കാണപ്പെടാതെയും കേള്‍ക്കപ്പെടാതെയും പൊഴിഞ്ഞ് ഏറ്റവും മനോജ്ഞമായ റോസാപ്പൂക്കളെ വിടര്‍ത്തുന്ന നനുത്ത മഞ്ഞുതുള്ളി പോലെയാണ് വിശ്വചിന്തയ്ക്കു ഭാരതം നല്കിയിട്ടുള്ള സംഭാവന. നീരവവും അദൃഷ്ടവും, എങ്കിലും ഫലത്തില്‍ സര്‍വശക്തവുമായ ഭാരതീയസംഭാവന വിശ്വചിന്തയെ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു. എന്നാലും എന്തു സംഭവിച്ചു എന്ന് ആര്‍ക്കുമറിഞ്ഞുകൂടാ. ഒരിക്കല്‍ ഒരാള്‍ എന്നോട് എടുത്തുപറയുകയുണ്ടായി. ‘ഭാരതത്തിലുള്ള വല്ലൊരു ഗ്രന്ഥകാരന്റെയും പേരു തിട്ടപ്പെടുത്തുക എത്ര വിഷമം’ എന്ന്. ‘അതാണ് ഭാരതത്തിന്റെ ആശയഗതി’ എന്നായിരുന്നു എന്റെ മറുപടി. ഭാരതത്തിലെ എഴുത്തുകാര്‍ ഇന്നത്തെ എഴുത്തുകാരെപ്പോലെയല്ല. ഇവര്‍ മറ്റു ഗ്രന്ഥകാരന്മാരില്‍നിന്നു തൊണ്ണൂറു ശതമാനം ആശയങ്ങളുകാക്കും. പത്തു ശതമാനമേ ഉള്ളു ഇവരുടേതായി. പിന്നെ ഒരാമുഖമെഴുതാന്‍ ഒരിക്കലും മറക്കയില്ല. ഇതില്‍ പറഞ്ഞിരിക്കും, ‘ഈ ആശയങ്ങള്‍ക്കുള്ള ഉത്തരവാദിത്വം എന്‍േറതാണ്’ എന്ന്. മനുഷ്യരാശിയുടെ ഹൃദയത്തില്‍ വമ്പിച്ച പ്രതികരണങ്ങളുളവാക്കിയ ആ മഹാപ്രാജ്ഞരാകട്ടെ, സ്വന്തം പേരുപോലും ചേര്‍ക്കാതെ തങ്ങളുടെ ഗ്രന്ഥങ്ങള്‍ രചിക്കകൊണ്ടു തൃപ്തിയടഞ്ഞു. പിന്നെ, ആ ഗ്രന്ഥങ്ങള്‍ പിന്‍തലമുറകള്‍ക്കായി വിട്ടുംവെച്ചു ശാന്തമായങ്ങുമരിച്ചു. നമ്മുടെ ദര്‍ശനത്തിന്റെ കര്‍ത്താക്കളാരെന്ന് ആര്‍ക്കറിയാം? നമ്മുടെ പുരാണങ്ങളുടെ കര്‍ത്താക്കന്മാരാരെന്ന് ആര്‍ക്കറിയാം? സാമാന്യ നാമങ്ങളായ വ്യാസന്‍, കപിലന്‍ എന്നും മറ്റുമാണ് അവരൊക്കെ അറിയപ്പെടുന്നത്. വാസ്തവത്തില്‍ ശ്രീകൃഷ്ണന്റെ സന്താനങ്ങള്‍ തന്നെയായിരുന്നു അവര്‍: അവര്‍ ഗീതയുടെ യഥാര്‍ത്ഥകളായിരുന്നു. ‘പ്രവര്‍ത്തിക്കാനേ നിങ്ങള്‍ക്കധികാരമുള്ളു: പ്രവൃത്തിയുടെ ഫലത്തിനില്ല’ എന്ന മഹത്തായ വിധി അവര്‍ അനുഷ്ഠാനത്തില്‍ കൊണ്ടുവരുകയത്രേ ചെയ്തത്. അങ്ങനെയാണ് ഭാരതം ലോകത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്: പക്ഷേ നിറവേറ്റേണ്ടുന്ന ഒരു വ്യവസ്ഥയുണ്ട്. ആശയങ്ങളും, കച്ചവടം പോലെ, മറ്റുവല്ലവരും തുറന്ന സരണികളിലൂടെയേ പ്രവഹിക്കൂ. ആശയത്തിന് ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു സഞ്ചരിക്കാന്‍ പാതകള്‍ വേണം. ലോകചരിത്രത്തില്‍ എപ്പോഴെങ്കിലും വിക്രാന്തമായ ഒരു മഹാജനത ഉയര്‍ന്നുവന്നു ഭൂഗോളവിഭാഗങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തിയപ്പോഴെല്ലാം ആ പാതകളിലൂടെ ഭാരതീയചിന്തയും ഒഴുകിപ്പരന്നിട്ടുണ്ട്. അങ്ങനെ അത് ഓരോ മനുഷ്യജാതിയുടെയും സിരകളില്‍ പ്രവേശിച്ചിട്ടുമുണ്ട്. ബുദ്ധമതത്തിനും മുമ്പു ചൈനയിലും പേഴ്‌സ്യയിലും കിഴക്കന്‍ ദ്വീപസമൂഹങ്ങളിലും വേദാന്തം തുളച്ചുകയറുകയുണ്ടായി. പിന്നെ ഗ്രീക്കുകാരുടെ ബലിഷ്ഠമനസ്സ് പൗരസ്ത്യലോകത്തിന്റെ വിഭിന്നഭാഗങ്ങളെ കൂട്ടിയിണക്കിയപ്പോള്‍ ഭാരതീയചിന്തയും സമാഗതമായി. ക്രിസ്തുമതവും അതിന്റെ ചൊല്‍ക്കൊണ്ട സര്‍വ്വപരി ഷ്‌കാരവും കൂടിയാല്‍ ഭാരതീയചിന്തയുടെ ചെറുശകലങ്ങളുടെ ഒരു സമാഹാരംമാത്രമാണ്. നമ്മുടെ മതത്തിന്റെ ഒരു വഴക്കാളിക്കുട്ടി മാത്രമാണ് മഹത്തായ ബുദ്ധമതം: ക്രിസ്തുമതം നമ്മുടെ മതത്തിന്റെ ഏറ്റവും വികലമായ ഒരനുകരണവും. ഇംഗ്ലണ്ടിന്റെ വമ്പിച്ച കരുത്തു ലോകത്തിന്റെ വിഭിന്നവിഭാഗങ്ങളെ ചേര്‍ത്തിണക്കിയിരിക്കയാണ്. റോമന്‍പാതകള്‍പോലെ കരയിലൂടെമാത്രമല്ല ഇംഗ്ലീഷുകാരുടെ പാതകള്‍ പായുന്നത്: അവര്‍ ആഴിയെയും എല്ലാ ദിക്കിലേക്കും ഉഴുതിരിക്കുന്നു. ഒരു വന്‍കടലില്‍നിന്നു മറ്റൊന്നുവരെ ഇംഗ്ലീഷുകാരുടെ പാതകള്‍ പായുന്നുണ്ട്. ലോകത്തിന്റെ ഓരോ ഭാഗവും മറ്റോരോ ഭാഗത്തോടും ബന്ധപ്പെട്ടിരിക്കുന്നു. വൈദ്യുതശക്തി ഒരു പുതുസന്ദേശ വാഹകനെന്ന നിലയില്‍ അത്യദ്ഭുതമായ ഒരു പങ്കു നിര്‍വ്വഹിക്കുന്നു. ഈ പരിസ്ഥിതികളില്‍ ഭാരതം വീണ്ടും ഉയിര്‍ക്കുകയാണ്: ലോകത്തിന്റെ പുരോഗതിക്കും പരിഷ്‌കാരത്തിനും തനതായ സംഭാവന ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്. ഫലമോ, അമേരിക്കയിലും ഇംഗ്ലണ്ടിലും ചെന്നു പ്രസംഗിക്കാന്‍ മിക്കവാറും പ്രകൃതിതന്നെ എന്നെ നിര്‍ബ്ബന്ധിച്ചു എന്നതത്രേ. ആ കാലം സമാഗതമായതായി നാമോരോരുത്തനും കാണേണ്ടതായിരുന്നു. എല്ലാം മംഗളമായിട്ടാണ് കാണാകുന്നത്. ദാര്‍ശനികവും ആദ്ധ്യാത്മികവുമായ ഭാരതീയചിന്ത ഒരിക്കല്‍ കൂടി