സ്വാമി വിവേകാനന്ദന്‍

നമ്മുടെ ഗ്രന്ഥങ്ങളില്‍ സംഭൃതമായ ആദ്ധ്യാത്മികാശയരത്‌നങ്ങള്‍ ആദ്യമായി വെളിയില്‍ കൊണ്ടുവരുവാനാണ് എന്റെ വിചാരം. ആ രത്‌നങ്ങള്‍ ഇപ്പോള്‍ ചുരുക്കം ചിലരുടെ ഉടമയില്‍പ്പെട്ടുകിടക്കുകയാണ്: സന്ന്യാസിമഠങ്ങളിലും വനങ്ങളിലും ഒളിച്ചുവെച്ചിരിക്കുകയാണോ എന്നു തോന്നും. അവയൊക്കെ വെളിയില്‍ കൊണ്ടുവരുക. അവയില്‍നിന്ന് അറിവു വെളിയില്‍ കൊണ്ടുവരുക. അത് ആരുടെ പക്കല്‍ അമര്‍ന്നിരിക്കുന്നുവോ അവരില്‍നിന്നുമാത്രമല്ല, കുറേക്കൂടി ദുഷ്ര്പാപ്യമായ ആ പേടകത്തില്‍നിന്ന്, സുരക്ഷിതമാക്കി വെച്ചിട്ടുള്ള ആ ഭാഷയില്‍നിന്ന്, പല നൂറ്റാണ്ടുകളായി തോടുപിടിച്ചുകിടക്കുന്ന സംസ്‌കൃതവാക്കുകളില്‍നിന്ന്, വെളിയില്‍ കൊണ്ടുവരുക. ഒറ്റവാക്കില്‍ പറയാം, അവയൊക്കെ പൊതുജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അവര്‍ സംസ്‌കൃതമറിയട്ടെ, അറിയാതിരിക്കട്ടെ, ഈ ആശയങ്ങളെല്ലാം ഭാരതീയനായ ഓരോ മനുഷ്യന്റെയും പൊതു സ്വത്താകത്തക്കവണ്ണം ഇവയെ വെളിപ്പെടുത്താനാണ് ഞാനാഗ്രഹിക്കുന്നത്. ഈ വഴിയിലുള്ള വലിയ വൈഷമ്യം സംസ്‌കൃതഭാഷയാണ്, നമ്മുടെ മഹനീയഭാഷ. ഈ വൈഷമ്യം നീക്കുവാന്‍, കഴിയുമെങ്കില്‍ നമ്മുടെ ജനതയില്‍ പെടുന്നവരെല്ലാം നല്ല സംസ്‌കൃതപണ്ഡിതന്മാരാകണം. ജീവിതം മുഴുവന്‍ സംസ്‌കൃതഭാഷ പഠിച്ചുകൊണ്ടിരുന്ന എനിക്കുപോലും പുതുതായ ഓരോ സംസ്‌കൃതഗ്രന്ഥവും പുത്തനാണെന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ വൈഷമ്യം ബോധപ്പെടും. അപ്പോള്‍ ആ ഭാഷ വേണ്ടതുപോലെ പഠിക്കാന്‍ ഇടകിട്ടാത്തവര്‍ക്ക് എത്ര കൂടുതല്‍ പ്രയാസമുണ്ടാവും! അതിനാല്‍ പൊതുജനങ്ങളെ അവരുടെ ഭാഷയില്‍ത്തന്നെ ഈ ആശയങ്ങള്‍ പഠിപ്പിക്കണം. അതോടൊപ്പം സംസ്‌കൃതവിദ്യാഭ്യാസവും നടന്നുവരണം. എന്തു കൊണ്ടെന്നാല്‍, സംസ്‌കൃതവാക്കുകളുടെ നാദംതന്നെ നമ്മുടെ വംശ്യര്‍ക്ക് അന്തസ്സും കെല്പും കരുത്തും കൈവരുത്തുന്നതാണ്.

