ഖേത്രിമഹാരാജാവിന്റെ ബംഗ്ലാവില്‍ ശിഷ്യരുമൊത്തു താമസിച്ചിരുന്ന വിവേകാനന്ദസ്വാമികള്‍ അവിടത്തെ വിശാലമായ ഒരു മുറിയില്‍വെച്ച് 1897 ഡിസംബര്‍ 20-ാംനു വേദാന്തമതത്തെപ്പറ്റി ഒരു പ്രസംഗം ചെയ്തു. സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്ന രാജാവാണ് സ്വാമിജിയെ സദസ്യര്‍ക്കു പരിചയപ്പെടുത്തിയത്. സ്വാമിജി ഒന്നര മണിക്കൂറിലധികം സംസാരിച്ചു. ഏറ്റവും മെച്ചപ്പെട്ട മട്ടിലാണ് അവിടുന്നു പ്രസംഗിച്ചത്. ശ്രദ്ധേയമായ ആ പ്രസംഗം മുഴുവന്‍ രേഖപ്പെടുത്തുവാന്‍ ചുരുക്കെഴുത്തുകാരാരുമില്ലാഞ്ഞതു കഷ്ടമായിപ്പോയി. അപ്പോള്‍ത്തന്നെ തയ്യാറാക്കിയ കുറിപ്പുകളെ ആസ്പദിച്ചുള്ള പ്രസംഗസംഗ്രഹമാണ് ചുവടെ ചേര്‍ക്കുന്നത്.
പണ്ടത്തെ രണ്ടു ജനതകള്‍ – വിഭിന്നപരിസ്ഥിതികളില്‍ വര്‍ത്തിച്ച ഗ്രീക്കുകാരും ആര്യന്മാരും – വിഭിന്നമായ രണ്ടു പരിഷ്‌കാരാദര്‍ശങ്ങള്‍ വളര്‍ത്തിയെടുത്തു. ഗ്രീക്കുകാരുടെ ചുറ്റുപാടുകള്‍ പ്രകൃതിയുടെ സുന്ദരവും മധുരവും പ്രലോഭകവുമായ ഭാവങ്ങളായിരുന്നു: ശീതോഷ്ണസ്ഥിതി പ്രോത്‌സാഹകവുമായിരുന്നു. ആര്യന്മാരുടെ ചുറ്റും പ്രകൃതിയുടെ ഉദാത്തഭാവങ്ങളായിരുന്നു. അവര്‍ ജനിച്ചതും വളര്‍ന്നുവന്നതും കായികവ്യാപാരങ്ങള്‍ക്കു പ്രതികൂലമായ ശീതോഷ്ണസ്ഥിതിയിലാണു താനും. ഗ്രീക്കുകാരുടെ പഠനത്തിനു വിഷയമായത് ബാഹ്യമായ അനന്തതയാണ്: ആര്യന്മാരുടേതിന് ആഭ്യന്തരമായ അനന്തതയും. ഒരു കൂട്ടര്‍ ബ്രഹ്മാണ്ഡത്തെയും മറ്റേക്കൂട്ടര്‍ പിണ്ഡാണ്ഡത്തെയും പഠിച്ചു. ഈ ഓരോ കൂട്ടര്‍ക്കും ലോകത്തിന്റെ പരിഷ്‌കാരത്തില്‍ തങ്ങളുടേതായ ഒരു ഭാഗം അഭിനയിക്കേണ്ടിവന്നു. ഇവരില്‍ ഒരു കൂട്ടര്‍ മറ്റവരില്‍നിന്നു കടം വാങ്ങേണ്ടിയിരുന്നു എന്നല്ല വിവക്ഷ. പക്ഷേ അവര്‍ അവരുടെ പ്രവൃത്തികളെ താരതമ്യപ്പെടുത്തിയുരുന്നെങ്കില്‍ രണ്ടു കൂട്ടര്‍ക്കും പ്രയോജനമുണ്ടായേനെ. പ്രകൃത്യാ ആര്യന്മാര്‍ അപഗ്രഥനപരന്മാരായിരുന്നു: ഗണിതത്തിലും വ്യാകരണത്തിലും അവര്‍ അദ്ഭുതകരങ്ങളായ ഫലങ്ങള്‍ നേടി. മനസ്സിന്റെ അപഗ്രഥനത്തോടുകൂടി അവരുടെ ആ ജീവിതതരു പൂര്‍ണ്ണവികാസം പ്രാപിച്ചു. പിഥാഗറസ്സ്, സോക്രട്ടീസ്, പ്ലേറ്റോ, ഈജിപ്തിലെ നവീന – പ്ലാറ്റോവിഭാഗീയര്‍ – ഇവരിലെല്ലാം ഭാരതീയചിന്തയുടെ പാടുകള്‍ കാണാം.
