ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടരും.
ലാഹോറിലെത്തിയപ്പോള്‍ ആര്യസമാജത്തിന്റെയും സനാതനധര്‍മ്മസഭയുടെയും, രണ്ടിന്റെയും, നേതാക്കന്മാര്‍ സ്വാമിജിക്കു ഗംഭീരമായ ഒരു സ്വീകരണം നല്കി. ലാഹോറില്‍ കഴിച്ച ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വാമിജി മൂന്നു പ്രസംഗം ചെയ്തു. ഇവയില്‍ ഒന്നാമത്തേത് ‘ഹിന്ദുമതത്തിന്റെ സാമാന്യ ഭൂമിക’യെപ്പറ്റിയും, രണ്ടാമത്തേത് ‘ഭക്തി’യെപ്പറ്റിയുമാണ്. മൂന്നാമത്തേത് ‘വേദാന്ത’ത്തെപ്പറ്റിയുള്ള പ്രസിദ്ധപ്രഭാഷണമാണ്. ഒന്നാമത്തെ പ്രസംഗത്തില്‍ അദ്ദേഹം താഴെ ചേര്‍ക്കുംവിധം സംസാരിച്ചു;
പവിത്രമായ ആര്യാവര്‍ത്തത്തില്‍ പവിത്രതരമായി കരുതപ്പെടുന്ന നാടാണിത്, നമ്മുടെ മനു പരാമര്‍ശിച്ചിട്ടുള്ള ബ്രഹ്മാവര്‍ത്തം. ഈ നാട്ടിലാണ് ആത്മാഭിമുഖവും പ്രബലവുമായ ആ ആകാംക്ഷ ഉളവായത്: അതേ, ചരിത്രം കാട്ടുംപോലെ, ഭാവിയില്‍ ലോകത്തെ ആറാടിക്കാന്‍ പോകുന്ന ആ ആകാംക്ഷ. ഈ നാട്ടിലാണ്, ഇവിടത്തെ മഹാനദികളെപ്പോലെ, ആദ്ധ്യാത്മികാകാംക്ഷകള്‍ ഉടലെടുത്തിട്ടുള്ളതും തമ്മില്‍ കലര്‍ന്നു കരുത്തിയന്നിട്ടുള്ളതും, ഒടുവില്‍ ലോകത്തില്‍ നെടുകയും കുറുകെയും പരന്ന് ഇടിവെട്ടുംപോലെ സ്വയം പ്രഖ്യാപിച്ചതും. ഈ നാട്ടിനാണ്, ഭാരതത്തിന്റെ മേലുണ്ടായിട്ടുള്ള എല്ലാ കൈകടത്തലുകളുടെയും ആക്രമണങ്ങളുടെയും കനത്ത ഭാരം ഒന്നാമതായി താങ്ങേണ്ടിവന്നത്. ഈ വീരസാഹസികമായ നാടാണ്, ആര്യാവര്‍ത്തത്തിന്നെതിരായി ബാഹ്യരായ മ്ലേച്ഛന്മാര്‍ നടത്തിയ ആക്രമണങ്ങളെ നേരിടാന്‍ ഒന്നാമതു മാറു കാട്ടിയത്. ഈ നാട്ടിലാണ്, എത്രയോ ദുരിതങ്ങള്‍ നേരിട്ടിട്ടും സ്വന്തം മഹനീയതയും കരുത്തും മുച്ചൂടും നശിച്ചിട്ടില്ലാത്തത്. ഇവിടെയാണ് അര്‍വ്വാചീനകാലത്ത് ശാന്തനായ നാനാക് തന്റെ അദ്ഭുതകരമാല ലോകമൈത്രി പ്രചരിപ്പിച്ചത്. ഇവിടെയാണ് അദ്ദേഹത്തിന്റെ വിശാലമായ ഹൃദയം