ഭട്ടാരകഭക്തകവിയും വാഗ്മിയുമായ പ്രൊഫ. എ. വി. ശങ്കരന്‍ രചിച്ച ഗദ്യശൈലിയിലുള്ള തത്ത്വമസി വിദ്യാധിരാജഗദ്യം, ചട്ടമ്പിസ്വാമി തിരുവടികളുടെ ഉപാസകര്‍ക്ക് അവിടുത്തെ ദിവ്യനാമവും രൂപവും ഹൃദയത്തിലുള്‍ക്കൊള്ളുവാന്‍ പര്യാപ്തമാണ്.
“ഉള്ളൂര്‍ക്കോട്ടു വീട്ടില്‍ നങ്കമ്മ എന്ന മഹതിയുടെയും താമരശ്ശേരി ഇല്ലത്തെ വാസുദേവശര്‍മ്മയുടെയും അരുമസന്താനമായി തിരുവവതാരം ചെയ്ത്, അയ്യപ്പനായി – കുഞ്ഞനായി – ഷണ്മുഖദാസനായി – വിദ്യാധിരാജനായി – ശ്രീ തീര്‍ത്ഥപാദനായി – പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി തിരുവടികളായി ആ പ്രിയ പുത്രന്‍ വളര്‍ച്ച പ്രാപിക്കുന്നതും സ്നേഹത്തിന്റെ ധ്രുവനക്ഷത്രമായി പ്രകാശിക്കുന്നതുമായ വശ്യമനോഹര ദൃശ്യങ്ങളാണ് ‘തത്ത്വമസി’വിദ്യാധിരാജഗദ്യം അനുസന്ധാനയോഗ്യമായ ഓരോ വാക്യശകലങ്ങളിലൂടെ അനുവാചകര്‍ക്ക് കാട്ടിക്കൊടുക്കുന്നത്”