MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

സീതാസ്വീകരണം

പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു
മന്നവന്‍ ‘നീ പൊയ്‌ വിഭീഷണാനുജ്ഞയാ
ചെന്നു ലങ്കാപുരം പുക്കറിയിക്കണം
തന്വംഗിയാകിയ ജാനകിയോടിദം
നക്തഞ്ചരാധിപനിഗ്രഹമാദിയ‍ാം
വൃത്താന്തമെല്ല‍ാം പറഞ്ഞു കേള്‍പ്പിക്കണം
എന്നാലവളുടെ ഭാവവും വാകുമി-
ങ്ങെന്നോടു വന്നു പറക നീ സത്വരം’
എന്നതു കേട്ടു പവനതനയനും
ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം
വന്നു നിശാചരര്‍ സല്‍ക്കരിച്ചീടിനാര്‍
നന്ദിതനായൊരു മാരുത പുത്രനും
രാമപാദാബ്ജവും ധ്യാനിച്ചിരിയ്ക്കുന്ന
ഭൂമിസുതയെ നമസ്കരിച്ചീടിനാന്‍
വക്ത്രപ്രസാദമാലോക്യ കപിവരന്‍
വൃത്താന്തമെല്ല‍ാം പറഞ്ഞുതുടങ്ങിനാന്‍
‘ലക്ഷ്മണനോടും വിഭീഷന്‍തന്നൊടും
സുഗ്രീവനാദിയ‍ാം വാനരന്മാരൊടും
രക്ഷോവരന‍ാം ദശഗ്രീവനെക്കൊന്നു
ദുഃഖമകന്നു തെളിഞ്ഞു മേവീടിനാന്‍
ഇത്ഥം ഭവതിയോടൊക്കെപ്പറകെന്നു
ചിത്തം തെളിഞ്ഞരുള്‍ചെയ്തിതറിഞ്ഞാലും’
സന്തോഷമെത്രയുണ്ടായിതു സീതയ്ക്കെ-
ന്നെന്തു ചൊല്ലാവതു ജാനകീദേവിയും
ഗദ്ഗദവര്‍ണ്ണേന ചൊല്ലിനാ’ളെന്തു ഞാന്‍
മര്‍ക്കടശ്രേഷ്ഠ! ചൊല്ലേണ്ടതു ചൊല്ലു നീ
ഭര്‍ത്താവിനെക്കണ്ടുകൊള്‍വാനുപായമെ-
ന്തെത്ര പാര്‍ക്കേണമിനിയും ശുചൈവ ഞാന്‍
നേരത്തിതിന്നു യോഗം വരുത്തീടുനീ
ധീരത്വമില്ലിനിയും പൊറുത്തീടുവാന്‍’
വാതാത്മജനും രഘുവരന്‍തന്നോടു
മൈഥിലീഭാഷിതം ചെന്നു ചൊല്ലീടിനാന്‍
ചിന്തിച്ചു രാമന്‍ വിഭീഷണന്‍ തന്നോടു
സന്തുഷ്ടനായരുള്‍ചെയ്താന്‍ ‘വിരയെ നീ
ജാനകീദേവിയെച്ചെന്നു വരുത്തുക
ദീനതയുണ്ടുപോല്‍ കാണായ്കകൊണ്ടുമ‍ാം
സ്നാനം കഴിപ്പിച്ചു ദിവ്യ‍ാംബരാഭര-
ണാനുലേപാദ്യലങ്കാരമണിയിച്ചു
ശില്‍പമായോരു ശിബികമേലാരോപ്യ
മല്‍പുരോഭാഗേ വരുത്തുക സത്വരം.’
മാരുതിതന്നോടുകൂടെ വിഭീഷണ-
നാരാമദേശം പ്രവേശിച്ചു സാദരം
വൃദ്ധമാരായ നാരീജനത്തെക്കൊണ്ടു
മുഗ്ദ്ധ‍ാംഗിയെക്കുളിപ്പിച്ചു ചമയിച്ചു
തണ്ടിലെടുപ്പിച്ചുകൊണ്ടു ചെല്ലുന്നേര-
മുണ്ടായ്‌ ചമഞ്ഞിതൊരു ഘോഷനിസ്വനം
വാനരവീരരും തിക്കിത്തിരക്കിയ-
ജ്ജാനകീദേവിയെക്കണ്ടുകൊണ്ടീടുവാന്‍
കൂട്ടമിട്ടങ്ങണയുന്നതു കണ്ടൊരു
യാഷ്ടികന്മാരണഞ്ഞാട്ടിയകറ്റിനാര്‍
കോലാഹലം കേട്ടു രാഘവന്‍ കാരുണ്യ-
ശാലി വിഭീഷണന്‍ തന്നോടരുള്‍ചെയ്തു
‘വാനരന്മാരെയുപദ്രവിപ്പാനുണ്ടോ
ഞാനുരചെയ്തിതു നിന്നോടിതെന്തെടോ?