പിന്നെ, ഭാരതീയചിന്ത, പല ഘട്ടങ്ങളിലായി, സ്‌പെയിന്‍ ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍രാജ്യങ്ങളില്‍ വലിയ പ്രഭാവം ചെലുത്തിയിട്ടുണ്ട്. ഭാരതത്തിലെ ഒരു രാജകുമാരനായ ദാറാ ഷുക്കോ ഉപനിഷത്തുകളെ പേര്‍സ്യനിലേക്കു തര്‍ജ്ജമ ചെയ്തു. ഇതിന്റെ ലാറ്റിന്‍ തര്‍ജ്ജമ ഷോപ്പനര്‍ കാണുകയുണ്ടായി. ഉപനിഷത്തുകള്‍ അദ്ദേഹത്തിന്റെ ദര്‍ശനത്തെ രൂപപ്പെടുത്തി. പിന്നെ, കാന്റിന്റെ ദര്‍ശനത്തിന്‌മേലും ഉപനിഷദാശയങ്ങളുടെ പാടുകള്‍ കാണാനുണ്ട്. തുലനാത്മകമായ ശബ്ദശാസ്ത്രത്തില്‍ ഉണ്ടായിരുന്ന താല്പര്യമാണ് യൂറോപ്പിലെ പണ്ഡിതന്മാരെ സംസ്‌കൃതപഠനത്തിലേക്കാകര്‍ഷിച്ചത്. പക്ഷേ ഡോയസനെപ്പോലെ ചിലര്‍ ദര്‍ശനത്തിനുവേണ്ടിത്തന്നെ ഭാരതീയചിന്തയില്‍ താല്പര്യംകൊണ്ടിട്ടുണ്ട്. ഭാവിയില്‍ വളരെ കൂടുതല്‍ താല്പര്യം സംസ്‌കൃതപഠനത്തില്‍ കാട്ടുമെന്നാശിക്കാം. ‘ഹിന്ദു’ എന്ന വാക്കിനു പഴയ കാലത്തുണ്ടായിരുന്ന അര്‍ത്ഥം സിന്ധുവിന്റെ മറുകരയില്‍ പാര്‍ത്തിരുന്നവര്‍ എന്നായിരുന്നു. ഇന്നിപ്പോള്‍ അതിന്നര്‍ത്ഥമില്ല: ജനതയേയോ അവരുടെ മതത്തെയോ അതു നിര്‍ദ്ദേശിക്കുന്നില്ല. സിന്ധുവിന്റെ ഈ കരയില്‍ പല മതങ്ങള്‍ ആചരിച്ചുവരുന്ന പല ജനതകളാണ് ഇന്നു പാര്‍ത്തുവരുന്നത്.