ഭാരതത്തിലെ അധഃകൃതരെ ഉന്നമിപ്പിക്കുവാന്‍വേണ്ടി മഹാന്മാരായ രാമാനുജന്‍, ചൈതന്യന്‍, കബീര്‍ എന്നിവര്‍ ചെയ്ത പ്രയത്‌നങ്ങള്‍ ഈ പ്രവാചകന്മാരുടെ ജീവിതകാലത്തുതന്നെ അദ്ഭുതഫലങ്ങളുളവാക്കി എന്നു കാണുന്നു. എന്നാലും പിന്നീടുണ്ടായ പരാജയങ്ങള്‍ക്കു സമാ ധാനം നല്‌കേണ്ടതുണ്ട്. ഈ ആചാര്യന്മാരുടെ നിര്യാണം കഴിഞ്ഞ് ഒരു നൂറ്റാണ്ടു ചെന്നപ്പോഴേക്ക് അവരുടെ ഉപദേശങ്ങള്‍ നിഷ്ഫലമാ യിപ്പോയതിനു കാരണം കാണിക്കണം. ഇവിടെയാണ് രഹസ്യം. അധഃകൃതരെ അവര്‍ ഉയര്‍ത്തി: അവര്‍ ഉയര്‍ന്നുവരണമെന്നു സര്‍വാത്മനാ ആഗ്രഹിച്ചു. എന്നാല്‍ സാമാന്യജനത്തിനിടയില്‍ സംസ്‌കൃതഭാഷ പ്രചരിപ്പിക്കുവാന്‍ അവര്‍ ഉത്‌സുകരായില്ല. സംസ്‌കൃതഭാഷ പഠിക്കു വാന്‍ പൊതുജനങ്ങള്‍ക്കു പ്രതിബന്ധം സൃഷ്ടിച്ചപ്പോള്‍ മഹാനായ ബുദ്ധന്റെപോലും ചുവടു പിഴച്ചു. വേഗത്തില്‍, ഉടനടിയുള്ള, ഫലങ്ങളാണ് അദ്ദേഹം ആഗ്രഹിച്ചത്. അങ്ങനെ, അക്കാലത്തെ ഭാഷയായ പാലിയിലേക്ക് ആശയങ്ങള്‍ വിവര്‍ത്തനം ചെയ്തു പ്രചരിപ്പിച്ചു. ഇതൊരു ശ്ലാഘ്യമായ കാര്യംതന്നെ. അദ്ദേഹം പൊതുജനങ്ങളുടെ ഭാഷയില്‍ സംസാരിച്ചു: അവര്‍ അദ്ദേഹത്തെ മനസ്സിലാക്കി. അതൊരു വലിയ കാര്യംതന്നെ. അങ്ങനെ പെട്ടെന്ന് ആശയങ്ങള്‍ പരന്നു. ആശയങ്ങള്‍ നാട്ടിലെങ്ങും നെടുനീളെ ചെന്നെത്തി. പക്ഷേ, അതോടൊപ്പം സംസ്‌കൃതവും പ്രചരിക്കേണ്ടിയിരുന്നു. അറിവുണ്ടായി: പക്ഷേ അന്തസ്സും സംസ്‌കാരവും ചോര്‍ന്നുപോയി. സംസ്‌കാരമാണ് ഞെട്ടലുകളുണ്ടാകാതെ ഉറപ്പിച്ചുനിര്‍ത്തുന്നത്. വെറും അറിവിന്‍കട്ടകള്‍ക്ക് അതാവില്ല. ലോകത്തിലേക്ക് കട്ടകെട്ടിയ അറിവ് ഇറക്കിവിടാം. എന്നാല്‍ അതുകൊണ്ടു ലോകത്തിനു വലിയ ഗുണമൊന്നും ഉണ്ടാ വില്ല. സംസ്‌കാരം രക്തത്തില്‍ കലര്‍ന്നുചേരണം. ഈ കാലങ്ങളില്‍ ഒട്ടേറെ അറിവു കൈവന്നിട്ടുള്ള ജനതകളെക്കുറിച്ചു നമുക്കൊക്കെ അറിയാം. എന്നാല്‍ അവരുടെ നിലയെന്താണ്? പുലികളെപ്പോലെ, കാട്ടാളരെപ്പോലെയാണവര്‍: കാരണം, അവര്‍ക്കു സംസ്‌കാരമില്ല. പരിഷ്‌കാരംപോലെ അറിവും തൊലിയെ മാത്രമേ തൊടുന്നുള്ളു: ചെറുതായി ഒന്നു പോറിയാല്‍ മതി, ആ പഴയ കാട്ടാളാന്‍ പുറത്തു ചാടുകയായി. അമ്മാതിരി കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതാണ് അപകടം. ദേശഭാഷകളില്‍ സാമാന്യജനങ്ങളെ പഠിപ്പിച്ചുകൊള്ളൂ: അവര്‍ക്ക് ആശയങ്ങള്‍ കൊടുത്തുകൊള്ളൂ. പല വിവരങ്ങളും അവര്‍ക്കു ലഭിക്കും. എന്നാല്‍ വേറേ ചിലതുകൂടി വേണം. അവര്‍ക്കു സംസ്‌കാരം നല്കണം. അതവര്‍ക്കു കൊടുക്കുന്നതുവരെ സാമാന്യജനങ്ങളുടെ ഉയര്‍ന്ന നിലയ്ക്ക് ഉറപ്പുണ്ടാവില്ല. സംസ്‌കൃതഭാഷ നല്കുന്ന മേന്മയോടുകൂടിയ ഒരു പ്രത്യേകജാതിതന്നെ ഉളവാകും: ഈ ജാതിക്കാര്‍ ശേഷമുള്ളവരെ അടക്കിഭരിക്കും. നിങ്ങളില്‍ താണജാതിയില്‍പ്പെട്ടവരോടു പറയുകയാണ്, ഒരേ രക്ഷ, നിങ്ങളുടെ നില ഉയര്‍ത്തുവാനുള്ള ഒരേ ഒരു ഉപായം, സംസ്‌കൃതം പഠിക്കയാണ്. ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരായുള്ള ഈ കലഹവും എഴുത്തും ശബ്ദമുയര്‍ത്തലും വ്യര്‍ത്ഥമാണ്. അതൊരു ഗുണവും ചെയ്യില്ല. അതു വക്കാണവും പോരാട്ടവും ഉണ്ടാക്കുകയേ ഉള്ളു. ദൗര്‍ഭാഗ്യവശാല്‍ ചേരിതിരിഞ്ഞുപോയ ഈ ഭാരതീയവംശം കുറേക്കൂടി ഭിന്നിക്കാന്‍ പോകയാണ്. ജാതിസമീകരണത്തിനുള്ള ഒരേ ഒരു മാര്‍ഗ്ഗം സംസ്‌കാരസമാര്‍ജനമാണ്, മേല്‍ജാതിക്കാരുടെ ശക്തികേന്ദ്രമായ വിദ്യാഭ്യാസം പിടിച്ചടക്കുകയാണ്. അതു ചെയ്താല്‍ നിങ്ങള്‍ക്കു വേണ്ടതു കിട്ടി.