ജാനകീദേവിയെക്കണ്ടാലതിനൊരു
ഹാനിയെന്തുള്ളതതു പറഞ്ഞീടു നീ?
മാതാവിനെച്ചെന്നു കാണുന്നതുപോലെ
മൈഥിലിയെച്ചെന്നു കാണ്ടാലുമേവരും
പാദചാരേണ വരേണമെന്നന്തികേ
മേദിനീനന്ദിനി കിം തത്ര ദൂഷണം?’
കാര്യാര്‍ത്ഥമായ്‌ പുരാ നിര്‍മ്മിതമായൊരു
മായാജനകജാരൂപം മഹോഹരം
കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ-
പ്പുണ്ഡരീകാക്ഷന്‍ ബഹുവിധം ചൊല്ലിനാന്‍
ലക്ഷ്മണനോടു മായാസീതയും ശുചാ
തല്‍ക്ഷണേ ചൊല്ലിനാളേതുമേ വൈകാതെ
‘വിശ്വാസമാശു മല്‍ഭര്‍ത്താവിനും മറ്റു
വിശ്വത്തില്‍ വാഴുന്നവര്‍ക്കും വരുത്തുവാന്‍
കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിക്ക
ദണ്ഡമില്ലേതുമെനിക്കതില്‍ ചാടുവാന്‍’
സൗമിത്രിയുമതു കേട്ടു രഘൂത്തമ
സൗമുഖഭാവമാലോക്യ സസംഭ്രമം
സാമര്‍ത്ഥ്യമേറുന്ന വാനരന്മാരുമായ്‌
ഹോമകുണ്ഡം തീര്‍ത്തു തീയും ജ്വലിപ്പിച്ചു
രാമപാര്‍ശ്വം പ്രവേശിച്ചു നിന്നീടിനാന്‍
ഭൂമിസുതയുമന്നേരം പ്രസന്നയായ്‌
ഭര്‍ത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം
കൃത്വാ മുഹുസ്ത്രയം ബദ്ധാഞ്ജലിയൊടും
ദേവദ്വിജേന്ദ്രതപോധനന്മാരെയും
പാവകന്‍തന്നെയും വന്ദിച്ചു ചൊല്ലിനാള്‍
‘ഭര്‍ത്താവിനെയൊഴിഞ്ഞന്യനെ ഞാന്‍ മമ
ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ
സാക്ഷിയല്ലോ സകലത്തിനുമാകയാല്‍
സാക്ഷാല്‍ പരമാര്‍ത്ഥമിന്നറിയിക്ക നീ’
എന്നു പറഞ്ഞുടന്‍ മൂന്നു വലം വച്ചു
വഹ്നിയില്‍ ചാടിനാള്‍ കിഞ്ചില്‍ ഭയം വിനാ
ദുശ്‌ച്യവനാദികള്‍ വിസ്മയപ്പെട്ടിതു
നിശ്‌ചലമായിതു ലോകവുമന്നേരം
ഇന്ദ്രനും കാലനും പാശിയും വായുവും
വൃന്ദാകരാധിപന്മാരും കുബേരനും
മന്ദാകിനീധരന്‍താനും വിരിഞ്ചനും
സുന്ദരിമാരാകുമപ്സരസ്ത്രീകളും
ഗന്ധര്‍വ്വ കിന്നര കിംപുരുഷന്മാരു
ദന്ദശുകന്മാര്‍ പിതൃക്കള്‍ മുനികളും
ചാരണഗുഹ്യസിദ്ധസാദ്ധ്യന്മാരും
നാരദ തുംബുരുമുഖ്യജനങ്ങളും
മറ്റും വിമാനാഗ്രചാരികളൊക്കവേ
ചുറ്റും നിറഞ്ഞിതു, രാമന്‍തിരുവടി
നിന്നരുളും പ്രദേശത്തിങ്കലന്നേരം
വന്ദിച്ചിതെല്ലാവരേയും നരേന്ദ്രനും
രാമചന്ദ്രം പരമാത്മാനമന്നേരം
പ്രേമമുള്‍ക്കൊണ്ടു പുകഴ്‌ന്നു തുടങ്ങിനാര്‍