വിവൃതമായതും അദ്ദേഹത്തിന്റെ കൈകള്‍ ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കാന്‍, ഹിന്ദുക്കളെ മാത്രമല്ല മുഹമ്മദീയരെയും ആശ്ലേഷിക്കാന്‍, നീണ്ടതും. ഇവിടെയാണ് നമ്മുടെ വംശത്തില്‍പ്പെട്ട ഏറ്റവും അര്‍വ്വാചീനരും ഏറ്റവും മഹനീയരുമായ വീരന്മാരില്‍ ഒരുവനായ ഗുരുഗോവിന്ദ സിംഹന്‍ മതത്തിനുവേണ്ടി തന്റെയും, തനിക്കേറ്റവും പ്രിയപ്പെട്ടവരും അടുത്തവരുമായവരുടെയും രക്തം ചൊരിഞ്ഞിട്ട്, ആര്‍ക്കുവേണ്ടി രക്തം ചൊരിഞ്ഞോ അവരാല്‍ പരിത്യക്തനായിട്ടും, നാടിനെതിരായി ഒരു വാക്കുമുരിയാടാതെ, ഒരു പ്രതിഷേധശബ്ദവും കൂടാതെ, നെഞ്ചത്തു വെട്ടേറ്റു മുറിപറ്റിയ സിംഹംപോലെ, മരിക്കാന്‍ ദക്ഷിണദേശത്തേക്ക് പിന്‍മാറിയത്.
പഞ്ചനദത്തിന്റെ സന്താനങ്ങളേ, നമ്മുടെ പ്രാചീനമായ ഈ നാട്ടില്‍ നിങ്ങളുടെ മുമ്പില്‍ ഞാന്‍ വന്നു നില്ക്കുന്നത് ഒരു ഗുരുവായിട്ടല്ല – പഠിപ്പിക്കാന്‍ എനിക്കറിവുള്ളത് വളരെ കുറച്ചു മാത്രമാണ് – മറിച്ച്, പടിഞ്ഞാറുള്ള തന്റെ സഹോദരന്മാരുമായി അഭിവാദന വചസ്സുകള്‍ പകരാനും അനുഭവങ്ങള്‍ താരതമ്യപ്പെടുത്താനും കിഴക്കു നിന്നു വന്ന ഒരുവനെന്ന നിലയിലാണ്. നമ്മുടെ ഇടയിലുള്ള വ്യത്യാസങ്ങള്‍ കണ്ടുപിടിക്കാനല്ല, പിന്നെയോ എവിടെ നാം യോജിക്കുന്നു എന്നു കണ്ടെത്താനാണ്. ഏതടിസ്ഥാനത്തില്‍ നമുക്ക് എപ്പോഴും സഹോദരന്മാരായി കഴിയാമെന്നറിയാനാണ് ഞാനിവിടെ ശ്രമിക്കുന്നത്: ഏതടിസ്ഥാനത്തില്‍, അനാദികാലംമുതല്‍ വചിച്ചു വന്നിട്ടുള്ള ആ ശബ്ദം, കൊഴുക്കുംതോറും കൂടുതല്‍ കൂടുതല്‍ പ്രബലപ്പെടുമെന്നറിയാന്‍ ശ്രമിക്കയാണ്. സര്‍ഗ്ഗപരമായ, വിനാശപരമല്ലാത്ത, ചിലത് നിങ്ങളുടെ മുമ്പില്‍ വെയ്ക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. കുറ്റം പറയാനുള്ള നാളുകള്‍ കഴിഞ്ഞിരിക്കുന്നു. നാമിപ്പോള്‍ പ്രതീക്ഷിക്കുന്നത് സര്‍ഗ്ഗപ്രധാനമായ പ്രവൃത്തിയാണ്. ചിലപ്പോള്‍ ലോകത്തിനു