സ്വാമി വിവേകാനന്ദന്‍

ഈ ആധുനികകാലത്തു ജാതികള്‍ തമ്മില്‍ വാഗ്വാദമുണ്ടായതില്‍ ഞാന്‍ ഖേദിക്കുന്നു. ഇതു നിലയ്ക്കണം. രണ്ടു പക്ഷക്കാര്‍ക്കും ഇതുകൊണ്ടു ഫലമില്ല: വിശേഷിച്ചുമേല്‍ജാതിക്കാരായ ബ്രാഹ്മണര്‍ക്ക്. കാരണം, വിശേഷാവകാശങ്ങളുടെയും കുത്തകയുടെയും കാലം പൊയ്‌പോയിരിക്കുന്നു. ഓരോ ‘അഭിജാതവംശ’ത്തിന്റെയും കര്‍ത്തവ്യം തനതു ശവക്കുഴി തോണ്ടുകയാണ്: എത്രവേഗം അതു ചെയ്യുന്നുവോ അത്രയും നന്ന്. താമസം നേരിടുംതോറും അതത്രയ്ക്കഴുകും: അതിന്റെ അറുതി കൂടുതല്‍ ശോച്യവുമാകും. ഭാരതത്തിലെ മറ്റു മനുഷ്യവര്‍ഗ്ഗങ്ങളുടെ രക്ഷയ്ക്കുവേണ്ടി പ്രയത്‌നിക്കയാണ് ബ്രാഹ്മണന്റെ കടമ. അതയാള്‍ ചെയ്താല്‍, അതു ചെയ്യുന്നിടത്തോളം കാലം, അയാള്‍ ബ്രാഹ്മണനാണ്. പണം ഉണ്ടാക്കി നടക്കുമ്പോള്‍ അയാള്‍ ബ്രാഹ്മണനേ അല്ല. മറിച്ച്, നിങ്ങള്‍ (അബ്രാഹ്മണര്‍) അര്‍ഹിക്കുന്ന യഥാര്‍ത്ഥ ബ്രാഹ്മണനെയാണ് സഹായിക്കേണ്ടത്. അതു സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തെളിയിക്കും. മറിച്ച്, ചിലപ്പോള്‍ അനര്‍ഹനു നല്കുന്ന ദാനം മറ്റേ സ്ഥലത്തു കൊണ്ടെത്തിക്കുമെന്നാണു നമ്മുടെ ശാസ്ത്രങ്ങള്‍ പറയുന്നത്. ഈ വസ്തുത സൂക്ഷിച്ചു ധരിച്ചുകൊള്ളണം. മതേതരമായ തൊഴിലില്ലാത്തവനേ ബ്രാഹ്മണനാകൂ. മതേതരമായ തൊഴില്‍ ബ്രാഹ്മണന്നുള്ളതല്ല: മറ്റു ജാതിക്കാര്‍ക്കുള്ളതാണ്. ഞാന്‍ ബ്രാഹ്മണരോടഭ്യര്‍ത്ഥിക്കുന്നു; അവര്‍ സ്വയം അറിയുന്നതു പഠിപ്പിച്ചും നൂറ്റാണ്ടുകളിലായി ഉരുക്കൂട്ടിയ സംസ്‌കാരം പകര്‍ന്നുകൊടുത്തും ഭാരതീയരെ ഉയര്‍ത്താന്‍ കഠിനമായി യത്‌നിക്കണം. യഥാര്‍ത്ഥമായ ബ്രാഹ്മണ്യമെന്തെന്നോര്‍ക്കുക. ഭാരത്തിലെ ബ്രാഹ്മണരുടെ സ്പഷ്ടമായ കര്‍ത്തവ്യമാണ്. മനു പറഞ്ഞതുപോലെ, ബ്രാഹ്മണനു ഈവക പരിഗണനകളും ബഹുമാനങ്ങളും നല്കിയിട്ടുള്ളത് ‘അയാളോടൊത്തു ധര്‍മ്മകോശം നിലകൊള്ളുകയാലാണ്.’ ആ കോശം അയള്‍ തുറക്കണം. അതിലുള്ള അനര്‍ഘവസ്തുക്കള്‍ ലോകരുടെ ഇടയില്‍ വിതരണം ചെയ്യണം. ഭാരതത്തിലെ മനുഷ്യവംശങ്ങള്‍ക്കിടയില്‍ ആദ്യം ധര്‍മ്മപ്രചരണം ചെയ്തതു ബ്രാഹ്മണനാണെന്നതു പരമാര്‍ത്ഥംതന്നെ. ത്യാഗമെന്ന ആശയത്തില്‍ മറ്റുള്ളവര്‍ക്കു എത്തിച്ചേരാന്‍ കഴിയുന്നതിനു മുമ്പു ബ്രാഹ്മണനാണ്, ജീവിതത്തിന്റെ കൂടുതല്‍ മെച്ചപ്പെട്ട സാക്ഷാത്കാരത്തിനുവേണ്ടി ഒന്നാമതായി എല്ലാം പരിത്യജിച്ചത്. മറ്റുജാതിക്കാരെ പിമ്പിലാക്കി സ്വയം മുന്നോട്ടു നടന്നതു ബ്രാഹ്മണന്റെ കുറ്റമല്ല. അയാള്‍ ധരിച്ചതുപോലെയും ചെയ്തതുപോലെയും മറ്റു ജാതിക്കാര്‍ എന്തുകൊണ്ടു ചെയ്തില്ല? എന്തുകൊണ്ടവര്‍ ചടഞ്ഞിരുന്ന് ആലസ്യംപൂണ്ടു? ആ മത്‌സരത്തില്‍ ജയിക്കാന്‍ എന്തുകൊണ്ടവര്‍ ബ്രാഹ്മണരെ അനുവദിച്ചു?

പക്ഷേ ഒരു മേന്മ നേടുക എന്നത് ഒന്നു വേറെ: ദുരുപയോഗത്തിനായി അതു വെച്ചുപലര്‍ത്തുക എന്നത് ഒന്നു വേറെ. പ്രബലത ദുരുപയോഗിക്കുമ്പോഴെല്ലാം അതു പൈശാചികമാകുന്നു: സദുപയോഗമേ പാടുള്ളു. അതിനാല്‍ ഒരു വിശ്വസ്തന്‍ എന്ന നിലയില്‍ ബ്രാഹ്മണന്‍ ബഹുയുഗസംഭൃതമായ ഏതൊരു സംസ്‌കാരത്തെ പോറ്റി വന്നുവോ, അതയാള്‍ ബഹുജനങ്ങള്‍ക്കായി വിതരണം ചെയ്യണം. അങ്ങനെ ചെയ്യാഞ്ഞതുകൊണ്ടാണ്, മുഹമ്മദീയാക്രമണം സാദ്ധ്യമായ തുതന്നെ. ബ്രാഹ്മണന്‍ ആദ്യം തൊട്ട് ഈ കോശം തുറന്നു വിതരണം ചെയ്യാഞ്ഞതുകൊണ്ടാണ്, ആയിരം കൊല്ലക്കാലമായി ഭാരതത്തിലേക്കു വരണമെന്നുവെച്ച ഓരോരുത്തന്റെയും ചവിട്ടു നമുക്കു കൊള്ളേണ്ടിവന്നത്. അങ്ങനെയാണ് നമുക്ക് അധഃപതനമേര്‍പ്പെട്ടത്. ഒന്നാമത്തെ ജോലി, നമ്മുടെ പൊതുപൂര്‍വ്വികര്‍ സംഭരിച്ച അദ്ഭുനിധികള്‍ മറഞ്ഞുകിടക്കുന്ന കലവറകളെ തല്ലിത്തകര്‍ക്കയാണ്. അതൊക്കെ വെളിക്കെടുക്കുക, എല്ലാവര്‍ക്കും കൊടുക്കുക. ഇതു ചെയ്യുന്നവരില്‍ ഒന്നാമന്‍ ബ്രാഹ്മണനാകണം. മൂര്‍ഖന്‍പാമ്പുവെച്ച വിഷം അതുതന്നെ കടിച്ചെടുത്താല്‍ കടിയേറ്റവന്‍ മരിക്കില്ലെന്നൊരു പഴയ അന്ധവിശ്വാസം ബംഗാളിലുണ്ട്. ശരി, ബ്രാഹ്മണന്‍വെച്ച വിഷം അയാള്‍തന്നെ വലിച്ചെടുക്കണം. അബ്രാഹ്മണരോടു ഞാന്‍ പറയുന്നു; സ്വല്പം ക്ഷമിക്കുക: തിടുക്കം കൂട്ടരുത്. ബ്രാഹ്മണനോടു