വേദങ്ങള്‍ ഒരു വ്യക്തി പറഞ്ഞുവെച്ചതല്ല. ആശയങ്ങള്‍ പതുക്കെപ്പതുക്കെ വികസിച്ചുവന്നു: ഒടുവില്‍ അവ ഗ്രന്ഥരൂപം കൈക്കൊണ്ടു. അപ്പോള്‍ ആ ഗ്രന്ഥം പ്രമാണമായിവന്നു. പല മതങ്ങളും ഗ്രന്ഥങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്: ഗ്രന്ഥങ്ങളുടെ ശക്തിക്ക് അതിരില്ലെന്നു തോന്നുന്നു. ഹിന്ദുക്കള്‍ക്ക് വേദങ്ങളുണ്ട്: വരാനിരിക്കുന്ന പല സഹസ്രാബ്ദക്കാലത്തോളം അവര്‍ക്കു വേദങ്ങളെ മുറുകെ പിടിക്കേണ്ടിയിരിക്കും. പക്ഷേ വേദങ്ങളെപ്പറ്റിയുള്ള നമ്മുടെ ആശയങ്ങള്‍ മാറാതെ തരമില്ല. പാറപോലെ ഉറച്ച അടിസ്ഥാനത്തിന്‌മേല്‍ അവയെ പുതുക്കിപ്പണിയേണ്ടതുണ്ട്. വേദങ്ങള്‍ വിശാലമായ ഒരു സാഹിത്യമാണ്: അവയുടെ തൊണ്ണൂറ്റൊമ്പത് ശതമാനവും കൈമോശം വന്നിരിക്കുന്നു. ചില കുടുംബങ്ങളാണ് വേദങ്ങളെ സൂക്ഷിച്ചു രക്ഷിച്ചുപോന്നത്. ഈ കുടുംബങ്ങള്‍ നശിച്ചപ്പോള്‍ വേദഗ്രന്ഥങ്ങളും നശിച്ചു. എങ്കിലും ഇന്നിപ്പോള്‍ ഉള്ളവതന്നെ ഇതുപോലെ വലിയൊരു ‘ഹാളി’ല്‍ അടുക്കാനാവാത്ത മട്ടില്‍ അത്രയധികമുണ്ട്. പ്രാചീനവും സരളവുമായ ഭാഷയിലാണ് അവ രചിച്ചിട്ടുള്ളത്. അതിന്റെ വ്യാകരണം അപക്വമാണ്. അതുകൊണ്ടാകാം വേദങ്ങളിലെ ചില അംശങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നുതന്നെ പറയപ്പെടുന്നത്.
പിന്നെ വേദങ്ങള്‍ക്കുള്ള രണ്ടു വിഭാഗങ്ങളുണ്ട്; കര്‍മ്മകാണ്ഡവും ജ്ഞാനകാണ്ഡവും. കര്‍മ്മകാണ്ഡം സംഹിതകളും ബ്രാഹ്മണങ്ങളുമാണ്. ബ്രാഹ്മണങ്ങളുടെ പ്രതിപാദ്യം യാഗങ്ങളാണ്. അനുഷ്ടുപ് ത്രിഷ്ടുപ് ജഗതി തുടങ്ങിയ ഛന്ദസ്സുകളില്‍ നിര്‍മ്മിച്ച പദ്യങ്ങളാണ് സംഹിതകള്‍. സാമാന്യമായി പറഞ്ഞാല്‍ ഇവ വരുണന്‍ ഇന്ദ്രന്‍ തുടങ്ങിയ ദേവതകളെ സ്തുതിക്കുന്നു. ആരാണ് ഈ ദേവതകള്‍ എന്ന ചോദ്യം ഉദിച്ചു. ഇവരെപ്പറ്റി വല്ല സിദ്ധാന്തങ്ങളും കൊണ്ടുവന്നാല്‍, അവയെ തകര്‍ക്കുന്ന മറ്റു സിദ്ധാന്തങ്ങള്‍ ഉന്നയിക്കപ്പെട്ടുവന്നു. അങ്ങനെയാണ് അതിന്റെ പോക്ക്.