കുറ്റം പറയല്‍ ആവശ്യമാണ്, ക്രൂരമായ കുറ്റംപറയലുകള്‍പോലും. പക്ഷേ ഇതു സ്വല്പകാലത്തേക്കു മതി. എന്നെന്നേക്കുമുള്ള പ്രവൃത്തി പുരോഗമനവും നിര്‍മ്മാണവുമാണ്, കുറ്റംപറയലും മുടിക്കലുമല്ല. കഴിഞ്ഞ ഏതാണ്ടു നൂറു കൊല്ലക്കാലമായി നമ്മുടെ ഈ നാട്ടില്‍ സര്‍വ്വത്ര കുറ്റം പറയലിന്റെ ഒരു പ്രളയംതന്നെയായിരുന്നു. ഈ നാട്ടിലെ മാലിന്യങ്ങളുടെ മേല്‍ പാശ്ചാത്യശാസ്ത്ര(പ്രകാശ)ത്തിന്റെ പൂര്‍ണ്ണവും സ്വച്ഛന്ദവുമായ പെരുമാറ്റമുണ്ടായിട്ടുണ്ട്: ഫലം, മറ്റെല്ലാറ്റിനെയും അപേക്ഷിച്ച് കോണുകളും വിടവുകളും തെളിഞ്ഞുകാണാനായിട്ടുണ്ടെന്നതാണുതാനും. സ്വാഭാവികമായി നാട്ടിലെല്ലായിടത്തും മഹത്തുക്കളും മഹനീയരുമായ പ്രതിഭാശാലികളുണ്ടായി. അവരുടെ ഹൃദയത്തില്‍ സത്യത്തോടും നീതിയോടും രാജ്യത്തോടുമുള്ള സ്നേഹം കുടികൊണ്ടു: വിശിഷ്യസ്വമതത്തോടും ഈശ്വരനോടും അവര്‍ക്കുണ്ടായിരുന്ന സ്നേഹം അതിതീവ്രമായിരുന്നു. പ്രബലരായ ഈ മഹത്തുക്കള്‍ക്ക് ആഴമേറിയ വികാരങ്ങള്‍, ആഴമേറിയ സ്നേഹം, ഉണ്ടായിരുന്നതുകൊണ്ട്, തെറ്റെന്നു തോന്നിയതിനെയെല്ലാം അവര്‍ വിമര്‍ശിച്ചു. പഴയ കാലത്തെ ഈ മഹത്തുക്കള്‍ പ്രശംസനീയര്‍തന്നെ. അവര്‍ ഒട്ടേറെ നന്മ ചെയ്തിട്ടുണ്ട്. എന്നാല്‍ വര്‍ത്തമാനകാലത്തിന്റെ ശബ്ദം നമ്മോടു പറയുകയാണ്, ‘മതിയാക്കൂ!’ വിമര്‍ശനവും കുറ്റം പറച്ചിലും വേണ്ടത്രയായി. വീണ്ടും പടുത്തുയര്‍ത്താന്‍, നിര്‍മ്മിക്കാന്‍, ഉള്ള കാലം വന്നിരിക്കുന്നു. ചിതറിക്കിടക്കുന്ന നമ്മുടെ ശക്തികള്‍ സമാഹരിച്ച് ഒരു കേന്ദ്രത്തില്‍ നിറുത്തേണ്ട കാലം വന്നിരിക്കുന്നു. അങ്ങനെ നമ്മുടെ ജനതയെ പുരോഗമിപ്പിക്കണം. പല ശതകങ്ങളായി അതു മുടങ്ങിക്കിടക്കയായിരുന്നു. വീടു വെടിപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. പുതുതായി ഗൃഹപ്രവേശം നടത്താം. വഴി തെളിച്ചിരിക്കുന്നു. ആര്യ സന്താനങ്ങളേ, അണി നടന്നു മുന്നേറുവിന്‍!
