലാം ഞാന്‍ വരും’ എന്നു പ്രഖ്യാപിച്ച അവിടുന്നു വീണ്ടും വന്നു. ഇത്തവണ ആവിര്‍ഭാവമുണ്ടായതു തെക്കന്‍ നാട്ടിലാണ്. അവിടെ ഒരു ബ്രാഹ്മണ യുവാവ് ഉയര്‍ന്നുവന്നു. അദ്ദേഹത്തെക്കുറിച്ചു പറയുന്നത്, പതിനാറു വയസ്സു തികഞ്ഞപ്പോഴേക്കും തന്റെ കൃതികളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നാണ്. ഒരദ്ഭുതബാലനായിട്ടാണ് ശങ്കരാചാര്യര്‍ തെളിഞ്ഞുവിളങ്ങിയത്. പതിനാറു വയസ്സായ ഈ ബാലന്റെ കൃതികള്‍ ഇന്നത്തെ ലോകത്തിലെ അദ്ഭുതവസ്തുക്കളാണ്: ആ ബാലനും അത്തരത്തിലൊരുവനായിരുന്നു. അദ്ദേഹം ഭാരതീയലോകത്തെ ആദിമ പരിശുദ്ധിയിലെത്തിക്കാനാഗ്രഹിച്ചു. അദ്ദേഹത്തിന് ചെയ്തുതീര്‍ക്കേണ്ടിവന്ന ജോലിയെക്കുറിച്ച് ചിന്തിച്ചുനോക്കുക. ഭാരതത്തിന്റെ അന്നത്തെ നിലയെപ്പറ്റി ചുരുക്കം ചില സംഗതികള്‍ നിങ്ങളോടു ഞാന്‍ പറഞ്ഞുവല്ലോ. നിങ്ങള്‍ പരിഷ്‌കരിച്ചു മാറ്റാന്‍ ശ്രമിക്കുന്ന ഈ ഭയങ്കരതകളെല്ലാം ആ അധഃപതനത്തിന്റെ വാഴ്ചയില്‍നിന്ന് ഉടലെടുത്തവയാണ്. താര്‍ത്താരന്മാരും ബലൂചികളും അറപ്പും വെറുപ്പുമുളവാക്കുന്ന മനുഷ്യജാതികളൊക്കെയും, ഭാരതത്തില്‍ വന്നു ബൗദ്ധരായിത്തീര്‍ന്നു, നമ്മോടു കലര്‍ന്നുചേര്‍ന്നു. അവര്‍ താന്താങ്ങളുടെതായ ജാതീയാചാരങ്ങള്‍ ഇവിടേക്കു കൊണ്ടുവന്നു. അങ്ങനെ ഭാരതീയ ജനതയുടെ ജീവിതമാകെ അത്യന്തം ഭയാനകവും മൃഗീയവുമായ നടപടികള്‍ രേഖപ്പെടുത്തിയ വമ്പിച്ച ഒരേടായിത്തീര്‍ന്നു. അതാണ് ബൗദ്ധന്മാരില്‍നിന്നു പ്രസ്തുത ബാലനു കിട്ടിയ ഇരുപ്പുമുതല്‍. ആ കാലംമുതല്‍ ഇന്നുവരെ ഭാരതത്തില്‍ നടന്ന ജോലിയെല്ലാം, ബുദ്ധമതം വരുത്തിവെച്ച അധഃപതനത്തില്‍നിന്നു വേദാന്തം നേടിയ ഒരു വീണ്ടെടുക്കലാണ്. ഇതു നടന്നുവരികയാണ്. നിറവേറിയിട്ടില്ല. ഒരു മഹാദാര്‍ശനികനായ ശങ്കരന്‍ വന്നു, ബുദ്ധമതത്തിന്റെയും വേദാന്തത്തിന്റെയും തനിസാരം വളരെയൊന്നും ഭിന്നമല്ലെന്നും, എന്നാല്‍ ശിഷ്യന്മാര്‍ ഗുരുവിന്റെ വിവക്ഷ ധരിക്കാതെ, സ്വയം അധഃപതിച്ച് ആത്മാവിന്റെയും ഈശ്വരന്റെയും അസ്തിത്വം നിഷേധിക്കയും നിരീശ്വരരായി ത്തീരുകയും ചെയ്തുവെന്നും വെളിവാക്കി. ഇതാണ് ശങ്കരന്‍ കാട്ടിത്തന്നത്. ബൗദ്ധന്മാരെല്ലാം പഴയ മതത്തിലേക്ക് മടങ്ങാന്‍ തുടങ്ങി. എന്നാല്‍ അവരൊക്കെ ആ പദ്ധതികളുമായി ഇടപഴകിക്കഴിഞ്ഞിരുന്നു. എന്തു ചെയ്യും!