ആരാധനയെപ്പറ്റി പല ആശയങ്ങളുണ്ട്. പ്രാചീനരായ ബാബിലോണിയര്‍ വിശ്വസിച്ചത് ആത്മാവ് ഒരു ഛായമാത്രമെന്നത്രേ. അതിനു സ്വന്തമായ വ്യക്തിത്വമില്ല, ശരീരത്തോടുള്ള ബന്ധം വിടുവിക്കാനും കഴിവില്ല. ഈ ഛായയ്ക്കു വിശപ്പും ദാഹവുമുണ്ട്. പഴയ ശരീരത്തിനെന്നപോലെ സംവേദനങ്ങളും വികാരങ്ങളുമുണ്ട്. ആദ്യത്തെ ശരീരത്തിനു ദോഷം പറ്റിയാല്‍ ഛായയ്ക്കും ദോഷം പറ്റും: ശരീരം നശിച്ചാല്‍, ഛായയും നശിക്കും. അങ്ങനെ ശരീരം രക്ഷിച്ചുവെയ്ക്കാനുള്ള പ്രവണത വളര്‍ന്നു. അപ്പോള്‍ സുരക്ഷിതമായ മൃതശരീരങ്ങളും ശവ കുടീരങ്ങളും പട്ടടകളും രൂപപ്പെടുത്തുക പതിവായി. ഛായയെപ്പറ്റിയുള്ള ഈ ആശയത്തില്‍നിന്ന് അകന്നുപോകാന്‍ ഈജിപ്തുകാര്‍ക്കും ബാബിലോണിയര്‍ക്കും യഹൂദര്‍ക്കും കഴിഞ്ഞേ ഇല്ല. അതിന്നപ്പുറത്തുള്ള ആത്മാവെന്ന ആശയത്തില്‍ അവര്‍ ചെന്നെത്തിയതേ ഇല്ല.
ഋഗ്വേദത്തില്‍ പിതൃപൂജയുടെ നേര്‍ത്തൊരു സൂചനപോലുമില്ലെന്നാണ് പ്രൊ. മാക്‌സ്മുള്ളരുടെ അഭിപ്രായം. സുരക്ഷിതമായ മൃതശരീരങ്ങള്‍ നമ്മെ നിരുദ്ദേശ്യമായി തുറിച്ചുനോക്കുന്ന ആ ഭയങ്കരത ഋഗ്വേദത്തിലില്ലതന്നെ. ഇതില്‍ ദേവതകള്‍ മനുഷ്യന്റെ സുഹൃത്തുക്കളാണ്: ആരാധ്യാരാധകബന്ധം കുശലമാണ്. ഉത്‌സാഹശൂന്യതയോ, ലളിതമായ സൗഖ്യത്തിന്റെ ന്യൂനതയോ, മുഖത്തു പുഞ്ചിരിയുടെയും കണ്ണില്‍ പ്രകാശത്തിന്റെയും കുറവോ ഇല്ലതന്നെ. വേദങ്ങളെപ്പറ്റി പറയുമ്പോള്‍, ദേവതകളുടെ ചിരി കേള്‍ക്കാന്‍പോലും കഴിയുമെന്നു തോന്നും. വൈദികഋഷിമാരുടെ വാക്കുകള്‍ പണിക്കറതീര്‍ന്നവയെന്നു പറയാന്‍ കഴിവില്ലെങ്കിലും അവര്‍ സംസ്‌കാരവും അനുകമ്പയുമുള്ളവരായിരുന്നു. അവരോടു താരതമ്യപ്പെടുത്തിയാല്‍ നാം മൃഗപ്രായരാണ്. ഉദാഹരണമായി ”പിതൃക്കള്‍ നിവസിക്കുന്നിടത്തേക്ക്, ആര്‍ത്തിയും ദുഃഖവുമറ്റ ആ ഇടങ്ങളിലേക്ക്, അയാളെ (മൃതനെ) കൊണ്ടുചെന്നാക്കുക,” എന്നിങ്ങനെ പല മന്ത്രങ്ങളും ഉദ്ധരിക്കാനാവും. മൃതശരീരം എത്ര നേരത്തേ ദഹിപ്പിക്കുന്നുവോ അത്രയും നന്നെന്ന ആശയം അങ്ങനെയാണ് ഉടലെടുത്തത്. സൂക്ഷ്മശരീരമുണ്ടെന്ന കാര്യം അവര്‍ ക്രമേണ ധരിക്കാനിടയായി. ഈ സൂക്ഷ്മശരീരമാണ് ആനന്ദപൂര്‍ണ്ണവും ദുഃഖരഹിതവുമായിടത്തേക്കു പോകുന്നത്. സെമറ്റിക്‌സമ്പ്രദായത്തിലുള്ള മതത്തില്‍ ദുഃഖാനുഭവങ്ങള്‍ക്കും ഭയത്തിനും ഇടമുണ്ട്. ഈശ്വരനെ കണ്ടാല്‍ മനുഷ്യന്‍ മരിക്കുമെന്നു കരുതപ്പെടുന്നു. പക്ഷേ ഋഗ്വേദ മതമനുസരിച്ച് ഈശ്വരനെ മുഖത്തോടുമുഖം കണ്ടതിനുശേഷമാണ് മനുഷ്യന്റെ യഥാര്‍ത്ഥജീവിതം തുടങ്ങുന്നത്.