മാന്യരേ, ഇതാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ വന്നതിന്റെ ഉദ്ദേശ്യം. നേരത്തെ ഞാന്‍ പ്രഖ്യാപിച്ചേക്കാം, ഞാനൊരു പക്ഷത്തിലോ വിഭാഗത്തിലോ പെട്ടവനല്ലെന്ന്. എന്നെ സംബന്ധിച്ചിടത്തോളം, അവയെല്ലാം മഹത്തും മഹനീയവുമാണ്. ഞാന്‍ അവയെയൊക്കെ സ്നേഹിക്കുന്നു. എന്റെ ജീവിതകാലം മുഴുവന്‍ അവയില്‍ നല്ലതും ശരിയുമായിട്ടുള്ളതെന്തെന്നു കാണാന്‍ ഞാന്‍ ശ്രമിക്കയായിരുന്നു. അതിനാല്‍, ഇന്നു രാത്രി, നമുക്കൊക്കെ യോജിപ്പുള്ള ചില സംഗതികള്‍ നിങ്ങളുടെ മുമ്പില്‍ കൊണ്ടുവരുവാനാണ് ഞാനൊരുങ്ങുന്നത്, യോജിപ്പിന് ഒരടിസ്ഥാനം സാദ്ധ്യമാണെങ്കില്‍ കണ്ടെത്തുവാന്‍. ഈശ്വരകൃപകൊണ്ട് അതു സാദ്ധ്യമാണെങ്കില്‍, നമുക്ക് അതെടുത്തു സിദ്ധാന്തദശയില്‍ നിന്നു പ്രയോഗത്തിലേക്കെത്തിക്കയും ചെയ്യാം. നാം ഹിന്ദുക്കളാണ്. ചീത്തയായ ഒരര്‍ത്ഥത്തിലുമല്ല ‘ഹിന്ദു’ എന്ന വാക്കു ഞാന്‍ ഉപയോഗിക്കുന്നത്., അതിന്നു ചീത്ത അര്‍ത്ഥമുണ്ടെന്നു കരുതുന്നവരോടു ഞാന്‍ യോജിക്കുന്നുമില്ല പഴയ കാലത്ത് അതിന്റെ ശരിയായ അര്‍ത്ഥം സിന്ധുവിന്റെ മറുകരെ പാര്‍ത്തവരെന്നു മാത്രമായിരുന്നു. ഇന്നു നമ്മോടു വിദ്വേഷമുള്ളവരില്‍ പലരും അതിന്നൊരു ചീത്ത അര്‍ത്ഥം കൊടുക്കുന്നുണ്ടാവാം. പക്ഷേ പേരുകള്‍ സാരമാക്കേണ്ട. ഹിന്ദു എന്ന പേരു മഹനീയവും ആദ്ധ്യാത്മികവുമായതിനെയെല്ലാം ദ്യോതിപ്പിക്കുന്നതായിട്ടോ, അതോ നിന്ദ്യമായതിന്റെ ഒരു പേരായി, ചവുട്ടിമെതിക്കപ്പെട്ടവന്റെ കൊള്ളരുതാത്തവന്റെ, അവിശ്വാസിയുടെ, പേരായിട്ടോ നിലനില്ക്കുക എന്നതു നമ്മെയാണ് ആശ്രയിച്ചിരിക്കുന്നത്. ഇന്നിപ്പോള്‍ ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം ചീത്തയാണെങ്കില്‍ അതു സാരമാക്കേണ്ട: നമ്മുടെ പ്രവൃത്തികൊണ്ടു കാട്ടണം ഏതു ഭാഷയിലും കണ്ടുകിട്ടാവുന്ന വാക്കുകളില്‍വെച്ച് അത്യുത്തമമാണതെന്ന്. എന്റെ പൂര്‍വ്വികരെപ്പറ്റി