പിന്നെ വന്നത് ഉജ്വലനായ രാമാനുജനാണ്. ശങ്കരനു വമ്പിച്ച ബുദ്ധിവൈഭവമുണ്ടായിരുന്നു: അത്രക്കു വലിയ ഹൃദയമില്ലായിരുന്നു എന്നു ഞാന്‍ ശങ്കിക്കുന്നു. രാമാനുജന്റെ ഹൃദയമായിരുന്നു കൂടുതല്‍ വിശാലം. ചവുട്ടിമെതിക്കപ്പെട്ടവരോട് അദ്ദേഹത്തിനു കനിവു തോന്നി: അവരുമായി സഹതപിച്ചു. അദ്ദേഹം അനുഷ്ഠാനങ്ങളെയും അവയ്ക്കു ചുറ്റും പടര്‍ന്നു പിടിച്ച അധികപ്പറ്റുകളെയും എടുത്ത് അവയെ ആവോളം ശുദ്ധീകരിച്ചു. കൂടിയേ തീരൂ എന്നുള്ളവര്‍ക്കുവേണ്ടി, പുതിയ അനുഷ്ഠാനങ്ങളും പുതിയ ആരാധനാക്രമങ്ങളും ഏര്‍പ്പെടുത്തി. അത്യുന്നതമായ ആദ്ധ്യാത്മികസപര്യകളിലേക്ക് ബ്രാഹ്മണന്‍ തൊട്ടു പറയന്‍വരെയുള്ളവരെ എത്തിക്കാനുള്ള വാതിലും തുറന്നിട്ടു. അതത്രേ രാമാനുജന്‍ ചെയ്ത ജോലി. ആ ജോലി നീങ്ങി നീങ്ങി വടക്കന്‍ദേശങ്ങളില്‍ പടര്‍ന്നുപിടിച്ചു: അവിടെയുള്ള ചില വമ്പിച്ച ജനനായകന്മാര്‍ അതേറ്റെടുത്തു. എന്നാല്‍ ഇതു നടന്നത്, വളരെക്കഴിഞ്ഞു മുഹമ്മദീയഭരണത്തിന്റെ കാലത്താണ്. താരതമ്യേന ആധുനികമായ ഈ കാലത്തു വടക്കുണ്ടായ പ്രവാചകരില്‍വെച്ച് ഏറ്റവും സമുജ്വലന്‍ ചൈതന്യനത്രേ.

രാമാനുജനുശേഷം കണ്ടുവരുന്ന ഒരു സവിശേഷത ഉറ്റുനോക്കേണ്ടതാണ്. ആദ്ധ്യാത്മികതയുടെ കവാടം എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു. അത് ശങ്കരന് മുമ്പുള്ള എല്ലാ പ്രവാചകര്‍ക്കുമെന്നപോലെ രാമാനുജനു പിമ്പുള്ള എല്ലാ പ്രവാചകര്‍ക്കും മുദ്രാവാക്യമായിരിക്കയാണ്. എന്തുകൊണ്ട് ശങ്കരനെ കുറേ വര്‍ജ്ജകനായി ചിത്രീകരിക്കുന്നെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ കൃതികളില്‍ വര്‍ജ്ജകമായ ഒന്നും ഞാന്‍ കാണുന്നില്ല. ഭഗവാന്‍ ബുദ്ധന്റെ വചനങ്ങളിലെന്നോണം ശങ്കരവചനങ്ങളില്‍ ആരോപിക്കപ്പെടുന്ന വര്‍ജ്ജകത്വവും മിക്കവാറും അദ്ദേഹത്തിന്റെ ഉപദേശങ്ങളിലടങ്ങിയതല്ല: ശിഷ്യന്മാരുടെ കഴിവുകേടുകൊണ്ടുണ്ടായതാണ്. വടക്കനായ ഈ ഒരു മഹാസിദ്ധന്‍, ചൈതന്യന്‍, ഗോപികളുടെ ഉന്മത്തപ്രേമത്തിന്റെ പ്രതിനിധിയായിരുന്നു. സ്വയം ബ്രാഹ്മണന്‍, അക്കാലത്തെ തര്‍ക്കശാസ്ര്തപാരഗമായ ഒരു കുടുംബത്തില്‍ പിറന്നു. താന്‍തന്നെ തര്‍ക്കാചാര്യനായിരുന്നു. അതില്‍ പടവെട്ടി ഒരു വിശ്വവിജയം നേടി. അതുതന്നെയാണ് ശൈശവംമുതല്‌ക്കേ ജീവിതത്തിലെ അത്യുച്ചാദര്‍ശമായി അദ്ദേഹം ധരിച്ചിരുന്നത്. എന്നിട്ടും ഏതോ ഒരു സിദ്ധന്റെ കൃപകൊണ്ടു ചൈതന്യന്റെ ജീവിതമാകമാനം രൂപാന്തരപ്പെട്ടു. പോരാട്ടങ്ങളും കലഹങ്ങളും തര്‍ക്കാചാര്യപദവുമെല്ലാം വെടിഞ്ഞു. ലോകമറിഞ്ഞിട്ടുള്ള മഹത്തമന്മാരായ ഭക്ത്യാചാര്യന്മാരില്‍ ഒരാളിയിച്ചമഞ്ഞു ഉന്മത്തനായ ഈ ചൈതന്യന്‍. അദ്ദേഹത്തിന്റെ ഭക്തി വംഗദേശത്തെങ്ങും എല്ലാവര്‍ക്കും സാന്ത്വനം നല്കിക്കൊണ്ടു തിരയടിച്ചൊഴുകി. അദ്ദേഹത്തിന്റെ പ്രേമം അതിരറ്റതായിരുന്നു. സിദ്ധനും പാപിയും, ഹിന്ദുവും മുഹമ്മദനും, വിശുദ്ധനും മലിനനും, കുലടയും തെരുവുതെണ്ടിയുമെല്ലാം അദ്ദേഹത്തിന്റെ പ്രേമത്തിലും കാരുണ്യത്തിലും പങ്കാളികളായി. ഇന്നും, കാലാന്തരത്തില്‍ മറ്റെല്ലാമെന്നപോലെ ഒട്ടേറെ അധഃപതിച്ചെങ്കിലും, ചൈതന്യസമ്പ്രദായമാണ് പാവങ്ങള്‍ക്കും അധഃകൃതര്‍ക്കും ജാതിഹീനര്‍ക്കും ബഹിഷ്‌കൃതര്‍ക്കും ദുര്‍ബ്ബലര്‍ക്കും സമസ്ത സമുദായവര്‍ജ്ജിതര്‍ക്കും ശരണം. എങ്കിലും സത്യത്തെച്ചൊല്ലി, നാം കാണുന്ന ഒരു സംഗതി പറയേണ്ടതുണ്ട്. ദാര്‍ശനികന്മാരുടെ വിഭാഗങ്ങളില്‍ അദ്ഭുതാവഹമായ ഉത്പതിഷ്ണുത കാണുന്നു. ഭാരതത്തിലെ വിഭിന്നവിഭാഗങ്ങള്‍ വാസ്തവത്തില്‍ വിഭിന്നങ്ങളാണെന്നു ശങ്കരാനുയായികളിലെ ഒരുവനും പറയില്ല. അതോടൊപ്പംതന്നെ അദ്ദേഹം ജാതിവ്യത്യാസത്തെ ഏറ്റവും പ്രബലമായി പിന്‍താങ്ങിവന്നു. എന്നാല്‍ ഓരോ വൈഷ്ണവാചാര്യനും ജാതിപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തത് അദ്ഭുതകരമായ ഉദാരതയോടുകൂടിയാണ്: മതപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്കുള്ളത് വര്‍ജ്ജകത്വമാണുതാനും.

ഒരാള്‍ക്കു ശക്തിമത്തായ ബുദ്ധിയുണ്ട്: മറ്റേയാള്‍ക്കു വിശാലമായ ഹൃദയവും. ബുദ്ധിയും ഹൃദയവും ഉള്‍ക്കൊള്ളുന്ന ഒരുവന്‍ ജനിക്കുവാന്‍ പാകമായ ആ കാലം വന്നു. ശങ്കരന്റെ സമുജ്വലമായ പ്രതിഭയും ചൈതന്യന്റെ അദ്ഭുതകരമാംവണ്ണം വികസ്വരവും അനന്തവുമായ ഹൃദയവും ഒരേ ശരീരത്തില്‍ ഉദ്വഹിക്കുന്ന ഒരുവന്‍ ജനിക്കുവാന്‍ പറ്റിയ സമയം വന്നു: ഒരേ ഈശ്വരന്‍, ഒരേ ചൈതന്യം, എല്ലാ മതവിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്ന കാഴ്ചയുള്ള ഒരുവന്‍: ഓരോ പ്രാണിയിലും ഈശ്വരനെ ദര്‍ശിക്കുന്നവന്‍: പാവങ്ങള്‍ക്കും ദുര്‍ബ്ബലര്‍ക്കും ജാതിഹീനര്‍ക്കും അധഃകൃതര്‍ക്കും ഭാരതത്തിലും വെളിയിലുമുള്ള എല്ലാപേര്‍ക്കും വേണ്ടി അലിയുന്ന കരളുള്ള ഒരുവന്‍: ഒപ്പം, ഭാരതത്തിനുള്ളില്‍ മാത്രമല്ല വെളിയിലുമുള്ള വിരുദ്ധമതവിഭാഗങ്ങളെ തമ്മില്‍ ഇണക്കുന്ന ഉത്കൃഷ്ടചിന്തകളെ ഉദ്ഭാവനം ചെയ്യുന്ന ഉജ്വലബുദ്ധിയുള്ളവന്‍: അങ്ങനെ മസ്തിഷ്‌കത്തിനും ഹൃദയത്തിനും സമപ്രാധാന്യമുള്ള ഒരു വിശ്വമതം, ആശ്ചര്യമായ സമന്വയം, വരുത്തുന്നവന്‍, ജനനമെടുക്കുവാനുള്ള കാലം പരിപക്വമായി. അത്തരം ഒരു മനുഷ്യന്‍ ജനിച്ചു. പല സംവത്‌സരങ്ങളായി അദ്ദേഹത്തിന്റെ ചേവടികള്‍ പണിയുവാനുള്ള ഭാഗധേയം എനിക്കുണ്ടായി. അങ്ങനെ ഒരു മനുഷ്യന്‍ ജനിക്കുവാന്‍ കാലം പാകമായിരുന്നു: അതാവശ്യവുമായിരുന്നു. ഏറ്റവുമധികം അത്ഭുതമുളവാക്കുന്ന സംഗതി, പാശ്ചാത്യാശയങ്ങള്‍ നിറഞ്ഞ ഒരു പട്ടണത്തിനു തൊട്ടടുത്താണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനകര്‍ത്തവ്യങ്ങള്‍ നിറവേറ്റിയതെന്നുള്ളതത്രേ. ആ പട്ടണം പാശ്ചാത്യാശയങ്ങളുടെ പിന്നാലെ ഭ്രമിച്ചു പാഞ്ഞെത്തിയതും ഭാരതത്തിലെ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച്, യൂറോപ്പിനെ ഏറ്റവുമധികം അനുകരിച്ചതുമായിരുന്നു. അവിടെ അദ്ദേഹം ഒരുതരം ഗ്രന്ഥജ്ഞാനവും കൂടാതെ ജീവിച്ചു. സ്വന്തം പേരെഴുതാന്‍പോലും പഠിക്കാത്ത ഒരു മഹാപ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഞങ്ങളുടെ വിശ്വവിദ്യാലയത്തിലുണ്ടായിരുന്ന അതിബുദ്ധിമാന്മാരായ ബിരുദധാരികള്‍ അദ്ദേഹത്തെ അമാനുഷമായ പ്രതിഭയുള്ളവനായി കരുതി. ഈ ശ്രീരാമകൃഷ്ണപരമഹംസന്‍ അലോകസാമാന്യനായ ഒരു മനുഷ്യനായിരുന്നു. വളരെയേറെ നീണ്ട ഒരു കഥയാണത്. അദ്ദേഹത്തെക്കുറിച്ച് ഈ രാത്രിവേളയില്‍ വല്ലതും പറയാന്‍ എനിക്കു സമയമില്ല. ശ്രീരാമകൃഷ്ണന്റെ പേര്‍മാത്രം ഞാനിപ്പോള്‍ പറയുന്നു. ഭാരതീയസിദ്ധപരമ്പരയുടെ സമ്പൂര്‍ണമായിരുന്നു അദ്ദേഹം: കാലത്തിനൊത്ത സിദ്ധന്‍. ഇന്നിപ്പോള്‍, ഈ വര്‍ത്തമാനകാലത്തില്‍, ഏറ്റവും പ്രയോജനകരമായ ഉപദേശങ്ങളത്രേ അദ്ദേഹത്തിന്റെത്. ആ മനുഷ്യന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഐശ്വരമായ ശക്തിയെ ശ്രദ്ധിച്ചു മനസ്സിലാക്കുക. ദുര്‍ഗ്ഗമവും ദൂരവുമായ ഒരു കുഗ്രാമത്തില്‍, പാവപ്പെട്ട ഒരു പുരോഹിതന്റെ പുത്രനായി ജനിച്ച, അറിയപ്പെടാത്ത, ചിന്തിക്കപ്പെടാത്ത, അദ്ദേഹത്തെ ഇന്നു യൂറോപ്പിലും അമേരിക്കയിലും ആയിരക്കണക്കിനാളുകള്‍ ആരാധിക്കതന്നെയാണ് ചെയ്യുന്നത്. നാളെ ഏറെയായിരം ആരാധിക്കയും ചെയ്യും. ഭഗവാന്റെ സങ്കല്പങ്ങള്‍ ആര്‍ക്കറിയാം?

ഭ്രാതാക്കളേ, ഈശ്വരഹസ്തം, ഈശ്വരാംഗുലി, ഇതിലിപ്പോള്‍ നിങ്ങള്‍ കാണുന്നില്ലെങ്കില്‍, അതു നിങ്ങള്‍ അന്ധരാകകൊണ്ട്, അന്ധരായി ജനിക്കകൊണ്ടുമാത്രമാണ്. സമയവും മറ്റൊരവസരവും കൈവന്നാല്‍, കൂടുതല്‍ വിശദമായി അദ്ദേഹത്തെക്കുറിച്ചു ഞാന്‍ നിങ്ങളോടു പറയാം. ഒരു കാര്യംമാത്രം ഇപ്പോള്‍ പറയട്ടെ; സത്യത്തിന്റെതായ ഒറ്റ വാക്കെങ്കിലും ഞാന്‍ നിങ്ങളോടു പറഞ്ഞെങ്കില്‍ അതദ്ദേഹത്തിന്റെ, അദ്ദേഹത്തിന്‍േറതുമാത്രം, ആണ്. സത്യേതരമായി, സൂക്ഷേ്മതരമായി, മനുഷ്യരാശിക്ക് അഹിതകരമായി പലതും ഞാന്‍ പറഞ്ഞെങ്കില്‍, അതെല്ലാം എന്‍േറതുമാത്രം. അവയുടെ ഉത്തരവാദിത്വം എനിക്കുള്ളതുമാണ്.
[വിവേകാനന്ദസാഹിത്യസര്‍വസ്വം – ഭാരതത്തിലെ സിദ്ധന്മാര്‍]