സ്വാമി വിവേകാനന്ദന്‍

ഓരോ മതവും, അതാണ് ഈ ലോകത്തില്‍ ഒരേ വിശ്വമതമെന്ന് അവകാശപ്പെടുന്നതു കേള്‍ക്കാം.  ഒന്നാമതായി എനിക്കു പറയാനുള്ളത് അങ്ങനെ ഒരു വസ്തുവില്ലെന്നാണ്.  എങ്കിലും അത്തരത്തിലൊന്നാണെന്ന് അവകാശപ്പെടാന്‍ കഴിവുള്ള ഒരു മതമുണ്ടെങ്കില്‍ അതു നമ്മുടെ മതമല്ലാതെ മറ്റൊന്നല്ലതന്നെ. കാരണം, മറ്റു മതങ്ങളെല്ലാം വല്ല വ്യക്തിയെയോ വ്യക്തികളെയോ ആശ്രയിച്ചാണ്  നില്ക്കുന്നത്. ഐതിഹാസികവ്യക്തി എന്നു കരുതപ്പെടുന്ന ഒരുവന്റെ  ജീവിതത്തിനു ചുറ്റുമായിട്ടാണ് മറ്റു മതങ്ങളെല്ലാം പടുത്തിട്ടുള്ളത്. മതത്തിന്റെ കരുത്തെന്നു വിചാരിച്ചുവരുന്ന അതു വാസ്തവത്തില്‍ അതിന്റെ ദൗര്‍ബല്യമാണ്. എന്തുകൊണ്ടെന്നാല്‍, ആ വ്യക്തിയുടെ ഐതിഹാസികതയെ തകര്‍ത്താല്‍ ആ സൗധമാകെ തകര്‍ന്നു നിലംപറ്റുകയായി. മഹാന്മാരായ മതപ്രതിഷ്ഠാപകരുടെ ജീവിതങ്ങളില്‍ പകുതിയും തച്ചുടയ്ക്കപ്പെട്ടിരിക്കുന്നു. മറ്റേപകുതി ഗുരുതരമായ സംശയത്തിനു വിഷയമായിരിക്കയുമാണ്. ഈ നിലയില്‍ അവരുടെ വാക്കുകളുടെമാത്രം പിന്‍ബലമുള്ള സത്യങ്ങളെല്ലാം കാറ്റില്‍പ്പറത്തപ്പെട്ടിരിക്കുന്നു. നേരേ മറിച്ച്, നമ്മുടെ മതതത്ത്വങ്ങള്‍ അവരെയാരെയും ആശ്രയിച്ചല്ല നിലകൊള്ളുന്നത്. കൃഷ്ണനെ ശ്ലാഘ്യനാക്കിയത് അവിടുന്നു കൃഷ്ണനാണ് എന്ന വസ്തുതയല്ല: മഹാനായ ഒരു വേദാന്താചാര്യനാണ് അവിടുന്ന് എന്ന വസ്തുതയത്രേ. അങ്ങനെയല്ലായിരുന്നെങ്കില്‍ അവിടത്തെ നാമധേയവും, ബുദ്ധന്റെയെന്നപോലെ, ഭാരതത്തില്‍നിന്നു തിരോഭവിച്ചേനേ. അങ്ങനെ നമ്മുടെ ഭക്തി എക്കാലവും തത്ത്വങ്ങളോടാണ്, വ്യക്തികളോടല്ല, തത്ത്വങ്ങളുടെ മൂര്‍ത്തീഭാവങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ മാത്രമാണ് വ്യക്തികള്‍. തത്ത്വങ്ങളുണ്ടെങ്കില്‍ ആയിരവും ദശലക്ഷവും  വ്യക്തികള്‍ വന്നുകൊള്ളും. തത്ത്വങ്ങള്‍ സുരക്ഷിതമാണെങ്കില്‍, ബുദ്ധനെപ്പോലുള്ള വ്യക്തികള്‍ നൂറും ആയിരവുമായി ഉണ്ടായിക്കൊള്ളും.  