ലജ്ജിക്കാതിരിക്കുക എന്നത് എന്റെ ജീവിതതത്ത്വങ്ങളിലൊന്നത്രെ. എക്കാലവും ജനിച്ചിട്ടുള്ള അത്യഭിമാനികളില്‍ ഒരുവനാണ് ഞാന്‍: എന്നാല്‍ എന്റെ അഭിമാനം എന്നെച്ചൊല്ലിയല്ല, എന്റെ പൂര്‍വ്വികരെച്ചൊല്ലിയാണെന്നു ഞാന്‍ വ്യക്തമാക്കട്ടെ. പൊയ്‌പോയ കാലത്തെപ്പറ്റി കൂടുതല്‍ പറിക്കുംതോറും ഞാന്‍ കൂടുതല്‍ പിന്നോട്ടു നോക്കുകയാണ്: ഏറിയ തോതില്‍ അഭിമാനംകൊള്ളുകയാണ്: അതെനിക്കു വിശ്വാസജന്യമായ കരുത്തും ശൂരതയും നല്കുന്നു: അതെന്നെ ഭൂമിയിലെ പൂഴിയില്‍നിന്നുയര്‍ത്തുന്നു. അതെന്നെക്കൊണ്ട് നമ്മുടെ പൂര്‍വ്വികന്മാര്‍ തയ്യാറാക്കിയ വമ്പിച്ച ആ കര്‍മ്മപദ്ധതികളെ പ്രയോഗത്തില്‍ വരുത്താന്‍ പണിയെടുപ്പിക്കുന്നു. പ്രാചീനരായ ആര്യന്മാരുടെ സന്താനങ്ങളേ, ഈശ്വരകൃപകൊണ്ടു നിങ്ങള്‍ക്ക് അതേ അഭിമാനമുണ്ടാകട്ടെ! നിങ്ങളുടെ പൂര്‍വികന്മാരിലുള്ള വിശ്വാസം നിങ്ങളുടെ രക്തത്തില്‍ ഉയിര്‍ക്കട്ടെ! അതു നിങ്ങളുടെ ജീവിതസാരമായിത്തീരട്ടെ! വിശ്വമോക്ഷത്തിനുവേണ്ടി വ്യാപരിക്കട്ടെ!
നാമൊക്കെ യോജിക്കുന്ന സംഗതി, നമ്മുടെ ജനതാജീവിതത്തിന്റെ അടിസ്ഥാനം, തിട്ടപ്പെടുത്താന്‍ തുടങ്ങുന്നതിനുമുമ്പ് ഒരു കാര്യമോര്‍ക്കണം. ഓരോരുത്തനുമെന്നവണ്ണം, ഒരു ജനതയ്ക്കും അതിന്‍േറതായ വ്യക്തിത്വമുണ്ട്. ചില സവിശേഷതകളില്‍ ഒരുവന്‍ മറ്റൊരുവനില്‍നിന്നു വ്യത്യസ്തനായിരിക്കുംപോലെ ഒരു വംശവും മറ്റൊരു വംശത്തില്‍നിന്നു വ്യത്യസ്തമാണ്. പ്രകൃതിയുടെ നിഷ്‌കൃഷ്ടപരിപാടിയില്‍, ഓരോ മനുഷ്യനും സ്വയമായ ഒരു ലക്ഷ്യം നേടാനുള്ളതുപോലെയാണ്, അവന്‍േറതായ ഒരു വഴി പൂര്‍വ്വകര്‍മ്മംതന്നെ ക്ലിപ്തമാക്കിയിട്ടുള്ളതുപോലെയാണ്, ജനതയുടെയും കഥ: ഓരോ ജനതയ്ക്കുമുണ്ട് അതിന്‍േറതായ വീതം പൂര്‍ത്തിയാക്കാന്‍, സന്ദേശം നല്കാന്‍, ദൗത്യം സാധിച്ചെടുക്കാന്‍. അതുകൊണ്ട് പ്രാരംഭത്തില്‍ത്തന്നെ, നമ്മുടെ വംശത്തിന്റെ ദൗത്യമെന്തെന്നും, അതു നിറവേറ്റേണ്ടുന്ന