ഇതോടു ബന്ധപ്പെട്ട ഒരു പ്രശ്‌നം, മദ്രാസിനോടു സവിശേഷബന്ധമുള്ള ഒരു പ്രശ്‌നം, പരിഗണിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ദ്രാവിഡര്‍ എന്നൊരു മനുഷ്യവംശം ദക്ഷിണഭാരതത്തില്‍ വസിച്ചിരുന്നു എന്നൊരു സിദ്ധാന്തമുണ്ടായിട്ടുണ്ട്. ഇവര്‍ ഉത്തരഭാരതത്തിലെ ആര്യന്മാരെന്ന വരില്‍ നിന്നു സര്‍വഥാ ഭിന്നരാണത്രേ. വടക്കുനിന്നു വന്ന ആര്യന്മാര്‍ തെക്കുള്ള ബ്രാഹ്മണര്‍മാത്രം. ഇവിടെയുള്ള മറ്റെല്ലാ മനുഷ്യരും ദക്ഷിണഭാരതത്തിലെ ബ്രാഹ്മണരെക്കാള്‍ തുലോം ഭിന്നമായ ജാതിയിലും വംശത്തിലും പെട്ടവരാണ്. ഹേ ഭാഷാശാസ്ത്രവിത്തേ! നിങ്ങളോടു ഞാന്‍ ക്ഷമാപണപൂര്‍വം പറയട്ടെ, ഈ സിദ്ധാന്തം ശുദ്ധമേ അബദ്ധമാണ്. ഇതിനുള്ള ഒരേ തെളിവു വടക്കും തെക്കും തമ്മില്‍ ഭാഷാപരമായ വ്യത്യാസമുണ്ടെന്നതാണ്. മറ്റു വ്യത്യാസമൊന്നും എനിക്കു കാണാന്‍ കഴിയുന്നില്ല. വടക്കുനിന്നു വന്ന പല മനുഷ്യരും ഇവിടെ ഇപ്പോഴുണ്ട്. യൂറോപ്പില്‍നിന്നു വന്ന എന്റെ സുഹൃത്തുക്കളോടു ഞാന്‍ പറയുന്നു, ഈ സഭയിലുള്ള വടക്കരേയും തെക്കരേയും തിരിഞ്ഞുമാറ്റാന്‍. വ്യത്യാസമെവിടെ? ഭാഷാപരമായ സ്വല്പം ഭേദംമാത്രം. എന്നാല്‍ സംസ്‌കൃതം സംസാരിക്കുന്നവരായി ഇവിടെ വന്ന മറ്റൊരു വംശമാണുപോലും ബ്രാഹ്മണര്‍! ശരി: അവര്‍ വന്നു ദ്രാവിഡഭാഷ കൈക്കൊള്ളുകയും സംസ്‌കൃതം മറക്കുകയും ചെയ്തു. മറ്റു ജാതികളില്‍പ്പെട്ടവരും എന്തുകൊണ്ട് അങ്ങനെ ചെയ്തതായിക്കൂടാ? മറ്റു ജാതിക്കാരൊക്കെയും വടക്കുനിന്ന് ഒന്നൊന്നായി വന്നു ദ്രാവിഡം കൈക്കൊള്ളുകയും സ്വന്തം ഭാഷ മറക്കയും ചെയ്തതായിക്കൂടാത്തതെന്തുകൊണ്ട്? രണ്ടു വശത്തേക്കും നീട്ടാവുന്ന ഒരു വാദഗതിയാണിത്. ഇമ്മാതിരി വിഡ്ഢിത്തങ്ങള്‍ വിശ്വസിക്കരുത്. ഇവിടെ നിന്നു തിരോഭവിച്ച ഒരു ദ്രാവിഡജനസഞ്ചയം ഉണ്ടായിരിക്കാം. അവശേഷിച്ച കുറേപ്പേര്‍ വനങ്ങളിലും മറ്റുമാണ് വസിച്ചുവന്നത്. മറ്റുള്ളവര്‍ അവരുടെ ഭാഷ കൈക്കൊണ്ടാതാവാം. പക്ഷേ ഇവരെല്ലാം വടക്കുനിന്നു വന്ന ആര്യന്മാര്‍തന്നെ. ഭാരതമാസകലം ആര്യമല്ലാതെ മറ്റൊന്നല്ല.