മല്ലിടാന്‍ കിട്ടുന്ന ഓരോ അവസരത്തെയും കടന്നു പിടികൂടേണ്ട: കാരണം, ഞാന്‍ കാണിച്ചുതന്നതുപോലെ, സ്വന്തം കുറവുകൊണ്ടുണ്ടായതാണ് നിങ്ങളുടെ ദുരിതം. ആരു പറഞ്ഞു, ആദ്ധ്യാത്മികതയെയും സംസ്‌കൃതപാണ്ഡിത്യത്തേയും പുറംതള്ളാന്‍? ഈ കാലമത്രയും നിങ്ങള്‍ എന്താണ് ചെയ്തിരുന്നത്? എന്തേ ഈ ആലസ്യം? മറ്റാര്‍ക്കോ നിങ്ങളെക്കാള്‍ ഏറെ തലച്ചോറും ചുണയും മുതിര്‍പ്പും കുതിപ്പുമുണ്ടായതിന് ഇപ്പോള്‍ നിങ്ങളെന്തിനു ഉറഞ്ഞു വായടിക്കണം? വ്യര്‍ത്ഥമായ വാഗ്വാദത്തിലും കലഹത്തിലും സ്വന്തം വീര്യം പാഴിലാക്കാതേ: സ്വന്തം വീട്ടില്‍ പോരാട്ടവും വക്കാണവുമുണ്ടാക്കാതേ: അതു പാപമാണ്. ബ്രാഹ്മണനുള്ള സംസ്‌കാരമാര്‍ജ്ജിക്കാന്‍ നിങ്ങളുടെ ഉത്‌സാഹശക്തി മുഴുവന്‍ ഉപയോഗിക്കുക. അപ്പോള്‍ കാര്യമായി. എന്തു കൊണ്ടു നിങ്ങള്‍ക്കു സംസ്‌കൃപണ്ഡിതന്മാരായിക്കൂടാ? ഭാരതത്തിലെ എല്ലാ ജാതിക്കാര്‍ക്കും സംസ്‌കൃതവിദ്യാഭ്യാസം എത്തിച്ചു കൊടുക്കാന്‍ എന്തുകൊണ്ട് നിങ്ങള്‍ ദശലക്ഷക്കണക്കിനു പണം ചെലവഴിക്കുന്നില്ല? ഇതാണ് പ്രശ്‌നം. ഇതെല്ലാം ചെയ്യുന്ന ആ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ ബ്രാഹ്മണര്‍ക്കു തുല്യരാകും. അതാണ് ഭാരതത്തില്‍ പ്രാബല്യത്തിന്റെ രഹസ്യം.

ഭാരതത്തില്‍ സംസ്‌കൃതവും ബഹുമതിയും ഒന്നിച്ചുപോകുന്നു: അതുണ്ടായാല്‍ മതി, നിങ്ങള്‍ക്കെതിരായി ഉരിയാടാന്‍ ആരും മുതിരില്ല. ഒരേ ഒരു രഹസ്യമാണത്. അതു കൈക്കൊള്ളു. അദ്വൈതിയുടെ പഴയൊരു ദൃഷ്ടാന്തമുപയോഗിച്ചു പറയാം – സ്വകൃതഭ്രമത്തില്‍ കഴിയുകയാണ് പ്രപഞ്ചമാസകലം. ഇച്ഛാശക്തിയിലത്രേ പ്രാഭവം. പ്രബലമായ ഇച്ഛാശക്തിയുള്ളവന്‍ തനിക്കു ചുറ്റും ഒരു പരിവേഷം പരത്തുന്നു എന്നു പറയാം. അങ്ങനെ അയാള്‍ മറ്റുള്ളവരെയും തന്റെ മനസ്സിന്റെ പ്രസ്പന്ദാവസ്ഥയിലേക്കു കൊണ്ടുവരുന്നു. അത്തരം അമിതാത്മാക്കള്‍ ഉണ്ടാകാറുണ്ടുതന്നെ. എന്താണ് ആശയം? ഒരു പ്രബലന്‍ ആവിര്‍ഭവിക്കുമ്പോള്‍ അയാളുടെ വ്യക്തിമഹത്ത്വം നമ്മിലേക്കു അയാളുടെ ചിന്തകളെ കടത്തിവിടുന്നു: നമ്മുടെ ചിന്തകളും അയാളുടേതും സമമാകും: അങ്ങനെ നമ്മളും പ്രബലരാകും. എങ്ങനെയാണ് സംഘടനകള്‍ ഇത്ര പ്രബലങ്ങളാകുന്നത്? സംഘടന (വെറും) ഭൗതികമാണെന്നു പറയരുത് പ്രസക്തമായൊരുദാഹരണം; നാലു കോടി ഇംഗ്ലീഷുകാര്‍ ഇവിടെയുള്ള മുപ്പതു കോടി ആളുകളെ ഭരിക്കുന്നതെന്തുകൊണ്ട്? മനശ്ശാസ്ത്രീയമായി ഇതിനു വിശദീകരണമെന്ത്? ആ നാലു കോടി തങ്ങളുടെ ഇച്ഛാശക്തിയെ ഏകീകരിച്ചിരിക്കുന്നു. ഇതിന്നര്‍ത്ഥം അതിരറ്റ ശക്തിയെന്നത്രേ. നിങ്ങള്‍ മുപ്പതു കോടിയില്‍ ഓരോരുത്തന്നും മറ്റുള്ളവരുടേതില്‍നിന്നു വേറായ ഇച്ഛാശക്തിയാണുള്ളത്. അതുകൊണ്ട് മഹത്തായ ഒരു ഭാവിഭാരതം പടുത്തുകെട്ടുന്നതിന്റെ രഹസ്യം മുഴുവന്‍ സംഘടനയില്‍, ശക്തി സംഭരണത്തില്‍, ഇച്ഛാശക്തികളെ കൂട്ടിയിണക്കുന്നതില്‍, അത്രേ സ്ഥിതിചെയ്യുന്നത്.

അഥര്‍വവേദസംഹിതയിലുള്ള അദ്ഭുതമന്ത്രങ്ങളിലൊന്ന് എന്റെ മനസ്സില്‍ ഉദിച്ചുയരുന്നു. അതു പറയുകയാണ്; ‘നിങ്ങള്‍ക്കെല്ലാം ഒരേ മനസ്സാവട്ടെ: ഒരേ ചിന്തയാവട്ടെ: ഒരേ മനസ്സായ ദേവതകള്‍ക്കു പണ്ടു ഹവിസ്സു ലഭിച്ചു. ദേവതകള്‍ക്കു ഒരേ മനസ്സായതുകൊണ്ടാണ് മനുഷ്യര്‍ക്ക് അവരെ ആരാധിക്കാവുന്നത്.’ സമുദായത്തിന്റെ മര്‍മ്മം ഐകമത്യമാണ്. ദ്രാവിഡന്‍ ആര്യന്‍ ബ്രാഹ്മണന്‍ അബ്രാഹ്മണന്‍ എന്നും മറ്റുമുള്ള നിസ്സാരതകളെക്കുറിച്ച് എത്രയേറെ പോരാടിക്കുന്നുവോ, അത്രയേറെ ഭാവിഭാരതകജനകമായ വീര്യവും ശക്തിയും സംഭരിക്കുന്നതില്‍നിന്നു നിങ്ങള്‍ അകന്നുപോകുന്നു. ഒരു കാര്യമോര്‍ക്കണം; ഭാവിഭാരതം അതിനെ മാത്രമാണ് ആശ്രയിച്ചു നില്ക്കുന്നത്. ഇച്ഛാശക്തിയുടെ സംഭരണം, അവയെ കൂട്ടിയിണക്കല്‍, അവയെല്ലാം ഒരേ കേന്ദ്രത്തിലേക്ക് ആവഹിക്കല്‍ – ഇതത്രേ മര്‍മ്മം. ഓരോ ചൈനക്കാരനും തന്നിഷ്ടത്തിനൊത്തു ചിന്തിക്കുന്നു. ഒരുപിടി ജപ്പാന്‍കാര്‍ ഒരേ തരത്തിലും ചിന്തിക്കുന്നു. എന്താണ് ഫലമെന്നു നിങ്ങള്‍ക്കൊക്കെ അറിയാം. ലോകചരിത്രത്തിലുടനീളമുള്ള ഗതി ഇതുതന്നെ. ഓരോ തവണയും കാണാം, ചെറുതും ഒതുങ്ങിയതുമായ ജനതകള്‍ വമ്പിച്ചതും കുത്തഴിഞ്ഞതുമായ ജനതകളെ ഭരിക്കുന്നു എന്ന്. ഇത് സ്വാഭാവികമാണ് താനും. കാരണം, ചെറുതും ഒതുങ്ങിയതുമായ ജനതകള്‍ക്കു തങ്ങളുടെ ചിന്തകളെ ഒരിടത്തു കേന്ദ്രീകരിക്കാന്‍ കൂടതലെളുപ്പമാണ്. അങ്ങനെ അവ വികസിക്കുന്നു. ജനതയുടെ വലുപ്പം കൂടും തോറും നിയന്ത്രണവും കൂടുതല്‍ ദുഷ്‌കരമാകും. ജന്മനാ അസംഘടിതമായ ഒരു ജനക്കൂട്ടംപോലെയുള്ള അവര്‍ക്കു തമ്മില്‍ച്ചേരുക സാദ്ധ്യമല്ല. ഈ പിണക്കങ്ങളൊക്കെ നില്ക്കണം.

നമുക്കു മറ്റൊരു കുറവുകൂടിയുണ്ട്. സ്ര്തീകള്‍ എനിക്കു മാപ്പു തരണം. അടിമത്തത്തിന്റെതായ ശതകങ്ങളില്‍ നാമൊക്കെ പെണ്ണുങ്ങള്‍ മാത്രമുള്ള ഒരു ജനതയെപ്പോലായിരിക്കയാണ്. ഈ രാജ്യത്തോ മറ്റേതെങ്കിലും രാജ്യത്തോ മൂന്നു പെണ്ണുങ്ങളെ അഞ്ചുനിമിഷം ഒന്നിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞു, അവര്‍ തമ്മില്‍ പിണങ്ങുകയായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ര്തീകള്‍ വലിയ സംഘങ്ങള്‍ രൂപപ്പെടുത്തുകയും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും മറ്റും വമ്പിച്ച പ്രഖ്യാപനങ്ങള്‍ നടത്തുകയും മറ്റും ചെയ്യും. പിന്നെ അവര്‍ തമ്മില്‍ കലഹമായി. അപ്പോള്‍ വല്ല പുരുഷനും വന്ന് അവരെയൊക്കെ ഭരിക്കുന്നു. ലോകത്തിലെവിടെയും അവരെ ഭരിക്കാന്‍ ഇന്നും വല്ല പുരുഷനും വേണം. നാം അവരെപ്പോലാണ്. സ്ര്തീകളാണ് നാം. സ്ര്തീകളെ നയിക്കാന്‍ ഒരു സ്ര്തീ വന്നാല്‍ ഉടനടി ഒന്നുചേര്‍ന്ന് അവരെ നിരൂപിക്കയായി: കണ്ടംകണ്ടമായി ചീന്തിക്കീറുകയായി; താണിരിക്കാന്‍ നിര്‍ബന്ധിക്കയായി. ഒരു പുരുഷന്‍ വന്നു കുറെ പരുഷമായി പെരുമാറിയാല്‍, കൂടെക്കൂടെ കുറ്റപ്പെടുത്തിയാല്‍, എല്ലാം നേരെയാകും. അത്തരം മാസ്മരശക്തി അവര്‍ക്കു സുപരിചിതമാണ്. ലോകം നിറയെ അത്തരം മാസ്മരവിദ്യക്കാരും മന്ത്രവാദികളുമാണ്. ഇതേ വിധത്തില്‍, നമ്മുടെ നാട്ടുകാരില്‍ വല്ലവരും എഴുനേറ്റുനിന്ന് വലിയവനാകാന്‍ ശ്രമിച്ചാല്‍, നാമൊക്കെ ചേര്‍ന്ന് അയാളെ പിടിച്ചമര്‍ത്താന്‍ നോക്കും. ഒരു വൈദേശികന്‍ വന്നു നമ്മെ തൊഴിക്കാന്‍ ഒരുമ്പെട്ടാലോ എല്ലാം ശരിയായി. അതൊക്കെ നമുക്കു തുലോം പിരിചിതമാണ്, അല്ലേ? അടിമകള്‍ വലിയ ഉടമകളാകണം: അതുകൊണ്ട് അടിമത്തം വെടിയുക. അടുത്ത അമ്പതു കൊല്ലക്കാലത്തേക്കു ഇതുമാത്രമാകണം മുദ്രവാക്യം – മഹിതയായ ഭാരതമാതാവ്! അക്കാലമത്രയും ഉണ്മയില്ലാത്ത മറ്റീശ്വരന്മാരെല്ലാം നമ്മുടെ മനസ്സില്‍നിന്നു പോയ്മറയട്ടെ! ഉണര്‍ന്നിരിപ്പുള്ള ഒരേ ഒരീശ്വരന്‍ ഇതുമാത്രം, നമ്മുടെ സ്വന്തം വംശം; എവിടെയും അവിടുത്തെ കൈകള്‍, അവിടുത്തെ കാലുകള്‍: എവിടെയും അവിടുത്തെ ചെവികള്‍: അവിടുന്ന് എല്ലാം ആവരണം ചെയ്യുന്നു. മറ്റീശ്വരന്മാരെല്ലാം ഉറക്കമാണ്. നമ്മുടെ ചുറ്റും കാണുന്ന ഈശ്വരനെ, വിരാട്ടിനെ ആരാധിക്കാനാവാതെ, ഇല്ലാത്ത മറ്റേതീശ്വരന്മാരുടെ പിന്നാലെയാണ് നാം പോകുക? ഈ ഒരീശ്വരനെ ആരാധിച്ചാല്‍ മറ്റീശ്വരന്മാരെയെല്ലാം ആരാധിക്കാനും സാധിക്കും. അരനാഴിക നിരങ്ങാനാവാത്ത നാമാണ്, ഹനുമാനെപ്പോലെ കടല്‍ ചാടിക്കടക്കാന്‍ കൊതിക്കുന്നത്. അതസാദ്ധ്യം. എല്ലാവര്‍ക്കും യോഗികളാകണം, ധ്യാനിക്കണം! അസാദ്ധ്യം. പകല്‍ മുഴുവന്‍ ലോകത്തിലലിഞ്ഞുചേരുക, കര്‍മ്മകാണ്ഡത്തില്‍ കഴിയുക; സന്ധ്യയാകുമ്പോള്‍ ചീറ്റിക്കഴിയുക! അത്രയെളുപ്പമോ അത്? നിങ്ങള്‍ മൂന്നുവട്ടം ചമ്രം പടിഞ്ഞിരുന്നു ചീറ്റിയതുകൊണ്ട് ഋഷിമാര്‍ പറന്നുവരണമെന്നോ? ഇതൊരു നേരമ്പൊക്കോ? ഇതൊക്കെ വെറും വിഡ്ഢിത്തമാണ്. ആവശ്യം ചിത്തശുദ്ധിയാണ്, ഹൃദയപരിശുദ്ധി. അതു വരുന്നതെങ്ങനെ? ഒന്നാമത്തെ പൂജ വിരാട്പൂജയാണ് – നമ്മുടെ ചുറ്റുമുള്ളവരെ പൂജിക്കല്‍. അതിനെ പൂജിക്കൂ! നമ്മുടെ ഈശ്വരന്മാരാണിവരൊക്കെ – മനുഷ്യരും മൃഗങ്ങളും: മത്‌സരിക്കയും തമ്മില്‍ തല്ലുകയും ചെയ്യുന്നതിനുപകരം നാം ആദ്യമേ പൂജിക്കേണ്ടവര്‍. നമ്മുടെ യാതനകള്‍ അതിഭയങ്കരമായ കര്‍മ്മങ്ങളുടെ ഫലമാണ്: എന്നിട്ടും അതു നമ്മുടെ കണ്ണു തുറക്കുന്നില്ല!

[വിവേകാനന്ദസാഹിത്യസര്‍വസ്വം – ഭാരതത്തിന്റെ ഭാവി – തുടരും]