വീതമെന്തെന്നും, ജനതകളുടെ മുന്നേറ്റത്തില്‍ അതിന്നുള്ള സ്ഥാനമെന്തെന്നും, വംശമേളത്തിലേക്ക് അതു നല്‌കേണ്ട രാഗവിശേഷമേതെന്നും ധരിക്കേണ്ടതുണ്ട്. ഈ നാട്ടില്‍, കുട്ടിക്കാലത്ത്, പത്തിയില്‍ മാണിക്യക്കല്ലുള്ള സര്‍പ്പങ്ങളെപ്പറ്റി നാം കേള്‍ക്കാറുണ്ട് ഈ കല്ലുള്ളിടത്തോളം കാലം, എന്തു ചെയ്താലും സര്‍പ്പത്തെ കൊല്ലുക സാദ്ധ്യമല്ല. ചെറു പറവകളില്‍ പാര്‍ക്കുന്ന ആത്മാക്കളോടുകൂടിയ രാക്ഷസന്മാരെക്കുറിച്ചും അസുരന്മാരെക്കുറിച്ചും കേള്‍വിയുണ്ട്. ഈ പറവകള്‍ക്ക് ആപത്തില്ലാത്തിടത്തോളം ലോകത്തുള്ള ശക്തികള്‍ക്കൊന്നും ഈ രാക്ഷസന്മാരെ കൊല്ലുക സാദ്ധ്യമല്ല. ഇങ്ങനെയാണ് ജനതകളുടെയും നില. ജനതകളുടെ ജീവിതം കേന്ദ്രീകരിച്ച ഒരു സ്ഥാനവിശേഷമുണ്ട്: അവിടെയാണ് അവയുടെ മര്‍മ്മം സ്ഥിതി ചെയ്യുന്നത്. അതിന് അപായമേര്‍പ്പെടുന്നതുവരെ അവയ്ക്ക് അപായമൊന്നുമില്ല. ലോകചരിത്രത്തിലെ ആ അദ്ഭുതപ്രതിഭാസം, ഈ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. യാതനകള്‍ക്ക് ഉഴിഞ്ഞുവെയ്ക്കപ്പെട്ട ഈ നാട്ടിലൂടെ ബര്‍ബരന്മാരുടെ ആക്രമണ തരംഗങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ഇരച്ചുകയറി; ‘അല്ലാഹോ അക്ബര്‍’ നൂറ്റാണ്ടുകളായി ആകാശത്തെ മുഖരിതമാക്കി. ഏതു ക്ഷണത്തില്‍ ജീവന്‍ പോകുമെന്ന് ഒരു ഹിന്ദുവിന്നും തിട്ടമില്ലായിരുന്നു. ലോകത്തിലെ ചരിത്രപ്രസിദ്ധമായ നാടുകളില്‍വെച്ച് ഏറ്റവുമധികം യാതനകളനുഭവിച്ചതും ഏറ്റവുമധികം പ്രാവശ്യം കീഴടക്കപ്പെട്ടതുമായ നാടാണിത്. എന്നിട്ടും മിക്കവാറും അതേ വംശത്തില്‍പ്പെട്ട നാം ഇന്നും നിലനില്ക്കുന്നു. വേണ്ടിവന്നാല്‍ വീണ്ടും വീണ്ടും ബുദ്ധിമുട്ടുകള്‍ നേരിടാന്‍ നാം തയ്യാറാണ്, ഈയിടെയായി, നമുക്കു ബലമുണ്ടെന്നു മാത്രമല്ല, നാം വെളിയിലേക്കു കടന്നുചെല്ലാന്‍ തയ്യാറുമാണെന്നതിനു ലക്ഷണം കാണാനുണ്ട്. ജീവിതലക്ഷണംതന്നെ വ്യാപ്തിയാണല്ലോ.