മറിച്ച്, തത്ത്വം നശിക്കയും മറക്കപ്പെടുകയും ചെയ്തിട്ടും, ജനതയുടെ ജീവിതമാകമാനം വല്ല ഐതിഹാസികവ്യക്തിയേയും ചുറ്റിനില്ക്കാനൊരുമ്പെട്ടാല്‍ ആ മതത്തിന്റെ കഥ പരിതാപകരമാണ്. ആ മതത്തിന് അപകടമാണ് വന്നുകൂടുക. നമ്മുടെ മതംമാത്രമേ ഒരു വ്യക്തിയേയോ വ്യക്തികളേയോ ആശ്രയിക്കാതുള്ളു. അതു തത്ത്വങ്ങളിലാണ് അടിയുറച്ചുനില്ക്കുന്നത്. അതോടൊപ്പം അതില്‍ ദശലക്ഷം വ്യക്തികള്‍ക്ക് ഇടം നല്കുന്നുമുണ്ട്. വ്യക്തികളെ അവതരിപ്പിക്കുവാന്‍ വേണ്ടത്ര ഉപപത്തിയുണ്ട്: പക്ഷേ അവരോരോരുത്തനും തത്ത്വങ്ങളെ ഉദാഹരിക്കണമെന്നുമാത്രം. ഇതു മറന്നുകൂടാ; നമ്മുടെ മതത്തിന്റെതായ ഈ തത്ത്വങ്ങളെല്ലാം സുരക്ഷിതമാണ്. നാമോരോരുത്തന്റെയും ജീവിതകൃത്യം, അവയെല്ലാം സുരക്ഷിതമാക്കിവെക്കയും, യുഗങ്ങളിലെ മാലിന്യങ്ങള്‍ അവയില്‍ വന്നടിയാതെ സൂക്ഷിക്കയുമാകണം. നമ്മുടെ വംശത്തിനു കൂടെക്കൂടെ പിടിപെട്ട അധഃപതനമൊക്കെയുണ്ടായിട്ടും, ഈ വേദാന്തതത്ത്വങ്ങള്‍ ഒരിക്കലും മലിനപ്പെട്ടില്ലെന്ന വസ്തുത അദ്ഭുതമാണ്. ആരും, എത്ര നീചനും, അവയ്ക്കുമേല്‍ ചെളി വാരിയെറിയാന്‍ ധൈര്യപ്പെടില്ല. നമ്മുടെ മതഗ്രന്ഥങ്ങളാണ് ലോകത്തില്‍വെച്ച് ഏറ്റവും ഉത്തമമായ രീതിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. മറ്റു ഗ്രന്ഥങ്ങളോടു തുലനംചെയ്യുമ്പോള്‍ കാണാം, അവയില്‍ പ്രക്ഷേപങ്ങളും ഗ്രന്ഥ വരികളുടെ ഒടിച്ചുമടക്കലും ചിന്താസാരത്തിന്റെ ഉന്മൂലനവും ഉണ്ടായിട്ടില്ലെന്ന്. തുടക്കത്തില്‍ എങ്ങനെയിരുന്നുവോ അതുപോലെതന്നെ, മനുഷ്യന്റെ മനസ്സിനെ ആദര്‍ശത്തിലേക്ക്, ലക്ഷ്യത്തിലേക്ക്, നയിച്ചു കൊണ്ട് അതു നിലകൊള്ളുന്നു.