വെളിയിലേക്കുചെന്ന് ലോകത്തെ ആക്രമിക്കണം. നമ്മുടെ മുമ്പിലുള്ള പ്രശ്‌നം നാള്‍ചെല്ലുംതോറും കൂടുതല്‍ വലിയ തോതുകള്‍ കൈക്കൊള്ളുകയാണ്. നമുക്കു നമ്മുടെ നാടിനെ പുനര്‍ജ്ജീവിപ്പിക്കണമെന്നതുമാത്രമല്ല – അതൊരു ചെറിയ കാര്യം. ഞാന്‍ ഭാവനാപ്രിയനായ ഒരുവനാണ്: എന്റെ ആശയം ഹിന്ദുവംശം ലോകത്തെ മുഴുവന്‍ കീഴടക്കണമെന്നത്രേ.
ആക്രമിച്ചു കീഴടക്കിപ്പോന്ന വമ്പിച്ച മനുഷ്യവംശങ്ങള്‍ ലോകത്തിലുണ്ടായിട്ടുണ്ട്. നാം നടത്തുന്ന ആക്രമണത്തിന്റെ കഥ മഹാനായ ആ ഭാരതചക്രവര്‍ത്തി, അശോകന്‍, വര്‍ണ്ണിച്ചിട്ടുള്ളത്, ധര്‍മ്മത്തിലൂടെയും ആദ്ധ്യാത്മികതയിലൂടെയുമുള്ള കീഴടക്കലെന്നാണ്. ഒരിക്കല്‍കൂടി ലോകത്തെ ഭാരതം കീഴടക്കണം. ഇതാണ് എന്റെ ജീവിത സ്വപ്നം. ഇന്നെന്റെ വാക്കുകള്‍ കേള്‍ക്കുന്ന നിങ്ങളോരോരുത്തനും ഇതേ സ്വപ്നം മനസ്സിലുണ്ടായെങ്കില്‍, അതു സാക്ഷാത്കരിക്കുന്നതുവരെ തുടര്‍ന്നു യത്‌നിച്ചെങ്കില്‍, എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഓരോ ദിവസവും പറയും, ഒന്നാമതായി സ്വന്തം വീടു നന്നാക്കാന്‍ നോക്കു, പിന്നെ മതി വെളിയിലേക്ക് കടന്നു പ്രയത്‌നിക്കുക എന്ന്. പക്ഷേ ഞാന്‍ വ്യക്തമായ ഭാഷയില്‍ പറയുന്നു, മറ്റുള്ളവര്‍ക്കുവേണ്ടി പ്രയത്‌നിക്കുമ്പോഴാണ് നിങ്ങളുടെ പ്രയത്‌നം അത്യുത്തമമാകുക. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിച്ചതു മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചപ്പോഴാണ്, കടലുകള്‍ക്കപ്പുറത്തു മറുഭാഷകളില്‍ നിങ്ങളുടെ ആശയങ്ങള്‍ വിതരണം ചെയ്യാന്‍ യത്‌നിച്ചപ്പോഴാണ്. ഈ സമ്മേളനംതന്നെ തെളിയിക്കുന്നു, സ്വന്തം ആശയങ്ങള്‍കൊണ്ടു മറു നാടുകളെ അഭിജ്ഞമാക്കാന്‍ ചെയ്ത യത്‌നം നമ്മുടെ നാടിനെത്തന്നെ തുണയ്ക്കുമെന്ന്. എന്റെ ആശയങ്ങളെ ഞാന്‍ ഭാരതത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കില്‍, ഞാന്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും പോകകൊണ്ട് ഇവിടെയുണ്ടായ ഫലത്തിന്റെ നാലിലൊന്നുപോലും ഉണ്ടാകാഞ്ഞേനേ. നമ്മുടെ മുമ്പിലുള്ള വലിയ ആദര്‍ശം ഇതാണ്, ഓരോരുത്തനും അതിനു തയ്യാറാകണം. ഭാരതം ലോകത്തെ മുഴുവന്‍ ആക്രമിക്കുക. ഇതില്‍ കുറഞ്ഞതൊന്നുമല്ല ആ ആദര്‍ശം. അതിനു നാമെല്ലാം തയ്യാറാകണം. ഓരോ ഞരമ്പും അതിനു വേണ്ടി പിടയണം. വിദേശീയര്‍ നമ്മുടെ നാട്ടില്‍ വന്നു സേനാവ്യൂഹങ്ങളുടെ ഒരു പ്രലയം സൃഷ്ടിക്കട്ടെ: അതു വകവെയ്‌ക്കേണ്ട. ഉത്തിഷ്ഠ ഭാരത! നിന്‍റെ ആദ്ധ്യാത്മികതകൊണ്ടു ലോകത്തെ വെല്ലുക. അതേ, ഈ ഭൂമിയില്‍ ആദ്യമായി പ്രഖ്യാപിക്കപ്പെട്ടതുപോലെ, വിദ്വേഷത്തെ സ്നേഹം ജയിക്കണം. വിദ്വേഷത്തിനു തന്നെത്തന്നെ കീഴടക്കാന്‍ കരുത്തില്ല. ഭൗതികവാദത്തെയും അതുളവാക്കുന്ന ദുരന്തങ്ങളെയും കീഴടക്കാന്‍ ഒരിക്കലും ഭൗതികവാദത്തിനു ത്രാണിയില്ല. സേനകള്‍ സേനകളെ കീഴടക്കാന്‍ തുനിയുമ്പോള്‍ അവ ചെയ്യുന്നത് അനര്‍ത്ഥങ്ങളെ പെരുപ്പിക്കയും മനുഷ്യരാശിയെ മൃഗീകരിക്കയും മാത്രമാണ്. പാശ്ചാത്യരെ ആദ്ധ്യാത്മികത കീഴടക്കണം. ജനതകളായി നിലനില്ക്കാന്‍ ആദ്ധ്യാത്മികത ആവശ്യമാണെന്ന് അവര്‍ പതുക്കെ കണ്ടുപിടിച്ചുവരുകയാണ്. അവര്‍ അതു കാത്തിരിക്കയാണ്. അതിനു കൊതിക്കയാണ്. പക്ഷേ അത് എവിടെനിന്നു വരാനാണ്? ലോകത്തിലെ ഓരോ രാജ്യത്തിലേക്കും ഭാരതത്തിലെ മഹാസിദ്ധന്മാരുടെ സന്ദേശങ്ങളുമായി പോകാന്‍ തയ്യാറുള്ള ആളുകളെവിടെ? ലോകത്തിന്റെ ഓരോ മൂലയിലും ഈ സന്ദേശമെത്തിക്കുവാന്‍വേണ്ടി സമസ്തവും ബലികഴിക്കാനൊരുക്കമുള്ള ആളുകളെവിടെ? അത്തരം ധീരാത്മാക്കളെയാണ് സത്യപ്രചാരത്തെ തുണയ്ക്കാന്‍ വേണ്ടത്. ധീരന്മാരായ അത്തരം പ്രവര്‍ത്തകരെയാണ് പുറത്തുചെന്നു വമ്പിച്ച വേദാന്തസത്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സഹായിക്കാന്‍ വേണ്ടത്. അതു ലോകത്തിന്റെ ആവശ്യമാണ്: അതില്ലെങ്കില്‍ ലോകം നാശമടയും. പാശ്ചാത്യലോകമാകെത്തന്നെ നാളെ പൊട്ടിത്തെറിക്കുന്ന, നാളെ തകര്‍ന്നു തരിപ്പണമായേക്കാവുന്ന, ഒരഗ്‌നിപര്‍വതത്തിന്‌മേലാണ്. അവര്‍ ലോകത്തിന്റെ മൂലകളെല്ലാം തിരഞ്ഞുകഴിഞ്ഞു. പക്ഷേ വിശ്രാന്തിയൊന്നും കണ്ടുകിട്ടിയിട്ടില്ല. വിഷയസുഖചഷകത്തിന്റെ അടിവരെ കുടിച്ചിട്ട് അതു വെറും മിഥ്യയാണെന്നു കണ്ടിരിക്കുന്നു. ഇതാണ്, ഭാരതത്തിന്റെ ആദ്ധ്യാത്മികാശയങ്ങള്‍ പാശ്ചാത്യദേശങ്ങളില്‍ അങ്ങേയറ്റംവരെ തുളച്ചുകയറത്തക്കവണ്ണം