ഈ ദേവതകള്‍ ആരാണെന്ന ചോദ്യമുണ്ടായ സമയം വന്നു. ചിലപ്പോള്‍ ഇന്ദ്രന്‍ വന്ന് മനുഷ്യനെ സഹായിച്ചു: ചിലപ്പോള്‍ ഇന്ദ്രന്‍ അതിരുവിട്ടു സോമപാനം ചെയ്തു. കൂടെക്കൂടെ സര്‍വശക്തന്‍, സര്‍വവ്യാപി എന്നും മറ്റുമുള്ള വിശേഷണങ്ങള്‍ ഇന്ദ്രനു നല്കപ്പെട്ടു. ഇതു തന്നെ വരുണന്റെയും കഥ. അങ്ങനെ അതു തുടര്‍ന്നു. ഈവക ദേവതകളുടെ സവിശേഷതകള്‍ വര്‍ണ്ണിച്ചുകാട്ടിയ മന്ത്രങ്ങളില്‍ ചിലത് അദ്ഭുതകരമാണ്. അവയുടെ ഭാഷ അത്യന്തം മഹനീയമാണ്. ഉദാഹരണം നാസദീയസൂക്തം. പ്രലയവര്‍ണ്ണനയാണിത്. ഇതിലാണ് ‘തമ ആസീത്തമസാ ഗൂഢമഗ്രേ’ എന്ന ആശയമുള്ളത്. ഉദാത്തമായ ഈ ആശയങ്ങള്‍ കാവ്യഭംഗിയുള്ള ഭാഷയില്‍ വര്‍ണ്ണിച്ചവര്‍ അപരിഷ്‌കൃതരും അസംസ്‌കൃതരുമായിരുന്നെങ്കില്‍ എന്തു പേര്‍ പറഞ്ഞുവേണം നമ്മെ വിളിക്കാന്‍? ആ ഋഷിമാരെയും അവരുടെ ദേവതകളായ ഇന്ദ്ര വരുണന്മാരെയും വിമര്‍ശിച്ചു വിധിയെഴുതാന്‍ ഞാനാളല്ല. ഇതെല്ലാം കൂടിച്ചേര്‍ന്ന് ഒരു ദൃശ്യംപോലെയാകയാണ് – ഓരോ രംഗവും ക്രമേണ ഉന്മീലിതമാകയാണ്. ഇവയ്‌ക്കെല്ലാം പിന്നില്‍, പശ്ചാത്തലമായി തെളിഞ്ഞുനില്ക്കുന്നു, ഏകം സദ് വിപ്രാ ബഹുധാ വദന്തി – ”ഉള്ളതൊന്നാണ്: വിജ്ഞന്മാര്‍ അതിനു പലതരം പേരുകള്‍ നല്കുന്നു.” ഇതൊക്കെ ഏറ്റവും നിഗൂഢവും അദ്ഭുതവും അത്യന്തം സുന്ദരവുമാണ്. ഇന്നുപോലും അതിന്നടുത്തെത്തുക ദുഷ്‌കരമാണ്: തൊട്ടാല്‍ ആ നേരിയ മൂടുപടം പൊട്ടിപ്പോകയും, എല്ലാം ഒരു മരുമരീചികപോലെ മാഞ്ഞുപോകയും ചെയ്യുമെന്നു തോന്നും.