പല വ്യാഖ്യാതാക്കന്മാരും ഈ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. വലിയ ആചാര്യന്മാര്‍ ഇവയെ പ്രചരിപ്പിച്ചിട്ടുണ്ട്. പല മതവിഭാഗങ്ങള്‍ ഇവയില്‍ അടിയുറച്ചിട്ടുണ്ട്. ഈ വേദഗ്രന്ഥങ്ങളില്‍ പരസ്പരം പൊരുത്തപ്പെടാത്തതെന്നു തോന്നുന്ന പല ആശയങ്ങളും കാണാനുണ്ട്. ചില വാക്യങ്ങള്‍ തികച്ചും ദ്വൈതപരമാണ്, മറ്റു ചിലതു തികച്ചും അദ്വൈതപരവും. ദ്വൈതിയായ വ്യാഖ്യാതാവ്, കൂടുതല്‍ വിവേകമില്ലാത്തതിനാല്‍, അദ്വൈതവാക്യങ്ങളുടെ തലയ്ക്കു കിഴുക്കാന്‍ കൊതിക്കുന്നു. ഇവയൊക്കെ ദ്വൈതാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ പ്രചാരകന്മാരും പുരോഹിതന്മാരും വെമ്പുന്നു. ദ്വൈതപരമായ വാക്യങ്ങളോട് അദ്വൈതിയായ വ്യാഖ്യാതാവും ഇതേ മട്ടില്‍ പെരുമാറുന്നു. ഇതു വേദങ്ങളുടെ കുറ്റമല്ലതാനും. വേദങ്ങളെല്ലാം ദ്വൈതപരമാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതു വിഡ്ഢിത്തമാണ്. ഒപ്പംതന്നെ വിഡ്ഢിത്തമാണ്,  വേദങ്ങളെല്ലാം അദ്വൈതപരമാണെന്നു കാട്ടാന്‍ തുനിയുന്നതും. അവ ദ്വൈതപരവും അദ്വൈതപരവുമാണ്. കൂടുതല്‍  പുതുമയുള്ള ആശയങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് ഇന്ന് അവ കൂടുതല്‍ സുഗമമാണ്. മനസ്സിന്റെ വികാസത്തിനു ദ്വൈതപരവും അദ്വൈതപരവുമായ ആശയങ്ങള്‍ ആവശ്യമാണെന്ന നിഗമനത്തിലെത്തിക്കുന്ന വിവിധാശയങ്ങള്‍ മാത്രമാണ് അവ. അതുകൊണ്ടുതന്നെയാണ് വേദങ്ങള്‍ അവയെ പ്രചരിപ്പിക്കുന്നതും. മനുഷ്യരാശിയോടുള്ള കാരുണ്യംകൊണ്ടു കൂടുതല്‍ ഉയര്‍ന്ന ലക്ഷ്യത്തിലെത്താന്‍ പല പടികള്‍ കാട്ടിത്തരുകയാണ് വേദങ്ങള്‍. കുട്ടികളെ മോഹിപ്പിക്കാന്‍ പരസ്പരവിരുദ്ധങ്ങളും വ്യര്‍ത്ഥങ്ങളുമായ വാക്കുകള്‍ പ്രയോഗിക്കുന്നു. എന്നല്ല, കുട്ടികള്‍ക്കു മാത്രമല്ല, പ്രായമായവരില്‍ പലര്‍ക്കും അവ ആവശ്യമാണ്.

നമുക്കു ശരീരമുള്ളിടത്തോളം കാലം,  ശരീരംതന്നെ നാമെന്ന ആശയം നമ്മെ വ്യാമോഹിപ്പിക്കുന്നിടത്തോളം കാലം, പുരുഷവിധനായ ഒരീശ്വരന്‍ നമുക്കു കൂടിയേ തീരൂ. ഈ ആശയങ്ങളെല്ലാം നമുക്കുണ്ടെങ്കില്‍, രാമാനുജന്‍ തെളിയിച്ചതുപോലെ, ഈശ്വരനെയും പ്രകൃതിയെയും ജീവനെയും പറ്റിയുള്ള ആശയങ്ങളും കൈക്കൊള്ളേണ്ടിവരും. ഇതിലൊന്നു (ജീവനെന്നതു) കൈക്കൊണ്ടാല്‍, ആ ത്രികോണമാസകലം കൈക്കൊള്ളേണ്ടിവരും – ഇതൊഴിവാക്കാവതല്ല. അതിനാല്‍ ബാഹ്യലോകം കാണുന്നിടത്തോളം കാലം, പുരുഷവിധനായ ഒരീശ്വരനെയും ആത്മാവിനെയും തള്ളിക്കളയുന്നതു തനിഭ്രാന്താണ്. എന്നാല്‍ സിദ്ധന്മാരുടെ ജീവിതത്തില്‍ മനുഷ്യമനസ്സു സ്വപരിമിതികളെ അതിവര്‍ത്തിക്കുന്ന, മനുഷ്യന്‍ പ്രകൃതിക്കുമപ്പുറം പോകുന്ന, മുഹൂര്‍ത്തങ്ങളുണ്ടാകാം. പ്രകൃതിക്കപ്പുറത്തെ ആ മണ്ഡലത്തെപ്പറ്റിയാണ് ശ്രുതി പ്രഖ്യാപിക്കുന്നത്, ‘എവിടെനിന്നാണോ മനസ്സോടൊത്തു വാക്കുകളും ചെന്നെത്താതെ പിന്‍വാങ്ങുന്നത്’ ‘അവിടെ കണ്ണിനോ വാക്കിനോ മനസ്സിനോ എത്താവതല്ല’ ‘അതറിയാമെന്നോ അറിഞ്ഞുകൂടെന്നോ പറയാവതല്ല’ എന്ന് അവിടെ മനുഷ്യാത്മാവു സ്വപരിമിതികളെ അതിവര്‍ത്തിക്കുന്നു, അപ്പോള്‍ മാത്രമാണ് അദ്വൈതഭാവന മനുഷ്യാത്മാവില്‍ വെട്ടിത്തിളങ്ങുന്നത്, ‘ഞാനും പ്രപഞ്ചം മുഴുവനും ഒന്നുതന്നെ: ഞാനും ബ്രഹ്മവും ഒന്നുതന്നെ,’ എന്ന്. ഈ നിഗമനത്തിലെത്തുക ജ്ഞാനത്തിലൂടെയും ദര്‍ശനത്തിലൂടെയും മാത്രമല്ലെന്നും കാണാം. അതിന്റെ ചില അംശങ്ങളിലെത്തിയതു പ്രേമപ്രഭാവത്തിലൂടെയാണ്. ഭാഗവതത്തില്‍ നാം വായിക്കുന്നു, ‘കൃഷ്ണന്‍ മറഞ്ഞ് അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഗോപിമാര്‍ വിലപിക്കെ അവരുടെ മനസ്സിനെ കൃഷ്ണനെക്കുറിച്ചുള്ള ചിന്ത ഒട്ടേറെ വിവശമാക്കി. ഒടുവില്‍ അവരിലോരോരുത്തിയും സ്വശരീരംതന്നെ മറന്നു സ്വയം കൃഷ്ണനെന്നു നിനച്ചു. പിന്നെ, സ്വയം അണിഞ്ഞൊരുങ്ങി കൃഷ്ണനെപ്പോലെ ലീലാവിലാസത്തിനൊരുങ്ങി’ എന്ന്. അങ്ങനെ ഈ താദാത്മ്യം പ്രേമത്തിലൂടെയും കൈവരുമെന്നു ധരിക്കാം. പ്രാചീനകാലത്തു പേഴ്‌സ്യയിലെ ഒരു സൂഫികവി ഒരു കവിതയില്‍ പറയുകയാണ്; ‘ഞാന്‍ പ്രാണനാഥന്റെ അടുത്തുചെന്നു: കതക് അടച്ചതായി കണ്ടു. കതകില്‍ തട്ടി. ഉള്ളില്‍നിന്നൊരു ശബ്ദം വന്നു. ‘ആരവിടെ?’ ഞാന്‍ മറുപടി കൊടുത്തു; ‘ഞാന്‍തന്നെ’. കതകു തുറന്നില്ല. ഞാന്‍ രണ്ടാമതും ചെന്നു കതകില്‍ തട്ടി. അതേ സ്വരത്തില്‍ ചോദ്യമുണ്ടായി, ‘ആരാ അവിടെ?’ ‘ഞാന്‍ ഇന്ന ആളാണ്.’ കതകു തുറന്നില്ല. മൂന്നാമതും ചെന്നു. അതേ ചോദ്യം – ‘ആരവിടെ?’ ‘പ്രിയതമ! നീതന്നെ ഞാന്‍’ അപ്പോള്‍ കതകു തുറന്നു.