പ്രവര്‍ത്തിക്കാനുള്ള സമയം. മദ്രാസ്സിലെ യുവജനങ്ങളേ, അതുകൊണ്ട് ഇതോര്‍മ്മവെക്കണമെന്നു ഞാന്‍ പ്രത്യേകമായി നിങ്ങളോടു പറയുന്നു. നാം പുറത്തേക്ക് കടന്നുചെല്ലണം. നമ്മുടെ ആദ്ധ്യാത്മികതയിലും ദര്‍ശനത്തിലുംകൂടി ലോകത്തെ വെല്ലണം. മറ്റു പോംവഴിയൊന്നുമില്ല. ഒന്നുകിലതു നാം ചെയ്യണം, അല്ലെങ്കില്‍ തുലയണം! ജനതയുടെ ജീവിതം പ്രബുദ്ധവും ഉത്തേജകവുമായ ജനതാജീവിതം, എളുതാക്കുന്ന ഒരേ ഒരുപാധി ഭാരതീയചിന്ത ലോകത്തെ വെല്ലുക എന്നതത്രേ.
അതേസമയം മറ്റൊരു സംഗതി നാം മറക്കരുത്. ആദ്ധ്യാത്മികമായ ആശയങ്ങളിലൂടെ ലോകത്തെ വെല്ലുക എന്നതുകൊണ്ടു ഞാന്‍ അര്‍ത്ഥമാക്കുന്നത്, ജീവിതസന്ദായകമായ തത്ത്വങ്ങളെ വെളിയിലേക്ക് കടത്തിവിടുക എന്നാണ്: മറിച്ച്, നൂറ്റാണ്ടുകളായി നാം മാറോടണച്ചു വന്ന നൂറുനൂറ് അന്ധവിശ്വാസങ്ങളെയെന്നല്ല. ഈ ഭൂമിയില്‍നിന്ന് ഇവയൊക്കെ നാം എന്നെന്നേക്കുമായി പിഴുതെറിയണം: അവ നശിച്ചേ പോകട്ടെ. നമ്മുടെ വംശം അധഃപതിക്കാനുള്ള കാരണങ്ങളാണവ. ഇവ മസ്തിഷ്‌കത്തെ പതപ്പെടുത്തുകയും ചെയ്യും. ഉയര്‍ന്നതും ഉദാരവുമായ ചിന്തകള്‍ ചിന്തിക്കാനാവാത്ത മസ്തിഷ്‌കത്തെ, അപൂര്‍വ സര്‍ഗശക്തിയും ഓജസ്സുമറ്റ മസ്തിഷ്‌കത്തെ, മതത്തിന്റെ പേരില്‍ നടപ്പിലിരിക്കുന്ന ക്ഷുദ്രങ്ങളായ പല പല അന്ധവിശ്വാസങ്ങളിലൂടെ സ്വയം വിഷപ്പെടുത്തുന്ന മസ്തിഷ്‌കത്തെ, നാം നന്നെ സൂക്ഷിക്കണം. നമ്മുടെ ദൃഷ്ടിയില്‍ത്തന്നെ ഈ ഭാരതത്തില്‍ പല അപകടങ്ങളുമുണ്ട്. ഇവയിലൊന്നു നഗ്‌നമായ ഭൗതികവാദം: മറ്റൊന്ന് അതിനു കടകവിരുദ്ധവും നിര്‍ലജ്ജവുമായ അന്ധവിശ്വാസം. ഒന്നൊരു നീര്‍ച്ചുഴി: മറ്റേതൊരു പാറക്കെട്ട്. ഇവ രണ്ടില്‍നിന്നും നാം ഒഴിഞ്ഞുമാറണം. പാശ്ചാത്യമായ അഭിജ്ഞത നിറയെ കുടിച്ചിട്ടു തനിക്കെല്ലാം അറിയാമെന്നു ചിന്തിക്കുന്ന ഒരുതരം മനുഷ്യനുണ്ട് ഇന്ന്. അവനു പ്രാചീനരായ ഋഷിമാരെപ്പറ്റി ബഹുപുച്ഛമാണ്. ഹൈന്ദവചിന്തയെല്ലാം വെറും ചവറാണ്: ഹൈന്ദവദര്‍ശനം ശിശുജല്പനം: ഹൈന്ദവധര്‍മ്മം വിഡ്ഢികളുടെ അന്ധവിശ്വാസം. നേരേമറിച്ച്, അഭ്യസ്തവിദ്യനായ ഒരു തരക്കാരനുമുണ്ട്. അയാള്‍ക്ക് ഒരാശയത്തെച്ചൊല്ലി ഭ്രാന്തായിരിക്കയാണ്. അയാള്‍ മറ്റേ അറ്റംവരെ പാഞ്ഞെത്തി തൊട്ടതിന്റെയെല്ലാം നിമിത്തങ്ങള്‍ വിശദീകരിക്കാന്‍ വെമ്പുന്നു. തന്റെ വിശിഷ്ടജാതിയില്‍പ്പെട്ടവരോടും തന്റെ വിശിഷ്ടദേവതകളോടും തന്റെ വിശിഷ്ടഗ്രാമത്തോടും ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ക്കെല്ലാം അയാള്‍ക്കുള്ളതു ദാര്‍ശനികവും അതിഭൗതികവുമായ വ്യാഖ്യാനങ്ങളാണ്. എന്നല്ല, ഈശ്വരനേ അറിയാവൂ മറ്റേതെല്ലാംതരം ബാലിശ വ്യാഖ്യാനങ്ങളാണ് അയാള്‍ക്കുള്ളതെന്ന്. അയാളെസ്സംബന്ധിച്ചിടത്തോളം ഓരോ ഗ്രാമത്തിലേയും ക്ഷുദ്രങ്ങളായ അന്ധവിശ്വാസങ്ങള്‍ വേദവിധികളാണ്. ജനതയുടെ ജീവിതം, അയാളുടെ അഭിപ്രായത്തില്‍, ഈവക വിധികള്‍ നടപ്പാക്കുന്നതിനെ ആശ്രയിച്ചുമാണിരിക്കുന്നത്. ഇതിനെ നിങ്ങള്‍ സൂക്ഷിച്ചിരിക്കണം. എന്റെ അഭിപ്രായത്തില്‍, അന്ധവിശ്വാസികളായ വിഡ്ഢികളാകുന്നതിനെക്കാള്‍ ഭേദം തനി നാസ്തികരാകുന്നതാണ്: കാരണം, നാസ്തികനു ജീവനുണ്ട്. അയാളെ വല്ലതുമൊന്നാക്കിത്തീര്‍ക്കാന്‍ കഴിയും. പക്ഷേ, അന്ധവിശ്വാസം കടന്നുകൂടിയാല്‍, തലച്ചോറു പോയ്മറയും. അതു പതുത്തുതുടങ്ങും. അധഃപതനം ജീവിതത്തെ ഗ്രസിച്ചു കഴിഞ്ഞു. ഇതു രണ്ടും ഒഴിവാക്കണം. ചങ്കൂറ്റവും ചുണയുമുള്ള ആണുങ്ങളെയാണ് നമുക്കാവശ്യം. നമുക്കാവശ്യം രക്തത്തില്‍ ഓജസ്സും സിരകളില്‍ കരുത്തുമാണ്: ഇരുമ്പുപോലുള്ള മാംസപേശികളും ഉരുക്കില്‍ വാര്‍ത്തെടുത്ത സിരകളുമാണ്. അല്ലാതെ പതുപ്പിക്കുന്ന, പിണുപിണുത്ത, ആശയങ്ങളല്ല. ഇവയെല്ലാം ഒഴിവാക്കുക. രഹസ്യമെല്ലാം മാറ്റിവെയ്ക്കുക. മതത്തില്‍ രഹസ്യമില്ല. വേദാന്തത്തിലോ വേദത്തിലോ സംഹിതകളിലോ പുരാണങ്ങളിലോ വല്ല രഹസ്യവുമുണ്ടോ? പ്രാചീനരായ ഋഷിമാര്‍ സ്വമതം പ്രചരിപ്പിക്കാന്‍ എന്തു രഹസ്യസംഘങ്ങളാണ് സ്ഥാപിച്ചത്? തങ്ങളുടെ പ്രൗഢസത്യങ്ങള്‍ മനുഷ്യരാശിക്കെത്തിച്ചുകൊടുക്കാന്‍വേണ്ടി അവര്‍ പ്രയോഗിച്ച ഏതു കൈയടക്കവിദ്യകളാണ് രേഖപ്പെട്ടിട്ടുള്ളത്? ‘രഹസ്യ – വ്യവസായവും’ അന്ധവിശ്വാസവും എപ്പോഴും ദൗര്‍ബ്ബല്യത്തിന്റെ ചിഹ്‌നങ്ങളാണ്: എക്കാലവും അധഃപതനത്തിന്റെയും മരണത്തിന്റെയും ചിഹ്‌നങ്ങളാണ്. അതിനാല്‍ ഇവയെ സൂക്ഷിക്കണം. കരുത്തരാകുക, തന്‍കാലില്‍ത്തന്നെ നില്ക്കുക. വമ്പിച്ച കാര്യങ്ങളുണ്ട്, ഏറ്റവും അദ്ഭുതമായ കാര്യങ്ങള്‍! പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങള്‍ വെച്ചുകൊണ്ട് അവയെ പ്രകൃത്യതീതമെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇവയില്‍ രഹസ്യമായിട്ടൊന്നുമില്ല. മതതത്ത്വങ്ങള്‍ രഹസ്യങ്ങളാണെന്നോ, ഹിമാലയത്തിന്റെ ഹിമശിഖരങ്ങളില്‍ ഇരിക്കുന്ന ഒരു രഹസ്യസംഘത്തിന്റെ ഉടമയില്‍പ്പെട്ടവയാണ് അവയെന്നോ ഈ മണ്ണില്‍ ഒരിക്കലും പ്രചരിപ്പിച്ചിട്ടില്ല. ഹിമാലയത്തില്‍ ഞാന്‍ പോയിട്ടുണ്ട്. നിങ്ങള്‍ അവിടെ പോയിട്ടില്ലല്ലോ. നിങ്ങളുടെ വീടുകളില്‍നിന്നു ബഹുശതം കാതങ്ങള്‍ക്കപ്പുറത്താണ് ഹിമാലയം. സന്ന്യാസിയായ ഞാന്‍ കഴിഞ്ഞ പതിനാലു കൊല്ലമായി നടക്കയാണ്. ഒരിടത്തും രഹസ്യസംഘങ്ങളില്ലതന്നെ. ഈവക അന്ധവിശ്വാസങ്ങളുടെ പിന്നാലെ പാഞ്ഞുചെല്ലരുത്. തനിനാസ്തികരാകുന്നതാണ് തമ്മില്‍ ഭേദം, നിങ്ങള്‍ക്കും നിങ്ങളുടെ വംശത്തിനും. എന്തുകൊണ്ടെന്നാല്‍, അപ്പോഴും, നിങ്ങള്‍ക്കു കരുത്തു കാണും. ഇവയാകട്ടേ അധഃപതനമാണ്, മരണമാണ്. ഈവക അന്ധവിശ്വാസങ്ങള്‍ക്കായി കരുത്തുള്ള മനുഷ്യര്‍ സമയം പാഴാക്കരുത്: ലോകത്തിലെ ഏറ്റവും ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ വ്യാഖ്യാനിക്കാന്‍ അന്യാപദേശങ്ങള്‍തേടി സമയം ചെല വഴിക്കരുത്: ഇതു മനുഷ്യവംശത്തിനുതന്നെ ലജ്ജാവഹമാണ്. ചുണയുള്ളവരാകണം. എല്ലാം ആ വിധം വ്യാഖ്യാനിക്കാന്‍ നോക്കേണ്ട. നമുക്ക് അന്ധവിശ്വാസങ്ങള്‍ പലതുണ്ടെന്നതാണ് വസ്തുസ്ഥിതി. നമ്മുടെ ശരീരത്തില്‍ പല പാടുകളും വ്രണങ്ങളുമുണ്ട്. ഇവയൊക്കെ ഛേദിക്കണം, മുറിച്ചുതള്ളണം, നശിപ്പിക്കണം. പക്ഷേ ഇവയൊന്നും നമ്മുടെ മതത്തെ, നമ്മുടെ ജനതാജീവിതത്തെ, നമ്മുടെ ആദ്ധ്യാത്മികതയെ, നശിപ്പിക്കില്ല. മതതത്ത്വങ്ങളെല്ലാം സുരക്ഷിതമാണ്. കറുത്ത ഈ പുള്ളികള്‍ എത്ര വേഗം നാം കഴുകിമാറ്റുന്നുവോ അത്രയേറെ മെച്ചത്തില്‍, അത്രയേറെ ശ്ലാഘ്യമായി, ആ തത്ത്വങ്ങള്‍ തിളങ്ങും. അവയെ മുറുകെ പിടിക്കണം.
[വിവേകാനന്ദസാഹിത്യസര്‍വസ്വം – നമ്മുടെ കര്‍ത്തവ്യം (മദ്രാസില്‍ ട്രിപ്ലിക്കേന്‍ സാഹിത്യസമാജത്തില്‍വെച്ചു ചെയ്ത പ്രസംഗം) – തുടരും]