ഗ്രീക്കുകാരെപ്പോലെ ആര്യന്മാരും സമാധാനം തേടി ബാഹ്യപ്രകൃതിയിലേക്കു കടന്നിരിക്കാമെന്നതു വ്യക്തവും ശക്യവുമാണ്: പ്രകൃതി അവരെയും പ്രലോഭിപ്പിച്ചിരിക്കാം: പടിപടിയായി സുന്ദരവും ശുഭദവുമായ ബാഹ്യപ്രകൃതിയിലേക്ക് അവരെ ആനയിച്ചിരിക്കാം. പക്ഷേ ഭാരതത്തില്‍ ഉദാത്തമല്ലാത്തതൊക്കെ വ്യര്‍ത്ഥമാണ്. മരണാനന്തരമുള്ള രഹസ്യങ്ങളിലേക്ക് എത്തിനോക്കണമെന്ന് ഗ്രീക്കുകാര്‍ക്കു തോന്നിയതേയില്ല. ഇവിടെയാകട്ടെ, ആദ്യം മുതല്‌ക്കേ വീണ്ടും വീണ്ടും ഉയര്‍ന്നുവന്ന ചോദ്യമിതാണ്; ”ഞാനാരാണ്? മരണാനന്തരം എനിക്കെന്തു സംഭവിക്കും?” അവിടെ ഗ്രീക്കുകാര്‍ വിചാരിച്ചത് ഇപ്രകാരമാണ്; മരിച്ച മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നു; സ്വര്‍ഗ്ഗത്തിലെത്തുക എന്നുവെച്ചാല്‍? എല്ലാറ്റിനും വെളിയിലെത്തുക എന്നര്‍ത്ഥം. ഉള്ളിലൊന്നുമില്ല: ഉള്ളതെല്ലാം വെളിയില്‍. ഗ്രീക്കുകാരന്റെ അന്വേഷണമെല്ലാം ബഹിര്‍മുഖമായിരുന്നു. പോരാ, അയാള്‍തന്നെ അയാള്‍ക്കു വെളിയിലാണെന്നു പറയാം. ഇവിടത്തെ ദുഃഖങ്ങളൊന്നുമില്ലാതെ ഈ ലോകംപോലുള്ള ഒരിടത്തു ചെന്നാല്‍ സ്പൃഹണീയമായതെല്ലാം കിട്ടിക്കഴിയുമെന്ന് അയാള്‍ കരുതി. അങ്ങനെ അയാള്‍ തൃപ്തിയടഞ്ഞു. മതത്തെപ്പറ്റിയുള്ള ആശയങ്ങളെല്ലാം അവിടെ നിലച്ചു. പക്ഷേ ഇത്രയുംകൊണ്ട് ഹിന്ദുവിന്റെ മനസ്സിനു സമാധാനം വന്നില്ല. അത് അപഗ്രഥിച്ചു ചെന്നപ്പോള്‍, സ്വര്‍ഗ്ഗങ്ങളും ജഡപ്രപഞ്ചത്തിലുള്‍പ്പെടുന്നതായി കണ്ടു. ”തമ്മില്‍ചേര്‍ന്നുണ്ടായതെല്ലാം അഴിഞ്ഞുപോകും” എന്നത്രേ ഹിന്ദു പറയുന്നത്. ബാഹ്യപ്രകൃതിയോട് ഹിന്ദുക്കള്‍ ചോദിച്ചു; ”ആത്മാവെന്തെന്ന് നിനക്കറിയാമോ?” പ്രകൃതി പറഞ്ഞു; ”വയ്യാ.” ”ഈശ്വരനെ ന്നൊന്നുണ്ടോ?” പ്രകൃതി പ്രതിവചിച്ചു; ”എനിക്കറിവില്ല.” അപ്പോളവര്‍ പ്രകൃതിയില്‍നിന്നു മുഖം തിരിച്ചു. എത്ര വലുതും ഗംഭീരവുമാണെങ്കിലും ദേശകാലങ്ങളാല്‍ പരിമിതമാണ് പ്രകൃതിയെന്ന് അവര്‍ മനസ്സിലാക്കി. പിന്നെ മറ്റൊരു ശബ്ദമുയര്‍ന്നു. നവവും ഉദാത്തവുമായ ആശയങ്ങള്‍ അവരുടെ മനസ്സില്‍ ഉദിച്ചു. ആ ശബ്ദമിതായിരുന്നു; നേതി നേതി ”ഇതല്ല ഇതല്ല.” വിഭിന്നരായ ദേവതകളെല്ലാം ഒടുവില്‍ ഒന്നായിത്തീര്‍ന്നു. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും, പ്രപഞ്ചമൊക്കെത്തന്നെ, ഒന്നാണ്. ഈ പുതിയ ആദര്‍ശത്തിലാണ് മതത്തിന്റെ ആദ്ധ്യാത്മികമായ ചോടുറച്ചിട്ടുള്ളത്.
ന തത്ര സൂര്യോ ഭാതി ന ചന്ദ്രതാരകം
നേമാ വിദ്യുതോ ഭാന്തി കുതോിയമഗ്‌നിഃ
തമേവ ഭാന്തമനുഭാതി സര്‍വ്വം
തസ്യ ഭാസാ സര്‍വമിദം വിഭാതി.
”സൂര്യനവിടെ തിളങ്ങുന്നില്ല: അതുപോലെതന്നെ ചന്ദ്രനും നക്ഷത്രങ്ങളും കൊള്ളിയാനും. പിന്നെ ഈ അഗ്‌നിയെക്കുറിച്ചു പറയാനുണ്ടോ? അതു തിളങ്ങുമ്പോള്‍ മറ്റെല്ലാം തിളങ്ങുന്നു: അതു വഴിയായാണ് എല്ലാം തിളങ്ങുന്നത്.” പരിമിതവും അപക്വവും വ്യക്തിത്വയുക്തവുമായ ആ ആശയം ഇനിമേലില്ല. വിധികര്‍ത്താവായ ഈശ്വരന്‍ എന്ന ക്ഷുദ്രാശയം ഇനിമേലില്ല. അന്വേഷണം ഇനി വെളിയിലല്ല: അതിന്റെ ലക്ഷ്യം ഉള്ളിലാണ്. അങ്ങനെ ഉപനിഷത്തുകള്‍ ഭാരതത്തിന്റെ ശാസ്ത്രഗ്രന്ഥമായി മാറി. പ്രസ്തുതമായ ഉപനിഷത്തുകള്‍ വിശാലമായ ഒരു സാഹിത്യമാണ്. ഭാരതത്തില്‍ പല അഭിപ്രായങ്ങള്‍ പുലര്‍ത്തിപ്പോന്ന ദര്‍ശനങ്ങളെല്ലാം ഉപനിഷത്തുകളാകുന്ന അടിസ്ഥാനത്തിലത്രേ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം എന്നീ ദര്‍ശനങ്ങള്‍ ഓരോന്നും, അടുത്തതിലെത്താന്‍ കടക്കേണ്ടുന്ന പടികളാണ്. അതുകൊണ്ട് അവയ്ക്ക് അനുരഞ്ജിപ്പുണ്ട്. ഒടുക്കം അദ്വൈതമതത്തില്‍ ചെന്നെത്തുന്നതു സ്വാഭാവികമാണ്. ഒടുവിലത്തെ പടിയാണ് തത്ത്വമസി. ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ – മഹാന്മാരായ ഈ ഭാഷ്യകാരന്മാര്‍ക്കുപോലും തെറ്റുപറ്റിയ സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. അവരില്‍ ഓരോരുത്തനും ഉപനിഷത്തുകള്‍ മാത്രമാണ് പ്രമാണമെന്നും ഇവ ഒരൊറ്റമാര്‍ഗ്ഗമേ നിര്‍ദ്ദേശിച്ചിട്ടുള്ളു എന്നും കരുതി. അങ്ങനെ ശങ്കരാചാര്യര്‍ ഉപനിഷത്തുകളെല്ലാം അദ്വൈതമതമല്ലാതെ മറ്റൊന്നും ഉപദേശിക്കുന്നില്ലെന്നു തെറ്റായി സങ്കല്പിച്ചു: സ്പഷ്ടമായി ദ്വൈതാര്‍ത്ഥം പ്രതിപാദിക്കുന്ന വാക്യങ്ങള്‍ തനിക്കിഷ്ടപ്പെട്ട സിദ്ധാന്തത്തിന് ഉപോദ്ബലകമാക്കാന്‍ വളച്ചൊടിച്ചു. ഇതേ മട്ടിലാണ് രാമാനുജനും മധ്വാചാര്യരും തനി അദ്വൈതവാക്യങ്ങളെ കൈകാര്യം ചെയ്തതും. ഉപനിഷത്തുകളുടെ ഉപദേശം ഒന്നാണെന്നത് തികച്ചും ശരിതന്നെ: പക്ഷേ, പടിപടിയായി മുകളിലേക്കുള്ള ഒരു കയറ്റമായിട്ടാണ് അത് ഉപദേശിക്കപ്പെട്ടിട്ടുള്ളത്. ഇന്നത്തെ ഭാരതത്തില്‍ മതത്തിന്റെ അന്തരാത്മാവു നഷ്ടപ്പെട്ടത് ഖേദകരംതന്നെ. പുറംചടങ്ങുകളേ അവശേഷിച്ചിട്ടുള്ളു. ആളുകള്‍ ഹിന്ദുക്കളുമല്ല, വേദാന്തികളുമല്ല. ”എന്നെ തൊടരുതേ” എന്നു പറയുന്നവര്‍ മാത്രമാണവര്‍. അടുക്കളയാണ് അവരുടെ ദേവാലയം: ചട്ടിയും കലവും ദേവതകളും. ഈ നില അവസാനിക്കണം. എത്ര നേരത്തേ ഇതുപോകുന്നുവോ അത്രയും നന്ന് നമ്മുടെ മതത്തിന്. ഉപനിഷത്തുകള്‍ തനതു മഹിമയില്‍ പ്രകാശിക്കട്ടെ: ഒപ്പം മതവിഭാഗക്കാരുടെ ഇടയില്‍ കലഹങ്ങള്‍ കൂടാതെയുമിരിക്കട്ടെ!
പ്രസംഗം ഈ ഘട്ടത്തിലെത്തിയപ്പോള്‍, സ്വാമിക്ക് ആരോഗ്യം മോശമായിരുന്നതിനാല്‍ ക്ഷീണം തോന്നി: അരമണിക്കൂര്‍നേരം അദ്ദേഹം വിശ്രമിച്ചു. അത്രയും സമയം ശ്രോതാക്കള്‍ മുഴുവന്‍ പ്രസംഗം അവസാനംവരെ കേള്‍ക്കാന്‍ ക്ഷമയോടുകൂടി കാത്തിരുന്നു. സ്വാമി വെളിയില്‍ വന്ന് അരമണിക്കൂര്‍കൂടി സംസാരിച്ചു. അതിന്റെ ചുരുക്കം:
നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുന്നതാണ് ജ്ഞാനം. നാനാത്വത്തിന്റെയെല്ലാം അടിയിലുള്ള ഏകത്വം കണ്ടെത്തുമ്പോള്‍ ഓരോ ശാസ്ത്രവും അതിന്റെ പരകാഷ്ഠയില്‍ ചെന്നെത്തുന്നു. ഭൗതികശാസ്ത്രത്തിലെന്നപോലെ ആദ്ധ്യാത്മികശാസ്ത്രത്തിലും ഇതു ശരിയാണ്.