അങ്ങനെ പല ഘട്ടങ്ങളാണുള്ളത്. അവയെപ്പറ്റി വിവദിക്കേണ്ടതില്ല. നമുക്കു ബഹുമാന്യരായ പഴയ വ്യാഖ്യാതാക്കന്മാരുടെ ഇടയില്‍ വിവാദങ്ങളുണ്ടാവാം. അറിവിന്നതിരില്ല. പണ്ടോ ഇന്നോ വല്ലവരുടെയും സ്വകാര്യ സമ്പത്തായിരുന്ന സര്‍വജ്ഞതയില്ല. പൊയ്‌പോയ കാലങ്ങളില്‍ സിദ്ധന്മാരും ഋഷിമാരും ഉണ്ടായിരുന്നെങ്കില്‍, ഇന്നും അങ്ങനെ പലരുമുണ്ടെന്നു തീര്‍ച്ചപ്പെടുത്തുകയേ വേണ്ടു. പഴയകാലങ്ങളില്‍ വ്യാസന്മാരും വാല്മീകിമാരും ശങ്കരാചാര്യന്മാരുമുണ്ടായിരുന്നെങ്കില്‍, നിങ്ങളില്‍ ഓരോരുത്തനും ഓരോ ശങ്കരാചാര്യര്യരായിക്കൂടേ? നമ്മുടെ മതത്തെപ്പറ്റി എപ്പോഴും ഓര്‍ക്കേണ്ട മറ്റൊരു വസ്തുതയാണിത്. മറ്റു മതഗ്രന്ഥങ്ങളുടെ പ്രാമാണ്യത്തിന്റെ ഉറവിടം അന്തഃപ്രബോധമാണ്. പക്ഷേ ഈ അന്തഃപ്രബോധം വളരെക്കുറച്ചുപേര്‍ക്കു മാത്രമുള്ളതായിട്ടാണിരിപ്പ്. അവരിലൂടെയാണ് സാമാന്യജനത്തിലേക്കു സത്യം വളരുന്നത്. അവരെ നാമൊക്കെ അനുസരിച്ചുകൊള്ളണം. നസ്സറത്തിലെ യേശുവിനു സത്യം കൈവന്നു: അദ്ദേഹത്തെ നാമൊക്കെ അനുസരിച്ചു കൊള്ളണം. മന്ത്രദ്രഷ്ടാക്കളായ, ആശയദര്‍ശികളായ, ഭാരതീയര്‍ഷിമാര്‍ക്കും സത്യം കൈവന്നു: ഭാവിയിലുള്ളവര്‍ക്കും അതു കൈവരും. പ്രഭാഷണക്കാര്‍ക്കും, ഗ്രന്ഥമുരുക്കഴിക്കുന്നവര്‍ക്കും പണ്ഡിതന്മാര്‍ക്കും ഭാഷാശാസ്ത്രജ്ഞന്മാര്‍ക്കുമല്ല, ആശയദര്‍ശികള്‍ക്കാണ് സത്യം കൈവരുന്നത്. ഏറിയ പ്രവചനത്തിലൂടെയോ, അത്യുത്കൃഷ്ടമായ മേധയിലൂടെയോ മതഗ്രന്ഥത്തിലൂടെയോ അല്ല ആത്മപ്രാപ്തി ഉണ്ടാകുന്നത്. ഇങ്ങനെ പറയുന്നതു മതഗ്രന്ഥങ്ങള്‍തന്നെയാണ്. ഇത്ര ധീരമായ ഒരു പ്രമേയം – വേദാദ്ധ്യയനത്തിലൂടെപോലും  ആത്മപ്രാപ്തി ശക്യമല്ലെന്ന പ്രമേയം – മറ്റേതെങ്കിലും മതഗ്രന്ഥങ്ങളില്‍ കാണുന്നുണ്ടോ? ഹൃദയം തുറക്കണം. പള്ളിയില്‍ പോകലോ, നെറ്റിക്കുറിയിടലോ, ഒരു സവിശേഷമട്ടില്‍ ആടയണിയലോ അല്ല മതം. മാരിവില്ലിന്റെ നിറങ്ങളെല്ലാം സ്വയം പൂശിക്കൊള്ളൂ. പക്ഷേ ഹൃദയം തുറന്നില്ലെങ്കില്‍, ഈശ്വരനെ സാക്ഷാത്കരിച്ചില്ലെങ്കില്‍, അതൊക്കെ വ്യര്‍ത്ഥം. ഒരുവനു ഹൃദയത്തിന്റെ നിറം വന്നുകഴിഞ്ഞാല്‍പ്പിന്നെ മറ്റു ബാഹ്യവര്‍ണ്ണങ്ങളൊന്നും വേണ്ട. അതാണ് വാസ്തവമായ മതാനുഭൂതി. നിറങ്ങളും മറ്റും നമ്മെ തുണയ്ക്കുന്ന നിലയില്‍ നന്നെന്ന കാര്യം മറക്കരുത്. അത്രത്തോളം അവയ്ക്കു സ്വാഗതം നല്കണം. എന്നാല്‍ അവ അധഃപതിപ്പിക്കാനിടയുണ്ട്: തുണയ്ക്കുന്നതിനുപകരം അവ തടഞ്ഞേക്കും: ബാഹ്യമായ ചടങ്ങുകളും മതവും ഒന്നാണെന്നു കരുതിയേക്കും. ആദ്ധ്യാത്മികജീവിതം ക്ഷേത്രത്തില്‍  പോകുന്നതു മാത്രമായിത്തീരുന്നു. മതജീവിതം പുരോഹിതന്മാര്‍ക്കു ദക്ഷിണ നല്കുന്നതുമാത്രമായിത്തീരുന്നു. ഇതൊക്കെ അപായമയവും ദോഷബഹുലവുമാണ്: ഉടനടി തടയപ്പെടേണ്ടവയാണ്. ബാഹ്യേന്ദ്രിയങ്ങള്‍ നല്കുന്ന ജ്ഞാനം പോലും മതമല്ലെന്നു നമ്മുടെ മതഗ്രന്ഥങ്ങള്‍ കൂടെക്കൂടെ വിളിച്ചു പറയുന്നുണ്ട്. കൂടസ്ഥമായ ഒന്നിനെ അനുഭവത്തില്‍ കൊണ്ടുവരുന്നതെന്തോ അതാണ് മതം. ഓരോരുത്തനുമുള്ള മതം അതാണ്. പരമസത്യം സാക്ഷാത്കരിക്കുന്നവന്‍, സ്വഭാവത്തില്‍ ആത്മാവിനെ സാക്ഷാത്കരിക്കുന്നവന്‍, ഈശ്വരനെ മുഖത്തോടുമുഖം കാണുന്നവന്‍, ഓരോ വസ്തുവിലും ഈശ്വരനെമാത്രം കാണുന്നവന്‍, ഋഷിയായിരിക്കുന്നു. ഋഷിയാകാത്തിടത്തോളം കാലം നിങ്ങള്‍ക്കു മതജീവിതം എന്നൊന്നില്ല. അപ്പൊഴേ നിങ്ങളുടെ മതം തുടങ്ങൂ. ഇപ്പോള്‍ വെറും ഒരുക്കംമാത്രം. അപ്പോള്‍ നിങ്ങള്‍ക്കു മതോദയമാകും. ഇപ്പോള്‍ നിങ്ങള്‍ ബുദ്ധിക്കസര്‍ത്തുകളിലും  ശാരീരികപീഡനങ്ങളിലും കൂടി കടന്നുപോകുക മാത്രമാണ്.

അതിനാല്‍ മോക്ഷേച്ഛുക്കളെല്ലാം ഋഷിത്വത്തിലൂടെ കടന്നുപോകണം: മന്ത്രദ്രഷ്ടാക്കളാകണം, ഈശ്വരനെ കാണണം എന്നത്രേ നമ്മുടെ മതം വ്യക്തമായി, സ്പഷ്ടമായി, അനുശാസിക്കുന്നതെന്നു നാം ഓര്‍ക്കേണ്ടതുണ്ട്. അതാണ് മോക്ഷം: അതാണ് നമ്മുടെ ശാസ്ത്രങ്ങള്‍ നിശ്ചയിച്ച നിയമം. അപ്പോള്‍, ശാസ്ത്രങ്ങളില്‍ സ്വന്തം കണ്ണുകൊണ്ടു നോക്കാനും, സ്വയം അവയുടെ അര്‍ത്ഥം ധരിക്കാനും, നമ്മുടെ ആവശ്യങ്ങളെ അപഗ്രഥിക്കാനും, സ്വതന്ത്രമായി സത്യം മനസ്സിലാക്കാനും നമുക്ക് എളുപ്പമാകും. ഇതാണ് കര്‍ത്തവ്യം. ഒപ്പം പ്രാചീനരായ ഋഷിമാരെ, അവര്‍ ചെയ്തതിനെല്ലാംവേണ്ടി, പൂര്‍ണ്ണമായി സമാദരിക്കയും വേണം. പ്രാചീനരായ ആ ഋഷിമാര്‍ മഹാന്മാരായിരുന്നു. എന്നാല്‍ നമുക്കു