ശൂദ്രജാതിക്കാര്‍ ആദിമവാസികളാണ് എന്നതത്രേ മറ്റേ ആശയം. അവരാരാണ്? അടിമകള്‍. ചരിത്രം ആവര്‍ത്തിക്കുന്നു എന്നു പറയപ്പെടുന്നു. അമേരിക്കര്‍, ഇംഗ്ലീഷുകാര്‍, ഡച്ചുകാര്‍, പോര്‍ത്തുഗീസുകാര്‍ എന്നിവര്‍ പാവത്താന്മാരായ ആഫ്രിക്കരെ പിടികൂടി ജീവിച്ചിരിക്കുന്നേടത്തോളം കാലം അവരെക്കൊണ്ട് എല്ലു നുറുങ്ങെ പണിയെടുപ്പിച്ചു. അവരുടെ സങ്കരസന്താനങ്ങള്‍ അടിമകളായി ജനിക്കയും ഏറെക്കാലം ആ നിലയില്‍ കഴിയുകയും ചെയ്തു. അദ്ഭുതമായ ആ ദൃഷ്ടാന്തത്തില്‍നിന്നു പുരാവിത്തിന്റെ മനസ്സു പല സഹസ്രം കൊല്ലങ്ങള്‍ പിമ്പിലേക്കു കുതിച്ചുചാടുന്നു: എന്നിട്ട് അതൊക്കെത്തന്നെ ഇവിടെയും സംഭവിച്ചു എന്നു കല്പിക്കുന്നു. ഭാരതത്തിലാകമാനം കരിങ്കണ്ണന്മാരായ ആദിമവാസികള്‍ പാര്‍ത്തുവന്നു എന്നു കിനാവുകാണുകയാണ് ആ പുരാവിത്ത്. തിളങ്ങിവിളങ്ങിയ ആര്യന്മാര്‍ വന്നു – എവിടെനിന്നെന്ന് ഈശ്വരനേ അറിയാവൂ. ചിലര്‍ പറയുന്നു, ടിബറ്റിന്റെ മദ്ധ്യഭാഗത്തുനിന്നെന്ന്: മറ്റു ചിലര്‍ പറയുന്നു മദ്ധ്യ-ഏഷ്യയില്‍നിന്നെന്ന്. ആര്യന്മാരുടെ തലമുടി ചുമന്നിരുന്നു എന്നു വിചാരിക്കുന്ന സ്വരാജ്യഭക്തരായ ഇംഗ്ലീഷുകാരുണ്ട്. സ്വാഭിപ്രായം വെച്ചുകൊണ്ട് അതു കറുത്തിരുന്നു എന്നു കരുതുന്ന മറ്റാളുകളുമുണ്ട്. എഴുതുന്നവന്റെ മുടി കറുത്തതാണെങ്കില്‍, എല്ലാ ആര്യന്മാരുടെ മുടിയും കറുത്തത്. ആര്യന്മാര്‍ സ്വിറ്റ്‌സര്‍ലണ്ടിലുള്ള തടാകങ്ങളുടെ കരയിലാണ് പാര്‍ത്തിരുന്നതെന്നു കാട്ടാനുള്ള ഒരു ശ്രമം അടുത്ത കാലത്തു നടന്നു. അവരെല്ലാവരും, ഈ സിദ്ധാന്തവുമെല്ലാംകൂടി, ആ തടാകങ്ങളില്‍ മുങ്ങിച്ചത്താലും എനിക്കു സങ്കടമില്ല. അവര്‍ ഉത്തരധ്രുവത്തിലാണ് പാര്‍ത്തു വന്നതെന്നു ചിലര്‍ ഇപ്പോള്‍ പറയുന്നുണ്ട്. ആര്യന്മാരെയും അവരുടെ പാര്‍പ്പിടങ്ങളെയും ഭഗവാന്‍ അനുഗ്രഹിക്കട്ടെ! ഈവക സിദ്ധാന്തങ്ങളുടെ സത്യത്തെപ്പറ്റി പറഞ്ഞാല്‍, നമ്മുടെ ശാസ്ത്രങ്ങളില്‍ ഒരു വാക്കുമില്ല, ഭാരതത്തിനു വെളിയില്‍ വല്ലിടത്തുനിന്നും വന്നവരാണ് ആര്യന്മാര്‍ എന്നു കാണിക്കത്തക്കതായി പ്രാചീനഭാരതത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെട്ടിരുന്നു: ഇത്രമാത്രം. ശൂദ്രജാതിക്കാരെല്ലാം അനാര്യരായിരുന്നു എന്നും അവരുടെ സംഖ്യ വളരെ വലുതായിരുന്നു എന്നും മറ്റുമുള്ള സിദ്ധാന്തം മറ്റേതുപോലെതന്നെ അയുക്തവും