‘സര്‍വ്വലോകത്തിനും കര്‍ത്താ ഭവാനല്ലോ
സര്‍വ്വത്തിനും സാക്ഷിയാകുന്നുതും ഭവാന്‍
അജ്ഞാനവിഗ്രഹനാകുന്നതും ഭവാന്‍
അജ്ഞാനനാശകനാകുന്നതും ഭവാന്‍
സൃഷ്ടികര്‍ത്താവ‍ാം വിരിഞ്ചനാകുന്നതു-
മഷ്ടവസുക്കളിലഷ്ടമനായതും
ലോകത്തിനാദിയും മദ്ധ്യവുമന്തവു-
മേകന‍ാം നിത്യസ്വരൂപന്‍ ഭവാനല്ലോ
കര്‍ണ്ണങ്ങളായതുമശ്വനീദേവകള്‍
കണ്ണുകളായതുമാദിത്യചന്ദ്രന്മാര്‍
ശുദ്ധനായ്‌ നിത്യനായദ്വയനായൊരു
മുക്തനാകുന്നതും നിത്യം ഭവാനല്ലൊ
നിന്നുടെ മായയാ മൂടിക്കിടപ്പവര്‍
നിന്നെ മനുഷ്യനെന്നുള്ളിലോര്‍ത്തീടുവോര്‍
നിന്നുടെ നാമസ്മരണമുള്ളോരുള്ളില്‍
നന്നായ്‌ പ്രകാശിയ്ക്കുമാത്മപ്രബോധവും
ദുഷ്ടന‍ാം രാവണന്‍ ഞങ്ങളുടെ പദ-
മൊട്ടൊഴിയാതെയടക്കിനാന്‍ നിര്‍ദ്ദയം
നഷ്ടനായാനവനിന്നു നിന്നാലിനി-
പ്പുഷ്ടസൗഖ്യം വസിക്ക‍ാം ത്വല്‍ക്കരുണയാ’
ദേവകളിത്ഥം പുകഴ്ത്തും ദശാന്തരേ
ദേവന്‍ വിരിഞ്ചനും വന്ദിച്ചു വാഴ്ത്തിനാന്‍
‘വന്ദേ പദം പരമാനന്ദമദ്വയം
വന്ദേ പദമശേഷസ്തുതികാരണം
അദ്ധ്യാത്മജ്ഞാനികളാല്‍ പരിസേവിതം
ചിത്തസത്താമാത്രമവ്യയമീശ്വരം
സര്‍വ്വഹൃദിസ്ഥിതം സര്‍വ്വജഗന്മയം
സര്‍വ്വലോകപ്രിയം സര്‍വ്വജ്ഞമത്ഭുതം
രത്നകിരീടം രവിപ്രഭം കാരുണ്യ-
രത്നാകരം രഘുനാഥം രമാവരം
രാജരാജേന്ദ്രം രജനീചരാന്തകം
രാജീവലോചനം രാവണനാശനം
മായാപരമജം മായാമയം മനു-
നായകം മായാവിഹീനം മധുദ്വിഷം
മാനവം മാനഹീനം മനുജോത്തമം
മാധുര്യസാരം മനോഹരം മാധവം
യോഗിചിന്ത്യം സദാ യോഗിഗമ്യം മഹാ-
യോഗവിധാനം പരിപൂര്‍ണ്ണമച്യുതം
രാമം രമണീയരൂപം ജഗദഭി-
രാമം സദൈവ സീതാഭിരാമം ഭജേ’
ഇത്ഥം വിധാതുസ്തുതികേട്ടു രാഘവന്‍
ചിത്തമാനന്ദിച്ചിരുന്നരുളുന്നേരം
ആശ്രയാശന്‍ ജഗദാശ്രയഭൂതയാ-
നാശ്രിതവത്സലയായ വൈദേഹിയെ
കാഴ്ചയായ്‌ കൊണ്ടുവന്നാശു വണങ്ങിനാ-
നാശ്ചര്യമുള്‍ക്കൊണ്ടു നിന്നിതെല്ലാവരും
‘ലങ്കേശനിഗ്രഹാര്‍ത്ഥം വിപിനത്തില്‍ നി-
ന്നെങ്കലാരോപിതയാകിയ ദേവിയെ
ശങ്കാവിഹീനം പരിഗ്രഹിച്ചീടുക
സങ്കടം തീര്‍ന്നു ജഗത്ത്രയത്തിങ്കലും’
പാവകനെപ്രതി പൂജിച്ചു രാഘവന്‍
ദേവിയെ മോദാല്‍ പരിഗ്രഹിച്ചീടിനാന്‍
പങ്കേരുഹാക്ഷനും ജാനകീദേവിയെ-
സ്വാങ്കേ സമാവേശ്യ ശോഭിച്ചിതേറ്റവും