കൂടുതല്‍ മഹത്ത്വം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കാലത്ത് അവര്‍ വമ്പിച്ച കാര്യമാണ് ചെയ്തിട്ടുള്ളത്: പക്ഷേ അതിലും വമ്പിച്ച  കാര്യമാണ് നമുക്കു ചെയ്യാനുള്ളത്. പ്രാചീനഭാരതത്തില്‍ ശതക്കണക്കിനാണ് ഋഷിമാരുണ്ടായിരുന്നത്: നമുക്കു ദശലക്ഷക്കണക്കിനുണ്ടാകും –  അങ്ങനെയാണുണ്ടാകാന്‍ പോകുന്നത്. നിങ്ങളോരോരുത്തനും എത്ര വേഗം ഇതു വിശ്വസിക്കുന്നുവോ അത്രയും കൂടുതല്‍ നന്മയാണ് ഭാരതത്തിനും ലോകത്തിനും. നിങ്ങള്‍ എന്തു വിശ്വസിക്കുന്നുവോ നിങ്ങള്‍ അതായിത്തീരും. സിദ്ധന്മാരാണെന്നു സ്വയം വിശ്വസിച്ചാല്‍ നിങ്ങള്‍ സിദ്ധന്മാരാവും. നിങ്ങളെ തടസ്സപ്പെടുത്താന്‍ ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍, തമ്മില്‍ തെറ്റി കലഹിക്കുന്നതായി തോന്നുന്ന നമ്മുടെ മതവിഭാഗങ്ങള്‍ക്കെല്ലാംകൂടി പൊതുവേ ഒരു സിദ്ധാന്തമുണ്ടെങ്കില്‍ അതിതാണ്; ആത്മാവിലിപ്പൊഴേ ഉണ്ട് എല്ലാ മഹിമയും പ്രഭാവവും വിശുദ്ധിയും. രാമാനുജന്‍ പറയുന്നു; ‘ആത്മാവു ചിലപ്പോള്‍ സങ്കോചിക്കയും വികസിക്കയും ചെയ്യു’മെന്ന്. ശങ്കരന്‍ പറയുന്നു; ‘ആത്മാവു മോഹത്തിനടിപ്പെടുന്നു’ എന്ന്. ഈ വ്യത്യാസങ്ങള്‍ വക വെയ്‌ക്കേണ്ടതില്ല. പ്രഭാവം അവിടെത്തന്നെ ഉണ്ടെന്ന സത്യം എല്ലാവര്‍ക്കും അഭിമതമാണ്. ഒരു സാദ്ധ്യതയായോ യാഥാര്‍ത്ഥ്യമായോ അതവിടെയുണ്ട്. എത്ര വേഗം നിങ്ങളതു വിശ്വസിക്കുന്നുവോ അത്രയുമേറെ നിങ്ങള്‍ക്കതു നന്ന്. പ്രഭാവങ്ങളെല്ലാം നിങ്ങളിലുണ്ട്. നിങ്ങള്‍ക്കെന്തും ഏതും ചെയ്യാന്‍ കഴിവുണ്ട്. അതു വിശ്വസിക്കുക. ‘ദുര്‍ബലരാണ് ഞങ്ങള്‍’ എന്നു കരുതരുത്. ‘പകുതി ബുദ്ധികെട്ട ഭ്രാന്തരാണ് ഞങ്ങള്‍’ എന്നു കരുതരുത്. നമ്മിലധികംപേരും ഈയിടെ ചെയ്യുന്നതതാണ്. മറ്റാരുടെയും നേതൃത്വമില്ലാതെ, എല്ലാം നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയും. പ്രഭാവങ്ങളെല്ലാം അവിടെയുണ്ട്: എഴുന്നേറ്റുനിന്നു നിങ്ങളിലുള്ള ദിവ്യതയെ ആവിഷ്‌കരിക്കുക.

[വിവേകാനന്ദസാഹിത്യസര്‍വസ്വം – നമ്മുടെ കര്‍ത്തവ്യം (മദ്രാസില്‍ ട്രിപ്ലിക്കേന്‍ സാഹിത്യസമാജത്തില്‍വെച്ചു ചെയ്ത പ്രസംഗം) ]