ബുദ്ധിശൂന്യവുമാണ്. അക്കാലത്ത് ഒരുപിടി ആര്യന്മാര്‍ തങ്ങള്‍ക്കു കീഴ്‌പ്പെട്ട ഒരുലക്ഷം അടിമകളോടുകൂടി അവിടെ താമസിച്ചുവന്നു എന്നതു സംഭാവ്യമാകാന്‍ വയ്യ. ആ അടിമകള്‍ക്ക് അവരെയൊക്കെ വിഴുങ്ങിക്കളയാന്‍ കഴിഞ്ഞേനേ: അഞ്ചു മിനിട്ടിനുള്ളില്‍ ആര്യന്മാരെ ചമ്മന്തിയാക്കിയേനേ. മഹാഭാരതത്തില്‍ കാണുന്നതേ ഒരു വിശദീകരണമായെടുക്കാനുള്ളു. അവിടെ പറയുന്നു; സത്യയുഗത്തില്‍ ബ്രാഹ്മണരെന്ന ഒരു ജാതിയേ ഉണ്ടായിരുന്നുള്ളു. തൊഴില്‍ഭേദംകൊണ്ടു പിന്നീട് അവര്‍ സ്വയം പിരിഞ്ഞു പല ജാതികളായി. ഇതൊന്നേ ജാതിയെപ്പറ്റിയുള്ള യുക്തിയുക്തവും ശരിയുമായ വ്യാഖ്യാനമായി കിട്ടിയിട്ടുള്ളു. വരാനിരിക്കുന്ന സത്യയുഗത്തില്‍ മറ്റു ജാതിക്കാരെല്ലാം പഴയ അതേ അവസ്ഥയിലേക്കു മടങ്ങേണ്ടിയിരിക്കും. അതിനാല്‍ ഭാരതത്തിലെ ജാതിപ്രശ്‌നത്തിന്റെ പരിഹാരം ഈ രൂപമാണ് കൈക്കൊള്ളുന്നത്: (മറിച്ച്) ഉയര്‍ന്ന ജാതികളെ അധഃപതിപ്പിക്കയല്ല: ബ്രാഹ്മണനെ ഞെരുക്കിക്കളയുകയുമല്ല (വേണ്ടത്).

ഗീതാഭാഷ്യത്തിന്റെ തുടക്കത്തില്‍ അദ്ഭുതമാംവണ്ണം ശങ്കരാചാര്യര്‍ ഉന്നയിച്ചിട്ടുള്ളതുപോലെ, ബ്രാഹ്മണ്യമാണ് ഭാരതീയമായ മനുഷ്യത്വാദര്‍ശം. ബ്രാഹ്മണത്വത്തെ രക്ഷിക്കാനും ബ്രാഹ്മണത്വം പ്രസംഗിക്കാനും2 കൃഷ്ണന്‍ മുന്നോട്ടു വന്നതിന്റെ കാരണത്തെപ്പറ്റിയാണ് അവിടെ അദ്ദേഹം പറയുന്നത്. അതാണ് ആ മഹത്തായ ലക്ഷ്യം. ഈശ്വരന്റെ പ്രതിനിധിയും ബ്രഹ്മജ്ഞനും ആദര്‍ശഭൂതനും പൂര്‍ണ്ണമനുഷ്യനുമായ ഈ ബ്രാഹ്മണന്‍ അവശേഷിക്കതന്നെ വേണം: അയാള്‍ പോയ്മറഞ്ഞുകൂടാ. ആ ജാതിക്കുള്ള കുറവുകളൊക്കെ ഉണ്ടായിട്ടും അവരില്‍നിന്നു തനി ബ്രാഹ്മണ്യമുള്ളവരായി, മറ്റു ജാതികളില്‍നിന്നെല്ലാം ഉണ്ടായിട്ടുള്ളതിനെക്കാള്‍, കൂടുതല്‍ പേര്‍ വന്നിട്ടുണ്ടെന്ന ബഹുമതി അവര്‍ക്കു നല്കാന്‍ നാം തയ്യാറാകണമെന്ന വസ്തുത നമുക്കറിയാം. അതു സത്യമാണ്. മറ്റു ജാതിക്കാരില്‍നിന്ന് അവര്‍ക്കു കിട്ടേണ്ട ബഹുമതിയാണത്. നമുക്കു ചങ്കൂറ്റം വേണം, അവരുടെ കുറ്റങ്ങളെക്കുറിച്ചു പറയാന്‍ വേണ്ടത്ര ചങ്കൂറ്റം നമുക്കു വേണം. ഒപ്പം, അവരര്‍ഹിക്കുന്ന ബഹുമതി അവര്‍ക്കു നല്കുകയും വേണം. ഇംഗ്ലീഷില്‍ പണ്ടേയുള്ള ആ പഴഞ്ചൊല്ല് ഓര്‍ക്കുക; ‘ഓരോരുത്തനും അര്‍ഹിക്കുന്നത് ഓരോരുത്തനും കൊടുക്കുക.’ സുഹൃത്തുക്കളേ, അതിനാല്‍ ജാതികള്‍ തമ്മില്‍ മല്ലടിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്തു നന്മയാണ് അതുകൊണ്ടുണ്ടാകുക? അത്രയുമേറെ അതു നമ്മെ ഭിന്നിപ്പിക്കും, അത്രയുമേറെ ക്ഷീണിപ്പിക്കും, അത്രയുമേറെ അധഃപതിപ്പിക്കും. സവിശേഷമായ ബഹുമതികളുടെയും അവകാശങ്ങളുടെയും കാലം പൊയ്‌പോയിരിക്കുന്നു. ഭാരതഭൂമിയില്‍നിന്ന് എന്നെന്നേക്കുമായി പോയ്മറഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് ഭരണംകൊണ്ടു ഭാരതത്തിനു കൈവന്ന വമ്പിച്ച അനുഗ്രഹങ്ങളിലൊന്നാണത്. സവിശേഷബഹുമതിയുടെ അറുതിയെന്ന മഹാനുഗ്രഹത്തില്‍ മുഹമ്മദീയഭരണത്തോടുമുണ്ട് നമുക്ക് കടപ്പാട്. എല്ലാം ചേര്‍ത്താലോചിക്കുമ്പോള്‍ ആ ഭരണം ആദ്യന്തം തിന്മമാത്രമല്ലായിരുന്നു. ഒന്നും തികച്ചും തിന്മയോ നന്മയോ അല്ലല്ലോ. മുഹമ്മദീയര്‍ ഭാരതത്തെ കീഴടക്കിയത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും ഒരു മോചനമായിട്ടാണനുഭവപ്പെട്ടത്. അങ്ങനെയാണ് നമ്മുടെ ആളുകളില്‍ അഞ്ചിലൊന്നു മുഹമ്മദീയരായത്. വെറും വാളല്ല അതു മുഴുവനും നേടിയത്. അതെല്ലാം വാളും തീയുംകൊണ്ടു നേടിയതാണെന്നു കരുതുന്നതു ഭ്രാന്തിന്റെ പാരമ്യമത്രേ. മദ്രാസിലുള്ള നിങ്ങളില്‍ അഞ്ചിലൊരു ഭാഗം – പകുതി – ക്രിസ്ത്യാനികളാകും, നിങ്ങള്‍ സൂക്ഷിക്കാഞ്ഞാല്‍. മലബാറില്‍ ഞാന്‍ കണ്ടതിനെക്കാള്‍ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിനു മുമ്പു ലോകത്തിലെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണ്ണര്‍ നടക്കുന്ന തെരുവില്‍കൂടെ പാവപ്പെട്ട പറയനു നടന്നുകൂടാ: പക്ഷേ മിശ്രമായ ഒരിംഗ്ലീഷുനാമം അല്ലെങ്കില്‍ മുഹമ്മദീയനാമം സ്വീകരിച്ചാല്‍ മതി, എല്ലാം ഭദ്രമായി. ഈ മലബാര്‍കാരെല്ലാം ഭ്രാന്തന്മാരാണ്: അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും. അവര്‍ നടത്തം നന്നാക്കുകയും അറിവു മെച്ചപ്പെടുത്തുകയും ചെയ്യുംവരെ അവരോടു ഭാരതത്തിലുള്ള മറ്റു വംശക്കാരെല്ലാം അറപ്പോടും വെറുപ്പോടും പെരുമാറണമെന്നൊക്കയല്ലാതെ മറ്റെന്തനുമാനത്തിലാണ് നിങ്ങള്‍ക്കെത്താവുന്നത്? അത്തരം നീചവും പൈശാചികവുമായ ആചാരങ്ങള്‍ പുലര്‍ത്തുന്ന അക്കൂട്ടര്‍ക്കു ലജ്ജയില്ലല്ലോ! അവര്‍ സ്വന്തം സന്തതികളെ പട്ടിണികിടന്നു മരിക്കാന്‍ വിടുന്നു. അവര്‍ മറ്റൊരു മതം സ്വീകരിച്ചാലോ, അവരെ വെടിപ്പായി തീറ്റിപ്പോറ്റുന്നു. ജാതികള്‍ തമ്മില്‍ ഇനിയും പോരാട്ടമുണ്ടായിക്കൂടാ.

ഉയര്‍ന്നവരെ വലിച്ചുതാഴ്ത്തുകയല്ല ഉയര്‍ന്നവരുടെ നിലവാരത്തിലേക്ക് താഴ്ന്നവരെ ഉയര്‍ത്തുകയാണ് പരിഹാരം. അതാണുതാനും നമ്മുടെ ഗ്രന്ഥങ്ങളിലെല്ലാം കാണുന്ന കര്‍മ്മപദ്ധതി. സ്വമതഗ്രന്ഥങ്ങളെക്കുറിച്ച് അറിവോ, പ്രാചീനരുടെ മഹത്തായ ആസൂത്രണങ്ങള്‍ ഗ്രഹിക്കാന്‍ കഴിവോ കേവലം ഇല്ലാത്ത ചിലരില്‍നിന്നു നിങ്ങള്‍ കേള്‍ക്കുന്നതെന്തായാലും. അവര്‍ അതു ധരിച്ചിട്ടില്ല: പക്ഷേ തലച്ചോറുള്ളവര്‍, പദ്ധതിയുടെ പൂര്‍ണ്ണമായ മണ്ഡലം ആകലനംചെയ്യാന്‍ വേണ്ട ബുദ്ധിയുള്ളവര്‍ ധരിച്ചിട്ടുണ്ട്. അവര്‍ ഒരു വശത്തേക്കു മാറിനിന്ന്, അദ്ഭുതകരമായ ആ ജനതാജീവിതത്തിന്റെ യുഗങ്ങളിലൂടെയുള്ള ഘോഷയാത്ര നോക്കിക്കാണുകയാണ്. പ്രാചീനവും ആധുനികവുമായ എല്ലാ ഗ്രന്ഥങ്ങളിലൂടെയും പടിപടിയായി അതനുഗമിക്കാന്‍ അവര്‍ക്കു സാധിക്കുന്നുണ്ട്. എന്താണ് പദ്ധതി? ഒരറ്റത്തുള്ള ആദര്‍ശം ബ്രാഹ്മണന്‍: മറ്റേ അറ്റത്തു ചണ്ഡാലനും. ആകെക്കൂടിയുള്ള കര്‍ത്തവ്യം ചണ്ഡാലനെ ബ്രാഹ്മണന്റെ നിലയിലേക്കുയര്‍ത്തുക. ക്രമേണ കൂടുതല്‍ കൂടുതല്‍ ബഹുമതികള്‍ അവര്‍ക്കനുവദിക്കപ്പെടുന്നതായിക്കാണാം. ചില ഗ്രന്ഥങ്ങളില്‍ ഈ നിഷ്ടുരവാക്കുകള്‍ വായിക്കാം; ‘ശൂദ്രന്‍ വേദങ്ങള്‍ കേട്ടാല്‍ അവന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിക്കണം: ഒരു വരി അവന്‍ ഓര്‍ത്തുവെച്ചാല്‍ അവന്റെ നാവരിയണം. അവന്‍ ബ്രാഹ്മണനെ ‘എടോ ബ്രാഹ്മണാ’ എന്നു വിളിച്ചാല്‍ അവന്റെ നാവറുക്കണം.’ ഇതു പണ്ടത്തെ പൈശാചികമായ കാട്ടാളത്തമാണ്, തര്‍ക്കമില്ല: സ്പഷ്ടം. പക്ഷേ, സമുദായത്തില്‍ ചിലരുടെ നടപടികള്‍ രേഖപ്പെടുത്തുകമാത്രം ചെയ്യുന്ന സ്മൃതികാരന്മാരെ കുറ്റപ്പെടുത്തേണ്ടതില്ല. പ്രാചീനരുടെ ഇടയില്‍ അത്തരം പിശാചുക്കള്‍ ചിലപ്പോള്‍ ജനിച്ചിട്ടുണ്ട്. എല്ലാ യുഗങ്ങളിലും, ഏറെക്കുറെ എല്ലായിടത്തും, പിശാചുക്കള്‍ ഉണ്ടായിട്ടുണ്ട്, ശരി. കുറേച്ചെന്നപ്പോള്‍, ഈ സ്വരം അല്പമൊന്നു മാറിയതായി കാണാം. നോക്കുക; ‘ശൂദ്രരെ അലട്ടരുത്: പക്ഷേ മേല്‍ക്കിടക്കാര്യങ്ങള്‍ അവരെ പഠിപ്പിക്കരുത്.’ മറ്റു സ്മൃതികളില്‍, വിശേഷിച്ചും ഇന്നു നടപ്പിലിരിക്കുന്നവയില്‍, ശൂദ്രര്‍ ബ്രാഹ്മണരുടെ നടപടികളെയും ആചാരങ്ങളെയും അനുകരിക്കയാണെങ്കില്‍ അതു നന്ന്, അവരെ പ്രോത്‌സാഹിപ്പിക്കണം എന്നു ക്രമേണ രേഖപ്പെട്ടിട്ടുള്ളതു കാണാം. അങ്ങനെയാണ് അതിന്റെ പോക്ക്. ഈ പ്രവണതകളെല്ലാം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുവാന്‍ എനിക്കു സമയമില്ല: സൂക്ഷ്മാംശങ്ങളിലും എങ്ങനെ ഇവയൊക്കെ തിരക്കിപ്പിടിക്കാമെന്നു കാട്ടാനും സമയമില്ല. പക്ഷേ വ്യക്തമായ വസ്തുതകളെ വെച്ചുനോക്കിയാല്‍, എല്ലാ ജാതിക്കാരും പതുക്കെപ്പതുക്കെ ഉയരേണ്ടിയിരിക്കുന്നു എന്നു കാണാം. ആയിരക്കണക്കിനാണ് ജാതികള്‍. ചിലതെല്ലാം ബ്രാഹ്മണ്യത്തിലേക്കു കടക്കാന്‍ അനുവദിക്കപ്പെട്ടിട്ടുമുണ്ട്. ഏതെങ്കിലും ഒരു ജാതിക്കാര്‍ സ്വയം ബ്രാഹ്മണരാണെന്നു പ്രഖ്യാപിക്കാന്‍ എന്താണു പ്രതിബന്ധം? ജാതി അതിന്റെ കര്‍ക്കശതയോടൊക്കെയൊത്ത് അങ്ങനെയാണ് രൂപപ്പെട്ടിട്ടുള്ളത്. ഓരോന്നിലും പതിനായിരം പേര്‍ വീതമുള്ള ജാതികള്‍ ഇവിടെയുണ്ടെന്നു കരുതുക. ഇവരൊക്കെ കൂടിച്ചേര്‍ന്നു, ‘ഞങ്ങളെ സ്വയം ബ്രാഹ്മണരെന്നു വിളിക്കാനാണ് ഭാവം’ എന്നു പറഞ്ഞാല്‍ അവരെ തടയാനൊന്നുമില്ല. എന്റെ ജീവിതത്തില്‍ത്തന്നെ അതു കണ്ടിട്ടുള്ളതാണ്. ചില ജാതിക്കാര്‍ പ്രബലരായിവരുന്നു. അവര്‍ തമ്മില്‍ യോജിച്ചു കഴിഞ്ഞാല്‍ അരുതെന്ന് ആര്‍ക്കു പറയാം? എന്തുകൊണ്ടെന്നാല്‍, ഓരോ ജാതിയും മറ്റെല്ലാറ്റിനെയും വര്‍ജ്ജിച്ചുകൊണ്ടാണ് വന്നിട്ടുള്ളത്. അതു മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. ഒരേ ജാതിയല്‍പ്പെട്ട അവാന്തരജാതികള്‍പോലും പരസ്പരം ഇടപെട്ടിരുന്നില്ല. ശങ്കരാചാര്യരെപ്പോലുള്ള യുഗപ്രവര്‍ത്തകരായിരുന്നു ഊറ്റന്മാരായ ജാതിവിധാതാക്കള്‍. അവര്‍ കല്പിച്ചുവെച്ച എല്ലാ അദ്ഭുതങ്ങളെയുംപറ്റി പറയുക ശക്യമല്ല. എനിക്കു പറയാനുള്ളതു നിങ്ങളില്‍പ്പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നും വരാം, എന്നാല്‍ എന്റെ യാത്രകളിലും അനുഭവങ്ങളിലും അവയൊക്കെ തിരക്കിപ്പിടിക്കാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ അദ്ഭുതകരങ്ങളാണുതാനും. ബലൂചികയുടെ പറ്റങ്ങളെത്തന്നെ പിടികൂടി, ഉടനടി അവരെയൊക്കെ ക്ഷത്രിയരാക്കിവന്നു. അതുപോലെ മുക്കുവപ്പറ്റങ്ങളെയും പിടിച്ചു കൈയോടെ ബ്രാഹ്മണരാക്കി. അവരൊക്കെ ഋഷിമാരും സിദ്ധന്മാരുമായിരുന്നു. അവരുടെ സ്മരണയ്ക്കുമുമ്പില്‍ നാമെല്ലാവരും നമിക്കണം. അതിനാല്‍ നിങ്ങളൊക്കെ ഋഷിമാരും സിദ്ധന്മാരുമാകുക. അതാണു രഹസ്യം. ഏറെക്കുറെ നാമൊക്കെ ഋഷിമാരാകും. ഋഷി എന്നുവെച്ചാല്‍ എന്താണ്? പരി ശുദ്ധന്‍. ഒന്നാമതു പരിശുദ്ധനാകുക: പിന്നെ, നിങ്ങള്‍ക്കു ശക്തിയുണ്ടാകും. ‘ഞാന്‍ ഋഷിയാണ്,’ എന്ന് വൃഥാ പറഞ്ഞതുകൊണ്ടു ഫലമില്ല. നിങ്ങള്‍ ഋഷിയാകുമ്പോള്‍ മറ്റുള്ളവര്‍ സ്വാഭാവികമായി നിങ്ങളെ അനുസരിച്ചുകൊള്ളും. അറിയാനാവാത്ത എന്തോ ഒന്നു നിങ്ങളില്‍ നിന്നു പ്രസരിക്കും. അതവരെ നിങ്ങളുടെ അനുയായികളാക്കും. ശ്രോതാക്കളാക്കും. അവര്‍ സ്വേച്ഛയ്ക്ക് എതിരായിപ്പോലും അബോധപൂര്‍വ്വം നിങ്ങളുടെ സങ്കല്പങ്ങളെ പ്രയോഗത്തില്‍ കൊണ്ടുവരും. അതാണ് ഋഷിത്വം.

[വിവേകാനന്ദസാഹിത്യസര്‍വസ്വം – ഭാരതത്തിന്റെ ഭാവി – തുടരും]